പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ദ്വൈതം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബിജു.കെ. ചുഴലി

വളരെ വിചിത്രമെന്ന്‌ നമുക്കെല്ലാം തോന്നിയേക്കാവുന്ന ഒരു ഉദ്ദേശത്തോടെയാണ്‌ ഗൗതമൻ മൂന്നാം ദിവസവും അവധിയെടുത്ത്‌ നഗരത്തിന്റെ കോണിലുള്ള ബസ്സ്‌ വെയിറ്റിംഗ്‌ ഷെഡ്‌ഡിൽ കാത്തിരിക്കുന്നത്‌. അവിശ്വസനീയമെന്നോ വെറും കെട്ടുകഥ എന്നോ മറ്റുള്ളവർ അവന്റെ അനുഭവത്തെ തള്ളിപ്പറഞ്ഞേക്കാം എങ്കിലും ഗൗതമനെ അടുത്തറിയുന്ന നമുക്ക്‌ അവൻ പറഞ്ഞ വാക്കുകളെ അവിശ്വസിക്കാൻ വയ്യല്ലോ. നഗരത്തിലെ ഒരു സർക്കാർ ഓഫീസിൽ ലാസ്‌റ്റ്‌ ഗ്രേഡ്‌ തസ്‌തികയിൽ നിയമിതനായിട്ട്‌ ഏഴു മാസം തികയുന്നതേ ഉള്ളൂ. വളരെ തിരക്കു പിടിച്ച ഓഫീസ്‌ ആയതിനാൽ അവധി അനുവദിക്കുന്നതിൽ മേലുദ്യോഗസ്‌ഥൻ കടുത്ത കണിശത പുലർത്തി. മേലുദ്യോഗസ്‌ഥൻ കടുത്ത ദൈവവിശ്വാസിയായിരുന്നു. അടുത്ത സുഹൃത്ത്‌ അപകടം പറ്റി ആശുപത്രിയിൽ ആയപ്പോഴും നാട്ടിലെ കലാസമിതിയുടെ വാർഷികാഘോഷം നടക്കുമ്പോഴും അന്താരാഷ്‌ട്ര ചലച്ചിത്രോത്‌സവം നടക്കുമ്പോഴും ഒക്കെ തറവാട്ടിൽ സ്വർണപ്രശ്‌നം നടക്കുകയാണെന്നും തന്റെ സാന്നിദ്ധ്യമില്ലാതെ പറ്റില്ലെന്നും മുത്തച്‌ഛന്റെ ശ്രാദ്ധദിനമാണെന്നും ഗുരുവായൂരിൽ അനുജനെ തുലാഭാരം തൂക്കാൻ പോകണമെന്നും ഒക്കെ സന്ദർഭാനുസരണം നിർദ്ദോഷമായ നുണകൾ പറഞ്ഞ്‌ അവധി സംഘടിപ്പിച്ചു. ചേച്ചിയുടെ പുതിയതായി പണിത വീട്ടിൽ ബ്രഹ്‌മരക്ഷസ്സിന്റെ ഉപദ്രവം ഉണ്ടെന്നും അതിനാൽ ഗൃഹപ്രവേശനത്തിനു മുമ്പേ മന്ത്രവാദികളെകൊണ്ട്‌ മൂന്ന്‌ ദിവസം നീണ്ടു നിൽക്കുന്ന പ്രേതനിവാരിണീപൂജ നടത്തേണ്ടതുണ്ടെന്ന്‌ പ്രമുഖ ജ്യോത്‌സ്യൻ പറഞ്ഞുവെന്നും തദവസരത്തിൽ മുഴുവൻ ബന്ധുമിത്രാദികളുടെയും സാന്നിധ്യം ഉണ്ടാകണമെന്നത്‌ ദൈവീക നിഷ്‌ക്കർഷ ആണെന്നും ഒക്കെ മനോഹരമായ കഥമെനഞ്ഞ്‌ അയാൾ മൂന്നു ദിവസത്തെ അവധി ഒപ്പിച്ചെടുത്ത്‌ ഈ വെയിറ്റംഗ്‌ഷെഡ്‌ഡിൽ വന്നിരിക്കുന്നതിന്റെ കാരണം കേട്ടാൽ ശുദ്ധഭ്രാന്ത്‌ എന്ന്‌ ചിലരെങ്കിലും പറഞ്ഞേക്കും.

ഗൗതമന്റെ വിവാഹം ആകസ്‌മികമായി ഉപേക്ഷിക്കപ്പെട്ടതും ആയി ബന്ധപ്പെട്ടാണ്‌ മേൽപറഞ്ഞ രീതിയിലുള്ള സംഭവികാസങ്ങൾ ഉണ്ടാകുന്നത്‌. ഒരു പക്ഷേ ഗൗതമനെക്കാൾ നടുക്കത്തോടും ഉത്‌ക്കണ്‌ഠയോടും കൂടി അവന്റെ സുഹൃത്തുക്കൾ ആയിരുന്നു ആ സംഭവത്തെ ഉൾക്കൊണ്ടത്‌. വിവാഹ നിശ്ചയം കഴിഞ്ഞിട്ട്‌ ഒരു മാസം തികഞ്ഞിരുന്നു. വിവാഹം നടക്കുവാൻ ഒരു മാസം കൂടി ബാക്കിനിൽക്കെ പൊടുന്നനെ പ്രതിശ്രുതവധു കാമുകനോടൊപ്പം ഒളിച്ചോടിപ്പോവുകയാണ്‌ ഉണ്ടായത്‌. പത്രങ്ങളിലും സിനിമകളിലും മാത്രം കണ്ടു ശീലിച്ച ഇത്തരം നാടകീയ സംഭവങ്ങൾ തങ്ങളുടെ പരിചയക്കാരന്റെ ജീവിതത്തിൽ നടക്കുമ്പോൾ ഉണ്ടാകുന്ന സങ്കോചവും അമ്പരപ്പും എല്ലാവർക്കും ഉണ്ടായി. മറ്റുള്ളവരുടെ ജീവിതം ഇങ്ങനെ ചില അഴിയാക്കുരുക്കുകളിൽ അകപ്പെട്ടു പോകുമ്പോൾ അതുമല്ലെങ്കിൽ ചില നിർണായക ജീവിത സന്ധികളിൽ മറ്റുള്ളവർ പകച്ചു നിൽക്കുമ്പോൾ നമ്മളൊക്കെയും അൽപ്പം കൗതുകത്തോടെ അവയൊക്കെ ദൂരെനിന്ന്‌ മാറിനിന്ന്‌ അൽപ്പം ക്രൂരമായി ആസ്വദിക്കാറുണ്ട്‌ എന്നത്‌ സത്യമാണ്‌. ‘അവന്റെയൊക്കെ അഹങ്കാരത്തിനുള്ള ശിക്ഷകിട്ടി’ എന്ന്‌ ഒരു വിധാതാവിന്റെ അധികാരസ്വരത്തോടെ നാം ഉള്ളിൽ പറഞ്ഞിട്ടുമുണ്ടാകാം, പലപ്പോഴും. പക്ഷേ ഗൗതമന്‌ വന്ന ഈ പ്രതിസന്ധിഘട്ടത്തിൽ നാടൊട്ടുക്കും തന്റെ കൂടപ്പിറപ്പിന്‌ സംഭവിച്ച ദുരന്തത്തിൽ എന്ന പോലെ വ്യാകുലപ്പെട്ടു.

“ഗൗതമനോട്‌ അവൾ ഇതു ചെയ്യരുതായിരുന്നു” എന്ന്‌ എല്ലാവരും മനസ്സിൽ തട്ടിപറഞ്ഞു. വിശ്വസിക്കുന്നവരെ പാടെ വിശ്വസിക്കുന്നവനായിരുന്നു ഗൗതമൻ. കൂടുതൽ ശുദ്ധനായവൻ കൂടുതൽ ക്രൂശിക്കപ്പെടുമെന്ന്‌ പലരും പറഞ്ഞു കേട്ടത്‌ ഗൗതമന്റെ കാര്യത്തിൽ യഥാർത്ഥ്യമായി. സൗഹൃദങ്ങൾക്ക്‌ ഏറെ വിലകൽപ്പിക്കുകയും അവ നിലനിർത്താൻ എല്ലായിപ്പോഴും തന്നാലാവുന്നത്‌ ചെയ്‌തുകൊണ്ടേയിരിക്കുകയും ചെയ്യുന്ന ഒരു വിശ്വസ്‌തൻ. അതുകൊണ്ടുതന്നെയാണ്‌ നാട്ടിലെ നാല്‌ കലാസമിതികളുടെയും ധനശേഖരാണർത്ഥം നടത്തുന്ന പതിനഞ്ചോളം ചിട്ടികളുടെ നടത്തിപ്പ്‌ അതിന്റെ ഭാരവാഹികൾ ഗൗതമനെ വിശ്വസിച്ച്‌ ഏർപ്പിച്ചിരിക്കുന്നതും. ഒരു പക്ഷേ നഗരത്തിലെ ചിന്മയ ചിട്ടിക്കമ്പനി മാനേജർ കൃഷ്‌ണപ്പൊതുവാളിനെക്കാളും കൂടുതൽ കൃത്യതയോടും കണിശതയോടും കൂടി അയാൾ അത്‌ ചെയ്‌തു പോന്നു. നാട്ടിൽ നിന്നും ദൂരെയുള്ള കുടുംബപരമായ ചടങ്ങുകളിൽ പോലും സൗഹൃദക്കൂട്ടങ്ങളിലും സംബന്ധിക്കാൻ പോലും ഗൗതമന്‌ കഴിഞ്ഞില്ല. “അയ്യോ പതിനാലാം തിയതി പറ്റില്ല” അന്ന്‌ കുറിയുണ്ട്‌. എന്ന്‌ ഗൗതമൻ നിസ്സഹായനാകും. ഏറെ പശുക്കളുള്ള ഒരു വീട്ടിലെ ഗൃഹനാഥനെപ്പോലെ ഗ്രാമത്തിലെ കലാസമിതികളുടെ ദൈനംദിന പ്രവർത്തനങ്ങളെക്കുറിച്ചോർത്ത്‌ ദൂരയാത്രകളിലെല്ലാം ഗൗതമൻ അലോസരചിത്തനാകുന്നത്‌ സുഹൃത്തുക്കൾക്കെല്ലാം അറിയുന്ന ഒരു കാര്യമാണ്‌.

“കുറിബുദ്ധൻ” എന്ന്‌ അവർ ഗൗതമനെ കളിയാക്കി വിളിക്കാറുണ്ടായിരുന്നു. അത്രമേൽ വിശ്വസ്‌തനായ ഒരുവന്റെ ജീവിതം ഇങ്ങനെ ഒരു നാൾ, താത്‌ക്കാലികമായെങ്കിലും ശൂന്യമായിപ്പോയതിൽ സുഹൃത്തുക്കളെല്ലാം വേവലാതി പൂണ്ടു. അവന്റെ വിവാഹം നിശ്ചയിച്ച തീയ്യതിക്കുതന്നെ നടത്തണമെന്ന്‌ നാടൊട്ടുക്കും വാശിപൂണ്ടു. ഗൗതമനുവേണ്ടിയുള്ള പെണ്ണന്വേഷണം ഒരു സാമൂഹിക ബാധ്യതയായി ദേശക്കാർ ഏറ്റെടുത്തിരിക്കുകയാണ്‌.

ഒന്നോ രണ്ടോ ദിവസത്തേക്ക്‌ മനസ്സിനാകെ ഒരു മൂടൽ ബാധിച്ചുവെങ്കിലും ഗൗതമൻ താരതമ്യേന പെട്ടെന്ന്‌ എല്ലാ വ്യസനത്തെയും മറികടുന്നു. പക്ഷേ അയാളുടെ സംഭാഷണങ്ങളിൽ ഒരു ‘ഫിലോസഫിക്കൽ മൂഡ്‌’ വന്നിട്ടുണ്ടെന്ന്‌ സുഹൃത്തുക്കൾ തിരിച്ചറിയുന്നു. യഥാർത്ഥത്തിൽ ജീവിതം എന്നത്‌ എന്താണ്‌? കുടുംബം എന്ന സ്‌ഥാപനം പുരോഗമനപരമാണോ? ശരിതെറ്റുകളെ നാം എന്ത്‌ അളവുകോൽ വച്ചാണ്‌ വിചാരണ ചെയ്യേണ്ടത്‌? നമ്മുടെ ചില ശരികൾ മറ്റുള്ളവർക്ക്‌ തെറ്റുകളായി തോന്നുന്നു. ചിലപ്പോൾ നമ്മുടെ തെറ്റുകൾ മറ്റുള്ളവർക്ക്‌ ശരികളാകുന്നു. ചില തെറ്റുകളെ കാലം ശരികളെന്നു വ്യാഖ്യാനം ചെയ്യുന്നു. ചില ശരികൾ കാലത്തിന്റെ ഭ്രമണപഥത്തിനിടയിലെവിടെയോ തെറ്റുകളായി കൂറുമാറുന്നു. യാഥാർത്ഥ്യം എന്താണ്‌? എന്നിങ്ങനെ മനുഷ്യന്റെ അസ്‌ഥിത്വത്തെക്കുറിച്ച്‌, ജീവിതത്തിന്റെ വിഭിന്നമായ വ്യാഖ്യാനങ്ങളെക്കുറിച്ച്‌ നിഗൂഢമായ ചില നിരീക്ഷണങ്ങൾ പോലും ഗൗതമൻ മുന്നോട്ടു വയ്‌ക്കുന്നു. സ്‌ത്രീകളുടെ മനശാസ്‌ത്രത്തെക്കുറിച്ച്‌ ഷേക്‌സ്‌പിയറും ഫ്രോയിഡും നടത്തിയ നിരീക്ഷണങ്ങൾ മുതൽ നരവംശ ശാസ്‌ത്രപരമായ കണ്ടെത്തലുകളെക്കുറിച്ചുപോലും ഗൗതമൻ സംസാരിച്ചു. ഇത്തരമൊരു പ്രത്യേകത സന്നിഗ്‌ദ്ധാവസ്‌ഥയിലാണ്‌ ഗൗതമൻ വളരെ വിചിത്രമായൊരു ലക്ഷ്യവുമായി ബസ്സ്‌വെയിറ്റിംഗ്‌ ഷെഡ്‌ഡിൽ ഇരിക്കുന്നത്‌..... അപരിചിതനായ ഒരു ‘സുഹൃത്തി’നെയും പ്രതീക്ഷിച്ചാണ്‌ അയാൾ മൂന്നാം ദിവസവും കാത്തു നിൽക്കുന്നത്‌.

ഗൗതമന്റെയും ലയനയുടെയും വിവാഹനിശ്ചയം കഴിഞ്ഞ്‌ പതിനഞ്ചാം നാൾ ആണ്‌ അയാളെ അപരിചിതനായ ‘സുഹൃത്തിനെ’ ഗൗതമൻ ആദ്യവും അവസാനവുമായി കാണുന്നത്‌.

ലയനയുടെ നിർബന്ധത്തിന്‌ വഴങ്ങി ഒരു ഞായറാഴ്‌ച ഗൗതമൻ അവളെയുംകൂട്ടി നഗരത്തിലെ ഒരു തിയേറ്ററിൽ സിനിമകാണാൻ എത്തിയതായിരുന്നു. സിനിമ കഴിഞ്ഞ്‌ മടങ്ങുമ്പോൾ തിയേറ്ററിനു മുൻപിൽ ഓട്ടോയ്‌ക്ക്‌ കാത്തു നിൽക്കുമ്പോഴാണ്‌ അയാൾ അടുത്തെത്തി സ്വയം പരിചയപ്പെടുത്തിയത്‌. ലയന അയാളുടെ വാക്കുകൾ കേട്ട്‌ നിഷ്‌കളങ്കമെന്ന്‌ തോന്നിക്കുംവിധം കുലുങ്ങിക്കുലുങ്ങി ചിരിച്ചത്‌ അയാൾ ഓർക്കുന്നു. വളരെ രസകരമെന്ന്‌ മാത്രമെ ഗൗതമന്‌ ആ സംഭവത്തെക്കുറിച്ച്‌ അന്ന്‌ തോന്നിയിട്ടുള്ളൂ. അയാളുടെ വാക്കുകളിൽ തന്റെ ജീവിതത്തെ ബാധിക്കുന്ന ഒരു കറുത്ത ഫലിതം ഉണ്ടെന്നു തിരിച്ചറിഞ്ഞത്‌, അല്ലെങ്കിൽ അങ്ങനെയൊക്കെ കൂട്ടിവായിക്കാൻ ശ്രമിച്ചത്‌ ലയന കാമുകനോടൊപ്പം ഒളിച്ചോടിയതിനുശേഷം മാത്രമായിരുന്നു.

വളരെ മാന്യമായി വസ്‌ത്രം ധരിച്ച ഒരു സുമുഖനായ ചെറുപ്പക്കാരനായിരുന്നു അയാൾ. കറുത്ത കട്ടിമീശ വെളുത്ത മുഖത്ത്‌ കൂടുതൽ ആകർഷകത്വം ഉണ്ടാക്കി. ഗൗതമന്റെ മുന്നിലെത്തിയ അയാൾ സംഭാഷണത്തിന്‌ തുടക്കമിട്ടത്‌ ഇങ്ങനെയാണ്‌.

“നിങ്ങളെ എവിടെയോ വച്ച്‌ കണ്ടിട്ടുള്ള പരിചയം തോന്നുന്നു?”

ഗൗതമൻ അയാളെ സൂക്ഷിച്ച്‌ നോക്കി.

“നിങ്ങൾക്ക്‌ ആളു മാറിപ്പോയതായിരിക്കും.”

“അല്ല. നിങ്ങളെ ഞാൻ ഇതിനുമുമ്പ്‌ എവിടെയോവച്ച്‌ പരിചയപ്പെട്ടിട്ടുണ്ട്‌.”

ഗൗതമൻ ഓർമ്മയിൽ പരതിനോക്കി. ഇല്ല.

ഓർമ്മയിലൊന്നും ഇങ്ങനെയൊരു മുഖം ഇല്ല.

“ഇല്ല സുഹൃത്തേ, നിങ്ങൾക്ക്‌ ആളു മാറിയതാണ്‌”

“സാരമില്ല. ഇനിയും പരിചയപ്പെടാലോ......”

അതുവരെ അയാളുടെ സംഭാഷണത്തിലുണ്ടായിരുന്ന സ്വാഭാവികത പിന്നീട്‌ ഉണ്ടായില്ല. വളരെ വിചിത്രമെന്ന്‌ തോന്നും വിധം അയാൾ സ്വയം പരിചയപ്പെടുത്തി.

“ഞാൻ മണ്ടൻ. സ്‌ഥലം മണ്ടന്നൂര്‌, ജോലി മണ്ടുക. നിങ്ങളുടെ പേര്‌”

“ഗൗതമൻ”

“ശരി ഗൗതമൻ, വീണ്ടും കാണാം, നമ്മൾ സുഹൃത്തുക്കളായല്ലോ. ഞാൻ ഇവിടൊക്കെത്തന്നെ കാണും.”

പെട്ടെന്നെത്തിയ ഒരു ഓട്ടോറിക്ഷയ്‌ക്ക്‌ കൈകാട്ടി നിർത്തി അയാൾ അതിൽ കയറിപ്പോയി. കൗതുകകരമായ ഈ പരിചയപ്പെടലിനെക്കുറിച്ച്‌ ലയനയും ഗൗതമനും ഏറെ നേരം സംസാരിച്ചു. മനുഷ്യർക്ക്‌ ഏതെല്ലാം തരത്തിലാണ്‌ മാനസിക വിഭ്രാന്തി ഉണ്ടാകുന്നത്‌ അല്ലേ! കഷ്‌ടം വളരെ സുമുഖനായ ചെറുപ്പക്കാരൻ എന്ന്‌ ഗൗതമൻ സഹതാപം പൂണ്ടു.

“എങ്കിലും ഗൗതമേട്ടനെക്കാളും സുന്ദരനാണ്‌ അയാൾ” എന്ന്‌ ലയനയും കളിയായി (?) അഭിപ്രായപ്പെട്ടു. മണ്ടൻ മണ്ടന്നൂരിനെക്കുറിച്ചുള്ള ചിന്തകൾ അത്ര പെട്ടെന്നൊന്നും ഗൗതമനെ വിട്ടൊഴിഞ്ഞില്ല.

പതിനഞ്ചുനാൾ മുമ്പ്‌ അയാൾ പറഞ്ഞുപോയ വാക്കുകൾ ഗൗതമന്റെ ജീവിതത്തിൽ യാഥാർത്ഥ്യമാവുകയായിരുന്നു. മണ്ടൻ മണ്ടന്നൂർ എന്ന സുഹൃത്തിനെപോലെ നാട്ടുകാരുടെയും പരിചയക്കാരുടെയും മുന്നിൽ സ്വയം മണ്ടനെന്നു പരിചയപ്പെടുത്തക്കവിധത്തിൽ തന്നെ അൽപ്പ ദിവസത്തേക്ക്‌ എങ്കിലും വിഢ്‌ഢിയാക്കി അവൾ കാമുകനോടൊപ്പം പൊയ്‌ക്കളഞ്ഞിരിക്കുന്നു.

ഒരു പക്ഷേ ഒരു ഭ്രാന്തൻ ആഗ്രഹത്തിന്റെ പേരിൽ മണ്ടൻ മണ്ടന്നൂർ എന്ന അപരിചിനായ സുഹൃത്തിനെയും കാത്ത്‌ അയാൾ മൂന്നാം ദിവസവും അതേ വെയിറ്റിംഗ്‌ഷെഡ്‌ഡിൽ കാത്തിരുന്നു.

വൈകുന്നേരം മൂന്നുമണി ആയിക്കാണും ഇരുചക്രവാഹനത്തിൽ വന്ന രണ്ട്‌ യുവാക്കൾ വെയിറ്റിംഗ്‌ ഷെഡ്‌ഡിനോട്‌ ചേർന്ന്‌ വാഹനം ഒതുക്കി നിർത്തി എന്തോ ചില സാധനങ്ങൾ വാങ്ങാനായി അടുത്തുള്ള കടയിലേക്ക്‌ കയറിപ്പോകുന്നതായി ഗൗതമൻ കണ്ടു.

മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ടും വല്ലാത്തൊരു മടുപ്പിന്റെ മൂർദ്ധന്യത്തിൽ നിലക്കുന്നതുകൊണ്ടും അനാവശ്യമെങ്കിലും ഗൗതമൻ അവരുടെ സംഭാഷണം ശ്രദ്ധിച്ചു. അതിൽ ഒരാളുടെ വിവാഹം മറ്റന്നാൾ ആണെന്നും വാഴയില ഏൽപ്പിച്ചയാൾ അത്‌ എത്തിക്കാതിരുന്നതിനെക്കുറിച്ചും മറ്റും അയാൾ സുഹൃത്തിനോട്‌ പറയുന്നുണ്ടായിരുന്നു. കടയിൽ നിന്ന്‌ അയാൾ പേപ്പർ ഇലയും അല്‌പം പേപ്പർ ഗ്ലാസ്സുകളും വാങ്ങി തിരിച്ചിറങ്ങി. ഇരുചക്രവാഹനത്തിന്റെ അരികിലേക്ക്‌ നടക്കുമ്പോൾ ഒരാൾ വന്ന്‌ അയാളോട്‌ സംസാരിക്കുന്നത്‌ ഗൗതമന്‌ കൗതുകകരമായിത്തോന്നി. പ്രതിശ്രുതവരനോട്‌ അപരിചിതൻ വന്ന്‌ ചോദ്യം തുടങ്ങി.

“നിങ്ങളെ എവിടെയോ വച്ച്‌ പരിചയപ്പെട്ടിട്ടുണ്ടേല്ലോ?”

പ്രതിശ്രുതവരൻ വല്ലാതെ അങ്കലാപ്പിലായി.

“ഹേയ്‌, താങ്കളെ എനിക്ക്‌ പരിചയമേ ഇല്ലല്ലോ.....”

“അല്ല, നിങ്ങളെ എവിടെയോ വച്ച്‌ കണ്ടിട്ടുണ്ട്‌”.

പ്രതിശ്രുത വരൻ ഓർമ്മകളിൽ പരതി.

“ഇല്ല നിങ്ങൾക്ക്‌ ആളു മാറിപോയതായിരിക്കും.”

“ഇനിയും വേണമെങ്കിൽ പരിചയപ്പെടാലോ.” അപരിചിതന്റെ ഒഴുക്കൻ മട്ടിലുള്ള സംഭാഷണം കേട്ട്‌ പ്രതിശ്രുതവരൻ ദേഷ്യപ്പെട്ടു.

“ഹേ സുഹൃത്തേ, താങ്കൾക്ക്‌ എന്താണ്‌ വേണ്ടത്‌?”

“ഞാൻ പരിചയപ്പെടുത്തട്ടെ,

എന്റെ പേര്‌ മണ്ടൻ, സ്‌ഥലം മണ്ടന്നൂർ ജോലി മണ്ടുക.

അയാളുടെ വാക്കുകളിൽ ഗൗതമൻ ആശ്‌ചര്യം പൂണ്ടു. താൻ പനിനഞ്ചു നാൾ മുമ്പ്‌ പരിചയപ്പെട്ട മണ്ടന്നൂരിലെ മണ്ടനല്ല ഇത്‌. ഇതാരാണ്‌? പുതിയ മണ്ടൻ പരിചയപ്പെട്ട പ്രതിശ്രുതവരന്റെ ഗതി എന്തായിത്തീരും? മറ്റന്നാൾ അയാളുടെ വിവാഹം. ഉത്തരം കിട്ടാതെ നിരവധി ചോദ്യങ്ങളാൽ ഉലഞ്ഞുപോയ ഗൗതമൻ ഒരു അപകടത്തിൽ നിന്നും രക്ഷിക്കാനുള്ള വ്യഗ്രതയോടെ പ്രതിശ്രുതവരൻ കയറിയ ഇരുചക്രവാഹനത്തിന്റെ അരികിലേക്ക്‌ ഓടിയെത്തി.

”സുഹൃത്തേ, നിൽക്കൂ.....“

”നീ വണ്ടി വിടെടാ....., പലതരം ഭ്രാന്തന്മാരെക്കണ്ടിട്ടുണ്ട്‌ ഇതാദ്യമായിട്ടാ ഇങ്ങനെയൊരുത്തനെ.....“

”ഭ്രാന്തല്ല, സുഹൃത്തെ, അയാൾ പറഞ്ഞതിലും ചില കാര്യങ്ങളുണ്ട്‌.“

”നീ വണ്ടി വിടെടാ, അതാ മറ്റൊരുത്തൻ വരുന്നു.“

ഇരുചക്രവാഹനം വേഗത്തിൽ ഓടിച്ച്‌ പ്രതിശ്രുതവരനും സുഹൃത്തും ഗൗതമന്റെ വിലക്കുകൾ കേൾക്കാൻ നിൽക്കാതെ, മണ്ടൻ മണ്ടന്നൂരിന്റെ വാക്കുകളെ ഗൗനിക്കാതെ യാത്രയായി.

നിഗൂഢമായ ഒരു ഉൾപ്രേരണയാൽ ഗൗതമൻ മണ്ടൻ മണ്ടന്നൂർ എന്ന്‌ പരിചയപ്പെടുത്തിയ പുതിയ മണ്ടന്റെ അരികിലെത്തി. അയാൾ ഗൗതമന്റെ നേർക്ക്‌ ഒരു കുഞ്ഞിന്റെ എന്നപോലെ നിഷ്‌ക്കളങ്കമായി ചിരിച്ചു. എല്ലാമറിയുന്ന ഒരുവന്റെ നിഗൂഢമായ മന്ദസ്‌മിതത്തോടെ, അത്‌ഭുതകരമാംവിധം ഗൗതമൻ സ്വയം പരിചയപ്പെടുത്തി.

”ഞാൻ മണ്ടൻ. സ്‌ഥലം മണ്ടന്നൂര്‌. ജോലി മണ്ടുക.“

നാട്ടുകാരുടെയും സുഹൃത്തുക്കളുയ്ം ഊർജ്ജിതശ്രമത്താൽ ഗൗതമന്‌ പെട്ടെന്നുതന്നെ വിശ്വസ്‌തയായ ഒരു ഭാര്യയെകിട്ടി. കല്യാണദിനത്തിൽ രാത്രി തന്റെ വിശ്വസ്‌തയായ ഭാര്യയോട്‌ ഗൗതമൻ വിചിത്രമായ ഈ കഥകളൊക്കെ പറഞ്ഞു. ഭാര്യ ആശ്‌ചര്യപ്പെട്ടു.

”സത്യത്തിൽ എന്താണ്‌ സംഭവിച്ചത്‌? യാഥാർത്ഥ്യം എന്താണ്‌?“

ജാപ്പനീസ്‌ കഥാകാരൻ അകുതഗാവയെ മനസ്സിലോർത്തിട്ടെന്നപോലെ ഗൗതമൻ മെല്ലെ പറഞ്ഞു.

”യാഥാർത്ഥ്യം എന്നൊന്നില്ല.

വ്യാഖ്യാനങ്ങൾ മാത്രമേ ഉള്ളൂ.

സത്യത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങൾ മാത്രം.“

ബിജു.കെ. ചുഴലി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.