പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

മിസ്ഡ് കാള്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സോണിയ റഫീക്ക്‌

ഇന്നുമവള്‍ നേരമേറെ വൈകിയാണ്‌ വീട്ടിലെത്തിയത്‌. വൈകുവാനുള്ള കാരണം തിരക്കിയ അമ്മയോട്‌ പതിവുപോലെ ലൈബ്രറി റഫറന്‍സ്‌ എന്ന കള്ളം തന്നെ പറയേണ്ടി വന്നു. പാവം അമ്മ !! എത്രവട്ടം താന്‍ ഇതേ നുണ ആവര്‍ത്തിച്ചിട്ടും ഒരു നോക്കുകൊണ്ട്‌ പോലും സംശയത്തിന്‍റെ കൂരമ്പ്‌ തന്‍റെ നേര്‍ക്ക്‌ എയ്തിട്ടില്ല. ചായയും പലഹാരവും കഴിച്ചശേഷം ഇന്ദിര അവളുടെ മുറിയുടെ സ്വകാര്യതയിലേക്ക്‌ നീങ്ങി. ബാഗില്‍നിന്ന്‌ മൊബൈല്‍ഫോണ്‍ കയ്യിലെടുത്തു. നാലു മെസ്സേജുകള്‍...ആരുടെയാണെന്ന്‌ നോക്കാതെതന്നെ അവള്‍ക്കറിയാം.....ജിത്തുവിന്‍റെതുതന്നെ...വിരല്‍ത്തുമ്പുകള്‍ വിതറിയിട്ട പ്രേമസന്ദേശങ്ങള്‍...പ്രേമഭാജനത്തിന്‌ സ്നേഹപുരസ്സരം അവന്‍ സമ്മാനിച്ച പിറന്നാള്‍ സമ്മാനമാണു ആ മൊബൈല്‍ഫോണ്‍. കോളേജിലെ ആല്‍മരച്ചോട്ടിലും ഒഴിഞ്ഞ ക്ളാസ്സ്‌മുറികളിലും ഐസ്ക്രീം പാര്‍ലറിലും അവര്‍ പങ്കിട്ട അസുലഭ പ്രണയ മുഹൂര്‍ത്തങ്ങള്‍ ഓര്‍ക്കുമ്പോള്‍തന്നെ അവള്‍ ഏതോ മായികലോകത്തിലേക്ക്‌ തെന്നിനീന്തും. സ്വപ്നങ്ങള്‍ക്ക്‌ സ്വയം തിരശീലയിട്ട്‌ അവള്‍ പിടഞ്ഞെണീറ്റു.

ഇല്ലാ...സ്വപ്നം കണ്ടിരിക്കാന്‍ നേരമില്ല. എത്രയും പെട്ടന്ന്‌ സാധനങ്ങള്‍ പാക്ക്‌ ചെയ്യണം. കുളിച്ച്‌ വസ്ത്രം മാറണം. ജിത്തുവും ഇന്ദിരയും ഒന്നിച്ചൊരു ജീവിതം തുടങ്ങാന്‍ തീരുമാനമിട്ട് കഴിഞ്ഞു. അന്നേ ദിവസം രാത്രി 12.30ന്‌ തന്‍റെ വീടിന്‍റെ മുന്നിലുള്ള ഇടവഴിയില്‍ അവന്‍ കാത്തുനില്‍ക്കും. മിസ്ഡ് കാള്‍ തരുമ്പോള്‍ അവള്‍ ബാഗുമായി ഇറങ്ങി ചെല്ലണം. ജിത്തുവിന്‍റെ കൂട്ടുകാരന്‍റെ വീട്ടിലൊരു ഇടത്താവളം ഒരുക്കിയിട്ടുണ്ട്‌. പിറ്റേന്ന്‌ രാവിലെ രജിസ്റ്റര്‍ കച്ചേരിയില്‍ വിവാഹം...ഇത്രയുമാണ്‌ പ്ളാന്‍.

എല്ലാം തീരുമാനിച്ചപടി നടക്കണേയെന്ന്‌ പ്രാര്‍ത്ഥിച്ച്‌ ഇന്ദിര അലമാരതുറന്ന്‌ സാധനങ്ങള്‍ ഒരോന്നായി ബാഗിലേക്ക്‌ നിറക്കുവാന്‍ തുടങ്ങി. വസ്ത്രങ്ങള്‍ക്കിടയില്‍നിന്ന്‌ ചോപ്പ്‌ നിറമുള്ളൊരു കുഞ്ഞിപ്പട്ടുപാവാടയും ബ്ലൗസും കയ്യില്‍ തടഞ്ഞു. ഇന്ദിരക്ക്‌ അഞ്ച്‌ വയസ്സുള്ളപ്പോള്‍ അച്ഛന്‍ പിറന്നാളിന്‌ സമ്മാനിച്ച സ്വര്‍ണ്ണക്കസവുള്ള പട്ടുപാവാട. അത്‌ കയ്യിലെടുത്ത്‌ ഒന്നു തലോടി തിരികെ അലമാരയില്‍ത്തന്നെ വെച്ചു. അവള്‍ക്ക്‌ എഴ്‌ വയസ്സുള്ളപ്പോളാണ്‌ അച്ഛന്‍റെ മരണം. പതിവുപോലെ സന്തോഷവാനായി ഒഫീസിലേക്ക്‌ പുറപ്പെട്ട അച്ഛന്‍ വെള്ളത്തുണിക്കെട്ടായി തിരികെയെത്തിയ കാഴ്ച്ച ഓര്‍ക്കുമ്പോള്‍ അവളുടെ മിഴികളില്‍ നനവ്‌ പടരും. അന്നുമുതല്‍ താനും അമ്മയും ചെറിയ ചെറിയ സന്തോഷങ്ങളും കൊച്ചുകൊച്ച്‌ പരിഭവങ്ങളും പങ്കിട്ട്‌ ഈ ചെറിയ വീട്ടില്‍ ഒതുങ്ങി കഴിഞ്ഞ്‌ പോരുന്നു.

ഓര്‍മ്മകള്‍ക്കൊന്നും ഇനി സ്ഥാനമില്ല. തന്‍റെ ജീവിതചക്രം പുതിയൊരു വഴിത്താരയിലേക്ക്‌ തിരിച്ചുവിടുവാന്‍ തീരുമാനമെടുത്തുകഴിഞ്ഞു. അപ്പോഴേക്കും അത്താഴം കഴിക്കുവാനായി അമ്മ വാതിലില്‍ മുട്ടി. പാതി നിറച്ച ബാഗ്‌ കട്ടിലിന്നടിയിലേക്ക്‌ തള്ളി വച്ച്‌ അവള്‍ തീന്‍മേശയിലേക്ക്‌ നടന്നു. തനിക്കിഷ്ടമുള്ള കണവാതോരനും കൂര്‍ക്കമെഴുക്കുപുരട്ടിയും എല്ലാം അമ്മ പാത്രത്തിലേക്ക് വിളമ്പി. അമ്മയെന്നും തനിക്കിഷ്ടമുള്ള വിഭവങ്ങള്‍ മാത്രം പാകംചെയ്യുന്നതെന്തേ? അമ്മക്കുമില്ലേ ഇഷ്ടങ്ങള്‍.... അതോ തന്‍റെ ഇഷ്ടങ്ങള്‍ എല്ലാം അമ്മയുടേയും ഇഷ്ടങ്ങളാക്കി മാറ്റിയതാണോ??

ചോറില്‍ കയ്യിട്ടിളക്കി എന്തൊക്കെയോ ചിന്തയില്‍ മുഴുകിയവള്‍ ഇരുന്നു. ആ ഇരുപ്പ്‌ കണ്ട്‌ അമ്മ തിരക്കി.. "എന്താ സുഖമില്ലേ?" "എന്തോ... വിശപ്പില്ലമ്മേ" "എന്നാല്‍ അമ്മ ഒരു ഗ്ളാസ്സ്‌ പാല്‍ കാച്ചിത്തരാം"

കഴിക്കാന്‍ വിരലിട്ട ചോറ്‌പാത്രവും അവിടെ ഉപേക്ഷിച്ച്‌ അമ്മ ഇന്ദിരക്ക്‌ പാല്‍ കാച്ചുവാനായി അടുക്കളയിലേക്ക്‌ പോയി. ഇന്ദിര ഷോകേസില്‍ ഫ്രയിം ചെയ്ത്‌ വെച്ച ഫോട്ടോയിലേക്ക്‌ നോക്കി ഇരുന്നു. അച്ഛനെ ചേര്‍ന്നിരിക്കുന്ന അമ്മയെയും മടിയില്‍ ചിരിച്ചുകൊണ്ടിരിക്കുന്ന മുറിപ്പാവടക്കാരിയെയും അവള്‍ ആദ്യമായി കാണുന്നപോലെ നോക്കിയിരുന്നു. പതിനാറ്‌ വര്‍ഷമായി അതേ സ്ഥാനത്തിരിക്കുന്ന ഫോട്ടോ എന്തുകൊണ്ടോ ഇന്നേവരെ അവളില്‍ ഇത്രയേറെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നില്ല. പാലുമായി അമ്മ അടുക്കളയില്‍നിന്ന്‌ എത്തി. അതു കുടിച്ചുതീരുംവരെ നോക്കിയിരുന്നു.

അമ്മയോട്‌ ഒന്നും പറയാതെ നേരെ മുറിയിലെക്ക്‌ പോയി. സമയം പത്ത്‌ മണി. ഇനി രണ്ടര മണിക്കൂറേ ബാക്കിയുള്ളൂ. അവള്‍ വീണ്ടും തയ്യാറെടുപ്പുകളില്‍ മുഴുകി.

ജിത്തുവുമായുള്ള അടുപ്പം പലവട്ടം അമ്മയോട്‌ പറയാന്‍ മുതിര്‍ന്നതാണ്‌. മനസ്സ്‌ വന്നില്ല.....തന്നേക്കാള്‍ താഴ്ന്ന ജാതിയിലുള്ള സാമ്പത്തിമായി പിന്നോക്കം നില്‍ക്കുന്ന ഒരു യുവാവിനെ ഭര്‍ത്താവായി സ്വീകരിക്കുവാന്‍ അമ്മയും ബന്ധുക്കളും സമ്മതിക്കില്ല എന്നുള്ളത്‌ അവള്‍ക്കുറപ്പാണ്‌. എന്നാല്‍ തന്നെ സ്നേഹമഴയില്‍ കോരിക്കുളിപ്പിച്ച്‌ തനിക്കുവേണ്ടി അനേകം ത്യാഗങ്ങള്‍ സഹിച്ച ജിത്തുവിനെ വഞ്ചിക്കുവാനും മനസ്സുവന്നില്ല. കഷ്ടപ്പാടുകള്‍ക്കും പരാധീനതകള്‍ക്കുമിടയില്‍ അവന്‍ എത്രയേറെ ബുദ്ധിമുട്ടിയിട്ടാവും തനിക്കുവേണ്ടി ഈ മൊബൈല്‍ ഫോണ്‍ സമ്മാനം തരപ്പെടുത്തിയതെന്ന്‌ അവള്‍ക്ക്‌ ഊഹിക്കാവുന്നതേയുള്ളൂ. അവനോടൊപ്പമുള്ള ജീവിതത്തിന്‍റെ സുന്ദരസ്വപ്നങ്ങള്‍ക്ക്‌ മുന്നില്‍ അമ്മയെ ധിക്കരിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യേണ്ടിവരും എന്നുള്ള ചിന്ത അവള്‍ മനപ്പൂര്‍വ്വം അകറ്റിനിര്‍ത്തി. എത്രതന്നെ അകറ്റിനിര്‍ത്തിയാലും അവള്‍പോലും അറിയാതെ ചില ചിന്തകള്‍ മനസ്സിനെ അലോസരപ്പെടുത്തും. ജിത്തുവുമായി അടുത്തശേഷം കുറ്റബോധം കൊണ്ടോ കള്ളത്തരം കണ്ടുപിടിക്കുമെന്ന ഭയംകൊണ്ടോ അവള്‍ അമ്മയില്‍നിന്ന്‌ ഒരുപാടകന്നു. അവധി ദിവസവും മുറിയില്‍തന്നെ കഴിച്ചുകൂട്ടും. അമ്മയുടെ കണ്ണുകളിലേക്ക്‌ നോക്കുമ്പോള്‍തന്നെ എല്ലാ ധൈര്യവും ചോര്‍ന്ന്‌ പോകും.

അച്ഛന്‍ മരിക്കുമ്പോള്‍ നന്നേ ചെറുപ്പമായിരുന്ന അമ്മയെ മറ്റൊരു വിവാഹത്തിനായി പലരും നിര്‍ബന്ധിക്കുമ്പോഴും തന്നെ മാറോടണച്ച്‌ ചേര്‍ത്ത്‌ പിടിച്ച്‌ "എന്‍റെ ഇന്ദൂട്ടിക്ക്‌ ഇനി അമ്മയും, അമ്മക്ക്‌ ഇന്ദൂട്ടിയും മാത്രം മതി." എന്നു പറഞ്ഞവളാണമ്മ.

സമയം പന്ത്രണ്ട്‌ മണിയായി. ഇന്ദിര ബാഗ്‌ തയ്യാറാക്കി വസ്ത്രം മാറി ജിത്തുവിന്‍റെ മിസ്ഡ് കാളിനായി കാത്തിരുന്നു. ഒരു നോക്ക്‌ അമ്മയെ കാണുവാന്‍ മനസ്സ്‌ കൊതിച്ചു. മെല്ലെ അമ്മയുടെ കിടപ്പുമുറി തുറന്നു. കാലുകള്‍ തൊട്ട്‌ വന്ദിക്കണം എന്നുണ്ടായിരുന്നവള്‍ക്ക്‌. എന്നാലും അബദ്ധവശാല്‍ അമ്മയുണര്‍ന്നാല്‍ നേരിടുവാനുള്ള കെല്‍പ്‌ അവള്‍ക്കില്ല. വാതില്‍ മെല്ലെ ചാരി ബാഗുമായി മുന്‌വാതിലിലേക്ക്‌ നടന്നു. ജിത്തുവിന്‍റെ മിസ്ഡ് കാള്‍....

നെഞ്ചിലൊരു തീക്കട്ട വീണ്‌ അത്‌ നാഭിയിലൂടെ എരിഞ്ഞിറങ്ങുന്നപോലെ ..... വാതിലിന്‍റെ കൊളുത്തെടുത്ത്‌ മുറ്റത്തേക്ക്‌ കാല്‍കുത്തി. മുറ്റത്ത്‌ പൂത്തുലഞ്ഞ്‌ നില്‍ക്കുന്ന ചെമ്പകം. കുഞ്ഞുനാളില്‍ അച്‌'ഛന്‍ തന്നെ ചേര്‍ത്ത്‌നിര്‍ത്തി ചെമ്പകത്തൈ കുഞ്ഞിക്കൈകളില്‍ പിടിപ്പിച്ച്‌ മുറ്റത്ത്‌ നട്ട്‌ വെച്ച ചെമ്പകം. ഇന്നവള്‍ ശിഖരങ്ങളില്‍ തളിരും മൊട്ടും പേറി പരിമളം പരത്തുന്ന വിടര്‍ന്ന പുഷ്പ്പങ്ങളാലും സമ്പന്നയായി നില്‍ക്കുന്നു. അതില്‍ നിന്നൊരു പുഷ്പം പറിച്ച്‌ അച്ഛന്‍റെ കല്ലറയില്‍ വെക്കണമെന്ന്‌ മനസ്സ്‌ മന്ത്രിച്ചു. വീണ്ടും മിസ്ഡ് കാള്‍ .....

ബാഗുമെടുത്തവള്‍ പടിയിറങ്ങി. വഴിവക്കില്‍ കാത്തുനിന്ന ജിത്തു അവളുടെ കയ്യും പിടിച്ച്‌ ഇരുട്ടിലൂടെ വേഗം നടന്നു. ഇന്ദിരയുടെ പാദങ്ങള്‍ ഇടറുന്നപോലെ. അവള്‍ ജിത്തുവിന്‍റെ കൈ വിടുവിച്ചു..

" എന്തു പറ്റി"; ജിത്തു "ഞാന്‍ വീട്‌ വരെ പോയിവരാം, അഞ്ചു മിനിട്ട്‌" ; ഇന്ദിര "വേഗമാകട്ടെ " ; ജിത്തു

അവള്‍ കിതച്ചുകൊണ്ട്‌ ഓടി. തുറന്നിട്ട വാതിലിലൂടെ ഉള്ളില്‍ കയറി. ഒന്നുമറിയാതെ ഉറങ്ങിക്കിടക്കുന്ന അമ്മയുടെ കാല്‍പ്പാദങ്ങളില്‍ കെട്ടിപ്പുണര്‍ന്ന്‌ നിലത്തിരുന്നു. എത്ര നേരം അങ്ങനെ ഇരുന്നെന്നു അവള്‍ക്കറിയില്ല.

"മോളേ ഇന്ദൂ...നീയെന്തേ ഇവിടെ കിടക്കുന്നേ" അമ്മയുടെ ശബ്ദം കേട്ടവള്‍ ഞെട്ടിയുണര്‍ന്നു. നേരം വെളുത്തിരിക്കുന്നു. അമ്മയോടു മറുപടിയൊന്നും പറയാതെ അവള്‍ മുറിയിലേക്ക്‌ പോയി. മൊബൈല്‍ഫോണില്‍ ഇരുപത്താറ്‌ മിസ്ഡ് കാളുകള്‍. ജിത്തു തന്നെകാത്ത്‌ നിന്ന്‌ ക്ഷമകെട്ട്‌ വീട്ടില്‍ പോയിക്കാണുമോ?? വിളിച്ചുനോക്കാം എന്നു കരുതി ഫോണെടുത്തു. അവന്‍റെ മൊബൈല്‍ സ്വിച്ച്‌ ഓഫ്‌ ആണ്‌. എന്തൊക്കെയോ ചിന്തകളാല്‍ കലങ്ങിയ മനസ്സുമായി അവള്‍ വരാന്തയില്‍ വന്നിരുന്നു. അമ്മ നല്‍കിയ ചൂട്‌ ചായയും ചുണ്ടോടടുപ്പിച്ച്‌ പത്രത്തിന്‍റെ പുറം താളിലേക്ക്‌ നിസ്സങ്കമായി നോക്കിയിരുന്നു. അവളില്‍നിന്ന്‌ പത്രം വാങ്ങി ഓരോരോ വാര്‍ത്തകളുടെ തലക്കെട്ടും ഉറക്കെ വായിച്ച്‌ അമ്മ പേജുകള്‍ മറിച്ചു. കൂട്ടത്തില്‍ " കോളേജ്‌ വിദ്യാര്‍ഥിയുടെ ജടം കായലില്‍...." എന്നിങ്ങനെയുള്ള ചില അപ്രസക്ത വാര്‍ത്തകളും വായിച്ച്‌ പത്രത്താളുകള്‍ മറിക്കവെ അമ്മ അവളോട്‌ " വേഗം പോയി കുളിക്കൂ ഇന്ദൂ.... കോളേജില്‍ പോകാന്‍ നേരമായി..".

ഒരു കൊച്ചുകുട്ടിയുടെ നിഷ്കളങ്കതയോടും ഉത്സാഹത്തോടും അവള്‍ അമ്മയോടു ചോദിച്ചു.." അമ്മേ അച്ഛനിന്ന്‌ ഓലപ്പീപ്പിയും കരിവളയും വാങ്ങി വരുമോ... "" മുറ്റത്ത്‌ വീണുകിടക്കുന്ന ചെമ്പകപ്പൂ പെറുക്കി മാലകോര്‍ക്കുന്ന ഇന്ദൂട്ടിയേം നോക്കി അമ്മ വാതില്‍പടിക്കല്‍ നിര്‍വികാരയായി നിന്നു.

സോണിയ റഫീക്ക്‌


E-Mail: soniarafeek@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.