പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ഗാഥ വിചിന്തനങ്ങൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ലീന വിശ്വനാഥ്‌

കലണ്ടർ താളിലെ ക്രമം തെറ്റിയ ഋതുചക്രത്തിൽ ഉൾപ്പുളകം വിതറി ഒരു പുളിമാങ്ങഗന്ധം പതിയെ വിടരാൻ തുടങ്ങിയിരിക്കുന്നു. മെഡിക്കൽ കിറ്റിലെ വരകളുടെ വർണസങ്കലനം പഴയൊരു വയലറ്റു സാരിക്കാരിയെ ഓർമിപ്പിച്ചു. വയലറ്റു വളകളണിഞ്ഞ്‌, പ്രഫുല്ലമായ ചിരിയുമായി “ഇതെന്താ വെലോസിറ്റിന്റെ പരസ്യമോ?” എന്നാരുടേയോ കുസൃതിയ്‌ക്കു വെറുതെയൊരു കള്ളനാണം അഭിനയിച്ചു ഫലിപ്പിച്ചൊരു കൗമാരക്കാരി. അതേ കൗമാരക്കാരിയുടെ ലജ്ജയുമായി നിൽക്കവെ ഉജ്ജ്വലിന്റെ മുഖത്ത്‌ കാലം തെറ്റി കായ്‌ച്ചൊരു കയ്‌പുമാത്രം. “ബിഹേവ്‌ യുവർ സെൽഫ്‌? എന്നൊരു കാലുഷ്യം കണ്ണടയ്‌ക്കിടയിലൂടെ നീളുന്ന രഹന്റെ നോട്ടത്തിലും. ഉവ്വ്‌, എനിയ്‌ക്കെല്ലാം മനസ്സിലാവുന്നുണ്ട്‌. കുറച്ച്‌ വർഷങ്ങൾക്കു മുമ്പ്‌ ഇതുപോലൊരു സൂചനയിൽ ഗാഥ ഇങ്ങിനെയായിരുന്നില്ലല്ലോ പെരുമാറിയത്‌. റാങ്ക്‌ പ്രതീക്ഷിച്ചിരുന്ന (ഗ്രേഡിംഗിനും മുമ്പ്‌ മാർക്കിനൊക്കെ പ്രയത്നത്തിന്റേയും, ആത്മാർത്ഥതയുടേയും വിലയുണ്ടായിരുന്ന കാലത്ത്‌) സ്‌കൂൾ കുട്ടിയെ പ്രതീക്ഷിതമായി പരീക്ഷക്കാലത്ത്‌ ഒരു പനി ബാധിച്ചതുപോലെ, അതെ അച്ചടക്കത്തിൽ വളർന്നൊരു കൗമാരക്കാരി​‍്‌ വീട്ടുകാരറിയാതെ ഒരു കൈത്തെറ്റുപറ്റിയതു പോലെയോ എന്തോ വല്ലാത്തൊരു പരിഭ്രമവും, നിരാശയും, നഷ്‌ടബോധവും, എന്തോ.... ഏതോ... എന്തോ.... ചെയിനിൽ ഉറപ്പിച്ചിരിക്കുന്ന മണിത്താലിയിൽ നോക്കി അന്നാദ്യമായി ഉജ്ജ്വലിന്റെ മുഖത്തൊരു സങ്കടം. അർത്ഥമിതായിരുന്നിരിക്കാം..... ‘ഗാഥ നീയെന്റെ ഭാര്യയാണ്‌ കരിയർ ഉണ്ട്‌, പ്രതികരണശേഷി ഉണ്ട്‌ എന്നൊക്കെ വച്ച്‌ നിന്റെമേൽ ഒരു ഭർത്താവിനു യാതൊരു അവകാശവും ഇല്ലെന്നാണോ’ എന്നൊരു പരിഭവം.... ഒരു കുഞ്ഞുശരീരമായി ആലിലവയറിനുള്ളിൽ രൂപപ്പെട്ടുകൊണ്ടിരുന്ന രഹനും കാണുമായിരുന്നിരിക്കാം എണ്ണമറ്റ പരിഭവങ്ങൾ..... സ്‌ഥിരം ബസു കിട്ടാനായി ഓടുമ്പോഴും, അച്ചടക്കരാഹിത്യത്തിനു മീതെ പൊട്ടിത്തെറിക്കുന്ന അമർഷങ്ങളുയരുമ്പോഴും ആരൊക്കെയോ സ്‌നേഹപൂർവ്വം ശാസിച്ചിരുന്നു.” എന്റെ ഗാഥ പതിയെ..... പതിയെ..... ഇങ്ങിനെ ഒച്ചയിടല്ലേ.... നമ്മുടെ വികാരവിക്ഷോഭമൊക്കെ ഗർഭസ്‌ഥശിശുവിനെ ബാധിക്കുംട്ടോ. പുറമെ നനുത്ത പുഞ്ചിരിയിൽ അകമേ നാമ്പിടുന്ന ചില നിഷേധങ്ങൾ അന്നുമുണ്ട്‌. ‘ഓ അങ്ങിനെ തുമ്മിയാതെറിക്കുണ മൂക്കാണെങ്കിൽ അങ്ങുതെറിക്കട്ടെ..... “എടോ താനിങ്ങനെ ഉറക്കമിളച്ച്‌ ടിവിയും കണ്ടോണ്ടിരിക്കല്ലേ.... നേരത്തു വല്ലതും കഴിക്കണ ശീലമില്ലെങ്കിൽ ഉറങ്ങുകയെങ്കിലും ചെയ്യ്‌, എന്റെ മോനെ ഓർത്തെങ്കിലും.....” ഉജ്ജ്വലങ്ങനെ നിയന്ത്രങ്ങൾ മുറ തെറ്റാതെ തന്നു കൊണ്ടിരുന്നു ലേബർ റൂമിലേക്ക്‌ പോവും വരെയും. പ്രസ്‌താവനകളിലെ ആ “എന്റെ” പ്രയോഗം അത്രയ്‌ക്കങ്ങ്‌ ഇഷ്‌ടപ്പെടാതിരുന്നതിനാലും, അധികാരസ്വരങ്ങളെ പണ്ടേ തൃണവല്‌ക്കരിച്ച്‌ കാറ്റിൽ പറത്തിയിരുന്നതിനാലും ഞാനെന്റെ തന്നിഷ്‌ടങ്ങളെ അനുസ്യൂതം തുടർന്നു കൊണ്ടിരുന്നു. ജീവിതമെന്നത്‌ ഭൂതകാലവും വർത്തമാനകാലവും മുഖാമുഖം ഏറ്റുമുട്ടലാണെന്ന സ്വന്തമൊരു തത്വശാസ്‌ത്രം (അതോ ആരോ പറഞ്ഞുവച്ചതിന്റെ നിരർത്ഥകമായ ആവർത്തനമോ .....ആ..... എനിയ്‌ക്കറിയില്ല) പിൻതുടരവെ ഇന്നിപ്പോൾ മറ്റൊരു ജീവിതചര്യ മുന്നിൽ. ആവശ്യത്തിലുമേറെ ബുദ്ധിയുമായി അറിവിന്റെ ചക്രവാളത്തിലലിഞ്ഞ്‌ രഹൻ എന്ന എന്റെ മകൻ ലാപ്‌ടോപ്പിൽ ദ്രുതചലനങ്ങളുണർത്തുന്നു. "As you are an illiterate in e-literacy, I consider you as an illiterate in very sense" എന്നോ മറ്റോ അവന്റെ മുഖത്ത്‌ പരിഹാസം! പുച്ഛം! ’ഇത്ര ഈഗോയിസ്‌റ്റിക്കായ ഒരു ഭാര്യയെ സഹിക്കുന്ന ഞാനെന്തൊരു വിശാലമനസ്‌ക്കൻ‘ എന്നൊരു ധാർഷ്‌ട്യത്തോടെ ഡീമാറ്റിന്റെ ഏറ്റക്കുറച്ചിലുകൾ ലാഭപരിധിയിൽ മാത്രം നോക്കിക്കാണുന്ന ഉജ്ജ്വലും അരികിലുണ്ട്‌. ഞാനാവട്ടെ വലതുകരം ഏറ്റവും മൃദുവായി വയറിനോടു ചേർത്ത്‌, ചാനൽ ബഹളങ്ങളിൽ നിന്നകന്ന്‌. മറവിക്കുമപ്പുറത്തുനിന്ന്‌ ശ്ലോകങ്ങളും, സൂക്തങ്ങളും പൊടി തട്ടിയെടുത്ത്‌, ഡയറ്റീഷ്യൻ നിർദ്ദേശിച്ച ഭക്ഷണചര്യകളിൽ നിന്നു അണുവിട മാറാതെ... ഔദ്യോഗികമായ തിരക്കുകളെ ബാലൻസ്‌ ചെയ്‌ത്‌ എനിയ്‌ക്കും കൂടി തൃപ്‌തിതോന്നുന്ന ഒരു സ്‌ഥാനം നേടി, സ്വമനസ്സാലെ അമ്മയാവലിന്റെ സങ്കീർണ്ണതകളെ തൊട്ടറിയാൻ എനിയ്‌ക്കും സമയം കൈവന്നത്‌ ഇപ്പോഴാണ്‌. അതു ഞാൻ ആസ്വദിക്കുന്നു. പുറംലോകത്തിനു അതിലെന്തു കാര്യം? വീണ്ടുമെന്റെ സ്വാതന്ത്ര്യബോധം മുളപൊട്ടുന്നുണ്ടോ ആവോ?

മാസങ്ങൾക്കുശേഷം ഇന്നിതാ നഗരമധ്യത്തിലെ ഹോസ്‌പിറ്റൽ ലക്ഷ്വറിറൂമിൽ വാടിത്തളർന്ന്‌ വീണ്ടും ഞാൻ.... ഇല്ല പിറവിമധുരം പങ്കിടുവാൻ ജിലേബി മധുരം ഒരുക്കിയിട്ടില്ല... വിലകുറഞ്ഞൊരു ചോക്ലേറ്റുപോലും. കാരണം എനിയ്‌ക്കും എന്റെ കാത്തിരിപ്പിനുമിടയിൽ അപ്രതീക്ഷിതമായി ചോരപ്പുഴയൊഴുകി..... വിദേശ ബിരുദങ്ങൾ ഏറെയുള്ള ഇവിടത്തെ ഡോക്‌ടറിന്റെ ടൂൾസിനു (സോറി, എനിയ്‌ക്കാ ടെക്‌നിക്കൽ ടേമ്‌സ്‌ അറിയില്ല കേട്ടോ) ചോരപ്പുഴയിലൊരു ചെറുതടപോലും സ്‌ഥാപിക്കാൻ സാധിച്ചില്ല. എന്തെന്നാൽ സർവശക്തനായ ദൈവത്തിന്റെ കണക്കുകൂട്ടലുകളാണു നിസ്സാരനായ മനുഷ്യന്റെ ഓരോ നിമിഷാർദ്ധവും.... അല്ലന്നു പറയാൻ ആർക്കു സാധിക്കും???yaah....tell me its an open challeng വാക്‌സാമർത്ഥ്യമുള്ളവർ പറഞ്ഞു ജയിക്കട്ടെ. പാവം ഞാനാ ടൈപ്പ്‌ അല്ല..... അല്ലേയല്ല.....

എന്റെ ശാഠ്യം കാരണം മാത്രം കാണിച്ചു തന്ന ട്രേയിലെ ചോരപുരണ്ട എന്നിലെ ജീവാംശം. യൗവനാംഗങ്ങളായി തീരേണ്ട കുരുന്നു നെഞ്ചിലെ തുടുപ്പുകളിൽ, വികാരസമുദ്രങ്ങളലയടിയ്‌ക്കേണ്ട കുഞ്ഞുമിഴിയിണകളിൽ നോക്കിക്കിടക്കവെ കാലമെന്റെ മുന്നിൽ തെളിയുകയാണ്‌. കണ്ണീരുറവ പൊടിയാത്ത എന്റെ ഹൃദന്തത്തിൽ ഒരു cynic തിരശ്ശീല മാറ്റിവരുന്നു. “വാവേ ഈ ഫ്രോക്കു വേണ്ട കണ്ണാ”. അനവസരത്തിൽ കിനിയുന്ന എന്റെ വാത്സല്യത്തിനു നേരെ ഒരഞ്ചുവയസ്സുകാരി ആക്രോശിയ്‌ക്കുന്നു "mum, don't call me names, and please don't interfere in my freedom" വാവയും, കണ്ണനുമൊക്കെ എന്നാണു വെറും names ആയി തരംതാണതെന്നും, ഒരഞ്ചുവയസ്സുകാരിയുടെ ഫ്രീഡത്തിന്റെ അതിർവരമ്പുകൾ ഏതാണെന്നും ഞെട്ടിത്തരിയ്‌ക്കവെ എന്റെ ദിനസരങ്ങൾ ഉത്‌കണഠകളും, വേവലാതികളുമാവുന്നു. മാറുന്ന കാലഘട്ടത്തിന്റെ സ്വാതന്ത്ര്യങ്ങൾ വഴിവിട്ട അശ്ലീല മെസേജായോ, നീല കലർന്ന ചിത്രങ്ങളായോ മാറി മൊബൈലും, കമ്പ്യൂട്ടറുമെല്ലാം സ്വാസ്‌ഥ്യം കെടുത്തുന്നു. എവിടേയും ഇരിപ്പുറയ്‌ക്കാതെ ഞാനവൾക്കു ചുറ്റും അലയും തോറും സ്വകാര്യതകളുടെ കനത്ത മറയുമായി എനിയ്‌ക്കു നേരെ അവളുടെ വാതിലുകളടയുന്നു.... How dare you??? എന്നവൾ ഒച്ചയുയർത്തുന്നു. ’പീഢനം കാർഡ്രൈവർ അറസ്‌റ്റിൽ .... ബാലികയുടെ മരണം ബലാംത്സഗം മൂലം, അച്ഛനും പ്രതിപ്പട്ടികയിൽ.... ‘ലൈംഗിക ചൂഷണം അദ്ധ്യാപകൻ നിരീക്ഷണത്തിൽ..... വാർത്തകളങ്ങനെ പല തലക്കെട്ടിൽ, വിവിധ ഭാഷകളിൽ എനിയ്‌ക്കു ചുറ്റും ഭീതിവലയം തീർക്കുന്നു. ഉറങ്ങിക്കിടക്കുന്ന മകളുടെയടുത്ത്‌ പാതിരാത്രിയിൽ പതുങ്ങിച്ചെന്ന്‌ അവളുടെ ദേഹത്ത്‌ നഖക്ഷതങ്ങളെന്തെങ്കിലും ഉണ്ടോ എന്ന്‌ പരിശോധിക്കേണ്ടിവരുന്ന അമ്മയുടെ നിസ്സഹായതകൾ.... നെടുവീർപ്പുകൾ..... പത്തുമാസം ചുമന്ന കണക്കിൽ, സ്‌തന്യാമൃതം ചുരത്തിയ വകയിൽ, സ്‌നേഹത്ത​‍്ന്റ ലാളനകളിൽ അമ്മമാർക്ക്‌ മക്കളിൽ അവകാശമുണ്ടെന്ന്‌ ഞാനും വിശ്വസിച്ചിരുന്നു. വലിയ വലിയ മനഃശാസ്‌ത്രവിചക്ഷണൻമാരുടെ ചർച്ചകളെ സംഗ്രസിച്ച്‌, ബൃഹത്തായ റഫറൻസ്‌ ഗ്രന്ഥങ്ങളിൽ ഇഴപാകിയെടുത്ത്‌ ഞാനും അഭിമാനിച്ചിരുന്നു. മക്കളെ വളർത്താൻ കെൽപ്പുള്ള അഭ്യസ്‌ത വിദ്യയായ അമ്മയാണെന്ന്‌..... ഇല്ലാ സംസ്‌ക്കാരച്യുതിയിൽ നാടിനെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന ചില മാറ്റങ്ങളിൽ അവളും വളർന്നു. “മമ്മീ എമർജൻസി പില്ലിരിപ്പൊണ്ടൊ ഒരെണ്ണം കടം തരാൻ?” (വായനക്കാരാ & വായനക്കാരീ, ആ വാക്കു ശ്രദ്ധിക്കണം കേട്ടോ. ’കടം‘ - കടപ്പാടുകൾ അവശേഷിപ്പിക്കാൻ പുതുതലമുറ സജ്ജമല്ലെന്നർത്ഥം) എന്ന ചോദ്യത്തിൽ .... വല പോലെ സുതാര്യമായ വസ്‌ത്രത്തിലെ നിലതെറ്റുന്ന ലഹരിയായി.... പിന്നെയും വളർന്ന്‌ വിവാഹമെന്ന പ്രസ്‌ഥാനം നിലനിൽക്കുന്നുവെങ്കിൽ മാത്രം അവളോളം സ്വർണം തൂക്കി നല്‌കി, പരസ്‌പരം അഭിനയിച്ചഭിനയിച്ചങ്ങനെ exchange fashion-ൽ ഇണകളെയും മാറ്റി..... ഔദാര്യം പോലൊരു കുഞ്ഞിനെ പ്രസവിച്ചു നല്‌കാൻ മനസ്സില്ലെങ്കിൽ ഒരു സറോഗേറ്റ്‌ മദറിനെ കണ്ടെത്തി ആയാസരഹിതമായി ഒരു മാതൃപദവിയും നേടി..... കാമുകനു വേണ്ടി ഭർത്താവിനെ ക്വട്ടേഷൻ സംഘത്തിനു ചൂണ്ടിക്കാണിക്കാൻ ഇടവരാതെ ഭാഗ്യമുണ്ടെങ്കിൽ വീണ്ടും ജീവിച്ച്‌.... നന്ദികേടിന്റെ കലികാലവൈഭവങ്ങളിൽ തൂങ്ങിയാടി വീണ്ടുമൊരു Reputed old age home സ്വയം അഡ്‌മിഷൻ നേടി, കാലത്തിന്റെ കനിവുതേടി..... ഒടുവിൽ ബലിക്കാക്കകളിലൂടെ സ്വായത്തമാവുന്ന പുണ്യവാഗ്‌ദാനങ്ങളില്ലാതെ മൃതിയുടെ തീരമണയുന്ന ശൂന്യത.... വ്യർത്ഥത.... അബദ്‌ധജടിലത..... അർത്ഥരാഹിത്യം..... വേണ്ട.... വല്ലാത്തൊരു കാലത്തിന്റെ ആശങ്കയുണർത്തുന്ന പ്രതിനിധിയായി ആപൽക്കരമായ ഒരു ഭാവിയിലേയ്‌ക്ക്‌ നടന്നടുക്കേണ്ടാ.....

മരുന്നിന്റെ മയക്കത്തിനിടയിലും പരിഭവലേശമന്യെ ആത്മാർത്ഥമായി ഞാൻ മന്ത്രിച്ചു.....Thank God.... നെറ്റിയിലമരുന്ന മൃദുകൈത്തലത്തിനു നേരെ കണ്ണുതുറക്കുമ്പോൾ രഹൻ “യു ഡിസർവ്‌ഇറ്റ്‌” എന്നൊരു പ്രതികാര വാഞ്ജ വളരെ സമർത്ഥമായി മുഖത്തൊരു വിഷാദഭാവത്തോടെ എന്നെ തലോടുമ്പോൾ ചിരിവന്നു. “ഓ, നീയച്ഛന്റെ മകൻ തന്നെ. എന്നിൽ നിന്നുമൊരു പൊട്ടിക്കരച്ചിൽ പ്രതീക്ഷിച്ചു വന്ന നിനക്കു തെറ്റിപ്പോയി. Its me Gatha, your one and only mother yaar!” (ഓ, ആത്മഗതമായിരുന്നുട്ടോ)

ഇടതടവില്ലാത്ത ഫോൺ വിളികൾക്കു ഞാൻ ധീരമായി മറുപടി പറഞ്ഞു. ചിലരെനിയ്‌ക്കു ആശ്വാസകണങ്ങൾ അളവില്ലാതെ പകർന്നു തന്നു. ഒരു പടികൂടി മുന്നോട്ടുകടന്ന്‌ “എത്ര ബോൾഡ്‌ ആയി ഈ സങ്കടം നേരിടുന്നു!” (ഉവ്വുവ്വ്‌ എനിയ്‌ക്കറിയാം മനസ്സിലിരിപ്പ്‌. ഇത്ര ധീരത വേണ്ട. ഒരു കരഞ്ഞേ മതിയാവൂ എന്നല്ലേ വ്യംഗ്യാർത്ഥം) എന്നൊരു കോംപ്ലിമെന്റും ചിലരുടെ വക. ഈ തന്ത്രത്തിലൊന്നും വീഴില്ല ഗാഥ.......... ചിലർക്കു മാത്രം സാധ്യമാവുന്ന സിദ്ധികളാണത്‌. ചില അനുഭവതീക്ഷ്‌ണതകൾ.... ഇല്ല. ഞാനൊന്നും പറഞ്ഞില്ല..... വേദനിക്കുമോ എന്നറിയാൻ വേണ്ടിമാത്രം മുറിവിൽ കുത്തികുത്തി നോക്കുന്ന ചിലരുള്ള (കാരുണ്യം വറ്റിയിട്ടൊന്നുമില്ല കേട്ടാ. നല്ല അന്തസ്സുള്ള മനുഷ്യത്വമുള്ളവരും ഉണ്ടെന്നേ. വളരെ കുറച്ചുപേർ മാത്രം) ഓഫീസ്‌ അന്തരീക്ഷം. ചൂടുപിടിക്കുന്ന ചർച്ചകൾ. ആൺകുഞ്ഞാണൊ, പെൺകുഞ്ഞാണോ ഭാവിയിൽ ഉപരിക്കുക എന്നതാണു ചിന്താ വിഷയം. എന്നേത്തേയും പോലെ തുറന്നിരിക്കുന്ന പുസ്‌തകത്തിൽ വെറുതെ നോക്കിയിരിക്കവെ പഴയൊരു ചൊല്ല്‌ ഓർമ്മവന്നു. മക്കളെ കണ്ടും മാമ്പൂ കണ്ടും മദിക്കരുത്‌..... പ്രതിസന്ധികൾ കാപട്യം നിറഞ്ഞ സഹതാപത്തിൽ വിലയിടാനുള്ളതല്ല എന്നോ, സർവവ്യാപിയായ ദൈവം ചിലതു മുൻകൂട്ടി വരച്ചുവച്ചിട്ടുണ്ടെന്നോ ദ്യോതിപ്പിയ്‌ക്കുന്ന ഒരു ചിരി ഗാഥ ചിരിച്ചുകൊണ്ടേയിരുന്നു. സർഗധനയായ ഗാഥയേ പോലുള്ളവർക്കു മാത്രം സാധ്യമാവുന്ന അക്ഷരങ്ങളെ സ്‌നേഹിക്കുന്നവരുടെ ആ ചിരി..... പ്രശാന്തസുന്ദരമായ ചിരി........

ലീന വിശ്വനാഥ്‌

Peralumparambil (H),

Venginissery,

Paralam P.O,

Thrissur-680575.


Phone: 9495636341
E-Mail: leenaviswanathsen@gmai.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.