പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

പോക്കുവെയിലിലെ പൊന്ന്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കുഞ്ഞൂസ്

മേപ്പിള്‍ ഇലകള്‍ വീണുകിടക്കുന്ന പടവുകളിലൂടെ താഴേക്കിറങ്ങി അരുവിക്കരയിലെത്തുമ്പോള്‍ കണ്ണീര്‍ മൂടി കാഴ്ചകള്‍ അവ്യക്തമായിരുന്നു. ഇത് ആനന്ദക്കണ്ണീരാണ്.... ഒഴുകട്ടെ.... ഇത്രയുംനാള്‍ അടക്കിവച്ചതെല്ലാം കൂടെ ഒഴുകിത്തീരട്ടെ..... സഹനത്തിനും പോരാട്ടത്തിനുമൊക്കെ പ്രതിഫലം കിട്ടിയ ദിവസമാണിന്ന്, തന്റെ മകന്‍ വിഷ്ണുവിനു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജൂനിയര്‍ എഞ്ചിനീയര്‍ ആയി ജോലി കിട്ടിയ ദിവസം! മോനെ കെട്ടിപ്പിടിച്ചു മുത്തം കൊടുക്കുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞു ഒഴുകുകയായിരുന്നു...

പുഴക്കരയിലെ സിമെന്റ് ബെഞ്ചില്‍ ഇരിക്കുമ്പോള്‍ മനസ്സ് അറിയാതെ ഭൂതകാലത്തിലേക്കു പോയി, പന്ത്രണ്ടു വര്‍ഷങ്ങള്‍ - സഹനത്തിന്റെ, പോരാട്ടത്തിന്റെ നീണ്ട വര്‍ഷങ്ങള്‍ !

കാനഡ എന്ന സ്വപ്നഭൂമിയിലേക്ക് പുറപ്പെടുമ്പോള്‍ , എന്തു മാത്രം സന്തോഷവും പ്രത്യാശയുമായിരുന്നു, എന്തെല്ലാം സ്വപ്നങ്ങളായിരുന്നു തങ്ങള്‍ക്കുണ്ടായിരുന്നത്...... എല്ലാം ജലരേഖകളായി മാറിയത് എത്ര പെട്ടന്നായിരുന്നു! മക്കള്‍ക്കും എന്തെല്ലാം പ്രതീക്ഷകളായിരുന്നു. എല്ലാം തകിടം മറിഞ്ഞത് എത്ര വേഗത്തിലാണ് !!

എന്നു മുതലാണ്‌ തങ്ങള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ തുടങ്ങിയതെന്ന് ഓര്‍ക്കാന്‍ കഴിയുന്നില്ല . ഇടയ്ക്കിടെ ശ്രീയേട്ടന്‍ പറഞ്ഞു കൊണ്ടിരുന്നു,

" വിദ്യാഭ്യാസമുള്ള ഭാര്യയായിരുന്നെങ്കില്‍ ജോലി ചെയ്തു എന്തെങ്കിലും സഹായം ആയേനെ ... ഇതു വെറുതെ ഇരുന്നു തിന്നു മുടിക്കാന്‍ ..."

കേട്ടപ്പോള്‍ ആകെ പതറിപ്പോയി. ജോലി ചെയ്തു തളര്‍ന്നു വരുമ്പോള്‍ പൂമുഖപ്പടിയില്‍ പുഞ്ചിരിയോടെ കാത്തിരിക്കുന്ന ഭാര്യയെയാണു വേണ്ടത് എന്നു പറഞ്ഞിരുന്ന അതേ ശ്രീയേട്ടന്‍ തന്നെയോ ഇതെന്ന് പലപ്പോഴും സംശയിച്ചു. അതുകാരണമായിരുന്നല്ലോ ബി.എഡ് പഠനം പോലും പൂര്‍ത്തിയാക്കാതിരുന്നത്. എന്നിട്ടിപ്പോള്‍ എന്താ ഇങ്ങിനെയൊക്കെ പറയുന്നത് എന്നാലോചിച്ചു സങ്കടപ്പെട്ടിരുന്നു പലപ്പോഴും ‍.

വെറും തുടക്കം മാത്രമായിരുന്നു അത് . പതിയെ പതിയെ ശ്രീയേട്ടന്‍ തന്നില്‍ നിന്നും മക്കളില്‍ നിന്നും അകന്നു. എല്ലാത്തിനും ദേഷ്യവും ശകാരവും മാത്രം …. മക്കള്‍ക്ക്‌ പോലും അച്ഛനെ പേടിയായി തുടങ്ങി. എന്നാലും ആരേയുമറിയിക്കാതെ ഒക്കെ സഹിച്ചു. എല്ലാം ശരിയാവും എന്ന പ്രതീക്ഷയില്‍ , അറിയാവുന്ന ഈശ്വരന്‍മാരെയെല്ലാം വിളിച്ചു കരഞ്ഞു പ്രാര്‍ത്ഥിച്ചു ….. എത്രയോ വഴിപാടുകളും നേര്‍ച്ചകളും!

എന്നിട്ടും, ഒരു ദിവസം ശ്രീയേട്ടന്‍ വീട് വിട്ട് തങ്ങളെയും ഉപേക്ഷിച്ചു പോകുന്നു എന്നു പറഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ല.

"നിന്നെയും മക്കളെയും പോറ്റാന്‍ ഇനിയെനിക്കു വയ്യ, എനിക്കു എന്റെ ജീവിതം നോക്കണം, എനിക്കായി ജീവിക്കണം"

പെട്ടിയൊക്കെ എടുത്തു വെക്കുന്നത് കണ്ടപ്പോള്‍ ഒരു തരം മരവിപ്പ് മനസ്സിനെ ബാധിച്ചത് പോലെയായിരുന്നു. എന്നാലും ബോധമില്ലാത്തവളെപ്പോലെ എന്തൊക്കെയോ പുലമ്പി, കാലില്‍ കെട്ടിപ്പിടിച്ചു കരഞ്ഞു , ഇട്ടിട്ടു പോകല്ലേ എന്നപേക്ഷിച്ചു.

ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിപ്പിച്ചു പോകാന്‍ ശ്രീയേട്ടന് എങ്ങിനെ കഴിഞ്ഞു എന്നത് അന്നൊരു സമസ്യ പോലെ തോന്നി!

എന്നിട്ടും ശ്രീയേട്ടന്‍ പോയി, തന്നെയും മക്കളെയും തനിച്ചാക്കി. എന്തു ചെയ്യണമെന്നു ഒരു പിടിയും കിട്ടാതെ ഒരേ ഇരുപ്പിരുന്നു …. മോളുടെ കരച്ചിലാണു ബോധമണ്ഡലത്തെ ഉണര്‍ത്തിയത്. ആകെ പകച്ചുപോയിരുന്നു അവള്‍ … മക്കളെയും കൂട്ടി മരിച്ചാലോ എന്നായിരുന്നു അപ്പോള്‍ തന്റെ ചിന്ത !

“അച്ഛന്‍ പോകട്ടെ അമ്മെ , അമ്മക്ക് ഞാനുണ്ട് ” വിഷ്ണു പറഞ്ഞു, തന്റെ കുഞ്ഞുമകന്‍

അവനാണ് ജീവിക്കാനുള്ള പ്രേരണ ഉണ്ടാക്കിയത്. അതേ തന്റെ മക്കള്‍ക്ക്‌ വേണ്ടി ജീവിക്കണം.അവര്‍ക്കിനി താന്‍ മാത്രമേയുള്ളൂ.

"ഇല്ല മോനെ, അമ്മ ഇനി കരയില്ല.നിങ്ങള്‍ക്കു വേണ്ടി ജീവിക്കും."

പിന്നെ അതു മാത്രമായി ലക്‌ഷ്യം. ഒരു ജോലി സംഘടിപ്പിക്കുക എന്നതായിരുന്നു ഏറ്റവും വലിയ പ്രശ്നം. ഏജന്‍സികളിലൊക്കെ കയറി ഇറങ്ങി. അതുപോലെ സ്റ്റോറുകളിലും കോഫീ ഷോപ്പുകളിലും. അവസാനം ഏജന്‍സി വഴി ഒരു ഫാക്റ്ററിയിലെ പാക്കിംഗ് വിഭാഗത്തില്‍ ജോലി തരപ്പെട്ടു.പാക്കിംഗ് എന്നാണ് പറഞ്ഞതെങ്കിലും കഠിനമായ ജോലികള്‍ എല്ലാം ചെയ്യാന്‍ തയ്യാറായിരുന്നു, ഒരു വാശി പോലെ! പാവം തന്റെ മകന്‍,പതിനാറു വയസു മുതല്‍ അവനും കോഫിഷോപ്പുകളില്‍ പാര്‍ട്ട്‌ ടൈം ജോലി ചെയ്തു. പതിയെ തങ്ങളുടെ ജീവിതവും കാലത്തിനൊപ്പം സഞ്ചരിക്കാന്‍ തുടങ്ങി.

പ്രായത്തിനേക്കാള്‍ പക്വതയോടെ ചിന്തിക്കുന്ന മക്കള്,പഠിക്കാന്‍ മിടുക്കരായിരുന്നു രണ്ടുപേരും. അതുപോലെ തന്നെ അച്ഛന്റെ മുന്നില്‍ തോല്‍ക്കരുതെന്ന വാശിയും! അതുകൊണ്ട് തന്നെയാണ് ലോണ്‍ എടുത്താണെങ്കിലും അവരെ പഠിപ്പിക്കാന്‍ തീരുമാനിച്ചത്.വിഷ്ണു ഐ ടി എഞ്ചിനീയറിംഗ് എടുത്തത്‌ എളുപ്പം ജോലി കിട്ടും എന്നുള്ളത് കൊണ്ട് തന്നെയായിരുന്നു. മോളെ മെഡിസിന്‍ എടുക്കാന്‍ പ്രേരിപ്പിച്ചതും അവന്‍‍ തന്നെ.

ഇന്ന്, നിയമന ഉത്തരവ്‌ തന്റെ കയ്യില്‍ നല്‍കുമ്പോള്‍ വിഷ്ണുവിന്റെ കണ്ണുകളിലെ സന്തോഷം തന്റെ കണ്ണുകളെ നനയിച്ചു. ആനന്ദകണ്ണീരാണെന്നു തിരിച്ചറിഞ്ഞത് കൊണ്ടാവും അവന്‍ ഒന്നും മിണ്ടാതെ നിന്നതേയുള്ളു.

"ആഹാ, അമ്മ ഇവിടെ വന്നിരിക്കുകയാണോ? നമുക്ക് അമ്പലത്തില്‍ പോകേണ്ടേ, ദൈവങ്ങളോട് നന്ദി പറയേണ്ടേ, കൂട്ടത്തില്‍ അച്ഛന്റെ അടുത്തും പോകാം അല്ലേ,അമ്മേ?"

വിഷ്ണുവിന്റെ ചോദ്യമാണ് ചിന്തകളെ മുറിച്ചത്. അവന്റെ അച്ഛന്‍,തന്റെ ശ്രീയേട്ടന്‍‍ ആര്‍ക്കു വേണ്ടിയാണോ തങ്ങളെ കളഞ്ഞിട്ടു പോയത്,അവള്‍ക്കു മടുത്തപ്പോള്‍ വേറെ ആളെ തേടിപ്പോയി. ആ ഷോക്കില്‍ ഒരു വശം തളര്‍ന്ന അദ്ധേഹത്തെ പാലിയേറ്റിവ്‌ കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുന്നതും വേണ്ട ചിലവുകള്‍ വഹിക്കുന്നതും തങ്ങളുടെ കടമയായി കരുതുന്നു മക്കള്‍ ...

"ശരി മോനെ പോകാം" അവന്റെ കൈകളില്‍ താങ്ങി എഴുന്നേല്‍ക്കുമ്പോള്‍ അറിയാതെ ഒരു കരുത്ത് തന്നിലേക്കും പടരുന്നത് പോലെ!

കുഞ്ഞൂസ്


E-Mail: kunjuss1@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.