പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ഇൻക്വിലാബ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മീര ആലപ്പാട്ട്‌

കഥ

നക്ഷത്രങ്ങളെ നോക്കിനിൽക്കാൻ എനിക്കിഷ്‌ടമായിരുന്നു. ദൂരേ വിഹായസ്സിൽ ആത്മാക്കളുടെ പുഞ്ചിരിപോലെ മിഴിചിമ്മുന്ന താരകങ്ങളെ കാണുമ്പോൾ മനസ്സിൽ അച്‌ഛന്റെ മുഖമായിരുന്നു.

കാലപരിണാമത്തിൽപെടാതെ എല്ലായുഗങ്ങളിലും മരണം വരിച്ചവരുടെ ഓർമ്മയായി നക്ഷത്രങ്ങൾ പൂത്തുനിൽക്കുന്നതിനെക്കുറിച്ച്‌ വെറുതെയെങ്കിലും ചിന്തിച്ചുപോയി. കുറെ വർഷങ്ങൾക്കുശേഷം, നാളെ രാത്രിയിൽ നക്ഷത്രങ്ങളെ കാണാൻ കഴിയുമെന്നൊരു പ്രതീക്ഷയുണ്ടെനിക്ക്‌. ഇരുട്ടും നിശ്ശബ്‌ദതയും നിറഞ്ഞ ഇവിടുത്തെ രാത്രികൾ. സിമന്റ്‌ കിടക്കയുടെ പരുപരുത്ത പ്രതലം സൂചിമുനയുടെ സ്‌പർശംപോലെ എന്നെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു. അടുത്തുളള കിടക്കകളിൽ ഇരുട്ട്‌ മറച്ച ശരീരവുമായി ഉറങ്ങുന്നവരുടെ ശ്വാസതാളം ശ്രദ്ധിച്ച്‌ ഉറങ്ങാതെ കിടക്കുമ്പോൾ എന്റെ സ്‌മരണകൾ ഉണരുകയായിരുന്നു.

ബന്ധനത്തിന്റെ കഴിഞ്ഞകാലങ്ങൾ നൽകിയ മനോവ്യഥയും അമർഷവും എന്റെ വ്യക്തിത്വം തന്നെ മാറ്റിയിരുന്നു. അന്ധകാരത്തിന്റെ കറുപ്പ്‌ ജീവിതത്തിലേറ്റു വാങ്ങിയ കുറെ മനുഷ്യർ. കുറ്റവാളികളുടെ ലോകത്ത്‌ ഒരു കുറ്റവും ചെയ്യാതെ ജയിലിലടയ്‌ക്കപ്പെട്ടവരും ഇതിനുളളിലുണ്ട്‌. നിസ്സഹായരായിത്തീർന്ന അവരുടെ കണ്ണുകളിൽ നിന്നും വേദനയും ഗൃഹാതുരത്വവും മിഴിനീരായി പെയ്‌തിറങ്ങുന്നത്‌ പലവട്ടം കണ്ടിട്ടുണ്ട്‌. കൊഴിഞ്ഞുപോയ വർഷങ്ങളിൽ ഇന്നായിരിക്കും ഇവർ ശാന്തമായി ഉറങ്ങുന്നതുതന്നെ.

നാളെ മോചനത്തിന്റെ ദിനമാണ്‌, ഇന്നലെകളുടെ നഷ്‌ടം ഒരു ജന്മത്തിന്റേതായിരുന്നു. പ്രഭാതത്തിലേക്കുളള നിമിഷങ്ങളെണ്ണിക്കഴിയുമ്പോൾ നാളെയെക്കുറിച്ച്‌ മാത്രമായിരുന്നു എന്റെ ചിന്ത.

എന്റെ ഗ്രാമം, വീട്‌.... നാളെ വീട്ടിലേക്ക്‌ ചെല്ലുമ്പോൾ അമ്മ കരഞ്ഞുകൊണ്ട്‌ ഓടിവരുമായിരിക്കും. കൃഷിപ്പണിയൊന്നും അറിയാത്ത അനുജൻ പട്ടണത്തിലേക്ക്‌ ജോലി തേടി പോയിരിക്കുമോ? കാലം ഗ്രാമത്തിനു നൽകിയ വ്യതിയാനങ്ങൾ എന്തൊക്കെയായിരിക്കും. ഒരിക്കൽപോലും, അമ്മയോ, അനുജനോ കാണാനെത്താത്തതിൽ ഇവിടെ എത്തിയ ആദ്യനാളുകളിൽ എത്രമാത്രം വിഷമിച്ചിരുന്നു. കാണാനെത്തുന്ന ഗ്രാമവാസികളിൽ പ്രധാനി സുഹൃത്ത്‌ സലിം ആയിരുന്നു. വീടിനെക്കുറിച്ചുളള ചോദ്യത്തിനെല്ലാമായി ഒരുത്തരമാണ്‌ അവൻ പറഞ്ഞിരുന്നത്‌.

എല്ലാവരും സുഖമായിരിക്കുന്നു എന്ന്‌. അവസാനമായി അവൻ വന്നത്‌ ഒരു വർഷം മുമ്പായിരുന്നു. അന്നവൻ പറഞ്ഞു.

“ഗോവർദ്ധൻ നീ നമ്മുടെ ഗ്രാമത്തിലേക്ക്‌ വരരുത്‌.”

അതു പറയുമ്പോൾ ആ ശബ്‌ദത്തിലെ കാഠിന്യം, എന്നെ അമ്പരപ്പിക്കുകയും, അത്ഭുതപ്പെടുത്തുകയും ചെയ്‌തു.

ഗ്രാമത്തിലേക്ക്‌ വരരുതെന്നോ? നീ എന്താണ്‌ പറയുന്നത്‌, എന്ന എന്റെ ചോദ്യത്തിനവൻ മൗനമായി നിന്നത്‌, എനിക്ക്‌ ഗ്രഹിക്കാവുന്നതിലുമപ്പുറം എന്തൊക്കെയോ അവന്റെ കണ്ണുകളിൽ തിളങ്ങി. അന്നവൻ പറഞ്ഞു.

“അതിജീവനത്തിന്റെ ദിനങ്ങൾ സ്വപ്‌നം കാണുന്ന ഗ്രാമത്തിലെ കുറെ ആളുകൾ ചേർന്ന്‌ ഒരിക്കൽ കൂടി പൊരുതുകയാണ്‌. വിജയത്തിനായി നീ പ്രാർത്ഥിക്കണം.” എന്നു മന്ത്രിച്ച്‌ അവൻ കടന്നുപോയതോർത്ത്‌ ഒരു നിമിഷം ഞാൻ ചിരിച്ചുപോയി.

പ്രാർത്ഥനകൾ ജയിപ്പിച്ച സമരങ്ങളോ? പ്രാർത്ഥനകൾ ജയിപ്പിച്ച സമരങ്ങളെക്കുറിച്ചാണ്‌ ആ നിമിഷം ഞാൻ ചിന്തിച്ചത്‌. കാരണം, ഞാൻ പ്രാർത്ഥിക്കാറില്ലായിരുന്നു. പ്രാർത്ഥന നൽകുന്ന ശാന്തിയും വിശ്വാസവും എനിക്കന്യമായി തീർന്നിരുന്നു. ശരീരത്തിന്റെ ബന്ധനത്തിലും തലച്ചോറിനുളളിൽ അഗ്നി പടർത്തുന്ന വിപ്ലവവീര്യമായിരുന്നു, മനസ്സിന്റെ ഊർജ്ജം. ഭൂമിയെ സ്‌നേഹിച്ച മനുഷ്യന്റെ ഒഴുകിയ കണ്ണീരും, ചോരയും കാലം മായ്‌ക്കാതെ ഇന്നും മനസ്സിനെ അസ്വസ്ഥമാക്കുന്നു.

കർഷകരായ ഞങ്ങൾ ചെയ്‌ത കുറ്റം എന്തായിരുന്നു? അന്നവും, ജീവിതവും. ക്ഷിതിയുടെ ആത്മാവും അപഹരിക്കുന്നതു കാണാതെ അന്ധരായി നിന്നതോ? അതോ വാഗ്‌ദാനങ്ങളുടെ പട്ടിക നോക്കി മോഹിതരായതോ?

വിളഞ്ഞ നെൽവയലുകളിൽ സംതൃപ്‌തരായിരുന്ന കർഷകന്റെ തകർന്ന പ്രതീക്ഷകൾ. വിലക്കുറവിൽ വിൽക്കാനാകാത്ത നെൽക്കൂമ്പാരങ്ങൾക്ക്‌, വഴിയോരങ്ങളിൽ കാവൽ കിടക്കുകയായിരുന്നു ഞങ്ങൾ. ഓരോ ദിവസവും കമ്പോള നിലവാരക്കണക്കുകൾ തിരക്കുകയായിരുന്നു. കൃഷിയുടെ നഷ്‌ടം ജീവിതത്തിലുണ്ടാക്കുന്ന കഷ്‌ടതകളെക്കുറിച്ച്‌ ഓർത്ത്‌ വേവലാതിപ്പെടുകയായിരുന്നു. നിസ്സഹായരായിത്തീർന്ന ഞങ്ങളെ ആശ്വസിപ്പിച്ചുകൊണ്ടാണ്‌ ആ പത്രവാർത്ത വന്നത്‌.

കർഷകരുടെ പ്രശ്‌നങ്ങൾ സർക്കാർ പരിഹരിക്കുന്നു, വിലക്കുറവിൽ വിൽക്കാതെ കിടക്കുന്ന വിളകൾ സർക്കാർ അംഗീകാരമുളള ഏജൻസികൾ ന്യായവില നൽകി ശേഖരിക്കും. കർഷകർ ഉടനെ ഏജൻസികളിൽ പേര്‌ രജിസ്‌റ്റർ ചെയ്യുക.

ഗ്രാമങ്ങളിൽ പല സ്ഥലങ്ങളിലായി ഏജൻസികൾ വന്നു. അവർ നെല്ല്‌ വാങ്ങി. അതിന്റെ വിലയും, അടുത്ത കൃഷിക്കായി വിത്തും നൽകി.

വിളവെടുപ്പ്‌ ഉത്സവങ്ങൾ കർഷകരുടെ സ്വപ്‌നത്തിലൊതുങ്ങി. പത്തായങ്ങൾ ഒരു നെൽമണിപോലുമില്ലാതെ ശൂന്യമായി കിടന്നു.

പുതുക്കിയ നിയമങ്ങൾ കർഷകരെ പരിപോഷിപ്പിക്കും എന്നുപറഞ്ഞ്‌ മായാജാലക്കാരന്റെ മുന്നിലകപ്പെട്ടവരെപ്പോലെ നിശ്ചേഷ്‌ടരായി നിർത്തുകയായിരുന്നു അധികാരികൾ. അടുത്ത വിളവെടുപ്പിനു മുൻപ്‌ ഏജൻസിയുടെ അറിയിപ്പുണ്ടായി. ഇനി കർഷകർ വിളവെടുക്കണ്ട. ആ ജോലി യന്ത്രങ്ങൾ നിർവഹിക്കും. കർഷകന്‌ വിത്തും, വിലയും ലഭിക്കും.

ഭക്ഷ്യവസ്‌തുക്കൾ കൂടിയ വിലയ്‌ക്ക്‌ ഏജൻസികളിൽ നിന്നും വാങ്ങേണ്ടിവന്നു. വിതയ്‌ക്കാനായി ഏജൻസികൾ നൽകിയ വിത്തുകൾ നോക്കി കർഷകർ കരഞ്ഞു. ചോളവും ബജ്‌റയും, പഞ്ഞപ്പുല്ലും....പുതിയ വിത്തിനങ്ങളോടൊപ്പം കൃഷി ചെയ്യേണ്ട രീതിയും കൃഷി മെച്ചപ്പെടുത്താൻ വേണ്ട നിർദ്ദേശങ്ങളുമടങ്ങിയ നോട്ടീസുകളും കൃഷിക്കാർക്ക്‌ നൽകി. ഞങ്ങളുടെ പക്കൽ ഒരു നെൽമണി പോലും അവശേഷിച്ചിരുന്നില്ല. കൂടിയ വിലയ്‌ക്ക്‌ അരി വാങ്ങി പാതിവയർ നിറച്ച്‌ ഞങ്ങൾ ദിവസങ്ങൾ നീക്കി. വിളവെടുക്കാൻ ഏജൻസിയെ അനുവദിച്ചതിൽ ഞങ്ങൾ ദുഃഖിച്ചു. അവർ തന്ന പണം എത്ര പെട്ടെന്നാണ്‌ തീർന്നത്‌. വിശന്നു തളർന്ന മനുഷ്യർ വീട്ടിലെ വിലപിടിച്ച ഉപകരണങ്ങൾ വിറ്റ്‌ അരിവാങ്ങി. ഒന്നും വിൽക്കാനില്ലാത്തവർ ഏജൻസിയുടെ ഔദാര്യത്തിനു കാത്ത്‌ കെട്ടിടവരാന്തയിൽ തളർന്നുകിടന്നു.

ദാരിദ്ര്യവും പട്ടിണിയും കുടിയേറിയ ഗ്രാമം, ആശ്രയമായിക്കണ്ടത്‌ ഏജൻസികളെ തന്നെയായിരുന്നു. അരിയ്‌ക്കായി എത്തിയ ജനങ്ങൾ കെട്ടിടത്തിനു പുറത്ത്‌ തൂക്കിയ മനോഹരമായ അക്ഷരത്തിലെഴുതിയ ‘അരി തീർന്നു’ എന്ന ബോർഡു കണ്ടു.

വിശന്നു തളർന്ന മനുഷ്യർക്ക്‌, അവർ ഭംഗിയുളള പായ്‌ക്കറ്റുകളിൽ വെളുത്ത പൊടികൾ നൽകി. കവറിനു പുറത്ത്‌ പത്തുമിനിട്ട്‌ ചൂടുവെളളത്തിലിട്ട്‌ ഇളക്കിയതിനുശേഷം ഉപയോഗിക്കാം എന്ന്‌ ആലേഖനം ചെയ്‌തിരുന്നു.

വിശപ്പു സഹിക്കാതെ അരുചിയുളള ആ ഭക്ഷണം കഴിച്ചവർ ഭക്ഷിച്ചതിനേക്കാൾ വേഗം ശർദ്ദിച്ചു. ആശുപത്രി കിടക്കയിൽ തളർന്ന്‌ കിടന്ന്‌ ഇറ്റ്‌ കഞ്ഞിവെളളം വേണമെന്നു പറഞ്ഞ്‌ മുത്തശ്ശി കരഞ്ഞു.

ആ രാത്രിയിലാണ്‌ കളപ്പുരയിൽ ഞങ്ങൾ ഒന്നിച്ചുകൂടിയത്‌. ഗ്രാമത്തിലെ എല്ലാ ചെറുപ്പക്കാരും അവിടെ എത്തിയിരുന്നു. കളപ്പുരയുടെ മുന്നിലെ മൈതാനത്ത്‌ വീണിഴയുന്ന നിലാവ്‌ രാവിനെ പകലാക്കി.

പരദേശി വാഴ്‌ചയുടെ ദുരവസ്ഥ മറന്നുപോയ, നമ്മുടെ ജൈവ സമ്പത്ത്‌ അപഹരിക്കാൻ കൂട്ടുനിൽക്കുന്ന, നാടിന്റെ സംസ്‌കാരം മറന്ന ഇന്നത്തെ ഭരണത്തിനെതിരെയുളള അമർഷമായിരുന്നു ഓരോ മനസ്സിലും. കർക്കശ നിയമങ്ങളെ ഞങ്ങൾ ഭയന്നില്ല. വിളവിറക്കേണ്ട നിർദ്ദേശങ്ങളടങ്ങിയ നോട്ടീസുകൾ ഞങ്ങൾ കത്തിച്ചു. ആ അഗ്‌നിയിൽ നോക്കി തീവ്രമായ പ്രതികാരനടപടികളെക്കുറിച്ച്‌ ആലോചിച്ചു. ആ ആലോചനയുടെ അന്ത്യത്തിൽ വിശപ്പിന്‌ അറുതി വരുത്താനുളള മാർഗ്ഗം തിരഞ്ഞു. ആ ചിന്തകൾ ഞങ്ങളെ മോഷ്‌ടാക്കളാക്കി.

ആ രാത്രിയിൽ ധാന്യസംഭരണശാലകൾ ഞങ്ങൾ കൊളളയടിച്ചു. എന്റെ മനസ്സിൽ മുത്തശ്ശിയുടെ മുഖമായിരുന്നു. മോഷ്‌ടിച്ച ധാന്യം ആ രാത്രിയിൽ ഗ്രാമത്തിലെ വീടുകളിൽ എത്തിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു.

പുലരിയിൽ നിറഞ്ഞു തുളുമ്പുന്ന ചോറുകണ്ട്‌ പട്ടിണി കിടന്നവർ ആർത്തിപൂണ്ടു. വയറും മനവും നിറഞ്ഞ വേളയിലാണ്‌ ഏജൻസിയുടെ വണ്ടികൾ ഗ്രാമത്തിലെത്തിയത്‌. മോഷ്‌ടാക്കളെ തിരയുന്ന പോലീസിനുനേരെ ഗ്രാമവാസികളുടെ പ്രതിഷേധം അക്രമത്തിലേക്കു തിരിഞ്ഞു. പലരുടെയും ശരീരം വെടിയുണ്ടകൾ തുളച്ചു. രക്തം വയലുകളിലേക്ക്‌ ഒഴുകിപരന്നു. കൊന്നും മർദ്ദിച്ചും ഗ്രാമം അടിച്ചമർത്തപ്പെട്ടു. പിടിക്കപ്പെട്ടവരെ തടവറയിലടച്ചു. എരിയുന്ന ക്ഷിതിയുടെ ആത്മാവിൽ വീണ ഞങ്ങൾക്ക്‌, അന്യമായ ധാന്യങ്ങൾ പക്ഷികൾ കൊത്തിത്തിന്നു.

സലീമിനെപ്പോലെ, മരിക്കാത്ത മനസ്സുളള ചെറുപ്പക്കാരുടെ പ്രകടനങ്ങളും, പ്രക്ഷോഭങ്ങളും ഇപ്പോഴും തുടരുന്നു. പ്രതികരിക്കുന്ന ജനതയുടെ മേൽ ദുർഭരണം നടത്താൻ എക്കാലവും അധികാരികൾക്ക്‌ കഴിയില്ല എന്നു വിശ്വസിക്കുമ്പോഴും മരുഭൂമിപോലെയാകുന്ന വയലുകളുടെ താപവും ദാഹവും മനസ്സിൽ കണ്ട്‌ കരച്ചിൽ വന്നിട്ടുണ്ട്‌.

നാളെ ഈ ജയിൽ ജീവിതം അവസാനിക്കും. വീട്ടിലേക്ക്‌ കടന്നു ചെല്ലുന്നതിനെക്കുറിച്ച്‌ ഓർക്കുകയായിരുന്നു ഞാൻ. ഗ്രാമത്തിലെ വയലുകൾ കതിരണിഞ്ഞിട്ടുണ്ടാകുമോ? വീടിന്റെ ഉമ്മറത്ത്‌ അമ്മയും മുത്തശ്ശിയും, അനുജനും കാത്തിരിപ്പുണ്ടാകുമോ? പോയവർഷങ്ങൾ അവർക്ക്‌ വരുത്തിയ രൂപഭാവങ്ങളെക്കുറിച്ച്‌ മിഴികളടച്ച്‌ സ്വപ്‌നം കാണാൻ ശ്രമിച്ചു. എല്ലാവരേയും കണ്ടിട്ട്‌ കാലമെത്രയായി. നിദ്ര അകന്നു നിന്ന ഇവിടുത്തെ അവസാന രാവിന്റെ അന്ത്യമായി എന്നറിയിച്ചുകൊണ്ട്‌ പ്രഭാതമണി മുഴങ്ങി.

* * *

ഗ്രാമത്തിൽ ബസ്സിറങ്ങി വീട്ടിലേക്ക്‌ നടക്കുന്ന വഴിയിൽ ഞാൻ പരിചിതമുഖങ്ങളെ തിരഞ്ഞു. തിടുക്കത്തിൽ നടന്നു മറയുന്ന അപരിചിതർ എന്റെ നേരെ നോക്കുകകൂടി ചെയ്‌തില്ല. ഗ്രീഷ്‌മത്തിലെ ചൂട്‌ എന്നെ പരവശനാക്കി. ഗ്രാമത്തിന്റെ ഹൃദയസ്‌പന്ദനം നിലച്ചതുപോലെ.

എന്റെ വീട്‌ ഇവിടെ ആയിരുന്നല്ലോ. എന്നെ കടന്നു പോയവരോടായി ഞാൻ അന്വേഷിച്ചു.

“ഇവിടെ താമസിച്ചിരുന്നവർ...?”

ഇവിടെ താമസിച്ചെന്നോ? ആര്‌? എന്ന്‌? ഇവിടെ ആരും ഇല്ലായിരുന്നു എന്നുപറഞ്ഞ്‌ അവർ കടന്നുപോയി.

പ്രജ്ഞയില്ലാതെ നിന്ന നിമിഷങ്ങൾ. തടവറയിൽ കഴിഞ്ഞ വർഷങ്ങളിൽ അവരും എനിക്ക്‌ നഷ്‌ടമായോ? ഒരു നേരത്തെ ആഹാരത്തിനു കേണ മനുഷ്യരെ ഹനിച്ചു കൊണ്ടാണോ ഇവിടെ സമരം അടിച്ചമർത്തിയത്‌, വയലിൽ ഇറങ്ങി, ആ വരണ്ട മണ്ണിൽ സ്‌പർശിക്കണമെന്നു തോന്നി കൈപ്പിടിയിലൊതുക്കിയ മണ്ണുമായി ധ്യാനത്തിലെന്നപോലെ നിന്ന എന്നെ ദൂരെ നിന്നും ഉയരുന്ന ആരവം ഉണർത്തി.

നാടിന്റെ ആത്മാവായ പ്രകൃതിയെ വിൽക്കുന്നോരെ നിങ്ങൾക്കിനിമാപ്പില്ല...

ഈ അനീതിക്കെതിരെ മരണംവരെ ഞങ്ങൾ പോരാടും........

മുദ്രാവാക്യങ്ങൾ മുഴക്കി യുവത്വത്തിന്റെ ഉണർവ്വ്‌ ജാഥ എന്നെ കടന്ന്‌ പൊയ്‌ക്കൊണ്ടിരുന്നു. അവരുടെ മുദ്രാവാക്യങ്ങൾ എന്റെ തളർന്ന ശരീരത്തിന്‌ ഊർജ്ജമേകി. യുവാക്കളുടെ പ്രസരിപ്പ്‌ കടംകൊണ്ട്‌ മനസ്സിലെ കരുത്ത്‌ മുഷ്‌ടികളിൽ ആവാഹിച്ച്‌ മുദ്രാവാക്യങ്ങൾ ഏറ്റുവിളിച്ച്‌ ഞാനും ആ ജാഥയുടെ അവസാന കണ്ണിയായി മാറി.

മീര ആലപ്പാട്ട്‌

തെക്കേക്കര പി.ഒ., മങ്കൊമ്പ്‌ - 688 503, ആലപ്പുഴ.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.