പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ഇരുള്‍വഴികളിലൂടെ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വെള്ളിയോടൻ,

ആത്മാവും ശരീരവും ഒന്നിച്ചൊരു യാത്ര പുറപ്പെട്ടു. ഒരു തീര്‍ത്ഥയാത്ര. ശരീരം പറഞ്ഞു. ‘എന്നില്‍ പതിഞ്ഞ അഴുക്കുകളെല്ലാം കഴുകിക്കളയാനാണീ യാ‍ത്ര. നോക്കൂ, അഴുക്ക് പുരണ്ട് എന്റെ തൊലിയുടെ നിറം തന്നെ മങ്ങിയിരിക്കുന്നു. ആള്‍ക്കാര്‍ എന്നെക്കുറിച്ച് എന്താകും കരുതുക?’

ആത്മാവ് ഒരു നിമിഷം ആലോചിച്ചു ‘എനിക്ക് തൊലിയും ശരീരവുമില്ല. ഞാനാര്‍ക്കും ദൃശ്യനുമല്ല . എന്നാല്‍ എന്നിലെ ഗന്ധം വേദനിപ്പിക്കുന്ന ആ അസ്വസ്ഥതകളില്‍ നിന്നും എനിക്ക് മുക്തി വേണം’

യാത്ര മരുഭൂമിയിലൂടെയായിരുന്നു. നീണ്ട മരുഭൂയാത്ര. കുറേ ദൂരത്ത് ഒരു നദിയുണ്ട് അഴുക്കുകള്‍ കഴുകി വെടിപ്പാക്കാന്‍ ധാരാളം ജലമുള്ള ഒരു നദി. മരുഭൂമിയിലൂടെ എത്ര നാഴിക യാത്ര ചെയ്യണമെന്ന് യാതൊരു നിശ്ചയവുമില്ല . വനമില്ലെങ്കിലും ഈ മരുഭൂമിക്ക് ഒരു വന്യതയുണ്ട്. ചിലപ്പോള്‍ തോന്നും മനുഷ്യന്‍ മാത്രമല്ല, സൂര്യനു പോലും വെറുപ്പാണ് മരുഭൂമിയെന്ന്.’

'എനിക്ക് ദാഹിക്കുന്നു. ‘ എരിയുന്ന സൂര്യനിലേക്ക് കണ്ണുകള്‍ ഉയര്‍ത്തിക്കൊണ്ട് ശരീരം പറഞ്ഞു. പ്രകാശ പ്രളയത്തില്‍ പെട്ട് കണ്‍പോളകള്‍ താനേ അടഞ്ഞു കഴിഞ്ഞു.

തോള്‍ സഞ്ചിയിലുണ്ടായിരുന്ന തോലുകൊണ്ടുള്ള പാത്രം കരുതലോടെ ചരിച്ച് ഒരിറക്ക് വെള്ളം കുടിച്ചു.

'എനിക്ക് ദാഹവും വിശപ്പുമില്ല .എങ്കിലും എനിക്കും അല്‍പ്പം വിശ്രമിക്കണം. ‘ സഹയാത്രികന്റെ അഭിരുചിക്കനുസരിച്ച് തന്റെ ഇച്ഛയും മാറ്റണമെന്ന് ആത്മാവിന് തോന്നി. അല്ലെങ്കില്‍ സംഘത്തില്‍ ചേര്‍ക്കാന്‍ പറ്റിയവനല്ലെന്ന പഴി ചുമത്തപ്പെട്ടാലോ?

ദൂരെ ഒരു ചെറിയ മരമുണ്ട് .അതിന്റെ തണലിലിരിക്കാം.

ഒരു ചെറിയ ചെടി പോലും മറ്റുള്ളവര്‍ക്ക് ചില നേരങ്ങളില്‍ എത്ര പ്രിയപ്പെട്ടതാകുന്നു. ആത്മാവ് പറഞ്ഞു. എന്തെക്കെയോ ചിന്തിച്ചും പറഞ്ഞും ഇരിക്കവേ, ആത്മാവ് ആലോചിച്ചു. ‘’എന്തിനീ ശരീരത്തോടൊപ്പം സാവധാനം സഞ്ചരിക്കണം എനിക്ക് സ്വതന്ത്രമായി അതിവേഗങ്ങളില്‍ സഞ്ചരിച്ചു കൂട?’‘ ആത്മാവിന്റെ ആത്മഗതം തിരിച്ചറിഞ്ഞതു പോലെ ശരീരം പറഞ്ഞു.’‘ നീയില്ലെങ്കില്‍ ഞാന്‍ വെറും ജഡം മാത്രം. എന്റെ മാംസം കഴുകന്റെ ഭക്ഷണം മാത്രം . നീ എന്നെ വിട്ടകലുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നില്ലല്ലോ’‘

‘എനിക്ക് അനുവദിച്ചിരിക്കുന്ന ദൂരം വരെ ഞാന്‍ നിന്നോടൊപ്പം സഞ്ചരിക്കാം ‘ അതിന് മറുപടിയെന്നോണം ആത്മാവ് പറഞ്ഞു.

'അതിനപ്പുറം തമോഗര്‍ത്തമാ‍ണ്. എല്ലാം തന്നിലേക്ക് ആവാഹിച്ചെടുക്കുന്ന അളക്കാനാവാത്ത ആഴം. പ്രകാശരേണുക്കള്‍ക്കു പോലും പ്രതിഫലനം ചെയ്യപ്പെടാത്ത ഇരുട്ടില്‍ ഞാന്‍ സ്വയം തിരിച്ചറിയപ്പെടാതെ പോകും . അവിടെ നീയെനിക്ക് കൂട്ടിനുണ്ടാവില്ലേ?’ ശരീരത്തിന് ഭയം തോന്നി.

ആത്മാവ് അതിന് മറുപടിയൊന്നും പറഞ്ഞില്ല. പിന്നെ ആ മരത്തണലിലെ പുല്‍ത്തകിടിമേല്‍ മൃദുലമായി തലോടി. അതിന് മേല്‍ ഇരുന്നു. ശരീരത്തിന് സന്തോഷം തോന്നി. ഇത്തിരി തണലില്‍ ഒന്നിച്ചിരിക്കാന്‍ . തെക്ക് നിന്നു വന്ന കാറ്റ് ആ മരത്തില്‍ നിന്നും രണ്ട് പഴം പറിച്ചെടുത്ത് അവര്‍ക്കു മുമ്പിലിട്ടു. ശരീരം ആര്‍ത്തിയോടെ അവ രണ്ടും പറുക്കിയെടുത്ത് ഒന്ന് ആത്മാവിന് നേരേ നീട്ടി. ആത്മാവത് സ്നേഹപൂര്‍വ്വം നിരസിച്ചു.

‘നീ തിന്നുന്നത് കാണുമ്പോള്‍ ഞാനനുഭവിക്കുന്ന അനുഭൂതി. എനിക്ക് മറ്റെന്തിനേക്കാളുമതീതമാണ്.’ വളരെ പതിഞ്ഞ സ്വരത്തില്‍ ആത്മാവ് പറഞ്ഞു.

പിന്നെ ശരീരമൊന്നും പറഞ്ഞില്ല. ആര്‍ത്തിയോടെ തിന്ന് മെല്ലെ എഴുന്നേറ്റ് ലക്ഷ്യത്തിലേക്ക് നടന്നു. മരുഭൂമിയില്‍ ചെമ്മണ്‍ നിറമുള്ള പാമ്പുകളുണ്ട്. പാമ്പുകളെ ശരീരത്തിന് ഭയമാണ്. മരുഭൂമിയിലെ പാമ്പുകള്‍ക്ക് ഉഗ്ര വിഷമാണത്രെ. മണലുകള്‍‍ക്കിടയില്‍ ഈ പാമ്പുകള്‍ക്ക് അദൃശ്യമായി വസിക്കാന്‍ കഴിയുമത്രെ. അത് കൊണ്ട് തന്നെ ശരീരം വളരെ സൂക്ഷ്മതയോടെ സഞ്ചരിക്കുന്നത്. ആത്മാവ് നിര്‍ഭയനാണ് .ആത്മാവിലേക്ക് ഒരു പാമ്പിന്റെ വിഷവും തറച്ചു കയറുകയില്ല. എങ്കിലും ആത്മാവും തന്റെ കാലടികള്‍ക്ക് മുമ്പില്‍ സൂക്ഷ്മതയോടെ തന്നെ നോക്കുന്നുണ്ട്. ശരീരത്തെ സംരക്ഷിക്കേണ്ടത് തന്റെ കൂടി കടമയല്ലേ? അങ്ങനെയുള്ള തോന്നലുകളാണ് ആത്മാവിനുള്ളത്.

മണലിലൂടെയുള്ള അവരുടെ വഴി തടഞ്ഞു കൊണ്ടെന്നപോലെ ഒരു സ്ത്രീ മണലില്‍ മുഖം പൂഴ്ത്തി കിടക്കുന്നത് ആത്മാവാണ് ആദ്യം കണ്ടത്. അവഗണിച്ച് മുമ്പോട്ടേക്ക് പോകാമെന്ന് കരുതിയതാണ്. യാത്രക്കിടയില്‍ കണ്ടെത്തുന്നവയെല്ലാം ഓരോ വിഘ്നങ്ങളായിരിക്കും. പലപ്പോഴും ലക്ഷ്യത്തില്‍ നിന്ന് ഒരു പാട് അകന്ന് പോയേക്കാം. ശരീരമവളെ കാണരുതെന്ന് ആത്മാവ് പ്രാര്‍ഥിച്ചു. അവള്‍ക്കും ശരീരത്തിനും ഇടയില്‍ മറകളൊന്നുമില്ലാത്തതിനാല്‍ ആത്മാവിന്റെ പ്രാര്‍ത്ഥനയ്ക്ക് ഫലമുണ്ടായില്ല.

ആരാ ഇവള്‍ ? ശരീരം അവളുടെ മുമ്പില്‍ നടുങ്ങി നിന്നു. ‘ഇവള്‍ക്കെന്തു സംഭവിച്ചുവെന്ന് നോക്കാം’

അത് വേണോ? ആത്മാവ് സംശയം പ്രകടിപ്പിച്ചു. ആത്മാവിന്റെ ശങ്കയില്‍ ശരീരത്തിന് യാതൊരു പ്രസക്തിയും തോന്നിയില്ല. വിയോജിപ്പുകള്‍ രേഖപ്പെടുത്തുന്നതോടൊപ്പം , അവ തീരുമാനമായാല്‍ കൂട്ടുത്തരവാദിത്തത്തോടെ മുമ്പോട്ട് പോകുക എന്നത് ഒരു പൊതു തത്വമായി ആത്മാവ് കരുതി. ശരീരം മെല്ലെ മണലില്‍ നിന്നും അവളുടെ തല പിഴുതെടുത്തു. പിഴുതെടുത്ത മരത്തിന്റെ പൊട്ടിയ വേരുകളിലെന്നപോലെ അവളുടെ മുടിയിഴകളില്‍ മണല്‍ പുരണ്ടിരുന്നു. മുഖത്ത് പറ്റിപ്പിടിച്ച മണലുകള്‍ തുടച്ചു മാറ്റി. തുടുത്ത മാമ്പഴത്തിന്റെ വേരുകള്‍ തേടുന്നത് പോലെ ശരീരം അവളെ മുഴുവനായും ഒരു ഗഹനവീക്ഷണം നടത്തി. സംഭരണിയിലെ വെള്ളത്തില്‍ നിന്ന് അല്‍പ്പം കൈവെള്ളയിലെടുത്ത് അവളുടെ മുഖത്ത് കുടഞ്ഞു. അടഞ്ഞ കണ്ണുകള്‍ , തുറക്കാന്‍ വെമ്പുന്നത് പോലെ പിടഞ്ഞുകൊണ്ടിരുന്നു. ഒരു തുള്ളി വെള്ളം‍ ശരീരത്തിന്റെ കൂര്‍ത്ത വിരലിന്റെ അഗ്രത്തു നിന്നും അവളുടെ വരണ്ട ചുണ്ടുകളില്‍ ഇറ്റി. ശരീരം അവളുടെ രണ്ട് ചുണ്ടുകളും വിടര്‍ത്തി . പല്ലുകള്‍ക്ക് ചെമ്മണ്‍ നിറം. അല്‍പ്പം വെള്ളം വായിലേക്ക് കടത്തി. പിടഞ്ഞുകൊണ്ടിരുന്ന കണ്ണുകള്‍ പതുക്കെ തുറന്നു. ആത്മാവ് പറഞ്ഞു ‘ഇനി നമുക്ക് പോകാം’

‘നിനക്ക് അല്‍പ്പം പോലും മനുഷ്യത്തമില്ലേ, ജീവനുള്ള, നിസ്സഹായയായ ഒരു പെണ്ണിനെ ഈ വന്യതയിലുപേക്ഷിച്ച് പോകാന്‍? ശരീരം ആദ്യമായി ആത്മാവിനോട് ദേഷ്യപ്പെട്ടു. ശരീരം അവളോടു ചോദിച്ചു ‘നീ ആരാണ്?’

‘അറിയില്ല’ അവളുടെ വായില്‍ നിന്നും പുറത്തേക്ക് വന്ന ദുര്‍ഗന്ധം പുരണ്ട കാറ്റ് ആത്മാവിനെ ബോധം കെടുത്താന്‍ ശ്രമിച്ചു.

‘ഹോ, എന്തൊരു നാറ്റം?’ ആത്മാവ് പിറുപിറുത്തു.

‘ഓരോ ദുര്‍ഗന്ധത്തിനു പിറകിലും ഒരു സുഗന്ധം മറഞ്ഞിരിക്കുന്നുണ്ടാകും .’ ശരീരം ഒരു തത്വജ്ഞാനിയേപ്പോലെ എന്നാല്‍ പരിഹാസ രൂപേണേ ആത്മാവിനെ നോക്കിക്കൊണ്ട് പറഞ്ഞു. ‘ ഞാന്‍ നിന്നെ നിസാ എന്നു വിളിക്കട്ടെയോ? ശരീരം അവളുടെ മുഖത്തോട് മുഖമടുപ്പിച്ചുകൊണ്ട് പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു.

‘ഊം’ തളര്‍ന്ന സ്വരത്തില്‍ വായ തുറക്കാതെ ആത്മാവിനെ നോക്കിക്കൊണ്ട് അവള്‍ പറഞ്ഞു. മരത്തണലില്‍ നിന്നും വീണു കിട്ടിയ പഴം ശരീരം അവള്‍ക്ക് നേരെ നീട്ടി. അവളത് ശരീരത്തിന്റെ കൈയില്‍ നിന്നും പറിച്ചെടുത്ത് വായിലേക്കു തിരുകിക്കയറ്റി.

അവള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ശരീരം അതിന് അവളെ സഹായിച്ചു. ശരീരത്തിന്റെ തോളില്‍ കൈയിട്ടുകൊണ്ട് അവള്‍ രണ്ടടി മുമ്പോട്ട് നടന്നു.

‘നീ ഞങ്ങളുടെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്നു വരിക. ‘ ശരീരം ആത്മാവിനെ നോക്കിക്കൊണ്ട് പറഞ്ഞു. ആത്മാവതിന് മറുപടിയൊന്നും പറഞ്ഞില്ല. മറുപടി അര്‍ഹിക്കുന്നതിന് മാത്രമേ ആത്മാവ് മറുപടി പറയാറുള്ളു.

കുളിരുള്ള സായാഹ്നമാണ്. ശരീരത്തിന്റേയും നിസയുടേയും ഹൃദയത്തിലേക്ക് തണുപ്പ് ആഞ്ഞുവീശി. ശരീരം തന്റെ മേല്‍ക്കുപ്പായം മെല്ലെ ഊരിയെടുത്ത് അവളെ പുതപ്പിച്ചു.

‘നമ്മുടെ യാത,?

നിസ പൂര്‍ത്തിയാക്കുന്ന്നതിനു മുമ്പേ ശരീരം പറഞ്ഞു. ‘സ്വത്വം തേടി’

ഓ ,അതറിഞ്ഞിട്ടെന്താ കാര്യം? അതൊക്കെ ഭ്രാന്തന്മാരുടെ പണിയല്ലേ? നിസ അല്‍പ്പം അവജ്ഞയോടെയാണത് പറഞ്ഞത്. ശരീരം ആത്മാവിനെ നോക്കി. ആ‍ത്മാവ് കണ്ണുകള്‍ ആകാശത്തേക്ക് ഉയര്‍ത്തി. നോട്ടങ്ങള്‍ ചോദ്യങ്ങളായി മാറുമ്പോള്‍ ഉത്തരം പറയാതിരിക്കാനുള്ള എളുപ്പവഴി, നോട്ടത്തെ അഭിമുഖീകരിക്കാതിരിക്കുക എന്നതാണ്.

‘ നമുക്ക് ആ കാണുന്ന അരുവിക്കരയിലിരിക്കാം’ ദൂരെ കാണുന്ന പച്ചപ്പ് ചൂണ്ടി ശരീരം പറഞ്ഞു. മരുഭൂമിയുടെ നെറ്റിത്തടത്തില്‍ പതിഞ്ഞ കുങ്കുമം പോലെ , അരുവിയുടെ ഓരം ചേര്‍ന്ന് കിടക്കുന്ന പച്ചപ്പ് . സമീപത്തായി ശരീരവും ആ‍ത്മാവും ഇരുന്നു. നിസ ഒരു പച്ചിലയും പറിച്ചെടുത്ത് അരുവിയിലേക്കിറങ്ങിച്ചെന്നു. പച്ചിലകള്‍കൊണ്ട് വായിലും പല്ലിലും പറ്റിപ്പിടിച്ച മണള്‍ത്തരികള്‍ തുടച്ചു നീക്കി. തണുത്ത വെള്ളം കൊണ്ട് മുഖവും വായും കഴുകി തിരിച്ചു വന്നു.

‘ഇപ്പോള്‍ എന്റെ വായിലെ കാറ്റിന് ദുര്‍ഗന്ധമുണ്ടോ?’‘ അവള്‍ ആത്മാവിനോടു ചോദിച്ചു ‘ഇല്ല ‘ ആത്മാവ് മറുപടി പറഞ്ഞു. അവള്‍ ശരീരത്തോടു ചേര്‍ന്നിരുന്നു.

‘ഈ അരുവിക്കരയിലൂടെ നടന്നാല്‍ നദിക്കരയില്‍ എത്തിച്ചേരാം ‘ ശരീരം അവളോടു പറഞ്ഞു.

‘നമ്മള്‍ അവിടേ എന്ത് കണ്ടെത്തും?’

‘കട്ട പിടിച്ച ഇരുട്ടിന്റെ ലോകത്തുനിന്ന് രക്ഷപ്പെടാന്‍ നദിയുടെ ആഴങ്ങളിലേക്ക് മുങ്ങാം കുഴിയിടാം’ആത്മാവാണത് പറഞ്ഞത്.

‘ആ ആഴങ്ങളില്‍ നിന്ന് നമുക്ക് മുത്തുച്ചിപ്പി കിട്ടുമോ? നിസ ആകാംഷയോടെയാണത് ചോദിച്ചത്.

‘മുത്തുച്ചിപ്പിയും അതിനകത്തെ മുത്തും തേടിയുള്ള യാ‍ത്രയല്ല ഇത്. നിയോഗം കണ്ടെത്താനുള്ള ഒരു തീര്‍ത്ഥയാത്രയാണിത്.’

‘ യാത്രയും നിയോഗവും തമ്മിലെന്ത് ബന്ധം?’ അവള്‍ സംശയം പ്രകടിപ്പിച്ചു.

‘യാത്രയിലൂടെ മാത്രമേ നിയോഗത്തെ തിരിച്ചറിയാന്‍ കഴിയൂ’

‘നമുക്ക് ഈ വെള്ളൊഴുക്കിന് സമാന്തരമായി സഞ്ചരിക്കാം ‘ ശരീരത്തിന്റെ നിര്‍ദ്ദേശത്തെ നിസ പിന്താങ്ങി.

‘ ഈ അരുവി കുറുകെ കടക്കാനാണ് എനിക്ക് കല്‍പ്പന, ആത്മാവ് അവരുടെ നിര്‍ദ്ദേശത്തെ എതിര്‍ത്തുകൊണ്ട് പറഞ്ഞു.

‘നീ നിന്റെ വഴിയേയും ഞങ്ങള്‍ ഞങ്ങളുടെ വഴിയേയും’ ശരീരം അങ്ങനെയാണ് മറുപടി പറഞ്ഞത്.

‘ഓ ശരീരമേ, നീ എന്നെ പിന്തുടരുക , നിസ സമാന്തരമായും സഞ്ചരിക്കട്ടെ’ ആത്മാവ് ഉപദേശിച്ചു

‘ ഒരു സ്ത്രീയെ ഈ മരുഭൂമിയിലൂടെ തനിച്ച് യാത്രയയക്കാന്‍ ഞാന്‍ തയ്യാറല്ല .അതിനാല്‍ ഞാന്‍ ഇവളോടൊപ്പം ചേരുന്നു.’ ശരീരം ശാഠ്യം പിടിച്ചു.

‘നിന്റെ സ്വത്വം എന്നിലാണ് , അതിനാല്‍ നീ എന്നോടൊപ്പം ചേരുക’ ആത്മാവ് ആവര്‍ത്തിച്ചു.

കണ്‍പുരികങ്ങള്‍ കൊണ്ട് അഭ്യര്‍ത്ഥനയെ നിഷേധിച്ച് ശരീരം അവളോടൊപ്പം ചേര്‍ന്നു. ശരീരം നിസയെ ചേര്‍ത്തു പിടിച്ച് മുമ്പോട്ട് നടന്നു. രണ്ടടി നടന്നതേയുള്ളു. ശരീരത്തിന്റെ കണ്‍പോളകള്‍ ഇറുകിയടഞ്ഞു. ഉള്‍ക്കനമുള്ളൊരു ഇരുള്‍ കണ്ണുകളെ പിടികൂടി. പ്രകാശരശ്മികളെ പ്രതിഫലിപ്പിക്കാന്‍ വിസമ്മതിച്ച് തമോഗര്‍ത്തം പുറത്തേക്ക് തെറിച്ച് നാവും ഗുഹപോലെ വികസിച്ച മൂക്കുമായി മുമ്പില്‍ . ആത്മാക്കളെ പ്രതിരോധിച്ച് കൊണ്ട് ഒരായിരം ശരീരങ്ങളെ ഒന്നിച്ച് ദഹിപ്പിക്കാന്‍ പാകത്തിലുള്ള ഉമിനീര് തിളക്കുന്ന വായ അലറിവിളിച്ച് കൊണ്ട് ശരീരം പിറകിലേക്ക് തിരിഞ്ഞു. ആത്മാവിനെ നീട്ടി വിളിച്ചു .അരുവിയുടെ ഉപരിതലത്തിലൂടെ കുറുകെ കടക്കുന്ന ആത്മാവിന്റെ നേര്‍ത്ത രൂപവും ഇല്ലാതായി.

വെള്ളിയോടൻ,

കൊടിയുറ.പി.ഒ,

കല്ലാച്ചി വഴി,

കോഴിക്കോട്‌ വഴി

കോഴിക്കോട്‌ ജില്ല

കേരളം - 675 515.

Velliyodan Sainudheen,

P B NO 5304,

Sharjah,

U A E.


Phone: 94945564771,0496 - 2562870, 00971566509531
E-Mail: velliyodan@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.