പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

റോഷാമാമയാണ്‌ പറണയത്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ലിയാക്കത്ത്‌ മുഹമ്മദ്‌

1980, ദുബായ്‌.

ഗുഡ്‌ ഇയർ ടയേഴ്‌സിന്റെ ഗോഡൗണിൽ അസിസ്‌റ്റന്റ്‌ സ്‌റ്റോർ കീപ്പറായിരുന്നു. കച്ച്‌കൂൾ, മിയ, മീർ, ടിഡ്‌ഡാങ്ക്‌ റോഷാമാമ തുടങ്ങി ഇരുപതോളം പഠാനി സുഹൃത്തുക്കളുടേയും കൂടിയുള്ള ദിവസങ്ങൾക്ക്‌ സൗഹാർദ്ദത്തിന്റെയും ഇണക്കപിണക്കങ്ങളുടേയും നിറച്ചാർത്തായിരുന്നു.

റോഷാമാമ.

തടിച്ചുരുണ്ട റോഷാമാമ സൗമ്യനായിരുന്നു. ദുബായ്‌ നഗരിയിൽ നിന്ന്‌ 10 കിലോമീറ്റർ അകലെയായിരുന്നു താമസമെങ്കിലും 8 വർഷത്തിനിടയിൽ മൂന്ന്‌ പ്രാവശ്യം മാത്രമാണ്‌ റോഷമാമ ദുബായിക്ക്‌ പോയത്‌. ലുബ്‌ധനായിരുന്ന റോഷാമാമക്ക്‌ ഒരു മാസത്തെ ചിലവ്‌ 100 ദിർഹം മാത്രമായിരുന്നു.

ലാക്കത്ത, നാട്ടിലെനിക്ക്‌ വലിയൊരു കുടുംബമാണുള്ളത്‌. ഞാൻ കഷ്‌ടപ്പെട്ട്‌ വേണം അവർക്ക്‌ കഷ്‌ടപ്പെടാതെ ജീവിക്കാൻ. ഈ 100 തന്നെ 50ൽ ഒതുക്കാനാണ്‌ ഞാൻ ശ്രമിക്കുന്നത്‌, മാമ ഇടക്ക്‌ മനസ്സ്‌ തുറക്കും.

വ്യാഴാഴ്‌ച സന്ധ്യകളിൽ ദുബായ്‌ യാത്രയായിരുന്നു എന്റെ മുഖ്യവിനോദം. ഹയാത്ത്‌ റിജൻസിയിലെ ഗലേറിയ സിനിമയിൽ റിലീസാകുന്ന മലയാള ചലച്ചിത്രവും അത്‌ കഴിഞ്ഞ്‌ സുഹൃത്തുക്കളുമൊത്തുള്ള റമ്മി കളിയും ആയിരുന്നു.

ഒരു വ്യാഴാഴ്‌ച വൈകിട്ട്‌ 7 മണിക്ക്‌ ദുബായിക്ക്‌ പുറപ്പെടാനിരിക്കെ ഒരു അസ്വസഥത തോന്നി. ആകെപ്പാടെ ഒരു പുകച്ചിൽ.

മൂത്രമൊഴിക്കാനിരുന്നപ്പോൾ രണ്ടു തുള്ളി ചോര. അസഹനീയമായ വേദന. പത്തുമിനിറ്റിനുള്ളിൽ അഞ്ച്‌ പ്രാവശ്യം ടോയ്‌ലറ്റിൽ പോയിരുന്നു. വേദന ശമിക്കുന്നില്ല. ചോര രണ്ട്‌ തുള്ളി വീതം, പ്രാണനെടുത്ത്‌ തുള്ളുന്നു.

ദുബായ്‌ പോയില്ല.

ലൈറ്റണച്ച്‌ കിടന്നു. വേദനയിൽ പുളഞ്ഞ്‌. പിറ്റേന്ന്‌ രാവിലെ ഉണർന്ന്‌ പേടിച്ച്‌ പേടിച്ചാണ്‌ ടോയ്‌ലറ്റിൽ പോയത്‌.

ആവൂ.... സമാധാനം. വേദനയുമില്ല ചോരയുമില്ല.

കുളികഴിഞ്ഞ്‌ പാട്ടും കേട്ടിരിക്കുമ്പോഴാണ്‌ റോഷാമാമ വരുന്നത്‌.

ങ്ങേ, നീ ദുബായ്‌ പോയില്ലേ?

ഇല്ല മാമ

എന്തേയ്‌? നീ എല്ലാ ആഴ്‌ചയും ദുബായ്‌ പോണതാണല്ലോ? എന്താ പോവ്വാഞ്ഞേ?

സുഖമില്ലാ.

അല്ല. എനിയ്‌ക്കറിയാം.

മാമ അത്‌ പറഞ്ഞ്‌ പോയി. പിന്നെ വന്നത്‌ നൂറിന്റെ രണ്ട്‌ നോട്ടുകളുമായാണ്‌

ഇതാ, ഇനി ദുബായ്‌ പോയിവാ.

മാമ പണം നീട്ടി. മാ​‍ാമയുടെ രണ്ട്‌ മാസത്തെ ചെലവിന്റെ കാശ്‌. മാമന്റെ ഹൃദയശുദ്ധിയിൽ ഹൃദയം നൊന്തു സത്യമായിട്ടും കാശ്‌ ഇല്ലാത്തത്‌ കൊണ്ടല്ല പോകാത്തത്‌.

നീ കൂടുതലൊന്നും പറയണ്ട. ഇത്‌ വാങ്ങ്‌, ദുബായ്‌ പോയിട്ട്‌ ബഷീറിനേയും ശ്യാമിനേയും കണ്ട്‌ വാ. എണീക്കടാ. പോടാ മാമയാണ്‌ പറേണത്‌.

പിന്നെ തർക്കിച്ചില്ല. മാമന്റെ 200 ദിർഹവുമായി നഗരിയിലേക്ക്‌.

ബഷീറിനെ കണ്ടു. സംഭവം പറഞ്ഞു.

നന്മയുടെ അംശം എവിടെയാ കാണാൻ കഴിയാ എന്ന്‌ പറയാൻ പറ്റില്ല. സന്മനസ്സുളളവനാണ്‌ മാമ. ഏതായാലും വാ, ഡോക്‌ടറെ കാണാം.

ഡോക്‌ടറെ കണ്ടു. ഉഷ്‌ണം കാരണമാണ്‌ വേദനയും ചോരയും ആക്രമിച്ചത്‌ എന്നറിഞ്ഞപ്പോൾ മാമന്റെ സ്‌നേഹത്തിന്‌ മുമ്പിൽ അത്‌ കാര്യമാക്കിയില്ല.

പിറ്റേദിവസം സ്‌റ്റോറിൽവെച്ച്‌ മാമക്ക്‌ 200 ദിർഹം തിരിച്ചു കൊടുക്കാൻ ശ്രമിച്ചപ്പോൾ മാമ സ്വികരിച്ചില്ല.

നീ അത്‌ വെച്ചോ, എനിക്കാവശ്യമുള്ളപ്പോൾ ചോദിച്ചോളാം, മാമൻ പറഞ്ഞു. നിർബന്ധിച്ചുനോക്കിയെങ്കിലും മാമൻ സ്വീകരിച്ചില്ല.

28 വർഷങ്ങൾ കഴിഞ്ഞു. മാമൻ ഇപ്പോഴെവിടെയാണെന്നറിയില്ല. മാമന്റെ 200 ദിർഹം ഇപ്പോഴും എന്റെ കയ്യിലുണ്ട്‌.

ഒരു കടമായി.

അല്ല,

മാമന്റെ സ്‌നേഹമായി.

ലിയാക്കത്ത്‌ മുഹമ്മദ്‌
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.