പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

യജ്ഞോപവീതം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ആർ.വി. രാമഭദ്രൻ തമ്പുരാൻ

“.......ഓം ഭുർഭുവസ്വഃ......”

പ്രപഞ്ചത്തിന്റെ കാരണഭൂതമായ ഓങ്കാരം....... പ്രണവം ബ്രഹ്‌മമാകുന്നു...... ശബ്‌ദബ്രഹ്‌മവും നാദബ്രഹ്‌മവും ..... സമസ്‌തമന്ത്രങ്ങളുടേയും ഹേതുഭൂതമായ ബീജാക്ഷരം.....!

ഓങ്കാരത്തിൽ ലയിക്കുന്ന യോഗികൾക്ക്‌ പ്രകൃതിയുടെ നാദവും താളവും അനുഭവപ്പെടുന്നു എന്ന്‌ സ്‌മൃതികളും ശാസ്‌ത്രങ്ങളും പറയുന്നു......!

ഓങ്കാരത്തിൽ നിന്ന്‌ വ്യാഹൃതികളുണ്ടാകുന്നു. വ്യാഹൃദികളിൽനിന്ന്‌ വേദങ്ങളും..... യോഗി ഓങ്കാരത്തെ ധ്യാനിക്കുന്നു; അതിനാൽ സമസ്‌ത അഭിലാഷങ്ങളേയും പൂർത്തീകരിക്കുന്ന മോക്ഷദായകമായ പ്രണവത്തെ നമസ്‌കരിക്കുന്നു..... പുരുഷൻ പ്രണവത്തെ അറിയുമ്പോൾ മുനി ആയിത്തിരുന്നു! ...... മൂർത്തിമത്തായിത്തീരുന്ന ശബ്‌ദബ്രഹ്‌മത്തിന്റെ പ്രതിധ്വനി......!

പടിഞ്ഞാറെക്കെട്ടിലെ വലിയ നടപ്പുരയിൽ ഓത്തുചൊല്ലുന്ന ഉണ്ണികൾ.........

ഓത്തിനും ഓത്തൂട്ടിനും പ്രസിദ്ധപ്പെട്ട മുല്ലമംഗലത്തുമന പൊളിച്ചുവില്‌ക്കാൻ കരാറായീത്രെ.....! ഇനി ഓരോ കല്ലും ഇളക്കിമാറ്റും.... തലമുറകളായി പകർന്നുകിട്ടിയ ഒരു സംസ്‌കൃതിയുടെ പൈതൃകത്തി​‍െൻ അടിത്തറ എന്നന്നേക്കുമായി പിഴുതെറിയപ്പെടുന്നു.......!

ഋഷികേശൻ ഓർത്തു.......

‘ദേവസവിതരേഷതേ ബ്രഹ്‌മചാരിതംഗോപായസമാമൃത; ഹോമകുണ്ഡത്തിൽ നിന്നും ഉയരുന്ന പുകപടലങ്ങളിൽ ഓതിക്കൻ ചൊല്ലിയ മന്ത്രധ്വനി അലിഞ്ഞുചേർന്നു.....

’.........ദേവനായസവിതാവേ! ഈ ബ്രഹ്‌മചാരി അവിടുത്തെ സ്വന്തമാണ്‌, അതുകൊണ്ട്‌ ഇവനെ വേണ്ടപോലെ രക്ഷിച്ചാലും.....‘ എത്ര അർത്ഥവത്തായ മന്ത്രം.....! അപ്പു ഓതിക്കൽ ചൊല്ലിക്കൊടുക്കുന്നതിനനുസരിച്ച്‌ ഏറ്റുചൊല്ലി.....

അപ്പുവിന്റെ യജ്ഞോപവീതം, ഉപനയനം ഈ നാലുകെട്ടിൽവച്ചുനടത്തണം.... അന്നതൊരുവാശിയായിരുന്നു..... മുല്ലമംഗലത്തില്ലത്തിന്റെ കല്ലുകൾ മറ്റാരും ഇളക്കാൻ അനുവദിക്കരുത്‌; അപ്പുവിന്റെ യജ്ഞേപവീതം ഈ തറവാട്ടിൽ വച്ചുതന്നെ നടത്തണം, എന്നിട്ട്‌ ഓരോ കല്ലും തന്റെ കൈകൊണ്ടുതന്നെ ഇളക്കണം; പാളവിശറികൊണ്ടു വീശുമ്പോൾ, പതുക്കെപതുക്കെ ജ്വലിച്ചുവരുന്ന തീനാളങ്ങൾപോലെ, ഋഷികേശന്റെ മനസ്സിലും ഒരു പ്രതികാരത്തിന്റെ, വാശിയുടെ ജ്വാലകൾ പതുക്കെ തെളിഞ്ഞുവന്നു.

ഒരു തെറ്റും ചെയ്യാത്ത അച്ഛനെ ഇവിടുന്ന്‌ ഇറക്കിവിട്ടതാണ്‌; അതിനു കാരണം പറഞ്ഞത്‌ അമ്മയുടെ ഇല്ലക്കാർക്ക്‌ ഓത്തില്ലാത്തതാണത്രെ....’ ഇറങ്ങിപ്പോയത്‌ അച്ഛന്റെ ഇല്ലത്തുനിന്നാണെങ്കിലും, ദുഃഖം തളംകെട്ടിനിന്നത്‌ അമ്മയുടെ മുഖത്തായിരുന്നു. തനിക്കന്ന്‌ ആറേഴുവയസ്സുപ്രായം. തന്റെ യജ്ഞോപവീതത്തിനുള്ള ഒരുക്കങ്ങൾ അച്ഛൻ തുടങ്ങിയിരുന്നു. അച്ഛനത്‌ കേമായിട്ട്‌ നടത്തണമെന്നുണ്ടായിരുന്നു, കാരണം രണ്ടുപെൺകുട്ടികൾക്കുശേഷം സാരായിട്ടുണ്ടായ ഉണ്ണിയാണത്രെ. അച്ഛനുമാത്രമല്ല, ശങ്കരപ്പനും, മുത്തശ്ശിക്കും ഒക്കെ മോഹണ്ടായിരുന്നു തന്റെ യജ്ഞോപവീതം കേമായിട്ടുനടത്താൻ; ‘മുല്ലാങ്കലത്ത്‌ കുറച്ചു നാളുകൾക്കുശേഷം ഉണ്ടായ ഒരാൺതരിയാണ്‌ കുട്ടൻ, അതോണ്ട്‌ കുട്ടന്റെ ഉപനയനം കേമായിട്ടന്നെനടത്തണം, ന്താ കുഞ്ഞനിയാ അങ്ങനല്ലെ......?’ എന്താസംശയം? അച്ഛന്‌ മുത്തശ്ശിയും ശങ്കരപ്‌ഫനും മറ്റും പറഞ്ഞാൽ പിന്നെ എതിരഭിപ്രായമില്ല. മാത്രമല്ല, അച്ഛനും അമ്മക്കും പിന്നെ ഏടത്തിമാർക്കും അതുതന്നെയായിരുന്നു മോഹം. പക്ഷെ

മുത്തപ്‌ഫൻ....... നല്ല മുഹൂർത്തം നോക്കി വേണ്ട ഏർപ്പാടൊക്കെ ചെയ്യാൻ അച്ഛനും ശങ്കരപ്പനും ഉത്സാഹിക്കുമ്പോഴാണ്‌ മുത്തപ്‌ഫൻ എല്ലാം തകിടം മറിച്ചത്‌. അമ്മാത്ത്‌ ഇല്ലക്കാര്‌ ഓത്തില്ലാത്തവരായതുകൊണ്ട്‌ പതിത്വമുണ്ടത്രെ! കാടുപിടിച്ചുകിടക്കുന്ന ഇല്ലപ്പറമ്പുപോലെ, ഋഷികേശന്റെ ഓർമ്മകളും കാടുകയറി;

...... ദേവസൃത്വാ സവിതുഃ പ്രസവേശ്വിനോ.....‘ ഓതിക്കന്റെ മന്ത്രങ്ങളും നിർദേശങ്ങളും, ഇടക്ക്‌ ഋഷികേശനെ ചിന്തയിൽ നിന്നുണർത്തും;

ഓത്തില്ലാത്തതും അമ്മാത്തില്ലക്കാരുടെ പതിത്വവുമൊന്നുമല്ല കാരണം.... ഇല്ലത്ത്‌ ഭാഗം നടന്നസമയത്ത്‌ മുത്തപ്‌ഫന്റെ ചില തീരുമാനങ്ങളെ ആദ്യമായി എതിർത്തത്‌ അച്ഛനായിരുന്നു. അതും അച്ഛനുവേണ്ടിയായിരുന്നില്ല, ഇല്ലത്തെ ആശ്രിതന്മാരായികഴിഞ്ഞിരുന്ന കുറച്ചു പാവങ്ങൾക്കുവേണ്ടിയായിരുന്നു. വിശപ്പടക്കാനും കുടുംബം പോറ്റാനും ഇല്ലത്തെ നീണ്ടുപരന്നു കിടക്കുന്ന പറമ്പിലും പാടത്തും എല്ലുമുറിയെ പണിയെടുത്തിരുന്ന, അതും പലപ്പോഴും മുത്തപ്‌ഫന്റേയും കാര്യസ്‌ഥന്മാരുടേയും ആട്ടും തുപ്പും കേട്ട്‌ വിയർപ്പൊലിപ്പിച്ചിരുന്ന കേളുചെറുമനും ചോതിപ്പുലയനും കാളിപ്പെണ്ണും കൂട്ടരും; അവർക്കുവേണ്ടിയായിരുന്നു. കേറിക്കിടക്കാൻ ഒരിടമുണ്ടല്ലൊ എന്ന സമാധാനത്തിൽ ചോർന്നൊലിക്കുന്നതാണെങ്കിലും കുടികിടപ്പായികിട്ടിയ കുറച്ചു സ്‌ഥലത്ത്‌ കൂരകൾ കെട്ടിതാമസിച്ചിരുന്ന കുറെ ജീവിതങ്ങൾ. ചോർച്ചമാറ്റാൻ കുറച്ച്‌ ഓലയോ നിലത്ത്‌ വിരിക്കാൻ വല്ലപായയോ മറ്റൊ ചോദിച്ചാൽ കിട്ടുന്നത്‌ കാര്യസ്‌ഥന്മാരുടെ ആട്ടായിരിക്കും. അച്ഛനും ശങ്കരപ്‌ഫനും ഒക്കെയാണ്‌ അവർക്ക്‌ പലപ്പോഴും താങ്ങും തണലുമായി നില്‌ക്കുക. ശങ്കരപ്‌ഫനും മറ്റും മുത്തപ്‌ഫനറിയാതെയാണ്‌ അവർക്ക്‌ വേണ്ടി എന്തെങ്കിലും ചെയ്യുക, കാരണം മുത്തപ്‌ഫനെപേടിയാണ്‌. അച്ഛനതല്ല, തന്റെ മനഃസാക്ഷിക്കു ശരിയാണെന്നു തോന്നിയാൽ പിന്നെ ആരുടേയും ഇഷ്‌ടാനിഷ്‌ടങ്ങൾ നോക്കുകയില്ല. അതുകൊണ്ടുതന്നെ ഭാഗം വച്ച സമയത്ത്‌ ആ പാവങ്ങളോട്‌ ഇറങ്ങിപ്പോകണമെന്നു പറഞ്ഞത്‌ അച്ഛന്‌ സഹിക്കാവുന്നതിലപ്പുറമായിരുന്നു. ഇരുണ്ടുകൂടിനില്‌ക്കുന്ന കാർമേഘം ആർത്തലച്ചുപെയ്‌തതുപോലെയായിരുന്നു അച്ഛന്റെ പ്രതികരണം; ’ഭാഗത്തിന്റെ പേരിൽ ആ പാവങ്ങളെ കുടിയൊഴിപ്പിച്ചാൽ അവരുടെ കൂടെ ഞാനുണ്ടാവും; അച്ഛന്റെ ഉറച്ചശബ്‌ദം.....! അതൊരു ഇടിമുഴക്കംപോലെ നാലുകെട്ടിലും വടക്കിനിയിലുമൊക്കെ പ്രതിധ്വനിച്ചു..... മുത്തപ്‌ഫൻ ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല ഇങ്ങിനെയൊരു പ്രതികരണം. കാര്യസ്‌ഥന്മാരുടേയും മറ്റുള്ളവരുടേയുമൊക്കെ മുമ്പിൽവച്ച്‌ അച്ഛനിങ്ങനെ പ്രതികരിച്ചത്‌ മുത്തപ്‌ഫന്‌ അഭിമാനത്തിന്റെകൂടി പ്രശ്‌നമായി; പിന്നെ അതൊരു വീറും വാശിയുമൊക്കെയായി മാറി. കാര്യസ്‌ഥന്മാരുടെ ഉപദേശവും കൂടിയായപ്പോൾ മുത്തപ്‌ഫന്റെ തീരുമാനത്തിന്‌ പൂർണ്ണതവന്നു; കാരണവും കണ്ടെത്തി, അമ്മാത്തില്ലക്കാരുടെ പതിത്വം! ‘കുഞ്ഞനിയൻ സാവിത്രിയെ വേളികഴിച്ചുകൊണ്ടന്നപ്പൊ അതൊന്നും ആലോചിച്ചല്ലേ.....?’ ശങ്കരപ്‌ഫന്റെ ചോദ്യത്തിന്‌ ദഹിപ്പിക്കുന്ന ഒരു നോട്ടമായിരുന്നു മറുപടി. മുത്തപ്‌ഫന്റെ തീരുമാനത്തിന്‌ അപ്പുറം കടക്കുവാൻ മുല്ലമംഗലത്ത്‌ ആർക്കും ധൈര്യമുണ്ടായിരുന്നില്ല. പൂമുഖത്തെ വലിയ ചൂരൽകസേരയിൽ കിടന്നുകൊണ്ട്‌ മുഴങ്ങുന്ന ശബ്‌ദത്തിൽ മുത്തപ്‌ഫൻ ഒരു തീരുമാനം പറഞ്ഞാൽ, സൂര്യൻ ഉദിക്കുന്നത്‌ പടിഞ്ഞാറാണെന്നു പറഞ്ഞാൽ പോലും ഒപ്പം മൂളുക, അതാണവിടത്തെ വ്യവസ്‌ഥ.....! ശങ്കരപ്‌ഫൻ അച്ഛനെ അനുനയിപ്പിക്കാൻ കുറെ ശ്രമം നടത്തി; ‘കുഞ്ഞനിയന്റെ ഭാഗത്ത്‌ സത്യേം ന്യായോംണ്ട്‌ പിന്നെന്തിനാ ഇവിടന്ന്‌ ഇറങ്ങിപ്പോണേ.....?

’.... ഇല്ല്യ കുഞ്ഞേട്ടാ..... ഇപ്പൊകുഞ്ഞേട്ടൻ പറയണത്‌, കുറെകഴിഞ്ഞിട്ടാണെങ്കിലും, അനിയപ്‌ഫന്‌ ബോദ്ധ്യംവന്നേക്കാം; ഒരു പക്ഷെ അനിയപ്‌ഫൻ തന്നെ എന്നേം സാവൂനേം മറ്റും തിരിച്ചു വിളിച്ചൂന്നും വരാം; അപ്പൊ ആലോചിക്കാം......!

‘പിന്നെ, പണ്ട്‌ ധർമ്മോം നീതിം ഒക്കെ പറഞ്ഞതിന്‌ വിദുരരെപ്പോലും കൗരവന്മാര്‌ കൊട്ടാരത്തീന്ന്‌ ഇറക്കിവിട്ടില്ലേ? ..... ഇതും, അതുപോലൊരു തീർത്ഥാടനാന്നു കൂട്ടിക്കോളൂ.....!

അച്ഛനും ഒന്നു തീരുമാനിച്ചാൽപ്പിന്നെ ഉറച്ചതാണ്‌.

അന്ന്‌ മുത്തശ്ശിയെ നമസ്‌കരിച്ച്‌ ഇറങ്ങിപ്പോരുമ്പോൾ ആ കണ്ണുകളിൽ ഉരുണ്ടുകൂടിനിന്നിരുന്ന കണ്ണുനീരിന്റെ ശക്തി, അമ്മയുടെ കലങ്ങിയ കണ്ണുകൾ, അതൊക്കെ, ഋഷികേശന്റെ മനസ്സിൽ പതുക്കെ പതുക്കെ ഇളകിവരുന്നതിരമാലകൾപോലെ എന്തോ ഒന്ന്‌ രൂപം കൊള്ളുന്നതായി തോന്നിയിരുന്നു; അന്നവിടെനിന്നും ഇറങ്ങിപ്പോന്ന, ആറോ ഏഴോവയസ്സുള്ളകുട്ടിയല്ല മറിച്ച്‌ താൻവളരുകയാണ്‌ എന്നോരോനിമിഷവും തന്നെ ആരോ ഓർമ്മപ്പെടുത്തുന്നതായി ഋഷികേശന്‌ തോന്നിയിരുന്നു. പിന്നെ ഒരു വാശിയായിരുന്നു; വളർന്നുവലുതായി കുറെ കാശുണ്ടാക്കി ആ തറവാട്‌ വെട്ടിപ്പിടിക്കണം.....! അപ്പൂന്റെയജ്ഞോപവീതം ആ നാലുകെട്ടിൽ വച്ചുതന്നെ നടത്തണം....., എന്നിട്ട്‌ തന്റെ കൈകൊണ്ട്‌ ആദ്യത്തെ കല്ലിളക്കണം.

’..........ഉണ്ണിയുടെ മുഖം കിഴക്കോട്ടാവോളം തിരിക്കുക, പിന്നെ ആചാര്യന്റെ രണ്ടു കയ്യും ഉണ്ണിയുടെ ഹൃദയത്തിലാവോളം ഇറക്കി മന്ത്രം ചൊല്ലുക.....‘ ഓതിക്കന്റെ ശബ്‌ദം ഋഷികേശനെ ചിന്തയിൽ നിന്നുണർത്തി;

’......... കുട്ടാ അപ്പൂന്റെ യജ്ഞോപവീതം ഇവിടെ വച്ചുതന്നെ നടത്തിലോ..... സന്തോഷായി..... ഞാനൊന്നനുഗ്രഹിക്കട്ടെ....‘ ’.....ങെഹ.....‘ മുത്തശ്ശീടെ ശബ്‌ദം; ഋഷികേശൻ അറിയാതെ വടക്കിനിയിലേക്ക്‌ നോക്കി..... പൊക്കം കുറഞ്ഞ കട്ടിലിൽ മുത്തശ്ശി കരിമ്പടവും പുതച്ചിരിക്കുന്നുണ്ടോ......?

..... ഇല്ല... ’.... ഭിക്ഷാം ഭവതീഭദാതു......‘ അപ്പു അമ്മക്ക്‌ ഭിക്ഷകൊടുക്കുന്ന ചടങ്ങാണ്‌.

ആചാര്യന്മാരെ അഭിവാദ്യം ചെയ്‌ത്‌, ഒടുവിൽ അമ്മയേയും അഭിവാദ്യം ചെയ്‌ത്‌ കൈകഴുകി പവിത്രമിട്ട്‌ ഇടതുകയ്യിൽ ദണ്ഡും വലതുകയ്യിൽ ഉരുളിയും പിടിച്ച്‌ കിഴക്കുനോക്കിനില്‌ക്കുന്ന അപ്പു; അപ്പുവിന്റെ മുന്നിൽ അഭിമുഖമായി പടിഞ്ഞാറുനോക്കിനില്‌ക്കുന്ന അപ്പുവിന്റെ അമ്മ, തന്റെ ദേവി; വാൽക്കണ്ണാടി കയ്യിൽപ്പിടിച്ച്‌ ഉണക്കലരി കുടന്നയിൽ വാരി മൂന്നുവട്ടം ഉണ്ണിയുടെ, അപ്പുവിന്റെ ഉരുളിയിൽ ഇട്ടുകൊടുത്തു. ദേവിയുടെ കണ്ണിൽ നിന്നും കുറച്ചു കണ്ണുനീർതുള്ളികൾ അടർന്നുവീണു; അത്‌ ദുഃഖത്തിന്റെയല്ല! അന്നിവിടെ നിന്നും ഇറങ്ങിപ്പോകുമ്പോൾ അച്ഛൻ അമ്മയോട്‌ പറഞ്ഞിരുന്നു! കുട്ടന്‌ ഒരു ഉണ്ണിപിറന്നാൽ അവന്റെ യജ്ഞോപവീതം ഈ നാലുകെട്ടിൽവച്ചു നടത്തണം; ഋഷികേശൻ വേളികഴിച്ചപ്പോൾ ദേവിയോടതുപറഞ്ഞിരുന്നു; ദേവിയുടെ കണ്ണിൽ നിന്നും അടർന്നുവീണ തുള്ളികൾ നാലുകെട്ടിലെ ചാണകം മെഴുകിയ നിലത്ത്‌ അലിഞ്ഞുചേർന്നപ്പോൾ അവിടം കൂടുതൽ പവിത്രമായി...........! ഋഷികേശനും അറിയാതെ കണ്ണുതുടച്ചു.....

വിശ്വം മുഴുവനും നിറഞ്ഞിരിക്കുന്ന സവിതാവിന്റെ തേജസ്സിനെ ധ്യാനിക്കുന്ന മന്ത്രം ഋഷികേശനും മനസ്സിൽ ഉരുവിട്ടു..........!

ആർ.വി. രാമഭദ്രൻ തമ്പുരാൻ


Phone: 9744223181




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.