പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

നഗരത്തിലെ മലദൈവങ്ങള്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജാനകി

“മലമുത്തി കളിയാടി വന്ത്

ഇക്കുളൈന്ത മേല്‍ വിളയാടി നിന്ന്

കേട് മാറ്റി പോട് മാറ്റി തെളിച്ചു തരണമപ്പാ

ഹ്രൂയ്.......ഹ്രൂയ്.....ഹ്രൂയ്.....”

മഞ്ഞളും, കുങ്കുമവും, ആര്യവേപ്പിലയും കൂടിക്കുഴഞ്ഞതില്‍ പുതഞ്ഞു ഞരങ്ങിയ കുഞ്ഞുങ്ങളില്‍ മലമുത്തി കയറിയിറങ്ങി, മഴക്കാറൊഴിഞ്ഞ മാനം പോലെ അവരെ തെളിച്ചു തന്നത് എത്ര കണ്ടിരിക്കുന്നു. വെളുത്ത ടൈല്‍സിട്ട തറയില്‍ കറപറ്റിയ പോലെ മുഷിഞ്ഞ തുണിയില്‍ പൊതിഞ്ഞു കിടത്തിയ ചക്കരമ്മയെ പൊക്കിയെടുത്ത് രാമാത്ത മടിയില്‍ കിടത്തി...പനിയുടെ വിറയില്‍ അവളുടെ കിളുന്നു രോമങ്ങള്‍ ബാധകയറിയ കോമരങ്ങളായി എഴുന്നു നിന്നു.....

“യെന്‍ രാസാത്തി....” രാമാത്ത ഒരു മുത്തം കൊടുത്ത് പനിച്ചൂട് ചുണ്ടു കൊണ്ട് ഊറ്റിയെടുക്കാന്‍ ശ്രമിച്ചു..അവള്‍ ചിന്നരങ്കനെ കണ്ണുകളയച്ച് പരതി...

മോണയില്‍ പറ്റിപ്പിടിച്ച മുറുക്കാന്‍ തരികള്‍ നാവുകൊണ്ട് വടിച്ചെടുത്ത്, ചെമ്പന്‍ മുടി കട്ട പിടിച്ച തലയില്‍ മാന്തിക്കൊണ്ട് അയാള്‍ കാഷ്വാലിറ്റിക്കു മുമ്പില്‍, കസേരകളിലൊന്നുമിരിക്കാതെ തറയിലിരിക്കുകയായിരുന്നു. ഒടിവില്ലാത്ത വെളുത്ത കുപ്പായമിട്ട മാലാഖമാര്‍ പുറത്തേയ്ക്ക് വരുകയും പോവുകയും ചെയ്യുമ്പോള്‍ അയാള്‍ എഴുന്നേറ്റ് ചെല്ലും.....

” യെന്‍ കുഞ്ഞിന് ചുടണ പനി ഡോട്ടര്‍സാറിനെ ഒന്നു പാത്താ........” തമിഴ് ഉപേക്ഷിക്കാന്‍ ശ്രമിച്ച് പകുതി പരാജയപ്പെട്ട ചിന്നരങ്കന്‍ ഇതു തന്നെ പറയാന്‍ തുടങ്ങിയിട്ട് ഒരു മണിക്കൂറോളമായി...

“അവിടിരുന്നോളു വിളിക്കാം..”

“രണ്ടു പേരൂടി കഴിഞ്ഞിട്ട്...” അയാള്‍ തലയാട്ടി വിനയം പ്രകടിപ്പിച്ച് കുന്തിച്ചിരുന്നു...അകലെ നിന്നുള്ള കാഴ്ചയല് അയാള്‍ മതിലിനോട് ചേര്‍ത്തു വച്ചിരിക്കുന്ന വേസ്റ്റ് ബോക്സാണെന്നു തോന്നിപ്പിച്ചു..കായല്‍ കാറ്റിന്റെ വാടയടിച്ച മുണ്ട് മുട്ടിനിടയിലേയ്ക്ക് തിരുകിയൊതുക്കിയപ്പോള്‍ കാല്‍വിരലുകള്‍ക്കിടയില്‍ അഴുക്കും നനവും ഉറഞ്ഞ് വെളുത്ത് പാട കെട്ടിയിരിക്കുന്നത് കണ്ടു...

രാ‍മാത്തയ്ക്ക് വിശക്കുന്നുണ്ടാകുമോ...കായലരികത്തെ ഇത്തിള്‍ പിടിച്ച മരക്കുറ്റിയില്‍ കെട്ടിക്കമിഴ്ത്തിയിട്ട കൊട്ടവഞ്ചി, ബുള്‍ഗാന്‍ താടിവച്ച കോലാടിന്റെ മുഖമുള്ള പിള്ളേര്‍ അഴിച്ചു വിട്ടുകളയുമോ..!!? രാമാത്തയുടെ വിശപ്പില്‍ നിന്നും, പ്രതീക്ഷിക്കാതെ എടുത്തു ചാടി തന്റെ കൊട്ടവഞ്ചിയെക്കുറിച്ച് അയാള്‍ ചിന്തിക്കാന്‍ തുടങ്ങി..ആദിവാസിയ്ക്ക് നഗരവാസികളെ ഭയക്കാതെ വയ്യ..തണുത്ത ഇരുള്‍ നിറഞ്ഞ കാടിന്റെ ലഹരിയും മുടിയഴിച്ചിട്ട നഗരത്തിന്റെ ഭ്രാന്തിനേയും ഒരു നേര്‍രേഖയിലെത്തിച്ച്, അതിലൂടെ കടന്നു പോകാന്‍ ശ്രമിച്ച്, ഞാണിന്മേല്‍ കളിക്കാരനെ പോലെ ചിന്നരങ്കന്‍ ജീവിതത്തെ ഭാഗ്യപരീക്ഷണമാക്കുകയായിരുന്നു...

ജനിച്ചു വളര്‍ന്ന കാട് കയ്യേറിയതാണെന്ന പുത്തനറിവ് തന്റെ കുടിലിനൊപ്പം നൂറു കണക്കിനു കുടിലുകള്‍ കത്തുന്ന വെളിച്ചത്തിലാണ് അയാള്‍ക്കു തെളിഞ്ഞു കിട്ടിയത്...കയ്യും കാലും മുളച്ച നിയമങ്ങളുടെ ചാട്ടയടിയില്‍ പിടഞ്ഞു ചാടി ഇരുട്ടത്ത് മറ്റു പ്രാകൃതജീവികള്‍ പതുങ്ങിയിരുന്നപ്പോള്‍, കാന്തം പോലെ വലിച്ചു പിടിയ്ക്കുന്ന കാടിന്റെ ഉള്ളറയില്‍ നിന്നും എട്ടുമാസത്തെ വയറും താങ്ങി നടന്ന രാമാത്തയേയും കൊണ്ട് കാട്ടരുവിയില്‍ മീന്‍ പിടിക്കാനുപയോഗിച്ചിരുന്ന കൊട്ടവഞ്ചിയുമായി ചിന്നരങ്കന്‍ നഗരത്തിന്റെ വന്യതയിലേയ്ക്ക് നടന്നു കയറി..നിനച്ചിരിക്കാത്ത നേരത്തു ആരോ ജീവിതത്തെ തിരിച്ചു പിടിച്ച് മറുവശം കാണിച്ചു തന്നതു പോലെ ആദ്യം അവര്‍ പകച്ചു നിന്നു...

കുറച്ചു ദിവസത്തെ ഇടപഴകലില്‍ നഗരത്തിന് കാഴ്ച്ചയില്ലെന്ന് അയാള്‍ക്കു തോന്നിത്തുടങ്ങി...നിറങ്ങളുടെ പകിട്ടിലും, തിരക്കിന്റെ ചുഴലിയിലും ഒരു പക്ഷേ തങ്ങള്‍ അ ദൃശ്യരാണോ എന്നു വരെ ചില സമയങ്ങളില്‍ സംശയിച്ചു..കണ്ണു കാണാത്ത നഗരത്തില്‍ ഓവര്‍ ബ്രിഡ്ജിനു താഴെ കാറ്റും മഴയും വെയിലും കൊള്ളാതെ കിടക്കാന്‍ ഇത്തിരി സ്ഥലം കണ്ടുപിടിച്ചു.. കിടപ്പു മുറിയായും,അടുക്കളയയും, പേറ്റു മുറിയായും ആ ഇത്തിരി സ്ഥലത്തിന് പരിണാമം സംഭവിച്ചു കൊണ്ടിരുന്നു.

ഇന്നലെ വരെ ഒമ്പത് മാസം പ്രായമുള്ള ചക്കരമ്മയേയും കൊണ്ട് ഫുട്പാ‍ത്തില്‍ രാമാത്ത ചെരുപ്പ് നന്നാക്കാനിരുന്നു.... കൊട്ടവഞ്ചിയിലെ പിടയ്ക്കുന്ന മീന്‍ ആവശ്യമുള്ളവര്‍ക്ക് കൊടുത്തിട്ട് ചിന്നരങ്കന്‍ അവിടെയെത്തുമ്പോള്‍ ഒരു നിക്കറുമാത്രമിട്ട് അമ്മയുടെ ചുറ്റും ഇരുന്ന് നിരങ്ങിക്കൊണ്ടിരുന്ന കുഞ്ഞ് അയാളെ കണ്ട് രണ്ടു കയ്യും ഉയര്‍ത്തി ശബ്ദമുണ്ടാക്കി. നേരത്തേ എന്തോ കുടിച്ചതിന്റെ തുള്ളികള്‍ വീണൊഴുകിയത് അവളുടെ പൊടി പിടിച്ച ദേഹത്ത് നെഞ്ചു മുതല്‍ വയറു വരെ ഇരുണ്ട നിറത്തില്‍ നീളത്തിലൊരു ചിത്രം പോലെ കിടപ്പുണ്ടായിരുന്നു.... കുനിഞ്ഞ് വാരിയെടുത്തപ്പോള്‍ തന്നെ അവളുടെ പനി ചൂട് അയാളെ തൊട്ടറിയിച്ചു ..പണിയായുധങ്ങള്‍ മാറാപ്പില്‍ കെട്ടിയെടുത്ത് രാമാത്ത അച്ഛനേയും മകളെയും നോക്കി ചിരിച്ചു...

“എന്നയെന്ന് തെരിയലേ ഇന്നയ്ക്ക് നീ റൊമ്പ അഴകായിരുക്ക്“

“ നീയും അപ്പടിത്താ...” ചിന്നരങ്കന് കാടിന്റെ മണമടിച്ചു...മൂക്കു വിടര്‍ത്തി മണമെടുത്തപ്പോള്‍,ആശുപത്രി ഗന്ധം..!

“കുഞ്ഞിനേയും കൊണ്ട് അടുത്തു നിന്നോളു..ഒരാളുടെ കൂടിക്കഴിഞ്ഞാല്‍ കയറാം..” അയാള്‍ ഞെട്ടിയെഴുന്നേറ്റ് സഭാകമ്പം പിടിപെട്ടവനെ പോലെ പതറി. പിന്നീട് രാമാത്തയുടെ അടുത്തേയ്ക്കോടി..

കണ്ണു തുറക്കാതെ കുഴഞ്ഞു കിടക്കുന്ന കുഞ്ഞിനെ മുലകുടിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു അവള്‍ അപ്പോള്‍..

“ഏയ്ന്തെരെടി....” അവളുടെ മടിയില്‍ നിന്നും കുഞ്ഞിനെയെടുത്ത് അയാള്‍ വേഗത്തില്‍ നടന്നു ..ചേല നേരെയാക്കി ഒന്നു നിവര്‍ന്ന് കോട്ടുവായിട്ട് രാ‍മാത്ത പിറകെ ചെന്നു.. കുഞ്ഞിന്റെ കക്ഷത്തല്‍ൽ തിരുകി അമര്‍ത്തി വച്ച തെര്‍മോമീറ്ററിലെ അളവ് മുകളിലേയ്ക്ക് കയറി അതിന്റെ പരിധിയും തകര്‍ത്ത് പുറത്തേയ്ക്ക് കുതിയ്ക്കാന്‍ ശ്രമിക്കുന്നത് , അതിനെക്കുറിച്ചുള്ള അജ്ഞത കൊണ്ടു മാത്രം അയാള്‍നിര്‍വ്വികാരനായി കണ്ടു നിന്നു. എങ്കിലും നെഞ്ചില്‍ ഒരു തീക്കട്ട പറ്റിക്കിറ്റക്കുന്നതു പോലെ എന്നു വിചാരിച്ചപ്പോള്‍ തന്റെ കുടില്‍ കത്തിയ ചൂട് പെട്ടെന്ന് ഓര്‍മ്മ വന്നു....

കുഞ്ഞിന്റെ വിളറിയുണങ്ങിയ ചുണ്ടുകള്‍ പിളര്‍ത്തി കൊഴുത്ത പച്ച ദ്രാവകം ഒഴിച്ചു കൊടുത്തിട്ട് ഭാവഭേദങ്ങളില്ലാതെ മാലാഖമാര്‍ മൊഴിഞ്ഞു -

“ കിടത്തേണ്ടിവരും..,ഡ്രിപ്പ് കയറ്റണം ...ഇഞ്ചക്ഷനെടുക്കണം നിങ്ങള്‍ക്കു സൌകര്യം ജനറല്‍ ഹോസ്പിറ്റലായിരിക്കും..”

തങ്ങളെ കണ്ട് ചുളിഞ്ഞ മുഖത്തൊടെ അകലം പാലിക്കുന്നവര്‍ക്കിടയിലൂടെ കുഞ്ഞിനേയുമെടുത്ത് അവര്‍ രോഗം നിറഞ്ഞ കൊട്ടാരത്തിലെ തിങ്ങിയ തണുപ്പില്‍ നിന്നും നേര്‍ത്ത ചൂടിന്റെ സുഖത്തിലേയ്ക്കിറങ്ങി ...ശൂന്യാകാശത്തു നിന്നും സ്വന്തം ഭൂമിയിലേയ്ക്കെത്തിയ പോലെ രണ്ടു പേരും ആഞ്ഞുശ്വസിച്ച് ഉള്ളു നിറച്ചു .........

മുഷിഞ്ഞ പോക്കറ്റിലെ ഏതാനും നോട്ടുകള്‍ എടുത്തു കാണിച്ചപ്പോള്‍ മാത്രം കൂടെ വന്ന ഓട്ടോറിക്ഷയില്‍ കയറിയിരുന്നു... കുഞ്ഞിനെ മടിയില്‍ വച്ച് രാമാത്ത വഴിയരുകിലെ കാഴ്ച്ചകള്‍, തന്റെ കണ്ണുകള്‍ കഴിവതും തുറന്നു വച്ച് ആവാഹിച്ചു കൊണ്ടിരുന്നു...ഇടയ്ക്ക് കുഞ്ഞിന്റെ പനി കുറയുന്നതറിഞ്ഞ് അവളെ ഒന്നു കൂടി ചേര്‍ത്തു പിടിച്ചു....

ജനറല്‍ ആശുപത്രിയുടെ മുന്നിലെത്തിയതും ഇരുപത് രൂപയും കൊടുത്ത് ചിന്നരങ്കന്‍ ചാടി പുറത്തിറങ്ങി..രാമാത്തയുടെ കയ്യില്‍ നിന്നും കുഞ്ഞിനെ വാങ്ങുമ്പോള്‍ അവള്‍ പറഞ്ഞു.

“മെതുവാ......പറവായില്ലൈ..” പക്ഷേ കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്ത് മുന്നിലേയ്ക്ക് ഒന്നു രണ്ടടി വച്ചപ്പോള്‍ അയാള്‍ അറിഞ്ഞു......ഒരു നെഞ്ചേ തുടിക്കുന്നുള്ളു.....! അതു തന്റെയാണോ...!,ചക്കരമ്മയുടേതാണോ....!? ചിന്തിക്കുന്നത് താനായതുകൊണ്ട് നിഷേധിക്കാനാവാത്ത സത്യം ഒരോ രോമകൂപത്തിലൂടേയും കടന്നു കയറി നിറഞ്ഞ് അയാളെ മരവിപ്പിലാഴ്ത്തി...

പാതിയടഞ്ഞ കണ്ണുകളില്‍ ഒന്‍പതുമാസത്തിന്റെ നിഷ്കളങ്കതയും നിറച്ച്.., മുലപ്പാല്‍ ചുണ്ടില്‍ വീണാല്‍ എഴുന്നേറ്റു വന്നേയ്ക്കും എന്നു തോന്നിപ്പിച്ചു കൊണ്ട് ചക്കരമ്മ അയാളുടെ കയ്യില്‍ കുഴഞ്ഞു കിടന്നു.. അവളുടെ ചുണ്ടിന്റെ ഒരു കോണില്‍ പച്ചനിറമുള്ള മരുന്നും ഉമിനീരും കൂടിക്കലര്‍ന്ന് ഉണങ്ങിപ്പിടിച്ചിരിപ്പുണ്ടായിരുന്നു....

“പനി മാറി...” അപ്പോള്‍ അങ്ങിനെയാണ് അയാള്‍ ആരോടെന്നില്ലാതെ പറഞ്ഞത്

രാമാത്ത കുഞ്ഞിന്റെ പനി മാറിയ ആശ്വാസത്തില്‍, മടിയിലെ പൊതിക്കെട്ടഴിച്ച് വെറ്റിലയും, ചുണ്ണാമ്പും , പാക്കുമെടുത്ത് മടക്കി വിരലിനിടയിലിട്ടൊന്നു തിരുമ്മി വായുടെ ഒരു വശത്തേയ്ക്കു തിരുകി...ഹൃദയം പൊട്ടാന്‍ പാകത്തിലുള്ള ഒരു യാഥാര്‍ത്ഥ്യത്തെ പതുക്കെ മാത്രം ഉള്‍ക്കൊള്ളാന്‍ അവള്‍ക്കു സമയം കൊടുത്ത്..അതു പിന്നീടാവട്ടെ എന്നു തീരുമാനിച്ച് ഫുട്പാത്തിന്റെ ഒരരികത്ത് കാലുകള്‍ക്കിടയില്‍ മുണ്ടുകൊണ്ട് തൊട്ടില്‍ തീര്‍ത്തതില്‍ കുഞ്ഞിനെ കിടത്തി അയാളിരുന്നു..ചിന്തയുടെ കൊടുങ്കാറ്റില്‍ പടര്‍ന്ന തീക്കാടുകള്‍ വെട്ടിത്തെളിക്കാന്‍ ഒരായുധവും കയ്യിലില്ലാത്ത നിസ്സഹായത അയാളറിഞ്ഞു......

കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ചേലയ്ക്കുള്ളിലൂടെ കയ്യിട്ട് ബ്ലൌസിന്റെ താഴത്തെ കുടുക്കഴിച്ച് രാമാത്ത അയാളുടെ മടിയിലേയ്ക്ക് നോക്കി കൈ നീട്ടി...

“ഇപ്പോ വേണ്ട മരുന്ന് കൊടുത്ത പുറകേ...” ഒരു ക്ഷമാപണം പോലെ പറഞ്ഞു നിര്‍ത്തി അയാള്‍ രാമാത്തയെ കുറച്ചു നേരം നോക്കിയിരുന്നു..അവളുടെ മുലകള്‍ ബ്ലൌസിനെ നനച്ച് കവിഞ്ഞൊഴുകുന്നത് കണ്ടു..കണ്ണടച്ചാല്‍ കാഴ്ച്ചകള്‍ ഇല്ലാതാകില്ലെങ്കിലും അയാള്‍ അതു തന്നെ ചെയ്തു....

ഇതെന്താണു ചെയ്യേണ്ടത്..ഈ ശവശരീരം...!!? അച്ഛന്‍ എന്ന മനുഷ്യനില്‍ നിന്നും മാറി, ശവം ചുമക്കുന്ന കഴുതയെ പോലെ അയാള്‍ സംശയത്തിലാണ്ടു. മുന്‍പില്‍ റോഡു മുറിച്ചു കടന്നാല്‍ പാര്‍ക്കാണ്. പാര്‍ക്കിനപ്പുറം കരിങ്കല്‍ ഭിത്തിയില്‍ തലയിട്ടടിച്ച് നഗരത്തിനോട് ‘ഇനിയെങ്കിലും നന്നാകു‘ എന്ന് നിലവിളിക്കുന്ന കായലും....നഗരം കണ്ടു മടുത്ത കായലിന്, കാടിന്റെ കുഞ്ഞിനെ കൊടുത്താലോ.?...കൊട്ടവഞ്ചിയിലിരുന്ന ചുറ്റിവീശുന്ന വലയില്‍ മീനുകള്‍ കൊത്തിമുറിച്ച ഇളം കൈകാലുകള്‍ കുടുങ്ങുന്ന കാഴ്ച്ചയില്‍ നടുങ്ങി വിറച്ച് അയാള്‍ ചുരുണ്ടു കൂടി...

കായലും കടന്ന് കടലില്‍ സൂര്യന്‍ താഴാ‍ന്‍ തുടങ്ങുമ്പോഴേയ്ക്കും രാമാത്തയേയും കൂട്ടി, അവളുടെ കയ്യില്‍ തണുത്തു കഴിഞ്ഞ കുഞ്ഞിനെ കൊടുക്കാതെ അയാള്‍ കിടപ്പാടത്തിലെത്തി....മണ്ണില്‍നിന്നും ഒരു നിര പലകയിട്ടു പൊന്തിച്ചതില്‍ ,കീറച്ചാക്ക് വിരിച്ചതിന്റെ മുകളില്‍ പഴന്തുണി മടക്കിവിരിച്ച് ചക്കരമ്മയെ കിടത്തി....

“ നിന്റെ വീട്.. ഇതും കയ്യേറിയതാണ്..നിയമങ്ങളെ ലംഘിച്ച ഒന്‍പതു മാസക്കാരി..” അവളുടെ പാതി തുറന്ന കണ്ണുകള്‍ അയാള്‍ തടവിയടച്ചു..

കാലത്തു മുതലുള്ള അലച്ചിലില്‍ വാടിക്കുഴഞ്ഞ് രാമാത്ത വാ തുറന്നുവച്ച് ഉറങ്ങുന്നു..അവളുടെ മാറിലെ നനവ് കീറച്ചാക്കിലേയ്ക്ക് പടര്‍ന്നിറങ്ങുന്നത് അയാള്‍ കണ്ടു..

ഇരുട്ടിന്റെ അധികാരങ്ങളെ ചോദ്യം ചെയ്തു കൊണ്ട് അര്‍ദ്ധരാത്രിയിലും വെളിച്ചം അഹങ്കരിച്ചു നില്‍‌ക്കുന്നുണ്ടായിരുന്നു.

ഉപയോഗിച്ചു പഴകിയപ്പോള്‍ ആരോ കൊടുത്ത കീറാത്ത കുഞ്ഞുടുപ്പെടുത്ത് ചക്കരമ്മയെ ധരിപ്പിച്ച് തോളിലെടുത്തു....” അഛന്റെ മോളു വാ..” തണുത്ത കവിളത്ത് ഉമ്മ വച്ച് അയാള്‍ ഏതാണ്ട് വിജനമായ റോഡിലൂടെ നടന്നു.....ആരുമില്ലാത്തനഗരം കീഴടക്കിയ മലദൈവമാണു താനെന്നും തോളില്‍ കിടക്കുന്നത് കേടുമാറ്റി തെളിക്കാനുള്ള കുളന്തയാണെന്നും ഒരു കുട്ടിക്കഥപോലെ അയാള്‍ സങ്കല്‍‌പ്പിച്ചു....എന്നിട്ടും! ചില രാത്രിസഞ്ചാരികളുടെയും വണ്ടികളുടേയും സാന്നിദ്ധ്യത്തില്‍ അയാള്‍ക്കു ഇരുട്ടിന്റെ മറ അന്വേഷിക്കേണ്ടി വന്നു

കെട്ടു കാഴ്ച്ചയായ നഗരത്തിന്റെ യഥാര്‍ത്ഥ ഗന്ധം മൂക്കിലേയ്ക്കടിച്ചു കയറിയപ്പോള്‍ അയാള്‍ നടത്തത്തിന്റെ വേഗത കുറച്ചു. വലിയ മതില്‍ കെട്ടിനകത്തെ മാലിന്യ കൂമ്പാരത്തിനു നടുവില്‍ വസ്ത്രാക്ഷേപം ചെയ്യപ്പെട്ട പോലെ, നഗരം ചൂളി നിന്നു..

മതില്‍ക്കെട്ടിനകത്തു കടന്ന് ചക്കരമ്മയെ താഴെ കിടത്തി, അതിനരുകില്‍ കുത്തിയിരുന്ന് അയാള്‍ മണ്ണ് വകഞ്ഞുമാറ്റാന്‍ തുടങ്ങി..പതുക്കെ പതുക്കെ തുടങ്ങിയ ആ കര്‍മ്മത്തിന് പിന്നീടയാള്‍ വേഗത കൂട്ടി. കൈകള്‍ കൊണ്ട് കുഴിയുടെ അളവറിഞ്ഞ് മനസ്സുകൊണ്ട് കുഞ്ഞു ശരീരത്തിന്റെ പാകം നോക്കി ...,തൊട്ടടുത്ത് കിടന്ന കുഞ്ഞിനെ ഇരുട്ടില്‍ തപ്പിയെടുത്ത്,കുഴിയിലേയ്ക്ക് ഇറക്കി വച്ചു..മതിലിനു പുറത്ത് ആരൊക്കെയോ നടക്കുന്ന പോലെ തോന്നി...! തിടുക്കത്തില്‍ , ഒരച്ഛന്റെ വേദനയും അവസാനത്തെ തലോടലും മറന്ന് അയാള്‍ കുഴി മൂടി., എന്തൊക്കെയോ അവശിഷ്ടങ്ങള്‍ അതിനു മേലെ വാരിയിട്ടു...

കേടുമാറ്റാന്‍ കഴിയാതിരുന്ന മലദൈവം കുഞ്ഞിനെ ഉപേക്ഷിച്ച് കുനിഞ്ഞ ശിരസ്സോടെ കറുത്ത മേഘങ്ങള്‍ക്കിടയിലേയ്ക്ക് മാളങ്ങള്‍ തിരഞ്ഞു പോയി......

ഇടതു തോളില്‍ ചക്കരമ്മയുടെ മണമുണ്ടോ എന്നറിയാന്‍ തല ചരിച്ചു പിടിച്ച് അയാള്‍ ശ്രമിച്ചു... തന്റെ ജീവന്റെ കഷ്ണം കളഞ്ഞു പോയതില്‍,ഒരു കുട്ടിയെ പോലെ അതു തിരിച്ചു കിട്ടണമെന്ന് വാശിപിടിച്ച് വഴിയിലിരുന്ന് അയാള്‍ ആദ്യമായി കരഞ്ഞു...ഉറക്കെ.... നഗരത്തിന് കണ്ണു കാണാത്തതു കൊണ്ട് അതൊരു കാഴ്ച്ചപോലുമല്ലായിരുന്നു..ആ തിരിച്ചറിവ് മുതലെടുത്ത് അയാള്‍ കീറിപ്പറിഞ്ഞ് കരയുമ്പോഴും ഒന്നയാള്‍ ആശ്വസിച്ചു. കാരണം.., രാമാത്ത.., ഇപ്പോഴും ഉറങ്ങുകയാണ്....

ജാനകി


E-Mail: kavitha_rajesh11@yahoo.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.