പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

തട്ടകം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പെരിങ്ങോടൻ

കഥ

കറത്തൂട്ടിയെ തേടി കാറ്റു വരുന്നത്‌ അപ്പോൾ അതു രണ്ടാമത്തെ ഊഴമാണ്‌. കറത്തൂട്ടിയപ്പോൾ മീൻകുട്ട ചുമക്കുകയായിരുന്നു. കാറ്റുവന്നു കീഴേക്കാവിലെ ആലിൻതുമ്പു വിറപ്പിച്ചു നിന്നു.

കറത്തൂട്ടി ഉറക്കെ കൂക്കി; അയിലേയ്‌

കറത്തൂട്ടി നരിമാളൻ കുന്നു കയറി. അവിടെ നിന്നാൽ തൃത്താലപ്പുഴ കാണാം. കീഴേക്കാവും പാടവും കാണാം. നരിമാളൻ കുന്നിന്റെ കറുത്ത പാറക്കെട്ടുകൾക്കിടയിൽ ചാരനിറത്തിലുളള മുയലുകളെ കാണാം.

കറത്തൂട്ടിയുടെ അരയിലെ ഉളളറകളുളള ബെൽ​‍്‌ട്ടിൽ പഴകി മങ്ങിയ ഒരു ഫോട്ടോയുണ്ട്‌. ആ ചിത്രം കറത്തൂട്ടി വാത്സല്യത്തോടെ പലപ്പോഴും എടുത്തുനോക്കുന്നു. അതു കറത്തൂട്ടിയുടെ പഴയകാല ചിത്രമാണ്‌. അതിൽ അയാളുടെ പേര്‌, രവിയെന്നാണ്‌. രവിക്കു പഴുതാരമീശയുണ്ട്‌. വലിയ കോളറുകളുളള കുപ്പായമുണ്ട്‌. നീണ്ട കൃതാവുണ്ട്‌; നെറ്റിയിലേക്കു ഊർന്നു കിടക്കുന്ന നീളൻ മുടിയുണ്ട്‌.

അതു നോക്കി പെൺകുട്ടികൾ അവിശ്വാസത്തോടെ ചോദിക്കും;

-ദ്‌ ഇയ്യന്ന്യാ കറത്തൂട്ട്യേ?

-യ്യ്‌ വിശ്വസിക്കണ്ട. ഇയ്‌ക്കൊരു തുളളി വെളളം കൊണ്ടന്നാ.... കോലായിൽ ഇരിക്കുവാൻ ഭാവിച്ചുകൊണ്ടു അയാൾ മൊഴിയും.

-വെളളം! പൊയ്‌ക്കോ പ്രാന്താ അവിടുന്ന്‌!

ഫോട്ടോ വലിച്ചെറിഞ്ഞു​‍്‌ പെൺകുട്ടികൾ ഇറയത്തേക്ക്‌ കയറിയിരിക്കും. ആണുങ്ങൾ ആരും കോലായിൽ ഇല്ലാത സമയമാണെങ്കിൽ കറത്തൂട്ടി മുണ്ടുപൊക്കി, അയാളുടെ നീരുവന്നു വീർത്ത വൃഷണങ്ങൾ പെൺകുട്ടികൾക്കു കാണിച്ചു കൊടുക്കും.

-അവർ പരസ്പരം അടക്കി ചിരിക്കും.

സ്വൽപം ധൈര്യശാലിയായ പെൺകുട്ടി കൂട്ടത്തിലുണ്ടെങ്കല്‌​‍ിൽ ദേഷ്യപ്പെട്ടു വിളിച്ചു പറയും;

- ദാ ഏട്ടൻ വരണൂ... പ്രാന്താ ഇന്നാള്‌ കിട്ടിയപോലെ അടി പാഴ്‌സലായി കിട്ടേണ്ടെങ്കിൽ എണീറ്റ്‌ പൊയ്‌ക്കോ!

-ഹും, ഓനൊന്നും ന്നെ ചെയ്യില്ല. കറുത്തൂട്ടി മുരളും.

കോലായിൽ ഉച്ചനേരത്ത്‌ ഞായം പറഞ്ഞിരിക്കുന്ന പെണ്ണുങ്ങളുടെ അടുത്ത്‌, തെരുത്തുകയറ്റിയ ഉടുമുണ്ടോടെ കറുത്തൂട്ടി നിൽക്കുന്നതുകണ്ടു ചോരതിളച്ച ഒരുത്തൻ, ഗർജ്ജിച്ചുകൊണ്ടു കറുത്തൂട്ടിയെ ചവുട്ടി താഴ്‌ത്തിട്ടു. വിറകുപുരയിൽ നിന്നു കൊളളിയൂരി വിറച്ചു നിൽക്കുന്ന അയാളുടെ കാലടിയിൽ നിന്നു പിരണ്ടെഴുന്നേറ്റ്‌ കറുത്തൂട്ടി പടിയിലേക്കോടി. ഓടുന്ന വഴിയെ, കിതപ്പോടെ അയാൾ വിളിച്ചു പറഞ്ഞു;

-പോടാ പട്ടീ!

കലിതുളളി നിൽക്കുന്ന ആണിനെ, സ്ര്തീകൾ തടഞ്ഞു,

-ഓനൊരു പ്രാന്തനല്ലേ, അറിഞ്ഞൂടെ. ഇനീങ്ക്‌ട്‌ വരിണ്ടാവില്ല്യ. പൊയ്‌ക്കോട്ടെന്നേയ്‌!

കറുത്തൂട്ടി നീരുവന്നു വീർത്ത വലിയ വൃഷണങ്ങളുടെ ഭാരം താങ്ങി കാലുകൾ അകത്തിവച്ചു പടിയും കടന്നുപോയി. പിന്നെയുളള അവസരങ്ങളിൽ പടിയ്‌ക്കൽ നിന്നായി ദർശനം.

പെണ്ണുങ്ങൾ ചിരിയടക്കിപ്പറയും; വെളളരിക്ക്യേടത്രയുണ്ട്‌!

ആരെങ്കിലും പരിതപിക്കും; ഉം പാവം അസുഖാണ്‌.

കറത്തൂട്ടി കുന്നിന്റെ മുകളിൽ നിവർന്നു നിന്നു. പട്ടികൾ! അയാൾ പിറുപിറുത്തു.

കറത്തൂട്ടി; അയാൾ ഇടവഴിയിൽ മറഞ്ഞുനിന്നു സ്ര്തീകളെ പൊത്തിപ്പിടിച്ചിട്ടുണ്ട്‌. പൂരത്തിനും പറയ്‌ക്കും തിരക്കിനിടയിൽ പരുങ്ങി നിന്നു തരംപോലെ സ്ര്തീകളുടെ മേൽ കാമക്കൂത്തു നടത്തിയിട്ടുണ്ട്‌. ഏതെങ്കിലും പെൺകിടാങ്ങളെ ഇടവഴിയിൽ തനിച്ചു കാണുമ്പോൾ മുണ്ടുപൊക്കി അശ്ലീലം കാട്ടാറുണ്ട്‌.

കറത്തൂട്ടിയെ സുധീരൻ നടുവഴിയിലിട്ടു തല്ലിചതച്ചു. അയാളുടെ പെങ്ങളോടു അസഭ്യം കാട്ടിയത്രെ. ഒടിഞ്ഞ കഴുത്തോടെ കറത്തൂട്ടി നരിമാളൻ കുന്നുവരെ ഓടി.

കുന്നിൻ മുകളിൽ നിൽക്കുമ്പോഴാണ്‌, കാറ്റ്‌ കറത്തൂട്ടിയെ തേടി മൂന്നാമതും വരുന്നത്‌. നട്ടുച്ചയ്‌ക്ക്‌ കരിമ്പാറകൾ ചുട്ടുപഴുത്തു കിടന്നു; ഞാവൽ മരങ്ങൾ ഒറ്റയ്‌ക്കൊറ്റക്കു നിന്നു വേനൽ ചൂടിൽ കരിഞ്ഞു.

കാറ്റടിച്ചു കൊണ്ടേയിരുന്നു. പഴകിയ ബ്ലാക്ക്‌ അ​‍ാന്റ്‌ വൈറ്റ്‌ ഫോട്ടോയിലെ കൃതാവു വളർത്തിയ രവി കറത്തൂട്ടിയെ നോക്കി ചിരിച്ചു.

പഴുതാരമീശയുളള രവി, നെറ്റിയിലേക്കു ഉതിർന്നു കിടക്കുന്ന നീളൻ മുടിയുളള രവി.

പൊടുന്നനെ കാറ്റാ ചിത്രവും തട്ടിയെടുത്തു പറന്നു. കാറ്റിന്റെ വഴിക്കയാൾ നോക്കിയപ്പോൾ കീഴേക്കാവിലെ പാടം കാണുകയുണ്ടായി. മകരം കൊയ്‌ത്‌ വിണ്ടുണങ്ങിയ നെൽപ്പാടങ്ങൾ. കത്തിയാളുന്ന ഭൂമി!

അയാൾ വിജൃംഭിച്ചു.

-കൂത്തച്ചി! നട്ടുച്ചയ്‌ക്കാണ്‌ ഇറങ്ങി നടക്കുന്നത്‌. കീഴേക്കാവിലെ കുരുപ്പാണ്‌. നാടുമുടിക്കും ഓള്‌.....

ചുവന്നപട്ടു ചുറ്റി, ചിലങ്ക കെട്ടി..... നിക്കെടീ അവിടെ! കറത്തൂട്ടി ചിലമ്പിച്ച ഒച്ചയിൽ വിളിച്ചുകൂവി.

കറത്തൂട്ടി കിതച്ചുകൊണ്ടു കുന്നിറങ്ങി പാടത്തേയ്‌ക്കോടി. കീഴേക്കാവിലെ പെണ്ണൊരുത്തി; സർവ്വാഭരണ വിഭൂഷിതയായിട്ടുളളവൾ, സ്തനജഘനങ്ങളുടെ ആകാരസൗകുമാര്യത്താൽ സ്വർണ്ണപ്രഭയേൽക്കാത്തവൾ, അവൾ ചുറ്റിയ പട്ടിൽ ഭൂമി രക്തശോഭ പൂണ്ടു! അവളുടെ അരയും മുലയും മറച്ചിരുന്ന കാർകൂന്തലിൽ ആകാശനീലിമ ഘനീഭവിച്ചു കിടന്നു!

കറത്തൂട്ടി നിന്നു കിതച്ചു; ചോരയുടെ വിത്തെറിയുന്നവൾ, നിന്നെ!

കറത്തൂട്ടിയുടെ കണ്ണുകൾ ചുവന്നു; കണ്ണുകളിൽ നിന്നു ചോരപൊടിയുന്നുണ്ടോ?

മീനച്ചൂടിൽ വാടാത്ത ചിരിയോടെ കീഴേക്കാവിലെ പെണ്ണ്‌ കറത്തൂട്ടിയെ കടാക്ഷിച്ചു. വെറ്റില മുറുക്കിയതവൾ ചുവപ്പിച്ചു തുപ്പി. കൈതക്കാടു ചുവന്നു; കൈതക്കാട്ടിലെ ഭൂതഗണം കൂക്കിയാർത്തു. സഖി പൊട്ടി അമർത്തി ചിരിച്ചു.

കറത്തൂട്ടി കണ്ണടച്ചുനിന്നു; കറത്തൂട്ടിയിൽ കീഴേക്കാവിലെ സ്വരൂപം പ്രസാദിച്ചു.

കണ്ണടഞ്ഞുപോകുന്നു; കാഴ്‌ച മറയും മുമ്പെ, പാടത്തിനപ്പുറം, ആലിൻ ചുവടിനുമപ്പുറം കീഴേക്കാവിൽ ഉത്സവത്തിനു കൂറയിട്ടിരിക്കുന്നതു കറത്തൂട്ടി കണ്ടു. കീഴേക്കാവിലെ പെണ്ണ്‌, മുറുക്കിചുവപ്പിച്ച പവിഴാധരങ്ങളോടെ കറത്തൂട്ടിയെ നോക്കി വീണ്ടും ചിരിച്ചു.

കാറ്റു നിന്നു. പറയെടുക്കുന്നവർ, കീഴേക്കാവിന്റെ നടയ്‌ക്കൽ പറ ചൊരിഞ്ഞു; കലാശക്കൊട്ടു കൊട്ടി.

സന്ധ്യയായി. പിന്നെ ഇരുട്ടായി.

ആ രാത്രി, കറത്തൂട്ടി കീഴേക്കാവിലെ പാടത്തിനു നടുവിൽ മരിച്ചു കിടന്നു. അയാളുടെ നീരുവന്നു വീർത്ത വൃഷണങ്ങൾക്കു ചുറ്റും കറുത്ത ചോണനുറുമ്പുകൾ പറ്റി നിന്നിരുന്നു.

പെരിങ്ങോടൻ

പി.ബി.നം. 51138 അൽ-ഖ്വോസ്‌ ഇൻഡസ്ര്ടിയൽ ഏരിയ നം.4 ദുബായ്‌ - യു.എ.ഇ. 51138
Phone: 00971 50 6808919
E-Mail: //speringz@gmail.com//e
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.