പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

രാജ്യമുണ്ടാകുന്നത്‌....

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഉല്ലാസ്‌ എരുവ

പച്ചമഴയിലും പഴുത്ത ചൂടിലും പടർന്ന കുടുംബത്തിന്റെ വേരുകൾ പൊട്ടിച്ചെടുത്തുകൊണ്ടയാൾ ഓടി. രാജകൊട്ടാരത്തെ ശ്വാസംമുട്ടിച്ചുകൊല്ലാനായി നഗരം ഞെരിച്ചുനിൽക്കുന്ന ലഹളക്കാർ. കൂട്ടിലേക്ക്‌ കയറി പാമ്പിനെക്കണ്ട്‌ പേടിച്ച കോഴിക്കുഞ്ഞുങ്ങളെപ്പോലെ ഇന്ദ്രിയങ്ങൾ ചിറകടിച്ചപ്പോൾ ശരീരം വിറച്ച്‌ പറന്നു. ഓരോ കുതിപ്പും ഭൂമിക്ക്‌ വെളിയിലേക്ക്‌ കടന്നുപോകാൻ ആഗ്രഹിച്ചുകൊണ്ട്‌, ആരും കാണാത്ത ഒരു വലിയ മതിൽക്കെട്ടിന്റെ മൂലയിലേക്കയാൾ കുടുംബത്തെക്കയറ്റി സുരക്ഷമാക്കി.

പ്രളയത്തിനുമുകളിലേക്ക്‌ മൂക്ക്‌ ഉയർത്തി ശ്വാസം എടുത്തുകൊണ്ട്‌ മതിലിനടിയിൽ എലി തുരന്ന മാളത്തിലൂടെ അയാൾ പുറംലോകത്തേക്ക്‌ ദയനീയമായി നോക്കി.

വിശപ്പ്‌ ഭയത്തെ ധിക്കരിച്ച്‌ വെളിയിലിറങ്ങാതെ അനുസരണയോടെ നിവർന്ന്‌ നിന്നു. പക്ഷേ ആദ്യം അടിപതറി വീണുമരിച്ചത്‌ ഭയം തന്നെയായിരുന്നു. വിശപ്പിന്റെ പ്രഹരമേറ്റ ധൈര്യവുമായി അയാൾ മതിലിനുവെളിയിലിറങ്ങി.

മുന്നിൽ പരവതാനിവിരിച്ച്‌ അതിനുമുകളിലൂടെ ഉരുണ്ടുപോകുന്ന ടാങ്കറുകളുടെ മുഴക്കത്തിൽ കുതിരകളുടെ കുളമ്പടികൾക്ക്‌ നെഞ്ചിടിപ്പിന്റെ താളമായിരുന്നു. അതിനിടയിൽ ഒരാൾ ധൃതിയിൽ മധുരപലഹാരങ്ങൾ വിതരണം ചെയ്‌തുകൊണ്ട്‌ അയാളുടെ മുന്നിലെത്തി. അത്‌ ആർത്തിയോടെ സ്വീകരിച്ചുകൊണ്ടയാൾ ചോദിച്ചു.

ഈ ലഹളയ്‌ക്കുള്ളിലും മധുരം പകരാൻ നിങ്ങൾക്കെങ്ങനെ കഴിയുന്നു?‘

’ലഹളയോ?‘ അയാൾ അത്‌ഭുതത്തോടെ പൊട്ടിച്ചിരിച്ചു. എന്നിട്ട്‌ സംശയത്തോടെ നോക്കിത്തുടർന്നു. ’നീ ഈ രാജ്യക്കാരനൊന്നുമല്ലേ? രാജാവിനെ മുഖംകാണിച്ച പ്രജകൾക്കെല്ലാംതന്നെ രാജ്യം നൽകി രാജാക്കന്മാരാക്കി. ഇപ്പോൾ ഇവിടെ പ്രജകളില്ല. രാജ്യം ഭരിച്ച രാജാക്കന്മാരുടെ ആഹ്‌ളാദസ്വാതന്ത്ര്യമാണിവിടെക്കാണുന്നതൊക്കെ!‘

ഈ സ്വാതന്ത്ര്യം വളരെക്കാലംമുമ്പേ നിങ്ങൾക്ക്‌ ഞാൻ നൽകിയതായിരുന്നല്ലോ.... എന്നോർത്തുകൊണ്ട്‌ അയാൾ സ്വയം പിറുപിറുത്തു.

“..... ഇപ്പോൾ മാത്രമാണോ ഇത്‌ നിങ്ങളുടെ കൈകളിലെത്തുന്നത്‌.....?” മധുരവിതരണം ചെയ്‌തുകൊണ്ടിരുന്നയാൾ അത്‌ ശ്രദ്ധിക്കാതെ രാജാവിനുനേരെ സന്തോഷത്തോടെ നോക്കിത്തിരക്കി.

“നീ ആരാണ്‌?”

“ഞാൻ ഈ രാജ്യക്കാരനാണ്‌”

“നിനക്ക്‌ രാജ്യം കിട്ടിയില്ലേ?”

“ഇല്ല”

“എങ്കിൽ.... ഞാൻ.... എനിക്ക്‌ കിട്ടിയ രാജാധികാരം ഉപയോഗിച്ച്‌ നിന്നെയും കുടുംബത്തെയും എന്റെ അടിമയാക്കുന്നു!”

ഒരു രാജാവിൽ നിന്ന്‌ രക്ഷപ്പെട്ട്‌ അനേകലക്ഷം രാജാക്കന്മാരുടെ അടിമയായിത്തീർന്ന സ്വാതന്ത്ര്യത്തിനായി പരസ്‌പരം പൊരുതിക്കൊണ്ടിരുന്നവരുടെ ഇടയിലൂടെ അവർ നടന്നു.

ഉല്ലാസ്‌ എരുവ

B-69, Old Type,

Pitampura Police Lane,

Delhi-110 034.


Phone: 09868942463
E-Mail: ullaseruva@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.