പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ആകാശക്കൂട്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ.കെ.പല്ലശ്ശന

ഭൂമിയില്‍ ഒരു വീട് എന്ന് അയാളുടെ ആഗ്രഹം വെറുതെയായിരുക്കുന്നു. കിട്ടിയത് ആകാശത്തില്‍ ഒരു കൂട്. അതെ, അരക്കോടി രൂപക്ക് നഗര മധ്യത്തില്‍ പതിനൊന്നാം നിലയില്‍ മുന്നൂറ് സ്ക്വയര്‍ഫീറ്റില്‍ ഒരിടം.

ഫ്ലാറ്റ് മതിയെന്നത് അനിതയുടെ തീരുമാനമായിരുന്നു. പിറന്നു വീണ ഗ്രാമത്തിലെ ഒരേക്കര്‍ പറമ്പും ഓടിട്ട പത്തായപ്പുര വീടും അവളുടെ അഭിരുചികള്‍ക്ക് പൊരുത്തപ്പെടുന്നതായിരുന്നില്ല.

''ഇത് കാട്ടുവാസികള്‍‍ക്കുള്ള ഇടമാണ് നമുക്ക് ടൗണിലെ ആ ഫ്ലാറ്റു മതി.''

അവള്‍ ഉറപ്പിക്കുകയായിരുന്നു.

തിരുത്താന്‍ ശ്രമിച്ചാലും ഫലമില്ലെന്നറിയുന്നതു കൊണ്ട് അയാള്‍ അതിനു മുതിര്‍ന്നില്ല.

പതിനൊന്നാം നില തന്നെ വേണമെന്നതും അനിതയുടെ താല്പര്യമായിരുന്നു. ''നമുക്കു ചേക്കേറാന്‍ പറ്റിയ ഇടം ഇതാണ്''.

അപ്പോഴും അയാള്‍ ഒന്നും പറഞ്ഞില്ല.

ഫ്ലാറ്റില്‍ താമസമാക്കിയ ദിവസം അവര്‍ തനിച്ചായപ്പോള്‍ ഭൂമിയിലെ കാഴ്ചകള്‍ക്കായി അവള്‍ ജനാലകള്‍ ഒന്നൊന്നായി തുറന്നിട്ടു.

''ഇവിടെ നിന്നു നോക്കിയാല്‍ പ്രകാശന്‍ ഡോക്ടറുടെ ആശുപത്രി കാണാം.''

അവള്‍ ആവേശത്തോടെ പറഞ്ഞു.

''റോസ് നിറത്തിലുള്ള ആ തീപ്പട്ടിക്കൂട് നമ്മുടെ സാറാമ്മയുടേതല്ലേ?''-അവള്‍ വല്ലാത്തൊരു ചിരിയോടെ ചോദിച്ചു.

'' നോക്കു നിങ്ങള്‍ ഒന്നും കാണുന്നില്ലേ ?''- ഒടുവില്‍ അവള്‍ അയാളുടെ നേര്‍ക്ക് തിരിഞ്ഞു.

നഷ്ടപ്പെട്ട ഇടങ്ങളെക്കുറിച്ചായിരുന്നു പതിനൊന്നാം നിലയിലെ ആകാശക്കൂട്ടിലിരുന്ന് അപ്പോള്‍ അയാള്‍ ആലോചിച്ചുകൊണ്ടിരുന്നത്.

അറ്റവേനലിലും പച്ചപ്പുകെടാത്ത നെല്പ്പാടങ്ങള്‍. മേടമെത്തും മുമ്പേ പൊന്നണിയാന്‍ തിടുക്കം കൂട്ടൂന്ന കണിക്കൊന്നകള്‍ ആമ്പല്‍ പൂക്കളുടെ നിറപുഞ്ചിരിയുമായി വയല്‍ക്കുളങ്ങള്‍. പൊന്‍ കണിയായി പുഴയോരത്തെ വെള്ളരിപ്പാടങ്ങള്‍.

'' ഞാന്‍ കാണുന്നുണ്ട്.''- അയാള്‍ പിറുപിറുത്തു.

'' ആമ്പല്‍ക്കുളത്തിലെ തെളിനീരില്‍ ചുണ്ടു പിളര്‍ത്തി പുറം കാഴ്ച കാണാനെത്തുന്ന പരല്‍മീന്‍ പറ്റങ്ങളെ......''

അവള്‍ അതുകേട്ടില്ലെന്നു തോന്നുന്നു. അല്ലെങ്കില്‍ കേട്ടതായി ഭാവിക്കാതെ പ്രകാശന്‍ ഡോക്ടറുടെ ആശുപത്രിയെക്കുറിച്ചും സാറാമ്മ ടീച്ചറുടെ തീപ്പട്ടിക്കൂടിനെക്കുറിച്ചും മറ്റും പെരുമഴപോലെ പറഞ്ഞു തുടങ്ങി.

കെ.കെ.പല്ലശ്ശന

ആലുംപാറ,

പല്ലശ്ശന പി.ഒ,

പാലക്കാട്‌.

678 505
Phone: 9495250841
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.