പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

കല്യാണിയുടെ കാഴ്‌ചപ്പെരുമകൾ!

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കുക്കു കൃഷ്‌ണൻ

‘മോഹങ്ങൾ മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നു.....’ എന്നത്‌ കല്യാണിയുടെ നൂറ്‌ വിശ്വാസങ്ങളിൽ ഒന്നാണ്‌ പക്ഷെ കല്യാണി അതു പുറമെ പ്രകടിപ്പിക്കാറില്ലെന്നുമാത്രം.

കുഞ്ഞുനാൾ തൊട്ടെ ഓരോരോ..... മോഹങ്ങൾ കല്യാണിയെ മുന്നോട്ടു നയിച്ചു. ശൈശവം വിട്ട്‌ ബാല്യത്തിലേക്ക്‌ കാലൂന്നിയപ്പോൾ ആദ്യത്തെ മോഹവുമായി കല്യാണി ചിറകടിച്ച്‌ പറന്നത്‌ മാളിക വീട്ടിലെ തങ്കത്തിന്റെയും മണിക്കുട്ടിയുടെയും സൗഭാഗ്യങ്ങളിലേക്കായിരുന്നു.!

അവിടെ നല്ല, നല്ല.... ഉടുപ്പുകളായിട്ടും രൂചീകരങ്ങളായ ഭക്ഷണ പദാർത്ഥങ്ങളായിട്ടും അനവധി.! കല്യാണിയുടെ അമ്മ ദാക്ഷായനി അവിടത്തെ അടുക്കളപ്പണിക്കാരിയായതുകൊണ്ട്‌ എല്ലാത്തിന്റെയും ഓരോ..... ചെറിയ വിഹിതം കല്യാണിക്കെത്തിക്കാറുണ്ട്‌. എന്നിരുന്നാലും കല്യാണിയുടെ ബാല്യം അതിലൊന്നും തൃപ്‌തയായിരുന്നില്ല. അവർക്കറിയാമായിരുന്നു മാളിക വീട്ടീന്ന്‌ അമ്മ കൊണ്ടുവരുന്ന വിഹിതത്തിന്റെ മഹത്വം.! എന്തും അവിടത്തെ കുട്ടികൾ ഉപേക്ഷിച്ചതായിരിക്കും.! തങ്കത്തിന്റെ പുത്തനുടുപ്പിൽ ഒരു കറ വീണാൽ മതി. തങ്കം ആ, ഉടുപ്പ്‌ ഉപേക്ഷിക്കാൻ പിന്നീടത്‌ അമ്മയുടെ പഴയ മുണ്ടുപെട്ടിയിൽ ഭദ്രമായിരിക്കും. സമയം കിട്ടുമ്പോൾ അമ്മ മണ്ണാത്തിക്കാളീടെ കയ്യീന്ന്‌ കറയിളക്കണ മരുന്ന്‌ വാങ്ങി അലക്കിയിടും. ഉണങ്ങിക്കഴിഞ്ഞാൽ ചിരട്ടക്കനലിട്ട ഇസ്‌തരിപ്പെട്ടികൊണ്ട്‌ തുടച്ചുമിനുക്കും. അപ്പോ തങ്കത്തിന്റെ ഉടുപ്പ്‌ ചുങ്കത്തെ അങ്ങാടീന്ന്‌...... വാങ്ങിയതുപോലെ പുത്തനായിരിക്കും.! പക്ഷെ....... പറഞ്ഞിട്ടെന്താ..... കാര്യം. മറ്റൊരാള്‌ ഒരു വട്ടം ഉപയോഗിച്ച ഉടുപ്പല്ലേ......? അതും മാളികവീട്ടിലെ തങ്കം.!

കാവിലെ ഉത്‌സവത്തിന്‌ ആ ഉടുപ്പിടാൻ മനസ്സുണ്ടായിട്ടൊന്നുമല്ല. പിന്നെ എന്ത്വാന്നു വെച്ചാൽ. നിവൃത്തി കേടോണ്ട്‌ ഇട്ടൂന്ന്‌.... മാത്രം എന്നിട്ടൊ...... അന്നതിനു കേട്ട പരിഹാസവാക്കുകൾക്ക്‌ വല്ല കയ്യും, കണക്കുമുണ്ടായിരുന്നോ? എന്തൊക്കെയായിരുന്നു അയലോക്കത്തെ ആ നാണമില്ലാത്ത ജന്തുക്കള്‌.... പൊലമ്പിക്കൂട്ടിയത്‌.

“ദാണ്ടെ...., ആ ചെറോണക്കലെ ദാക്ഷാണീടെ പെണ്ണിന്റെയൊരു ജാട കണ്ടോ.....? ഓളിപ്പം മാളിക വീട്ടിലെ തങ്കാണെന്നാ വിചാരം. വെറുതെയല്ല പെണ്ണിന്‌ തന്തയില്ലാണ്ടായെ.....”

“ആ, ദാക്ഷാണി പകലന്ത്യോളം വല്ലവന്റേം....അടപ്പൂതിക്കിട്ടണതോണ്ടല്ലേ...... പെണ്ണിന്റെയി നെഗളിപ്പ്‌”

“അസത്താത്‌ ചൊല്ലുവിളിയില്ലാതെ വളർന്നവള്‌.

”പിറന്നു വീണയുടൻ തന്നെ തന്തക്കന്ത്യം കുറിച്ച അശ്രീകരം“

ഇമ്മാതിരി പരിഹാസവാക്കുകൾ താങ്ങാനുള്ള കെൽപ്പില്ലാതെ ബാല്യം കടന്നവളാണ്‌ കല്യാണി.! അന്നൊക്കെ ദേഷ്യവും സങ്കടവും സഹിക്കാണ്ടെ എല്ലാരും മുടിഞ്ഞ്‌.... മുടിഞ്ഞ്‌........ പോട്ടെന്ന്‌.... പ്രാകീയത്‌ മാത്രം മിച്ചം. അതോണ്ടെന്തായീ.............. കെഴക്കേലെ പ്രാക്കിളിപ്പറമ്പിൽ വത്സമ്മേടെ ഏട്ടന്‌ ഗൾഫീ...... പോകാനൊരു വമ്പൻ ചാൻസല്ലേ ഒത്തു കിട്ടീത്‌. അതും ഒറ്റ പൈസ ചെലവില്ലാതെ.! വേറെ ആർക്ക്‌ ലഭിക്കും ഇത്രേം വല്ല്യൊരു ഭാഗ്യം? അതീ..... കല്യാണീടെ അനശ്വര പ്രാക്കിന്റെ ഗുണന്യ........ അതോണ്ടിപ്പം വത്സമ്മേടെ കുടുംബം രക്ഷപ്പെട്ടു.

പിന്നെയോ...... എന്നും വെളുപ്പിനെ കട്ടൻചായ മൊത്തിക്കുടിക്കണ തെക്കേലെ കാർത്തീടെ വീട്ടിലേക്ക്‌ ഒരു സുപ്രഭാതത്തിൽ അസലൊരു തള്ളപ്പശൂം.... ക്‌ടാവുമല്ലേ..... കയറി വന്നത്‌. അതോണ്ടിപ്പം കട്ടൻ ചായക്കു പകരം നല്ല ചൂടുള്ള പാൽച്ചായക്കുടിക്കാറായില്ലേ...... കാർത്തികക്ക്‌! പിന്നെ ഊണിന്‌ മോര്‌, തൈര്‌, മുളകുകൊണ്ടാട്ടം, അതന്റെ പ്രാക്കിന്റെ ഗുണം തന്ന്യാ.... അന്നൊക്കെകാർത്തീടെ കുട്ടിത്വം വിളമ്പിയ പൊങ്ങച്ചം കേട്ട്‌ ... തലക്ക്‌ പെരുപ്പ്‌ കയറീട്ടൊണ്ട്‌. പിന്നെ വടക്കേലും പടിഞ്ഞാറേലും ദാരിദ്ര്യത്തിന്‌ പഞ്ഞമൊന്നുമില്ലേലും ധാരാളിത്തപ്പറച്ചിലിന്‌ ഒരു കുറവുമില്ല. എന്തൊക്കെയായാലും ഉളളിക്കും, മുളകിനും, കടുകിനും അവർക്കല്ലൊം ദാക്ഷാണീടെ അടുക്കളപ്പിറക്‌ തന്നെ വേണം.!

കല്യാണി അരിശത്തോടെ, തലേന്ന്‌ മഴ നനഞ്ഞ വിറകുകൊള്ളികൾ എടുത്ത്‌ അടുപ്പിലേക്ക്‌ തള്ളിക്കയറ്റി വെച്ച്‌ ശക്തിയായി ഊതി. അതോടെ ഉള്ള ‘തീ’ കൂടി അണഞ്ഞ്‌ ചാമ്പലിന്റെ ഒരു വലിയ പകുതിയോളം കല്യാണിയുടെ മുഖത്ത്‌ തന്നെ വന്നു പതിച്ചു. ഒപ്പം കറുത്തു കനത്ത ചൂടൻ പുകയും ഒരു മാതിരി മനം മടുപ്പിക്കുന്ന ഈറൻ മണവും കല്യാണി അസഹ്യതയോടെ മുഖം ചുളിച്ച്‌ കുടഞ്ഞ്‌........ അടുക്കളയിൽ നിന്നും പുറത്തു കടന്നു.

പുകകൊണ്ട്‌ അവളുടെ കണ്ണുകൾ നീറി ചുവന്നു. കൺമഷി പടർന്നിറങ്ങിയ കൺതടങ്ങളിൽ കറുപ്പും, കണ്ണീരും വീണു വികൃതമായി. കല്യാണി വടക്കു പുറത്തെ ചളുങ്ങിയ അലൂമിനിയം ചരുവത്തിലെ തണുത്ത വെള്ളത്തിൽ മുഖം കഴുകി അയയിൽ തോരാനിട്ട തോർത്തു മുണ്ടിൽ മുഖം അമർത്തിത്തുടച്ച്‌ വീണ്ടും അടുക്കളയിൽ കയറി പുകഞ്ഞു കിടക്കുന്ന അടുപ്പിനോട്‌ ഗുസ്‌തി തുടങ്ങി.

ഇത്തവണ എന്താണാവോ........‘തീ’ അറിഞ്ഞു. കത്തി.! ഒപ്പം തന്നെ അടുപ്പത്തെ അരി തിളക്കുന്നതിന്റെ മണവും പരന്നു. കല്യാണി മൂക്കു വിടർത്തി - പഴനെല്ലരിച്ചോറിന്റെ മണം - ആസ്വദിച്ചു. വിണ്ടും മഴയുടെ പടപ്പുറപ്പാട്‌ തുടങ്ങി. ഇക്കുറി കാലവർഷം ശടേ...ന്നെത്തുമെന്ന്‌ വിഷുഫലം പറയാനെത്തിയ കളരിപ്പണിക്കത്തിയാണ്‌ കല്യാണിയോട്‌ പറഞ്ഞത്‌.

അന്ന്‌ അമ്മ വിളമ്പിക്കൊടുത്ത വിഷുസദ്യ വയറു നിറച്ചുണ്ട്‌ കളരിപ്പണിക്കത്തി പടിയറങ്ങിയിട്ടേയുള്ളൂ.... അപ്പോഴേക്കും ചെമ്പാളക്കുന്നിനു പുറകിൽ കൊടുങ്കാറ്റാഞ്ഞു വീശി...... പടിഞ്ഞാറൻ ആകാശച്ചെരുവിൽ വെള്ളിടി വെട്ടി ചേക്കന്നം പാടത്തെ മത്തക്കൂട്ടങ്ങളെ കിടു..... കിട..... വിറപ്പിച്ച്‌.... ആദ്യമഴ പെയ്‌തിറങ്ങി.! പിന്നീടതൊരു തുടർമഴയായി ഇക്കണ്ട ദെവസോം പെയ്‌തു തിമർത്തു. ഇടക്കെപ്പോഴെങ്കിലും പിണക്കം നിർത്തി ഒന്നു പെയ്‌തു തോർന്നാലോ.... പിന്നെ കപട വെയിലിന്റെ മഞ്ഞച്ചിരിയായി ചേക്കന്നം പാടത്തെ മത്തപ്പൂവ്‌ വിരിഞ്ഞു നിൽക്കുന്നതുപോലെ!

കല്യാണി കറുത്തു കനത്തു നിൽക്കുന്ന ആകാശച്ചെരുവിലേക്ക്‌ കെറുവോടെ നോക്കി കൊഞ്ഞനം കുത്തി പ്രതിഷേധം പ്രകടിപ്പിച്ചു.

മഴ വീണ്ടും ചന്നം പിന്നം താളം വെച്ച്‌ കല്യാണിയുടെ ഗോഷ്‌ടി കാട്ടൽ - വക വെക്കാതെ തകൃതിയിൽ പെയ്‌തു തുടങ്ങി. അയയിൽ തോരാനിട്ട തുണികൾ നനഞ്ഞു. ചേമ്പിലക്കുട ചൂടി കല്യാണി മുറ്റം നീളെ പരക്കം പാഞ്ഞു. എന്തു പ്രയോജനം....? ഓടിക്കിതച്ചതും തുണികൾ നനഞ്ഞു കുതിർന്നതും മിച്ചം. കല്യാണി മഴയെ പ്രാകി തുണികൾ കൂട്ടിപ്പിഴിഞ്ഞ്‌ ചായ്‌പ്പിലെ ഇരുണ്ട മുറിക്കുള്ളിൽ നീട്ടി, പരത്തി വിരിച്ചു. ഇന്നെന്തായാലും ചേക്കന്നം പാടത്തെ മത്തപ്പൂവ്‌ - തന്റെ വീട്ടുമുറ്റത്ത്‌ വിരിഞ്ഞ്‌ ഉടുതുണികൾ ഉണങ്ങുന്ന ലക്ഷണമില്ല. കല്യാണി ഉറപ്പിച്ചു. ഇനി അമ്മയാണെങ്കീ.......... മാളിക വീട്ടിലെ സകല പണികളുമൊതുക്കി അവിടത്തെ മിച്ചം വന്നതു മുഴുവനും കെട്ടിപ്പൊതിഞ്ഞിങ്ങെത്തുമ്പോഴെക്കും ഒരു നേരമാവും. അപ്പോഴെക്കെങ്കിലും അമ്മേടെ ഉടുമുണ്ട്‌ ഒന്നൊണങ്ങിക്കിട്ട്യാൽ മത്യായിരുന്നു. ഇല്ലെങ്കിൽ വൈകിട്ടത്തെ കുളിക്കുശേഷം അമ്മക്കുടുക്കാൻ മാറ്റക്കായമണക്കണ മുണ്ടും പെട്ടിയിലെ പഴമുണ്ട്‌ തന്നെ ശരണം.!

കല്യാണി ഉമ്മറ വാതിലിലൂടെ പുറത്ത്‌ കടന്ന്‌ ആകാശത്തിന്റെ ഉച്ചിയിലേക്ക്‌ നോക്കി സമയം നിർണ്ണയിച്ചു. ‘ഉച്ചയാവാറായിരിക്കണൂ....’ ഇനി ചോറിലേക്കൊരു ഒഴിച്ചു കറി വേണമെങ്കീ........... കാട്ടറമ്പത്തെ അയ്യപ്പേട്ടന്റെ വെള്ളരിക്കണ്ടത്തിലേക്കിറങ്ങണം. അവിടെ ഇഷ്‌ടം പോലെ വെള്ളരിക്കയുണ്ട്‌, കൂടാതെ വെണ്ടയും, ചീരയും വഴുതിനയും പാവക്കയുമെല്ലാം വേറെയും. പക്ഷെ പറഞ്ഞിട്ടെന്താ........ കാര്യം....?! അതിന്നൊന്ന്‌ കിട്ടണോങ്കി.... കട്ടുപറിക്കുക തന്നെ വേണം.! പക്ഷെ അതിനുള്ള ധൈര്യം കല്യാണിക്കില്ലതാനും. പിന്നെ അല്ലറ, ചില്ലറ കൊടുത്താലൊന്നും അയ്യപ്പേട്ടനെന്ന അവതാരം കനിഞ്ഞു തരികയുമില്ല.

” ഇത്‌ മൊത്തം ചുങ്കത്തെ അങ്ങാടീല്‌ ഒറ്റയടിക്ക്‌ വീക്ക്യാനുള്ളതാണെന്ന്‌ പറഞ്ഞ്‌ ഗമയിലങ്ങ്‌ നടക്കും ദുഷ്‌ടൻ.! അതേ സമയം ശരീരം അടുമുടി കുലുക്കി മറിച്ച്‌ ഷാരോത്തെ വാല്യേക്കാരി അമ്മിണിയാണ്‌ വന്ന്‌ ചോദിച്ചതെങ്കിലോ....... കണ്ണും മൂക്കുമില്ലാതെ എല്ലാം അവൾക്കിട്ടു കൊടുക്കും നാശം! ആരും ഒന്നു മറിയില്ലെന്നാ...... വിചാരം.....? പൂച്ച പാലു കുടിക്കണതുപോലെയല്ലേ.................. രണ്ടുപേരുടെയും ചില നേരത്തെ ഓരോരോ......... വേലത്തരങ്ങള്‌. ഒരീസം അയ്യപ്പേട്ടന്റെ പെണ്ണുമ്പിള്ളയോട്‌ പറഞ്ഞിട്ട്‌ തന്നെ കാര്യം കല്യാണി അങ്ങനെയൊക്കെ ചിന്തിച്ചുകൂട്ടി ചുമ്മാ......... ദേഷ്യം പിടിക്കുമെന്നല്ലാതെ ഒന്നും പ്രവൃത്തിയിൽ വരുത്തുകയില്ല....... എന്നുള്ളതാണ്‌ സത്യം.! എങ്കിലും ചിലനേരത്ത്‌ കുറിക്കു കൊള്ളുന്ന പദപ്രയോഗങ്ങൾ വിളമ്പി ശത്രുപക്ഷത്തോട്‌ പ്രതികരിക്കാറുണ്ട്‌. ഒപ്പം തന്നെ അതിനുള്ള കനത്ത തിരിച്ചടികൾ വളരെ കലുഷമായിത്തന്നെ കല്യാണിയെ പിൻതുടർന്ന്‌ എത്താറുമുണ്ട്‌. അപ്പോഴൊക്കെ ചുറ്റുവട്ടത്തുള്ള കുശുമ്പികളുടെ കണ്ണിൽ കല്യാണി അടക്കമൊതുക്കമില്ലാത്ത വായാടിപ്പെണ്ണുങ്ങളുടെ കൂട്ടത്തിൽ പെടുന്നവളാണ്‌ എന്തൊക്കെയായാലും കല്യാണിക്ക്‌, കല്യാണിയെ നന്നായറിയാം. നാട്ടുകാരുടെ കയ്യൊപ്പിട്ട സ്വഭാവസർട്ടിഫിക്കറ്റൊന്നും അവൾക്ക്‌ വേണ്ടേ........വേണ്ട!

അല്ലെങ്കിൽ അരവയറുണ്ട്‌ - വിശന്നിരിക്കുന്നവന്റെ ഒരു വയറ്‌ നിറക്കുന്ന മഹാമനസ്‌ക്കരൊന്നുമല്ലല്ലോ....... കല്യാണിയുടെ അയലോക്കത്തെ കക്ഷികൾ.!

എന്തിനും ഏതിനും ഓരോരോ..... കുറ്റവും, കുറവും കണ്ടുപിടിച്ച്‌ അതിനെ തലനാരിഴക്ക്‌ കീറി മുറിച്ച്‌ വിചാരണ ചെയ്‌ത്‌ അന്യോന്യം ആഹ്ലാദം പങ്കിടുന്ന കുറച്ച്‌ മണ്ടശിരോമണികൾ!

എന്തായാലും - ആ, പിശുക്കൻ അയ്യപ്പേട്ടന്റെ വെള്ളരി കട്ടുപറിച്ച്‌ കറി വെക്കേണ്ട ഗതികേടൊന്നും തത്‌ക്കാലം കല്യാണിക്കില്ല.! കല്യാണി, വടക്കുപുറത്തെ മുളന്തൂണിൽ ചാരി പതിവുമീൻകാരന്റെ നീട്ടിയുള്ള വിളിയൊച്ചക്ക്‌ കാതോർത്തിരുന്നു. നിമിഷങ്ങൾ മഴമേഘങ്ങളെപ്പോലെ കല്യാണിക്കുമുന്നിലൂടെ അദൃശ്യമായി കടന്നു പൊയ്‌ക്കൊണ്ടിരുന്നു.

അമ്മയോട്‌ പിണങ്ങി മുഖം കനപ്പിച്ചിരിക്കുന്ന ഒരു കുട്ടിയെപ്പോലെ അന്തരീക്ഷം കൂടുതൽ കനത്തിരുണ്ട്‌ മൂടിക്കെട്ടി നിന്നു. ഇതിപ്പോ.....രാവെന്നോ., പകലെന്നോ..... അറിയാനാവാത്ത ഒരവസ്‌ഥ! ഒന്നു തല്ലിയലച്ചു പെയ്‌തു തോർന്നെങ്കിൽ...... തെളിമാനം നോക്കിയെങ്കിലും സമയമറിയാമായിരുന്നു.! ഇതാണ്‌ കയ്യേൽ കെട്ടാനൊരു വാച്ചോ......., ചുമരിൽ തൂക്കാനൊരു ക്ലോക്കോ............. ഇല്ലാത്തതിന്റെ കുഴപ്പം. ഒരത്യാവശ്യത്തിന്‌ സമയമറിയില്ല.

പിന്നെ ആഗ്രഹിച്ചതൊക്കെ വാങ്ങിക്കൂട്ടാനും സ്വന്തമാക്കാനും പണം എന്നൊന്നുകൂടി വേണമല്ലോ...... കല്യാണിയുടെ കൂരക്കുള്ളിൽ ഇല്ലാത്തതും അതാണ്‌. സത്യത്തിൽ ഈശ്വരൻ എത്ര, ദയയില്ലാത്തവനാണ്‌. ഉള്ളവന്‌ മേൽക്കുമേൽ വാരിക്കൊടുക്കും. പക്ഷെ ഇല്ലാത്തവനേയോ..... ദാരിദ്ര്യക്കയത്തിൽ മുക്കിശ്വാസം മുട്ടിച്ചു കൊല്ലാകൊലചെയ്യും? ഈശ്വരന്റെയൊരു ക്രൂരവിനോദം നോക്കണേ...... വേണമെങ്കിൽ ഒരു വാച്ചോ........... ക്ലോക്കോ......... മാളിക വീട്ടിലെ തങ്കത്തിനോടോ, മണിക്കുട്ടിയോടോ...... ഇരന്നു മേടിക്കാം പക്ഷെ അമ്മക്ക്‌ അതിനുള്ള ത്രാണിയില്ല. തനിക്കാണെങ്കിൽ അഭിമാനം സമ്മതിക്കത്തുമില്ല പിന്നെ ഒന്നോർത്താൽ ചോദിച്ചിട്ടും വല്യേകാര്യമൊന്നുമില്ല. തങ്കം മുഖത്തടിച്ചതുപോലെ പറയും “ഇല്ലെന്ന്‌” പിന്നെയും ഭേദം മണിക്കുട്ടിയാണ്‌. ആരെയും വെറുപ്പിക്കില്ല. നോക്കട്ടെ പഴയതുണ്ടെങ്കിൽ തരാമെന്ന്‌ ഇളിച്ചോണ്ട്‌ കാട്ടും. പക്ഷെ തരില്ലെന്നുള്ളതാണ്‌ സത്യം! രണ്ടും ഒന്നിനൊന്നുമെച്ചം.!

ഇതൊക്കെ വലിയവരുടെ ഗുണം. ശീലങ്ങൾ. ഇവിടെ തനിക്ക്‌ സമയമറിണമെങ്കിൽ അമ്മ പറഞ്ഞുഫലിപ്പിച്ച നിഴലും പള്ളിമണിയടികളും ഓട്ടുകമ്പനിയിലെ സൈറണും ബാങ്കുവിളിയും ദേവീക്ഷേത്രത്തിന്റെ സന്ധ്യാകീർത്തനവുമൊക്കെയെ..... ശരിയാവൂ..... അല്ലാതെ...... നടക്കാത്ത സംഗതികളുടെ പുറകെ വായും, പൊളിച്ച്‌ പായുന്നത്‌ തീർത്തും മണ്ടത്തരമാണെന്ന്‌ അറിയാതെയല്ല. ഒരിക്കലും ഒടുങ്ങാത്ത ചില കുഞ്ഞുമോഹങ്ങളുടെ എത്താകൊമ്പിൽ മനസ്സുകൊണ്ടൊരു ഊഞ്ഞാലാട്ടം! അത്രമാത്രം.

മീൻകാരനെ കാത്തിരുന്ന്‌ കല്യാണിയുടെ ക്ഷമനശിച്ചു തുടങ്ങി. ഈശ്വരാ....... എത്ര നേരായീ......... ഈ മീൻകാരനെ കാത്തിരിക്കാൻ തുടങ്ങീട്ട്‌......? ഇനിപ്പോ........ അയാൾ വരില്ലെന്നുണ്ടോ.....? കല്യാണി വഴിയറ്റത്തേക്ക്‌ എത്തിനോക്കി സന്ദേഹിച്ചു. എന്തായാലും ഉച്ചക്ക്‌ പച്ചച്ചോറുണ്ണാൻ പറ്റില്ലല്ലോ..... കല്യാണി രണ്ടും കൽപ്പിച്ച്‌ എഴുന്നേറ്റ്‌ കുറച്ച്‌ പരിപ്പെടുത്ത്‌ കഴുകി അടുപ്പത്തിട്ട്‌ വേവിച്ച്‌ കുത്തിക്കാച്ചി. നാലഞ്ച്‌ പപ്പടമുള്ളത്‌ പൊട്ടിച്ച്‌ മുളകിട്ടു വറുത്തു വെച്ചു. പിന്നീട്‌ പുളിമാങ്ങ കൊത്തിയരിഞ്ഞ്‌ കുറച്ച്‌ ഉപ്പുമുളകുപൊടിയും കായപ്പൊടിയും ചേർത്ത്‌ തിരുമ്മി എണ്ണയിൽ ഉലുവപ്പൊടിയും ഉണക്കമുളകും, കടുകുമിട്ട്‌ മൂപ്പിച്ച്‌ വെച്ചു. പേരിനൊരു മാങ്ങാക്കറിയുടെ പരുവത്തിൽ. ഉച്ചയൂണിന്‌ ഇതൊക്കെത്തന്നെ ധാരാളം. ഇതിന്റെയൊക്കെയൊരു രുചിയും, മണവും കല്യാണീടെ ഏഴയലത്തുപോലും വരില്ല. എന്തിന്‌ മാളിക വീട്ടിലെ ഇപ്പോഴത്തെ ഒരു നൂറ്‌ കൂട്ടം കറികൾക്കുപോലും ഉണ്ടാകില്ല. അത്രക്കു കേമാ..... കല്യാണീടെ കൈപുണ്യം! ഒരിക്കലത്‌ കേളോത്തെ ദേഹണ്ണക്കാരൻ കുഞ്ഞുണ്ണികൈമള്‌ സമ്മതിച്ചുതന്നതുമാണ്‌ കല്യാണി നെഗളിപ്പോടെ ചിന്തിച്ച്‌ അടുക്കളയും വരാന്തയും മറ്റകങ്ങളും തൂത്ത്‌ വെടിപ്പാക്കി വാതിലടച്ച്‌ സാക്ഷയിട്ട്‌ കിഴക്കെ ഉമ്മറത്തേക്കു വന്നു. ഇവിടെ ഉമ്മറവാതിൽ ചാരി പുറത്തേക്കു നോക്കിയിരുന്നാൽ കല്യാണിക്കു കാണാൻ കാഴ്‌ചകളേറെ! ഒന്നാമത്തെ കാഴ്‌ചക്കായ്‌ പ്രകൃതിയുടെ ഹരിതജാലകം തുറന്നാൽ കണ്ണിനെ കുളിരണിയിച്ചുകൊണ്ട്‌ ചേക്കണം പാടത്തെ മത്തക്കൂട്ടങ്ങൾക്കിടയിൽ ഒറ്റക്കാലിൽ തപസ്സു ചെയ്യുന്ന വെള്ളക്കൊറ്റികളുടെ നീണ്ട നിരകാണാം അതുപോലെ മുന്നിലെ നടവഴിപ്പാതയുടെ അറ്റത്ത്‌ നിൽക്കണ വളർമാവിൽകൊമ്പിൽ - ഇണപ്പക്ഷികളുടെ ചിറകുരുമ്മിയുള്ള സ്‌നേഹപ്രകടനങ്ങൾ കാണാം! താഴെ വേലിപ്പത്തലിൽ നനഞ്ഞ ചിറകു കുടഞ്ഞ്‌ ഇണയെ നീട്ടി വിളിച്ച്‌ ബഹളം വെക്കുന്ന ചകോരപ്പക്ഷിയുടെ ചുവന്ന ഉണ്ടക്കണ്ണുകൾ കാണാം! മുറ്റത്തെ തെച്ചിപ്പൂങ്കുലകളെ വലം വെക്കുന്ന ഒരു കൂട്ടം ചിത്രശലഭങ്ങളെ കാണാം. മഴമേഘങ്ങൾ നീന്തുന്ന ആകാശം കാണാം. ചെമ്പാളകുന്നിനു മേലെ പൊങ്ങിപ്പറക്കുന്ന ചെമ്പരുന്തിനെ കാണാം. ഇങ്ങനെ കല്യാണിയുടെ കാഴ്‌ചപ്പെരുമകളേറെ അങ്ങനെയുള്ള എല്ലാ നല്ല കാഴ്‌ചകൾക്കുമപ്പുറം മനസ്സിന്റെ മായാക്കാഴ്‌ചകൾക്കെന്ന കല്യാണിയുടെ കണ്ണിൽ മഴവില്ലിന്റെ ഏഴുവർണ്ണങ്ങൾ.!

പിന്നീടെപ്പോഴെങ്കിലും മനസ്സ്‌ ജീവിതാവസ്‌ഥയിലേക്ക്‌ തിരിച്ചുവരുമ്പോഴോ.... എല്ലാം ഒരു കൈ ദൂരെ മാറി നിന്ന്‌ കൊതിപ്പിക്കുന്ന വ്യാമോഹത്തിന്റെ വെറും നിഴൽ ചിത്രങ്ങൾ മാത്രം.!

അപ്പോഴൊക്കെ, തിരിച്ചറിവിലേക്കും, യഥാർത്ഥ്യബോധങ്ങളിലേക്കും പാകപ്പെട്ടു വീഴുന്ന മനസ്സ്‌ ദുരിതങ്ങളുടെയും, കഷ്‌ടപ്പാടുകളുടേയും പരുക്കൻ വശങ്ങളുമായി പൊരുത്തപ്പെട്ട്‌ സാത്വിക ഭാവം കൈവരിക്കുമ്പോൾ....ഇവിടെ തന്റെ ചെറിയ, ചെറിയ ആഗ്രഹങ്ങളുടെ ചിറകരിഞ്ഞ്‌ കല്യാണി വീണ്ടും കാഴ്‌ചപ്പെരുമകളിലേക്ക്‌.

കുക്കു കൃഷ്‌ണൻ

പന്തല്ലൂർ വീട്‌,

ചൊവ്വന്നൂർ തപാൽ,

കുന്നംകുളം വഴി,

തൃശൂർ ജില്ല,

പിൻ - 680503.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.