പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

കണ്ണാടിപുരാണം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സോണിയ റഫീക്ക്‌

രംഗം 1

ദേ വരുന്നു സുമ ബസ്... എന്റെ കളരി പരമ്പര ദൈവങ്ങളെ കാത്തുകൊള്ളണേ...... ഒരു നാലാം ലോക മഹായുദ്ധത്തിനുള്ള പടയണി തയാറായി നില്‍പ്പുണ്ട്. തോളിലേന്തിയ ഹാന്‍ഡ് ബാഗ് ഒന്നുകൂടി തോളിലേക്കു വലിച്ചു കയറ്റി. ( പരമാവധി മുറുക്കി പിടിച്ചിട്ടുണ്ട് തസ്ക്കര മഹാന്മാരുടെ ഭൂമിയല്ലേ) യുദ്ധത്തില്‍ ഏകദേശം ജയിക്കാന്‍ പാകത്തിനു സ്കോര്‍ചെയ്തു നില്‍ക്കുമ്പോളാണ് കിളി അണ്ണന്റെ തൊള്ള പൊട്ടല്‍ ശ്രദ്ധിച്ചത്.

‘’ കൊടകര കൊടകര.... പോന്നോളീ...’‘

ഏഹ്ഹ്!!!!! ബസ് മാറി ....!!!! അല്ല മാറിയില്ലല്ലോ, വാതിലും ജനലും ഇല്ലാത്ത വിശാലഹൃദയ ആയ സുമ ബസ് അല്ലെ ഇത്, പള്ളയില്‍ നിന്ന് പുറത്തു ചാടി നില്‍ക്കുന്ന സ്പ്രിംഗും വയറും എല്ലാം അങ്ങനെ തന്നെ ഉണ്ടല്ലോ!!! ഒന്നു കൂടി ബോര്‍ഡ് നോക്കി .....എന്റെ വ്യാകുലമാതാവേ പഹയന്മാര്‍ റൂട്ട് മാറ്റിയിരിക്കുന്നു ...

ജീവിതഭാരം ഒന്നു കൂടി തോളിലേക്ക് വലിച്ചു കയറ്റി യുദ്ധത്തില്‍ തോറ്റ ഇളിഭ്യതയോടെ വീണ്ടും കാത്തുനില്‍പ്പുകാരുടെ കൂട്ടത്തില്‍ ഇടം പിടിച്ചു. എന്നാലുമെന്റെ സുമ ബസ്സേ .... നീ പണി പറ്റിച്ചു കളഞ്ഞല്ലോ നാളെ ആവട്ടെ ബോര്‍ഡ് നേരാംവണ്ണം വായിച്ചിട്ടേ കരാട്ടയ്ക്ക് ഇറങ്ങാവൂ.

രംഗം 2

അടുത്ത ദിവസം രാവിലെ ഭാണ്ഡവും തൂക്കി ഇറങ്ങി

വരണുണ്ട് വര്‍ണ്ണ ശബളമായ ഒരു ശകടം .... എന്താ ബോര്‍ഡ് .. ഹോ തിരിയുന്നില്ലല്ലോ... ഇവന്മാര്‍ക്ക് മനുഷ്യന്മാര്‍ക്ക് വായിക്കാന്‍ പരുവത്തില്‍ എഴുതാന്‍ മേലേ .. ഏതായാലും കിളിയണ്ണന്മാര്‍ ഉള്ളോണ്ട് ബോര്‍ഡ് വായിച്ചു മിനക്കടേണ്ട . തൊള്ള പൊട്ടി അത് കരളും കുടലും ചാടി പുറത്തു വന്നാലും അണ്ണന്മാര്‍ വിളി നിര്‍ത്തില്ല.

ഈ യാത്ര എന്നവസാനിക്കുമെന്ന് ഉള്ള വ്യാധി അധികം നീളാതെ തീര്‍ന്നു. ഗള്‍ഫിലേക്കുള്ള ഫാമിലി വിസ തരപ്പെട്ട നിമിഷം

സുമബസ്സിനോടു വിട പറഞ്ഞ് പറന്നകന്നു.

രംഗം 3

മരുഭൂമിയിലെ ഒരു സായാഹ്നം

ഇതെന്താ മുകേഷിന് ഒരു ഏനക്കേട് ? ആകപ്പാടെ കടിച്ചു പറിച്ച പോലുണ്ടല്ലോ... വായും പൊളിച്ചു ടി വി യുടെ ഉള്ളിലേക്കു കയറാന്‍ തയ്യാറായി ഇരിക്കുന്ന കണവനോട് തട്ടിക്കേറി .’‘ എന്ത് ടി വി യാ മനുഷ്യാ വാങ്ങി വെച്ചേക്കുന്നേ? മുകേഷ് ആണോ മാമുക്കോയ ആണോ എന്നു പോലും അറിയാന്‍ മേലല്ലോ...’‘ ‘’ മുകേഷിന് ഒരു ഏനക്കേടുമില്ല. നല്ല വടുക്ക് ശുടുക്കായ് നില്‍ക്കുന്നു’‘ കണവന്റെ തിരിച്ചടി. എന്നാപിന്നെ കുട്ടിസ്രാങ്കിനോട് ചോദിച്ചു കളയാം. .. ഉയ്യോ... കുട്ടിസ്രാങ്കിനും നന്നായി കാണുന്നുണ്ടെന്നാണല്ലോ പറയുന്നത്. .... മാതൃ ഹൃദയം ഒന്നു പിടഞ്ഞു. ...ഒന്നല്ല പടപടാന്ന് പെടഞ്ഞു.

പിന്നെ അങ്ങോട്ട് പരീക്ഷണങ്ങളുടെ ദിനങ്ങള്‍ ....

തൊട്ടടുത്ത് കോണ്‍ക്രീറ്റ് വനത്തിന്റെ ബോര്‍ഡ് വായിക്കാന്‍ ഒരു ശ്രമം....എന്റീശ്വരാ ഒന്നും കാണുന്നില്ലല്ലോ... പോക്കടിച്ചൊ?? നല്ല 500 വാട്ട് ബള്‍ബ് കത്തി നില്‍ക്കണ പോലെ രണ്ടു ഒതളങ്ങ കണ്ണ് ആണല്ലോ അടിച്ചു ഫ്യൂസ് ആയത് ....ഇതെങ്ങനെ താങ്ങും!! ഉത്കഠാകുലനായ കണവന്‍ ഞൊടിയിടയില്‍ ഡോക്ടര്‍ നയനാംബുജനെ കാണുവാന്‍ തീരുമാനമായി

രംഗം 4

നയനാംബുജന്‍ ചാഞ്ഞും ചരിഞ്ഞും ഇരുന്നും കിടന്നും പരിശോധനയിലാണ്. യന്ത്രവല്‍ക്രിതമായ ആധുനിക കണ്ണ് പരിശോധനശാല എന്നില്‍ ഒരു ആറ്റംബോബ് നിര്‍മ്മാണശാലയുടെ പ്രതീതി ഉണര്‍ത്തി. വിവിധതരം പ്രകാശങ്ങള്‍ കണ്ണിലടിച്ച് ഒരു ഭൂത കണ്ണാടിയില്‍ കൂടി അറബിക്കടലില്‍ മുങ്ങിതപ്പി കക്ക വാരുന്ന പയ്യന്മാരെ പോലെ നയനന്‍ തപ്പി. വിദൂരതയില്‍ ഒരു ബോര്‍ഡും അതില്‍ കുറെ ആംഗലേയ അക്ഷരങ്ങളും പ്രത്യക്ഷപ്പെട്ടു. പത്താം ക്ലാസ്സില്‍ പോലും ഇത്ര തീവ്രമായ പരീക്ഷ നേരിട്ടിട്ടില്ല. എന്റെ അജ്ഞത വീണ്ടും വീണ്ടും കണ്ടു സഹികെട്ട കുട്ടിസ്രാങ്ക് നയനാംബുജന്റെ കണ്ണ് വെട്ടിച്ച് അക്ഷരങ്ങള്‍ എനിക്ക് അടക്കം പറഞ്ഞു തരുന്നുണ്ട് പ്രൈമറി സ്കൂളില്‍ പോലും കോപ്പി അടിച്ചു ശീലമില്ലാത്തതിനാല്‍ കുട്ടിസ്രാങ്കില്‍ന്റെ സഹായം ഞാന്‍ നിര്‍ദ്ദയം തിരസ്ക്കരിച്ചു. ആലോചനമഗ്നനായ നയനാംബുജന്‍ നീണ്ട സമാധിയില്‍ ഇരിക്കുന്ന കണ്ടു കണവന്‍ വ്യാകുലനായി

‘’ ഡോക്ടറെ എന്നതാ കൊച്ചിന് കൊഴപ്പം?’‘

സമാധിയില്‍ നിന്ന് ഞെട്ടി ഉണര്‍ന്ന നയനു ‘’ വേറെ ആരേലും കാണിച്ചോ?’‘ ‘’ഇല്ലല്ലോ’‘

‘’ ഈയിടെ നാട്ടിലെങ്ങാനും പോകുന്നുണ്ടോ?’‘ നയനന്‍

''എന്നതാ ഡോക്ടറേ'' വിഷണ്ണ കണവന്‍

''അല്ല കൊള്ളാവുന്ന വല്ലോരേം കാണിക്കാണേല് കാണിച്ചോളാനാണേ'' നയനന്‍

‘’അപ്പോ കണ്ണാടി വെക്കണോ?’‘

‘’വേണേല്‍ വെച്ചൊ’‘

‘’അപ്പോ വേണ്ടെങ്കിലോ?’‘

‘’വെക്കണ്ട’‘

നീണ്ട നിശബ്ദത... ലോകാ സമസ്താ സുഖിനോ ഭവന്തു...

നയനാംബുജന്റെ വിക്രിയകളില്‍ മനം മടുത്ത കണവന്‍ വിളറി പിടിച്ചു നാടിനേയും നാട്ടാരേയും കിടുക്കി വിറപ്പിച്ചു എന്തെല്ലാമോ കാട്ടിക്കൂട്ടി. നിമിഷങ്ങള്‍ക്കകം എന്റെ അന്ധവാര്‍ത്ത രാജ്യം വിട്ട് അന്യ രാജ്യങ്ങളിലേക്കും വ്യാപിച്ചു. അതായത് കണവന്റെ ആകുലത നാട്ടിലുള്ള കുടുംബക്കാരിലേക്കും പകര്‍ന്നു നല്‍കി എന്നര്‍ഥം.

അന്ധത നിവാരണ യജ്ഞം മറ്റൊരു ആഴ്ച്ച കൂടി പിന്നിട്ടു....

രംഗം 5

ഡോക്ടര്‍ നയാംബരിയുടെ മുന്നില്‍ കണ്ണും നട്ട് ഇരിപ്പുറപ്പിച്ചു. ....ന്നയാംബരിക്ക് അധികം സമാധി ഇരിക്കേണ്ടി വന്നില്ല. ഉടന്‍ തന്നെ ഒരു തീരുമാനത്തില്‍ എത്തി....

‘’ ഈ കണ്ണ് ജനിച്ചപ്പഴേ ഇങ്ങനാ...’‘

‘’അതെങ്ങനാ ഡോക്ടറെ.. ഇത്രയും നാളും ആകാശത്തു കൂടി പോകുന്ന പ്ലെയിനിന്റെ ബോര്‍ഡര്‍ വായിച്ച കണ്ണല്ലേ‘’?

‘’ ആഹാഹ്ഹാ എന്നതാണേലും കണ്ണാടി വെക്കാനല്ലേ വന്നെ, ഒരണ്ണം വച്ചൊ ഒരു ചെയിഞ്ചിന്’‘

‘’വെച്ചാല്‍ മാറുവോ’‘? വ്യാകുല കണവന്‍

‘’മാറുമോന്നു ചോദിച്ചാ തല്‍ക്കാലം ഒന്നും പറയാറായിട്ടില്ല’‘

പകുതി സംതൃപതിയടഞ്ഞ കണവന്‍ കുതിച്ചു കണ്ണാടിക്കടയിലേക്ക് ...കണ്ണാടി നന്നായാല്‍ ചങ്ങാതി വേണ്ടല്ലോ.... അതുകൊണ്ട് നല്ല ഒരെണ്ണം തന്നെ ഇരിക്കട്ടെ എന്ന് കരുതി.

മാതാവിന് പുതിയ ഒരു ആഭരണം കിട്ടിയ സന്തോഷത്തില്‍ കുട്ടിസ്രാങ്കിന്റെ ഹൃദയത്തില്‍ ആഹ്ലാദത്തിരകള്‍ അലയടിച്ചു. ആ അലകള്‍ ഒരു പകര്‍ച്ചവ്യാധി പോലെ പടര്‍ന്ന് കണവനിലും അടിച്ചു....പിന്നെ എനിക്കെന്താ പണി... അതേ അലകള്‍ എന്നിലും ആഞ്ഞാഞ്ഞടിച്ചു. ....

സോണിയ റഫീക്ക്‌


E-Mail: soniarafeek@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.