പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

സർപ്പസത്രം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചന്ദ്രശേഖർ നാരായണൻ

എന്റെ ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും അച്ഛന്റെ മുമ്പിൽ യാതൊരു പ്രസക്തിയുമില്ലെന്ന്‌ എനിക്ക്‌ നന്നായി അറിയാമായിരുന്നു. എന്നിട്ടും എനിയ്‌ക്കെന്റെ അന്വേഷണങ്ങളിൽ നിന്നും അലച്ചിലുകളിൽ നിന്നും പിൻതിരിയാനായില്ല. എപ്പോഴും എന്റെ മനസ്സിലൂടെ നിശബ്ദദുഃഖങ്ങളുടേയും വേദനകളുടേയും ഒരു നീരൊലിപ്പ്‌ ഉള്ളതായിട്ട്‌ എനിയ്‌ക്ക്‌ തോന്നിയിട്ടുണ്ട്‌. എന്റെ അമ്മയുടെ മരണശേഷമായിരുന്നു എനിയ്‌ക്കിത്‌ തീർത്തും ബോധ്യമായതെന്ന്‌ വേണമെങ്കിൽ പറയാം. കാരണം എന്റെ അച്ഛന്റെ ഓരോ പ്രവൃത്തികളും അപ്രകാരമായിരുന്നു.

ഒരു പട്ടാളക്കാരനായ അച്ഛന്‌ ഒരിയ്‌ക്കലും അമ്മയുടേയും എന്റെ ലോകവുമായി പൊരുത്തപ്പെടാനായിരുന്നില്ല. ഒരു പട്ടാളക്കാരന്റെ മകനായി തന്നെ ജനിച്ച അച്ഛന്റെ ബാല്യം മുഴുവനും ഏതൊക്കെയോ നഗരങ്ങളുടെ വിമുഖതയിൽ ഓന്തുകളേയും തുമ്പികളേയും പിടിക്കാത്തതായിരുന്നെന്ന്‌ അമ്മ പറഞ്ഞു തന്നിരുന്നു. ഗ്രാമങ്ങളുടെ വിശുദ്ധിയോടൊ നാട്ടുനടപ്പുകളുടെ നിഷ്‌ക്കളങ്കതയോടൊ അച്ഛനൊരിക്കലും താല്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ അമ്മയുടെ അന്യം വന്ന തറവാടിന്റെ വിജനതകളോട്‌ അച്ഛനെപ്പോഴും വെറുപ്പായിരുന്നു.

‘അൺസിവിലൈസ്‌ഡ്‌!!’ അതായിരുന്നു അച്ഛന്റെ കണ്ണിൽ ഞങ്ങളെല്ലാവരും.

മദ്യത്തിന്റെ ലഹരിയുമായി അവധി ദിവസങ്ങളുടെ നട്ടുച്ചകളിൽ വീട്ടിൽ വന്നു കയറുന്ന അച്ഛൻ എപ്പോഴും എനിക്കും അമ്മയ്‌ക്കും അപരിചിതനെപ്പോലെയായിരുന്നു. അമ്മ മരിക്കുന്നതുവരെ ഒരു നല്ല വാക്കുപോലും അമ്മയെ കുറിച്ച്‌ അച്ഛൻ പറഞ്ഞുകേട്ടിട്ടില്ല. അച്ഛന്‌ ആരോടെങ്കിലും അല്പം ഇഷ്ടമുണ്ടായിരുന്നെങ്കിൽ അത്‌ ചെറിയമ്മയോട്‌ മാത്രമാണ്‌. ആ അച്ഛനാണിപ്പോൾ അമ്മയ്‌ക്കുവേണ്ടിയാണെന്നു പറഞ്ഞ്‌ സർപ്പക്കാവ്‌ മുഴുവൻ ആളുകളെ നിർത്തി ചുട്ടുകരിക്കുന്നത്‌. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ ഒച്ചവെക്കുംഃ

“ഓ മതി! നൂറും പാലും കൊടുത്തിട്ട്‌ കൊട്‌ത്ത കൈയ്യില്‌ തന്നെ കേറി കടിച്ചില്ലെ?

ചത്ത്‌ പോയ എന്റെ ഭാര്യയ്‌ക്കോ അത്‌ മനസ്സിലാക്കാന്‌ള്ള ബോധണ്ടായില്ല്യാ. ഇനി ഞാനായിട്ട്‌ അരീട്ട്‌ വാഴ്‌ത്തൂന്ന്‌ ആരും കര്‌തണ്ട... ഒക്കെനേം ചുട്ട്‌ കൊല്ലും ഞാൻ”.

എല്ലാം കണ്ട്‌ കണ്ണീരൊഴുക്കാൻ മാത്രേ അമ്മൂമ്മക്കും മുത്തശ്ശനും കഴിഞ്ഞിരുന്നുള്ളൂ.

“ദേവ്യെ കടിച്ചതൊര്‌ പൊട്ട ജാതി പാമ്പാ രവി. അതൊന്നും സർപ്പക്കാവിലുള്ളതല്ല. അതിന്യൊട്ട്‌ നിനക്ക്‌ കിട്ടാനും പോണില്ല്യാ. വെറുതെ ഈ മിണ്ടാപ്രാണികളെ മുഴുവൻ കൊന്നിട്ട്‌ ഈ ജന്മം കൊണ്ട്‌ തീർത്താ തീരില്ല്യാ മോനെ പാപം...” അമ്മൂമ്മ പറയുന്നതൊക്കെ ആര്‌ ശ്രദ്ധിക്കാൻ?

“ഭാഗം വെച്ച്‌ കൊട്‌ത്താ പിന്നെ അവരവരോര്‌ കണ്ടോണായി കാർത്ത്യായനി...” മുത്തശ്ശൻ നെടുവീർപ്പിടും.

ഭാഗപ്രകാരം അമ്മയ്‌ക്കും ചെറിയമ്മയ്‌ക്കും കൂടി കിട്ടിയ സ്ഥലത്താണ്‌ തറവാട്ടിലെ സർപ്പക്കാവ്‌. അമ്മ മരിച്ചതിനുശേഷം അച്ഛനോടുള്ള ചെറിയമ്മയുടെ നോട്ടോം സംസാരൊക്കെ ഒരു വല്ലാത്ത തരത്തിലാണ്‌. ചെറിയമ്മയ്‌ക്ക്‌ സ്ഥലം വിൽക്കണമെങ്കിൽ സർപ്പക്കാവൊരു തടസ്സമാണെന്ന കാര്യം എല്ലാവർക്കും അറിയാം. അമ്മ മരിക്കുന്നതുവരെ സർപ്പക്കാവ്‌ മാറ്റാൻ സമ്മതിക്കില്ല്യായിരുന്നു. എന്നും സന്ധ്യയ്‌ക്ക്‌ വിളക്ക്‌ വെച്ചാൽ അമ്മ എന്നെയും കൂട്ടി സർപ്പക്കാവിൽ പോയി വലം വെച്ച്‌ തൊഴും. സർപ്പക്കാവിലെ മൺപ്പുറ്റുകൾക്കുള്ളിലെ പളുങ്ക്‌ കണ്ണുകളുള്ള സ്വർണ്ണനിറമാർന്ന പാമ്പുകളെ അമ്മ ഒരുപാട്‌ കണ്ടിട്ടുണ്ടത്രെ. അമ്മ എനിക്കും കാണിച്ചുതരാന്ന്‌ പറയുമായിരുന്നു. ഇപ്പോ ആ സർപ്പക്കാവാണ്‌ ചെറിയമ്മ അച്ഛനെ കരുവാക്കി കത്തിച്ചു നശിപ്പിക്കുന്നത്‌.

സർപ്പക്കാവിൽ വെച്ച്‌ ഒരു ദിവസം വിഷം തീണ്ടിയാണ്‌ അമ്മ മരണമടഞ്ഞത്‌. ഞാൻ എട്ടാം തരത്തിൽ നിന്നും ഒമ്പതാം തരത്തിലേക്ക്‌ ക്ലാസ്‌ കയറ്റം കിട്ടി പട്ടരുമാഷുടെ ക്ലാസ്സിലിരുന്ന ആദ്യ ദിവസമായിരുന്നു അത്‌. മൂന്നാമത്തെ പിരീഡിനു ബെല്ലടിച്ച നേരത്ത്‌ പ്യൂൺ കുമാരേട്ടനാണ്‌ ഒരു കടലാസ്‌തുണ്ട്‌ കൊണ്ടുവന്ന്‌ നിശബ്ദമായി പട്ടരുമാഷെ ഏൽപ്പിച്ചത്‌. തുണ്ട്‌ വായിച്ച്‌ പട്ടരുമാഷ്‌ എന്റെ പുറത്തുതട്ടി. അപ്പോഴേയ്‌ക്കും വലിയച്ഛനും മറ്റൊരാളും ക്ലാസ്സിന്റെ ഉമ്മറത്തെത്തിയിരുന്നു.

ഇന്നലെ അമ്മയുടെ ആണ്ട്‌ശ്രാദ്ധമായിരുന്നു. എത്രവേഗമാണ്‌ ഒരുവർഷം പോയത്‌. അച്ഛൻ ശ്രാദ്ധത്തിനാണെന്നു പറഞ്ഞ്‌ വന്നതാണ്‌. എന്നിട്ടു ഒരു കറുകനാമ്പുപോലും നനച്ചിടാൻ കൂട്ടാക്കിയില്ല.

അച്ഛന്റെ സ്വകാര്യതയിൽ എനിക്കുള്ള സ്ഥാനം വളരെ കുറവായിരുന്നു. അതിനാൽ ഞാനെപ്പോഴും ഒഴിഞ്ഞുമാറി എന്റേതായ ഒരു ലോകത്താണ്‌ കഴിഞ്ഞിരുന്നത്‌. ഇരുട്ട്‌ പുതഞ്ഞുകിടക്കുന്ന മച്ചകങ്ങളിലും ഇടനാഴികളിലുമായി അമ്മയെക്കുറിച്ചുള്ള സ്വപ്നങ്ങൾ നെയ്ത്‌ ഞാനെന്റെ ഒഴിവുസമയങ്ങൾ തള്ളിനീക്കുമായിരുന്നു.

തറവാട്ടിലാണെങ്കിൽ മുത്തച്ഛനും അമ്മൂമ്മയ്‌ക്കും മാത്രമാണ്‌ എന്നോട്‌ അല്പമെങ്കിലും അടുപ്പമുണ്ടായിരുന്നത്‌. ചെറിയമ്മയ്‌ക്ക്‌ എന്നെ കാണുന്നതേ ചതുർത്ഥിയായിരുന്നു.

“ടാ അപ്പൂ ദ്ദാ അതെട്‌ത്തെ, ടാ അപ്പൂ ദാ ഇതെട്‌ത്തെ...” എന്നേ ഏതു നേരോം പറയൂ.

അമ്മ ഉണ്ടായിരുന്നപ്പോൾ എന്നെ ‘മോനെ’ന്നു മാത്രെ വിളിക്കൂ. രാമായണോം ഭാരതൊക്കെ അമ്മയ്‌ക്ക്‌ കാണാപാഠമായിരുന്നു. അമ്മ സന്ധ്യാനാമം ചൊല്ലുന്നതു കേൾക്കാൻ തന്നെ എന്തൊരു ധന്യതയായിരുന്നെന്നോ! അമ്മ മരിച്ചതിനുശേഷം തറവാട്ടിലാരും നാമം ചൊല്ലാറില്ല. സർപ്പക്കാവിൽ തിരിവെക്കുന്നതും അപൂർവ്വം.

എല്ലാ ജീവജാലങ്ങളേയും സ്നേഹിക്കാൻ എന്നെ പഠിപ്പിച്ചു തന്നത്‌ അമ്മയാണ്‌. അമ്മയ്‌ക്ക്‌ എല്ലാറ്റിനോടും വല്ലാത്തൊരു അടുപ്പമായിരുന്നു. അമ്മ തൊടിയിലെ ചെടികളോടും പൂക്കളോടും വർത്തമാനം പറയുന്നത്‌ ഞാൻ കേട്ടിട്ടുണ്ട്‌. അമ്മയുടെ ഭാഷ ചെടികൾക്കും പൂക്കൾക്കും പോലും നല്ല വശമായിരുന്നെന്ന്‌ എനിക്കറിയാം. അപ്പോളവ കാറ്റിലിളകി അമ്മയെ തഴുകി തലോടുന്നതു കാണാം.

ഞാൻ തെക്കിനിയിലെ ജനവാതിൽ തുറന്നപ്പോൾ സർപ്പക്കാവിൽ നിന്നുള്ള കരിഞ്ഞ പുക മുറിയിലേക്ക്‌ അടിച്ചുകയറി. പുകയ്‌ക്കൊപ്പം പണിക്കാരുടെ ബഹളങ്ങളും കൂക്കു വിളികളും വല്ലാതുണ്ട്‌. കണിക്കൊന്ന മരത്തിന്മേൽ ഉണ്ടായിരുന്ന കാക്കക്കൂട്‌ തീയ്യിൽ കത്തിക്കാണണം. കാക്കകൾ വല്ലാതെ ഒച്ചവെച്ച്‌ പുകയ്‌ക്കുമുകളിൽ പറക്കുന്നുണ്ട്‌. സർപ്പക്കാവിലെ അന്തേവാസികളായ ഒന്നുരണ്ട്‌ വവ്വാലുകൾ തറവാടിന്റെ ശീലാന്തിന്മേൽ അഭയം തേടിയിരിക്കുന്നു. കുളക്കോഴികളും കുരുവികളും തുമ്പികളും ചിത്രശലഭങ്ങളും എല്ലാം തീയ്യിൽ വെന്ത്‌ ചാമ്പലായിക്കാണും?

ഞാൻ തെക്കിനിയുടെ ജനവാതിൽ ഊക്കോടെ വലിച്ചടച്ച്‌ മരക്കട്ടിലിൽ കമിഴ്‌ന്നു കിടന്നു. എനിയ്‌ക്ക്‌ വല്ലാതെ സങ്കടം വരുന്നുണ്ടായിരുന്നു. അമ്മ എനിയ്‌ക്ക്‌ കാണിച്ചുതരാമെന്ന്‌ പറഞ്ഞ പളുങ്ക്‌ കണ്ണുകളുള്ള സ്വർണ്ണ പാമ്പുകളെല്ലാം ഇപ്പോൾ തീച്ചൂളയിൽ വെന്ത്‌ ചാവുകയാണ്‌. തങ്ങളുടെ ജാതിയിൽപ്പെട്ട ഏതോ ഒരു ഇഴ ജാതി ചെയ്ത കുറ്റത്തിന്‌ നിരപരാധികളായ എത്രയോ പാമ്പുകൾ ഇപ്പോൾ വെന്ത്‌ വെണ്ണീറാവും?! അതിൽ കൊച്ച്‌ കൊച്ച്‌ സ്വർണ്ണപാമ്പുകളുണ്ടാവും. അമ്മയെപോലെ വെളുത്ത്‌ കൊലുന്നനെ ഭസ്മക്കുറി വരച്ച വലിയ സർപ്പങ്ങളുണ്ടാവും. എല്ലാം ഇപ്പൊ ഞൊടിയിടകൊണ്ട്‌ തീയിനിരയായിത്തീരും. ഈശ്വരാ എന്ത്‌ നീതിയാണിത്‌?

ഞാൻ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. ജനവാതിലടച്ചതിനാൽ തെക്കിനിയിൽ മുഴുവൻ വല്ലാത്ത ഇരുട്ടായിരുന്നു. ഇരുട്ടെന്നെ പേടിപ്പെടുത്താറില്ല. ദുഃഖങ്ങളുടേയും വേദനകളുടേയും നിറം കറുപ്പാണെന്ന്‌ അമ്മ പറഞ്ഞുതരുമായിരുന്നു. അതിനാൽ പരസ്പരം എല്ലാം മറയ്‌ക്കുന്ന ഇരുട്ടിനെ എനിയ്‌ക്കിഷ്ടമാണ്‌. ഞാൻ ഇരുട്ടിലൂടെ കണ്ണുതുറന്നു. പൊടുന്നനെ എന്റെ കാഴ്‌ച അമ്മയുടെ കഥകളിലൂടെ ഹസ്തിനപുരത്തിന്റെ യാഗശാലയ്‌ക്കകത്തെത്തിയത്‌ ഞാനൊരു ഞെട്ടലോടെ തിരിച്ചറിഞ്ഞു. ഉണ്മയ്‌ക്കും പൊയ്യിനുമിടയ്‌ക്ക്‌ എന്റെ ശരീരം വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.

എങ്ങും തലമുണ്ഡനം ചെയ്ത ബ്രാഹ്‌മണശ്രേഷ്‌ഠർ. കത്തിജ്വലിക്കുന്ന ഹോമാഗ്നി. നാസാരന്ധ്രങ്ങളിലൂടെ തുളച്ചുകയറുന്ന അഷ്ടദ്രവ്യങ്ങളുടെ നറുഗന്ധം. മന്ത്രമുഖരിതമായ യാഗശാലകൾക്കപ്പുറത്ത്‌ രാജാക്കന്മാരേയും വഹിച്ച്‌ വായ്‌ത്താരിയിട്ടുപോകുന്ന അമാലന്മാർ.

ഞാൻ ജനമേജയ മഹാരാജാവിനോടു ചോദിച്ചു.

“അല്ലയോ മഹാരാജാവേ, അങ്ങയുടെ പിതാവായ പരീക്ഷത്തു മഹാരാജാവിനെ ദ്ദംശിച്ച തക്ഷകനോടുള്ള വൈരാഗ്യം തീർക്കുന്നതിനു വേണ്ടി ഉത്തങ്കന്റെ വാക്കുകൾ ശ്രവിച്ച്‌ ഈ സർപ്പസത്രം നടത്തി, ഈ മിണ്ടാപ്രാണികളെ മുഴുവൻ കൊന്നൊടുക്കുന്നത്‌ നീതിയാണോ? ഓരോ ശത്രുക്കളിലേക്കും നമുക്കുമുള്ള ദൂരം ഇത്രയേറെ നിരപരാധികളുടെ ചോരയിലൂടെയാണോ മഹാരാജാവേ?”

“നീയാരാണ്‌ ഉണ്ണി?!” തേജ്വസിയായ മഹാരാജാവിന്റെ മുഖം വിവർണ്ണമായി.

“ഞാൻ ആസ്തികമുനിയാണ്‌ മഹാരാജാവേ...”

ഒരു മാത്രയ്‌ക്കിടയിൽ യജ്ഞശാല നിശബ്ദമായി. ഋത്വിക്കുകളായ ബ്രാഹ്‌മണന്മാർ ഉദ്വിഗ്നമനസ്സോടെ പരസ്പരം മുഖത്തോടുമുഖം നോക്കി. യജ്ഞകുംഭങ്ങൾ തട്ടിമറിച്ചിട്ട്‌ വെളുത്തയാഗാശ്വങ്ങൾ ആർത്തനാദം പൊഴിച്ചു.

“ആരുടെ നിർദ്ദേശപ്രകാരമാണ്‌ ഉണ്ണി ഇവിടെ എത്തിച്ചേർന്നത്‌...?” മഹാരാജാവിന്റെ പ്രിയപത്നി വപുഷ്ടമ എന്റെ നെറുകയിൽ തലോടി.

“മാതാവിന്റെ നിർദ്ദേശപ്രകാരമാണ്‌ മഹാരാജ്ഞി”

“എന്താണ്‌ ഉണ്ണി നിന്റെ മാതാവ്‌ നിന്നോട്‌ പറഞ്ഞുതന്നിരിക്കുന്നത്‌”.

“അപ്പൂ നീ ഉത്തങ്കന്റെ ഉപദേശം ചെവികൊള്ളുന്ന വിഡ്‌ഢിയാവരുത്‌. നീ അസ്തികനായി ജീവിക്കണമെന്നാണ്‌ മാതാവ്‌ പറഞ്ഞുതന്നിരിക്കുന്നത്‌”.

“അങ്ങനെ തന്നെ വേണം ഉണ്ണി. അസ്തികനായി നീ ചോദ്യങ്ങൾ ചോദിക്കണം. ഫലത്തെ കുറിച്ച്‌ ചിന്തിക്കേണ്ടതെയില്ല”.

“അതെന്താണ്‌ മാതാജി?”

“ഒരു ചോദ്യത്തിൽ നിന്നാണ്‌ അപ്പു ഒരുപാട്‌ ചോദ്യങ്ങൾ ഉണ്ടാവുന്നത്‌....”

“അമ്മേ...!”

ഞാൻ അർദ്ധമയക്കത്തിൽ നിന്നും പിടഞ്ഞെഴുന്നേറ്റു. അമ്മ ഇപ്പോളെന്റെ ചുറ്റുമുണ്ടെന്ന്‌ എനിക്കുതോന്നി. ഇപ്പോളെനിയ്‌ക്ക്‌ അമ്മയെ കാണാം. വേണമെങ്കിൽ ഒന്ന്‌ തൊട്ടുനോക്കാം. അമ്മ എന്നെ ‘മോനെ’ എന്നു വിളിക്കുന്നത്‌ എനിയ്‌ക്ക്‌ കേൾക്കാം. കിണറ്റിൻ കരയിൽ കുളിപ്പിച്ചു തുവർത്തി ഒരു നുള്ള്‌ ഭസ്മമെടുത്ത്‌ അമ്മ എന്റെ നെറുകയിലിട്ട്‌, മുടി കോതിയൊതുക്കുകയാണ്‌.

അതാ അമ്മ പാഠപുസ്തകങ്ങൾ കോലായിൽ എടുത്ത്‌ വെക്കുകയായി. എന്റെ ചരിത്രപാഠ പുസ്തകത്തിന്റെ ഏഴാമത്തെ അദ്ധ്യായം ലീലടീച്ചറിന്‌ നാളേക്ക്‌ കാണാപാഠം പഠിച്ചുകൊണ്ടുചെല്ലാൻ പറഞ്ഞ അതേ അദ്ധ്യായം.

അമ്മ വായിച്ചുതരാൻ തുടങ്ങുകയാണല്ലോ!

-അപ്പോൾ സമയം 8 മണി കഴിഞ്ഞ്‌ 15 മിനിറ്റ്‌ 17 സെക്കന്റ്‌. ഹിരോഷിമ നഗരം പതിവുപോലെ ഉറക്കമുണർന്ന്‌ ദിനകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്‌. അപ്പോളതാ കേൾക്കുന്നു ആകാശത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട്‌ ഒരു പോർ വിമാനത്തിന്റെ മഹാഘോരാരവം. പൊടുന്നനെ വിമാനത്തിൽ നിന്നും ഒരു കറുത്ത സാധനം താഴേക്കു പതിക്കുവാൻ തുടങ്ങി. അത്‌ 1870 അടി ഉയരത്തിൽവെച്ച്‌ പൊട്ടിത്തെറിച്ചു. പരസഹസ്രം സൂര്യന്മാർ ഒന്നിച്ച്‌ കത്തുന്നതുപോലെയുള്ള കണ്ണഞ്ചിപ്പിക്കുന്ന പ്രകാശധോരണിയും കർണ്ണകഠോരമായ മേഘഗർജ്ജനവും കണ്ട്‌ വിമാനം നയിച്ചിരുന്ന വൈമാനികൻ “ദൈവമേ” എന്ന്‌ അറിയാതെ കരഞ്ഞുപോയി. കത്തിജ്ജ്വലിക്കുന്ന സൂര്യഗോളം അടർന്നുവീണപോലെ നഗരത്തെ അപ്പാടെ ബഡവാഗ്നി വിഴുങ്ങി. നിമിഷങ്ങൾക്കകം 70,000പേർ വെന്തുമരിച്ചു, 1,30,000പേർ മാസങ്ങൾക്കുശേഷവും. 37000 പേർ പാതിവെന്ത്‌ ജീവച്ഛവങ്ങളായി. വിവരമറിഞ്ഞ്‌ പ്രസിഡന്റ്‌ ട്രൂമാൻ സന്തോഷം കൊണ്ട്‌ ആർത്തട്ടഹസിച്ചു. ‘ചരിത്രത്തിലെ മഹത്തായ സംഭവം-’

“മതീ ​‍ീ ​‍ീ.....!!” അതെന്നിൽ നിന്നും ഒരലർച്ചയായിരുന്നു. അമ്മൂമ്മ വന്നപ്പോൾ ഞാൻ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. ഇപ്പോൾ എന്റെ മുമ്പിൽ ഇരുട്ടില്ല. വെളിച്ചത്തിന്റെ നേരിയ വഴികളാണ്‌ മുന്നിൽ മുഴുവൻ. എനിയ്‌ക്കല്പം വെള്ളം കുടിക്കണമെന്ന്‌ തോന്നി. ഞാൻ ഗോവണിയിറങ്ങി അടുക്കളയിലെത്തിയപ്പോൾ സർപ്പക്കാവിൽ നിന്നുള്ള പുകയും ബഹളവും നിലച്ചിരിക്കുന്നു. പണിക്കാരെല്ലാം കഞ്ഞിക്കുടിക്കാൻ പോയിക്കാണും.

ഞാൻ സർപ്പക്കാവിനടുത്തേക്കു നടന്നു. ചുറ്റുവട്ടം മുഴുവൻ വെന്തമാംസത്തിന്റെ കരിഞ്ഞമണം പരന്നിട്ടുണ്ട്‌. സർപ്പക്കാവിലെ മൺപുറ്റുകൾ മുഴുവനും തകർത്തിരിക്കുന്നു. പെട്രോളിയത്തിന്റെയും മണ്ണെണ്ണയുടെയും അസഹ്യഗന്ധം.

സർപ്പക്കാവിലുള്ള കാഞ്ഞിരമരവും ഏഴിലം പാലയും കണിക്കൊന്നയുമൊക്കെ പാതികരിഞ്ഞ്‌ തൊലിയടർന്ന്‌ നീരൊലിച്ച്‌ നിൽക്കുന്നു. വള്ളിപ്പടർപ്പുകളും മുൾച്ചെടികളും മുഴുവനും കത്തിനശിച്ചു. കുടകല്ലും നാഗരാജാവിന്റെ ചിത്രകൂടവും ഇളക്കിയെടുത്ത്‌ കീറച്ചാക്കിൽ കെട്ടിവെച്ചിരിക്കുന്നു.

സർപ്പക്കാവിന്റെ തെക്കുവശത്തുള്ള കുളത്തിനരികെ ചത്ത പാമ്പുകളെ കുഴിച്ചിടാനായി അച്ഛൻ കുഴികോരുകയാണ്‌. എന്റെ അപ്രതീക്ഷിതമായ വരവു കണ്ടിട്ടാവണം അച്ഛനെന്നെ വല്ലാതെ നോക്കുന്നുണ്ടായിരുന്നു. ഞാനും അങ്ങനെ തന്നെയായിരുന്നു.

അച്ഛനോട്‌ ഞാനിതുവരെ നേരിട്ട്‌ ഒന്നും ആവശ്യപ്പെടുകയോ ചോദിക്കുകയോ ചെയ്തിട്ടില്ല. അച്ഛന്റെ ചീത്തകൾക്കും നോട്ടങ്ങൾക്കും ഉള്ളിലൊതുങ്ങുന്നതായിരുന്നു എന്നും എന്റെ ലോകം.

ഞാനടുത്തെത്തിയപ്പോൾ അച്ഛൻ സാവധാനം പണിനിറുത്തി എന്നെ തന്നെ നോക്കിക്കൊണ്ടിരുന്നു.

ചെരിഞ്ഞു കിടക്കുന്ന കല്ലട്ടിക്കു ചേരെ നിരനിരയായി കൂട്ടിയിട്ടിരിക്കുന്ന പളുങ്ക്‌ കണ്ണുകളും സ്വർണ്ണ നിറവുമാർന്ന പാമ്പുകളുടെ കത്തിക്കരിഞ്ഞ, പാതിവെന്ത ഉടലുകൾ. ചിത്രങ്ങളിൽ കാണുന്ന കുഞ്ഞങ്ങളുടെ കൂട്ടിയിട്ട മൃതദേഹങ്ങൾ പോലെ. ഏതോ ഒരു ശത്രുവിനുവേണ്ടി അച്ഛനെന്ന പട്ടാളക്കാരന്റെ കയ്യിൽ നിന്നും ചിതറിവീഴുന്ന തീ ബോംബുകൾ ഏതൊക്കെയോ ജനവാസകേന്ദ്രങ്ങളിൽ വീണ്‌ തെറിച്ച്‌ കൂട്ടിയിട്ടിരിക്കുന്ന ആയിരക്കണക്കിന്‌ ജഡങ്ങൾ.

ഞാൻ ഓർത്തു. അമ്മ പറഞ്ഞു തന്ന എത്രയോ പേർക്കുവേണ്ടി തക്ഷകനിൽ നിന്നും.....

ഒര്‌ ഹിറ്റ്‌ലർ;

ഒര്‌ മുസ്സോളിനി;

ഒര്‌ ബിൻലാദൻ;

അങ്ങനെ അങ്ങനെ...

ഞാൻ എന്നെ മറന്നു. ഞാൻ ഒരു മകന്റെ മുഴുവൻ സ്നേഹത്തോടെ അച്ഛനെ വിളിച്ചു.

“അച്ഛാ....”

അച്ഛൻ വിളികേട്ടു. എന്തോ ഒരു ഉൾപ്രേരണപോലെ അച്ഛനെന്റെ അരികിൽ വന്ന്‌ എന്നെ ഉറ്റുനോക്കി.

“അച്ഛാ” ഞാൻ ചോദിച്ചു. “ഒരു ശത്രുവിനുവേണ്ടി ഇത്രയേറെ നിരപരാധികളെ കൊന്നൊടുക്കേണ്ടതുണ്ടോ?”

ഒരു സ്വപ്നത്തിലെന്നപോലെ അച്ഛൻ എന്റെ മുമ്പിൽ മുട്ടുകുത്തി, എന്റെ മുടിയിഴകളിൽ ആദ്യമായി കൈകൾവെച്ചു.

അച്ഛന്‌ ഉത്തരമില്ലായിരുന്നു. അച്ഛനെന്നെ നെഞ്ചോട്‌ ചേർത്തുപിടിച്ചു. അച്ഛന്റെ തളർന്ന ശരീരത്തിലൂടെ കണ്ണീരിന്റെ നനവു പടരുന്നത്‌ ഞാൻ അറിഞ്ഞു. അപ്പോൾ പനംപട്ടകളിൽ നനുനനുത്തൊരു വൃശ്ചികക്കാറ്റ്‌ തേങ്ങുന്നുണ്ടായിരുന്നു.

ചന്ദ്രശേഖർ നാരായണൻ

അഡ്വക്കേറ്റ്‌, അരിമ്പൂർ. പി.ഒ., തൃശൂർ-680620


Phone: 0487-2311040, 9847865066
E-Mail: chandrasn@yahoo.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.