പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

മിടുക്കന്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പ്രദീപ് ചോറ്റാനിക്കര

പത്താം ക്ലാസ്സില്‍ പഠിക്കുന്ന ഏക മകന്‍ മാധവന്റെ സ്കൂളിലേക്ക് പോകാന്‍ ചെത്തുകാരന്‍ കുട്ടപ്പന്‍ തീരുമാനിച്ചത് മാധവന്റെ മലയാളം മാഷിന്റെ ആവശ്യപ്രകാരമായിരുന്നു. സ്കൂളിന്റെ കനത്ത മതില്‍‍ക്കെട്ടിനുള്ളിലേക്ക് കടക്കുമ്പോള്‍ കുട്ടപ്പന് നേരിയ പരിഭ്രമമുണ്ടായിരുന്നു. സ്വന്തം മുടി ഒന്നു കൂടി കോതിയൊതുക്കി മുഖത്തു പൊടിഞ്ഞു തുടങ്ങിയ വിയര്‍പ്പ് തൂവാല കൊണ്ട് ഒപ്പി , മടക്കിത്തേച്ച ഷര്‍ട്ടും മുണ്ടുമെല്ലാം ശരിയായ രീതിയിലാണെന്ന് ഉറപ്പു വരുത്തി മകന്റെ ക്ലാസ്സ് മുറി അന്വേഷിച്ചു നടന്നു . വരാന്തയില്‍ പതുങ്ങി നടന്ന കുട്ടപ്പനെ സ്കൂളിലെ പ്യൂണ്‍ മത്തായിയാണ് മകന്റെ ക്ലസ്സ് മുറി പറഞ്ഞു കൊടുത്തത്. ക്ലാസ്സ് മുറിയുടെ മുന്‍പില്‍ ചെല്ലുമ്പോള്‍ അവസാന ബെഞ്ചിന്റെ വലത്തേയറ്റത്ത് മകന്‍ മാധവനിരിക്കുന്നതു കുട്ടപ്പന്‍ കണ്ടു. അച്ഛന്റെ മുഖം കണ്ട് വല്ലായ്മ വന്നതുകൊണ്ടോ എന്തോ മകന്‍ തലകുനിച്ചു.

ക്ലാസ്സില്‍ അപ്പോള്‍ പഠിപ്പിച്ചുകൊണ്ടിരുന്നത് ക്ലാസ് ടീച്ചറും മലയാളം അദ്ധ്യാപകനുമായ രാമചന്ദ്രന്‍ സാറായിരുന്നു . പുറത്തെ കാല്പ്പെരുമാറ്റം കേട്ട് മാഷ് പഠിപ്പു നിറുത്തി വാതില്‍ക്കലേക്കു നോക്കി. വാതില്‍ക്കല്‍ ഒരു അപരിചതനെ കണ്ട് മാഷ് വേഗം പുസ്തകം മടക്കി മുറിയുടെ പുറത്തേക്കു വന്നു ആരാണെന്ന്വേഷിച്ചു. മാധവന്റെ അച്ഛനാണെന്ന് കുട്ടപ്പന്‍ ഭവ്യതയോടെ അദ്ധ്യാപകനെ അറിയിച്ചു. മാഷ് അടിമുടി കുട്ടപ്പനെ ഒന്നു നോക്കി. മാഷിന്റെ നോട്ടത്തില്‍ എന്തോ പിശക് തോന്നിയതിനാല്‍ കുട്ടപ്പന് അല്പ്പം ജാള്യ്ത തോന്നി. രാമചന്ദ്രന്‍ സാര്‍ മാധവനെ വിളിച്ച് അടുത്തു വരാന്‍ ആവശ്യപ്പെട്ടു. കോടതി തടവു ശിക്ഷ വിധിച്ച ഒരു കുറ്റവാളിയുടെ മുഖഭാവത്തോടെ മാധവന്‍ മാഷിന്റെയും അച്ഛന്റെയും സമീപത്തേക്കു ചെന്നു.

'' അല്ല , കുട്ടപ്പന്‍ എന്നല്ലേ പേര്? മകന്റെ പുതിയ വിശേഷങ്ങള്‍ വല്ലതും അറിഞ്ഞോ?''

'' ഇല്ല മാഷേ ! എന്താ അവന്‍ കാട്ടീത്? '' കുട്ടപ്പന്‍ നിഷ്ക്കളങ്കനായ ഒരു കുട്ടിയുടെ മനസോടെ പറഞ്ഞു.

'' ഇത് നല്ല കാര്യായി അച്ഛാ ! അവന് കഴിഞ്ഞ ദിവസം ഒരു സമ്മാനം കിട്ടിയ വിവരം അറിഞ്ഞില്ലേ?''

കുട്ടപ്പന്‍ ഇല്ലയെന്നര്‍ത്ഥത്തില്‍ തലയാട്ടി

'' എന്നാല്‍ കേട്ടോളൂ ! ഒരു ' നാരീഹസ്ത താഡനം ' സമ്മാനമായി കിട്ടിയിരിക്കുന്നു മകന്''

പള്ളിക്കൂടത്തിന്റെ തിണ്ണ അധികം പരിചയമില്ലാത്ത പാവം കുട്ടപ്പന് മലയാളം അധ്യാപകന്റെ കടുകട്ടി ഭാഷ പിടികിട്ടിയില്ല . മകനെ അദ്ധ്യാപകന്‍ പുകഴ്ത്തി സംസാരിക്കുകയാണെന്ന് വിചാരിച്ച് സന്തോഷത്തോടെ മകനെ കെട്ടിപ്പിടിച്ചു. എന്നിട്ട് സ്വന്തം സന്തോഷം മറച്ചു വയ്ക്കാതെ അഭിമാനത്തോടെ പറഞ്ഞു.

'' എന്റെ മോന്‍ പഠിത്തത്തില്‍ കേമനാകുമെന്ന് അച്ഛനറിയാമായിരുന്നു . മാഷ് വിളിച്ചപ്പോള്‍ ഞാനാദ്യം വിചാരിച്ചു നീയെന്തെങ്കിലും കുരുത്തക്കേട് കാട്ടിട്ടുണ്ടാകുമെന്ന്''

അതുവരെ ഒരു മൊട്ടു സൂചി പോലും നിലത്തു വീണാല്‍ കേള്‍ക്കാന്‍ പറ്റുന്ന നിശബ്ദതയിലായിരുന്ന ക്ലാസ്സ് മുറി പൊട്ടിച്ചിരിയുടെ ബഹളത്തില്‍ മുങ്ങി പോയി.

പ്രദീപ് ചോറ്റാനിക്കര
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.