പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

സ്‌നേഹമഴ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുജാതവർമ്മ

സ്വാർത്ഥതയുടെ അല്ലെങ്കിൽ പ്രായോഗികതയുടെ ബന്ധങ്ങൾ മാത്രമുള്ള ഇവിടെ ഞാനെന്റെ ‘സ്വാതി’യുടെ കഥ പറഞ്ഞാൽ നിങ്ങൾക്ക്‌ മനസ്സിലാകുമോ? നിങ്ങൾ അതിനെ എങ്ങിനെ കാണുമെന്നെനിക്കറിയില്ല. എങ്കിലും ഞാനെഴുതുന്നു അവൾക്കുവേണ്ടി - എന്റെ ‘സ്വാതി’യ്‌ക്കുവേണ്ടി.

എന്റെ - അല്ല ഞങ്ങളുടെ തറവാട്‌ വകക്ഷേത്രത്തിലെ പൂജാരിയായിരുന്നു അവളുടെ അച്ഛൻ. അവരുടെ പൂർവ്വികരായി മംഗലാപുരത്തുനിന്നും വന്നവരാണ്‌. ഞങ്ങളുടെ തറവാട്ടുകാർ തന്നെയാണ്‌ അവർക്കിവിടെ സ്വന്തമായ വീടും സ്‌ഥലവും നൽകിയിരുന്നത്‌. അവളുടെ അച്ഛനെ എല്ലാരും ‘മാണി’ എന്നാണ്‌ വിളിച്ചിരുന്നത്‌. നല്ല വെളുത്ത നിറവും വളരെ പ്ര്ഡഗാംഭീരത്തോടു കൂടിയ രൂപവും - മാത്രമല്ല ജ്യോതിഷത്തിനും മറ്റും അപാരപാണ്ഡിത്യവും സ്വാതികനുമായിരുന്നു. അമ്മ പക്ഷേ വളരെ ശാന്തഭാവവും എണ്ണമയമുള്ള മുഖത്ത്‌ നിറയെ മഞ്ഞളും കുങ്കുമവും പ്രസാദവുംമൊക്കെ കൂടി ഒരു അവശതതോന്നിക്കുന്ന രൂപം. അവരുടെ വിവാഹം കഴിഞ്ഞ്‌ വളരെ കാലങ്ങൾക്ക്‌ ശേഷം പ്രാർത്ഥനയും വഴിപാടുകൾക്കും ശേഷമാണത്രെ ‘സ്വാതി’ - അല്ല സരസ്വതി ഉണ്ടായത്‌. എന്റെ സമപ്രായം - ഞാനാണ്‌ അവളെ സ്വാതി എന്നു വിളിച്ചിരുന്നത്‌. എന്റെ പേര്‌ പാർവ്വതി എന്നാണെങ്കിലും എന്നെ അവൾ ‘പാച്ചു’ എന്നാണ്‌ വിളിച്ചിരുന്നത്‌. ഓർമ്മവെച്ചനാൾ മുതൽ നമ്മൾ കളികൂട്ടുകാരായിരുന്നു.

അന്നെല്ലാം എന്റെ തറവാട്ടിൽ നിറയെ ബന്ധുക്കൾ - ചെറിയമ്മമാരും - വലിയമ്മമാരും - മുത്തശ്ശിമാരുമൊക്കെയായി ധാ​‍ാരാളം ആളുകൾ ഉണ്ടായിരുന്നു. എന്റെ ജ്യേഷ്‌ഠസഹോദരന്മാർ - ചേച്ചിമാർ, അനിയത്തിമാർ അങ്ങിനെ ഒരു വലിയ കൂട്ടുകുടുംബം - അവരോടൊപ്പം സ്വാതിയും എന്റെ കൂടെതന്നെയായിരിക്കും എപ്പോഴും - കുട്ടികാലം നല്ലരസമായിരുന്നു - ഓണപൂക്കളം ഒരുക്കാനും - തിരുവാതിരയ്‌ക്ക്‌ കൈകൊട്ടികളിക്കാനും - കുളത്തിലെ നീന്തൽ മത്സരം - എത്രതരം കളികളായിരുന്നെന്നോ. അവൾക്ക്‌ ഞങ്ങളുടെ രീതികളായിരുന്നു ഇഷ്‌ടം. ഭക്ഷണത്തിനും ഉറക്കത്തിനും മാത്രമാണ്‌ അവൾ, അവളുടെ വീട്ടിൽപോയിരുന്നത്‌. അവരുടെ മധുരം നിറഞ്ഞ കറികളും പച്ചരിചോറും ഒന്നും അവൾക്ക്‌ അത്ര ഇഷ്‌ടമല്ല. അതുകൊണ്ട്‌ പലപ്പോഴും ഭക്ഷണവും എന്നൊടൊപ്പം തന്നെ ആയിരിക്കും. എന്റെ ജേഷ്‌ഠസഹോദരൻന്മാർ ഞങ്ങളെ ‘പാച്ചും കോവാലനും’ എവിടെ എന്ന്‌ ചോദിച്ച്‌ കളിയാക്കാറുണ്ടായിരുന്നു. സന്തോഷത്തിന്റെ ദിനങ്ങളായിരുന്നു അതെല്ലാം.

സ്‌കൂൾ അവധികാലമായാൽ അവൾ മംഗലാപുരത്ത്‌ പോകും - രണ്ടുമാസം - ആ ദിവസങ്ങൾ വളരെ വേദനയുണ്ടാക്കിയിരുന്നു. അവൾക്ക്‌ മംഗലാപുരത്ത്‌ പോകുന്നത്‌ ഇഷ്‌ടമല്ലായിരുന്നു. അവിടുത്തെ ആചാരങ്ങളും ചടങ്ങുകളും അവൾക്ക്‌ ദേഷ്യമായിരുന്നു. നാട്ടിൽനിന്നും തിരിച്ചുവന്നാൽ വിശേഷങ്ങളുമായി ഓടിയെത്തും. അവരുടെ സ്‌ത്രീകളോടുള്ള അവഗണന അവളെ ഏറെ വിഷമിപ്പിച്ചിരുന്നു. പെൺകുട്ടിയെന്നാൽ മറ്റാർക്കോ നൽകാനുള്ളതത്രെ. അവളുടെ അച്ഛനമ്മമാരുപോലും ആ ബന്ധുക്കളൊടൊപ്പമാണെന്നതാണ്‌ അവളെ ഏറ്റവും വിഷമിപ്പിക്കുന്നത്‌. അതിനിടയിൽ അവിടെവെച്ചാണ്‌ അവൾ ആദ്യമായി പ്രായപൂർത്തിയായത്‌ - എന്തെല്ലാം ചടങ്ങുകൾ - അവളെ വളരെ ശുണ്‌ഠിപിടിപ്പിച്ചിരുന്നു. വളരെ പ്രാർത്ഥനയോടെ കിട്ടിയ അവളെപ്പോലും - ഒരു പെൺകുട്ടി ആയതുകൊണ്ടുള്ള അവഗണന അവൾക്ക്‌ സഹിക്കാൻ കഴിഞ്ഞിരുന്നില്ല.

ഞങ്ങൾ ഒരേ സ്‌കൂളിൽ ഒരേ ക്ലാസ്സിലാണ്‌ പഠിച്ചിരുന്നത്‌. പെൺകുട്ടികളുടെ മാത്രം സ്‌കൂളായിരുന്നു. കാഴ്‌ചയ്‌ക്കും പഠിത്തത്തിനും ഞങ്ങൾ രണ്ടാളും മോശക്കാരായിരുന്നില്ല. വൈകുന്നേരങ്ങളിൽ ഞങ്ങൾ ക്ഷേത്രമതിൽകെട്ടിനുള്ളിലെ ആൽത്തറയിൽ കളിക്കാരുണ്ടായിരുന്നു. - കൊത്താം കല്ല്‌. പക്ഷെ പ്രായപൂർത്തിയായതിനുശേഷം അതിനെല്ലാം നിയന്ത്രണങ്ങളുണ്ടായി - എങ്കിലും ചില ദിവസങ്ങളിൽ പ്രത്യേക പൂജകളെല്ലാം ഉണ്ടാകും. പൗർണ്ണമി ദിവസമെല്ലാം നല്ല രസമായിരുന്നു. നിലാവു വീഴുന്ന സന്ധ്യകളിൽ പൂജ കഴിഞ്ഞു വരുന്ന അമ്മമാരെ കാത്തിരിക്കുമ്പോൾ എന്തുരസമായിരുന്നെന്നോ. എത്ര എത്ര സ്വപ്‌നങ്ങൾ ഞങ്ങൾ പങ്കിട്ടിട്ടുണ്ടെന്നോ. അവൾക്കാണെങ്കിൽ നിറമുള്ള സ്വപ്‌നങ്ങളായിരുന്നു ജീവിതം. സുന്ദരമായ വീട്‌, വസ്‌ത്രങ്ങൾ, ആഭരണങ്ങൾ, വാഹനങ്ങൾ എന്നുവേണ്ട ഈ ലോകത്തെ ആർഭാടങ്ങളെല്ലാം അവൾ ആഗ്രഹിച്ചിരുന്നു. - ഞാനെപ്പോഴും ഒരു കേൾവിക്കാരിയായിരുന്നു. എനിക്ക്‌ കവിതകളും - കഥകളും അങ്ങിനെയോരോ ചിന്തകളായിരുന്നു. നീയെന്താ ബുദ്ധിജീവിയാകുകയാണോ എന്നവൾ എന്നോട്‌ ചോദിക്കുമായിരുന്നു. പത്താം ക്ലാസ്സ്‌ പരീക്ഷകഴിഞ്ഞ്‌ - അവൾ അവധികാലത്തെ നാട്ടിൽ പോകുമ്പോഴാണ്‌ എനിക്ക്‌ ശരിക്കും വേദന തോന്നാറുള്ളത്‌. പക്ഷെ എന്റെ വായനകൾ - കൗമാര സ്വപ്‌നങ്ങൾ - അതെല്ലാം വേദനകളിൽ നിന്നും രക്ഷപ്പെടുത്തിയിരുന്നു.

ഉയർന്നമാർക്കോടെ തന്നെ ഞങ്ങൾ പത്താതരം പസായത്‌ - പിന്നീട്‌ വീട്ടിൽ നിന്നും പോയിവരാൻ പറ്റുന്ന കോളേജിൽ എന്നെചേർത്തു - പക്ഷെ ‘സ്വാതി’യുടെ പഠിത്തം അവിടെ അവസാനിപ്പിക്കാനാണ്‌ അവളുടെ അച്ഛനമ്മമാർ തീരുമാനിച്ചിരുന്നത്‌ സ്വാതിയുടെ കരച്ചിലും വാശിയും എന്റെ അമ്മയുടെയും മറ്റും സമ്മർദ്ദങ്ങൾക്കും ഒടുവിൽ അവളെയും എന്നോടൊപ്പം കോളേജിൽ ചേർത്തു.

അതുവരെ പെൺകുട്ടികൾമാത്രം പഠിച്ചിരുന്നു സ്‌കൂളിൽ നിന്നും ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചുള്ള കോളേജ്‌ ഞങ്ങൾക്ക്‌ പരിഭ്രാന്തിയായിരുന്നു - ഒപ്പം കൗതുകവും, കൗമാരപ്രായത്തിന്റെ ചിന്തകളും ഭാവനകളും - എന്നെ സംബന്ധിച്ചിടത്തോളം ലൈബ്രറിയായിരുന്നു ഏറ്റവും വിസ്‌മയമായിരുന്നത്‌. സത്യത്തിൽ ഞാൻ ക്ലാസിൽ പോയതിനേക്കാൾ കൂടുതൽ സമയം ലൈബ്രറിയിലായിരുന്നു. ‘സ്വാതി’ പക്ഷെ ക്ലാസ്സ്‌ കഴിഞ്ഞ്‌ തിരിച്ചുവരാൻ സമയമാകുമ്പോൾ എന്നെ വിളിക്കാൻ മാത്രമായിരുന്നു ലൈബ്രറിയിൽ എത്തിയിരുന്നത്‌. അവൾക്ക്‌ ധാരാളം കൂട്ടുകാരും അവൾ അടിച്ചുപൊളിക്കുകയായിരുന്നു.

ലൈബ്രറിയിൽ വെച്ചാണ്‌ ഞാൻ റെജിതോമസ്സിനെ പരിചയപ്പെടുന്നത്‌. അവൻ എന്നെ ശ്രദ്ധിച്ചിരുന്നു എന്ന്‌ പിന്നീടാണ്‌ അറിഞ്ഞത്‌. ഞങ്ങളുടെ സീനിയറായിരുന്നു. കോളേജ്‌ ചെയർമാൻ എല്ലാവരുടെയും ആരാധനപാത്രം. വൃത്തിയായി ഷേവ്‌ചെയ്‌ത്‌ - നല്ല പാന്റും ഷർട്ടും ഇട്ട്‌ - ആകർഷണീയമായ പെരുമാറ്റവുമായി നല്ലൊരു ‘ബുദ്ധിജീവി’. സാധാരണ ബുദ്ധിവേഷം അവനുണ്ടായിരുന്നില്ല. കാഴ്‌ചയിൽ ഒരു സാധാരണ സൗന്ദര്യം മാത്രം. പക്ഷെ അവന്റെ പ്രസംഗങ്ങൾ, സംവാദങ്ങൾ, വിപ്ലവരാഷ്‌ട്രീയ പ്രവർത്തനങ്ങൾ എല്ലാം വളരെ ആരാധകരുമായിരുന്നു അവന്‌. പുസ്‌തകകൂമ്പാരങ്ങളിലായിരുന്ന എന്നെ അവൻ ശ്രദ്ധിക്കുന്നത്‌ - ഞാൻ തിരഞ്ഞെടുക്കുന്ന പുസ്‌തകങ്ങൾ കണ്ടിട്ടായിരുന്നു. ആദ്യമെല്ലാം എന്തെങ്കിലും ചോദിക്കുമ്പോൾ ഭയത്തോടുകൂടി മാത്രമെ ഞാൻ സംസാരിക്കാറുണ്ടായിരുന്നുള്ളു. ഞങ്ങൾ വളരെ സുഹൃത്തുക്കളാകാൻ സമാനമായ ചിന്തകളും അഭിപ്രായങ്ങളുമായിരുന്നു. ഡിഗ്രിയ്‌ക്കും ഞങ്ങൾ അവിടെ തന്നെയാണ്‌ പഠനം തുടർന്നത്‌ - റെജി എന്റെ ആത്‌മാർത്ഥസുഹൃത്തായി കഴിഞ്ഞിരുന്നു. റെജിയുടെ നിർബന്ധത്തിനുവഴങ്ങി ഞാനും - അവനൊടൊപ്പം സംവാദങ്ങളിലും, പ്രസംഗങ്ങളിലും, രാഷ്‌ട്രീയ പ്രവർത്തനങ്ങളിലും കുറച്ചെല്ലാം പങ്കെടുക്കാൻ തുടങ്ങിയിരുന്നു. എന്റെ അന്തർമുഖം മാറ്റിയെടുത്തത്‌ റെജി തന്നെയായിരുന്നു. റെജിയോടൊപ്പമുള്ള എന്റെ പ്രവർത്തനങ്ങളിൽ സ്വാതിയും പങ്കെടുത്തിരുന്നു. അതിന്‌ റെജി അവളെ എപ്പോഴും കളിയാക്കുമായിരുന്നു. - അവൻ എപ്പോഴും എന്നോട്‌ ചോദിക്കും. പാച്ചു നിനക്കെങ്ങിനെ ഇങ്ങിനെയൊരു കാന്താരിയെകിട്ടിയെന്ന്‌ അതു കേൾക്കേണ്ട താമസം അവൾ അവനായിട്ട്‌ ബഹളം തുടങ്ങും - ഈ ഇണക്കങ്ങളും പിണക്കങ്ങളും വഴിമാറിതുടങ്ങിയൊ എന്ന്‌ എനിക്ക്‌ തോന്നിയിരുന്നു. ഒരു ദിവസം ഞാനത്‌ അവരോട്‌ ചോദിച്ചു - ഒരു പ്രേമത്തിന്റെ ശീലുകൾ തുടങ്ങിയോ എന്നന്വേഷിച്ചപ്പോൾ - രണ്ടാൾക്കും പിരിയാൻ വയ്യാത്തത്ര അടുത്തുപോയിരിക്കുന്നു. സത്യത്തിൽ ഞാനാണ്‌ ഞെട്ടിയത്‌ - കാരണം സ്വാതിയുടെ ഉത്തരവാദിത്വം - അവളുടെ കുടുംബം എനിക്കാണ്‌ നല്‌കിയിരിക്കുന്നത്‌. അവർക്ക്‌ ഒരിക്കലും ഈ ബന്ധത്തെ അംഗീകരിക്കാൻ കഴിയില്ലെന്നറിയാം. റെജിയുടെ ഭാഗത്ത്‌ എന്താണെന്നനിക്കറിയില്ല. ആ പാവങ്ങളുടെ ശാപമെല്ലാം എനിക്കായിരിക്കില്ലെ. എന്തുചെയ്യും ഞാൻ സുഹൃത്തുക്കളോട്‌ നീതി പുലർത്തണോ - വിശ്വസിച്ച ആ സാധുബ്രാഹ്‌മണരോട്‌ എന്തു പറയും - എനിക്കാകെ എന്തു ചെയ്യണമെന്നറിയാതെയായി. ഞാനവരോട്‌ എല്ലാ ഭാവിവശങ്ങളും ചർച്ചചെയ്‌തിട്ടും അവർ അതിൽ തന്നെ ഉറച്ചുനിൽക്കുകയാണുണ്ടായത്‌. ഏതായാലും ആയിടയ്‌ക്ക്‌ അവന്‌ പട്ടണത്തിൽ നല്ലൊരു ജോലി കിട്ടി പഠിത്തം ഉപേക്ഷിച്ചുപോയി. സത്യത്തിൽ ഞാൻ സമാധാനിച്ചു - ഈ വേർപാടിൽ സാധാരണ കോളേജ്‌പ്രേമം പോലെ ഇതും സംഭവിക്കുമെന്ന്‌. പക്ഷെ എനിക്ക്‌ തെറ്റുപറ്റിയിരുന്നു അവൻ പലപ്പോഴും കോളേജിൽ വരുകയും ഞങ്ങളെ കാണുകയും ചെയ്‌തിരുന്നു. ആ വാർത്തകൾ - ഗ്രാമമല്ലെ - പതുക്കെ പതുക്കെ നാട്ടിൽ അറിയാൻ തുടങ്ങി - സ്വാതിയുടെ അച്ഛനമ്മമാർ അറിഞ്ഞിരിക്കുമോ - അറിയില്ല. അവർ എന്നോടൊന്നും ചോദിച്ചില്ല. എന്റെ അമ്മ എന്നോടൊരു ദിവസം ചോദിച്ചപ്പോൾ ഞാൻ ഒന്നും പറഞ്ഞില്ല - പക്ഷെ അമ്മ എന്നോട്‌ പറഞ്ഞു - ഇതിൽ സത്യമുണ്ടെങ്കിൽ നീ ആ പാവങ്ങളുടെ ശാപം വാങ്ങിവെയ്‌ക്കെണ്ടിവരുമെന്ന്‌ - ഞാനെന്തു ചെയ്യും - ആ രാത്രി ഞാൻ ഉറങ്ങാതെ കരയുകയായിരുന്നു. പിറ്റേന്ന്‌ പതിവുപോലെ ഞങ്ങൾ കോളേജിൽ പോയി - പക്ഷെ സ്വാതി എന്നോടുപോലും പറയാതെ റെജിയോടൊപ്പം പോയിരുന്നു - അവളുടെ ഏതോ കൂട്ടുകാരി പറഞ്ഞാണ്‌ ഞാൻ അറിയുന്നത്‌. ഞാനന്ന്‌ എങ്ങിനെയോ കോളേജിൽ നിന്ന്‌ തിരിച്ചു വന്നു - നേരേ സ്വാതിയുടെ അമ്മയുടെയും അച്ഛന്റെയും അടുത്തേക്കാണ്‌ പോയത്‌. അവർ അറിഞ്ഞിരിക്കുന്നു - അവളുടെ അമ്മ കരഞ്ഞുകൊണ്ടിരിക്കുന്നു - അച്ഛൻ വളരെ ശാന്തനായിട്ടാണ്‌ കണ്ടത്‌. പാവം എല്ലാം ഉള്ളിൽ ഒതുക്കിയിരിക്കാം. ഞാൻ അവളുടെ അച്ഛന്റെ കാലുകളിൽ കെട്ടിപ്പിടിച്ച്‌ കരഞ്ഞു. അവളുടെ അച്ഛനെന്നെ വളരെ ആശ്വസിപ്പിച്ചു. അവളുടെ ജാതകഫലമാണെന്ന്‌ പറഞ്ഞു- അല്ലെങ്കിലും ആർക്കെങ്കിലും ദാനം കൊടുക്കാനുള്ളതായിരുതല്ലെ എന്ന്‌ സമാധാനിപ്പിച്ചു. എന്റെ സ്വാതിയെന്തെ എന്നോട്‌ ഒരു വാക്കുപോലും പറയാതെ - എനിക്കിപ്പോഴും അറിയില്ല. ആ സംഭവത്തിനുശേഷം അവളുടെ അച്ഛനമ്മമാർ മംഗലാപുരത്തേയ്‌ക്ക്‌ എന്നേക്കുമായി തിരിച്ചുപോയി. പോകുന്നതിനുമുൻപ്‌ എന്നോട്‌ പറഞ്ഞു - എന്നെങ്കിലും അവളെ കാണുകയാണെങ്കിൽ ഞങ്ങൾ അവളുടെ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുമെന്ന്‌ . പിന്നീട്‌ അവരെ കാണാനോ എന്തെങ്കിലും വിവരം കിട്ടാനോ എനിയ്‌ക്ക്‌ കഴിഞ്ഞില്ല.

ഡിഗ്രിയ്‌ക്ക്‌ ശേഷം എന്റെ വിവാഹവും കഴിഞ്ഞ്‌ ഞാൻ പട്ടണത്തിലെത്തി. ജോലിയും കുടുംബജീവിതവുമായി തിരക്കുകളായി. എങ്കിലും വല്ലപ്പോഴും നാട്ടിൽ പോകുമ്പോൾ പഴയ സുഹൃത്തുക്കളുടെ വിവരങ്ങളെല്ലാം അമ്മ പറയുമായിരുന്നു. അങ്ങിനെയൊരിക്കൽ അറിയാൻ കഴിഞ്ഞു - സ്വാതിയുടെ അച്ഛൻ മരിച്ചെന്നും, അവളുടെ അമ്മയ്‌ക്ക്‌ തീരെ സുഖമില്ലെന്നും നാട്ടിൽ നിന്നും ആരൊക്കെയോ അവരെകാണാൻ പോയിരുന്നത്രെ - അവരോട്‌ അവർ എന്നെക്കുറിച്ചന്വേഷിച്ചിരുന്നെന്ന്‌. എനിക്ക്‌ വീണ്ടും കുറ്റബോധം തോന്നി. ഒന്നുപോയി കാണാമായിരുന്നല്ലൊ. പക്ഷെ എന്തുകൊണ്ടൊ പോകാൻ കഴിഞ്ഞില്ല. സ്വാതിയെയും റെജിയെയും കുറിച്ച്‌ ആയിരം വട്ടം ഞാൻ എന്റെ ഭർത്താവിനോട്‌ പറഞ്ഞിട്ടുണ്ട്‌. അദ്ദേഹം പ്രത്യേകിച്ചൊന്നും പറയാറില്ല.

ജീവിതത്തിന്റെ തിരക്കുകളിലൊരു ദിവസം എന്റെ സഹപ്രവർത്തകയുടെ വിവാഹത്തിനായി ഞാനും കുടുംബവും പോയിരുന്നു. അവിടെവെച്ച്‌ ആകസ്‌മികമായി റെജിയേയും സ്വാതിയേയും വീണ്ടും കണ്ടുമുട്ടി - സന്തോഷംകൊണ്ട്‌ ഞങ്ങൾക്ക്‌ എന്തു ചെയ്യണമെന്നറിയാതെയായി. സാധാരണ സത്യത്തിൽ ഞാനൊരിക്കലും എന്റെ വികാരങ്ങളെ ബാഹ്യമായി പ്രകടിപ്പിക്കാറില്ല - പക്ഷെ അന്ന്‌ ഞാൻ എന്നെതന്നെ മറന്നു എന്നുവേണം കരുതാൻ. അവരുടെയും അവസ്‌ഥ അതുതന്നെ ആയിരുന്നു. ആ കണ്ടുമുട്ടലുകൾ വീണ്ടും വളരെ വളരെ അടുപ്പിച്ചു. അവൾ സ്വപ്‌നം കണ്ടിരുന്നപോലെതന്നെ വീടും കാറും വർണ്ണപകിട്ടുള്ള വസ്‌ത്രങ്ങളും - എല്ലാകൂടി അവൾ കുറെകൂടി സുന്ദരിയായതുപോലെ തോന്നി. റെജിയ്‌ക്ക്‌ മാറ്റമൊന്നും തോന്നിയിരുന്നില്ല. വളരെ സന്തോഷത്തോടുകൂടിയ ജീവിതം. റെജി അവളെ ആസ്വദിപ്പിക്കുകയായിരുന്നു. എനിക്ക്‌ വളരെ സന്തോഷം തോന്നി - പക്ഷെ കുട്ടികൾ മാത്രം ഒരു പോരായ്‌മയായി തോന്നിയിരുന്നു. പക്ഷെ അവർ അതൊന്നും വേദനയായി പറഞ്ഞിരുന്നില്ല. അല്ലെങ്കിൽ കാണിച്ചിരുന്നില്ല. ഒരു ജീവിതം മുഴുവൻ പറഞ്ഞുതീർന്നാലും തിരാത്ത വിശേഷങ്ങളുമായി ഞങ്ങളുടെ സൗഹൃദങ്ങൾ വളർന്നു. റെജിയുടെ വീട്ടുകാർക്ക്‌ അത്രയൊന്നും താല്‌പര്യമില്ലെങ്കിലും അവർ വല്ലപ്പോഴും വരാറുണ്ടായിരുന്നു. അവന്റെ വായനയിലും പ്രവർത്തനങ്ങളിലും എന്റെ ഭർത്താവിനും വളരെ താല്‌പര്യമായിരുന്നു - അതുകൊണ്ട്‌ ഞങ്ങളുടെ ഒത്തുചേരലിൽ ‘സ്വാതി’യെ കളിയാക്കാനാണ്‌ ഞങ്ങൾ രസം കണ്ടെത്തിയിരിക്കുന്നത്‌.

ഒരു ദിവസം റെജി എന്നോടു പറഞ്ഞു സ്വാതിയ്‌ക്ക്‌ എപ്പോഴും നടുവേദനയാണ്‌ - ഡോക്‌ടറെ കാണിച്ചിരുന്നു - ഭയപ്പെടാനൊന്നുമില്ലെന്ന്‌ പറഞ്ഞു എങ്കിലും ഒരു നല്ല ചെക്കപ്പ്‌ വേണ്ടിവരും അതുകൊണ്ട്‌ ഹോസ്‌പിറ്റലിൽ പോകയാണെന്ന്‌. ഒരു സാധാരണ നടുവേദന. എങ്കിലും ഞാനും എന്റെ ഭർത്താവും കൂടി അവരെ കാണാൻ പോയിരുന്നു. പതിവുപോലെ ചിരിയും ബഹളവുമായിക്കഴിഞ്ഞു. തിരിച്ചുവരാറായപ്പോൾ റെജിയും അവളും കൂടിയാണ്‌ പറഞ്ഞത്‌ അവൾക്ക്‌ എല്ലുകളിൽ ക്യാൻസറാണെന്നും - അത്‌ സെക്കന്റ്‌ സ്‌റ്റേജിൽ എത്തിയെന്നും അവർക്ക്‌ ഒന്നും ചെയ്യാനില്ലെന്നും. ഞാൻ തരിച്ചിരുന്നുപോയി. ദൈവം ഇത്രയും ക്രൂരനോ?. അവൾ ആദ്യമായി എന്നോട്‌ ചോദിച്ചു - എന്റെ അച്ഛനമ്മമാരുടെ ശാപമായിരിക്കുമോ? എന്ന്‌ - അന്ന്‌ നിന്നൊടൊന്നും പറയാതെ വരേണ്ടിവന്നത്‌ - നിന്റെ ധർമ്മസങ്കടം ഞങ്ങൾക്ക്‌ കാണാനുള്ള കരുത്തില്ലാത്തതുകൊണ്ടായിരുന്നു. നാട്ടുകാരുടേയും വീട്ടുകാരുടേയും വിഷമങ്ങളെല്ലാം നിന്നോടായിരുന്നല്ലൊ - സത്യത്തിൽ എനിക്കെന്താ പറയേണ്ടത്‌ എന്നറിയില്ല - പക്ഷെ ഇത്രമാത്രം ഞാൻ പറഞ്ഞു ഒരിക്കലും അച്ഛനമ്മമാർക്ക്‌ അവരുടെ മക്കളെ ശപിക്കാൻ കഴിയില്ല - പക്ഷെ വേദനിച്ചിട്ടുണ്ടാകാം - അതുശാപമാകുമോ? അവളുടെ അച്‌ഛൻ എന്നോടു പറഞ്ഞകാര്യം ഞാൻ പറഞ്ഞു. അവളുടെ അച്‌ഛൻ ഇതെല്ലാം മുൻകൂട്ടി അറിഞ്ഞിരുന്നുവോ?

ഞങ്ങൾ സമയം കിട്ടുമ്പോഴേല്ലാം അവരുടെ വീട്ടിൽ പോകാറുണ്ട്‌. ദിവസങ്ങൾ കഴിയുംതോറും അവൾക്ക്‌ നടക്കാനും തന്നെ ഒന്നും ചെയ്യാൻ കഴിയാതെയും വന്നുതുടങ്ങിയിരുന്നു - റെജിയുടെ സുഹൃത്തുക്കൾ - ഞങ്ങൾപോലും വീട്ടുകാർ എല്ലാവരും അവനോട്‌ ഒരു ഹോം നേഴ്‌സിനെവയ്‌ക്കാൻ പറഞ്ഞു - പക്ഷെ അവൻ അതൊന്നും കൂട്ടാക്കിയിരുന്നില്ല. അവളുടെ എല്ലാം അവൻ തന്നെ ചെയ്‌തിരുന്നുള്ളു. അവൾക്ക്‌ ഇഷ്‌ടപ്പെട്ട വേഷങ്ങളും അണിയിച്ച്‌ സുന്ദരിയായി ഒരുക്കിയിട്ടാണ്‌ അവൻ ജോലിയ്‌ക്ക്‌ പോയിരുന്നത്‌ - ഭക്ഷണമെല്ലാം അവൻതന്നെയാണ്‌ കൊടുത്തിരുന്നത്‌. ജോലികഴിഞ്ഞ്‌ തിരിച്ചെത്തിയാൽ അവളെ ഇരുകൈകളിലും എടുത്ത്‌ കാറിലിരുത്തി പട്ടണത്തിലെ എല്ലാസ്‌ഥലങ്ങളിലും കൊണ്ടുനടക്കുമായിരുന്നു. അവളെ എടുത്ത്‌ ഹോട്ടലിൽ പോകാനും - വസ്‌ത്ര കടകളിൽ പോകാനും - എവിടെയും അവളെയും കൊണ്ട്‌ ചുറ്റിതിരിയാൻ റെജി സമയം കണ്ടെത്തിയിരുന്നു. ഇത്രയും സ്‌നേഹം വാരിക്കോരി എന്തിന്‌ കൊടുത്തു എന്ന്‌ തോന്നും. റെജി അവളെ ശുശ്രൂഷിക്കുന്നതും സ്‌നേഹിക്കുന്നതും കണ്ട്‌ ദൈവത്തിനുപോലും അസൂയതോന്നിയിട്ടുണ്ടാകാം. ഓരോ ദിവസങ്ങളും ചലനശക്തികുറഞ്ഞ്‌ കുറഞ്ഞ്‌ വരിയായിരുന്നു - എങ്കിലും റെജി വളരെ സ്‌നേഹപൂർവ്വം തന്നെയാണ്‌ പരിചരിച്ചിരുന്നത്‌. ഈ സ്‌നേഹം ഇന്ന്‌ ആരിലെങ്കിലും കാണാൻ കഴിയുമോ? രോഗം വന്നാൽ ഉപേക്ഷിക്കുന്നവരാണ്‌ അധികവും അല്ലെങ്കിൽ ഏതെങ്കിലും ഹോം നേഴ്‌സിന്റെ കൈകളിൽ ഏൽപിക്കും ‘ത്യാഗം’ പുഛമാണ്‌ ഇന്ന്‌. കിട്ടുന്ന ജീവിതം സന്തോഷിക്കാനുള്ളതല്ലെ - ഈയൊരു വിഷമം പറഞ്ഞ്‌ ബാറുകളിലും മറ്റും സമയം കളയാനും സാധിക്കും. ഏതായാലും റെജിയ്‌ക്ക്‌ അവളെ ജീവനായിരുന്നു. അവൾ ഭാഗ്യവതിയാണെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌ - അല്ലെങ്കിൽ അതവൾക്ക്‌ കിട്ടിയ ശാപമായിരുന്നോ? ഏതായാലും പ്രതീക്ഷിച്ചിരുന്നപോലെ മിണ്ടാൻ പോലും വയ്യാത്ത അവസ്‌ഥയിൽ ഹോസ്‌പിറ്റലിലെ ഇരുണ്ട രാവുകളിൽ ഞാനും അവനും അവൾക്ക്‌ വേണ്ടി പ്രാർത്ഥിച്ചുകൊണ്ട്‌ കാത്തിരുന്നു. പ്രതീക്ഷിച്ചിരുന്നപോലെ ഒരു ദിവസം അവളെ ഞങ്ങൾക്ക്‌ എന്നേക്കുമായി നഷ്‌ടപ്പെട്ടു ആ വേർപാടിന്റെ വേദനകൾ എങ്ങിനെ പങ്കുവെക്കുമെന്നറിയാതെ ഞാനും റെജിയും കെട്ടിപ്പിടിച്ചിരിക്കുകയായിരുന്നു.

ദിവസങ്ങൾ കഴിഞ്ഞു - ഏതു വേദനകളുടെയും തീവ്രതകുറക്കാൻ കാലത്തിന്‌ കഴിയുമല്ലൊ. അവൻ ജീവിതത്തിലേയ്‌ക്ക്‌ തിരിച്ചുവന്നു. ഞാനും എന്റെ തിരക്കുകളുമായി - എങ്കിലും ഞങ്ങൾ കണ്ടുമുട്ടാറുണ്ട്‌. അവളുടെ ആദ്യചരമദിനത്തിൽ അന്ന്‌ അവൻ എന്നെ വിളിച്ചിരുന്നു. പല ഓർമ്മകളും പങ്കുവെച്ച കൂട്ടത്തിൽ അവർ പറഞ്ഞ മറ്റൊരു വിവാഹത്തിനെക്കുറിച്ചും പറഞ്ഞിരുന്നു. എന്നോടും പറഞ്ഞിരുന്നു. ഒരു ജീവിതകാലം മുഴുവൻ ഒറ്റയ്‌ക്ക്‌ വിടാൻ അവനെ അനുവദിക്കരുതെന്ന്‌. അവന്റെ അച്ഛനമ്മമാർ ‘ജെസി’യെ അവനായി കണ്ടുപിടിച്ചു. ജസ്സിയ്‌ക്ക്‌ അവനെ നന്നായി മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. ഒന്നു മാത്രം അവൻ ആദ്യമെ പറഞ്ഞിരുന്നു - സ്വാതിയുമായി ജീവിച്ചിരുന്ന വീട്‌ ഉപേക്ഷിക്കാൻ അവന്‌ കഴിയില്ലെന്ന്‌ - സ്വാതിയോട്‌ ചേർന്ന ഫോട്ടോകളും എല്ലാം അതുപോലെ തന്നെ വെയ്‌ക്കണമെന്നും ശഠിച്ചിരുന്നു. സ്വാതി അവന്റെ ഒരു ഭാഗമായിരുന്നെന്ന്‌ മക്കളും ഭാര്യയും മറ്റെല്ലാവരും അറിയണമെന്ന്‌ അവൻ ആഗ്രഹിച്ചിരുന്നു. ഒരിക്കൽ അവന്റെ മോൻ എന്നോട്‌ ചോദിച്ചിട്ടുണ്ട്‌ - പാച്ചു ആന്റി - ഈ സ്വാതി ആന്റിടെ നല്ല കൂട്ടുകാരി ആയിരുന്നില്ലെയെന്ന്‌ - ഒരു പക്ഷേ റെജിയായിരിക്കാം അവനോടെല്ലാം പറഞ്ഞിരിക്കുന്നത്‌.

വർഷങ്ങൾ എത്ര കടന്നുപോയി - ഞങ്ങളുടെ കുട്ടികൾ വരെ വിവാഹം കഴിഞ്ഞ്‌ ജീവിതം തുടങ്ങി - ഇന്നും റെജിയുടെ വിളിവരും അവന്റെ സ്വാതി നഷ്‌ടപ്പെട്ടദിവസം - അവളുടെ കൊച്ചു സന്തോഷങ്ങൾ പങ്കിടാനും - അവളെക്കുറിച്ച്‌ ഓർമ്മിക്കാനും എന്റെ കുട്ടികൾക്ക്‌ അതൊരു തമാശയാണ്‌ - ഓൾഡ്‌ മാൻസ്‌ ലൗ - പക്ഷേ ഇന്നും അവരുടെ സ്‌നേഹം മഴയായി ......... കുളിരായി - തെന്നലായ്‌ - കാറ്റായ്‌ അങ്ങിനെ ഒഴുകികൊണ്ടിരിക്കുന്നു - ഈ സ്‌നേഹം........ ഒരു സ്‌നേഹമഴയല്ലാതെ എന്താണ്‌?

സുജാതവർമ്മ

കമലാലയം പാലസ്‌, കളിക്കോട്ട റോഡ്‌, തൃപ്പൂണിത്തുറ - 682301. ഫോൺഃ 2784139




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.