പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ആയ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വെള്ളിയോടൻ,

ജീവിതത്തിന്റെ ഒറ്റപ്പെട്ട നിമിഷങ്ങളിൽ, സ്വയം തിരിച്ചറിയാനാവാത്ത യാമങ്ങളിൽ, സന്തോഷത്തിന്റെ നേർത്ത ഒരു ബിന്ദുവായിരുന്നു അവൾക്ക്‌ ആ കുഞ്ഞ്‌. മാതൃവാത്സല്യം നൽകാൻ കഴിയാത്ത ജന്മമെന്ന്‌ സ്വയം ശപിച്ചുകൊണ്ടിരുന്ന നിമിഷങ്ങളായിരുന്നല്ലോ എക്കാലത്തും. ദൈവത്തിന്‌ ചിലപ്പോൾ അങ്ങനെ ചില കണക്ക്‌കൂട്ടലുകളുണ്ടാകും. ചിലത്‌ ചിലർക്ക്‌ മാത്രം നൽകുക. ചിലർക്ക്‌ എക്കാലത്തും അപ്രാപ്യമാക്കി വെക്കുക. ചിലപ്പോഴൊക്കെ ബാത്ത്‌റൂമിലെ കണ്ണാടിക്ക്‌ മുമ്പിൽ, തന്റെ നാഭിയോട്‌ സ്വയം ചോദിക്കാറുണ്ടായിരുന്നു. ആരെങ്കിലും ഒളിച്ചിരിക്കുന്നുണ്ടോ. ഏതെങ്കിലും ഒരു പ്യൂപ്പ ചിത്ര ശലഭമായി മാറുന്നുണ്ടോ. പക്ഷെ ചോദ്യങ്ങൾ വെറും ചോദ്യങ്ങളായി മാത്രം അന്തരീക്ഷത്തിൽ പ്രതിധ്വനിച്ചു. അല്ലെങ്കിലും ഒരു ചോദ്യത്തിനും സ്‌ഥായിയായ ഒരു ഉത്തരവുമില്ലല്ലോ. വ്യാഴം ഒരു വട്ടം സൂര്യനെ വലയം വെച്ചു കഴിഞ്ഞു. എന്നിട്ടും.... അല്ലെങ്കിലും കാലം ആരെയും കാത്തിരിക്കുന്നില്ലല്ലോ. ആരോ സ്വിച്ചോൺ ചെയ്‌തു വിട്ട യന്ത്രത്തെപ്പോലെ, അനുസ്യൂതം സഞ്ചരിച്ചുകൊണ്ടിരിക്കുകയല്ലേ.

നാട്ടിൽ നിന്നും തിരിക്കുമ്പോൾ എല്ലാവരും പറഞ്ഞു. തിരിച്ചു വരുമ്പോൾ ഒറ്റയ്‌ക്കാവരുത്‌, ഞങ്ങളുടെയെല്ലാം പ്രാർത്ഥനയുണ്ടാകും. അപ്പോഴും ഒരു പ്രതീക്ഷയുണ്ടായിരുന്നു. ഗൾഫിലെ കാലാവസ്‌ഥ ചിലപ്പോൾ മാറ്റങ്ങൾ വരുത്തിയേക്കുമെന്ന്‌.... പ്രതീക്ഷകൾ പ്രതീക്ഷകളായി മാത്രം നിലനിന്നു.

ഒരിക്കൽ അയാളോട്‌ ചോദിച്ചു. ദൈവത്തിന്‌ നമ്മളോട്‌ മാത്രം എന്തെങ്കിലും ദേഷ്യമുണ്ടോ?

ഇല്ല, ദൈവത്തിന്‌ നമ്മളോട്‌ പ്രത്യേകം വാത്സല്യമാണ്‌, അയാൾ പറഞ്ഞു. എന്നിട്ടെന്താ ഇങ്ങനെ, സന്തോഷത്തിന്റെ തീവ്രതകൂട്ടാൻ. ഒരു പക്ഷേ അവളുടെ മനസ്സമാധാനത്തിന്‌ വേണ്ടിയായിരിക്കാം അങ്ങനെ പറഞ്ഞത്‌. ഒരു കുഞ്ഞുണ്ടായിരുന്നെങ്കിൽ രോഗിയുടെ ആത്‌മാവുമായി സംവദിക്കാൻ കഴിവുള്ള ഒരു ഭിഷഗ്വരനാക്കാമായിരുന്നു. ഇടയ്‌ക്ക്‌ അവൾ പറയാറുണ്ടായിരുന്നു. ആഗ്രഹങ്ങൾ ആഗ്രഹങ്ങളായി മാത്രം നിലനിന്നപ്പോഴാണ്‌ അവൾ ആയയായി മാറാൻ തീരുമാനിച്ചത്‌.

ആദ്യമൊക്കെ അയാളും എതിർത്തിരുന്നു, ‘ഒടുവിൽ ഇരട്ടി ദുഖം മാത്രം സമ്മാനിച്ച്‌ കൊണ്ട്‌ അവൻ നിന്നെയും പിരിഞ്ഞു പോകും. നീ വെറുമൊരു ആയയായി മാത്രം മാറും.“

’എങ്കിലും സാരമില്ല, ദിവസത്തിന്റെ ചില മണിക്കൂറുകളെങ്കിലും അവൻ സ്വന്തം അമ്മയോടെന്നപോലെ എന്നെ നോക്കി ചിരിക്കുമല്ലോ. അതിൽ ഞാൻ ആത്‌മനിർവൃതി കണ്ടെത്താം.‘

ഓരോ പുലർകാലവും അവളുടെ കണ്ണുകൾ അവനെ കാത്തിരുന്നു. രാവിലെ ഒമ്പത്‌ മണിക്കുള്ള കോളിംഗ്‌ ബെല്ലിന്റെ ശബ്‌ദം അവൾക്ക്‌ വിരസതയിൽ നിന്നുമുള്ള ഒരു മോചനമായി. അവനും അതേപോലെ, അമ്മയുടെ തണുത്ത കൈകളിൽ നിന്നും അവളുടെ ചൂടുള്ള മാറിലേക്ക്‌ അവൻ ഊർന്നിറങ്ങി. പല്ല്‌ മുളക്കാത്ത വായ വിടർത്തിയുള്ള അവന്റെ ചിരിയിലൂടെ അവൾ കുഞ്ഞുങ്ങളുടെ മാന്ത്രിക ലോകത്തെത്തിച്ചേർന്നു. അസൂയയില്ലാത്ത, വിദ്വേഷമില്ലാത്ത, മത്സരമില്ലാത്ത ഒരു ലോകത്ത്‌. അവിടെ എല്ലാവരും ഒന്നാമന്മാരാണ്‌. സ്‌ഥായിയായ ഒരു ദുഖത്തിനും അവിടെ പ്രസക്തിയില്ല. അവൾ അവനോളം ചെറുതായി. ശൈശവത്തിലേക്കുള്ള തിരിച്ചു പോക്ക്‌. കല്‌പിക്കപ്പെട്ട മണിക്കൂറുകൾ കമ്പ്യൂട്ടറിൽ കുറെ ഡാറ്റകൾ കുത്തി നിറച്ച്‌ അവന്റെ അമ്മ അവനെ കൊണ്ടുപോകാൻ വന്നപ്പോൾ വിദ്വേഷമോ അതോ അസൂയയോ.

ഇടയ്‌ക്ക്‌ അയാളോട്‌ പറയാറുണ്ട്‌, അവളുടെ ജോലി സമയം തീരാതിരുന്നെങ്കിലെന്ന്‌.

അവന്റെ മുഖഭാവം കാണുമ്പോൾ മനസ്സിലാകും. കാഷ്‌ഠിക്കണമെന്നോ, അതോ മൂത്രമൊഴിക്കണമെന്നോ.

കണ്ണുകളിൽ പ്രതികാരത്തിന്റെ സ്‌ഫുലിംഗമില്ല. ചുണ്ടുകളിൽ കുപ്പിപ്പാലിന്റെ മാധുര്യം മാത്രം.

അവന്റെ മുഖത്ത്‌ നോക്കുമ്പോൾ ചിലപ്പോൾ തോന്നാറുണ്ട്‌ എന്തിനാണവർ ഇവനെ ഒറ്റയ്‌ക്കാക്കി പോകുന്നതെന്ന്‌... ചിലരങ്ങനെയാണ്‌. ആരെയും സ്‌നേഹിക്കാനൊന്നും സമയമില്ല. സ്വന്തം കുഞ്ഞിനെപ്പോലും വെറുതെയുള്ള ഒരു മത്സരത്തിന്റെ പിറകെ പായുകയാണവർ. ഈ ഓട്ടത്തിനിടയിൽ പാർശ്വവത്‌കരിക്കപ്പെടുന്ന ചില ബന്ധങ്ങൾ അവർ വിസ്‌മരിക്കുന്നു. തങ്ങളുടെ കുഞ്ഞുങ്ങളെ ആയമാരിൽ ഏല്‌പിച്ച്‌, കുഞ്ഞു വർണ്ണ ഉടുപ്പുകളിൽ തന്നെ കാഷ്‌ഠിക്കാനും മൂത്രമൊഴിക്കാനും പഠിപ്പിച്ച്‌, ആ വിസർജ്ജ്യ വസ്‌തുക്കളിൽ തന്റെ പൃഷ്‌ഠഭാഗം ഉരസുമ്പോഴുള്ള അസ്വസ്ഥതയിൽ, ഹൃദയം നൊന്ത്‌ ആരോടും പരാതിപ്പെടാതെ, തന്റെ കളിപ്പാട്ടങ്ങൾ നോക്കി നിശ്ശബ്‌ദമായി കരയുന്ന ശൈശവങ്ങൾ.

അയാൾ അവളോട്‌ പറയാറുണ്ട്‌. ഈ കുഞ്ഞുങ്ങൾ വളരുമ്പോൾ വൃദ്ധസദനങ്ങളും അധികരിക്കും. കാലം അവരിലൂടെ കൃത്രിമ ഹൃദയമുള്ള അമ്മമാരോട്‌ പ്രതികാരം ചോദിക്കും.

കുഞ്ഞുങ്ങൾ ഭാരമാകുന്ന അമ്മമാർ, അവരെ ട്രോളികളിൽ തള്ളി നീക്കുന്നത്‌ കാണുമ്പോൾ അവൾ പറയും. അമ്മയുടെ മാറോട്‌ ഒട്ടിച്ചേർന്ന്‌ നില്‌ക്കുമ്പോൾ നടക്കുന്ന ഹൃദയ സവേദനം കൃത്രിമ ചൂട്‌ പകരാൻ കഴിയുന്ന കമ്പിളിയോട്‌ നടത്താൻ കഴിയില്ലല്ലോയെന്ന്‌.

പക്ഷേ താൻ അങ്ങനെയൊന്നുമാവില്ല. ചിലപ്പോഴവൾ സ്വന്തം ആത്‌മാവിന്‌ തന്നെ വാഗ്‌ദാനം നല്‌കി. എനിക്കൊരു കുഞ്ഞുണ്ടായാൽ എന്റെ മിനിറ്റുകളും മണിക്കൂറുകളും അവനുള്ളതായിരിക്കും.

അവൾ അവനോട്‌ ചിലപ്പോൾ ചോദിക്കാറുണ്ട്‌. ’നീയെന്തേ എന്റെ വയറ്റിൽ പിറന്നില്ല‘. അപ്പോഴവൻ പല്ല്‌ മുളക്കാത്ത വായ പിളർത്തി അവളെ മുഴുവനായും വയറ്റിലാക്കാൻ ശ്രമിക്കും. പിന്നെ അവർ രണ്ട്‌ പേരും സ്വയം പൊട്ടിച്ചിരിക്കും. ഫ്ലാറ്റിന്റെ നാല്‌ ഭിത്തികളിലും പതിച്ച്‌ ചിരിയുടെ തരംഗങ്ങൾ ആ മുറിയാകെ പടരും. തനിക്ക്‌ ചിറകുകൾ മുളച്ചിരുന്നെങ്കിൽ അവനെയും ചിറകിലേറ്റി ആകാശത്തിലെ മേഘങ്ങൾക്കിടയിലൂടെ പറക്കുമായിരുന്നുവെന്ന്‌ വെറുതെ ചിന്തിച്ചു. അവന്റെ മുഖത്തെപ്പോഴും ഒരു തരം വിഷാദഭാവം നിഴലിച്ചിരുന്നു. തനിക്കനിവാര്യമായ ഒന്ന്‌ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന തോന്നലിൽനിന്നും രൂപം കൊണ്ട ഒരു ഭയം അവനെ പിന്തുടർന്നുകൊണ്ടിരുന്നു. ഒരു കുഞ്ഞിന്റെ ജന്മാവകാശമല്ലേ മാതാവിന്റെ പരിചരണം. പക്ഷേ അവകാശങ്ങൾ വീതം വെക്കുന്ന ഈ ലോകത്ത്‌ ഇതും പകുത്ത്‌ നൽകിയിരിക്കുകയല്ലേ. ചിലപ്പോഴവൻ അമ്മ പോയ വഴിയേ നിർന്നിമേഷനായി നോക്കി നില്‌ക്കും. അപ്പോൾ അവളവനെ വാരിയെടുത്ത്‌ കവിളത്ത്‌ മുത്തം നല്‌കും.

ലഭിച്ചുകൊണ്ടിരിക്കുന്ന സന്തോഷം അന്യം നിന്നു പോകുമെന്ന തോന്നലിൽ നിന്നാവാം അയാൾ പലപ്പോഴും അവളെ നിരുത്സാഹപ്പെടുത്തിയിരുന്നു. അന്യന്റെ കുഞ്ഞുങ്ങളെ അധികം സ്‌നേഹിക്കരുത്‌.

കുഞ്ഞുങ്ങളോടുള്ള സ്‌നേഹത്തിൽ സ്വാർത്ഥത കാണിക്കുന്നതിനെതിരെ അവൾ പലപ്പോഴും എതിർത്തിരുന്നു. ഹിംസ്ര ജന്തുവായ സിംഹത്തിന്റെ കുഞ്ഞുങ്ങളിൽ പോലും ഒരു നിർമ്മലതയുണ്ടാകും. ആ നൈർമ്മല്യത്തിലും സ്വന്തമെന്നും അന്യമെന്നും കണ്ടെത്താനുള്ള അയാളുടെ ശ്രമത്തെ അവളെന്നും നിരുത്സാഹപ്പെടുത്തിയിരുന്നു. സ്‌നേഹിക്കാൻ പഠിച്ചവൾ സ്‌നേഹത്തിന്‌ നിറങ്ങളോ, ഭാഷയോ, ദേശമോ നല്‌കിയില്ല. അനവധി ദിനങ്ങൾ കഴിഞ്ഞിട്ടും അവനെ കാണാതായപ്പോൾ അവൾ സംശയിച്ചു. വല്ല അസുഖവും അവന്റെ അമ്മയെ ഫോണിൽ വിളിച്ചു ചോദിച്ചു. എന്തോ അവളുടെ മറുപടിയിൽ അത്ര സുഖം തോന്നിയില്ല. തിരക്കിലാണെന്ന്‌ പറഞ്ഞ്‌ പെട്ടെന്ന്‌ ഫോൺ വിച്ഛേദിച്ചു. ഈ മുറിയാകെ നിശ്ശബ്‌ദത തളം കെട്ടിയിരിക്കുന്നു. അല്ലെങ്കിലും അങ്ങനെയാ, പതിവ്‌ തെറ്റുമ്പോൾ വല്ലാത്തൊരു മൂകത. അർത്ഥമില്ലായെന്ന്‌ കരുതിയ ജീവിതത്തിന്‌ അർത്ഥമുണ്ടെന്ന്‌ സ്വയം വിശ്വസിപ്പാനുള്ള ഒരു ശ്രമമായിരുന്നോ ഇത്രയും നാൾ. ഓഫിസിൽ നിന്നും വരുമ്പോൾ അയാളുടെ മുഖവും അത്ര പ്രസന്നമായിരുന്നില്ല. അവൻ വരാത്തതിന്റെ ദുഃഖമായിരിക്കുമോ അയാൾക്കും അവന്റെ അമ്മ ഇപ്പോൾ ജോലിക്ക്‌ പോകാറില്ലേ. അവൾ ചോദിച്ചു.

ഉം.... അയാൾ ഒന്നമർത്തി മൂളി.

പിന്നെന്തേ....

അയാൾ അവളെ തന്നോട്‌ ചേർത്തു പിടിക്കുക മാത്രം ചെയ്‌തു. എന്നും അവനോട്‌ നാട്ടുഭാഷ മാത്രം സംസാരിക്കുന്ന അവളുടെ പരിചരണത്തിൽ കുഞ്ഞ്‌ ഇംഗ്ലീഷ്‌ പരിശീലിക്കില്ലായെന്ന്‌ അവനെ ഇന്നലെ മുതൽ ഇംഗ്ലീഷ്‌ സംസാരിക്കുന്ന ബേബി സിസ്‌റ്ററുടെ അടുത്ത്‌ അയക്കാൻ തുടങ്ങിയത്‌ അയാൾ അവളോട്‌ പറഞ്ഞില്ല. പകരം മറുപടിയെന്നോണം അയാൾ പറഞ്ഞു നമുക്ക്‌ തിരിച്ചു പോകാം.

വെള്ളിയോടൻ,

കൊടിയുറ.പി.ഒ,

കല്ലാച്ചി വഴി,

കോഴിക്കോട്‌ വഴി

കോഴിക്കോട്‌ ജില്ല

കേരളം - 675 515.

Velliyodan Sainudheen,

P B NO 5304,

Sharjah,

U A E.


Phone: 94945564771,0496 - 2562870, 00971566509531
E-Mail: velliyodan@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.