പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

അരുന്ധതി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സലോമി ജോണ്‍ വത്സന്‍

വാതില്‍ താഴിട്ടു പൂട്ടുന്നതിനു മുന്‍പ് ഒരിക്കല്‍ കൂടി അപ്പുവിന്റെ മുറിയിലേക്ക് കയറി അവന്റെ കൊച്ചു കട്ടിലിലേക്കും മേശപ്പുറത്തേക്കും കണ്ണുകള്‍ പരതി. എന്തെങ്കിലും അവന്റെതായ , മറന്നുവെക്കാന്‍ പാടില്ലാത്ത എന്തെങ്കിലും അവിടെ ഉപേക്ഷിച്ചിട്ടുണ്ടോ? ഒരു നിമിഷം മനസ്സ് ആടിയുലഞ്ഞു. നിലത്തുറച്ചു നിന്ന കാലുകള്‍ കുഴയുന്നതുപോലെ.

അവന്റെ കുഞ്ഞു മേശപ്പുറത്ത് അവശേഷിച്ചിരുന്നത് ഒന്നു മാത്രം. ആറ് വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിതം ഒരു ഉത്സവം പോലെ ജീവിച്ചിരുന്ന നാളുകളിലെപ്പോഴോ എടുത്ത അപ്പുവിന്റെ കുസൃതിച്ചിരി നിറഞ്ഞ ഒരു ചിത്രം. പതുക്കെ മേശ വലിച്ചു തുറന്നു മഷിയുണങ്ങിപ്പോയ കുറെ സ്കെച്ച് പേനകള്‍, തേഞ്ഞു തീര്‍ന്ന ക്രയോണ്‍സ് ....കുറെ സ്റ്റിക്കറുകള്‍.

‘’ അമ്മേ ഒന്നു വേഗം വരൂ..ഓട്ടോ വന്നു ‘’ ഗേറ്റിനരുകില്‍ നിന്നും അപ്പുവിന്റെ ശബ്ദം. തിടുക്കത്തില്‍ ഉമ്മറ വാതിലിലെത്തുമ്പോള്‍ അപ്പു അവന്റെ ബാഗ് വലിച്ചിഴച്ചു കൊണ്ടു ഗേറ്റിലേക്ക് ആയാസപ്പെട്ടു നടക്കുകയായിരുന്നു. ഒരു കണക്കിന് വാതില്‍ താഴിട്ടു പൂട്ടി.

ബാഗ് പൊക്കാന്‍ കഴിയാതെ അപ്പു ഓട്ടോക്കടുത്ത് കാത്തു നിന്നു. ഓട്ടോക്കാരന്‍ ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല എന്ന മട്ടില്‍ അക്ഷമയോടെ സീറ്റിലിരുന്നു. ഓടിയെത്തി ബാഗ് അപ്പുവിന്റെ കയ്യില്‍ നിന്നും വാങ്ങി. അവന്റെ വിരലുകള്‍ വല്ലാതെ ചുവന്നു തുടുത്തിരുന്നു. ഈ ഭാരം ആ കൊച്ചു വിരലുകളില്‍ എങ്ങനെ അവന്‍ താങ്ങി അവള്‍ക്ക് കരച്ചില്‍ വന്നു.

ഓട്ടോ ഒരു കുതിപ്പോടെ മുന്നോട്ടു പോകുമ്പോള്‍ അവള്‍ മോന്റെ കൈവിരലുകള്‍ തലോടിക്കൊണ്ട് വേഗതയിലൂടെ പായുന്ന കാഴ്ചകള്‍ നോക്കിയിരുന്നു. എന്തോ ഓര്‍ത്തിട്ടെന്നവണ്ണം അപ്പു ഇടക്കിടെ അമ്മയുടെ മുഖത്തേക്കു നോക്കിക്കൊണ്ടേയിരുന്നു. പതുക്കെ അവളുടെ കയ്യില്‍ നിന്നും കുട്ടി തന്റെ കൈവിരലുകള്‍ സ്വതന്ത്രമാക്കിക്കൊണ്ട് അവളുടെ മടിയില്‍ മുഖം അമര്‍ത്തി.

ഒരിക്കലും ഈ യാത്രയുടെ ലക്ഷ്യത്തെക്കുറിച്ച് അവനോട് പറഞ്ഞിട്ടില്ല. ഏതൊരു യാത്രക്കും ഒരു തുടക്കവും ഒടുക്കവും ഉണ്ട്. ഈ യാത്രയുടെ തുടക്കം ഇതാ ഇവിടെ തുടങ്ങുന്നു. സായന്തനത്തിന്റെ ഇടിഞ്ഞ ഒതുക്കു കല്ലുകളില്‍ തപ്പിത്തടഞ്ഞ രാത്രിയുടെ നിരാലംബതയിലേക്ക്. ഇനിയും പരിചിതമല്ലാത്ത ഇറക്കങ്ങള്‍, വണ്ടി നീങ്ങുകയാണ്. മൈലുകള്‍ക്കകലെയുള്ള തീവണ്ടി ആഫീസിലേക്ക് ഒരുപാട് ദൂരമുണ്ട്. ആദ്യം ബസ്സ്റ്റേഷനിലെത്തണം. അവിടെ ‍നിന്നും തീവണ്ടിയാഫീസിലേക്കും.

തികച്ചും വിജനമായ നാട്ടുവഴികളിലൂടെ ഓട്ടോ നീങ്ങി. ബസ്സ്റ്റേഷന്‍ അടുക്കാറായതിന്റെ ചില സൂചനകള്‍ അവിടവിടെ യാത്രക്കാരുടെ അനക്കങ്ങള്‍. മടിയില്‍ കിടക്കുന്ന അപ്പുവിനെ പതുക്കെ ഉണര്‍ത്തി സ്കൂള്‍ വിട്ട് വന്നതേയുണ്ടായിരുന്നുള്ളു. ഒരു അദ്ധ്യയന ദിവസത്തിന്റെ ക്ഷീണം അപ്പോഴും അവനെ വിട്ടു മാറിയിരുന്നില്ല. ''അപ്പൂ മോനേ നമുക്കിറങ്ങാറായി ...'' പതുക്കെ അവനെ ചേര്‍ത്തു പിടിച്ചു. പെട്ടന്ന് വണ്ടി ഒരു ഗട്ടറില്‍ ചാടി. വണ്ടി വെട്ടിച്ചു കൊണ്ട് ഓട്ടോക്കാരന്‍ പറഞ്ഞു ...’‘ ഇനിയും ഒരു കിലോമീറ്ററിലധികം വരും’‘

ബസ്സ്റ്റേഷനില്‍ തിരക്ക് നന്നേ കുറവായിരുന്നു.. ബഹളങ്ങള്‍‍ ഇല്ലാത്ത ഒരിടം നോക്കിയിരുന്നു. ഈ യാത്ര ഇവിടെ തീരുന്നതല്ല. ഇനിയും ഒരു മണിക്കൂറിലേറെ വേണ്ടി വരും തീവണ്ടിയാഫീസിലെത്താന്‍. ഇപ്പോഴേ അപ്പു തളര്‍ന്നിരിക്കുന്നു. ഒരു എട്ടു വയസുകാരന്റെ വളര്‍ച്ച അവനൊരിക്കലും ഇല്ല. നന്നേ മെലിഞ്ഞ കുട്ടി. ആഹാരം അവന് പഥ്യമാണ്. അവനാണ് ക്ലാസ്സിലെ 20 കുട്ടികളില്‍ ഏറ്റവും ചെറുത്. ഉയരവും തൂക്കവുമൊക്കെ അണ്ടര്‍ ആണെന്ന് മിസ് പറഞ്ഞു എന്ന് പറഞ്ഞ് സങ്കടപ്പെടും. അതിന് എന്റെ കുട്ടി മറ്റു കുട്ടികളേപ്പോലെ എന്തേ ആ‍ഹാരം കഴിക്കുന്നില്ല എന്നു ചോദിക്കുമ്പോള്‍ അവന്‍ ഭക്ഷണത്തിന് നൂറ് കുറ്റങ്ങള്‍ പറയും. കാഴ്ചയില്‍ അവന്‍ അവന്റെ അച്ഛന്റെ ഫോട്ടോകോപ്പിയാണ്.

ഒരിക്കല്‍ ഏതോ പൂര്‍വ്വജന്‍മത്തിലെന്നപോലെ സ്വന്തം ജീവിതത്തിലേക്ക് കടന്നു വന്ന ചെറുപ്പക്കാരന്‍. നഗരത്തിലെ കോള്‍സെന്റെറില്‍ , തൊട്ടടുത്ത കാബിനില്‍ ആശ്വാസമായിരുന്ന സഹപ്രവര്‍ത്തകന്‍. ഔപചാരികതയുടെ തോടുകള്‍ തകര്‍ത്തെറിയാത്ത സൗഹൃദം. ഷിഫ്റ്റുകളുടെ ഇടവേളകളില്‍ വലിയ വലിയ ചിന്തകള്‍ പങ്കു വെച്ചു. യോഗഹംസ പരമാനന്ദനും, ദ് ടിബറ്റന്‍ ബുക്ക് ഓഫ് ഡെഡും , ലിവിംഗ് വിത്ത് ദ ഹിമാലയന്‍ മാസ്റ്റേഴ്സും , അങ്ങനെ വായിച്ച പുസ്തകങ്ങളെ കീറി മുറിച്ചു സംസാരിച്ചു. സംഭാഷണങ്ങളില്‍ അറിവിന്റെ ഗംഗയായി വായനയുടെ വലിയ വാതായനങ്ങളില്‍ ലോകത്തിന്റെ അതിരുകള്‍ പരന്നു കിടന്നു. ജീവിതം ഇരതേടല്‍ മാത്രമല്ലെന്നും ഉയരങ്ങളിലേക്ക് ചിറകു വിരുത്തി പറന്ന് പറന്ന് സൂര്യ താപമേറ്റ് ഹിമപാതമേറ്റ് സ്വയം ഇല്ലാതാവേണ്ട ഒരു പ്രഹേളികയാണെന്നും പറഞ്ഞു. ആ വാക്കുകളുടെ തീക്ഷ്ണത കേള്‍ക്കുന്തോറും ആരാധനയുടെ ആരക്കാലുകള്‍ മനസ്സില്‍ ആഴ്ന്നു പതിഞ്ഞു.

ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഷിഫ്റ്റിന്റെ സമയമാറ്റത്തില്‍ പരസ്പരം കാണുവാനുള്ള അവസരങ്ങള്‍ നഷ്ടമായി. ഹോസ്റ്റലിലെ പതിവ് ഭക്ഷണം വല്ലാതെ മടുപ്പിക്കുന്നു എന്നു പറഞ്ഞ ഒരു ദിവസം ഭക്ഷണത്തിനു ക്ഷണിച്ചു. അല്‍പ്പം മടി തോന്നിയെങ്കിലും ആ ക്ഷണത്തിലെ ആത്മാര്‍ത്ഥതയില്‍ മനസ്സ് അതൊരു ആഘോഷമാക്കി. ചോദ്യങ്ങളും ഉത്തരങ്ങളും മറു ചോദ്യങ്ങളുമൊക്കെയായി സമയം പോയതറിഞ്ഞില്ല.

പിന്നീടും എപ്പോഴൊക്കെയോ ഗോപനോടൊപ്പം ഭക്ഷണശാലകളിലെത്തി. അടുപ്പത്തിന്റെ വേരുകള്‍ക്ക് ആഴം വര്‍ദ്ധിച്ചതോടെ കണ്ടുമുട്ടലുകള്‍ക്ക് താളമുണ്ടായി. കാണാത്ത നഗരവീഥികള്‍ കായല്‍ക്കരയിലൂടെയുള്ള സായാഹ്ന സഞ്ചാരങ്ങള്‍.

ഒരിക്കല്‍ പതിവുപോലെ പകല്‍ പിന്‍ വാങ്ങിത്തുടങ്ങിയ ഒരു തുലാസന്ധ്യയില്‍ മഴക്കോള്‍ കണ്ട് ധൃതി വച്ച് ഹോസ്റ്റലിലേക്ക് മടങ്ങാന്‍ തുടങ്ങുമ്പോള്‍ വളച്ചു കെട്ടുകളില്ലാതെ ഗോപന്‍ പറഞ്ഞു. ''ഈ സായാഹ്നങ്ങളിലെ യാത്രകള്‍ നമുക്കവസാനിപ്പിച്ചു കൂടെ ! ഒരുമിച്ച് ...ഒരു ജീവിതം...!''

എന്നെങ്കിലുമൊരിക്കല്‍ അയാളില്‍ നിന്ന് കേള്‍ക്കുമെന്ന് പ്രതീക്ഷിച്ച വാക്കുകള്‍ ...മനസ്സില്‍ വസന്തം നിറഞ്ഞാടി.

വീട്ടില്‍ ചെന്നു പറയാന്‍ ആരുമില്ലാത്ത ഒരുവള്‍ അച്ഛനും ഇളയമ്മയും താമസിക്കുന്ന അവിടെ നിന്നും പോരുമ്പോള്‍ ഇനിയുമൊരു മടക്കയാത്രക്കിടവരുത്തരുതേയെന്ന് മനസുരുകി പ്രാര്‍ത്ഥിച്ചിരുന്നു. സ്വന്തം ജീവിതത്തിന്റെ വിധി പത്രത്തില്‍ ചിതലരിച്ചു പോയ കുറെ നല്ല താളുകള്‍.... മറക്കണം ഒന്നും ഓര്‍ക്കരുത് . ഓര്‍ത്തു വെക്കാന്‍ നിറമുള്ളതൊന്നും ജീവിതത്തിലില്ല. ഓര്‍മ്മകള്‍ ചിതലരിച്ച മേല്‍ക്കൂര പോലെ ...സൂര്യതാപവും നിലാവിന്റെ നനുത്ത വെളിച്ചവും അസ്പഷ്ടമായെത്തുന്ന നിഴലുകളും ഇണചേരുന്ന ഓര്‍മ്മകള്‍.

‘’ അമ്മേ ദാഹിക്കുന്നു. ഇവിടെ ലൈംജൂസ് കിട്ടുമോ?’‘ മേല്‍ ചാരിയിരുന്ന അപ്പുവിന്റെ ക്ഷീണിത സ്വരം. അവന്റെ ചെറിയ ഭാരം പതുക്കെ അടര്‍ത്തി മാറ്റി എണീറ്റ് ചുറ്റിനും നോക്കി. ഒരു പെട്ടിക്കടയാണ് ആകെ അവിടെ കണ്ടത്. ‘’ ലൈം ജ്യൂസ് ഉണ്ടാവുമോയെന്നറിയില്ല കുട്ടാ.. മോന്‍ ഈ ബാഗിനടുത്തു നിന്നു പോവരുത്. ഉണ്ടെങ്കില്‍ വാങ്ങിക്കൊണ്ടു തരാം’‘ നടക്കുമ്പോള്‍ ഇടക്കിടെ തിരിഞ്ഞു നോക്കി. അപ്പു സുരക്ഷിതനാണോ? എന്തേ വേണ്ടാത്ത ചിന്തകള്‍ മാത്രം മനസിലേക്കു കടന്നു വരുന്നു. നഷ്ടപ്പെടലുകള്‍ , വിരഹം, കുറ്റപ്പെടുത്തലുകള്‍, അപമാനം, അന്യതാബോധം ... അതെ അരുന്ധതി എന്ന പെണ്ണിന് ഇതിനുമപ്പുറം ജീവിതത്തില്‍ എന്താണ് സമ്പാദ്യം? ഓരോ ഓര്‍മ്മകളും ഒരു ഇല കൊഴിഞ്ഞ മരം പോലെയാണ്. നഗ്നമാക്കപ്പെട്ട് ശുഷ്ക്കമായി അത് ഭൂമിയില്‍ നില നില്‍ക്കുന്നു . സ്വന്തം അസ്തിത്വത്തെ വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തിക്കൊണ്ട്. !

അപ്പു വല്ലാതെ തളര്‍ന്നിരിക്കുന്നു. അവനെയും കൊണ്ട് ഇനിയും ഒരു മണിക്കൂര്‍ യാത്രയുണ്ട് . പാവം കുട്ടി....അവനൊന്നുമറിയില്ല . കഴിഞ്ഞതൊന്നും . എങ്കിലും അവന്നൊന്നറിയാം അവന്റെ അച്ഛന്‍ അങ്ങ് ദൂരെ വലിയൊരു പട്ടണത്തില്‍ ജോലി ചെയ്യുകയാണ്. ലീവ് കിട്ടാത്തതുകൊണ്ട് അച്ഛന്‍ തന്നെ കാണാന്‍ വരുന്നില്ല . ഒരു കുഞ്ഞിന് വിശ്വസിക്കാന്‍ കഴിയുന്ന നുണകള്‍. പക്ഷെ ഈയിടെയായി അവന്‍ ഇടയ്ക്കൊക്കെ മൗനത്തിന്റെ പുതപ്പിനുള്ളില്‍ അസ്വസ്ഥതയോടെ ചുരുണ്ടുകൂടുന്നതു കാണാറുണ്ട്. അപ്പോഴൊക്കെ അവന്‍ ചോദിക്കുന്ന സ്ഥിരം ചോദ്യങ്ങള്‍ മന:പാഠമായിരിക്കുന്നു.

''എന്തേ അമ്മേ നമ്മുടെ വീട്ടില്‍ അച്ഛന്റെ ഒറ്റ ഫോട്ടോ പോലുമില്ലാത്തത്? നമ്മുടെ അച്ഛന്‍ വലിയ ഓഫീസറല്ലേ? അപ്പോള്‍ അച്ഛന് മൊബൈല്‍ ഫോണ്‍ ഉണ്ടാവില്ലേ? അച്ഛനെന്താ നമ്മളെ വിളിക്കാത്തത്?'' മറുപടി അമ്മയുടെ മൗനം മാത്രമായിത്തീര്‍ന്നതോടെ അപ്പു അവന്റെ ചോദ്യങ്ങളുടെ കൊച്ചുപെട്ടി താഴിട്ടു പൂട്ടി.

റയില്‍വേ സ്റ്റേഷനിലേക്കുള്ള വണ്ടി വന്നു നിന്നു. തീരെ തിരക്കില്ലാത്ത ദിവസം , ഒരു കയ്യില്‍ അപ്പുവിന്റെ കൈ പിടിച്ച് മറു തോളില്‍ വലിയ രണ്ട് ബാഗും തൂക്കി അവള്‍ ധൃതി വെച്ച് നടന്നു. ഇറങ്ങാന്‍ ആളുണ്ടായിരുന്നു. ഒ‍ടുവില്‍ കണ്ടക്ടറും ഇറങ്ങി. തിരക്കു പിടിച്ച് കയറാന്‍ നില്‍ക്കുന്നത് കണ്ട് അയാള്‍ പറഞ്ഞു '' തിരക്കു കൂട്ടണ്ട മാഡം അരമണിക്കൂര്‍ കഴിഞ്ഞേ ബസ് പുറപ്പെടൂ’‘

‘’ നമുക്ക് ഏറ്റവും മുന്‍പില്‍ ഇരിക്കാമമ്മേ ഒത്തിരി കാഴ്ചകള്‍ കാണാം’‘

‘’ശരി അപ്പൂന് ഇഷ്ടമുള്ളിടത്തിരിക്കാം’‘

ബാഗുകള്‍ താഴെ വെച്ചു. അപ്പുവിന്റെ കാലുകള്‍ നിലത്ത് എത്തുന്നില്ല. ബാഗ് നീക്കി വച്ചു ഷൂസിട്ട അവന്റെ കൊച്ചു കാല്‍ ബാഗില്‍ വിശ്രമിച്ചു.

പതുക്കെ മയങ്ങിപ്പോയ നേരം കണ്ടക്ടറുടെ നീണ്ട വിസിലടി . ഒരു കിതപ്പോടെ ബസ് കുതിച്ചു. സന്ധ്യയുടെ നേരിയ വെട്ടത്തില്‍ അപ്പു ചില്ലു ജാലകത്തിലൂടെ തെന്നി മാറുന്ന ദൃശ്യങ്ങള്‍ നോക്കിയിരുന്നു. അത് പഴയ വണ്ടിയായിരുന്നു. കിതച്ചും ഞരങ്ങിയും കയറ്റം കയറുമ്പോള്‍ പ്രാര്‍ത്ഥിച്ചു ഈശ്വരാ സമയത്തിന് എത്താന്‍ കഴിയണേ.

പകല്‍ വെളിച്ചം മങ്ങിക്കൊണ്ടിരുന്നു. ധൃതി വെച്ച് പടി കയറി വരുന്ന തപാല്‍ക്കാരനേപ്പോലെ ഇരുട്ട് പരന്നു തുടങ്ങി. അച്ഛന്‍ നമ്മളെ കാത്ത് നില്‍ക്കണുണ്ടാവുമോ? അപ്പുവിന്റെ ശബ്ദം ഏതോ നിലവറക്കുള്ളില്‍ നിന്നുള്ള പ്രകമ്പനം പോലെ . വഴി വിളക്കിന്റെ തെന്നി നീങ്ങുന്ന പ്രകാശത്തില്‍ അവന്റെ കൃഷ്ണമണികളില്‍ നനവൂറുന്ന തിളക്കം . അതെ അവന്റെ ചോദ്യങ്ങളുടെ ഉത്തരം തേടിയുള്ളതാണീ യാത്ര . അവന്റെ ഓര്‍മ്മകളില്‍ പ്രതിബിംബിക്കാത്ത അച്ഛന്‍ എന്ന വലിയ ഹീറോയെ തേടിയുള്ള യാത്ര....

വളര്‍ച്ചയില്ലാത്ത അവന്റെ ശരീരത്തില്‍ ഒരു പാട് ചിന്തിക്കുന്ന ഒരു മനസ്സ് കണ്ടു. ഒത്തിരി ഒത്തിരി ഉത്തരങ്ങള്‍ തേടിക്കൊണ്ടിരുന്ന ഒരു കുഞ്ഞു മനസ്സ്. അവന് ഗോപനെ കണ്ട ഓര്‍മ്മയില്ല. അപ്പൂന് ഓര്‍മ്മയുറക്കുമ്പോഴേക്കും ഗോപന്‍ സ്വയം പറിച്ചു നട്ടു കഴിഞ്ഞിരുന്നു . ഇന്‍ഫോസിസിലെ ജോലിയില്‍ , ശമ്പളത്തില്‍, എല്ലാം ഗോപന്‍ പതുക്കെ അസംതൃപ്തനായി തുടങ്ങിയതെന്നാണ്....ഒരു പാ‍ട് വലിയ മോഹങ്ങളുള്ള ഗോപന്റെ പുതിയ മുഖം കണ്ട് അമ്പരന്നു. ജീവിത സുഖങ്ങളും സമ്പത്തും വെറും സെക്കണ്ടറി തിംഗ്സ് എന്ന് നടപ്പാതകളിലെ കൊച്ചു കൊച്ചു സഹയാത്രകളില്‍ ഊന്നിപ്പറഞ്ഞിരുന്ന ചെറുപ്പക്കാരന്‍. വില കൂടിയ കാറുകളും വസ്ത്രങ്ങളും ആക്സസറീസും അതിലുപരി സെണ്ട്രൈലസ്ഡ് എ. സി അപ്പാര്‍ട്ടുമെന്റ്സും താന്‍ വെറുക്കുന്നുവെന്നു ആണയിട്ട് പറഞ്ഞയാള്‍ ‘’ നഗരത്തിനടുത്ത പ്രദേശത്ത് ഗ്രാമത്തിന്റെ മുഖച്ഛായ മാറാത്തൊരിടത്ത് നമുക്കൊരു വീട് വേണം കാവും, പുഴയും, നെല്‍പ്പാടവും നിറഞ്ഞ ഒരിടം ടൂ വീലറില്‍ ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ നഗരത്തിലെത്തണം നീ ഒപ്പമുണ്ടെങ്കില്‍ യാത്ര ബോറടിക്കില്ല ‘’ പ്രേമത്തിന്റെ വേലിയേറ്റത്തില്‍ അവളുടെ കണ്ണുകളിലേക്കുറ്റു നോക്കി കൊണ്ട് കടല്‍ത്തീരത്തിലെ അസ്തമയ വെളിച്ചത്തില്‍ അവള്‍ക്കഭിമുഖമായിരുന്ന് അയാള്‍ മൊഴിഞ്ഞു.

ഒരുമിച്ചു ജീവിക്കാന്‍ തീരുമാനമെടുത്തതിനു ശേഷം ഒരു ദിവസം ഒരു സര്‍പ്രൈസ് കാട്ടാമെന്ന് പറഞ്ഞ് വിളിച്ചു. ഗോപന്‍ പറഞ്ഞ പോലെ ഒരു വീട്. ഉടമസ്ഥന്‍ ഡല്‍ഹിയിലാണ്. ഇവിടേക്കു വരാന്‍ താത്പര്യമില്ലാത്ത ഒരു കുടുംബം. അയാള്‍ക്ക് വാടകക്കു നല്‍കാന്‍ താത്പര്യമില്ല. വിലയുടെ മൂന്നിലൊന്നു അഡ്വാന്‍സ് നല്‍കിയാല്‍ മതി. ബാക്കി നാലോ അഞ്ചോ വര്‍ഷം കൊണ്ടു കൊടുത്തു തീര്‍ക്കാം.

‘’ നിനക്ക് ഇഷ്ടപ്പെട്ടോ? ഇല്ലെങ്കില്‍ വേറെ നോക്കാം’‘ ‘’ ഇഷ്ടപ്പെട്ടു പക്ഷെ ഇത്രയും വലിയ തുക? ‘’ കുറച്ച് പണം എന്റെ കയ്യിലുണ്ട് . അച്ഛനോട് ഒന്നു സഹായിക്കാന്‍ പറഞ്ഞുകൂടെ ’‘ഓ.....അത് വേണ്ട അച്ഛന്‍ എനിക്കായി കരുതി വെച്ചിരിക്കുന്ന അമ്മയുടെ കുറച്ച് സ്വര്‍ണ്ണമുണ്ട് ഞാനത് ചോദിക്കാം’‘ ഒരു അവധി ദിവസം നോക്കി നാട്ടില്‍ ചെന്ന് അച്ഛനോട് സ്വര്‍ണ്ണം വാങ്ങി. എതിര്‍പ്പൊന്നും പറഞ്ഞില്ല എന്തോ ഓര്‍ത്തിട്ടെന്നവണ്ണം പറഞ്ഞു ‘’ നമുക്ക് അമ്മയുടെതെന്ന് പറയാന്‍ ഇത് മാത്രമേയുള്ളു . കുട്ടീ നീയിത് സൂക്ഷിക്കില്ലേ?’‘ ശബ്ദം പതറിയ പോലെ ...അലമാരി അടച്ച് തിരിയുമ്പോള്‍ മുണ്ടിന്റെ കോന്തലയില്‍ അച്ഛന്‍ മുഖം അമര്‍ത്തുന്നു.

ഒരു യാത്ര പറച്ചിലിന്റെ കൊട്ടിഘോഷങ്ങളില്ലാതെ പടിയിറങ്ങി. തിരിഞ്ഞു നോക്കിയില്ല. മനസ്സ് ശൂന്യമായിരുന്നു. അനുഗ്രഹങ്ങളും ആര്‍പ്പുവിളികളുമില്ലാതെ അരുന്ധതി പടിയിറങ്ങി.

ഇന്ന് നീണ്ട ഏഴ് വര്‍ഷങ്ങള്‍ കൊഴിഞ്ഞിരിക്കുന്നു. അരുന്ധതി ജീവിച്ചിരിക്കുന്നു. ജീവിക്കുവാന്‍ വേണ്ടി മാത്രം. വലിയ വലിയ തത്വശാസ്ത്രങ്ങളില്‍ ജീവിതത്തിന്റെ അര്‍ത്ഥതലങ്ങള്‍ കാട്ടി തന്നിരുന്നയാള്‍ വിവാഹ ചടങ്ങുകള്‍ അതിലെ അര്‍ത്ഥശൂന്യത, വാതോരാതെ പറഞ്ഞിരുന്നു . ഒരാണിനും പെണ്ണിനും ജീവിക്കുവാന്‍ മഴയും വെയിലുമേല്‍ക്കാത്ത ഒരു മേല്‍ക്കൂര മാത്രം മതിയെന്ന് ഉദ്ഘോഷിച്ചു. ഗോപന്റെ വാക്കുകളുടെ തീക്ഷ്ണമായ ശക്തിയില്‍ വേറിട്ടൊരു പ്രപഞ്ചം കണ്ടു. ‘’ നമുക്ക് സൗകര്യമുള്ള ഒരു ദിവസം വീടിന്റെ പ്രമാണം എഴുതണം. ഈ വിലയ്ക്ക് ഒരിക്കലും പഴയതെങ്കിലും ഇത്ര നല്ല ഒരു വീടും പുരയിടവും കിട്ടില്ല. ഈ വര്‍ഷം തീരാന്‍ ഇനി ഇരുപതു ദിവസം ബാക്കി നമുക്ക് പുതിയ വര്‍ഷം ജനുവരി ഒന്നിന് താമസം തുടങ്ങാം’‘ ‘’ അമ്പലത്തില്‍ പോയി താലി ചാര്‍ത്തിയാലോ?’‘ ‘’ ഹംബഗ്... നമ്മള്‍ കാണുന്ന ഓരോ പുരുഷനും സ്ത്രീയും അവരുടേതായ മതാചാരപ്രകാരം ഓരോ ചടങ്ങുകളില്‍ ആണിനേയും പെണ്ണിനേയും തളച്ചിട്ടവരാണ്. നിനക്കറിയില്ലേ ? വര്‍ദ്ധിച്ചു വരുന്ന വിവാഹമോചനങ്ങളുടെ കണക്ക് കുടുംബ കോടതിയുടെ വരാന്തകളിലെ തിരക്ക് കണ്ടുകൊണ്ടല്ലേ നമ്മള്‍ എന്നും ജോലി സ്ഥലത്തേക്ക് പോകുന്നത്? ഹൃദയത്തെ അദൃശ്യമായ സ്നേഹത്തിന്റെ ജീനുകള്‍ കൊണ്ടാണ് ബന്ധിപ്പിക്കേണ്ടത്. താലിയുടെ മഹത്വം ! നീ ഇതിലൊക്കെ വിശ്വസിക്കണുണ്ടോ?

സ്വയം ചെറുതാകുന്നതുപോലെ തോന്നി. സ്വന്തം കാഴ്ചപ്പാടുകള്‍ക്ക് ആഴവും പരപ്പും പോരാത്ത പോലെ . ഗോപന്റെ ആകാശം പരന്നു കിടക്കുന്ന ചിന്തകള്‍ക്ക് കീഴില്‍ ഒരിടത്തിനു വേണ്ടി പരതി സ്വയം ലജ്ജിതയായി . എത്ര പ്രിമിറ്റീവ് ആയിട്ടാണ് താനിന്നും ചിന്തിക്കുന്നത്. ഈ ചെറുപ്പക്കാ‍രന്റെ അറിവിനു മുന്നില്‍ അരുന്ധതിയുടെ ആശയങ്ങള്‍ വഴിയടഞ്ഞു നില്‍ക്കുന്നു. പഴയ കാല്‍പ്പനികതകളില്‍ നിന്ന് പ്രേമത്തെ, ഹൃദയത്തെ ഇളക്കി മറിച്ച് ഉഴേണ്ടിയിരിക്കുന്നു.

അതെ , ജീവിതം തുടങ്ങാന്‍ ഒരു മേല്‍ക്കൂരയും അതിനു കീഴില്‍ ഒരാണും പെണ്ണും ഗോപന്‍ എന്ന സോഫ്റ്റ്വെയര്‍ എഞ്ചിനീയറും അരുന്ധതിയെന്ന സോഫ്റ്റ്വെയര്‍ എഞ്ചിനീയറും ഇണ ചേര്‍ന്നും രമിച്ചും പിണങ്ങിയും വീണ്ടുമിണങ്ങിയും ജീവിതം കൊണ്ടാടിയ നാനൂറോളം ദിനരാത്രങ്ങള്‍

അപ്പുവിന്റെ ജനനം ഉറപ്പാക്കിയ ഒരു മധ്യാഹ്നത്തില്‍ ജീവിതത്തിന്റെ അര്‍ത്ഥശൂന്യതയെക്കുറിച്ച് ഗോപന്‍ വാതോരാതെ പറഞ്ഞു . ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങള്‍ എന്നു പറയുമെന്നോര്‍ത്ത് ഹൃദയം പൂത്തുലഞ്ഞ നേരം. എന്തേ ഗോപന്റെ മനസ്സ് അസ്വസ്ഥമാവുന്നു. ഒരു കുഞ്ഞിനെ മോഹിച്ചിരുന്നില്ലേ? അടക്കി നിര്‍ത്താനാവാത്ത സന്ദേഹത്തില്‍ വാക്കുകള്‍ ചോദ്യമുനകളായി.

‘’ യൂ...സില്ലി ..ഗൂസ് ഒരിക്കലും നീ അങ്ങനെ സംശയിക്കരുത്. ഇത് നമ്മുടെ സ്വപ്നമാണ്. ഭൂമിയിലെ എല്ലാ നിറങ്ങളും ചാലിച്ച സ്വപ്നം.'' ഗോപന്‍ അങ്ങനെ ഉറപ്പിച്ചു പറഞ്ഞിട്ടും മനസ്സില്‍ എവിടേയോ ഒരു ചില്ലു ജാലകം പൊട്ടിച്ചിതറി. സംശയത്തിന്റെ വെയില്‍ നാളങ്ങള്‍ നൂറ് നാവുകളോടെ മനസ്സിലിഴഞ്ഞു. എന്തോ , ഗോപന്‍ അസ്വസ്ഥനാകുന്നു . ഇത്ര പെട്ടന്ന് തങ്ങള്‍ക്കിടയില്‍ മൂന്നാമതൊരാള്‍ വരരുതായിരുന്നോ?

അപ്പുവിന്റെ ജനനം. അവനെ നോക്കാന്‍ നല്ലൊരു സമയം ഗോപന്‍ ചിലവഴിച്ചു. ഓഫീസില്‍ നിന്നും ഒരു നിമിഷം പോലും വൈകാതെ വീട്ടില്‍ എത്തിയിരുന്ന നാളുകള്‍. അവന്റെ കളിയിലും ചിരിയിലും മണിക്കൂറുകളോളം സ്വയം മറന്നിരുന്ന കാലം.

അതൊരു മഴക്കാലമായിരുന്നു. അപ്പുവിന്റെ ഒന്നാം പിറന്നാള്‍ കഴിഞ്ഞതിന്റെ പിറ്റേന്ന് തുലാവര്‍ഷം തിമിര്‍ത്തു പെയ്തു. ഇടിയും മിന്നലും മഴയും. ഗോപന് നൈറ്റ് ഷിഫ്റ്റായിരുന്നു. അടുത്തെങ്ങും ഒരു കുഞ്ഞുപോലുമില്ല. അടുത്തുള്ള വീടിന്റെ അകലം വിളിപ്പാടുമകലെ... കറന്റു പോയി. ഇടിവെട്ട് കേട്ട് കുഞ്ഞ് വാവിട്ടു കരഞ്ഞു. മഴ ആര്‍ത്തലക്കുകയാണ് . ഗോപനെ ഫോണ്‍ ചെയ്തു. പരിധിക്കു പുറത്ത്. മഴ പെയ്തുകൊണ്ടേയിരുന്നു തോരാതെ .....എന്നും വെളുപ്പിന് അഞ്ചു മണിക്ക് നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞെത്തിയിരുന്ന ഗോപന്‍ അന്ന് പുലര്‍ന്നിട്ടും വന്നില്ല. രാവേറെയായിട്ടും. പിന്നെ ഒരിക്കലും അയാളെ അവള്‍ കണ്ടില്ല. അയാളുടേതായ എല്ലാം അവരുടെ മുറിയില്‍ അനാഥമായി കിടന്നു.

ഓഫീസിലും അറിയുന്ന സ്നേഹിതരേയും നാണക്കേടിന്റെ തിരശ്ശീലക്ക് പിന്നില്‍ നിന്നു വിളിച്ചു ചോദിച്ചു. നിങ്ങള്‍ എന്റെ ഗോപനെ കണ്ടോ ? നിങ്ങളാരെങ്കിലും ഒന്നു പറയൂ... ഞങ്ങള്‍ തമ്മില്‍ പൊരുത്തക്കേടുകളുടെ കൊടുങ്കാറ്റുകള്‍ ഉണ്ടാ‍യിരുന്നില്ല ഏതൊരു ബന്ധത്തിലുമെന്ന പോലെ കൊച്ചു കൊച്ചു പിണക്കങ്ങള്‍ അഭിപ്രായഭിന്നതകള്‍ എന്നിട്ടും എന്തേ ഒരു സൂചന പോലും സംശയത്തിന്റെ ഒരു നൂലിഴ പോലും ബാക്കി വെക്കാതെ ഗോപന്‍ തിരോധാനം ചെയ്തു. ഓഫീസില്‍ നിന്നും അറിഞ്ഞു ജോലി രാജി വെച്ചിരിക്കുന്നു. മറ്റാരോ പറഞ്ഞു; ഗോപന്‍ കല്‍ക്കട്ടയില്‍ എവിടെയോ ആണ്. ഒരു ഐ. ടി കമ്പനിയില്‍ ട്രൈ ചെയ്തിരുന്നു. വേണ്ട... ഇനി ഒന്നും ആരും പറയരുത്. ഒന്നും കേള്‍ക്കരുത്. അരുന്ധതിയുടെ ലോകം ചെറുതായി ചെറുതായി മുരടിച്ചു തുടങ്ങിയിരിക്കുന്നു.

മൊബൈല്‍ റിംഗ് ചെയ്യുമ്പോഴൊക്കെ ഹൃദയം തുടിച്ചു. പക്ഷെ ഒന്നും സംഭവിച്ചില്ല. ഏകാന്തതയുടെ വിശാലമായ ആഴിപ്പരപ്പില്‍ അലഞ്ഞു നടന്നു. ഒറ്റപ്പെടലിന്റെ നോവുകാലങ്ങള്‍‍ മറവിയുടെ ആമാടപ്പെട്ടിയില്‍ അടച്ചു പൂട്ടി. അരുന്ധതി ഇനിയും മരിച്ചിട്ടില്ല. അരുന്ധതിയുടെ ജന്മം അപ്പുവിന്റെ ഭാഗധേയത്തോട് ഇഴ ചേര്‍ത്തു വച്ചിരിക്കുന്നു. അപ്പൂന് ഇനി അമ്മ മാത്രം.

നഗരത്തിലെ ഡേ കെയറില്‍ അവന്റെ പകലുകള്‍ ഇറുന്നു വീണു. സായന്തനങ്ങളില്‍ അവള്‍ തങ്ങളുടെ പതിവ് നടപ്പാതകളിലൂടെ നടന്നു. അയാള്‍ അവിടെയെങ്ങാനും തന്നെ കാത്തുനില്‍ക്കുമെങ്കില്‍...

നിഴലും നിലാവും ഇരുട്ടും അവള്‍ ഭയന്നു. അപ്പുവിന്റെ കൊച്ചു ഹൃദയത്തിന്റെ താളം കേട്ട് രാവുകളേറെയും ഉണര്‍ന്നു കിടന്നു. ഗോപന്‍ വാതിലില്‍ മുട്ടിയോ? സാക്ഷ മാറ്റി ചാ‍രിയിട്ട വാതിലിന്റെ ഞരക്കങ്ങള്‍‍ക്കായി രാത്രികളില്‍ ഈറന്‍ നെഞ്ചുമായി കാത്തു കിടന്നു. വന്നില്ല ഒരിക്കലും. മരപ്പട്ടിയും വവ്വാലും രാപ്പക്ഷികളും കതകില്‍ തട്ടി കടന്നു പോയ രാവുകള്‍. വരുമെന്ന് കരുതി കാത്തിരുന്നയാള്‍ മാത്രം എവിടേക്കോ....

ഒടുവില്‍ വേര്‍പാടിന്റെ വേദനകള്‍ ശീലങ്ങളായി. കാലം അങ്ങിനെയാണ് എന്തിനോടും ചേര്‍ന്നു പോകാന്‍ മനുഷ്യനെ പഠിപ്പിക്കും. ഓര്‍മ്മകള്‍ നിശ്വാസങ്ങളുടെ നിഴലായി. ജീവിതം അവസാനിക്കാത്ത നൊമ്പരങ്ങളുടെ തീര്‍ത്ഥയാത്രയായി. കണ്ണീര്‍പ്പൂക്കള്‍ കൊഴിഞ്ഞു വീണ രാപ്പകലുകള്‍ പതുക്കെ വഴിമാറി.

അപ്പുവിന്റെ കൊഞ്ചലും നിലവിളികളും ഏകാന്തതയുടെ നിശ്ശബ്ദതയ്ക്ക് താളമേകി. ജോലിയും അപ്പൂനെ വളര്‍ത്തലുമായി കാലം ഒഴുകി നീങ്ങി. അങ്ങനെ നീണ്ട ഏഴ് വര്‍ഷങ്ങള്‍...ഒടുവില്‍ മൂന്ന് ദിവസം മുന്‍പ് മൊബൈലില്‍ കണ്ട അപരിചിതമായ ഒരു നമ്പര്‍.... നാല് മിസ്ഡ് കോള്‍.‍ ജോലി സമയത്തായിരുന്നതിനാല്‍ ഫോണ്‍ സൈലന്റ് മോഡിലായിരുന്നു. പതിവുപോലെ കിടക്കും മുമ്പ് ഫോണെടുത്തു നോക്കി. മനസ്സൊന്നു പിടഞ്ഞു സൗഹൃദങ്ങളില്ല ബന്ധുക്കളില്ല പരിചയക്കാരാരും തീരെയില്ല. പാല്‍ക്കാരനും പത്രക്കാരനും ഗ്യാസ്കാരനും പടികയറുന്ന വീട്... ബന്ധങ്ങള്‍ എന്നും ഭാരങ്ങളായി തോന്നിയിരുന്നു . അതുകൊണ്ടുതന്നെ ആരോടും ഏറെ അടുത്തില്ല. അകലങ്ങളുടെ അദൃശ്യതകൊണ്ട് മതിലുകള്‍ തീര്‍ത്തു. ഒറ്റപ്പെടണമെന്ന് മോഹിച്ചിരുന്നില്ല. മുറിവേല്‍പ്പിക്കാന്‍ മാത്രം പോന്ന സൗഹൃദങ്ങള്‍. ബന്ധുക്കള്‍...അവരില്‍ നിന്നു അകലങ്ങളുടെ തുരുത്തിലേക്ക് യാ‍ത്രയായി.

ആരായിരിക്കും സന്ധ്യയോടടുത്ത് ഫോണില്‍ വിളിച്ചത്. അപ്പുവിനെ ഉറക്കികിടത്തിയിട്ട് ഫോണെടുത്തു. അങ്ങേത്തലക്കല്‍ നിന്നും പരിചിതമായ ശബ്ദം ...’‘ അരുന്ധതി...ഗോപനാണ് ..’‘ നെഞ്ചിന്നകത്ത് ആരോ ഒരു വലിയ ഐസ് ബ്ലോക്ക് കൊണ്ടിട്ട പോലെ ...നാവ് വരണ്ടു. മറുപടിക്കായി മനസ്സില്‍ വാക്കുകളില്ലാത്ത അവസ്ഥ...അരുന്ധതി ...കേള്‍ക്കുന്നുണ്ടോ മറ്റന്നാള്‍ ഞാന്‍ നാട്ടിലേക്കു വരുന്നുണ്ട്. നീ മോനുമായി റെയില്‍ വേ സ്റ്റേഷനില്‍ വരണം 7.30 ന് ബൊക്കാറോ എക്സ്പ്രസ്സില്‍ ഞാനവിടെയെത്തും. പത്ത് മിനിറ്റിലേറെ വണ്ടി അവിടെ കിടക്കില്ല. ഒരു യാത്രക്കുള്ള ഒരുക്കത്തൊടെ വരൂ'' എന്തെങ്കിലും പറയും മുന്‍പേ അപ്പുറത്തെ ശബ്ദം നിലച്ചു. തിരികെ വിളിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം പരിധിക്കു പുറത്ത് എന്ന സുന്ദരമായ പ്രതികരണം.

ആരോടും ഒന്നും പറഞ്ഞില്ല. പങ്കുവയ്ക്കാന്‍ ഹൃദയത്തോടടുത്ത് അപ്പുവല്ലാതെ അരുന്ധതിക്കാരുമില്ല. അച്ഛന്‍ പോലും അകലങ്ങളിലെ ഓര്‍മ്മ മാത്രമായിരിക്കുന്നു.

‘’അമ്മേ വിശക്കുന്നു...’‘ അപ്പുവിന്റെ നേര്‍ത്ത ശബ്ദം വര്‍ത്തമാനകാലത്തിലേക്ക് തൊട്ടുണര്‍ത്തി ‘’ ബിസ്ക്കറ്റ് തരട്ടെ മോന് , ഇഷ്ടപ്പെട്ട ഹൈഡ് ആന്റ് സീക്ക് ബിസ്ക്കറ്റുണ്ട്’‘ അപ്പു സമ്മതഭാവത്തില്‍ തലയാട്ടി. ബാഗ് തുറക്കുന്നതിനിടയില്‍ കുട്ടി ചോദിച്ചു. ‘’ ഇനിയും കുറെ നേരം വേണോ അച്ഛന്റെയടുത്തെത്താന്‍?’‘ അവന്റെ സ്വരം ക്ഷീണിതമായിരുന്നു ‘’ ഇത്തിരി ദൂരമേയുള്ളു നമ്മള്‍ ഉടനെയെത്തും’‘

പതിവിലും ഉത്സാഹത്തോടെ അപ്പു ബിസ്ക്കറ്റ് പാക്കറ്റ് പൊട്ടിച്ച് അമ്മക്ക് നേരെ നീട്ടി. അവള്‍ വേണ്ടെന്നു തലയാട്ടിയെങ്കിലും കുട്ടി അത് കണാത്ത ഭാവത്തില്‍ അവളുടെ വായിലേക്ക് ഒരു ബിസ്ക്കറ്റ് തിരുകി.

റെയില്‍വേ സ്റ്റേഷനടുത്ത് ബസ് നില്‍ക്കുമ്പോള്‍ 7 കഴിഞ്ഞിരുന്നു. നടക്കാവുന്ന ദൂരമേയുള്ളു. എങ്കിലും ഒരോട്ടോ എടുത്തു . ഒരു കാരണവശാലും വൈകരുത്. വൈകിയെത്തുന്ന വണ്ടികളും , മനുഷ്യരും ജീവിതത്തിന്റെ താളം നഷ്ടപ്പെടുത്തുന്നു. എവിടെയൊക്കെയോ നമ്മള്‍ വഴിയറിയാ‍തെ , ചിലപ്പോള്‍ വഴി അറിഞ്ഞിട്ടു പോലും ഉപ്പു തൂണു പോലെ തരിച്ചു നില്‍ക്കുന്നു.

ആളനക്കങ്ങളില്ലാത്ത പ്ലാറ്റ് ഫോമില്‍ കയറാനും ഇറങ്ങാനും യാത്രക്കാര്‍ വിരളമായി മാത്രം എത്തുന്ന ഒരു സ്റ്റേഷന്‍. വണ്ടിയെത്താറാകുന്നതേയുള്ളു. അപ്പുവിന്റെ കൈ പിടിച്ച് ഭാരിച്ച ബാഗുകളുമാ‍യി..പ്ലാറ്റ് ഫോമിന്റെ മധ്യഭാഗം നോക്കി നിന്നു. ഈ ഭാരം താങ്ങി ഏറെ ദൂരം ഓടാന്‍ വയ്യ. ഏത് പ്ലാറ്റ്ഫോമിലാകും വണ്ടി നില്‍ക്കുക. എന്തുമാകട്ടെ അവളുടെ മനസ്സു മുഴുവന്‍ അസന്നിഗ്ധവും അപൂര്‍വവുമായ ഒരു സമാഗമത്തിന്റെ തിരയിളക്കങ്ങളായിരുന്നു.

പ്ലാറ്റ്ഫോമിലെ വിളക്കുകള്‍ എല്ലാം പ്രകാശിതമായിരുന്നില്ല. രണ്ടോ മൂന്നോ ബള്‍ബുകള്‍ മാത്രം കത്തി നിന്നു. ഭീതിതമായ ഒരന്തരീക്ഷം. ദൂരെ രാപ്പക്ഷികള്‍ കലപില കൂട്ടുന്ന ശബ്ദം. എവിടെ നിന്നോ നായ്ക്കള്‍ ഓരിയിടുന്നു.

വണ്ടി വരുന്നുണ്ടോ...ദൂരെ നിന്നും പ്രകാശത്തിന്റെ ഒരു ചെറിയ വലയം. അകലങ്ങളിലെ നായക്കളുടെ ഓരിയിടലിനൊപ്പം അടുത്തു വരുന്ന വണ്ടിയുടെ ശബ്ദം.

ആടിയുലഞ്ഞ് ഇളകി മറിഞ്ഞ് കാതടപ്പിക്കുന്ന ശബ്ദത്തോടെ വണ്ടി പ്ലാറ്റ് ഫോമില്‍ ഇഴഞ്ഞിഴഞ്ഞ് നിന്നു . ഫസ്റ്റ് ക്ലാസ്സ് കമ്പാര്‍ട്ട് മെന്റിന്റെ വാതിലിനരുകില്‍ പരിചിതമായ ആ മുഖം . ഗോപന്‍. പ്ലാറ്റ്ഫോമിലെ അരണ്ട വെട്ടത്തില്‍ അവളുടെ ഹൃദയത്തില്‍ , മായ്ച്ചിട്ടും മായ്ക്കാന്‍ കഴിയാതെ പതിഞ്ഞിരുന്ന അയാളുടെ മുഖം കണ്ടു. അയാള്‍ ഇറങ്ങി വരുമെന്നു കരുതി നോക്കി നില്‍ക്കെ ..അവളെ മാടി വിളിച്ചു. ഭാരിച്ച ബാഗുകളും തൂക്കി അവള്‍ നടന്നു. അയാളുടെ കണ്ണുകള്‍ അപ്പോഴേക്കും അപ്പുവിനെ തലോടുകയായിരുന്നു. അടുത്തെത്തിയപ്പോഴേക്കും അവള്‍ക്ക് അകത്തേക്കു കടക്കാന്‍ വിധം വാതില്‍ക്കല്‍ ഒഴിഞ്ഞൂ നിന്നു. അരുന്ധതീ എന്നു വിളിച്ച് അവളേയും കുഞ്ഞിനേയും ചേര്‍ത്തു പിടിക്കുന്ന നിമിഷം നഷ്ടമാകുന്നതവളറിഞ്ഞു.

കുഞ്ഞിന്റെ കൈപിടിച്ച് അയാള്‍ അകത്തേക്ക് കയറ്റി. അയാള്‍ അപ്പുവിന്റെ കൈപിടിച്ച് കൊണ്ടു പറഞ്ഞു. അവന്റെ ബാഗ് ...? അവള്‍ ആശ്വാസത്തോടെ ബാഗ് നീട്ടി.

അപ്പുവിന്റെ മുഖം നിര്‍ജ്ജീവമായിരുന്നു. അവന്‍ ചിരിച്ചില്ല. കരഞ്ഞതുമില്ല. ഒരു പാവയേപ്പോലെ അയാളുടെ കൈകള്‍‍ക്കുള്ളില്‍ വിരലുകള്‍ തിരുകിക്കൊണ്ട് മുന്നിലേക്ക് നീങ്ങി. തൊട്ടടുത്ത കമ്പാര്‍ട്ടുമെന്റിലേക്കു നീങ്ങുമ്പോള്‍ അയാള്‍ പറഞ്ഞു.'' ഇവിടെ വണ്ടി ഏറെ നേരം കിടക്കില്ല...ഏറിയാ‍ല്‍ അഞ്ചു നിമിഷം കൂടി''.

തന്റെ ബാഗിന് അയാള്‍ കൈനീട്ടുന്ന നിമിഷത്തിനായി അവള്‍ കാത്തു. കമ്പാര്‍ട്ടുമെന്റിലെ തണുപ്പ് അപ്പു എങ്ങിനെ താങ്ങുമെന്ന് അവള്‍ ഭയന്നു. ‘’ അപ്പൂന്റെ സ്വറ്റര്‍ ആ ബാഗിലുണ്ട് തണുപ്പടിച്ചാല്‍ അവന് പനി വരും’‘ അയാള്‍ അവന്റെ ബാഗ് തുറക്കാന്‍ തുടങ്ങും മുന്‍പ് ജാലകത്തിനരുകിലിരുന്ന പെണ്‍കുട്ടിയുടെ അരികിലേക്ക് അപ്പുവിനെ കയറ്റിയിരുത്തി. പെണ്‍കുട്ടി ഹിന്ദിയില്‍ എന്തോ ഗോപനോടു ചോദിച്ചു. അയാള്‍ മറുപടി പറയാതെ അപ്പൂന്റെ സ്വറ്റെര്‍ പരതുകയായിരുന്നു.

കാബിനിലെ നീല വെളിച്ചത്തില്‍ ജാലകത്തിനരുകിലിരുന്ന പെണ്‍കുട്ടിയുടെ മൂക്കുത്തി തിളങ്ങി. ഒരു ഞെട്ടലോടെ അവളെ നോക്കുമ്പോള്‍ കഴുത്തിലെ മഞ്ഞച്ചരടില്‍ കോര്‍ത്ത താ‍ലിയില്‍ തെരുപ്പിടിച്ചുകൊണ്ട് അവള്‍ പതുക്കെ പാടുകയായിരുന്നു ‘’ കഭി അല്‍വിദാ നകഹ് നാ..’‘

''അമ്മേ ..വാ ഇവിടെ എന്റെയടുത്തിരിക്ക്..'' അപ്പു സീറ്റില്‍ നിന്നും ചാടിയിറങ്ങുമ്പോള്‍‍ ഗോപന്‍ അവനെ ബലമായി പിടിച്ചിരുത്തി.

ക്ഷണിക്കപ്പെടാത്ത അതിഥിയേപ്പോലെ തന്റെ ഭാരിച്ച ബാഗും തൂക്കി അവള്‍ നിന്നു. അവര്‍ക്കിടയില്‍ ഒരിടം തേടി അവളുടെ കണ്ണുകള്‍‍ ഉഴറി. ആരും അവള്‍ക്ക് ഒരിടം ഒരുക്കിയില്ല. അപ്പു ഒഴികെ. ‘’ വണ്ടി ഇപ്പോള്‍ പുറപ്പെടും ഇവിടെ കയറാനും ഇറങ്ങാനും അങ്ങനെ ആരും ഉണ്ടാവാറില്ല അരുന്ധതി പെട്ടന്നിറങ്ങിക്കോളൂ’‘ ഏതോ മഞ്ഞു പൊതിഞ്ഞ ഗുഹാമുഖത്തു നിന്നും തണുത്തുറഞ്ഞ അസ്ത്രം പോലെ ഗോപന്റെ ശബ്ദം

പുറം തിരിഞ്ഞു വാതില്‍ക്കലേക്കു നടക്കുമ്പോള്‍‍ മുന്നറ്റത്തു നിന്നും ഇരുട്ടിലൂടെ തുളച്ചു കയറുന്ന തീവണ്ടിയുടെ ചൂളം വിളി. ആ ശബ്ദത്തിന്റെ നെഞ്ചിലൂടെ അപ്പുവിന്റെ തേങ്ങല്‍ നിറഞ്ഞ വിളി ...അമ്മേ.. തിടുക്കത്തില്‍ പിന്‍ വിളി കേട്ടിടത്തേക്ക് നോക്കി. തന്റെ കൈകള്‍‍ നീട്ടി സീറ്റില്‍ നിന്നും ചാടിയിറങ്ങാന്‍ ശ്രമിക്കുന്ന അപ്പുവിനെ അവിടെ പിടിച്ചിരുത്താന്‍ ശ്രമിക്കുന്ന ബലിഷ്ടമായ കൈകള്‍.‍

ഇല്ല ... ഒന്നും സംഭവിച്ചിട്ടില്ല. അവന്‍ എന്റെ കുട്ടി സുരക്ഷിതന്‍. അവന്റെ ലോകം ഇവിടെ അവസാനിച്ചു കൊണ്ട് ഇവിടെ നിന്ന് വീണ്ടും തുടങ്ങുന്നു. അപ്പു എത്തേണ്ടിടത്തെത്തിയിരിക്കുന്നു. ഒരു സത്രം സൂക്ഷിപ്പുകാരന്റെ സ്വത്വമില്ലാത്ത ശരീരം പോലെ അരുന്ധതി വഴിയിടങ്ങള്‍ തേടുന്നു.

ഡോറിലെത്തുമ്പോഴേക്കും കാല്‍ച്ചുവട്ടില്‍ ഭൂമി ഇളകുന്നതു പോലെ.... അതെ... തീവണ്ടി അതിന്റെ ലക്ഷ്യത്തിലേക്ക്.... ഇരുട്ടില്‍ നീണ്ടു കിടക്കുന്ന നിഴലും വെളിച്ചവും ഇണ ചേര്‍ന്ന പാതയിലൂടെ വണ്ടി താനറിയാത്ത ഏതോ ദൂരങ്ങളിലേക്ക് വണ്ടി ഇളകിയാടി കുതിക്കും മുന്‍പ് അവള്‍ താഴേക്ക് ഊര്‍ന്നിറങ്ങി . പൂര്‍വാധികം ശക്തിയോടെ വണ്ടി ഇളകി നീങ്ങി. തോളില്‍ ഒര‍പമാന ഭാരം പോലെ തൂങ്ങിക്കിടക്കുന്ന ബാഗ്. വണ്ടി കിതച്ചു പാഞ്ഞ് നീങ്ങിയകലുന്നു. ചക്രങ്ങളുടെ സീല്‍ക്കാരങ്ങള്‍‍ നേര്‍ത്ത ഞരക്കങ്ങളായി.

ശൂന്യമായ ഇരുട്ടിലേക്ക്... നിഴല്‍ വീണു കിടക്കുന്ന പ്ലാറ്റ്ഫോമിലേക്ക് അരുന്ധതിയെന്ന ആരുമില്ലാത്തവള്‍ നിരങ്ങി നീങ്ങി. അപ്പോള്‍ അങ്ങകലെ കേട്ട നായ്ക്കളുടെ നിലക്കാത്ത ഓരിയിടല്‍ അടുത്തടുത്തു വരുന്നതുപോലെ.... അതിനുമപ്പുറത്ത് അപ്പുവിന്റെ അകന്നു പോകുന്ന തേങ്ങലുകള്‍.‍ ഗോപന്‍ ഇപ്പോഴവനെ മാറോട് ചേര്‍ത്തു പിടിച്ചിരുന്നെങ്കില്‍.... അമ്മയുടെ നെഞ്ചിലെ സങ്കടച്ചൂളയില്‍ അവന്റെ കുഞ്ഞു മനസ്സ് കരിയാതിരിക്കട്ടെ.... തുലാമഴയിലൂടെ ആര്‍ത്തലക്കുന്ന കാറ്റില്‍ അവള്‍‍ ആടിയുലഞ്ഞു. കാറ്റടിച്ചപ്പോള്‍‍ അണഞ്ഞു പോയ വൈദ്യുത ദീപങ്ങള്‍‍.... ഇരുട്ടിന്റെ നിലവറയില്‍ അവള്‍‍ മാത്രം.

mob : 9388596994

സലോമി ജോണ്‍ വത്സന്‍




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.