പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ജീവിതസമരം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പി. കേശവദേവ്‌

മലയാള കഥാസാഹിത്യത്തിലെ എക്കാലത്തെയും മഹാരഥന്മാരായിരുന്ന പോയതലമുറയിലെ പ്രമുഖകഥാകൃത്തുക്കളുടെ ഏതാനും കഥകൾ ഓരോ ലക്കത്തിലായി പ്രസിദ്ധീകരിക്കുന്നു. പുതിയ എഴുത്തുകാർക്ക്‌ കഥാരചനയിൽ മാർഗ്ഗദർശിയാകാൻ ഈ കഥകൾ പ്രയോജനപ്പെടും. ഈ ലക്കത്തിൽ പി. കേശവദേവിന്റെ ജീവിതസമരം എന്ന കഥ വായിക്കുക.

രണ്ടു പട്ടിക്കുട്ടികൾ! ഒന്നു കറുത്തതും ഒന്നു വെളുത്തതും. കറുത്തത്‌ എന്നുവച്ചാൽ, മുഴുവൻ കറുപ്പല്ല. തലയും വാലും കറുപ്പാണ്‌. പള്ളയിലും കുറച്ചു കറുപ്പുണ്ട്‌. മറ്റേ കുട്ടി ശുദ്ധ വെള്ളയുമാണ്‌.

ജനിച്ചിട്ട്‌, ഏഴെട്ടു ദിവസത്തിലധികമായിട്ടില്ല. കാൽ ഉറച്ചിട്ടില്ല. നടക്കുമ്പോൾ വേച്ചുവേച്ചുപോകും. ആരോ അവിടെ കൊണ്ടുവന്നു തള്ളിയിട്ടുപോയതാണ്‌. ആഹാരക്ഷാമമുള്ള കാലമാണല്ലോ. മനുഷ്യക്കുട്ടികൾക്കു കൊടുക്കാൻ ആഹാരമില്ലാതിരിക്കുമ്പോൾ പട്ടിക്കുട്ടികൾക്കു കൊടുക്കാനുണ്ടാവുമോ?

തെക്കുനിന്നു വടക്കോട്ടു ചെന്ന്‌ വലിയ റോഡിൽ ലയിക്കുന്ന ഒരു ഇടറോഡാണത്‌. റോഡിന്റെ കിഴക്കുഭാഗത്തു മാത്രമേ വീടുകളുള്ളൂ. പിടിഞ്ഞാറുവശം റോഡിൽ നിന്നു പൊങ്ങി, തരിശായി കിടക്കുകയാണ്‌. ആ പൊങ്ങിയ തരിശുസ്‌ഥലത്താണ്‌, ആ പട്ടിക്കുട്ടികളെ കൊണ്ടുവന്നു തള്ളിയിരിക്കുന്നത്‌. അവിടെ കൊണ്ടുവന്നു തള്ളിയതിൽ ഒരു സദുദ്ദേശ്യമുണ്ടായിരിക്കാം. അടുത്തുള്ള വീടുകളിൽ പട്ടിയെ ആവശ്യമുണ്ടെങ്കിൽ എടുത്തുകൊള്ളട്ടെ എന്ന്‌.

രാത്രിയിൽ “വോ....വോ” എന്നൊരു നിലവിളി ചിലർ കേൾക്കുകയുണ്ടായി. പക്ഷേ, അതെവിടെ നിന്നാണെന്ന്‌ ആരും തിരിച്ചറിയുകയുണ്ടായില്ല. ഉറക്കത്തിൽനിന്നെഴുന്നേറ്റ്‌, പട്ടിക്കുട്ടികൾ നിലവിളിക്കുന്നതു തിരക്കി നടക്കാനൊക്കുമോ?

രാത്രിയിൽ ഒരു വലിയ മഴ പെയ്‌തു. ആ മഴ മുഴുവൻ ആ പട്ടിക്കുട്ടികൾ നനഞ്ഞിരിക്കാൻ ഇടയുണ്ട്‌. പക്ഷേ, ആ പൊങ്ങിയ സ്‌ഥലത്തു വെള്ളം കെട്ടിനില്‌ക്കുകയില്ല. ഈറൻ തറയിൽ രണ്ടു പട്ടിക്കുട്ടികളും പറ്റിച്ചേർന്നു കിടന്ന്‌ ഉറങ്ങുകയാണ്‌. വെളുത്ത കുട്ടിയുടെ കഴുത്തിൽ കറുത്ത കുട്ടി തല വച്ചു കിടക്കുന്നു.

നേരം പരപരാ വെളുക്കുന്നതേയുള്ളു. ഒരു കാക്ക എവിടെനിന്നോ പറന്നുവന്നു. അതു പതുക്കെപ്പതുക്കെ നടന്നടുത്തു. പട്ടിക്കുട്ടികൾ ചത്തുകിടക്കുകയാണെന്നായിരിക്കാം ആ കാക്കയുടെ വിചാരം. അതു കൊത്താൻ ഭാവിച്ചു. പെട്ടെന്ന്‌ കറുത്ത പട്ടിക്കുട്ടി ഉണർന്നു. അവൻ ‘ഭോ’ എന്നൊന്നു കുരച്ചു. കുട്ടിയാണെങ്കിലും പട്ടിയല്ലേ, ശൗര്യമില്ലാതിരിക്കുമോ? ഇളിഭ്യനായ കാക്ക പറന്നുപോയി.

വെളുത്ത പട്ടിക്കുട്ടിയും പിടച്ചെഴുന്നേറ്റു. രണ്ടും തണുപ്പുകൊണ്ടു വിറയ്‌ക്കുന്നുണ്ട്‌. കറുത്തതു വെളുത്തതിന്റെ നിറുകയിൽ നക്കി. വെളുത്തതു കറുത്തതിന്റെ കഴുത്തിലും. വെളുത്തതിനേക്കാൾ മൂത്തതു കറുത്തതാണെന്നു തോന്നും. അല്‌പം വലുതാണത്‌. വെളുത്തതിനെക്കാൾ തന്റേടവുമുണ്ട്‌.

അങ്ങിങ്ങായി, ഏതാനും പച്ചപ്പടർപ്പുകളുണ്ടവിടെ. രണ്ടു കുട്ടികളും വേച്ചുവേച്ചു നടന്നു. ആ പച്ചപ്പടർപ്പുകളിൽ തലയിട്ടു നോക്കി. തള്ളപ്പട്ടിയെ അന്വേഷിക്കുകയായിരിക്കാം. ഒരിറ്റു മുലപ്പാൽ വേണം ആ കുട്ടികൾക്ക്‌.

എവിടെയുണ്ട്‌, ആ കുട്ടികളുടെ തള്ളപ്പട്ടി? എന്തോ! ഒരു പക്ഷേ, ആ തള്ളപ്പട്ടി, അതിന്റെ കുട്ടികളെ അന്വേഷിക്കുന്നുണ്ടായിരിക്കാം.

“വോ.....വോ......വോ” ആ കുട്ടികൾ ആകാശത്തിലേക്കു നോക്കി വിളിക്കുകയാണ്‌.

കറുത്ത കുട്ടി റോഡരുകിലേക്കു വേച്ചുവേച്ചു നടന്നു. വെളുത്തത്‌ കറുത്തതിനെ അനുഗമിച്ചു റോഡരികിൽ ചെന്നു കിഴോട്ടു നോക്കി, ചാടിയാലോ? വയ്യ, ചാടിയാൽ ചത്തുപോകും. ആറടിയിലധികം താഴ്‌ചയുണ്ട്‌ റോഡിന്‌.

“വോ......വോ......വോ” വീണ്ടും ആ കുട്ടികൾ ആകാശത്തിലേക്കു നോക്കി വിളിക്കുകയാണ്‌.

ഈശ്വരനോടു പ്രാർത്ഥിക്കുകയാണോ? എന്തോ? പട്ടികൾക്ക്‌ ഈശ്വരവിശ്വാസമുണ്ടോ?

“പട്ടിക്കുട്ടി..... പട്ടിക്കുട്ടി!” എതിരേ ഉള്ള വീട്ടിൽനിന്ന്‌ ഒരു മനുഷ്യക്കുട്ടി വിളിച്ചുപറയുകയാണ്‌.

“പട്ടിക്കുട്ടി..... പട്ടിക്കുട്ടി!”

മനുഷ്യക്കുട്ടിയുടെ ശബ്‌ദം കേട്ട്‌, ആ പട്ടിക്കുട്ടികൾ റോഡിലേക്കു ചാടാൻ ഭാവിച്ചു. അവന്റെ അടുത്തു ചെല്ലാൻ, അഭയം തേടുകയായിരിക്കാം, അവറ്റകൾ. മനുഷ്യനല്ലാതെ മറ്റാരുണ്ട്‌, അവറ്റകൾക്കൊരു തുണ? ശതാബ്‌ദങ്ങൾക്കുമുമ്പായിരിക്കാം മനുഷ്യൻ പട്ടികളെ അടിമകളാക്കിയത്‌. പട്ടികൾ, മനുഷ്യരുടെ നേരെ വാലാട്ടി, പാദം നക്കി. എന്നിട്ടോ? യജമാനനെക്കൂടാതെ ജിവിക്കാൻ അറിഞ്ഞിരിക്കുകയില്ല. എല്ലാത്തിലും വലിയ ക്രൂരമൃഗം മനുഷ്യനാണെന്ന്‌.

“വോ.... വോ..... വോ...” അങ്ങനെ യാചിച്ചുകൊണ്ട്‌, ആ പട്ടികുട്ടികൾ റോഡിലേക്കു ചാടുവാൻ ആയുകയാണ്‌. വയ്യ, ചാടിയാൽ ചത്തുപോകും.

മനുഷ്യക്കുട്ടി, റോഡിലേക്ക്‌ ഇറങ്ങിവന്നു. അവൻ വിളിച്ചു പറഞ്ഞു.

“രണ്ടൊണ്ട്‌ - രണ്ട്‌. ഒന്നു കറുത്തതും ഒന്നു വെളുത്തതും.”

മറ്റൊരു വീട്ടിൽ നിന്ന്‌ ഒരു കുട്ടി ഇറങ്ങി ഓടിവന്നു. അവൻ ചോദിച്ചു.

“ആണോ, പെണ്ണോ?”

“കേറി നോക്കാം;”

“ഉം”

അവർ അടുത്തുചെന്നു. അവർ കേറാൻ ഭാവിച്ചു.

“പോവിനെടാ, അവിടുന്ന്‌.” ഉഗ്രമായ ഒരാജ്ഞ.

രണ്ടുകുട്ടികളും ഓടിപ്പോയി. അവരുടെ പിറകേ ഓടുവാൻ വെമ്പൽകൊള്ളുകയാണ്‌ ആ പട്ടിക്കുട്ടികൾ.

മെയിൻ റോഡിലെ പൈപ്പിൽനിന്നു വെള്ളം എടുക്കുവാൻ കുടവും ഒക്കിൽ വച്ചുകൊണ്ടു വരികയാണ്‌ രണ്ടു യുവതികൾ. ഒരുത്തി ചോദിച്ചു;

“ഏതവനാ, ഈ കൊച്ചുങ്ങളെ ഇവിടെ കൊണ്ടിട്ടേച്ചു പോയത്‌? മൊലകുടി മാറാത്ത കൊച്ചുങ്ങളല്യോ?”

അവളുടെ കൂട്ടുകാരി പറഞ്ഞുഃ

“കുട്ടന്റെ വീട്ടിലെ പെമ്പട്ടി പെറ്റു. ആ കൊച്ചുങ്ങളാണെന്നാ തോന്നുന്നെ. നിനക്കു വേണോങ്കിലെടുത്തോ.”

“ഇനിക്കു വേണ്ട. ഞങ്ങക്കൊരു പട്ടിയൊണ്ട്‌.”

അവർ നടന്നു. അവരുടെ പിറകേ വന്നത്‌, മദ്ധ്യവയസ്‌കയായ ഒരു സ്‌ത്രീയാണ്‌. വലതുകൈയിൽ റേഷൻകാർഡും ഇടതുകൈയിൽ വട്ടിയുമായിട്ടാണ്‌ അവരുടെ വരവ്‌.

“വോ.... വോ..... വോ...” പട്ടിക്കുട്ടികൾ, ആ സ്‌ത്രീയെ നോക്കി യാചിക്കുകയാണ്‌.

റേഷൻ വാങ്ങാൻ പോകുന്ന ആ സ്‌ത്രീ സഹതാപം രേഖപ്പെടുത്തി.

“അയ്യോ പാവം! ഇതിനെ ആരാ പൊക്കത്തിലെടുത്തുവച്ചത്‌? താഴെയെങ്ങാനും വച്ചിരുന്നെങ്കി എവിടെങ്കിലും വലിഞ്ഞു കേറി ജീവിച്ചോണ്ടേനെ” അവർ നടന്നുപോയി.

അവരുടെ പുറകിൽ വന്നത്‌, ഒരു വൃദ്ധയാണ്‌. ഒരു കെട്ടു ചീരയും തലയിൽ വച്ചുകൊണ്ട്‌ വില്‌പനയക്ക്‌ ഇറങ്ങിയിരിക്കുകയാണവർ.

“വോ.... വോ..... വോ...” ഒരിറ്റു മുലപ്പാൽ! ഒരു അഭയം! അതിനുവേണ്ടി യാചിക്കുകയാണ്‌ ആ പട്ടിക്കുട്ടികൾ.

വൃദ്ധയും സഹതാപം രേഖപ്പെടുത്തി.

“ഇതുങ്ങളെ ഇവടെ കൊണ്ടിട്ടവനാരടാ? വല്ല കാട്ടിലും എറിഞ്ഞിരുന്നെങ്കി. വല്ല ഊളനും എടുത്തോണ്ടുപോയി തിന്നോളുമായിരുന്നില്യോ?”

വൃദ്ധയും പോയി. കീറത്തുണിയും അരയിൽ ചുറ്റി, പ്രാകൃതനായ ഒരു ചെറുക്കൻ പിറകേ വരുന്നുണ്ട്‌. അവൻ ആ പട്ടിക്കുട്ടികളുടെ അടുത്തു റോഡിൽ നിന്നു. അവൻ കൈ എത്തി, വെളുത്ത പട്ടിക്കുട്ടിയെ പിടിക്കാൻ ഭാവിച്ചു.

“എന്തിനാടാ, എന്തിനാടാ അതിനെ പിടിക്കുന്നേ?” പിറകിൽ നിന്ന്‌ ഒരു അലർച്ച. ചെറുക്കൻ ഞെട്ടി തിരിഞ്ഞുനോക്കി. അവന്റെ തന്തയാണത്‌. എന്നു വച്ചാൽ ആ ചെറുക്കനെപ്പോലുള്ള ആറു പിള്ളേരുടെ തന്തയാണയാൾ. അവരുടെ തള്ള ഗർഭിണിയും. തോളിൽ ഒരു കോടാലിയുമേന്തി പോവുകയാണയാൾ, വിറകുവെട്ടാൻ. അയാൾ അലറുകയാണ്‌.;

“ഫോടാ, ഫോ. വല്ലവഴിക്കും പായി തൊലയ്‌.”

ചെറുക്കൻ ഓടി. അയാൾ ആ പട്ടിക്കുട്ടികളുടെ അടുത്തുവന്നു. അയാൾ അവറ്റകളെ തുറിച്ചുനോക്കി. രണ്ടല്ല ആറു പട്ടിക്കുട്ടികളെയാണ്‌ അയാൾ കണ്ടത്‌. എന്തിനാണിവറ്റകൾ ജനിക്കുന്നത്‌? എന്തിനുവേണ്ടി ഇവറ്റകൾ ജീവിക്കണം? ഓടിപ്പോകുന്ന മകനെ നോക്കിക്കൊണ്ട്‌ അയാൾ പിന്നെയും അലറി.

“തൊലയടാ. പോയി തൊലയ്‌.”

അയാളുടെ തോളിലിരിക്കുന്ന കോടാലിയുടെ വായ്‌ത്തലയിൽ എട്ടു വയർതൂങ്ങിക്കിടക്കുന്നുണ്ട്‌. ദുസ്സഹമായ ആ ഭാരവും പേറിക്കൊണ്ട്‌ അയാൾ നടന്നു.

വെയിലായി. പച്ചപ്പടർപ്പുകളിൽ തൂങ്ങിക്കിടന്ന ജലബിന്ദുക്കൾ നീരാവിയായി. തറ ഉണങ്ങി. പലരും ആ റോഡിൽക്കൂടി തെക്കോട്ടും വടക്കോട്ടും പോയി. ചിലർ അവറ്റകളെ കണ്ട്‌ സഹതാപം പ്രകടിപ്പിക്കുകയും ചെയ്‌തു. ചിലർ അവറ്റകളെ അവിടെ കൊണ്ടിട്ടവരെ കുറ്റപ്പെടുത്തി. മറ്റു ചിലർ കാണാത്തഭാവത്തിൽ നടന്നുകളഞ്ഞു. അവറ്റകൾ അപ്പോഴും കാരുണ്യത്തിനു വേണ്ടി യാചിക്കുകയാണ്‌.

സമയം മദ്ധ്യാഹ്‌നമായി. വെയിലിന്റെ ചൂടു വർദ്ധിച്ചു. തറ പൊള്ളിത്തുടങ്ങി.

“വോ.... വോ..... വോ...” ഒരിറ്റു മുലപ്പാൽ വേണ്ട, ഒരിറ്റു വെള്ളം.

സഹതാപമുണ്ട്‌ വേണ്ടുവോളം. ഒരിറ്റു വെള്ളമില്ല.

കറുത്ത പട്ടിക്കുട്ടി, റോഡരികിൽ നിന്നും പിന്തിരിഞ്ഞ്‌ വേച്ചു വേച്ചു നടന്നു. വെളുത്ത പട്ടിക്കുട്ടി കറുത്തതിനെ അനുഗമിച്ചു. ഇനി എവിടെപ്പോകും? ആരോടു യാചിക്കും?

കറുത്തകുട്ടി ഒരു പച്ചപ്പടർപ്പിൽ ചെന്ന്‌, ഒരു ഇലയിൽ മണപ്പിച്ചു. ആ കൊച്ചു നാവു നീട്ടി, ഇലയിലൊന്നു നക്കി. ചവച്ചാൽ, നീരു കിട്ടും. പക്ഷേ, ചവയ്‌ക്കാൻ പല്ലില്ല. വീണ്ടും ശൂന്യതയിലേക്കു നോക്കി യാചിച്ചു.

“വോ.... വോ..... വോ...”

ഈശ്വരൻ കേൾക്കുന്നില്ലേ? എന്തോ!

കറുത്ത പട്ടിക്കുട്ടി, പച്ചപ്പടർപ്പിനുള്ളിലേക്ക്‌ ഇഴഞ്ഞുകേറി. വെള്ളുത്തത്‌, കറുത്തതിനെ അനുഗമിച്ചു. കറുത്തത്‌, മുൻകാലുകൾ നീട്ടി അതിൽ തലവച്ചു കിടന്നു. കറുത്തതിന്റെ കഴുത്തിൽ തലവച്ച്‌ വെളുത്തതും കിടന്നു. രണ്ടു കൊച്ചു സഹോദരങ്ങൾ! കാരുണ്യത്തിനുവേണ്ടി യാചിച്ചു യാചിച്ചു പരാജയമടഞ്ഞ്‌ പറ്റിച്ചേർന്നു കിടക്കുകയാണ്‌.

റോഡ്‌ വിജനമായി. നിക്കർ മാത്രം ധരിച്ച ഒരു ചെറുക്കൻ മെയിൻ റോഡിൽനിന്ന്‌ ഇടറോഡിലേക്കു കേറി. അവന്റെ കൈയിൽ ഒരു ചിരട്ടയുമുണ്ട്‌. ചുറ്റും നോക്കി നോക്കി അവൻ നടന്നു. പാത്തുപാത്തു വരുന്നതു പോലെ. ഉന്തിനില്‌ക്കുന്ന ഒരു കല്ലിൽ ചവിട്ടി, അവൻ ആ പൊങ്ങിയ സ്‌ഥലത്തേക്കു കയറി. വീണ്ടും അവൻ ചുറ്റും നോക്കി, വല്ലവരും അവനെ കാണുന്നുണ്ടോ എന്ന്‌. ചിരട്ട താഴെ വച്ചിട്ട്‌, അവൻ പച്ചപ്പടർപ്പുകളിലെല്ലാം തട്ടി നോക്കി. ആ പട്ടിക്കുട്ടികൾ കിടക്കുന്ന പടർപ്പിലും അവൻ കാലുകൊണ്ടു തട്ടി.

“വോ.... വോ..... വോ...!” കുട്ടികൾ ഉണർന്ന്‌ ആശാഭരിതരായി, യാചന ആരംഭിച്ചു.

ആ ചെറുക്കൻ രണ്ടു പട്ടികളെയും കൈയിലെടുത്തു. അവൻ ചിരട്ട വച്ചിരിക്കുന്നിടത്തു ചെന്നു. കുട്ടികളെ ആ ചിരട്ടയുടെ അടുത്തുവച്ചു. ചിരട്ടയിൽ നിന്നും രണ്ടു കുട്ടികളും നക്കിനക്കി കുടിക്കുവാൻ തുടങ്ങി. അവൻ ശ്രദ്ധയോടുകൂടി നോക്കിയിരുന്നു. ഇടയ്‌ക്കിടെ അവൻ ചുറ്റും നോക്കുന്നുണ്ട്‌- വല്ലവരും കാണുന്നുണ്ടോ എന്ന്‌.

കഞ്ഞിവെള്ളമായിരിക്കാം. അടിയിൽ കുറച്ചു വറ്റും ഉണ്ട്‌. ആ കുട്ടികൾ പ്രയാസപ്പെട്ടു ചവയ്‌ക്കുന്നുണ്ട്‌. രണ്ടും കൂടി ചിരട്ട നക്കിത്തുടച്ചു. അവൻ രണ്ടിനെയും തലോടി. രണ്ടും വാലാട്ടി. രണ്ടും അവന്റെ പാദത്തിൽ നക്കി. അവൻ എഴുന്നേറ്റു. രണ്ടിനെയും എടുത്ത്‌ ആ പടർപ്പിനുള്ളിൽ വച്ചു. അവൻ റോഡരുകിലേക്കു നടന്നു. പട്ടിക്കുട്ടികൾ അവന്റെ പുറകെ ഓടി. അവൻ റോഡിലേക്കു ചാടി, തിരിഞ്ഞുനോക്കാതെ നടന്നു.

പട്ടിക്കുട്ടികൾ റോഡിലേക്കു ചാടാൻ ഭാവിക്കുകയാണ്‌, അവന്റെ പിറകേ പോകാൻ. അവൻ കണ്ടെത്തിയ കാരുണ്യത്തെ പിൻതുടരാൻ വയ്യ. ചാടാൻ വയ്യ. ചാടിയാൽ, ചത്തുപോകും. അവർ അവൻ പോയവഴിയേ നോക്കിയിരുന്നു വാലാട്ടി.

വെയിൽ. കത്തുന്ന വെയിൽ. അവർ പടർപ്പിനുള്ളിലേക്കു വലിഞ്ഞു കേറി.

വൈകുന്നേരമായി. ആകാശം മേഘാവൃതമായി. ഇടിയും മിന്നലും. പട്ടികുട്ടികൾ പടർപ്പിൽ നിന്നും പുറത്തുവന്നു. അവർ ചുറ്റും പകച്ചുനോക്കുകയാണ്‌. എന്താണിതെല്ലാം? എന്തോ! ഈ ലോകത്തെപ്പറ്റി, എട്ടോ ഒൻപതോ ദിവസത്തെ പരിചയം മാത്രമേ അവർക്കുള്ളു.

മഴ തുടങ്ങി. കനത്ത മഴ! പട്ടിക്കുട്ടികൾ വേച്ചുവേച്ച്‌ ഓട്ടം തുടങ്ങി. കോരിച്ചൊരിയുകയാണു മഴ. തറയിൽക്കൂടി വെള്ളം ഒഴുകിത്തുടങ്ങി. രണ്ടുംകൂടി പടർപ്പിനുള്ളിലേക്കു കേറി. അവിടെയും രക്ഷയില്ല. ഇലകളിൽ നിന്നും വെള്ളം ചൊരിയുകയാണ്‌. രണ്ടും പുറത്തു ചാടി. എവിടെപ്പോകും? ആരോടും യാചിക്കും? മേലോട്ടു നോക്കി. ശൂന്യതയിലേക്കു വിളിച്ചുപറഞ്ഞാലോ? വയ്യ. മോളിലേക്കു നോക്കാൻ വയ്യ! മഴ കോരിച്ചൊരിയുകയാണ്‌. രണ്ടും അഭിമുഖമായി, ആസനമൂന്നി, തലകുനിച്ചിരുന്ന്‌, വിറയ്‌ക്കുകയാണ്‌.

സന്ധ്യയായി മഴ മാറി. വെള്ളം ഒലിച്ചുപോയി. പട്ടിക്കുട്ടികൾ നിവർന്നു നിന്നു കുടഞ്ഞു. കറുത്തത്‌ വെളുത്തതിനെ നക്കിത്തുടയ്‌ക്കുവാൻ തുടങ്ങി. വെളുത്തത്‌ കറുത്തതിനെയും.

സന്ധ്യ കഴിഞ്ഞു. ഇരുൾ വ്യാപിച്ചു. ആകാശം അപ്പോഴും മേഘാവൃതമായിരുന്നു.

“വോ.... വോ..... വോ...” കാരുണ്യത്തിനുവേണ്ടി ആ പട്ടിക്കുട്ടികൾ, ആ ഇരുൾപ്പരപ്പിലേക്കു വിളിച്ചുപറയുകയാണ്‌.

പ്രഭാതം പ്രസന്നമായിരുന്നു. അയൽ വീട്ടിലെ കുട്ടി റോഡിലേക്കിറങ്ങിവന്ന്‌ എത്തിനോക്കി. അവൻ വിളിച്ചുപറയുകയാണ്‌.

“ല്ലേ, കെടക്കണു. ചത്തെന്നാ തോന്നുന്നെ.”

മറ്റു വീടുകളിലെ കുട്ടികൾ ഓടിക്കൂടി. ഒരുത്തൻ കല്ലെടുത്ത്‌ ഒരേറു കൊടുത്തു. കൊണ്ടില്ല. അടുത്തുകൂടി കല്ലു പാഞ്ഞുപോയി. പട്ടികുട്ടികൾ ഉണർന്ന്‌ എഴുന്നേറ്റു.

“ചത്തില്ലടാ.... ചത്തില്ല...” എല്ലാവരും ഒപ്പം വിളിച്ചു പറഞ്ഞു.

തലേദിവസത്തെ വിറകുവെട്ടുകാരൻ കോടലിയും തോളിൽ വച്ചുകൊണ്ടു വന്നു. അയാൾ കഠിനമായ വെറുപ്പോടുകൂടി ചോദിച്ചു.

“ചത്തില്ല്യോ ഇവത്തുങ്ങൾക്ക്‌, കാലനുമില്യോ!”

തലേദിവസം റേഷൻ വാങ്ങാൻ പോയ വൃദ്ധ, ഒരു തുണിക്കെട്ടും താങ്ങിപ്പിടിച്ചുകൊണ്ടു വരികയാണ്‌. അവർ പട്ടിക്കുട്ടികളെ നോക്കി പറഞ്ഞു.

“അയ്യോ പാവം! ഇന്നലത്തെ മഴ മുഴുവൻ നനഞ്ഞിട്ടും ചത്തില്ല.”

കറുത്ത പട്ടിക്കുട്ടി വിറച്ചു വിറച്ച്‌ വേച്ചുവേച്ച്‌ റോഡരികിൽ വന്നു കീഴോട്ടു നോക്കി. വെളുത്തത്‌ കറുത്തതിനെ അനുഗമിച്ചു. പക്ഷേ, നടക്കാൻ വയ്യ. അത്‌ അവിടെത്തന്നെ ഇരുന്നു. കറുത്ത കുട്ടി റോഡിലേക്കു ചാടാൻ ശ്രമിക്കുകയാണ്‌. ഒരു ചെറുക്കൻ എത്തി വലിഞ്ഞ്‌ അതിനെ എടുത്തു റോഡരികിൽ ഇരുത്തി. അവൻ നടന്നപ്പോൾ, അത്‌ അവന്റെ പിറകേ ഓടി. അവൻ വേഗം നടന്നു. പട്ടിക്കുട്ടി വിറച്ചുവിറച്ച്‌ വേച്ചു വേച്ച്‌, ഓടുകയാണ്‌. അല്‌പം ഓടുമ്പോൾ വീണുപോകും. പിന്നെയും എഴുന്നേറ്റ്‌ ഓടും. ചെറുക്കൻ അങ്ങു ദൂരെ എത്തി.

വെളുത്ത ചായമിട്ട ഗേറ്റാണത്‌. തുറന്നുകിടക്കുകയാണ്‌. പട്ടിക്കുട്ടി ആ ഗേറ്റിനുള്ളിലേക്കു വലിഞ്ഞുകേറി.

‘ഛീ - ഛീ - ഛീ’ അങ്ങനെ തീവണ്ടി ചീറ്റുംപോലെ ചീറ്റിക്കൊണ്ട്‌ ഒരുത്തൻ വീട്ടിനുള്ളിൽ നിന്ന്‌ ഓടിവന്നു. അയാൾ അതിനെ കാലുകൊണ്ടു കോരി പുറത്തേക്കെറിഞ്ഞു. ‘കീ’ എന്നൊരു വിളിയോടുകൂടി അതു റോഡിൽ ചെന്നു വീണു. എഴുന്നേല്‌ക്കാൻ വയ്യ, അങ്ങനെ കിടക്കുകയാണത്‌.

ഒരു ഇരമ്പൽ! നിറച്ചു കരിങ്കല്ലും കേറ്റി ഒരു ലോറി, മെയിൻ റോഡിൽ നിന്ന്‌ ഇടറോഡിലേക്കു കേറി ഇരച്ചു പാഞ്ഞു വരികയാണ്‌. പട്ടിക്കുട്ടി തല ഉയർത്തി.അതു വലിഞ്ഞെഴുന്നേറ്റു. ലോറി അതിന്റെ നേരെ പാഞ്ഞടുക്കുകയാണ്‌.

കീറത്തുണിയും ചുറ്റി, കീറിയ ബ്ലൗസും ധരിച്ച്‌, ഒരു കെട്ടു ചുള്ളിക്കമ്പു തലയിൽ വച്ചുകൊണ്ട്‌ ഒരു പെൺകുട്ടി തെക്കുനിന്നു വരികയാണ്‌. ഇരമ്പിവരുന്ന ലോറിയെയും റോഡിന്റെ നടുവിലിരിക്കുന്ന പട്ടിക്കുട്ടിയെയും അവൾ മാറിമാറി നോക്കി. ലോറി അടുത്തെത്തിക്കഴിഞ്ഞു. ഒരു നിമിഷം! പട്ടിക്കുട്ടി അരഞ്ഞുപോകും.

“അയ്യോ!” എന്നു നിലവിളിച്ചുകൊണ്ട്‌ അവൾ ലോറിയുടെ മുൻപിൽനിന്നു പട്ടിക്കുട്ടിയെ വലിച്ചെടുത്തു. അവളുടെ തലയിലിരുന്ന ചുള്ളിക്കെട്ടു തെറിച്ചുപോയി. അവൾ റോഡരികിലുള്ള ഒരു കൊന്നച്ചെടിയുടെ കീഴിൽ പട്ടിക്കുട്ടിയെ കിടത്തി. അവൾ അതിനെ തലോടിക്കൊണ്ട്‌ ഉപദേശിച്ചു.

“ഇവിടെ ഇരുന്നോളണം. റോഡിലേക്ക്‌ ഇറങ്ങിപ്പോവരുത്‌. കേട്ടോ.”

അതു വാലാട്ടിക്കൊണ്ട്‌ അവളുടെ മുഖത്തു നോക്കി. തലയിൽനിന്നു തെറിച്ചുപോയ ചുള്ളിക്കെട്ട്‌ എടുക്കാൻ അവൾ റോഡിലേക്കു ഇറങ്ങി. അതു ചതഞ്ഞു പൊടിയായി കിടക്കുകയാണ്‌. അവൾ കാലുകൊണ്ടു തട്ടിനോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞു. ലോറിപോയ വഴിയേ നോക്കിക്കൊണ്ട്‌ അവൾ തലയിൽ കൈവച്ചു ശപിച്ചു.

“നിന്നെ കാലൻ കൊണ്ടുപോവുമെടാ!” അവൾ തിരിഞ്ഞു നടന്നു.

“വോ.... വോ..... വോ...” അങ്ങനെ യാചിച്ചുകൊണ്ട്‌ പട്ടിക്കുട്ടി അവളുടെ പിറകേ ഇഴഞ്ഞു.

അവൾ തിരിച്ചുവന്ന്‌ അതിനെ എടുത്തു വീണ്ടും കൊന്നച്ചെടിയുടെ ചുവട്ടിൽ ഇരുത്തി. അവൾ അതിനെ ശാസിച്ചു.

“ഇവടന്ന്‌ അനങ്ങിപ്പോവരുത്‌.” അവൾ തിരിഞ്ഞ്‌ ഓടിപ്പോയി.

ഉച്ചതിരിഞ്ഞു. നിക്കർ മാത്രം ധരിച്ച ആ ചെറുക്കൻ തലേദിവസത്തെപ്പോലെ ഒരു ചിരട്ടയുംകൊണ്ടു മെയിൻ റോഡിൽ നിന്ന്‌ ഇടറോഡിലേക്കു കേറി. പാത്തു പാത്തു വരികയാണവൻ. ഉന്തിനില്‌ക്കുന്ന കല്ലിൽ ചവിട്ടി. അവൻ മുകളിൽ കേറി.

അവൻ ആ പച്ചപ്പടർപ്പിൽ കാലുകൊണ്ടു തട്ടി. ഇല്ല, അവിടെ ഇല്ല. അവൻ എല്ലാ പടർപ്പുകളിലും തട്ടിനോക്കി അവിയെങ്ങുമില്ല. അവൻ കൈകൊണ്ടു ഞൊടിച്ചു.

“വോ.......!” ഒരു ഞരങ്ങൽ മാത്രം. ആദ്യം തട്ടിനോക്കിയ ആ പടർപ്പിൽ നിന്നാണ്‌ ഞരങ്ങൽ കേട്ടത്‌. അവൻ കുനിഞ്ഞു നോക്കി. വെളുത്ത പട്ടിക്കുട്ടി അതിനുള്ളിൽ കിടക്കുകയാണ്‌. എഴുന്നേൽക്കാൻ വയ്യ.

കറുത്തതെവിടെ? അവൻ അവിടെയെല്ലാം തിരഞ്ഞു. കാണാനില്ല. അവൻ റോഡിൽ ചാടിയിറങ്ങി. നോക്കിനോക്കി നടന്നു. ആ കൊന്നച്ചെടിയുടെ ചോട്ടിൽ കിടക്കുകയാണത്‌. അവനെ കണ്ടപ്പോൾ അതു മെല്ലെയൊന്നു വാലാട്ടി. അവൻ അതിനെയും എടുത്തുകൊണ്ടു തിരിച്ചുവന്നു. പടർപ്പിനുള്ളിൽനിന്ന്‌ വെളുത്തതിനെയും എടുത്തു. ചിരട്ടയിലെ കഞ്ഞിവെള്ളത്തിൽ രണ്ടിന്റെയും മുഖം ചേർത്തുവച്ചു. രണ്ടും നക്കിനക്കി കുടിച്ചു.

സാവധാനം രണ്ടു പട്ടിക്കുട്ടികളും നിവർന്നുനിന്നു. ചെറുക്കന്റെ മുഖം തെളിഞ്ഞു. അവൻ രണ്ടിനേയും തലോടി. രണ്ടും വാലാട്ടി. അവന്റെ പാദം നക്കി. അവൻ എഴുന്നേറ്റു റോഡിലേക്കു ചാടി. തിരിഞ്ഞുനോക്കാതെ നടന്നു മറയുകയും ചെയ്‌തു.

ഏതാണവൻ? എന്തിനാണവൻ അങ്ങനെ പാത്തു പാത്തു വരുന്നത്‌? എന്തിനാണവൻ, ആ പട്ടിക്കുട്ടികൾക്കു കഞ്ഞി കൊണ്ടുക്കൊടുക്കുന്നത്‌? അവനാണോ, ആ പട്ടിക്കുട്ടികളെ അവടെ കൊണ്ടിട്ടത്‌? ആയിരിക്കാം.

രണ്ടു പട്ടിക്കുട്ടികളും പടർപ്പിനുള്ളിലേക്കു വലിഞ്ഞുകേറി. കറുത്തതു വെളുത്തതിനെ നക്കി. വെളുത്തതു കറുത്തതിനേയും.

സന്ധ്യ മയങ്ങിത്തുടങ്ങി. ആകാശം കാർമേഘാവൃതമായി. ഇടിയും മിന്നലും മഴയും ആരംഭിച്ചു.

“വോ.... വോ.....” ഒരു നേരിയ ഞരക്കം മാത്രമായിരുന്നു അത്‌.

തലേദിവസത്തെപ്പൊലെ പ്രഭാതം പ്രസന്നമായിരുന്നു. ആ പട്ടിക്കുട്ടികൾ, പറ്റിച്ചേർന്നു കിടക്കുകയാണ്‌. ഒരു കാക്ക പറന്നുവന്ന്‌ അടുത്തിരുന്നു. അതു സൂക്ഷിച്ചു നോക്കി. ഒന്നു കൊത്തി. അനക്കമില്ല. വീണ്ടും കൊത്തി. നിശ്ചലം!

“കാ....കാ....കാ..!” കാക്ക ഉച്ചത്തിൽ കൂകിവിളിക്കുകയാണ്‌.

ചുറ്റുംനിന്നു കാക്കകൾ പറന്നെത്തി.

അയൽവീടുകളിലെ കുട്ടികൾ റോഡിലേക്കിറങ്ങിവന്നു. ഒരുത്തൻ പറഞ്ഞുഃ

“ചത്തുപോയെടാ.. കാക്ക കൊത്തുന്നു.”

പി. കേശവദേവ്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.