പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

വിറംബ്ര

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സൈജുഷ്‌ ചെമ്മങ്ങാട്ട്‌, പയ്യന്നൂർ.

ഒട്ടുമുക്കാലും നരച്ച മുടി മുഖത്തേക്ക്‌ ഊർന്നുകിടക്കുന്നു. ക്ഷൗരക്കത്തി മറന്നു പോയ മുഖരോമങ്ങൾ. ശരീരത്തിന്റെ ഭാഗമേ അല്ലെന്നു തോന്നിപ്പിക്കുന്ന കുണ്ടിലാണ്ടു കിടക്കുന്ന കണ്ണുകൾ, അയാൾക്ക്‌ ചുറ്റും പഴകിയ വിയർപ്പു നാറ്റം തളം കെട്ടി നിന്നു.

“ഒരു വിറംബ്ര” വിറയ്‌ക്കുന്ന കൈകളാൽ അയാൾ ചോദിച്ചു.

“ഈ തിരക്കൊന്നു കഴിയട്ടെ, കുറച്ചങ്ങോട്ട്‌ മാറിനിൽക്ക്‌ എതിരെയുള്ളയാൾ മറുപടി പറഞ്ഞു.

അയാൾ അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ ഒരു മൂലയിലേക്ക്‌ മാറി നിന്നു.

സമയം എട്ടുമണി ആയിക്കാണും. ഇന്ന്‌ പതിവിലും കൂടുതൽ തിരക്കുണ്ടായിരുന്നു. സാധാരണ ഇതു പതിവുള്ളതല്ല. എപ്പോഴാണാവോ ഈ തിരക്കൊന്ന്‌ അവസാനിക്കുക, വീട്ടിലെത്തുമ്പോഴേക്കും ഒരുപാടുവൈകും. കാത്തുനിൽക്കുന്ന ഓരോ നിമിഷവും ഓരോ യുഗം പോലെ തോന്നിച്ചു. വരണ്ടുണങ്ങിയ വയറ്‌ വല്ലാതെ മോഹിക്കാൻ തുടങ്ങിയിരിക്കുന്നു. ജീവിതാനുഭവങ്ങൾ മനസ്സിനെ വരിഞ്ഞു മുറുക്കാൻ തുടങ്ങിയപ്പോൾ വീടിനെ കുറിച്ചുള്ള ചിന്ത മനസ്സിൽ കയറിക്കൂടി. സാഹചര്യങ്ങൾ മനുഷ്യന്റെ ജീവിതഗതി നിർണയിക്കുന്നുവെന്ന്‌ സ്വയം ജീവിതം തന്നെ തെളിയിച്ചിരിക്കുന്നു.

മക്കൾ അച്ഛനെ കണ്ടിട്ട്‌ ഇന്നേക്ക്‌ അഞ്ചു ദിവസമാകുന്നു. രാത്രി വീട്ടിൽ എത്തുമ്പോഴേക്കും അവർ ഉറങ്ങിക്കാണും. രാവിലെ അവർ ഉണരുമ്പോഴേക്കും ജോലിക്ക്‌ പോയിട്ടുമുണ്ടാകും. അഞ്ച്‌ ദിവസം മുമ്പ്‌ മൂത്തവൾ സതി പറഞ്ഞതാണ്‌ വൈകിട്ട്‌ അപ്പുവേട്ടന്റെ തട്ടുകടയിൽ നിന്നും പരിപ്പുവട വാങ്ങിച്ചു വരാൻ. സത്യത്തിൽ അന്ന്‌ വൈകിട്ട്‌ വരെ അതിനെക്കുറിച്ച്‌ ഓർമ്മയുണ്ടായിരുന്നു. പതിവുപോലെ അന്ന്‌ വൈകിട്ട്‌ തിരിച്ചു വരുമ്പോൾ വാങ്ങിക്കാം എന്നു വച്ചു. ഒടുക്കം രാത്രി വീട്ടിൽ എത്തി ഉറങ്ങുന്ന മകളെ കാണുമ്പോഴാണ്‌ അതിനെക്കുറിച്ച്‌ ഓർമ്മ വരുന്നത്‌. അതിന്‌ ശേഷം മകളെ മുഖാമുഖം കാണുവാൻ സാധിക്കാത്തതിനാൽ അതിനെക്കുറിച്ചൊന്നും ചോദിക്കുകയോ പറയുകയോ വേണ്ടി വന്നില്ല. എന്നും വൈകുന്നേരം അപ്പുവേട്ടന്റെ തട്ടുകടയുടെ മുന്നിലൂടെ പോകുമ്പോൾ അതിനെക്കുറിച്ച്‌ ഓർക്കും, അപ്പോഴൊക്കെയും വിചാരിക്കും തിരിച്ചു വരുമ്പോൾ വാങ്ങിക്കാമെന്ന്‌. അങ്ങനെ ഇന്നേക്ക്‌ അഞ്ച്‌ ദിവസം കഴിഞ്ഞിരിക്കുന്നു. അതിനെക്കുറിച്ച്‌ അവളും മറന്നു കാണും എന്ന്‌ സമാധാനിച്ചു. ബുദ്ധിമുട്ടുകൾ കഴിവതും തന്റെ മകളെ അറിയിക്കരുത്‌ എന്ന ദൃഢമായ മനസ്സോടുകൂടി ജീവിതത്തെ കരയ്‌ക്കടുപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌.

ഇതിനിടെ ഒരു ദിവസം രാത്രി ഏറെ നേരം കാത്തിരുന്ന്‌, എട്ടു വയസുകാരൻ മകൻ തന്റെ ആവശ്യം അറിയിച്ചു. വരുമ്പോൾ അവനൊരു കളർ പെൻസിൽ വാങ്ങാൻ. അതും മറന്നു എന്ന്‌ തന്നെ വേണം പറയാൻ, ഈയിടെയായി മറവി അൽപം കൂടിയിട്ടുണ്ട്‌. സ്വയം ഒന്നു വിലയിരുത്തി. എങ്ങനെ മറക്കാതിരിക്കും. കുടുംബപ്രാരാബ്‌ദങ്ങൾക്കിടയിൽകിടന്ന്‌ ചക്രശ്വാസം വലിക്കുമ്പോൾ മറവി സാധാരണം. ദിവസക്കൂലിയായി കിട്ടുന്ന മിച്ചവരുമാനം കൊണ്ട്‌ വേണം നാല്‌ വയറുകൾ കഴിഞ്ഞ്‌ കൂടാൻ. കടംകയറി ഒടുക്കം വീട്‌ ഏതു സമയവും ജപ്‌തി ചെയ്യാനുള്ള സ്‌ഥിതിയിലാണിപ്പോൾ. എന്നും രാത്രി വീട്ടിലേക്കു പേകുമ്പോൾ ഭാര്യയും കുട്ടികളും വീട്ടിൽ ഉണ്ടാകുമോ എന്ന ആധിയാണ്‌ മനസ്സുനിറയെ. ഏതെങ്കിലും ഒരു ദിവസം വീട്ടാകടങ്ങളാൽ തന്റെ വീടും ലേലം വിളിച്ചേക്കാം. മണ്ണെണ്ണ വിളക്കിലെ തിരിയെ നോക്കി വിളക്കിലേക്കണയുന്ന ഈയ്യാം പാറ്റ പോലെ ഒരിക്കലും തിരിച്ചു കയറാനാകാതെ ജീവിതം മുന്നിൽ നോക്കുകുത്തിയായ്‌ നിൽക്കുന്നു. എതിരെ വരുന്ന കൊടുംകാറ്റിൽ നിന്നും തെന്നി മാറാൻ പറ്റാത്ത ശലഭങ്ങളെ പോലെ സ്വന്തം കുടുബവും. കുറച്ച്‌ നാൾ രാഷ്‌ട്രീയം കൊണ്ട്‌ കഴിച്ചുകൂട്ടി. സ്‌ഥലത്തെ ലോക്കൽ കമ്മറ്റി മെമ്പറും ചുമട്ടു തൊഴിലാളി യൂണിയൻ അംഗവും ഒക്കെ ആയതുകൊണ്ട്‌ ഇടയ്‌ക്കിടെ കൂടുന്ന പാർട്ടി ക്ലാസ്സുകളും ജാഥകളും മീറ്റിങ്ങുകളും കൊണ്ട്‌ അന്നത്തെ ചെലവ്‌ നടന്നുപോകുമായിരുന്നു. പാർട്ടിയിലെ വിഭജനം രൂക്ഷമായതിനെ തുടർന്നു പാർട്ടി ഓഫീസുകൾ അനാഥമായി. കാറ്റ്‌ വിതച്ച്‌ കൊടുകാറ്റ്‌ കൊയ്യാൻ ശ്രമിക്കുന്നവരാണ്‌ ഇവിടെ ഏറെ പേരും. അതുകൊണ്ട്‌ തന്നെ ഇപ്പോൾ മീറ്റിങ്ങുമില്ല സമ്മേളനവും. അത്‌ കാരണം എന്നെപോലുള്ളവന്റെ പരിപ്പും ചായയും വരെ മുട്ടിയിരിക്കുന്നു.

വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ശാന്ത ഓർമ്മിപ്പിച്ചതാണ്‌. കറന്റ്‌ ബില്ല്‌ അടക്കാൻ, അതിനായി അവൾ കൂട്ടിവച്ച കാശ്‌ മാത്രമേ ഇപ്പോൾ കയ്യിൽ മിച്ചമുള്ളു. ഒരു ദിവസം വൈകിയാലോന്നും കറന്റ്‌ കട്ട്‌ ചെയ്യുന്ന കൃത്യനിഷ്‌ഠത നമ്മുടെ ഇലക്‌ട്രിസിറ്റിക്കാർക്ക്‌ ഇല്ലാത്തത്‌ അനുഗ്രഹമായി എന്ന്‌ മനസ്സിലോർത്തു. ഇന്ന്‌ വീട്ടിൽ എത്തിയാൽ അതിന്റെ പേരിലായിരിക്കും വഴക്ക്‌. എന്നും എന്തെങ്കിലും കാരണങ്ങളുണ്ടാക്കി വഴക്കടിക്കുക ഒരു പതിവായിട്ടുണ്ട്‌, അതെങ്ങനാ, ആന എന്ന്‌ പറഞ്ഞാൽ കേൾക്കുന്നത്‌ ചേന എന്നായിരിക്കും. പിന്നെ ആർക്കാണ്‌ ദേഷ്യം വരാതിരിക്കുക. എത്രയൊക്കെ ക്ഷമിച്ചു നിന്നാലും അവസാനം കൈയ്യേറ്റത്തിലെ അവസാനിക്കൂ. മക്കൾക്ക്‌ ചെറുപ്പത്തിലെ ഇതൊക്കെ ശീലമായതുകൊണ്ട്‌ വഴക്ക്‌ അവരുടെ ഉറക്കത്തിനു ഭംഗം വരുത്താറില്ല. മിക്കവാറും ദിവസങ്ങളിൽ അയൽവാസികളാണ്‌ പ്രതികരിക്കാറ്‌. അവർക്കറിയില്ലല്ലോ വീട്ടിലെ കാര്യങ്ങളൊന്നും. കാര്യം അയൽവാസികളൊക്കെ തന്നെയാണ്‌. എല്ലാവരും നല്ല ആൾക്കാരുമൊക്കെയാണ്‌. പക്ഷെ എന്നും അവർ അവളുടെ പക്ഷം ചേർന്ന്‌ സംസാരിക്കുമ്പോൾ എങ്ങനെ കലികയറാതിരിക്കും. ജീവിതത്തിൽ സന്തോഷമായാലും സങ്കടമായാലും സ്വകാര്യത വേണം എന്ന്‌ നിർബന്ധമായിരുന്നു. പക്ഷെ ആ സമയത്ത്‌ അങ്ങനെയൊക്കെ അറിയാതെ സംഭവിച്ചുപോകും. അപ്പോൾ എന്തെന്നില്ലാതെ തലക്കകത്ത്‌ പെരുത്ത്‌ കയറും. കഴിഞ്ഞരാത്രി അയൽപ്പക്കത്തെ ശങ്കരേട്ടന്റെ ഷർട്ടിൽ കയറിപിടിച്ചുവെന്നായിരുന്നു പിറ്റേ ദിവസം ഉറക്കമുണർന്നപ്പോൾ ശാന്ത പറഞ്ഞത്‌. എന്തായാലും മോശമായി പോയി എന്ന്‌ തോന്നിയെങ്കിലും അതിനെ കുറിച്ച്‌ പ്രതികരിക്കാൻ പോയില്ല. അതിന്‌ ശേഷം തന്നെ കാണുമ്പോൾ മുഖം കറുക്കുകയും വഴിമാറി നടക്കുകയും ചെയ്യുന്ന നൂറുകണക്കിന്‌ വരുന്ന ആൾക്കാരിൽ ഒരാളായിമാറി ശങ്കരേട്ടനും.

ഓർമയിൽ നിന്നുമുണർന്ന്‌ പുറം ലോകത്തേക്ക്‌ കാലെടുത്തുവച്ചു. ചാല്‌ കീറിയൊഴുകുന്ന വിയർപ്പു തുടച്ചുമാറ്റി കൗണ്ടറിലേക്ക്‌ വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കി. കണ്ണുകൾക്ക്‌ പഴയതിനേക്കാൾ തീക്ഷ്‌ണതയുണ്ടായിരുന്നു ഈ പ്രാവശ്യം. പ്രതീക്ഷകൾ എന്തായാലും അസ്‌ഥാനത്തായില്ല. കൗണ്ടറിൽ നിന്നയാൾ തലയാട്ടി വിളിച്ചു. എന്തൊക്കെയോ സ്വപ്‌നം കണ്ട്‌ പാതിയടഞ്ഞ കണ്ണുകളിൽ പ്രതീക്ഷയുടെ നിലാവെളിച്ചം വന്നു വീണു. പിന്നെ കൗണ്ടറിനു നേരെ ഒരു കാറ്റ്‌ പോലെ പറന്നെത്തി. കയ്യിലിരുന്ന കാശ്‌ കൗണ്ടറിനു നേരെ നീട്ടി അയാൾ വെറിയോടെ പറഞ്ഞു ”വിറംബ്ര“.

കൗണ്ടറിൽ നിന്നയാൾ മൂന്നു കുപ്പിയെടുത്തു. വിസ്‌കിയുടേയും റമ്മിന്റെയും ബ്രാണ്ടിയുടെയും ഒഴിയാറായ കുപ്പികൾ ചരിച്ചുപിടിച്ച്‌ അത്‌ ഊറ്റിയെടുത്ത്‌ അപൂർവ്വമായ ആ കൂട്ടുണ്ടാക്കാൻ തുടങ്ങി. അതിനെ ഇവിടെ എത്തുന്നവർ വിറംബ്ര എന്ന്‌ വിളിച്ചു. കുറഞ്ഞ ചിലവുകൊണ്ട്‌ കൂടുതൽ നേരം ഞെരമ്പുകളെ തളർത്തിയിടാൻ ഇവയ്‌ക്കു സാധിക്കും. ഈ കാശ്‌ കൗണ്ടറിൽ നിൽക്കുന്നയാളിന്റെ പോക്കറ്റിലേക്കാണ്‌ പോകുക. ഇതിനു കണക്കൊന്നും കാണുകയില്ല. അയാൾക്ക്‌ മുന്നിലേക്ക്‌ നീട്ടിയ ഗ്ലാസ്‌ ഒരറ്റ വലിക്ക്‌ അകത്താക്കി. ഒട്ടും സമയം കളയാതെ നാലെണ്ണം പെട്ടെന്ന്‌ തന്നെ തീർത്തു. കൈകാലുകളിൽ ഞെരമ്പുകൾ പിടഞ്ഞു. തൊണ്ട വറ്റി വരണ്ടു, തലയിൽ പിടിത്തം മുറുകി. അയാളുടെ സന്തോഷത്തിന്‌ അതിരുണ്ടായിരുന്നില്ല, മറ്റേതോ ലോകത്തെത്തിയ പോലെ, ഒരു അപൂർവ്വമായ അനുഭൂതി. ഒടുവിൽ കാശ്‌ കൊടുത്തു പുറത്തേക്കു നടന്നു. ഇരുട്ടിന്റെ കരിമ്പടക്കെട്ടുകൾ കൈകൾ കൊണ്ട്‌ വകഞ്ഞ്‌ മാറ്റി റോഡിലേക്കിറങ്ങി. ജീവിതമൊരു സമസ്യയായി മുന്നിലും കൂടെ കടന്നു പോകുന്ന പ്രാരാബ്‌ധങ്ങൾ ഒരു തുരുത്ത്‌ പോലെയും ആവലാതിയും വേവലാതിയും ഒരു ചെറിയ ലോകവുമായി അയാൾക്കൊപ്പം നടന്നു നീങ്ങി. ഇടവഴിയിലൂടെ മനസ്സിൽ ഒരായിരം ആധിയുമായി അയാൾ വീടിനു നേരെ നടന്നു നീങ്ങുമ്പോൾ ഇമചിമ്മാതെ നക്ഷത്രങ്ങൾ അയാൾക്ക്‌ പ്രകാശമേകി.

സൈജുഷ്‌ ചെമ്മങ്ങാട്ട്‌, പയ്യന്നൂർ.


E-Mail: saijush@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.