പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

അമ്മയും മക്കളും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അച്ചാമ്മ തോമസ്

കര്‍ക്കടകം പോയി ചിങ്ങം പിറന്നു. മഴക്കു മാത്രം ശമനമില്ല. വല്ലാത്ത തണുപ്പും കാറ്റും. ഞാനെന്റെ മനുഷ്യഗന്ധമുള്ള പെണ്ണിന്റെ ഒരു കോപ്പിയുമായി ജനാലക്കലിരിപ്പുറപ്പിച്ചു. മഴയുടെ താളവും കാറ്റിന്റെ ലയവും എന്റെ എഴുത്തുകളെ എപ്പോഴും താലോലിച്ചിട്ടേ ഉള്ളു. ആദ്യ പ്രണയത്തേയും ആദ്യസന്തതിയേയും ആദ്യ ചുംബനത്തേയും സ്ത്രീ മറക്കില്ല. എഴുത്തുകാരന്‍ തന്റെ ആദ്യ സൃഷ്ടിയെയും.

എനിക്കെന്റെ മനുഷ്യഗന്ധമുള്ള പെണ്ണിനെ മറക്കാനാവില്ല ചെമ്പിച്ച മുടിയും കാടിന്റെ പച്ചപ്പു കലര്‍ന്ന വലിയ കണ്ണുകളും ഇരുട്ടിന്റെ നിറമുള്ള ദേഹവും . വായുഭഗവാന്റെ പുത്രനായ, ഭീമന്റെ ഭാര്യ ഹിഡുംബി. ഘടോല്‍ക്കചന്റെ അമ്മ.

മഹാഭാരതയുദ്ധം കഴിഞ്ഞ് വീരസ്വര്‍ഗ്ഗത്തിലേക്ക് പഞ്ചപാണ്ഡവര്‍ പോകുന്ന പോക്കില്‍ സ്നേഹിച്ചു കാത്തിരുന്ന പെണ്ണിന്റെ അടുത്തേക്ക് തിരിച്ച ഭീമന്‍. വലിയ ശരീരവും ശക്തിയും ഭാരമാണെന്ന് തിരിച്ചറിഞ്ഞ ഭീമന്‍. സ്നേഹവും കാത്തിരുപ്പും കൊണ്ട് സ്വന്തം പുരുഷനെ വീണ്ടെടുത്ത ഹിഡുംബി എന്നും എനിക്കു പ്രിയപ്പെട്ടവളായിരുന്നു.

ഇടിമിന്നലിന്റെ വെളിച്ചത്തില്‍ ഇരുട്ടിനെ തോല്‍പ്പിച്ചുകൊണ്ട് ഒരു രൂപം പണ്ടെന്റെ അടുക്കല്‍ വന്നെത്തിയതു പോലെ ജനാലക്കപ്പുറം മുറ്റത്തു ഒരു രൂപം നില്‍ക്കുന്നത് ഞാന്‍ കണ്ടു. ‘’ പേടിക്കേണ്ട ഞാന്‍ ഹിഡുംബി’‘ ആ രൂപം പറഞ്ഞു . ആദ്യമായി ഞാന്‍ കണ്ടതില്‍ നിന്നും അവളാകെ മാറിയിരിക്കുന്നു എങ്കിലും കാടിന്റെ പച്ചപ്പുള്ള കണ്ണുകള്‍ക്കും കാട്ടുമരങ്ങള്‍ കൂട്ടിമുട്ടും പോലുള്ള ആ ശബ്ദത്തിനും മാറ്റമില്ല. മുടി കോതി മിനുക്കി ഭംഗിയാക്കിയിരിക്കുന്നു . ആ വലിയ മാറിടം പട്ടു ചേല കൊണ്ട് മറച്ചിട്ടുണ്ട്. പട്ടുടയാട ഞൊറിയിട്ട് ഉടുത്ത്, കഴുത്തിലും കയ്യിലും ആഭരണങ്ങള്‍ . ഒരു രാജകീയ പ്രൗഢി എല്ലാത്തിലും. ക്ഷത്രിയനായ ഭീമനോടൊത്തുള്ള സഹവാസം അവളെ പുതിയൊരാളാക്കിത്തീര്‍ത്തിരിക്കുന്നു.

ഞങ്ങളുടെ രണ്ടാം മധുവിധുവിനെ പറ്റി നീയെന്താണൊന്നും എഴുതാത്തത് നിന്റെ തൊട്ടടുത്ത് തൊടുപുഴയാറിന്റെ ഫലഭൂയിഷ്ഠമായ കരയില്‍ ഒളമറ്റത്തെ ഉറവപ്പാറയില്‍ പ്രഭാതസൂര്യനേയും സായാഹ്ന സൂര്യനേയും സാക്ഷിയാക്കി ഞങ്ങളവിടെ സ്വര്‍ല്ലോകം പണിതു.

അവളൊന്നു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു നിര്‍ത്തി. ഹിഡുംബി അങ്ങനെയാണ്. പറയാന്‍ തുടങ്ങിയാല്‍ കാര്യങ്ങള്‍ വേഗം പറഞ്ഞു തീര്‍ക്കും. എല്ലാ കാര്യത്തിലും ഉണ്ട് ആ വേഗത. ആഹാരത്തിനായി വേട്ടയാടുമ്പോള്‍ ഞൊടിയിടയിലുള്ള മുയല്‍ വേട്ട ഭീമന് ആദ്യകാലങ്ങളില്‍ ഒരത്ഭുതമായിരുന്നു. അപ്പോഴൊക്കെ വായുപുത്രനു ചേരുന്ന പെണ്ണ് നീ തന്നെ എന്ന് അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല . പാറമുകളിലെ നിരപ്പില്‍ മൂന്നുകല്ലുകള്‍ കൂട്ടിവച്ച് കാട്ടുകിഴങ്ങുകളും ചുട്ട കാട്ടിറച്ചിയും കഴിക്കുമ്പോള്‍ ഭീമന്‍ സന്തുഷ്ടനായിരുന്നു. ആ സന്തുഷ്ടിയില്‍ നിന്ന് ഞങ്ങള്‍ക്കൊരു കുഞ്ഞു പിറ്ന്നു . എന്റെ നഷ്ടപ്പെട്ടുപോയ ഘടോല്‍ക്കചന്റെ അതേ രൂപമുള്ളൊരു കുഞ്ഞ്. പക്ഷേ പലപ്പോഴും വായുപുത്രന്‍ ചിന്താകുലനായി കാണപ്പെട്ടു. ദ്രൗപദിയെ ചിന്തിച്ചിരിക്കുകയായിരിക്കുമെന്ന് പെണ്‍ബുദ്ധികൊണ്ട് ഞാന്‍ കരുതി. എന്നാല്‍ അങ്ങനെയായിരുന്നില്ല. അമ്മയും സഹോദരങ്ങളും അവരായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍. മക്കളുടെ സ്നേഹം ഇത്രമേല്‍ ലഭിച്ചിട്ടുള്ള വേറൊരമ്മയും ലോകത്തുണ്ടാകില്ല. പെറ്റമ്മയെ ഇത്രമാത്രം സ്നേഹിച്ച മറ്റൊരു മക്കളും ഈ ഉര്‍വ്വിയിലില്ല. ഭൂമിയിലെന്തും തന്റെ മക്കള്‍ കഴിഞ്ഞേ കുന്തീദേവിക്കുണ്ടായിരുന്നുള്ളു. മക്കള്‍ക്ക് അമ്മയുടെ വാക്കുകള്‍ അവസാനത്തേതായിരുന്നു. അതു കൊണ്ടാണല്ലോ വനവാസക്കാലത്ത് ഭിക്ഷയാചിക്കാന്‍ പോയമക്കള്‍ തിരിച്ചു വന്നപ്പോള്‍ ലഭിച്ചതെന്താണെന്നു പോലും ചോദിക്കാതെ നിങ്ങളഞ്ചുപേരും കൂടി എടുത്തുകൊള്ളുക എന്ന് പറഞ്ഞ അമ്മയുടെ വാക്കുകളെ മക്കള്‍ തിരുവായക്ക് എതിരില്ലാതെ സ്വീകരിച്ചത്.

അസ്തമന സൂര്യന്റെ പൊന്‍പ്രഭയില്‍ മുങ്ങി ഭൂമി ദേവി നില്‍ക്കുന്നു. നാലുമണിപ്പൂക്കളെ തഴുകിയെത്തുന്ന കാറ്റേറ്റ് ഭീമന്‍ പാറയില്‍ കണ്ണടച്ച് മലര്‍ന്നു കിടന്നു . കുളിച്ച് താഴമ്പൂ ചൂടി കുഞ്ഞിനെയുമെടുത്ത് ഞാനടുത്തെത്തിയതൊന്നും ഭീമനറിഞ്ഞില്ല ‘’ അങ്ങയുടെ ചിന്തകളെ എന്നോടു പറഞ്ഞാലും ഈ ദു:ഖം കാണാന്‍ എനിക്കു കരുത്തില്ല. മാതാവിനേയോ പിതാവിനേയോ കണ്ട ഓര്‍മ്മയില്ല. ഒരു സഹോദരനും മകനും ഉണ്ടായിരുന്നതു നഷ്ടപ്പെട്ടു. എനിക്കങ്ങും ഈ കുഞ്ഞുമല്ലാതെ ആരുമില്ല. അവിടുത്തെക്കങ്ങനെയല്ല ക്ഷത്രിയ കുടുംബം മാതാപിതാക്കള്‍, വീരശൂരന്‍ പരാക്രമികളും ധര്‍മ്മപാലകരുമായ സഹോദരങ്ങള്‍ സുന്ദരിയായ ഭാര്യ ദ്രൗപദി ഈ പാവം ഹിഡുംബിയെ മടുത്തോ? എന്താണ് ദു:ഖ ഹേതു?'' ഭീമന്‍ എഴുന്നേറ്റിരുന്നു . കുഞ്ഞിനെ എടുത്തോമനിച്ച് എന്നെ വലം കയ്യാല്‍ അണച്ചു പിടിച്ചു. മാതാവിനെ പറ്റി ചിന്തിച്ച് ഞാനെല്ലാം മറന്നു. നീയറിയാത്ത എത്രയോ സംഭവങ്ങള്‍ അമ്മയുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്! പാണ്ഡുവും കുന്തിയും സപത്നി മാദ്രിയും പിതാവിന്റേയും മാതാവിന്റേയും ജീവിതത്തെപറ്റി പറയുമ്പോള്‍ മാദ്രിയെന്ന അമ്മയുടെ ജീവിതത്തെപറ്റി പറയാതിരിക്കാന്‍ പറ്റില്ല. ഒരിക്കല്‍ പാണ്ഡുവും പരിവാരങ്ങളും നായാട്ടിനായി കാട്ടിലേക്കു തിരിച്ചു. ഭൃത്യന്മാര്‍ കാടിളക്കി ആര്‍ത്തട്ടഹസിച്ച് ഉത്സാഹത്തിമിര്‍പ്പില്‍. കാനനച്ചോലയുടെ തീരത്ത് കാട്ടുപൂക്കള്‍ സുഗന്ധം പരത്തുന്ന പച്ചപ്പുല്‍ത്തകിടിയില്‍ രണ്ടു മാനുകള്‍ ഇണചേര്‍ന്നു നില്‍ക്കുന്നു. കാടിന്റെ സംഗീതത്തില്‍ ലയിച്ച് കടലില്‍ ചേരുന്ന നദിപോലെ നീലാ‍കാശത്ത് അലിയുന്ന വെണ്മേഘത്തുണ്ടു പോലെ രണ്ട് അഗ്നിനാളങ്ങളുടെ ഒത്തുചേരല്‍ പോലെ രണ്ടുടലെങ്കിലും ഒന്നായ് നിന്ന മാനിണകളെ പാണ്ഡു അമ്പെയ്തു വീഴ്ത്തി. താപസനായ കിന്ദമുനിയായിരുന്നു മാന്‍ രൂപം പൂണ്ട് മാന്‍പേടയുമായി ഇണചേര്‍ന്നു നിന്നത് . വിധിയെ തടുക്കാന്‍ ആര്‍ക്കു കഴിയും? ‘’ കാമമോഹിതനായി ഭാര്യമാരെ പ്രാപിച്ചാല്‍ നിനക്കും മരണം സംഭവിക്കും ‘’ മുനി മരിക്കും മുമ്പ് രാജാവിനെ നശിപ്പിച്ചു.

രാജാവും കൊട്ടാരവുമുപേക്ഷിച്ച് പാണ്ഡു വാനപ്രസ്ഥജീവിതത്തിനായി ഇറങ്ങിത്തിരിച്ചു. സ്നേഹവതികളായ കുന്തിയും മാദ്രിയും അദ്ദേഹത്തോടൊപ്പം യാത്രയായി . കാമത്തിന്റെ കനലുകളെരിയുന്ന ശരീരങ്ങളില്‍ രുദ്രാ‍ക്ഷമാലകള്‍ അലങ്കാരമായി . വംശത്തിന്റെ പിന്തുടര്‍ച്ചക്കും പാലൂട്ടാന്‍ കൊതിച്ച് മാര്‍വിടങ്ങള്‍ക്കും പരിഹാരമായി കുന്തീദേവി തന്റെ മന്ത്രങ്ങളിലൂടെ യമധര്‍മ്മനില്‍ നിന്നും , വായു ഭഗവാനില്‍ നിന്നും , ദേവേന്ദ്രനില്‍ നിന്നും സന്താനസൗഭാഗ്യം നേടി. മാദ്രിയോ അശ്വനിദേവസന്താനങ്ങളെ ഏറ്റു വാങ്ങി. കുന്തിയുടെ ആദ്യസുതന്‍ സൂര്യപുത്രനായ കര്‍ണ്ണന്റെ - ജീവിതരഹസ്യം അമ്മക്ക് ഒരിക്കലും കെടാത്തൊരു കനലായി ഹൃദയത്തില്‍ സൂക്ഷിക്കേണ്ടി വന്നു.

ഞങ്ങളഞ്ചു പേരും അമ്മമാരുടെ താരാട്ട് കേട്ട് അച്ഛന്റെ വാത്സല്യമാസ്വദിച്ച് കാനനത്തില്‍ പിച്ച വച്ച് താമരപൊയ്കകളില്‍ നീന്തി രസിച്ചു. മരക്കമ്പുകള്‍ കൊണ്ട് അമ്പും വില്ലുമുണ്ടാക്കി. ചെറുമരങ്ങള്‍ പിഴുതെടുത്ത് ഗദയാക്കി . അത്തിയിലകള്‍ കോര്‍ത്ത് കിരീടമുണ്ടാക്കി. ഇത്രയും പറഞ്ഞദ്ദേഹം നെടുവീര്‍പ്പിട്ടു. അമ്മയുടെയും സഹോദരങ്ങളുടേയും സാമീപ്യം അദ്ദേഹം വളരെയധികം കൊതിക്കുന്നുണ്ടെന്ന് ആ കണ്ണുകള്‍ വെളിപ്പെടുത്തി. ആ വലിയ ശരീരത്തിലെ ചെറിയ മന‍സ്സിനെ ഞാന്‍ കൂടുതല്‍ അടുത്തറിഞ്ഞു. അവരെ കണ്ടെത്തിയിരുന്നെങ്കില്‍ അവരുടെ കൂടെ ഞാനദ്ദേഹത്തെ പറഞ്ഞയക്കുമായിരുന്നു. അകലെ നിന്നാ സ്നേഹം ഞാനാത്മാവിലേറ്റിയേനെ. അദ്ദേഹം തുടര്‍ന്നു വിധി വെറുതെയിരുന്നില്ല വസന്തം ഭൂമിയെ ആടയാഭരണങ്ങളണിയിച്ച് സുന്ദരിയാക്കി . കാനനമധ്യത്തിലെ ജീവിതം മാദ്രിയെ കൂടുതല്‍ മനോഹരിയാക്കി. വസന്തപൗര്‍ണ്ണമി പാണ്ഡുവില്‍ വികാരങ്ങള്‍ കത്തിച്ചു. മാദ്രിയെ പ്രാപിക്കുവോളം അതു വളര്‍ന്നു . അഭിശപ്തമായ ആ നിമിഷങ്ങളില്‍ പാണ്ഡുവിനെ മൃത്യു യമലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയി. ഭര്‍ത്താവിന്റെ മരണത്തിനുത്തരവാദി താനാണെന്ന ചിന്ത മാദ്രിയെ വേട്ടയാടി. കുന്തിയുടെ നോട്ടങ്ങളില്‍ അവള്‍ തലകുനിച്ചു. മക്കളെ കുന്തിയെ ഏല്‍പ്പിച്ച് മാദ്രി ഭര്‍ത്താവിന്റെ ചിതയില്‍ ജീവത്യാഗം ചെയ്തു. ഒന്നുമറിയാത്ത അഞ്ചുകുഞ്ഞുങ്ങളെ മറോട് ചേര്‍ത്ത് കാനനമദ്ധ്യത്തില്‍ വിധിക്കു കീഴടങ്ങി നിന്ന അമ്മ കുന്തി. ഭര്‍ത്താവിന്റേയും മാദ്രിയുടെയും ചിതയിലെ കനലുകളെരിയുന്നതും നോക്കിയിരുന്ന ആ സ്ത്രീയുട്രെ മനസിലെ കനല്‍ പിന്നീടൊരിക്കലും അണയുകയുണ്ടായില്ല. പലപ്പോഴായി അതാളി കത്തുകയാണുണ്ടായത്. ധൃതരാഷ്ട്രര്‍ കൊട്ടാരത്തിലേക്ക് ക്ഷണിക്കുകയും രാജാകുമാരന്മാര്‍ക്ക് എല്ലാ കലകളിലും ആയോധനകലകളിലും വിദ്യാഭ്യാസം ലഭ്യമാക്കിയെങ്കിലും കൗരവപുത്രനാമാരുടേയും മാതുലന്റേയും ഉപദ്രവങ്ങള്‍ സഹിക്കാവുന്നതിലപ്പുറമായിരുന്നു. കൊട്ടാരസമ്പന്നതയില്‍ ജീവിതം മറക്കാത്ത കുന്തി മക്കളെ നീതി നിഷ്ഠയിലും സ്നേഹത്തിലും ഐക്യത്തില്‍ വളര്‍ത്തി. ദ്വാരകാധിപന്‍ കൃഷ്ണന്‍ എല്ലാത്തിനും തുണയുണ്ടായിരുന്നു. അരക്കില്ലങ്ങളും ചൂതുകളിയും എന്നു വേണ്ട ചതിയുടെ വളവുകളും ജയപരാജയങ്ങളുടെ കേറ്റിറക്കങ്ങളുമായിരുന്നു ജീവിതപാതയിലെങ്ങും. വെള്ളവസ്ത്രത്തില്‍ പൊതിഞ്ഞ ലോലഗാത്രത്തേക്കാള്‍ എത്രയോ മടങ്ങ് ശക്തിയുള്ളതായിരുന്നു കുന്തിയുടെ മനസ്സ്. മക്കളഞ്ചിനേയും ചേര്‍ത്തു നിര്‍ത്തുന്നതില്‍ ആ അമ്മ എപ്പോഴും വിജയിച്ചു. പാണ്ഡുപുത്രരായ ഞങ്ങളുടെ വിജയം അതായിരുന്നു. അദ്ദേഹം പറഞ്ഞു നിര്‍ത്തിയിടത്ത് ഞാന്‍ കണ്ടെത്തിയത് ആ ഐക്യത്തിലുള്ള അദ്ദേഹത്തിന്റെ അഭിമാനവും സന്തോഷവുമായിരുന്നു.

ഇത്രയും ശ്രേഷ്ഠനായ ഒരാളുടെ ഭാര്യ ശ്രേഷ്ഠയായിരിക്കണം. ഞാനെന്റെ ജീവിതചര്യകളില്‍ മാറ്റം വരുത്തി. ദിവസേന കുളിച്ച് സുഗന്ധദ്രവ്യങ്ങള്‍ പൂശി പട്ടുടയാടകള്‍ ധരിച്ചു . ഭക്ഷണ ക്രമങ്ങളിലും മാറ്റമുണ്ടായി. കാട്ടാളജീവിതമുപേക്ഷിച്ച് പാണ്ഡവകുലത്തിനു ചേരുന്ന വധുവായി . എന്റെ മാറ്റം വായു പുത്രനെ സന്തോഷിപ്പിച്ചു . എന്നാലീ സന്തോഷമൊന്നും അധികനാള്‍ നീണ്ടുനിന്നില്ല. അദ്ദേഹമൊരുനാ‍ള്‍ പ്രിയപ്പെട്ടവരുടെ സവിധത്തിലേക്കു പോകുക തന്നെ ചെയ്തു .

ഭീമന്റെ കാലടി പതിഞ്ഞ പാറയിലിരുന്നു ഒരു പാടു കരഞ്ഞു. ഒരു പാടു ചിന്തിച്ചു കുഞ്ഞിന്റെ പുഞ്ചിരിക്കുന്ന മുഖം . ഓരോ അമ്മയ്ക്കും ജീവിക്കാന്‍ തോന്നുന്നത് ആ മുഖം കാണുമ്പോഴാണ്. പാണ്ഡുവും മാദ്രിയും എരിഞ്ഞ ചിതയുടെ മുമ്പില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്ന് മഹാഭാരതയുദ്ധം ജയിച്ച് വീരസ്വര്‍ഗത്തിലെത്തിയ അമ്മ കുന്തിയായിരുന്നു എന്റെ മനസുനിറയെ. അമ്മയും ജ്യേഷ്ഠന്മാരും അദ്ദേഹത്തെ കാത്ത് സ്വര്‍ഗത്തിന്റെ പടിക്കല്‍ കാത്തു നിന്നിരിക്കും. അവര്‍ ഭീമനെ കൂടാതുള്ള സ്വര്‍ഗ്ഗം എന്തു സ്വര്‍ഗ്ഗം? പറഞ്ഞു തീര്‍ന്നു ഹിഡുംബി തിരിഞ്ഞു നടന്നു. ചരലുകള്‍ ഞരങ്ങുന്നു കാനനഗന്ധമുള്ള ഇവള്‍ ഭീമനു മാത്രമല്ല എനിക്കും മനുഷ്യഗന്ധമുള്ള പെണ്ണായതെങ്ങനെ എന്ന് മഴത്തുള്ളികള്‍ ഇരുട്ടിന്റെ കാതില്‍ മന്ത്രിച്ചുകൊണ്ടിരുന്നു.

അച്ചാമ്മ തോമസ്

പൈനല്‍ (h),

കീരിക്കോട്,

തൊടുപുഴ ഈസ്റ്റ് - 685585

mob - 9497687112

pho - 0486-2225040

അച്ചാമ്മ തോമസ്




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.