പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

പറയൂ സുഹൃത്തേ.....

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ.കെ.പല്ലശ്ശന

ഏറെ പ്രതീക്ഷകളോടെയാണ്‌ അയാൾ ആ വഴിയിലേയ്‌ക്കു കാലെടുത്തുവെച്ചത്‌.

വലതുവശം ചേർന്ന്‌ വഴിവാണിഭക്കാരുടെ പ്രലോഭനങ്ങളിലൊന്നും വീഴാതെ വളരെ കരുതലോടെ അയാൾ നടന്നു.

അല്‌പദൂരം ചെന്നപ്പോൾ ഒരുകൂട്ടം പൊടിമീശക്കാർ വഴിയോരത്തുകിടന്നിരുന്ന ഉന്തുവണ്ടിയിൽ കയറിനിന്ന്‌ ഉറഞ്ഞുതുള്ളുന്നതു കണ്ട്‌ അയാൾ അന്തംവിട്ടുനിന്നു.

അവർ ഉന്തുവണ്ടിയിലേയ്‌ക്ക്‌ അയാളേയും ക്ഷണിച്ചു.

“സുഹൃത്തേ, വെറുമൊരു കാഴ്‌ചക്കാരനാവാതെ ഞങ്ങളോടൊപ്പം വന്നുതുള്ളുക.”

അവർക്കു മുഖം കൊടുക്കാതെ അയാൾ വേഗം അവിടെനിന്നും നടന്നു. പക്ഷേ, അധികദൂരം ചെല്ലുന്നതിനുമുമ്പ്‌ അതിലും വലിയൊരു കാഴ്‌ചയ്‌ക്കുമുന്നിൽ അയാളുടെ കാലുകൾ നിശ്ചലമായി.

വഴിമധ്യത്തിൽ നിരത്തിയിട്ടിരിക്കുന്ന ഒരു കാളവണ്ടിയുടെ മുകളിൽ അർദ്ധനഗ്നരായി കുറച്ചുപേർ വളഞ്ഞുകുത്തി നിൽക്കുകയാണ്‌.!

“വന്നാലും.... വന്നാലും” - അയാളുടെ പേരെടുത്തുവിളിച്ചുകൊണ്ട്‌ അവരിൽ ഒരാൾ ക്ഷണിക്കുകയാണ്‌.

ആ ശബ്‌ദം അയാൾ തിരിച്ചറിഞ്ഞു. ഏറെക്കാലം കൂടെയുണ്ടായിരുന്ന ആ സുഹൃത്തിന്റെ സമീപത്തേയ്‌ക്ക്‌ അയാൾ അമ്പരപ്പോടെ ചെന്നു.

“ഇതെന്തു കഥ!” - കാവടിയായി നിൽക്കുന്ന സുഹൃത്തിന്റെ ചെവിയിൽ അയാൾ ആശ്ചര്യപ്പെട്ടു.

“ഇതാണ്‌ കഥ. അതുമിതും ആലോചിച്ച്‌ അവസരം പാഴക്കാതെ വേഗം കേറി വരൂ സുഹൃത്തേ.”

അയാൾ അവിടെനിന്നും ഓടുകയാണുണ്ടായത്‌.

വളഞ്ഞുകുത്തിനിലക്കുന്നവരിൽ നിന്നും ഒരു കൂട്ടച്ചിരി അയാളെ അനുഗമിച്ചു.

“ഇവനൊന്നും എവിടെയും എത്താൻ പോകുന്നില്ലാ”

ഓടിത്തളർന്ന അയാൾ ചെന്നുനിന്നത്‌ വഴിയിൽ വിലങ്ങനെ നിർത്തിയിട്ടിരിക്കുന്ന ഒരു ലോറിക്കുമുന്നിലായിരുന്നു. അതിലെ കാഴ്‌ചകൾ അയാളെ കുറച്ചൊന്നുമല്ല പിടിച്ചുലച്ചത്‌.

അതേ, ലോറിക്കുമുകളിൽ ഒരു കാളവണ്ടി. കാളവണ്ടിക്കുമേൽ ഒരുന്തുവണ്ടി. ഉന്തുവണ്ടിയിൽ പൂർണനഗ്നരായി തലകുത്തിനിൽക്കുന്ന നാലഞ്ചുപേർ.!

അവർ കൂട്ടത്തോടെ അയാളെ സ്വാഗതം ചെയ്‌തു.

“സുഹൃത്തേ, നിങ്ങൾ ബുദ്ധിമാനാണ്‌ പഴഞ്ചൻമാരുടെ പ്രലോഭനങ്ങളിലൊന്നും വീഴാതെ ഇവിടം വരെയെത്തിയല്ലോ. സമയം കളയാതെ കയറി വറൂ.”

അയാൾ ചുറ്റും നോക്കി. കാഴ്‌ചക്കാരായി ഒരാൾക്കൂട്ടം തന്നെ അവിടെയുണ്ട്‌. തലകുത്തിനിൽക്കുന്നവരിൽ ആർക്കാണ്‌ പെരും കാലുള്ളതെന്ന തർക്കത്തിലായിരുന്നു അവർ.

അവരിൽ ഒരാൾ അയാളോടു അഭിപ്രായം ചോദിച്ചു.

“പറയൂ സുഹൃത്തേ, ഇവരിൽ ആർക്കാണ്‌....?”

കെ.കെ.പല്ലശ്ശന

ആലുംപാറ,

പല്ലശ്ശന പി.ഒ,

പാലക്കാട്‌.

678 505
Phone: 9495250841
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.