പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ഗബ്രിയേലച്ചൻ ക്രിസ്തുവിനെ കണ്ടത്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുരേഷ്‌ പരിയാത്ത്‌

ആൽബർട്ടിന്റെ കാത്തിരിപ്പിന്‌ നിശബ്‌ദതയുടെ താളമായിരുന്നു. ഉറങ്ങാതെ കാത്തിരുന്നാൽ മരണത്തിന്‌ തന്റെ കണ്ണ്‌ വെട്ടിച്ച്‌ എത്താനാവില്ലെന്ന സ്വയം ഉറപ്പിലായിരുന്നു അവന്റെ രാത്രികളിലെ കാത്തിരിപ്പ്‌. പകലാവട്ടെ വെളിച്ചത്തെ വെട്ടിച്ച്‌ മരണത്തിന്‌ അടുക്കാനാവില്ലെന്ന വിശ്വാസത്തിന്റെ ബലത്തിൽ ഗബ്രിയേലച്ചന്റെ കൈകളിൽ മുറുകെ പിടിച്ച്‌ ആൽബർട്ട്‌ ഇടയ്ക്കാക്കെ മയങ്ങി.

രാത്രിയിൽ ഉറക്കച്ചടവിനെ കൺപോളകൾ കുടഞ്ഞ്‌ തട്ടിമാറ്റി അച്ചന്റെ കട്ടിലിനരികിൽ ഒരു ചൂരൽക്കസേരയിൽ തളർച്ചതാങ്ങി അവനിരുന്നു. അങ്ങനെയിരിക്കെ മരണത്തെ ഒരു കളളനായി ആൽബർട്ട്‌ സങ്കല്പിച്ചു. ആ കള്ളനിൽ നിന്നും ഗബ്രിയേലച്ചനെ രക്ഷിക്കാൻ നിയോഗിക്കപ്പെട്ട പടയാളിയാണ്‌ താനെന്നും. മരുന്നിന്റെയും ഡെറ്റോളിന്റെയുമൊക്കെ നരച്ച ഗന്ധത്തിനകത്തുകൂടി മരണം ട്രപ്പീസു കളിക്കാനെത്താതിരിക്കാനായി അച്ചന്റെ മുറിയിൽ സദാ അവൻ കുന്തിരിക്കപ്പുക പടർത്തി അച്ചന്റെ തലയ്‌ക്കൽ മേശപ്പുറത്ത്‌ മാർപ്പാപ്പ വെഞ്ചരിച്ച ക്രിസ്തുവിന്റെ ചെറിയ സ്‌റ്റിക്കറുകൾ പതിച്ചുവച്ചു. ഇതൊക്കെ മറികടന്ന്‌ സാത്താനും മരണത്തിനും അച്ചന്റെയടുത്തെത്താനാവില്ലെന്ന്‌ അവനുറച്ചു.

ഉറക്കത്തിന്റെ വലക്കകത്തു കിടന്ന്‌ ഗബ്രിയേലച്ചൻ ഒത്തിരിയൊത്തിരി കാഴ്‌ചകൾ കണ്ടുകൊണ്ടിരുന്നു. ആ കാഴ്‌ചകളുടെ കാലത്തെ പ്രായത്തിനും രൂപത്തിനുമനുസരിച്ച്‌ അച്ചന്റെ മുഖത്ത്‌ ഭാവഭേദം വന്നു. താൻ വൃദ്ധനാണെന്നും രോഗിയാണെന്നും അറിയാത്ത ഭാവചലനങ്ങൾ. ഉറക്കത്തിന്റെ തോടുപൊട്ടി പുറത്ത്‌ പ്രപഞ്ചത്തിന്റെ ചലനങ്ങളിലേക്ക്‌ വരുന്ന സന്ദർഭങ്ങളിൽ മനസിൽ നിറഞ്ഞുനിന്ന കാഴ്‌ചകൾ അച്ചൻ ആൽബർട്ടിനോടു പറയും. തന്റെ കുട്ടിക്കാലം മുതലുള്ള കാലങ്ങളുടെ കാഴ്‌ചകൾ. ഈ പറച്ചിലുകൾക്കിടയിൽ അച്ചൻ വൃദ്ധനും രോഗിയുമല്ലാതാകുന്നതിനപ്പുറം ഊർന്നുവീഴുന്ന വാക്കുകളിലെ സാത്താൻ കയറിക്കൂടിയ കഥകൾ ആൽബർട്ടിന്റെ മനസിന്‌ ഉൾക്കൊള്ളാനാകാതെ ഇടക്കിടയ്‌ക്ക്‌ ഓർമ്മയിൽ വീർത്തുവീർത്തുവന്നു. അപ്പോഴൊക്കെ മുറിയിലേക്ക്‌ മറ്റാരും വരരുതേ, ഓർമ്മത്തെറ്റായിപ്പോലും ഇതാരും കേൾക്കരുതേയെന്നവൻ കർത്താവിനോടു പ്രാർത്ഥിച്ചു.

സമയവും കാലവും പകലും രാത്രിയുമൊക്കെ ഒന്നായ്‌ത്തീർന്ന്‌ ഒരു കൈക്കുഞ്ഞിന്റെ അവസ്ഥയിലേക്കു തിരിച്ചെത്തിയപ്പോഴും ഗബ്രിയേലച്ചൻ ആൽബർട്ടിനെ മറന്നില്ല. അച്ചന്റെ മനസ്‌ മറ്റെല്ലാവരിൽ നിന്നും ഒറ്റപ്പെട്ട്‌ ആൽബർട്ടിൽ ഒട്ടിനിന്നു.

ഉറക്കത്തിന്റെ മറയ്‌ക്കകത്ത്‌ സ്വപ്നത്തിന്റെ മഞ്ഞുപാളിയിൽ അൾത്താരയ്‌ക്കു മുന്നിൽ നിൽക്കുന്ന കുഞ്ഞുങ്ങളെ അച്ചൻ കാണുകയായിരുന്നു. താൻ വളർത്തിവലുതാക്കിയവരൊക്കെ ഉണ്ണീശോമാരായി അവിടെ നിൽക്കുന്നത്‌ അച്ചൻ കണ്ടു. ഒത്തിരിയൊത്തിരി ഉണ്ണീശോമാർ. അവരെ നോക്കി പല്ലില്ലാത്ത വാ തുറന്ന്‌ അച്ചൻ ചിരിച്ചപ്പോൾ ആൽബർട്ടിന്‌ ക്രിസ്തുമസ്‌ അപ്പൂപ്പനെ ഓർമ്മവന്നു. ജനാലയ്‌ക്കൽ നിൽക്കുന്ന കുന്തിരിക്കമരത്തിൽ തട്ടി അകത്തേക്കുവന്ന കാറ്റ്‌ അച്ചന്റെ പഞ്ഞിപോലെ നരച്ച താടി പറത്തി.

“കുഞ്ഞുങ്ങൾക്കൊക്കെ ഉണ്ണീശോയുടെ മുഖമാണ്‌” ഉറക്കത്തിൽ ഒരു വെളിപാടുപോലെ അച്ചൻ പറഞ്ഞു. അച്ചന്റെ നരച്ച മീശയുടേയും താടിയുടേയും ഇടയിലൂടെ ചുണ്ടുകളിൽ നിന്ന്‌ വിടർന്നിറങ്ങിയ ചിരി മുഖത്തു വ്യാപിച്ചു.

“ക്രിസ്തുമസ്‌ അപ്പൂപ്പൻ തന്നെ”. ആൽബർട്ട്‌ മനസിൽ പറഞ്ഞു.

അച്ചന്റെ പുഞ്ചിരിക്ക്‌ ശബ്ദം കൂട്ടുവന്നു. നെഞ്ചിൽനിന്ന്‌ അപ്പോൾ കഫക്കട്ടയിളകി ശ്വാസത്തെ മുറിച്ചു. നെഞ്ച്‌ അല്പമുയർത്തി അച്ചനൊന്നു പുളഞ്ഞു. കുറുകലായി ഉലച്ച കഫത്തിന്റെ മറയെ ഉൾക്കൊള്ളാനാവാതെ ഒന്നുനിന്ന ശ്വാസം അച്ചന്റെ ഉറക്കത്തെ മുറിച്ചു. നെഞ്ചിൽ വിങ്ങിയ ശ്വാസം ചുമയിലലിഞ്ഞ്‌ പുറത്തേക്കു തെറിച്ചു.

ചുമയെ ഉൾക്കൊള്ളാൻ ശേഷി കിട്ടാത്ത ശരീരം വിറച്ചു. ആൽബർട്ട്‌ അച്ചന്റെ നെഞ്ചുതിരുമി. അച്ചൻ ദയനീയമായി അവനെ നോക്കി.

കുറേ നേരത്തേ കുറുകലുകൾക്കും ആയലുകൾക്കുമൊടുവിൽ അച്ചന്റെ ശ്വാസം സാധാരണഗതിയിലായി.

“ഒത്തിരിയൊത്തിരി ഉണ്ണീശോമാർ. അക്കൂട്ടത്തിൽ നീയുമുണ്ടായിരുന്നു”. ആശ്വാസമായപ്പോൾ ആൽബർട്ടിനെ നോക്കി അച്ചൻ പറഞ്ഞു.

അച്ചന്റെ വാക്കുകളുടെ പൊരുളു തിരഞ്ഞ ആൽബർട്ടിനൊന്നും മനസ്സിലായില്ല. കുഞ്ഞായിരുന്നപ്പോൾ താൻ ക്രിസ്തുമസ്സിന്‌ ഉണ്ണീശോയുടെ വേഷം കെട്ടിയതായിരിക്കും അച്ചൻ പറയുന്നതെന്ന്‌ അവനുതോന്നി.

അസുഖത്തെ മറന്ന്‌ അച്ചനിനി എന്തെങ്കിലുമൊക്കെ പറയുമെന്ന്‌ ആൽബർട്ടിനു തോന്നി. അധികം സംസാരിക്കുമ്പോൾ ഉണ്ടാകാറുള്ള ശ്വാസതടസത്തെയും ചുമയേയും അവൻ ഭയന്നു. അതിനപ്പുറം അച്ചന്റെ നാവിൽ നിന്നും വരുന്ന പേടിപ്പെടുത്തുന്ന വാക്കുകളെ.

ബന്ധങ്ങൾ നഷ്ടപ്പെട്ട അച്ചന്റെ വാക്കുകൾ ആൽബർട്ടിന്റെ സങ്കടങ്ങളാണ്‌. ഇതുവരെ കേൾക്കാത്ത അനുഭവസാക്ഷ്യങ്ങളായി അത്‌ ആൽബർട്ടിനെ തേടിവരുമ്പോൾ അവൻ പകച്ചിരിക്കും. അപ്പോൾ ഇതു പറയുന്നത്‌ അച്ചനല്ല മറ്റാരോ ആണന്നവനു തോന്നും. അച്ചനിൽ സാത്താൻ ആവേശിച്ചിട്ടുണ്ടോ എന്നാവും ചിലപ്പോഴത്തെ അവന്റെ ചിന്ത. ഈ ചിന്തകളും അച്ചൻ പറയുന്ന കഥകളുമൊക്കെ മാറിമാറി ഓർമ്മിച്ച്‌ സങ്കടങ്ങളുടെ വലിയൊരു നൊമ്പരത്തിൽ ആൽബർട്ട്‌ ഒറ്റപ്പെടും. അച്ചൻ അപ്പോഴേക്കും ഉറക്കമായിട്ടുണ്ടാവും.

ഉറക്കവും ഉറക്കമില്ലായ്മയുമൊക്കെ അകന്ന്‌ ജീവിതത്തിനുമുമ്പ്‌ ഗർഭപാത്രത്തിലെത്തിയ സുഷുപ്തിയിലെ അവസ്ഥയാണ്‌ അച്ചന്റേത്‌. അച്ചന്റെ ചിന്തകളുടേയും വാക്കുകളുടേയും അടുക്കുകളഴിഞ്ഞ്‌ ഓർമ്മകളിൽ അനാഥത്വം പേറി അലഞ്ഞുതിരിഞ്ഞ മനസ്‌ കഴിഞ്ഞ കാലങ്ങളുടെ ശേഷിപ്പിൽ നിന്ന്‌ കെട്ടുപൊട്ടിപ്പോയ മുത്തുകൾപോലെ സംഭവങ്ങൾ പെറുക്കിയെടുക്കാൻ ശ്രമിച്ചു. കൂട്ടിച്ചേർക്കലുകൾക്കിടയിൽ പരസ്പരം വിളക്കപ്പെടാനാവാത്ത ഓർമ്മകൾ ചീളുകൾപോലെ എഴുന്നുനിന്ന്‌ അച്ഛനെ അസ്വസ്ഥപ്പെടുത്തി.

അല്പം ശാന്തമായ ശ്വാസതാളം അച്ചനെ തഴുകി. അച്ചന്റെ കൈകളപ്പോൾ ആൽബർട്ടിന്റെ കൈയിൽ ഒരാശ്വാസം തേടി. മനസ്‌ പോയകാലത്തിന്റെ ഓർമ്മകൾ തിരഞ്ഞു. പതിനഞ്ചുവർഷം പിന്നിലെ ഒരു ഉറക്കം വരാത്ത രാത്രി അച്ചന്റെ മനസിലുണർന്നു. ഓർമ്മയുടെ താളങ്ങൾ ഓരോന്നായി അച്ചൻ മനസിൽ ചേർത്തുവച്ചു.

“ആ രാത്രി ഞാനുറങ്ങിയിരുന്നില്ല”. അച്ചന്റെ കഫമിറുകിയ തൊണ്ടയിൽ നിന്ന്‌ കിതപ്പിന്റെ നൂലിലൂടെ വാക്കുകൾ ഇഴഞ്ഞുവന്നു.

ഉറങ്ങാത്ത ഒരു രാത്രിയുടെ ക്ഷീണം ആൽബർട്ട്‌ അച്ചന്റെ മുഖത്തുകണ്ടു.

അച്ചനങ്ങനെയാണ്‌. പറയുന്നകാര്യം മുഖത്തുകാണാം.

അച്ചന്റെ മുഖത്തെ ഭാവ്യതിയാനങ്ങൾക്കിടയിലൂടെ താനൊരു കുഞ്ഞായി ശൈശവത്തിന്റെ കൗതുകങ്ങൾക്കിടയിലേക്ക്‌ കാർന്നിറങ്ങുന്നത്‌ ആൽബർട്ട്‌ അറിഞ്ഞു.

താനൊരു വൃദ്ധനാണെന്നും അസുഖങ്ങൾക്കിടയിലാണെന്നും അച്ചൻ മറന്നു. അച്ചന്റെ മുഖത്ത്‌ പതിനഞ്ചുവർഷം പിന്നിലെ ഒരു രാത്രിയിൽ ഉറക്കത്തിന്റെ ശാന്തതാളങ്ങൾക്കിടയിൽ കർത്താവിന്റെ വിളികേട്ടിട്ടെന്നോളം അർദ്ധബോധാവസ്ഥയിൽ അച്ചനുണർന്നു. പകുതിബോധവും മറുപാതി സ്വപ്നവും പകുത്തെടുത്ത അവസ്ഥയിൽ അബോധമായൊരു നിയോഗത്തിലേക്ക്‌ അച്ചൻ നീങ്ങി. താണു കിടന്ന നിലാവിൽ പള്ളിമുറ്റത്തെ കുരിശിനു ചുറ്റും ദിവ്യപ്രകാശമുണ്ടെന്ന്‌ അച്ചനു തോന്നി. കുരിശിനു മുന്നിലൊരു വലിയ നായയെ അച്ചൻ കണ്ടു. അതിനെ ഭയന്നിട്ടെന്നവണ്ണം ദൂരത്തായി കുറേ തെരുവു നായ്‌ക്കൾ നിന്നിരുന്നു.

അച്ചനെക്കണ്ട നായ പിന്തിരിഞ്ഞു. കുരിശിനു മുന്നിലൊരു കൈകുഞ്ഞു കിടന്നിരുന്നു. ആ കുഞ്ഞിനെ കൈയിലെടുത്ത അച്ചൻ നായയെ തിരഞ്ഞു. കുറച്ചുമാറി നിഴൽപോലെ... പുഞ്ചിരിക്കുന്ന ക്രിസ്തുവിന്റെ രൂപം അച്ചന്റെ കണ്ണുകളിൽ നിറഞ്ഞു.

അച്ചന്റെ മുഖം തുടുത്തു. അവിടൊരു ഭക്തി പുരണ്ട പുഞ്ചിരി തെളിഞ്ഞു. കിടന്നുകൊണ്ടുതന്നെ അച്ചൻ കുരിശുവരച്ചു.

“ഞാനപ്പോൾ ക്രിസ്തുവിനെ കണ്ടു. നീ ഭാഗ്യം ചെയ്തവനാ. ക്രിസ്തുവായിരുന്നു നിനക്കു കാവൽ. അവൻ ഏതു രൂപത്തിലും വരും”. തുടർന്നു പറയാനാവാതെ അച്ചൻ കിതച്ചു. തൊണ്ടയിൽ അടങ്ങിക്കിടന്ന കഫം ശ്വാസത്തെ ഞെരുക്കി.

ആൽബർട്ട്‌ അച്ചന്റെ നെഞ്ചു തടവി. തന്റെ സ്പർശനത്തിനിടയിലൂടെ ഉയർന്നുതാഴുന്ന അച്ചന്റെ നെഞ്ച്‌ ഏതെങ്കിലുമൊരു നിമിഷം നിശ്ചലമാവുമോയെന്നും, ‘ആൽബർട്ടേ’ എന്ന അച്ചന്റെ ശബ്ദം ശൂന്യതയിൽ ലയിക്കുമോയെന്നും അവൻ ഭയന്നു. “ഉറങ്ങിക്കോളൂ ഞാനിവിടെത്തന്നെയുണ്ട്‌”. ആൽബർട്ടിന്റെ ശബ്ദം വിറച്ചു.

അച്ചനവന്റെ കൈയിൽ മുറുകെ പിടിച്ച്‌ നെഞ്ചിൽ വച്ചു. അസുഖം കൂടിയതിനുശേഷം ആൽബർട്ടിന്റെ കൈ നെഞ്ചോടുചേർത്തു പിടിച്ചാണ്‌ മിക്കവാറും അച്ചന്റെ ഉറക്കം. അച്ചന്റെ പ്രാണതാളങ്ങളുടെ ചലനത്തിനൊപ്പം ആൽബർട്ട്‌ ഉണ്ണീശോയുടേയും മാലാഖമാരുടെയും കഥകളിലേയ്‌ക്ക്‌ മനസ്‌ ചായ്‌ക്കും.

ഏതാനും നിമിഷങ്ങൾക്കകം ആഴമുള്ളൊരു ചുഴിയിൽ നിന്നു പൊന്തിവരുന്നതുപോലെ ‘ആൽബർട്ടേ’ എന്ന വിളിയോടെ അച്ചനുണരാം. എന്നിട്ട്‌ അണഞ്ഞുപോയ ഓർമ്മകളുടെ നിഴലിൽ സ്വയം നഷ്ടപ്പെട്ട്‌ പൊട്ടിയ വാക്കുകൾ കൂട്ടിച്ചേർത്ത്‌ ഓരോന്നു പറഞ്ഞുതുടങ്ങും. ഈ പറച്ചിലുകൾ പലപ്പോഴും ആൽബർട്ടിന്റെ മനസിലേക്ക്‌ സങ്കീർണ്ണമായ അസ്വസ്ഥതകൾ ചൊരിഞ്ഞു. തന്നെക്കുറിച്ചുള്ള കഥയുടെ വലയ്‌ക്കപ്പുറത്തു കുടുങ്ങിക്കിടക്കുന്ന സെലീനയേയും മിനിമോളേയും കുറിച്ചുള്ള കഥയാണ്‌ ആൽബർട്ടിനെ പേടിസ്വപ്നത്തിലാഴ്‌ത്തിയത്‌. അത്‌ മറ്റാരും കേൾക്കരുതേയെന്നവൻ കർത്താവിനോട്‌ പ്രാർത്ഥിച്ചു.

അച്ചന്റെ ഓർമ്മപ്പെടുത്തൽ, ഓർമ്മയിലണയാതെ കിടന്ന സത്യമോ എന്ന്‌ ആൽബർട്ടിനറിയില്ല. അച്ചന്റെ മനസിനു മങ്ങലേറ്റതിനുശേഷമാണ്‌ സെലീനയും മിനിമോളും അച്ഛന്റെ അസ്വസ്ഥതകൾക്കിടയിൽ ആൽബർട്ടിന്റെ മനസിലേക്ക്‌ സംശയത്തിന്റെ വിങ്ങലായെത്തിയത്‌.

ഗ്രബിയേലച്ചന്റെ മുറിവുവീണ മനസ്‌ ജീവിതത്തെക്കുറിച്ചു ചിന്തിക്കുകയായിരുന്നു. ബോധാബോധങ്ങളുടെ മായ കലർന്ന മനസിൽ ജീവിതം ഒരടിമവേലയാണെന്ന്‌ അച്ചനു തോന്നി. ഒന്ന്‌ ആശിച്ച്‌ മറ്റൊന്നു നേടി തന്നെത്തന്നെ അന്യനായി നോക്കിക്കാണേണ്ട അവസ്ഥ.

ആൺകുട്ടിയായാൽ അച്ചനാക്കാം എന്ന നേർച്ചയുടെ നിയോഗമായിരുന്നു അച്ചന്റെ ജീവിതം.

ജീവിതത്തെ പ്രണയിച്ചുതുടങ്ങിയപ്പോൾ ഡോക്ടറാവാൻ മെഡിക്കൽ കോളേജിൽ ചേർന്നതും. ഡോക്ടറാവുന്നതും അച്ചനാവുന്നതുമൊക്കെ ദൈവത്തിനു മുന്നിൽ ഒന്നാണെന്നു കരുതിയതുമൊക്കെ അച്ചൻ ഓർമ്മിച്ചു.

“കർത്താവിനോടുപോലും നീതികാണിക്കാൻ എനിക്കായില്ല.” കഴുത്തിൽക്കിടന്ന മാലയിലെ ക്രൂശിതരൂപത്തിൽ അച്ചൻ മുത്തി.

സമസ്യകളായി നീളുന്ന അച്ചന്റെ വാക്കുകളുടെ അന്തസത്ത തിരയുകയായിരുന്നു ആൽബർട്ട്‌. അച്ചന്റെ വാക്കുകളിലെ രേഖകൾ ചേർത്ത്‌ ആൽബർട്ടവർക്ക്‌ രൂപം കൊടുത്തു. തന്റെ മുന്നിൽ ഒരു ചതുരംഗപ്പലകയുണ്ടന്നവനു തോന്നി. ഒരറ്റത്ത്‌ അവനും അച്ചനുമായിരുന്നു. മറുവശത്തൊരു കോമാളിയും. അയാളുടെ കൈകൾ തങ്ങളുടെ വെളുത്ത കരുക്കളിലൊക്കെ കറുത്തനിറം പൂശുന്നു.

“എന്റെ വഴി മറ്റുള്ളവരുടെ മുന്നിൽ ദൈവനിഷേധമായി. അതിനിടയിലെപ്പോഴോ സെലീനയും.... പക്ഷെ വിധി.... രോഗത്തിനും മരണത്തിനുമിടയ്‌ക്കുള്ള ദുരിതത്തിൽ അപ്പൻ പിടഞ്ഞപ്പോൾ എല്ലാവരുടേയും ശാപം. അവിടെ ഞാൻ തോറ്റു”. അച്ചൻ കിതച്ചു.

ആൽബർട്ട്‌ മുറിക്കു പുറത്തിറങ്ങി. പള്ളിയുടെ മുന്നിലെ കുരിശിലേക്കവൻ കുറേനേരം നോക്കിനിന്നു.

അകത്ത്‌ അച്ചന്റെ ചുമ കേട്ടു. ആൽബർട്ട്‌ അകത്തേക്കോടി. അച്ചൻ ശക്തിയായി ശ്വാസം വലിക്കുകയായിരുന്നു. ചുമയ്‌ക്കാൻ ശക്തിയില്ലാതെ അച്ചനവനെ നോക്കി. ഈ ചുമ അച്ചന്റെ ശരീരത്തിൽ നിന്നും പ്രാണനെ പറിച്ചെടുത്തുകൊണ്ടു പോകുമോ എന്നവൻ ഭയന്നു.

മേശപ്പുറത്തിരിക്കുന്ന വെള്ളത്തിനു നേരെ അച്ചൻ കൈചൂണ്ടി.

ആൽബർട്ട്‌ വെള്ളം ഗ്ലാസ്സിൽ പകർന്ന്‌ തുള്ളികളായി അച്ചന്റെ വായിലേക്കിറ്റിച്ചു. വെള്ളം കുടിച്ച അച്ചന്റെ മുഖത്തൊരു തളർന്ന പുഞ്ചിരിയുണ്ടായി.

“ഞാനവരെ കണ്ടു. സെലീനയേയും എന്റെ മോളേയും. അവളങ്ങു വളർന്നു. എന്നെ കാണാൻ അവരു വരും. തീർച്ചയായും വരും. ജീവിതത്തിലാദ്യമായി ഞാനെന്റെ മകളെ കണ്ടു. അതുകഴിഞ്ഞേ ഞാൻ മരിക്കൂ.”

അച്ചന്റെ ആഗ്രഹംപോലെ ഒരമ്മയും മകളും വന്നിരുന്നെങ്കിലെന്ന്‌ ആൽബർട്ട്‌ മോഹിച്ചു.

“അധികം സംസാരിക്കരുതെന്നാ ഡോക്ടർ....” ആൽബർട്ട്‌ മുഴുമിച്ചില്ല.

“ഞാനിനി എത്രനാൾ സംസാരിക്കും കുഞ്ഞേ? വെറുതെ ഒരു ജീവിതം. ആർക്കും ഒരു ഫലവുമില്ലാതെ... ഞാൻ പോയാലും എന്നെക്കുറിച്ചോർമ്മിക്കാൻ ഒന്നുമില്ല....”

ആത്മാവിനു പൊള്ളലേറ്റപോലെ ആൽബർട്ടിനു തോന്നി.

“ഓർമ്മിക്കാൻ ഏറെയുണ്ടച്ചോ.” അവൻ വിതുമ്പിപ്പോയി.

“കർത്താവ്‌ കുരിശിലനുഭവിച്ച വേദനയാ എനിക്കിന്ന്‌ സെലീനയേയും മോളേയും എനിക്കൊന്ന്‌ കാണണം. അവരു വരില്ലേ?” അച്ചൻ ആൽബർട്ടിനെ പ്രതീക്ഷയോടെ നോക്കി

“വരും.” അവൻ ഉറപ്പിച്ചു പറഞ്ഞു.

അച്ചന്റെ മുഖത്തൊരു പുഞ്ചിരിയുണ്ടായി.

****

പള്ളിയിൽനിന്ന്‌ പ്രാർത്ഥനാഗാനം കേട്ടുകൊണ്ടാണ്‌ ആൽബർട്ട്‌ ഉണർന്നത്‌. കുറേനേരത്തേക്ക്‌ അവനൊന്നും ഓർമ്മ വന്നില്ല. അച്ചനെ തിരഞ്ഞപ്പോഴാണ്‌ സത്യം അവനനുഭവപ്പെട്ടത്‌. പള്ളിയിലേക്കവൻ ഓടി. ആൽബർട്ടിന്റെ കൈകളിൽ മുറുകെ പിടിച്ചുകൊണ്ടാണ്‌ അച്ചൻ മരിച്ചത്‌. അച്ചന്റെ മരണം സത്യമായനുഭവപ്പെട്ടപ്പോൾ ഒരർദ്ധമയക്കത്തിലേക്കവൻ ആണ്ടുപോയി.

സെമിത്തേരിയിൽ ആളുകളെല്ലാമൊഴിഞ്ഞിട്ടും അച്ചന്റെ കല്ലറക്കുമുന്നിൽ ആൽബർട്ട്‌ നിന്നു. അവന്റെ കണ്ണുകൾ അപ്പോഴും നിറഞ്ഞൊഴുകുകയായിരുന്നു. പിന്നീടതൊരു തേങ്ങലിലേക്കും പൊട്ടിക്കരച്ചിലിലേക്കും വഴിമാറി.

അച്ചന്റെ കല്ലറക്കു മുകളിൽ ഒരു വെള്ളരിപ്രാവ്‌ പറന്നിറങ്ങി. അതിന്റെ കുറുകൽ കേട്ട്‌ ആൽബർട്ട്‌ തലയുയർത്തി.

പ്രാവ്‌ അവനെത്തന്നെ നോക്കുകയായിരുന്നു. തന്റെ തലക്കകത്തൊരു മരവിപ്പുവന്ന്‌ കാഴ്‌ച മങ്ങുന്നതുപോലെ ആൽബർട്ടിനു തോന്നി. മങ്ങിയ കാഴ്‌ചക്കുള്ളിൽ നിറയുന്ന രൂപം കാണാൻ അവൻ കണ്ണുചിമ്മി.

“ഞാനപ്പോൾ ക്രിസ്തുവിനെ കണ്ടു”. അച്ചന്റെ വാക്കുകൾ അവനോർമ്മിച്ചു.

സുരേഷ്‌ പരിയാത്ത്‌

കീഴില്ലം. പി.ഒ., എറണാകുളം-683541


Phone: 9847771266




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.