പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

കാളിയമര്‍ദ്ദനം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മലയാറ്റൂര്‍ രാമകൃഷ്ണന്‍

പുനര്‍വായന

മലയാള കഥാസാഹിത്യത്തിലെ എക്കാലത്തെയും മഹാരഥന്മാരായിരുന്ന പോയതലമുറയിലെ പ്രമുഖകഥാകൃത്തുക്കളുടെ ഏതാനും കഥകള്‍ ഓരോ ലക്കത്തിലായി പ്രസിദ്ധീകരിക്കുന്നു. പുതിയ എഴുത്തുകാര്‍ക്ക്‌ കഥാരചനയില്‍ മാര്‍ഗ്ഗദര്‍ശിയാകാന്‍ ഈ കഥകള്‍ പ്രയോജനപ്പെടും. ഈ ലക്കത്തില്‍ മലയാറ്റൂര്‍ രാമകൃഷണന്റെ 'കാളിയമര്‍ദ്ദനം' എന്ന കഥ വായിക്കുക

ആള്‍ ധീരനാണ്. ഇത് മനസിലാക്കുവാന്‍ അടുത്തറിയണമെന്നില്ല. ഒന്നു കണ്ടാല്‍ മതി തിളങ്ങുന്ന വട്ടക്കണ്ണുകള്‍ ഉഗ്രന്‍ മീശ. ആജ്ഞാശക്തി വേണ്ടുവോളമുണ്ടെന്നറിയിക്കുന്ന മുഖഭാവം.

ജോലിയിലിരിക്കുന്ന കാലത്തും ധീരനായിരുന്നു. യൂണിഫോറവും ക്രോസ്സ് ബല്‍റ്റും കിട്ടിയനാള്‍ മുതല്‍ അയാള്‍ കള്ളന്മാരെ പിടിക്കാനും കവലച്ചട്ടമ്പികളെ അമര്‍ത്താനും മിടുക്കനാണെന്ന് പേരുവാങ്ങി. ഒരിക്കല്‍ എട്ടു ചട്ടമ്പികളെ ഒറ്റക്കുനേരിട്ടു പൊരുതിയകാര്യം സെന്‍സേഷന്‍ പ്രാധാന്യം നല്‍കാത്ത പത്രങ്ങള്‍പോലും വെണ്ടക്കയില്‍ റിപ്പോര്‍ട്ടു ചെയ്തു. ഇരുപതുകൊല്ലക്കാലം ജോലി നോക്കി. പോലീസ് സൂപ്രണ്ടുപദവിയും പോലീസ് മെഡലും കിട്ടുമെന്നു വന്നകാലത്ത്, അയാള്‍ എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ‘കെ. എസ്.ആര്‍’ എന്ന സര്‍ക്കാര്‍ തത്വസംഹിതയിലെ ,സാധാരണ ഉപയോഗിക്കപ്പെടാത്ത ഒരു വകുപ്പനുസരിച്ച് സ്വമേധയാ പെന്‍ഷന്‍ പറ്റി. ആയ കാലത്ത് നല്ലകാലത്ത് നാല്‍പ്പത്തഞ്ചാം വയസ്സില്‍.

എന്തേ, ഇങ്ങനെ കാണിച്ചതെന്ന് ചോദിച്ചവരോട് അയാള്‍ പറഞ്ഞു, ഇനി എന്നേക്കാളേറെ ഷോള്‍ഡര്‍ ഫ്ലാപ്പില്‍ നക്ഷത്രങ്ങളും വാളുകളും വടിതടി ആയുധങ്ങളുമേന്തി നടക്കുന്ന ഓച്ചന്മാരെ ഞാന്‍ സലാം വയ്ക്കേണ്ടതില്ലല്ലോ. പോലീസ് മെഡലിന്റെ കാര്യമാണെങ്കില്‍ , കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍ ‘ഭീരു’ എന്ന പദവി നേടിയ മന്നന്മാര്‍ക്കുപോലും ഇന്നത് സുലഭമായി കിട്ടുന്നുണ്ട്. അത് ഞാന്‍ നേടിയാല്‍ എനിക്കെന്താണു മെച്ചം? ഇതിനെല്ലാം പുറമെ എന്റെ അളിയന്‍ ആരംഭിച്ചിരിക്കുന്ന ചെറുകിട വ്യവസായ സ്ഥാപനത്തിന്റെ ജനറല്‍ മാനേജറായി ഞാന്‍ പണിയെടുക്കാന്‍ പോകുകയുമാണ്.

ഇത്രയും കേട്ടപ്പോള്‍ ‘നല്ലത്’ എന്നു ചിലര്‍ പറഞ്ഞു. ‘അബദ്ധം ‘ എന്ന് പലരും പറഞ്ഞു. . സമര്‍ഥനാണെങ്കില്‍ ഒരേയവസരത്തില്‍ പോലീസ് സൂപ്രണ്ടും ജനറല്‍മാനേജരുമായിരിക്കേണ്ടതാണ്. സര്‍ക്കാര്‍ ജോലി കളയാതെ ബിസ്സിനസ്സ് ചെയ്യുന്നവര്‍ എത്രെയെത്ര! പോലീസ് ഉദ്യോഗം നഷ്ടപ്പെട്ടതിനു ശേഷം - തെറ്റ്. നഷ്ടപ്പെടുത്തിയതിനുശേഷം - അയാള്‍ ഒറ്റപ്പാലത്ത് താമസമാക്കി. അവിടെയാണ് ചെറുകിട വ്യവസായസ്ഥാപനം. ഓഡര്‍ലിമാരില്ല. വേണ്ട സാരമില്ല ഷൂസ് സ്വയം പോളീഷ് ചെയ്യേണ്ടി വരുന്നു. അതിനെന്ത് സ്വയം മുഖക്ഷൗരം ചെയ്യുന്നില്ലേ? ആരും തന്നെ ഭയപ്പെടുന്നില്ല. അതിന്റെ ആവശ്യമെന്താണ്? ഇനി വേണ്ടത് ഉല്‍പ്പാദനം. വില്‍പ്പന, ലാഭം എന്നിവയൊക്കെയാണ്. അതിന് ആരും ഭയപ്പെട്ടുകൂടെന്നു മാത്രമല്ല. എല്ലാവരും തന്നെ സ്നേഹിക്കുകയും വേണം. വട്ടക്കണ്ണുകളില്‍ പ്രതിഫലിച്ചത് പബ്ലിക്ക് റിലേഷന്റെ വെളിച്ചമാണ്. ഉഗ്രന്മീശയുടെ പുതിയ വിളവ് സൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി.

ഒരു കാര്യത്തില്‍ മാത്രം ബുദ്ധിമുട്ടുതോന്നി. വേലക്കാരികള്‍

അത് ഈ സ്ഥലത്തിന്റെ കുഴപ്പമാണ്. രണ്ടാഴ്ചയും മൂന്നാഴ്ചയും ജോലിനോക്കിയശേഷം വേലക്കാരികള്‍ സ്ഥലം വിടുന്നത് താന്‍ പോലീസ് വിട്ടതുകൊണ്ടാണോ? അല്ലേയല്ല ചെര്‍പ്പളശ്ശേരിക്കാരി അമ്മിണി മാത്രമാണ് മൂന്നുമാസം അടുപ്പിച്ച് ജോലിക്കു നിന്നത്. വെളുമ്പി കാതരാക്ഷി. മുപ്പത്തഞ്ചായിട്ടും ഇരുപതിന്റെ പ്രസരിപ്പുള്ള പെണ്ണ്. ഇത്രയൊക്കെ ഒരു വേലക്കാരിയിയിലൊന്നിച്ചു കൂടാമോ? ഒരു ദിവസം ചെറുകിടവ്യവസായ സ്ഥാപനത്തില്‍ നിന്നും മടങ്ങുമ്പോള്‍ ഭാര്യ പറഞ്ഞു: ‘ഞാന്‍ അമ്മിണിയെ പറഞ്ഞയച്ചു അത്ര നല്ലവളല്ല .’ പിന്നെ ആരും പറഞ്ഞയച്ചതല്ല എല്ലാവരും സ്വയം പോയി: അല്ലെങ്കില്‍ അതിനുള്ള കാരണങ്ങളുണ്ടാക്കി. കൊതകുറിശ്ശി ബാലാമണി മോഷ്ടിച്ചു അതറിഞ്ഞുവെന്നു വന്നപ്പോള്‍ അവള്‍ സ്ഥലം വിട്ടു. ഷൊര്‍ണ്ണൂര്‍ക്കാരി ശാന്ത കറവക്കാരനുമായി ശൃംഗരിച്ചു. അക്കാര്യം താനറിഞ്ഞെന്നു മനസിലായപ്പോള്‍ അവള്‍ അന്തര്‍ദ്ധാനം ചെയ്തു. അങ്ങനെ ഓരോരോ കാരണങ്ങള്‍ മൂലം അനങ്ങാടി അമ്മുക്കുട്ടിയും പട്ടാമ്പി പാറുവും മുത്തുക്കുറിശ്ശി മാധവിയും തൃക്കടീരി തങ്കവും ലക്കിടി ലക്ഷ്മിയും സ്ഥലം വിട്ടു.

പോലീസിലുള്ള കാലമാണെങ്കില്‍ , പ്രതിയെ അറസ്റ്റുചെയ്തു കൊണ്ടുവരുമ്പോലെ, ഒരുത്തി പോയാല്‍ മറ്റൊരുത്തിയെ പോലീസു കോണ്‍സ്റ്റബിള്‍മാര്‍ ഹാജറാക്കുമായിരുന്നു. മറ്റൊന്നുമറിഞ്ഞുകൂടെങ്കിലും വേലക്കാരികളെ ‘ഐഡിന്റിഫൈ’ ചെയ്യാനും റിക്രൂട്ടു ചെയ്യാനും പ്രാപ്തന്മാരായിരുന്നില്ലേ, റൈട്ടര്‍ കുട്ടന്‍പിള്ളയും ഹേഡ് അവറാന്‍ കുട്ടിയും. ഇപ്പോള്‍ ഇടക്കിടെ വേലക്കാരികളില്ലാതെ വീട് കഴിയേണിവരുന്നു. തൃക്കടീരി തങ്കം പോയശേഷം മൂന്നാഴ്ച കഴിഞ്ഞല്ലേ ലക്കിടി ലക്ഷ്മിയെ കിട്ടിയത്!

ഇത്തരം ‘ബ്രേക്കുകള്‍' വരുമ്പോള്‍ ഭാര്യ കലമ്പുന്നു. താന്‍ ചെറുകിടവ്യവസായസ്ഥാപനത്തിലേക്കു വൈകിയെത്തുന്നു. ഉല്‍പ്പാദനം കുറയുന്നു. ചെറുകിടവ്യവസായികളുടെ ഒരു സെമിനാര്‍ സര്‍ക്കാര്‍ സംഘടിപ്പിച്ചപ്പോള്‍ ‘വ്യവസായത്തിലെ ലാഭവും വേലക്കാരികളുടെ വിക്രസ്സുകളും ‘ എന്ന വിഷയത്തെ അധികരിച്ച് ഒരു പ്രബന്ധം അവതരിപ്പിച്ചാലെന്തെന്നു പോലും അയാള്‍ ആലോചിക്കുകയുണ്ടായി.

വേലക്കാരി റിക്രൂട്ടുമെന്റിന്റെ കാര്യത്തില്‍ ഭാര്യ ഒരു വല്ലാത്ത ‘ ഒണ്‍വുമണ്‍’ സര്‍വ്വീസ് കമ്മീഷനാണ്. ഒരായിരം ക്വാളിഫിക്കേഷന്‍ വിധിച്ചു കളയും. ചെര്‍പ്പുളശ്ശേരിക്കാരി അമ്മിണി പോയതിനു ശേഷം , ക്വാളിഫിക്കേഷന്‍സില്‍ പ്രധാനം ഇതാണ്, വേലക്കാരി ഒന്നുകില്‍ ചെറുതായിരിക്കണം. ( പുഷ്പ്പിണിയായിരിക്കരുതെന്നര്‍ഥം) അല്ലെങ്കില്‍ വളരെ വലുതായിരിക്കണം ( വണ്ണം വേണമെന്നല്ല ; ‘മെനോപാസ്’ കഴിഞ്ഞിരിക്കണമെന്നര്‍ഥം)

സ്വയം റിട്ടയേര്‍ഡ് പോലീസോഫീസര്‍ വലഞ്ഞു.

ഈ യോഗ്യതകളുള്ളവരായിരുന്നു അനങ്ങനടി അമ്മുക്കുട്ടി മുതല്‍പേര്‍ (വളരെ വലുത്)

പക്ഷെ നില്‍ക്കുന്നില്ല

വരുന്നു പോകുന്നു

കുഴപ്പം ഈ ഒറ്റപ്പാലത്തിന്റേതാണ് . പ്രൊഡക്ഷന്‍ കുറഞ്ഞു. സെയിത്സ് കുറഞ്ഞു. ലാഭവും തീരെ കുറഞ്ഞു.

വട്ടക്കണ്ണുകള്‍ ഉരുണ്ടു ഉഗ്രന്‍ മീശ ചലിച്ചു.

അയാള്‍ ഒരു തീരുമാനമെടുത്തു.

തിരുവനന്തപുരത്തു നിന്നും ഒരു റിക്രൂട്ടിനെ തേടിപ്പിടിക്കണം. അവിടെ അനിയനുണ്ട്. അവനാകട്ടെ റിക്രൂട്ടുമെന്റ് ഓഫീസില്‍.

അനിയന് ഉത്തരവുകിട്ടി

അനിയന്‍ ഒരെണ്ണത്തിനെ കണ്ടുപിടിച്ചു

മുടവന്‍ മുകള്‍ മഞ്ജുഭാഷിണി

അനിയന്‍ ചേട്ടന് ടെലിഫോണ്‍ ചെയ്തു

താഴെ പറയും വിധം ഒരു ട്രങ്ക് സംഭാഷണം നടന്നു.

‘’പേരെന്തോന്നാണെന്നാ പറഞ്ഞത്?’‘

‘’മഞ്ജുഭാഷിണി’‘

‘’സിനിമാസ്റ്റാറാണോ?’‘

‘’അല്ല’‘

‘’എക്സ് - സ്റ്റാറോ?’‘

‘’സ്റ്റാറേ അല്ല’‘

‘’തീരെ ചെറുതോ, വളരെ വലുതോ?’‘

‘’വളരെ വലുത്. അമ്പത്താറ്.’‘

ഗുഡ്! അയച്ചേക്ക്.’‘

അങ്ങനെ ‘മ: ഭാഷിണി ‘ ഒറ്റപ്പാലത്തെത്തി. പേര്‍ ചുരുക്കപ്പെട്ടു. ഭാഷിണി എന്ന്. ഭാഷിണിയെ റിട്ടയേര്‍ഡ് പോലീസാഫീസര്‍ക്കും ഭാര്യക്കും വളരെ ഇഷ്ടമായി. അമ്പത്താറാണെങ്കിലും നല്ല ആരോഗ്യം . മൂവായിരത്തിയിരുന്നൂറ് സ്ക്വയറടി മൊസേക്ക് തറ തുടക്കുക, മൂന്നു പശുക്കളെ കറക്കുക, തോട്ടത്തിന് വെള്ളമൊഴിക്കുക, തുണി നനയ്ക്കുക എന്നിവയ്ക്കെല്ലാം കൂടി ഭാഷിണിക്കു വേണ്ടത് മൂന്നേമുക്കാല്‍ നാഴിക. പിന്നെ നല്ല പോലെ പാചകം ചെയ്യാനും തയാറാണ് . ഭാഷിണിക്ക് 'ലെഷര്‍ ടൈം’ഒരു പാട്. അത് ഭക്തി മാര്‍ഗ്ഗത്തിലുപയോഗിക്കുന്നു. മഹാഭാരതം വായിക്കുന്നു. ഗീത വായിക്കുന്നു. കീര്‍ത്തനം പാടുന്നു. സ്വസ്ഥത നിറഞ്ഞ ദിനങ്ങള്‍ മുന്നോട്ടു പോയി.

വരുന്നൂ പുതിയ കണ്ടു പിടുത്തങ്ങള്‍

പഞ്ചസാര ചിലവ് വര്‍ദ്ധിച്ചിരിക്കുന്നു. മുമ്പ് പ്രതിമാസം ഇരുപത്തഞ്ചു കിലോഗ്രാം മതിയാകുമായിരുന്നു.

ഇപ്പോള്‍ അമ്പതു കിലോ

കാപ്പിപ്പൊടി ചിലവ് എട്ടു റാത്തലില്‍ നിന്നും പതിനേഴു റാത്തലായുയര്‍ന്നിരിക്കുന്നു.

ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന പഴവര്‍ഗ്ഗങ്ങള്‍ പൊടുന്നനവെ അന്തര്‍ദ്ധാനം ചെയ്യുന്നു.

അയലത്തെ കുടിലുകളില്‍ താമസിക്കുന്ന കുട്ടികള്‍ കൊഴുത്തു വരുന്നു

ഭാര്യ ഗവേഷണം നടത്തി

ഇതിനെല്ലാം കാരണം ഭാഷിണിയാണെന്നു വന്നു. അവള്‍ അയല്‍ വീട്ടുകാര്‍ക്ക് പഞ്ചസാര, കാപ്പിപ്പൊടി എന്നിവ ദാനം ചെയ്യുകയാണ്. കുട്ടികള്‍ക്ക് സാത്തുക്കുടി, ഓറഞ്ച്, ഗ്രേപ്സ് എന്നിവയും

ഭാഷിണി ചോദ്യം ചെയ്യപ്പെട്ടു

ഉത്തരമൊന്നും പറയാതെ ഭാഷിണി ഗീത വായിക്കാനാരംഭിച്ചു ഇടയ്ക്കിടെ അവള്‍ പിറുപിറുത്തു ‘’എന്നെ വഴക്കു പറയുന്നതെനിക്കിഷ്ടമല്ല’‘

റിട്ടയേര്‍ഡ് ഓഫീസറും ഭാര്യയും കതകടച്ചൊരു കോണ്‍ഫറന്‍സ് നടത്തി ഭാര്യ: ഇങ്ങനെയായാല്‍?

ഭര്‍ത്താവ്: ചെലവല്‍പ്പം കൂടുമെന്നല്ലേയുള്ളു? സാരമില്ല പണിയൊക്കെ ചെയ്യുന്നുണ്ടല്ലോ.

ഭാര്യ: എന്നാലും...

ഭര്‍ത്താവ്: ഇവളേയും പിണക്കി വിട്ടാല്‍ പിന്നെ....? അനിയന്‍ പോലും വിചാരിക്കും . നിനക്ക് വേലക്കാരികളോട് സൗഹാര്‍ദ്ദപൂര്‍വ്വം പെരുമാറാന്‍ അറിഞ്ഞുകൂടെന്ന്

ഭാര്യ: കുറേ നാള്‍ കൂടി നോക്കാം

ഭര്‍ത്താവ്: നല്ലത്.

ഭാഷിണി തുടര്‍ന്നു ജോലി നോക്കി ഗീത വായിച്ചു പഞ്ചസാര കാപ്പിപ്പൊടി മുതലായവ അയല്‍ക്കാരുമായി പങ്കു വച്ചു.

ഒരു ദിവസം തൈരു കടഞ്ഞു കിട്ടിയ വെണ്ണ മുഴുവനുമെടുത്തു കൊണ്ട് ഭാഷിണി റോഡിലേക്കിറങ്ങി. ഒരു തെണ്ടി ചെറുക്കന് വെണ്ണ മുഴുവന്‍ സമ്മാനിച്ചു. ഭാര്യക്കു സഹിച്ചില്ല. ‘ഇതെന്തു കൂത്താണെന്ന്’ ചോദിച്ചപ്പോള്‍ ഭാഷിണി പറഞ്ഞു’‘ എന്നെ ശ്രീകൃഷണന്‍ വിളിച്ചതാ...ആ ചെറുക്കന്‍ ശ്രീകൃഷ്ണന്റെ കൂടെ ഗോകുലത്തില്‍ കളിച്ചു നടന്നവനാ’‘

‘കിറുക്ക്!’ ഭാര്യ ഭര്‍ത്താവിനോടു പിറുപിറുത്തു.

മറ്റൊരവസരത്തില്‍ ഭാഷിണി തന്റെ ഇടതു തുടയിലെ ഒരു നീലഞരമ്പ് പ്രദര്‍ശിപ്പിച്ചുകൊണ്ട് അറിയിച്ചു

'ഇവിടെ എന്താണെന്നറിയാമോ!’

‘ഞരമ്പ്.’

‘അല്ല മഹാവിഷ്ണു.’ കിറുക്ക് മൂത്തിരിക്കുന്നുവെന്ന് ഭാര്യ ഭര്‍ത്താവിനോടു മന്ത്രിച്ചു.

ഈ ഞരമ്പു പ്രദര്‍ശനത്തിന്റെ പിറ്റേന്നാണ് സ്ഥലത്തെ പ്രധാന ജന്മിയായ കുഞ്ചുനെടുങ്ങാടിയുടെ കോല്‍ക്കാരന്‍ റിട്ടയേര്‍ഡാഫീസറുടെ തൊടിയില്‍ എത്തിയത്. കോല്‍ക്കാരന്‍ ഒരു പാമ്പിനെ കണ്ടു ഓടി, പാമ്പും ഓടി അബദ്ധവശാല്‍ കോല്‍ക്കാരന്‍ പാമ്പിനെ ചവിട്ടി. ഭാഗ്യം! കടിച്ചില്ല. ഈ കാഴ്ച കണ്ടു നിന്ന ഭാഷിണി ഭക്തിപുരസ്സരം കോല്‍ക്കാരനെ വണങ്ങിനില്‍ക്കുകയും തൊഴുതുപിടിച്ചു കൊണ്ട് അയാള്‍ക്ക് ചുറ്റും നൃത്തം വയ്ക്കുകയും, അടുക്കളയില്‍ കയറി കാച്ചിക്കുറുക്കി വച്ചിരുന്ന പാല്‍ സമ്മാനിക്കുകയും ചെയ്തു.

ഭാര്യയ്ക്ക് സഹിച്ചില്ല.

‘’ഇക്കാണിച്ചതെന്താ, ഭാഷിണി?’‘

‘’ ഭഗവാന്‍ വന്നിരിക്കയല്ലേ?’‘

‘’ഭഗവാനോ?’‘

‘’ദേ, നോക്കു ‘’ ഭാഷിണി കോല്‍ക്കാരനെ ചൂണ്ടിക്കൊണ്ട് തുടര്‍ന്നു:

‘’ഭഗവാന്‍ കാളീയമര്‍ദ്ദനം കഴിഞ്ഞ് ക്ഷീണിച്ചു വന്നിരിക്കയാ.’‘

ചെറിയൊരു തലവേദന പിടി പെട്ട ഭാര്യ കിടക്കയില്‍ ചെന്നു വീണു.

ചെറുകിട വ്യവസായ സ്ഥാപനത്തില്‍ നിന്നും മടങ്ങിയെത്തിയ ഭര്‍ത്താവിനോട് ഭാര്യ കാളീയമര്‍ദ്ദനത്തെ പറ്റി പറഞ്ഞപ്പോള്‍ അയാള്‍ പൊട്ടിച്ചിരിച്ചു ‘റിയല്‍ മെന്റല്‍ കേസ്! ഉഗ്രന്‍ കിറുക്ക്... ഉം..സാരമില്ല ജോലിയൊക്കെ ശരിക്കു നോക്കുന്നുണ്ടല്ലൊ.’

ഭാര്യ മൂളി ഇടക്കിടെ ഓരോ കിറുക്ക് കാണിക്കുമെങ്കിലും ഒന്നാന്തരമായി പണിയെടുക്കുന്നുണ്ട്. നില്‍ക്കട്ടെ

പക്ഷെ , കിറുക്ക് മറ്റൊരു ‘ഡൈമന്‍ഷ’ നില്‍ വളരുമെന്നാരറിഞ്ഞു? ഒരു ഞായറാഴ്ച

ചെറുകിട വ്യവസായസ്ഥാപനത്തിനവധി

ഭര്‍ത്താവ് കട്ടിലില്‍ വിശ്രമിക്കുന്നു

ഭാര്യ കുളിമുറിയില്‍

അപ്പോളാണ് കണ്ണെഴുതി , പൊട്ടുതൊട്ട് , ലേശം പൗഡറും പൂശി , തലമുടിയില്‍ മുല്ലപ്പൂവുമായി ഭാഷിണി കട്ടിലിലെത്തിയത്. അവള്‍ റിട്ടയേഡ് ഓഫീസറുടെ അരികിലിരുന്നു അവളെ ഗാഢമായി ആശ്ലേഷിച്ചു. ഇക്കാഴ്ച കണ്ടുകൊണ്ടാണ് ഭാര്യ കുളിമുറിയില്‍ നിന്നും മടങ്ങിയെത്തിയത്. ഞെട്ടിപ്പോയി

ചെര്‍പ്പുളശ്ശേരി അമ്മിണി പോലും ചെയ്യാ‍ന്‍ ധൈര്യപ്പെടാത്ത കൃത്യം. ഭാര്യ ഭാഷിണിയെ കടന്നു പിടിച്ചു ‘’എണീക്കടീ ചൂലെ’‘

‘’ഞാന്‍ ചൂലല്ല.’‘

‘’എന്നാല്‍ തുറപ്പ.’‘

‘’ഞാന്‍ രാധയാ.. വൃന്ദാവനത്തിലെ രാധ. ഇതെന്റെ കൃഷ്ണനാ.’‘

ഭാഷിണി , ഭാര്യ കണ്ടു നില്‍ക്കെ , ഭര്‍ത്താവിനെ തഴുകി.

ഭര്‍ത്താവ് വിളറിവെളുത്തിരിക്കുന്നു. പുളയുന്നു, പിടയുന്നു, രാധയുടെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ നോക്കുന്നു.

രാധ വിടുന്നില്ല ‘’കാര്‍വര്‍ണ്ണാ, ഗോകുലബാലാ, കണ്ണാ! ‘’ പര്യായപദങ്ങള്‍ പറയുകയാണവള്‍

ഭര്‍ത്താവ് ഭാര്യയെ നിസ്സഹായയായി നോക്കി

‘’കിറുക്കാ!’‘ അയാള്‍ മന്ത്രിച്ചു

‘’ഈ കിറുക്കിവിടെ വേണ്ട.’‘ ഭാര്യ ഭാഷിണിയെ പിടിച്ചു വലിച്ചു താഴേക്കിട്ടു.

ഭാഷിണി ഗീതയുമായി ഒരു മൂലയില്‍ ചെന്നിരുന്നു.

ഭാര്യ ഭര്‍ത്താവിനെ നേരിട്ടു: ‘’ഇതെന്തു കൂത്താ?’‘

‘’ഇത്... കിറുക്കാ’‘

‘’ ഈ കിറുക്ക് നിങ്ങള്‍ക്കിഷ്ടമാണെന്നു തോന്നുന്നല്ലോ.’‘

‘’ ഛെ..ഛേ..!

‘’ഇവളെ ഇന്നിവിടെ നിന്നിറക്കണം’‘

‘’അപ്പോള്‍ വേലക്കാരി പ്രശ്നം?’‘

‘’ഒരു വേലക്കാരിയും വേണ്ട എല്ലാം ഞാന്‍ നോക്കിക്കൊള്ളാം’‘

ഭാഷിണി സംഭാഷണം കേട്ടിരുന്നു അവള്‍ എഴുന്നേറ്റു . ഒരു സഞ്ചിയില്‍ തന്റെ ഭൗതിക സമ്പത്തുക്കളായ രണ്ടു തോര്‍ത്ത്, മൂന്ന് മുണ്ട്, രണ്ട് ബ്ലൗസ് എന്നിവ നിക്ഷേപിച്ചു . എന്നിട്ടൊറ്റ നടത്തം - ഗേറ്റിലേക്ക്

‘’അവള്‍ പോകുന്നു’‘ ഭര്‍ത്താവ് പറഞ്ഞു

‘’പോട്ടെ’‘

മുവായിരത്തില്‍ പരം ചതുരശ്രയടി മൊസേക്ക് തറ, മൂന്നു പശു, തോട്ടം , പാചകം , വീട്ടുപണിയുടെ വിവരണത്തിലേക്ക് ഭര്‍ത്താവു കടന്നു.

ഭാര്യ നിമിഷനേരം മിണ്ടിയില്ല പിന്നെ ഒറ്റപ്പാച്ചില്‍ ഗേറ്റിലേക്ക് ‘’ഭാഷിണി നീ എങ്ങോട്ടാ പോകുന്നത്?’‘

‘’വൃന്ദാവനത്തിലേക്ക്’‘

‘’എന്തിന്?’‘

‘’കൃഷ്ണനെ കാണാന്‍’‘

‘’കൃഷ്ണന്‍ ഇവിടെയുമുണ്ടല്ലോ‘’

‘’എവിടെ?’‘

‘’അകത്ത് കട്ടിലില്‍’‘

‘’പക്ഷെ, എന്നെ അടുത്തു ചെല്ലാന്‍ സമ്മതിച്ചില്ലല്ലോ?’‘

‘’ഇനി സമ്മതിക്കാം.’‘

ഭാഷിണി മന്ദസ്മിതപൂര്‍വ്വം മടങ്ങി വന്നു

അന്നു രാത്രി ഭാര്യയും ഭര്‍ത്താവും കിടപ്പറയില്‍ വച്ച് താഴെപ്പറയും വിധം സംസാരിച്ചു

ഭാര്യ: വീട്ടുജോലി നടക്കണമല്ലോ...

അതാണ് ഞാനവളെ തിരിയെ വിളിച്ചത്.

ഭര്‍ത്താവ്: എന്നാലും അവള്‍ എന്നേക്കേറി പിടിക്കാന്‍ വന്നാല്‍...

ഭാര്യ്: വന്നാലെന്താ? അമ്പത്താറായില്ലേ?

ഭര്‍ത്താവ്: അതെ, വളരെ നല്ലത്.

ഭാര്യ: നിങ്ങള്‍ കുഴപ്പക്കാരനല്ലെന്നെനിക്കറിയാം

ഭര്‍ത്താവ്: താങ്ക് സ്

ഭാര്യ: വല്ലപ്പോഴും നിങ്ങളുടെ അരികില്‍ വന്നിരുന്നിട്ടു പോട്ടെ

ഭര്‍ത്താവ്: അയ്യോ!

ഭാര്യ: എന്തോന്നയ്യോ! സാരമില്ലന്നേ.

ഭര്‍ത്താവ്: അവളെ കട്ടിലില്‍ നിന്നിറക്കിയ നീയാണോ ഇപ്പോഴിങ്ങനെ പറയുന്നത്!

ഭാര്യ: ഒരു ‘റീയലിസ്റ്റിക് അപ്രോച്ച് ‘ സ്വീകരിച്ചെന്നേയുള്ളു

ഭര്‍ത്താവ്: എന്നാലേ ഒരു ചന്ദന സോപ്പ് അവള്‍ക്ക് കൊടുക്കണം

ഭാര്യ: വൈ?

ഭര്‍ത്താവ്: നാറ്റം വളരെ റിയലാണല്ലോ എന്നെക്കടന്നു പിടിച്ചാല്‍ സഹിച്ചോളാം ... പക്ഷെ നാറ്റം!

മലയാറ്റൂര്‍ രാമകൃഷ്ണന്‍




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.