പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

മെറ്റിൽഡ - ചില സ്വപ്‌നദൃശ്യങ്ങൾ!

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കുക്കു കൃഷ്‌ണൻ

കടൽ പഴയ പടി ശാന്തമായപ്പോൾ ഗുഹാമുഖത്തെ ഉഷ്‌ണക്കാറ്റിൽ പിടച്ചു വീണ പഴയ മാമൂലുകളുടെ ഓർമ്മക്കുമുകളിൽ തുപ്പൽ നനഞ്ഞ ചിറി തുടച്ച്‌ അധികാരങ്ങളുടെ അടിയൊഴുക്കിലെ കുതന്ത്രങ്ങളിൽ തലയിട്ടുരുട്ടി ആയുസ്സിന്റെ അളവു കോലാൽ അടിവരയിട്ടു ചുവപ്പിച്ച മാനദണ്ഡങ്ങൾ ചവുട്ടി മെതിച്ച്‌.... അയാൾ ദുരങ്ങൾ പിന്നിട്ടിരിക്കുന്നു..!! മെറ്റിൽഡയുടെ സ്വപ്‌നദൃശ്യങ്ങൾ തുടങ്ങുന്നതിങ്ങനെയാണ്‌.!

ഇപ്പോൾ വേദത്തിന്റെ ജ്‌ഞ്ഞാന കാണ്ഡങ്ങൾ ഊറ്റിക്കുടിച്ച്‌.... സഹനത്തിന്റെ ഋജുരേഖകളിലൂടെ ജൂതൻ കുന്നിന്റെ അസ്‌തിവാരങ്ങളിലെ കരിമ്പാറകൂട്ടങ്ങളിൽ നിലയുറപ്പിച്ച്‌ മേഘങ്ങളോട്‌ സല്ലപിക്കുകയാണയാൾ.....!

അപ്പോൾ കാലത്തിന്‌ കുറുകെ സഞ്ചരിക്കുന്നവരുടെ കൂട്ടത്തിൽ കാഴ്‌ചക്കാരിയായി അവളുമുണ്ടായിരുന്നു.! അയാളെ ഒരുപാട്‌ അതിശയിക്കാറുള്ള പെൺകുട്ടി !! യാത്രാ.... മദ്ധ്യേ..... സൂര്യന്റെ വടക്കോട്ടുള്ള ഗതിയിലേക്ക്‌ കാൽ വഴുതിയപ്പോഴാണ്‌ അവൾ അയാളെ കണ്ടത്‌. ഒരു നിമിഷം അവൾ അകക്കണ്ണിൽ വെളിച്ചം നിറച്ച്‌ ആകാശത്തിലെ ചില്ലുജാലകങ്ങൾ വിടർത്തി ജൂതൻ കുന്നിന്റെ താഴ്‌വാരങ്ങളിലേക്കിറങ്ങി.

പാറക്കെട്ടിലെ കൊടും ചൂടിനു താഴെ ഒരു നീർച്ചാല്‌ ഇളകി മറിയുന്ന ദൃശ്യം അവളുടെ ഉള്ളിൽ തണുത്തപ്പോൾ അയാൾ വിയർത്തൊഴുകി കുന്നിറങ്ങി അവൾക്കു മുൻപേ കടന്നു പോയതറിഞ്ഞു. ഒട്ടും അമാന്തിക്കാതെ - ഒരു വ്യാഴവട്ടം മുഴുവനും അവൾ അയാളുടെ പുറകെ ഓടി. അവസാനം നീണ്ടതും...., കുറിയതും....., വളഞ്ഞതുമായ വഴികൾ പിന്നിട്ട്‌ കാടിന്റെ ക്രൗര്യതയിൽ.... ശ്വാസമടക്കി, ഇലപ്പടർപ്പിലേക്ക്‌ തളരവേ.... അയാളെ ആദ്യം കണ്ടുമുട്ടിയ രംഗം അവൾക്ക്‌ ഓർമ്മ വന്നു.

അന്ന്‌ പ്രളയം കഴിഞ്ഞതിനു ശേഷമുള്ള സന്ധ്യയായിരുന്നു...! കടലിലേക്ക്‌ നോക്കി - ജലപ്പരപ്പിലെക്ക്‌ സ്വർണ്ണമത്സ്യത്തെ എങ്ങനെ - കൊണ്ടുവരാം എന്നു ഗാഢമായി ചിന്തിച്ചിരിക്കുമ്പോഴാണ്‌ ഒരു വലിയ ഭാണ്ഡം തൂക്കി അയാൾ മുന്നിൽ വന്നത്‌...! മുഷിഞ്ഞ വസ്‌ത്രവും.... പരിഷ്‌ക്കാരമില്ലാതെ വളർന്നിറങ്ങിയ മുടിയും..., താടിയും.... ആഴത്തിലുള്ള നോട്ടവും.... വക്രബുദ്ധിയോടെയുള്ള ചിരിയുമായി അയാൾ സ്വയം പരിചയപ്പെടുത്തി.

“ഞാൻ..... സർവ്വജ്ഞൻ. സൂര്യനിൽ നിന്നു വരുന്നു. - തീഗോളത്തിന്റെ കടുകുമണിയോളം ഞാനാണ്‌.! ഞാൻ... ചെറുതായൊന്നു തുപ്പിയാൽ മതി - നീയ്യടക്കമുള്ള ഈ.... ‘ധര’.... നാമാവശേഷമാകും...!

”ഓഹോ.... അങ്ങിനെയോ....? എന്നാൽ അതു കണ്ടിട്ടു തന്നെ കാര്യം.“

അവൾ കഠിനമായ രോഷത്തോടെ അരയും...., തലയും മുറുക്കി രംഗത്തിറങ്ങി.

”ഒരു വേള അയാൾ അവളെ തിരക്കി. ആരാണ്‌..... നീ...“?

അതിനു മറുപടിയായി കടലിലേക്ക്‌ വിരൽചൂണ്ടി അവൾ ഉറച്ച സ്വരത്തിൽ ഇങ്ങനെ പറഞ്ഞു.

”ഞാൻ ഇവളുടെ മകളാണ്‌. നീ ഒരു കടുകുമണിയോളം തീ... തുപ്പിയാൽ.... ഞാൻ മലയോളം നീർ തുപ്പും.

അവളുടെ അർത്ഥശൂന്യമായ ഭാഷ്യം കേട്ട്‌.... ആർത്ത്‌ ചിരിച്ച്‌.... പിന്നീട്‌ സ്വയം വീമ്പിളിക്കിയ.... തന്റെ പാഴ്‌വാക്കുകളെയോർത്ത്‌..... നിശ്ശബ്‌ദനായി പലവട്ടം അവളെ തിരിഞ്ഞു നോക്കി. പിൻതിരിയുമ്പോൾ ഉള്ളിലെ അതിശയം വളർന്ന്‌... പുറമെപ്രകടിപ്പിച്ച രോഷം അകന്ന്‌.... ഒടുവിൽ നെഞ്ചിലൂടെ എന്തെല്ലാമോ.... തട്ടിത്തൂവി.... പിന്നീടലിഞ്ഞടർന്ന്‌.... ഒരു ചെറിയ.... വലിയ ഇഷ്‌ടമായി രൂപാന്തരപ്പെടുകയായി അവളിൽ അയാൾ....!!

പിന്നീട്‌, കണ്ടതും...., പറഞ്ഞതും.... പ്രണയത്തിലേയ്‌ക്ക്‌ വലതുകൈവള്ള അമർത്തിവെച്ചതും ശ്രാവസ്‌തിയിൽ വെച്ചായിരുന്നു....! ശിരോചർമ്മം മൂടിയ ബുദ്ധസന്ന്യാസിമാരുടെ അവസാന നിരയും.... പാതവിട്ടപ്പോൾ - ‘രാ’മഞ്ഞിന്റെ മറ നീക്കി... പ്രണയാതുരനായി...., നക്ഷത്രങ്ങളോടെന്നപോലെ അയാൾ വിലപിച്ചു.

“എനിക്ക്‌ നിന്നോട്‌ പ്രണയം തോന്നുന്നു മെറ്റിൽഡാ.... അന്നു നിന്നെ കണ്ടതു മുതൽ... ഞാൻ വളരെയേറെ വിവശനാണ്‌.!!”

“നിങ്ങൾക്ക്‌.... നിങ്ങൾക്കങ്ങിനെ.... എന്റെ പേരറിയാം....?!

അന്ന്‌ ഞാൻ പേര്‌ പറഞ്ഞില്ലല്ലോ...” അവൾ... വിസ്‌മയത്തോടെ മിഴികൾ വിടർത്തി.

“ഇല്ലായിരിക്കാം. പക്ഷെ നിന്റെ പേരെനിക്ക്‌ - തിരമാലകളാണ്‌ പറഞ്ഞു തന്നത്‌​‍ാ”

“അതയോ....! തിരമാലകളെന്റെ കൂട്ടുകാരാണ്‌.” അവൾ ശബ്‌ദം താഴ്‌ത്തി അറിയിച്ചു.

അതിനുശേഷം ഭൂമിയിലെ സർവ്വചരാചരങ്ങളും അയാളുടെ കാൽച്ചുവട്ടിലൂടെയാണ്‌ ഒലിച്ചുപോയത്‌. ഒടുവിൽ - കാലിൽ വന്നു തടഞ്ഞ ആട്ടിൻപറ്റങ്ങളിൽ വിരൽ തൊട്ട്‌ ചക്രവാളങ്ങളെ കീറിമുറിച്ച്‌ - ഗ്രഹങ്ങളെ കീഴ്‌മേൽ മറിച്ച്‌... അയാൾ രാത്രി പകുതിയാക്കിയിരിക്കുന്നു....!!

മെറ്റിൽഡയുടെ സ്വപ്‌നം കാടിറങ്ങുകയാണ്‌. ചിന്തകളിൽ ചെറുചിറകുകൾ ചേർത്ത്‌ അയാൾ മെറ്റിൽഡയുടെ സ്വപ്‌നങ്ങളിലേക്ക്‌ തിരിച്ച്‌ പറന്നിറങ്ങി...!!

ഇപ്പോൾ കാടും കാട്ടുവഴികളും പിന്നിട്ട അവളുടെ ക്ഷീണിച്ച മുഖത്ത്‌ - കരഞ്ഞതും ചിരിച്ചത്‌ ഭ്രാന്തമായതും..., വിഹ്വലമായതും, ലജ്ജിച്ചതുമായ അനവധി സ്‌ത്രീഭാവങ്ങൾ...!!!

അവയിൽ പലതും ഭൂമിയിലെ പലയിടങ്ങളിൽ വെച്ചു കണ്ട സ്‌ത്രികളുടെ വിവിധതരത്തിൽ വേദനിക്കുന്ന മുഖങ്ങളാണെന്ന്‌ തിരിച്ചറിഞ്ഞപ്പോൾ അയാൾ ഈ കാലഘട്ടത്തിലേക്കിറങ്ങി ഇപ്പോൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ... പൊള്ളുന്ന വഴികളിലൂടെ സഞ്ചരിക്കുകയാണ്‌.

പുറകിലെ കാൽപ്പെരുമാറ്റം കേട്ട്‌ മെറ്റിൽഡ തിരിഞ്ഞു നോക്കി - തൊട്ടുപുറകിൽ അയാൾ സർവ്വജ്ഞൻ ഉള്ളിന്റെയുള്ളിൽ പ്രണയത്തിന്റെ ഒരു തുടം പൊട്ടിച്ചിതറി ആദ്യം ലജ്ജയും പിന്നീട്‌ പുഞ്ചിരിയും തുടർന്ന്‌ കണ്ണീരുമായി പ്രവഹിച്ചപ്പോൾ അയാൾ അവൾക്കു പുറം തിരിഞ്ഞ്‌ നിലാവിനെ മറച്ചു.!

ഇപ്പോൾ മെറ്റിൽഡ കനത്ത ഇരുട്ടിൽ തപ്പിത്തടയുകയാണ്‌. ഒന്നും വ്യക്തമാവുന്നില്ലെങ്കിൽ തന്റെ മായക്കാഴ്‌ചകളിൽ ഭ്രമമേറി.... ഇരുട്ടിനെ ശപിച്ച്‌...., നിദ്രയിൽ പിടഞ്ഞ്‌ ഉണർച്ചയിലേക്ക്‌ തിരിച്ചു വരാനായി ഇനിയും.... വിനാഴികകൾ ബാക്കി നിൽക്കെ - സർവ്വജ്ഞൻ തന്റെ വിരൽത്തുമ്പിനാൽ നിലാവിനെ സ്വതന്ത്രമാക്കിയപ്പോൾ... നടവഴികളിൽ കൊലവിളികൾ മുഴക്കിയും...., പവിത്രനദികളിൽ കബന്ധങ്ങൾ ഒഴുക്കിയും...., പാചകപ്പുരകളിൽ മനുഷ്യന്റെ പച്ചമാംസങ്ങൾ - കരിച്ചും...., ഭർത്തൃഗൃഹങ്ങളിൽ സ്‌ത്രീ പീഢനങ്ങൾ ഏറിയും മെറ്റിൽഡയുടെ സ്വപ്‌നങ്ങൾ സെന്റ്‌ വെച്ച്‌ സംഭവബഹുലമാവുകയാണ്‌...!!

ഗതകാലങ്ങളിൽ സ്വാതന്ത്ര്യത്തിനുവേണ്ടി.... രക്തം ചീന്തിയെറിഞ്ഞ്‌ ജീവൻ ബലി കഴിച്ച മഹാൻമാരുടെ ചരിത്രസ്‌മാരകങ്ങളിൽ ചവുട്ടി നിന്ന്‌ ഇന്ന്‌ സ്വന്തം സഹോദരങ്ങൾക്ക്‌ നേരേ..... വാളോങ്ങി പോർവിളികൾ മുഴക്കിക്കടന്നു പോകുന്ന പച്ചപ്പരിഷ്‌ക്കാരികളായ മനുഷ്യർക്കിടയിൽ പ്രാകൃതനായ അയാൾ തനിക്കു വഴങ്ങാതെ കുതിച്ചു പായുന്ന കാലത്തിനും...., കാടത്തങ്ങൾക്കും പുറകിൽ ഒറ്റപ്പെട്ട നിന്നു...! ഇപ്പോൾ മെറ്റിൽഡ തന്റെ കഥയില്ലായ്‌കൾ നിറഞ്ഞ സ്വപ്‌നദൃശ്യങ്ങളിൽ നിന്ന്‌ പരിപൂർണ്ണമായും മുക്തയായിക്കഴിഞ്ഞിരുന്നു.

കുക്കു കൃഷ്‌ണൻ

പന്തല്ലൂർ വീട്‌,

ചൊവ്വന്നൂർ തപാൽ,

കുന്നംകുളം വഴി,

തൃശൂർ ജില്ല,

പിൻ - 680503.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.