പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ഒരു സ്പർശത്തിന്നായി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുനില്‍ എം എസ്

“ചേട്ടാ, ഈ മിക്സിയൊന്നടിച്ചു തരൂ.”

സരളയുടെ വിളികേട്ട് ഞാൻ അടുക്കളയിലേയ്ക്കു ചെന്നു.

രാവിലെ ഒരൊമ്പതു മണിയായിട്ടുണ്ടാകും. ഞായറാഴ്ചകളിൽ അമ്മയുടെ ശുശ്രൂഷയൊഴികെയുള്ള കാര്യങ്ങൾ ഒരല്പം വൈകിയേ തുടങ്ങാറുള്ളു.

നാളികേരം ചിരവിയതു ഞാൻ മിക്സിയിൽ അടിച്ചു കൊണ്ടിരിയ്ക്കുന്നു. സരള ഗ്യാസിൽ ദോശയുണ്ടാക്കിക്കൊണ്ടിരിയ്ക്കുന്നു.

ആ സമയം സദു ശബ്ദമുണ്ടാക്കാതെ, പതുങ്ങിപ്പതുങ്ങിയെത്തി. ഉദ്വേഗപൂർണ്ണമായ കൊച്ചു മുഖം. എന്തോ രഹസ്യം പറയാനുള്ള ആവേശം പ്രകടം. തൊട്ടു പിന്നാലെ അവന്റെ ചേച്ചി, സരി - സരിത - യുമുണ്ട്.

അവൻ എന്റെയടുത്തുവന്ന് ശബ്ദകോലാഹലമുണ്ടാക്കുന്ന മിക്സി ഓഫു ചെയ്യാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു. ഞാൻ അതനുസരിച്ചു. ഒമ്പതു വയസ്സുകാരന്റെ മുഖത്ത് അത്ര ഗൌരവമുണ്ടായിരുന്നു.

“അതൊന്നു കൂടി അടിയ്ക്കണം ചേട്ടാ” എന്നു പറഞ്ഞുകൊണ്ട് സരള തിരിഞ്ഞു നോക്കിയപ്പോഴാണ് സദുവിനെ കാണുന്നത്. സദു ഞങ്ങളെ രണ്ടു പേരേയും അടുത്തേയ്ക്കു വരാൻ രണ്ടു കൈ കൊണ്ടും ആംഗ്യം കാണിച്ചു. അവൻ ഞങ്ങൾ രണ്ടു പേരുടേയും പുറത്തുകൂടി കൈകൾ ചുറ്റി ശിരസ്സുകൾ വലിച്ചു താഴ്ത്തി, ഞങ്ങളുടെ കാതുകൾ അവന്റെ ചുണ്ടോടടുപ്പിച്ചു. അവനെന്തോ പരമരഹസ്യം വെളിപ്പെടുത്താൻ പോകുന്നുണ്ടെന്നു വ്യക്തം. സരിയും ഞങ്ങളോടു ചേർന്നു നിന്നു.

“അമ്മൂമ്മ എന്നോടു മിണ്ടി.” ഇടതുകൈ ഉയർത്തി, വിരലിലെ മോതിരത്തിൽ തൊട്ടു കാണിച്ചുകൊണ്ട് സദു അതീവരഹസ്യമായി പറഞ്ഞു, “‘ടൈറ്റായീ’ന്നു പറഞ്ഞു.” അവൻ ഉറപ്പിനു വേണ്ടി “ടൈറ്റായീ” എന്ന് ഒന്നുകൂടി ഊന്നിപ്പറഞ്ഞു.

സരളയും ഞാനും മുഖത്തോടു മുഖം നോക്കി. “അമ്മ ഇന്നു മിണ്ടിയിരുന്നോ?” ഞാൻ സരളയോടു ചോദിച്ചു.

അല്പം മുമ്പ് അവൾ പതിവുപോലെ അമ്മയെ കുളിപ്പിച്ച്, വസ്ത്രം ധരിപ്പിച്ച്, തലമുടി ചീകിക്കൊടുത്ത്, മെല്ലെ പിടിച്ച് അമ്മയുടെ കട്ടിലിനരികിൽത്തന്നെയുള്ള സെറ്റിയിൽ ഇരുത്തുന്നതു വരെ അമ്മ ഒന്നും സംസാരിച്ചിട്ടില്ലായിരുന്നു. സരളയുടെ ശുശ്രൂഷകൾക്ക് യാന്ത്രികമായി നിന്നു കൊടുത്തിരുന്നെങ്കിലും അമ്മ ശിരസ്സുയർത്തി അവളുടെ കണ്ണുകളിലേയ്ക്ക് ബോധപൂർവ്വം ഒരു തവണയെങ്കിലും നോക്കുകയോ, ഒരക്ഷരമെങ്കിലും മിണ്ടുകയോ ചെയ്തിരുന്നില്ല.

കുറെ നാളായി അതാണു പതിവ്.

അമ്മയുടെ സംസാരവും പ്രതികരണവും നിലച്ച ശേഷം, നടക്കാൻ തുടങ്ങിയ ഒരു കൊച്ചു കുഞ്ഞിനെയെന്ന പോലെയാണ് സരള അമ്മയെ കൈകാര്യം ചെയ്തു പോന്നിരിയ്ക്കുന്നത്. ഇന്നു രാവിലെ പോലും അമ്മയുടെ മുഖത്തു പൌഡർ പൂശി, നെറ്റിയിൽ കുങ്കുമം കൊണ്ടു പൊട്ടു തൊട്ടുകൊടുത്ത്, ഒരല്പം അകന്നു നിന്ന്, തല ചെരിച്ചു നോക്കി, “എന്റെ ലക്ഷ്മിക്കുട്ടി ഇന്നു നല്ല ചുന്ദരിക്കുട്ടിയായിട്ടുണ്ട്” എന്ന കമന്റു പാസ്സാക്കിയ ശേഷം അമ്മയുടെ കവിളത്ത് അവളൊരുമ്മയും വച്ചതിന് ഞാൻ സാക്ഷ്യം വഹിച്ചിരുന്നു.

അപ്പോഴൊക്കെ അമ്മ തികച്ചും നിർവ്വികാരയായിരുന്നു. യാതൊരു വിധ ഭാവമോ ഭാവഭേദമോ ഇല്ലാതെ. പിന്നെയെങ്ങനെ...

പത്രം വായന അമ്മ പെൻഷൻ പറ്റിയ ശേഷമുള്ള ദിനചര്യയുടെ അവിഭാജ്യഘടകമായിരുന്നു. രാഷ്ട്രീയപക്ഷഭേദങ്ങളില്ലാതെ തന്നെ സംസ്ഥാനരാഷ്ട്രീയത്തിൽ അമ്മ ശ്രദ്ധാലുവായിരുന്നു. ഞാൻ ബാല്യം മുതൽക്കേ രാഷ്ട്രീയത്തിൽ ശ്രദ്ധിയ്ക്കാനിട വന്നതും അമ്മയുമായുള്ള ചർച്ചകളിൽ നിന്നായിരുന്നു. പത്രം വന്നാൽ രാഷ്ട്രീയവാർത്തകളാണ് അമ്മ ആദ്യം തന്നെ നോക്കാറുണ്ടായിരുന്നത്. അവ വായിച്ച്, അവയെപ്പറ്റിയുള്ള സ്വന്തം അഭിപ്രായങ്ങൾ അമ്മ പറഞ്ഞിരുന്നു. ആ അഭിപ്രായങ്ങളിൽ നിന്നാണ് എനിയ്ക്ക് അത്തരം കാര്യങ്ങളിൽ വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായത്.

അമ്മയുടെ ഓർമ്മശക്തി മങ്ങാൻ തുടങ്ങിയ ശേഷം അന്നാന്നത്തെ പത്രം അമ്മയെ വായിച്ചു കേൾപ്പിയ്ക്കുകയെന്ന പതിവും തനിയേ ഉണ്ടായി.

പ്രവൃത്തിദിവസങ്ങളിൽ മറ്റെല്ലാവരും പോയി, തിരക്കുകളൊഴിഞ്ഞ ശേഷം സരള അമ്മയെ പത്രം വായിച്ചു കേൾപ്പിയ്ക്കും. ഗ്യാസിന്റെ ദൌർലഭ്യവും നിത്യോപയോഗസാധനങ്ങളുടെ വിലവർദ്ധനയും സ്ത്രീപക്ഷവാർത്തകളുമൊക്കെയായിരുന്നു സരള വായിച്ചുകൊടുത്തിരുന്നത്. മുമ്പവൾ കഥകളും വായിച്ചു കേൾപ്പിച്ചിരുന്നു. ഒരിയ്ക്കൽ ഒരമ്മയെപ്പറ്റിയുള്ള കഥ വായിച്ചു കൊടുക്കുമ്പോൾ അവൾക്ക് കരച്ചിലു വന്നു. അതു വായിച്ചു പൂർത്തിയാക്കാനായില്ല. അതിനു ശേഷം അവൾ കഥ വായിച്ചു കൊടുക്കാറില്ല.

അവധിദിവസങ്ങളിൽ സരിയോ സദുവോ അമ്മൂമ്മയ്ക്ക് പത്രം വായിച്ചുകൊടുക്കുകയെന്ന ചുമതല നിറവേറ്റുന്നു. സദുവിന്റെ വാ‍യന കേൾക്കാൻ രസമാണ്. മുഖ്യമായും ക്രിക്കറ്റിന്റേയും ഫുട്ബോളിന്റേയും വാർത്തകളായിരിയ്ക്കും സദു ഉത്സാഹപൂർവ്വം വായിച്ചു കേൾപ്പിയ്ക്കുന്നത്. സിനിമക്കാര്യങ്ങളായിരിയ്ക്കും സരി വായിച്ചു കൊടുക്കുന്നത്.

വായിച്ചുകേൾക്കുന്ന വാർത്തകളുമായി അമ്മ തുടക്കത്തിൽ പ്രതികരിയ്ക്കാറുണ്ടായിരുന്നു. പ്രതികരണങ്ങൾ നിലച്ചിട്ടിപ്പോൾ ഏറെ നാളായി. വായിച്ചു കേൾക്കുന്നതൊന്നും ഇപ്പോളമ്മ മനസ്സിലാക്കാറില്ല; മനസ്സിലാക്കുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണാറില്ല. എങ്കിലും വായിച്ചുകൊടുക്കുന്ന പതിവിനു മുടക്കം വന്നിട്ടില്ല.

പത്രം വായിച്ചു കേൾക്കുമ്പോൾ അമ്മയ്ക്ക് താത്പര്യമുള്ള വിഷയങ്ങളെപ്പറ്റി എന്തെങ്കിലുമൊന്നു പറയാനോ, ഏതെങ്കിലും തരത്തിലൊന്നു പ്രതികരിയ്ക്കാനോ ഉള്ള പ്രചോദനം അമ്മയ്ക്കു കിട്ടുമെന്നും, മങ്ങിക്കൊണ്ടിരിയ്ക്കുന്ന അമ്മയുടെ ബോധം അതിലൂടെ മടങ്ങിവന്നേയ്ക്കുമെന്നുമുള്ള പ്രതീക്ഷകളായിരുന്നു ആ പതിവിന്റെ പിന്നിലെ ചാലകശക്തി.

കുളി കഴിഞ്ഞൊരുങ്ങിയ അമ്മയെ കട്ടിലിനരികിൽത്തന്നെയുള്ള സെറ്റിയിലാണ് സരള ഇരുത്തിയിരുന്നത്. സരള അമ്മയെ ഊട്ടിയതും അതിലിരുത്തിയാണ്. വായിൽ വച്ചു കിട്ടുന്ന ആഹാരം അമ്മ അറിയാതെ തന്നെ, യാന്ത്രികമായി ചവയ്ക്കുന്നു, കഴിയ്ക്കുന്നു. ചിലപ്പോൾ സമയമേറെക്കഴിഞ്ഞാണ് ആഹാരം ഇറങ്ങിപ്പോകുക.

ചുണ്ടുകൾക്ക് ഇടത്തോട്ടൊരു കോട്ടമുണ്ടായിട്ടുണ്ട്. അതുമൂലം ചുണ്ടുകളുടെ ഇടതു കോണിലൂടെ ഇടയ്ക്കിടെ ഉമിനീർ ഒലിച്ചിറങ്ങാറുണ്ട്. അതു തുടച്ചു മാറ്റാൻ തൂവാല അടുത്തു തന്നെ വച്ചിരിയ്ക്കുന്നു. അടുത്തിരിയ്ക്കുന്നവർ ആരായാലും - സദുവും - അതു തുടച്ചു മാറ്റുന്നു. സദു കുഞ്ഞായിരിയ്ക്കുമ്പോൾ അമ്മൂമ്മ എത്ര തവണ ജലദോഷം ബാധിച്ച അവന്റെ മൂക്കു പിഴിഞ്ഞു കളഞ്ഞ് തുടച്ചു കൊടുത്തിരിയ്ക്കുന്നു! അവൻ തൂവാലയെടുത്ത് വളരെ ശ്രദ്ധയോടെ അമ്മൂമ്മയുടെ താടിയിലേയ്ക്കൊഴുകുന്ന ഉമിനീർ തുടച്ചുകളയും.

എവിടേയ്ക്കെന്നില്ലാതെ നോക്കിക്കൊണ്ട് അമ്മ നിശ്ചലയായി സെറ്റിയിൽ ഇരിയ്ക്കും. സദു പറഞ്ഞതിൽ നിന്നു മനസ്സിലായത് ഇതാണ്: ഇന്ന് അമ്മൂമ്മ അങ്ങനെയിരിയ്ക്കുമ്പോൾ അമ്മൂമ്മയോടു ചേർന്നിരുന്നുകൊണ്ട് സദു പത്രവാർത്തകൾ ഓരോന്നായി വായിച്ചു കേൾപ്പിച്ചു കൊടുക്കുകയായിരുന്നു. പത്രം മടിയിൽ വിരിച്ച് വാർത്തകളിൽ വിരലോടിച്ചാണവന്റെ പത്രവായന. ഓരോ വാർത്തയും വായിച്ച ശേഷം അവൻ അമ്മൂമ്മയുടെ മുഖത്തു നോക്കും. “അമ്മൂമ്മയ്ക്ക് അതിഷ്ടായോ” എന്ന് അവൻ ഇടയ്ക്കിടെ ചോദിയ്ക്കുകയും, “അമ്മൂമ്മയ്ക്ക് അതിഷ്ടായിട്ടുണ്ടാകും” എന്ന് സ്വയം സമാധാനിയ്ക്കുകയും ചെയ്യും.

ഇന്നങ്ങനെ വായന നടന്നുകൊണ്ടിരിയ്ക്കെയാണ്, വിദൂരതയിൽ നട്ടിരുന്ന നിർജ്ജീവമായ നോട്ടം അമ്മ എപ്പോഴോ പിൻ‌വലിച്ചതും, അവന്റെ ഇടതു കൈയ്യിലുണ്ടായിരുന്ന മോതിരത്തിന്മേൽ സ്പർശിച്ചതും, അതിൽ മെല്ലെ തടവിക്കൊണ്ട് “ടൈറ്റായീ” എന്നു പറഞ്ഞതും.

വർഷങ്ങൾക്കു മുമ്പ്, പൂർണ്ണാരോഗ്യവതിയായിരിയ്ക്കുമ്പോൾ, അമ്മ സ്വയം ജ്വല്ലറിയിൽ നിന്നു വാങ്ങിക്കൊണ്ടു വന്ന് സദുവിന്റെ വിരലിൽ അണിയിച്ചതാണ് ആ മോതിരം.

തൊട്ടടുത്ത മുറിയിലിരുന്ന് എഴുതിക്കൊണ്ടിരുന്ന സരിയും അമ്മൂമ്മയുടെ നീണ്ട കാലമായി കേൾക്കാതിരുന്ന സ്വരം കേട്ടിരുന്നു. അതു കേട്ടയുടനെ അവളും പ്രതീക്ഷകളോടെ അമ്മൂമ്മയുടെ അടുത്തേയ്ക്ക് ഓടിച്ചെന്നിരുന്നു. പക്ഷേ, അപ്പോഴേയ്ക്ക് അമ്മൂമ്മയുടെ നോട്ടം മരവിച്ചു കഴിഞ്ഞിരുന്നു.

ബോധത്തിന്റെ നൈമിഷികമായ മിന്നലാട്ടം തുടർന്നു കിട്ടാനായി സദുവും സരിയും അമ്മൂമ്മയോട് സംസാരിച്ചു നോക്കിയെങ്കിലും ആ ശ്രമങ്ങൾ വിഫലമായി. അപ്പോഴാണ് അവർ ഞങ്ങളുടെ അടുത്തേയ്ക്കോടി വന്നത്.

സദുവിന്റെ വിശദീകരണം കേട്ട പാതി, കേൾക്കാത്ത പാതി, സരള അമ്മയുടെ അടുത്തേയ്ക്കോടി. ബോധത്തിന്റെ മിന്നലാട്ടം അണഞ്ഞു പോകും മുമ്പെ അതിനെ കൂടുതൽ ശക്തിപ്പെടുത്താനായേയ്ക്കുമെന്ന പ്രത്യാശ അവളുടെ മുഖത്തു പ്രകടമായിരുന്നു.

കൈകൾ മടിയിൽ ചേർത്തു വച്ച്, നിലത്തേയ്ക്കു നോക്കിക്കൊണ്ട് സെറ്റിയിൽ മരവിച്ചിരിയ്ക്കുകയായിരുന്നു, അമ്മ.

അമ്മയുടെ മുമ്പിൽ നിലത്തിരുന്നുകൊണ്ട് സരള അമ്മയുടെ മുഖത്തേയ്ക്കുറ്റു നോക്കി. സദുവിനെ ആംഗ്യത്തിലൂടെ അരികിൽ വരുത്തി, അവന്റെ മോതിരവിരൽ പിടിച്ചുയർത്തിക്കാണിച്ചുകൊണ്ട് അവൾ അമ്മയോടു പറഞ്ഞു, “അവന്റെ മോതിരം ടൈറ്റായിപ്പോയമ്മേ. അമ്മ പറഞ്ഞപ്പഴാ അതറിഞ്ഞത്.”

മോതിരം സദുവിന്റെ വിരലിൽ മുറുകിപ്പോയിരുന്നുവെന്ന് അമ്മ പറഞ്ഞത് തികച്ചും ശരിയായിരുന്നു. മോതിരം കിടക്കുന്ന ഭാഗത്ത് വിരലല്പം നേർത്തു പോയിരിയ്ക്കുന്നു. അര നിമിഷനേരത്തേയ്ക്കു മാത്രമായി വീണു കിട്ടിയ ബോധത്തിനിടയിൽ അമ്മയതു കണ്ടെത്തി.

“അമ്മേ, അതു മാറ്റി വലുതൊരെണ്ണം വാങ്ങിയിടാം.” പിന്തുണയ്ക്കായി അവളെന്നെ നോക്കി.

“അതു മാറ്റിക്കോളാമമ്മേ.” ഞാനും അമ്മയ്ക്കുറപ്പു കൊടുത്തു.

അമ്മയിൽ നിന്ന് പ്രതികരണമുണ്ടായില്ല.

ബോധത്തിന്റെ ആ ഒളിനോട്ടം അല്പനേരം കൂടിയെങ്കിലും നീണ്ടുനിന്നിരുന്നെങ്കിൽ! മനസ്സ് അഭിലഷിച്ചുപോയി.

സദു ജനിച്ചപ്പോൾ അമ്മയായിരുന്നു അവനെ ആദ്യമായി കൈയ്യിലെടുത്തത്. അടുത്തു തന്നെയുള്ള കിന്റർ ഗാർട്ടനിലെ പ്ലേയേഴ്സ്, എൽകെജി, യൂകെജി എന്നീ ക്ലാസ്സുകളിലേയ്ക്ക് അവനെ കൈപിടിച്ചു കൂട്ടിക്കൊണ്ടു പോകുകയും തിരികെ കൊണ്ടുവരികയും ചെയ്തിരുന്നതും അമ്മയായിരുന്നു. അവന് പനി വരാൻ പോകുന്നുണ്ട് എന്നാദ്യം കണ്ടറിഞ്ഞിരുന്നതും അമ്മ തന്നെ.

സദു അമ്മയ്ക്കെപ്പോഴും ഹൃദയത്തോടടുത്ത വിഷയമായിരുന്നു.

ഒരു പക്ഷേ, അതുകൊണ്ടായിരിയ്ക്കാം അവന്റെ വിരലിൽ മോതിരം മുറുകിപ്പോയിരിയ്ക്കുന്നതു കാണാൻ വിസ്മൃതിയിലാണ്ടിരുന്നിട്ടും അമ്മയ്ക്കു കഴിഞ്ഞത്.

ഞങ്ങൾ നാലു പേർക്കും കാണാൻ കഴിയാഞ്ഞത് അമ്മയ്ക്ക് അര നിമിഷം കൊണ്ടു കാണാൻ കഴിഞ്ഞ നിലയ്ക്ക് അത്തരം കഴിവുകൾ അമ്മയുടെ ഉള്ളിൽ അവശേഷിച്ചിട്ടുണ്ട് എന്നുറപ്പ്. ആ കഴിവു മുഴുവനും അര നിമിഷം കൊണ്ടു വറ്റിപ്പോയിക്കാണാൻ വഴിയില്ല. ആ കഴിവിന്റെ അവശിഷ്ടങ്ങൾ വീണ്ടും ചെറു കണികകളായെങ്കിലും പുറത്തു വരും. വരാതിരിയ്ക്കില്ല.

ഞാനും ആശയോടെ സരളയുടെ സമീപത്ത് നിലത്തിരുന്നു.

അമ്മയുടെ ശ്രദ്ധയാകർഷിയ്ക്കാൻ വേണ്ടി സരള പലതും അമ്മയോടു പറഞ്ഞുകൊണ്ടിരുന്നു. ആ ശ്രമത്തിൽ സരിയും സദുവും പങ്കു ചേർന്നു. അമ്മൂമ്മയെക്കൊണ്ട് എന്തെങ്കിലും കൂടി സംസാരിപ്പിയ്ക്കണം.

“അമ്മ പഴയ പോലെ ആയിട്ടു വേണം നമുക്കു രണ്ടു പേർക്കും കൂടി വീണ്ടും കറക്കം തുടങ്ങാൻ,” സരള പറഞ്ഞു.

അവളും അമ്മയും കൂടി കുറേയേറെ സ്ഥലങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്. “അമ്മേ, നമുക്കവിടെയൊന്നു പോയിവന്നാലോ” എന്നു സരള ചോദിയ്ക്കുമ്പോഴൊക്കെ, “പൊയ്ക്കളയാം” എന്നായിരുന്നു അമ്മയുടെ സ്ഥിരം മറുപടി.

അവളും ഞാനും കൂടി ചെയ്തിരിയ്ക്കുന്ന യാത്രകളേക്കാൾ കൂടുതൽ അവളും അമ്മയും കൂടിയാണു ചെയ്തിരിയ്ക്കുന്നത്. അവളോടൊപ്പം നടന്ന്, അവളുടെ യുവത്വവും പ്രസരിപ്പും അമ്മയ്ക്കും പകർന്നു കിട്ടിയതു പോലെയായിരുന്നു.

എന്നാലിന്നിപ്പോൾ സരളയുടെ വാക്കുകൾ അമ്മ കേൾക്കുന്നതായി തോന്നുന്നില്ല. അവൾ അമ്മയുടെ ദൃഷ്ടിപഥത്തിലായിരുന്നെങ്കിലും അവളെ അമ്മ കാണുന്നതായും തോന്നുന്നില്ല. അമ്മയുടെ നോട്ടം നിർജ്ജീവമായിത്തുടർന്നു.

“ചേട്ടാ, സന്ദീപിനോടൊന്നു ചോദിയ്ക്കായിരുന്നു,” സരള അഭിപ്രായപ്പെട്ടു. നിർവ്വികാരാവസ്ഥയ്ക്കിടെ ബോധത്തിന്റെ മിന്നലാട്ടം കണ്ടതിന്റെ അർത്ഥമെന്തെന്ന് അവൾക്കറിയണം. സന്ദീപിനതു പറയാൻ പറ്റും.

സന്ദീപ് സരളയുടെ ഒരകന്ന കസിനാണ്. ഡോക്ടറുമാണ്. സന്ദീപാണ് വീട്ടിൽ വന്ന് അമ്മയെ പരിശോധിയ്ക്കുന്നതും, അമ്മയെ ചികിത്സിയ്ക്കുന്ന രണ്ടു ഡോക്ടർമാരുമായുള്ള ചർച്ചകൾ നടത്തുന്നതും, അവരുടെ നിർദ്ദേശങ്ങൾ ഞങ്ങൾക്കു കൈമാറുന്നതും. ഏതാനും ദിവസം മുമ്പ് അമ്മയ്ക്കുള്ള മരുന്നുകളിൽ ചില മാറ്റങ്ങൾ വരുത്തിയത് സന്ദീപിന്റെ നിർദ്ദേശപ്രകാരമായിരുന്നു.

ആ മാറ്റങ്ങളുടെ ഫലമായിരിയ്ക്കുമോ അമ്മയ്ക്ക് പെട്ടെന്നുണ്ടായി മറഞ്ഞ ഈ തെളിച്ചം?

മരുന്നിൽ വരുത്തിയിരിയ്ക്കുന്ന പരിവർത്തനം പാർശ്വഫലങ്ങളും ദൂഷ്യഫലങ്ങളും കുറയ്ക്കാനുദ്ദേശിച്ചുകൊണ്ടുള്ളതാണെന്നും, അത് അമ്മയുടെ സ്ഥിതിയിൽ ബൌദ്ധികപുരോഗതിയുണ്ടാക്കുമെന്നു കരുതുന്നില്ലെന്നുമുള്ള മുന്നറിയിപ്പ് അന്നു തന്നെ സന്ദീപ് തന്നിരുന്നു. അത്ഭുതങ്ങൾ പ്രതീക്ഷിയ്ക്കാൻ പാടില്ല.

എങ്കിലും, മോതിരം ടൈറ്റായെന്ന് അമ്മ അര നിമിഷം കൊണ്ട് മനസ്സിലാക്കിയെടുത്തത് ഒരു യാഥാർത്ഥ്യമായി അവശേഷിയ്ക്കുന്നു.

പ്രതീക്ഷയോടെ ഞാൻ സന്ദീപിനെ വിളിച്ചു.

സന്ദീപ് വിവരങ്ങൾ വിശദമായി വീണ്ടും വീണ്ടും ചോദിച്ചറിഞ്ഞു. ലക്ഷണങ്ങളിൽ എന്തെല്ലാം മാറ്റങ്ങൾ വന്നിട്ടുണ്ട്, അമ്മ ആകെ എത്ര വാക്കുകൾ പറഞ്ഞു, നമ്മെ നേരേ നോക്കുന്നുണ്ടോ, കാണുന്നതു കാണുന്നതായി ഭാവിയ്ക്കുന്നുണ്ടോ, പ്രതികരിയ്ക്കുന്നുണ്ടോ, എന്തെങ്കിലും തരത്തിലുള്ള പരിചയഭാവം അല്പനേരത്തേയ്ക്കാണെങ്കിലും മിന്നിമറയുന്നുണ്ടോ, വായന, എഴുതൽ, എന്നിങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്യാൻ തുടങ്ങിയിട്ടുണ്ടോ...

അങ്ങനെ നിരവധി ചോദ്യങ്ങൾ.

മിനിറ്റുകൾ നീണ്ട സംഭാഷണത്തിനിടയിൽ അവനൊരു ചെക്ക് ലിസ്റ്റിൽ നിന്ന് ഓരോന്നോരോന്നായി ചോദിച്ച ചോദ്യങ്ങളിൽ മിയ്ക്കതിനും ഇല്ല, അല്ല എന്ന ഉത്തരങ്ങൾ എനിയ്ക്കു കൊടുക്കേണ്ടി വന്നു. എന്റെ തൊണ്ടയിടറി.

എങ്കിലും ഏതാനും മിനിറ്റു മുമ്പ് സദുവിന്റെ മോതിരവിരലിൽ സ്പർശിച്ചുകൊണ്ട് “ടൈറ്റായീ” എന്ന് അമ്മ കൃത്യമായിപ്പറഞ്ഞത് വലിയൊരു പുരോഗതിയല്ലെന്നു പറയാൻ പറ്റുമോ എന്നു ഞാൻ സന്ദീപിനോടു ചോദിച്ചു. ഏറെ നാളായി അമ്മ എന്തെങ്കിലുമൊന്നു സംസാരിച്ചിട്ട്. അങ്ങനെയിരിയ്ക്കെ ഈയൊരു വാക്കു പറഞ്ഞത് അമ്മയ്ക്കുണ്ടായിരിയ്ക്കുന്ന പുരോഗതിയെത്തന്നെയല്ലേ സൂചിപ്പിയ്ക്കുന്നത്? അത് അങ്ങനെയല്ലെങ്കിൽ മറ്റെന്താണ്?

ആ ഒരു വാക്കു മാത്രം പറഞ്ഞിരിയ്ക്കുന്നത് തത്കാലം പ്രതീക്ഷയ്ക്കു വക നൽകുന്നില്ല. ബോധത്തിന്റേതായ, വ്യക്തമായി തിരിച്ചറിയാൻ പറ്റുന്ന, തുടർച്ചയായ സൂചനകളാണു വേണ്ടത്. പ്രായോഗികമല്ലാത്ത ആശകൾ വച്ചു പുലർത്തരുത്. യാഥാർത്ഥ്യം മനസ്സിലാക്കാൻ സരളച്ചേച്ചിയോടും പറയുക. സന്ദീപ് ഉപദേശിച്ചു.

എന്റെ മനസ്സിടിഞ്ഞു.

അമ്മയുടെ മുഖത്തു തുടരുന്ന നിർവ്വികാരതയും എന്റെ മുഖത്തു പ്രതിഫലിച്ച നിരാശയും മാറിമാറി നോക്കിക്കൊണ്ടിരുന്ന സരള തളർന്നു. അവൾ അമ്മയുടെ മടിയിൽ തല ചായ്ച്ചു.

പണ്ട് ഞാൻ ഓഫീസിൽ നിന്ന് ബൈക്കിൽ തിരികെ വരാൻ വൈകുമ്പോഴൊക്കെ അവളുടെ പതിവ് അതായിരുന്നു. ആദ്യം കുറേ നേരം അവളും അമ്മയും കൂടി വഴിയിൽ കണ്ണും നട്ടിരിയ്ക്കും. ടെൻഷൻ കൂടുമ്പോൾ സരള അമ്മയുടെ കാൽക്കലിരുന്നുകൊണ്ട് അമ്മയുടെ മടിയിൽ തല ചായ്ക്കും. അമ്മ അവളുടെ ശിരസ്സിൽ തലോടിക്കൊണ്ടിരിയ്ക്കും. “അവനിപ്പൊ വരും, മോളേ,” അമ്മ ആശ്വസിപ്പിയ്ക്കും.

എന്നെ കാത്തിരിയ്ക്കുമ്പോൾ മാത്രമല്ല, എന്തെങ്കിലും വിഷമം തോന്നുമ്പോഴൊക്കെ അവൾ അമ്മയുടെ മടിയിൽ ശിരസ്സു ചായ്ച്ച് അഭയം പ്രാപിയ്ക്കുക പതിവായിരുന്നു. അമ്മയുടെ സ്നേഹമസൃണമായ തലോടലും ആശ്വാസവചനങ്ങളും അവളുടെ വിഷമങ്ങളകറ്റിയിരുന്നു. അമ്മയായിരുന്നു അവളുടെ ആത്മധൈര്യത്തിന്റെ ഉറവിടം.

ഇന്നിപ്പോൾ സരള മടിയിൽ തല ചായ്ച്ചിട്ടും അമ്മയതു കാണുന്നില്ല, അറിയുന്നു പോലുമില്ല.

അവൾക്കതു ഹൃദയഭേദകമായിരുന്നിരിയ്ക്കണം.

പെട്ടെന്ന്, അതു വരെ നിശ്ചലമായിരുന്ന അമ്മയുടെ വലതുകൈ അവളുടെ ശിരസ്സിൽ തലോടാനെന്ന പോലെ ഉയർന്നു.

ബൌദ്ധികപുരോഗതിയുടെ ചിഹ്നം രണ്ട്! ഞങ്ങൾ ശ്വാസം അടക്കിപ്പിടിച്ചു.

അമ്മയുടെ മടിയിൽ തല ചായ്ച്ചിരുന്ന സരള അമ്മ അല്പമുയർത്തിപ്പിടിച്ചിരിയ്ക്കുന്ന കൈയ്യിലേയ്ക്കു തന്നെ നോക്കിക്കിടന്നു. അമ്മ അവളുടെ ശിരസ്സിൽ തലോടും എന്ന ഉൽക്കടമായ ആശയോടെ, പ്രതീക്ഷയോടെ.

സരളയുടെ ബാല്യത്തിൽത്തന്നെ അവളുടെ അമ്മ മണ്മറഞ്ഞു പോയിരുന്നു. അച്ഛനും രണ്ടു മൂത്ത സഹോദരന്മാരും കൂടിയാണ് അവളെ വളർത്തിയത്. അവർ മൂവരും സ്നേഹസമ്പന്നരായിരുന്നു. എങ്കിലും അവർ പുരുഷന്മാരല്ലേ; അവളുടെ ആവശ്യങ്ങളെല്ലാം അവർ നിറവേറ്റിയിരുന്നെങ്കിലും, ഒരമ്മയ്ക്കു മാത്രം നൽകാൻ കഴിയുന്ന സ്നേഹവാത്സല്യങ്ങൾ അവൾക്കു കിട്ടാതെ പോയി.

അമ്മയാണ് എനിയ്ക്കു വേണ്ടി സരളയെ ചെന്നു കണ്ടത്. അമ്മയുമായി ഒരു മണിക്കൂർ സംസാരിച്ചതോടെ അവൾ അമ്മയുടെ ആരാധികയായി മാറി. “ക്ലീൻ ബൌൾഡ്” എന്നാണ് അതിനെപ്പറ്റി അവൾ പറയാറ്. അമ്മയും “ക്ലീൻ ബൌൾഡ്” ആയിരുന്നു. “നീ അവളെ കല്യാണം കഴിയ്ക്കണം,” മടങ്ങിവന്നയുടനെ അമ്മയെനിയ്ക്ക് ഫോൺ ചെയ്തു പറഞ്ഞു.

സരള ഇവിടെ വന്നു കയറിയ ശേഷം അവർ തമ്മിലുള്ള ബന്ധം സുദൃഢമായി. അവൾക്ക് ഒരമ്മയെക്കിട്ടി. അമ്മയ്ക്ക് ഒരു മകളേയും.

അമ്മയുടെ ബോധം പതുക്കെ പുറകോട്ടു വലിയുന്നത് ആദ്യം തിരിച്ചറിഞ്ഞതും അവൾ തന്നെയായിരുന്നു. “ആരാ?” ഒരു ദിവസം രാവിലെ ഉണരാൻ വൈകിയതെന്തേ എന്നന്വേഷിയ്ക്കാനായി അമ്മയുടെ മുറിയിലേയ്ക്കു കടന്നു ചെന്ന സരളയോട് അപരിചിതഭാവത്തിൽ അമ്മ ചോദിച്ചു. “മോളാരാ?” തീരെ പരിചയമില്ലാത്ത മട്ടിൽ അമ്മ ചോദ്യം ആവർത്തിച്ചു.

അതായിരുന്നു തുടക്കം.

പെട്ടെന്നു കടന്നു വന്ന മറവി മനസ്സിലാക്കി അധികം കഴിയും മുമ്പെ അമ്മ ചിരിച്ചെങ്കിലും അമ്മയ്ക്ക് എന്തോ കുഴപ്പം വരാൻ പോകുന്നെന്ന് അന്നു തന്നെ സരള എന്നോടു പറഞ്ഞിരുന്നു. അന്നു ഞാനവളെ ശാസിച്ചു. നീ വെറുതേ ഭയപ്പെടുകയാണ്. അമ്മയ്ക്കൊരു കുഴപ്പവുമില്ല. മനുഷ്യർക്ക് ഇടയ്ക്കിടെ മറവിയുണ്ടാവില്ലേ? നമ്മുടെ കാര്യം പോലും അങ്ങനെ. പിന്നെ വയസ്സായവരുടെ കാര്യം പറയാനുണ്ടോ?

കുറച്ചു നാൾ കഴിഞ്ഞ ശേഷമാണ് അവൾ പറഞ്ഞതിൽ ശരിയുണ്ട് എന്നെനിയ്ക്കും തോന്നിത്തുടങ്ങിയത്. അമ്മയുടെ നെഞ്ചോട് ഒട്ടിനിന്നിരുന്നതു കൊണ്ട് അമ്മയുടെ അതിസൂക്ഷ്മമായ ഭാവവും ഭാവമാറ്റവും അവൾ വ്യക്തമായി വായിച്ചെടുത്തിരുന്നു.

അമ്മയിലെ മാറ്റം സരളയ്ക്ക് വലിയ ഒരാഘാതമായിരുന്നു. അമ്മയേയും അവളേയും ഒരേ സമയം ശുശ്രൂഷിയ്ക്കേണ്ടി വരുമോയെന്നു പോലും ഞാൻ ഭയന്ന ഒരു ഘട്ടമുണ്ടായിരുന്നു. അമ്മയുടെ ഡോക്ടർമാരുമായി സന്ദീപ് ഒരുക്കിത്തന്ന ചർച്ചകളാണ് സരളയ്ക്ക് യാഥാർത്ഥ്യത്തെ നേരിടാനുള്ള കെല്പുണ്ടാക്കിയത്. അമ്മ അറിയുന്നില്ലെങ്കിലും അമ്മയ്ക്ക് സരളയെ വളരെ ആവശ്യമുള്ള സമയമാണിതെന്ന് ഡോക്ടർമാർ അവളെ പറഞ്ഞു മനസ്സിലാക്കി. അമ്മയുടെ സാന്നിദ്ധ്യം കഴിയുന്നത്ര നീണ്ടു കിട്ടാൻ അതത്യാവശ്യമാണെന്നും അവർ മുന്നറിയിപ്പു നൽകി.

ഇതൊക്കെയാണെങ്കിലും ചില സമയം അവൾ തളരും.

അവൾ മനസ്സിലാക്കിയെടുത്ത കാര്യങ്ങൾ സന്ദീപിന് വളരെ ഉപകരിച്ചു. ആശയപ്രകാശനം അമ്മയ്ക്ക് ബുദ്ധിമുട്ടായിത്തീർന്നുവെങ്കിലും അമ്മ പറയാതെ തന്നെ അമ്മയുടെ ആഗ്രഹങ്ങൾ മനസ്സിലാക്കിയെടുക്കാനും നിറവേറ്റിക്കൊടുക്കാനും സരളയ്ക്കു കഴിഞ്ഞിരുന്നു.

അവളില്ലായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നെന്നു ഞാനത്ഭുതപ്പെടാറുണ്ട്.

ഞാൻ സ്നേഹത്തോടെ സരളയുടെ തോളത്തു കൈ വച്ചു.

അമ്മയുടെ മടിയിൽ തല ചായ്ച്ചുകൊണ്ട്, അമ്മ അല്പം ഉയർത്തിപ്പിടിച്ചിരിയ്ക്കുന്ന കൈയ്യിലേയ്ക്കു തന്നെ, ആഗ്രഹത്തോടെ, ഉത്കണ്ഠയോടെ അവൾ ഉറ്റു നോക്കിക്കിടന്നു.

അമ്മയുടെ കൈ വായുവിൽ മരവിച്ചു നിന്നു.

അമ്മയുടെ കൈയ്യും സരളയുടെ ശിരസ്സും തമ്മിൽ ഇഞ്ചുകളുടെ അകലമേയുള്ളു. എന്നിട്ടും ആ അകലമൊന്നു കടക്കാൻ അമ്മയുടെ കൈയ്ക്കു കഴിയുന്നില്ലല്ലോ, ഈശ്വരാ...

സരള കാതരയായി എന്നെ നോക്കി. ഭീതിയും അഭിലാഷവും അവളുടെ കണ്ണുകളിലുണ്ടായിരുന്നു.

ആ കൈകൊണ്ട് അമ്മ ഒരായിരം തവണ അവളെ തലോടിയിട്ടുള്ളതാണ്. ഒന്നു കൂടി തലോടിയിരുന്നെങ്കിൽ!

സരിയും സദുവും ആകാംക്ഷയോടെ അമ്മൂമ്മയുടെ കൈയ്യിൽത്തന്നെ ഉറ്റു നോക്കി നിന്നു. അമ്മൂമ്മ അമ്മയുടെ ശിരസ്സിൽ സ്പർശിയ്ക്കില്ലേ?

പക്ഷേ, അമ്മയ്ക്ക് സരളയെ കാണാൻ കഴിയുന്നതായി തോന്നിയില്ല.

എന്നാൽ തന്റെ മടിയിൽ അവളുടെ ശിരസ്സുണ്ടെന്ന് അമ്മ മനസ്സിലാക്കുന്നതായി തോന്നുന്നില്ലേ? ആ മുഖത്ത് എന്തോ ഒരസ്വസ്ഥത കാണുന്നില്ലേ? എന്തെങ്കിലുമൊരു സൂചനയ്ക്കായി ഞാൻ അമ്മയുടെ മുഖമാകെ പരതി.

മുഖത്തു പ്രതികരണങ്ങൾ പ്രതിഫലിയ്ക്കുന്നില്ലെങ്കിലും, മടിയിൽ സരള തല ചായ്ച്ചിരിയ്ക്കുന്നതായി അമ്മ മനസ്സിലാക്കിയതു കൊണ്ടായിരിയ്ക്കണമല്ലോ കൈ അല്പനേരമായി ഉയർത്തിപ്പിടിച്ചിരിയ്ക്കുന്നത്. സരള മടിയിൽ തല ചായ്ക്കാറുള്ളപ്പോൾ അവളെ വാത്സല്യപൂർവ്വം തടവിപ്പോകുന്ന പതിവ് ചെറുതായി ഓർമ്മ വന്നിരിയ്ക്കുന്നതു കൊണ്ടാകണമത്. സ്വാഭാവികമായി തുടങ്ങിവച്ചുപോയ ആ പ്രതികരണം പൂർത്തിയാക്കാതിരിയ്ക്കാൻ അമ്മയ്ക്കാകുമോ?

പൂർത്തിയാക്കിയാൽ, “ടൈറ്റായീ” എന്നു പറഞ്ഞതുൾപ്പെടെ ഇന്ന് രണ്ടു ചിഹ്നങ്ങളാകും, പുരോഗതിയുടെ ചിഹ്നങ്ങൾ. അമ്മ ഓർമ്മശക്തി വീണ്ടെടുക്കുന്നതിന്റെ ചിഹ്നങ്ങളാകും അവ.

അമ്മയുടെ ശബ്ദം കേൾക്കാൻ ഹൃദയം തുടിച്ചു.

അമ്മ സരളയുടെ നേരേ ഒരു തവണ പോലും നോക്കിയിട്ടില്ല. തൊട്ടടുത്തു നിൽക്കുന്ന സരിയേയോ സദുവിനെപ്പോലുമോ നോക്കിയിട്ടില്ല.

അമ്മ പെറ്റുവളർത്തിയ, അമ്മയുടെ ഏക സന്താനമായ എന്റെ പോലും നേരേ നോക്കിയിട്ടില്ല.

പക്ഷേ, അതിലതിശയമില്ല. എന്റെ നേരേ അമ്മ നോക്കാത്തത് ഓർമ്മക്കുറവുള്ളതുകൊണ്ടാകണമെന്നില്ല. സരളയുടെ കടന്നു വരവോടെ അമ്മയുടെ മുൻ‌ഗണനാക്രമത്തിൽ ഞാൻ പുറകോട്ടു തള്ളപ്പെട്ടു കഴിഞ്ഞിരുന്നു. സരിയും സദുവും കൂടി വന്നതോടെ എന്റെ സ്ഥാനം വീണ്ടും പുറകോട്ടു പോയി.

അവസാനമായി അമ്മ ഓമനിച്ചുകൊണ്ടു നടന്ന അവരെപ്പോലും തിരിച്ചറിയാൻ കഴിയാത്ത നിലയ്ക്ക് അമ്മയ്ക്ക് എന്നെ തിരിച്ചറിയാനും പ്രയാസമാകും.

ഓർത്തപ്പോൾ നെഞ്ചു വലിഞ്ഞു മുറുകി. ഞാൻ കണ്ണടച്ചു പ്രാർത്ഥിച്ചു. ഈശ്വരാ...

സരളയുടെ പൊട്ടിക്കരച്ചിൽ. ഞാൻ കണ്ണു തുറന്നു. ഭീതിയോടെ.

അമ്മ ഉയർത്തിപ്പിടിച്ചിരുന്ന കൈ താഴ്ന്ന് പൂർവ്വസ്ഥിതിയിലേയ്ക്കു മടങ്ങിപ്പോയിരിയ്ക്കുന്നു. സരളയുടെ ശിരസ്സിനെ സ്പർശിയ്ക്കുക പോലും ചെയ്യാതെ.

തന്നെ സ്പർശിയ്ക്കാൻ കൂട്ടാക്കാതെ വഴിമാറിപ്പോയ ആ കൈയ്യിൽ മുറുകെപ്പിടിച്ചുകൊണ്ട് സരള കൊച്ചുകുട്ടികളെപ്പോലെ ഏങ്ങിയേങ്ങിക്കരഞ്ഞു. തന്റെ ശിരസ്സിലൊന്നു തലോടുമെന്ന് അവൾ തീവ്രമായി ആഗ്രഹിച്ചു പോയ കൈ. അവളുടെ സങ്കടം മുഴുവനും അണപൊട്ടിയൊഴുകി.

സരി സരളയെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. കരയുന്ന സരളയേയും സരിയേയും അമ്മൂമ്മയേയും എന്നേയും മാറിമാറി നോക്കിക്കൊണ്ട് സദു പകച്ചു നിന്നു. മുമ്പിൽ നടക്കുന്നതൊന്നുമറിയാതെ അമ്മ നിർവ്വികാരയായി നോക്കിയിരുന്നു.

പുരോഗതിയുടെ ചിഹ്നങ്ങളെത്തിയെന്നു വ്യാമോഹിച്ച് ഉണർന്നെഴുന്നേറ്റിരുന്ന അഭിലാഷങ്ങൾ തകർന്നു.

കണ്ണുനീരിന്റെ മൂടലിൽ എന്റെ കാഴ്ച മങ്ങി.

സുനില്‍ എം എസ്




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.