പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

നിറഞ്ഞ മാറിനും ഹൃദയത്തിനുമിടയിൽ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ദീപ ഡി.എ

കഥ

നൂൽപ്പാലങ്ങൾ ഉണ്ടാക്കുക. അതിലൂടെ ഉറുമ്പുകളെ കടത്തിവിടുക. രണ്ട്‌ തലയ്‌ക്കൽനിന്നും കറുത്ത ഉറുമ്പുകളും ചുവന്ന ഉറുമ്പുകളും. ഉറുമ്പുകൾ നൂലിൽകൂടി അങ്ങോട്ടുമിങ്ങോട്ടും ഓടും. നിൽക്കും. നടക്കും. വഴുതിവീഴാതെ പിടിച്ചിരിക്കും. ഉറുമ്പുകൾ നൂലിൽതന്നെ കണ്ടുമുട്ടും, കൂട്ടിമുട്ടും, ചുണ്ടുകൾ ഉരസും, ആലിംഗനത്തിൽ ഏർപ്പെടും, കണ്ണീർ പൊഴിക്കും, ഫിറോമോൺ പൊഴിക്കും അതൊക്കെ നൂലിൽ പറ്റിപ്പിടിക്കും. ഫിറോമോൺ മണപ്പിച്ച്‌ മണപ്പിച്ച്‌ ഉറുമ്പുകൾ വീണ്ടും നടക്കും, ഓടും, നിൽക്കും...

നൂൽപ്പാലത്തിന്‌ താഴെ വെളളം. വെളളത്തിന്‌ അലൂമിനിയത്തിന്റെ നിറം. അലൂമിനിയത്തിന്‌ വെളളത്തിന്റെ നിറവും. വെളളത്തിൽ ഓളങ്ങൾ. ഒന്നാം ഓളം തീർന്നപ്പോൾ രണ്ടാം ഓളം. ഓളങ്ങൾക്ക്‌ നടുവിൽ വിരൽ വിരലിനു നിറം താമരപ്പൂവിന്റെ ചെമപ്പ്‌.

നൂൽപ്പാലത്തിനെ താങ്ങി നിർത്തിയിരിക്കുന്നത്‌ മുളയീർക്കിലുകൾ. മുളയീർക്കിലുകൾക്ക്‌ നിറം മഞ്ഞ. വെളളത്തിന്റെ ഇരുവശത്തും രണ്ട്‌ മുളയീർക്കിലുകൾ. മുളയീർക്കിലുകളെ ബന്ധിപ്പിക്കുന്നത്‌ നൂൽപ്പാലം, നൂലിന്‌ നിറം കറുപ്പ്‌. കറുപ്പ്‌ നൂല്‌ പൊട്ടിച്ചെടുത്തത്‌ രാധാന്റിയുടെ തയ്യൽ മെഷീനിൽ നിന്ന്‌. മെഷീനിൽ വെളുത്ത നൂലും ചുറ്റിവച്ചിട്ടുണ്ട്‌. അത്‌ പൊട്ടിച്ച്‌ രണ്ടാമത്തെ നൂൽപ്പാലം കെട്ടണം. വെളളത്തിന്‌ മീതെ മുളയീർക്കിലുകൾ അനങ്ങാനെ നൂലുകളും നിറങ്ങളും മുളയീർക്കിലുകളും കണ്ണാടിക്കാരിയുടെ മുഖത്ത്‌ ആകാശം വിരിയിച്ചു. മുഖം ആകാശം. നീല ആകാശം. മാറിവെളുത്ത ആകാശം. സ്വർണ്ണാകാശം. അതും മാറി ഇപ്പോൾ കറുത്ത ആകാശം.

“കിളി നീ എന്തെടുക്കുവാ അവിടെ?”

അടുക്കളയിൽ നിന്നും ചോദ്യം മുറിക്കുളളിലേക്ക്‌. മുറിയുടെ നിറം ക്രീം. മുറിയിൽ ജനാല. ജനാലയ്‌ക്ക്‌ കർട്ടൺ. കർട്ടന്റെ നിറം ലൈറ്റ്‌ വയലറ്റ്‌. ജനാലയ്‌ക്കരികിൽ കിളിച്ചുണ്ടൻ മാവ്‌. മാവിന്റെ ഇലകൾക്ക്‌ നിറം പച്ച. പച്ച ഇലകൾക്കിടയിലുളള കുറെ ഇലകളുടെ നിറം മഞ്ഞ. മാവിലൊരു കൂട്‌. തൂക്കണാം കുരുവിയുടെ കൂട്‌. കൂട്ടിനുളളിൽ രണ്ട്‌ കുഞ്ഞുങ്ങൾ. കുഞ്ഞുങ്ങൾ ജനാലയെ നോക്കി ശബ്‌ദിക്കും. അപ്പോൾ കിളി ജനാലക്കരികിൽ എത്തും. താഴേക്ക്‌ നോക്കും. തൂക്കണാം കുരുവിയുടെ കുഞ്ഞുങ്ങൾ വാ പൊളിച്ച്‌ കിളിയെ നോക്കും. അവ കീ...കീ...എന്ന ശബ്‌ദം ഉണ്ടാക്കും. അച്‌ഛൻ കിളിയും അമ്മക്കിളിയും എവിടെ നിന്നോ പറന്നുവരും. കുഞ്ഞുങ്ങളെ താലോലിക്കും. പിന്നേയും പറന്നുപോകും.

മാവിന്റെ അപ്പുറത്ത്‌ ചെമ്പകം. ചെമ്പകം മുഴുവൻ പൂത്ത്‌ നിൽക്കുന്നു. കാലം തെറ്റിപൂക്കുന്ന ചെമ്പകം. ചെമ്പകത്തിന്റെ ഒരു കൊമ്പിൽ ചെമ്പോത്ത്‌. അവൾ എന്നും ജനാലയെ നോക്കി കുറേ നേരമിരിക്കും. കിളിയെ കണ്ടുകഴിഞ്ഞാൽ പറന്നുപോകും. ചെമ്പോത്ത്‌ കിളിയുടെ സ്‌നേഹിതയാണ്‌. പേര്‌ നീര. ചെമ്പോത്തിന്റെ ചെമന്ന കണ്ണുകൾ ചെമ്പകപൂക്കളുടെ കൂടെ ചേർന്നിരിക്കുമ്പോൾ കിളിയുടെ കണ്ണിലും ചെമപ്പ്‌.

ചെമപ്പ്‌ കളറാണ്‌ കിളിക്കിഷ്‌ടം. ചെമപ്പ്‌ എന്നുപറഞ്ഞാൽ അപകടത്തിന്റെ നിറമാണ്‌. അഭിചാരത്തിന്റെ നിറമാണ്‌. രക്തത്തിന്റെ നിറമാണ്‌.

ഹാൻഡ്‌ ചെമപ്പ്‌ വസ്‌ത്രങ്ങൾ അവളുടെ താമരപ്പൂ നിറമുളള ശരീരത്തിൽ ഒട്ടിച്ചേർന്ന്‌ കിടക്കുമ്പോൾ പലരും കണ്ണുകൾ വിടർത്തിയിട്ടുണ്ട്‌. തിരിഞ്ഞ്‌ നോക്കിയിട്ടുണ്ട്‌. ടൈറ്റായ ചെമന്ന ചുരിദാർ അവളെ കൂടുതൽ ആകർഷകമാക്കി. ദേവീമുഖമാണ്‌ കിളിക്കപ്പോൾ കൈവരിക. ചുരിദാറിൽ ഓരോ ദിവസവും വരുന്ന മാറ്റങ്ങൾ അവൾ ഉൾക്കൊണ്ടിരുന്നു. ഇരുവശവും പരമാവധി സ്ലിറ്റാക്കി കാറ്റടിച്ചാൽ ഉയർന്ന്‌ പൊങ്ങുന്ന ചുരിദാർ ടോപ്പ്‌. പിടിച്ചുകൊണ്ടുനടക്കാൻ പലപ്പോഴും കിളി ബദ്ധപ്പെട്ടിരുന്നില്ല. കാരണം കാറ്റ്‌ അവളുടെ കൂട്ടുകാരിയായിരുന്നു. ഒരുകൂട്ടം കുട്ടിക്കാറ്റുകൾ എപ്പോഴും അവളുടെ കൂടെയായിരുന്നു. അതിലൊരു തെമ്മാടിക്കാറ്റുണ്ടായിരുന്നു. അവളാണ്‌ കിളിയോട്‌ പറഞ്ഞത്‌ “നിനക്ക്‌ വിവാഹപ്രായമായെന്ന്‌.”

തെമ്മാടിക്കാറ്റ്‌ അവളോട്‌ കൂട്ടുകൂടിയത്‌ മൈസൂർ പാലസിൽ വച്ചാണ്‌. അവളുടെ പേര്‌ ശരിപുത്രി. ഔഡയാർ രാജകുമാരി കൃഷ്‌ണംബയുടെ ചിത്രത്തിനരികിൽ ഒളിച്ചുനിൽക്കുകയായിരുന്നു അവൾ. കൃഷ്‌ണംബയുടെ മുഖത്ത്‌ കുറേ പൊടിയുടെ അംശം പിടിച്ചിരുന്നു. കിളി കൃഷ്‌ണംബയുടെ മുഖത്ത്‌ തൊട്ടപ്പോൾ താമരനിറമുളള വിരലുകളിൽ വട്ടത്തിൽ പൊടി പരന്നു. ഒരു കോസ്‌റ്റ്യൂം പൊട്ടുപോലെ കറുത്ത നിറത്തിൽ.

ശരിപുത്രിയാണ്‌ കിളിക്ക്‌ പിന്നീട്‌ മൈസൂർ കൊട്ടാരം മുഴുവൻ കാണിച്ചുകൊടുത്തത്‌. തിരിച്ചുപോരാൻ തുടങ്ങിയപ്പോൾ ബസിനകത്തും അവൾ നിൽക്കുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ശരിപുത്രി കിളിയുടെ മടിയിൽ ചെന്നിരുന്നു. വീട്ടിലെത്തിയപ്പോൾ മുറിക്കകത്തും നിൽക്കുന്നു. കിളി വസ്‌ത്രം മാറുന്നത്‌ അവൾ ഒളിഞ്ഞിരുന്നു കണ്ടു. അങ്ങനെയാ തെമ്മാടി എന്ന പേര്‌ ശരിപുത്രിക്ക്‌ കിട്ടിയത്‌. മറ്റെല്ലാ കുട്ടിക്കാറ്റുകളും പുറത്തുപോകുമ്പോൾ ശരിപുത്രി മാത്രം മുറിയിലെ ചന്ദന പ്രതിമയോട്‌ ചേർന്നിരുന്ന്‌ കിളിയോട്‌ വർത്തമാനം പറയും. കിളി കേട്ടിരിക്കും. അത്ഭുതങ്ങൾ പറയും. കിളി ആ ലോകത്ത് പോകും. തൂക്കണാം കുരുവികളുടെ ശബ്‌ദം കേൾക്കുമ്പോൾ തിരിച്ചുവരും. ശരിപുത്രി ഇപ്പോൾ കിളിയുടെ മടിയിലിരുന്നാണ്‌ കിളിക്ക്‌ വിവാഹപ്രായമായെന്ന്‌ പറഞ്ഞത്‌.

“പോ ദൂരെ” കിളി ശരിപുത്രിയെ വഴക്കു പറഞ്ഞു. ശരിപുത്രി ചിരിച്ചു. ചന്ദനപ്രതിമയുടെ പിറകിലേക്ക്‌ വലിഞ്ഞു. ചന്ദനപ്രതിമ മുറിയിൽ വച്ചിരിക്കുന്നത്‌ ഐശ്വര്യത്തിനാണ്‌. മുറിയിൽ എപ്പോഴും സുഗന്ധമായിരിക്കും. ചന്ദനപ്രതിമയുടെ കണ്ണുകൾ കാമുകക്കണ്ണുകളാണ്‌. വല്ലാത്ത നോട്ടം. കൊതിപിടിച്ച കണ്ണുകൾ. ചിലപ്പോൾ ദാഹിക്കുന്നു എന്നു പറയും. ഇടയ്‌ക്കിടെ ചുണ്ടുകൾ ചലിപ്പിക്കാറുണ്ട്‌. അതുകണ്ട്‌ കിളി ചിരിച്ചു. ചന്ദന നിറമുളള ചുണ്ടിൽ അവൾ പാലൊഴിച്ചു കൊടുത്തു. പാൽ ശരിപുത്രിയുടെ പുറത്ത്‌ വീണത്‌ മിച്ചം.

ഇരുട്ടാകുമ്പോൾ അച്‌ഛൻ കുരുവിയും അമ്മക്കുരുവിയും പറന്ന്‌ വരും. അവരും മക്കളും ബഹളമുണ്ടാക്കും. നീര ചെമ്പോത്ത്‌ ചെമ്പകമരത്തിൽ വന്നിരിക്കും. കുട്ടിക്കാറ്റുകൾ പുസ്‌തകങ്ങളുടെ ഇടയിൽ കയറി ഉറക്കം തുടങ്ങും. കിളി ഉറങ്ങാനായി കിടന്നു. വെളുത്ത ബെഡ്‌ഷീറ്റ്‌ വെളളനിറമുളള തലയിണ, വെളളതലയിണയിൽ കിളിയുടെ താമരപ്പൂവിന്റെ നിറമുളള മുഖം. ശരിപുത്രിയും ഉറങ്ങിക്കഴിഞ്ഞു. കിളിയ്‌ക്ക്‌ ഉറക്കം വന്നില്ല. അവളുടെ മനസ്സിൽ കൃഷ്‌ണംബയുടെ മുഖം, ചന്ദനപ്രതിമയുടെ മുഖം, നീരയുടെ മുഖം. കിളി പതുക്കെ സ്വിച്ചമർത്തി. ചെമ്പകപ്പൂക്കളുടെ മണം ജനാലയിലൂടെ പരന്നുകയറി. വെളുത്ത ബെഡ്‌ഡിൽ നിവർന്നുകിടക്കുന്ന കിളിയെ നോക്കാനായി ചന്ദനപ്രതിമ കണ്ണുതുറന്നു. ചെമ്പകത്തിന്റെ ഗന്ധം ചന്ദനഗന്ധവുമായി ഇണച്ചേർന്നു. കിളിയുടെ നേർത്ത നിശാവസ്‌ത്രങ്ങൾ തൊട്ടുനോക്കാൻ ചന്ദനപ്രതിമ കൈനീട്ടി.

ചായക്കപ്പ്‌ കൊടുക്കുമ്പോൾ ഇയാളാണ്‌ വിഷ്‌ണുറാം എന്ന്‌ അമ്മാവൻ പറഞ്ഞത്‌ കിളി തിരിച്ചറിഞ്ഞു. വിഷ്‌ണുറാമിന്റെ മുഖത്ത്‌ ഇടതുകവിളിൽ ഒരു കറുത്ത മറുകുണ്ടായിരുന്നു. വെളുത്ത മുഖത്തെ കറുത്ത മറുകിൽ ചെന്നിരുന്ന്‌ ശരിപുത്രി കിളിയെ നോക്കി കണ്ണിറുക്കി. അവൾ എപ്പോഴും തെമ്മാടി തന്നെ. ഒരു പ്രാവശ്യമേ കിളി വിഷ്‌ണുറാമിന്റെ കണ്ണുകളിലേയ്‌ക്ക്‌ നോക്കിയുളളൂ. അപ്പോഴേക്കും തിരിച്ചു നടന്നു. മുറിയിലെത്തിയപ്പോൾ വിഷ്‌ണുറാമിന്റെ ഫോട്ടോ. കളർ ഫോട്ടോ. കടുംനീല ഷർട്ട്‌. ബാക്ക്‌ ഗ്രൗണ്ടിൽ കുറെ ചെമ്പരത്തിപ്പൂക്കൾ. ഒരു ഔട്ട്‌ഡോർ ഫോട്ടോയാകണം. ഫോട്ടോയ്‌ക്ക്‌ പിറകിൽ മൊബൈൽ ഫോൺ നമ്പർ.

വാതിൽക്കൽ രാധാന്റി.

“നിനക്ക്‌ ഇഷ്‌ടമായോ?”

ശരിപുത്രി രാധാന്റിയുടെ പിറകിൽ.

കിളി ഒന്നും പറഞ്ഞില്ല.

“ഇഷ്‌ടമായെന്ന്‌ പറയട്ടെ?”

കുട്ടിക്കാറ്റുകൾ ഒരുമിച്ച്‌ ചെന്ന്‌ ചന്ദനപ്രതിമയെ തളളിയിട്ടു.

കിളി മുഖം കുനിച്ച്‌ നിന്നതേയുളളു.

“അമ്പടി കളളീ നിനക്ക്‌ കോളടിച്ചല്ലോ!”

രാധാന്റി വേഗത്തിൽ തിരിഞ്ഞു നടന്നു. അല്ല ഓടി. താഴെ ശബ്‌ദങ്ങൾ, ചിരികൾ, ശരിവക്കലുകൾ, കാലാവസ്ഥ, മാസം, സമയം, തീയതി, വിവാഹവേദി....

ശരിപുത്രി കിളിയുടെ ചുമലിൽ ചെന്നിരുന്നു. അവൾ കിളിയുടെ ചെവിയിൽ പറഞ്ഞു. “നിനക്ക്‌ ഇഷ്‌ടമായില്ല അല്ലേ?”

കിളി മുഖമുയർത്തി ശരിപുത്രിയെ നോക്കി.

മേശമേൽ കമിഴ്‌ന്ന്‌ കിടക്കുന്ന ചന്ദന പ്രതിമയിൽ നിന്നും ചന്ദനഗന്ധം പരന്നുകൊണ്ടിരുന്നു. പ്രതിമയുടെ കൈയിൽ കിളി വിരലോടിച്ചു. പ്രതിമയുടെ കൈ താമരപ്പൂ നിറമായി. കിളി പ്രതിമയെ നിവർത്തി നിർത്തി. ശരിപുത്രി അവിടെയൊക്കെ ചുറ്റിക്കറങ്ങിക്കൊണ്ടിരുന്നു. ഒടുവിൽ ചന്ദനപ്രതിമയിൽ ചെന്നിരുന്നു.

കിളി ശരിപുത്രിയെ നോക്കി. കിളിയുടെ കണ്ണുകളിലെ ദൈന്യം ശരിപുത്രി തിരിച്ചറിഞ്ഞു. കിളി പെണ്ണുകാണൽ ചടങ്ങിനുടുത്ത ചെമന്ന സാരി ഇതുവരെ മാറ്റിയിട്ടില്ല. ശരിപുത്രി കിളിയുടെ അടുത്തേക്ക്‌ വന്നു.

“എനിക്കൊരുപകാരം ചെയ്യണം” കിളി ശരിപുത്രിയെ നോക്കി പറഞ്ഞു.

“ചെയ്യാം.”

“നീയിപ്പോൾ വിഷ്‌ണുറാമിന്റെ വീട്ടിൽ പോകണം. അയാളുടെ മുറിയിൽ പോകണം. എനിക്ക്‌ ഇഷ്‌ടമായില്ലായെന്ന്‌ പറയണം.”

“ഈ രാത്രിയിലോ?”

“നിനക്കെന്തു രാത്രിയാ. പോരാത്തതിന്‌ തെമ്മാടിയും.”

ശരിപുത്രി ജനാലവഴി പുറത്തേക്കിറങ്ങി. തൂക്കണാംകുരുവികൾ ശരിപുത്രി ഒഴുകി പോകുന്നതു കണ്ടു. കിളിച്ചുണ്ടൻ മാവിലെ ഇലകളും കണ്ടു. ചെമ്പകപ്പൂക്കളും കണ്ടു. നീര ചെമ്പോത്തും കണ്ടു.

ശരിപുത്രി പടിപ്പുറം വിട്ട്‌ റോഡിലേക്കിറങ്ങി. റോഡിന്റെ നിറം കറുപ്പ്‌. ഇടക്ക്‌ ചെമ്മൺ നിറം വേറെ ചിലപ്പോൾ കരിങ്കൽ നിറം. റോഡരികിൽ വിളക്കുകൾ. വഴിവിളക്കുകൾക്കരികിൽ മരങ്ങൾ. മരങ്ങളിൽ പക്ഷികൾ ചിറകടിച്ചെത്തുന്നു. ഇരുട്ട്‌ നല്ലവണ്ണം വീണിരിക്കുന്നു. അവിടവിടെ വീടുകൾ. വീടുകളിൽ വെളിച്ചം.

ഇടവഴികൾ പിന്നിട്ട്‌, റോഡുകൾ പിന്നിട്ട്‌, വെളിച്ചങ്ങൾ പിന്നിട്ട്‌, മരങ്ങൾ പിന്നിട്ട്‌, ശരിപുത്രി പാരിജാതമരങ്ങൾ മാത്രമുളള ഒരു വഴിയിലെത്തി. വഴിയുടെ ഇരുപുറവും പാരിജാതങ്ങൾ പൂത്തുലഞ്ഞ്‌ നിൽക്കുന്നു. നിറയെ വെളുപ്പ്‌. ആരെയും മയക്കുന്ന ഗന്ധം. ശരിപുത്രി മുകളിലേക്ക്‌ നോക്കി. അമ്പിളിപ്പെണ്ണ്‌ പാരിജാതങ്ങളോട്‌ ആരുടെയൊക്കെയോ പരദൂഷണം പറയുന്നു. ശരിപുത്രി മുന്നോട്ട്‌ പോയി.

പഴയൊരു തറവാട്‌. നാലുകെട്ട്‌. മച്ചുംപുറത്ത്‌ വെളിച്ചം, അതിന്‌ മഞ്ഞനിറം. വിഷ്‌ണുറാമിന്റെ മുറിയാകും. ശരിപുത്രി ഊഹിച്ചു. ജനാല തുറന്നുകിടപ്പുണ്ട്‌. വാതിലും. തറവാടിനുചുറ്റും മരങ്ങൾ. നിറയെ തെങ്ങുകൾ. ഇടയ്‌ക്ക്‌ കവുങ്ങുകൾ. തെങ്ങുകൾക്കും കവുങ്ങുകൾക്കും ഇടയിൽ പനകൾ. പനകൾക്ക്‌ ചുറ്റും തകരക്കൂട്ടങ്ങൾ. തകരകളെ ചുറ്റി ചേരകൾ ഇണചേരുന്നു. കറുത്ത ചേരകളും മഞ്ഞചേരകളും.

ശരിപുത്രി തുറന്നിട്ട വാതിലിലൂടെ വിഷ്‌ണുറാമിന്റെ മുറിയിലേക്ക്‌ കയറി. കൊത്തുപണി ചെയ്‌ത മുറി. മുറിയിൽ മുല്ലപ്പൂവിന്റെ മണം. ജാസ്‌മിൻ റൂം ഫ്രെഷ്‌നർ ഉപയോഗിച്ചതാവണം. തടിച്ചുമരിൽ കൊത്തിവച്ചിരിക്കുന്ന ദേവകന്യകയുടെ ശിൽപം. വിഷ്‌ണുറാം കലാകാരനാണ്‌. ശിൽപിയും ചിത്രകാരനുമാണ്‌. ഉണ്ടാക്കാനുളള ശിൽപത്തിന്റെ ചിത്രം ആദ്യം വരയ്‌ക്കും. പിന്നീട്‌ അത്‌ നോക്കി ശിൽപമുണ്ടാക്കും.

ശരിപുത്രി കണ്ടു ഇളം വെളിച്ചത്തിൽ ചിത്രം വരയ്‌ക്കുന്ന വിഷ്‌ണുറാമിനെ. അയാൾ തിരിഞ്ഞിരിക്കുകയാണ്‌. ശരിപുത്രി അയാളുടെ പിറകിൽകൂടി ചിത്രത്തിനെ നോക്കി. അതെ, കിളിയുടെ ചിത്രം തന്നെ. മുഖം അതുപോലെ പകർത്തിയിരിക്കുന്നു. ചെമന്ന സാരി ഉടുത്ത കിളിയുടെ രൂപം. ചെമന്ന സാരിയിൽ സ്വർണ്ണപൂക്കൾ വരച്ചുചേർക്കുകയാണ്‌ വിഷ്‌ണുറാം.

മുറിയുടെ നടുവിൽ വലിയൊരു ചന്ദനക്കട്ടിൽ. അതിൽനിന്നും ചന്ദനഗന്ധം ഇറ്റുവീഴുന്നു. കിളിയുടെ ചന്ദനപ്രതിമയിൽ നിന്നും വരുന്ന ഗന്ധമല്ല. ഇത്‌ വേറൊരുതരം ഗന്ധം. ചെമന്ന വെൽവറ്റ്‌ ബെഡ്‌ ഷീറ്റും തലയിണകളും. വിഷ്‌ണുറാം കല്യാണത്തിനുളള തയ്യാറെടുപ്പുകൾ തുടങ്ങിയിരിക്കുന്നു.

വിഷ്‌ണുറാം തിരിഞ്ഞുനോക്കി. ശരിപുത്രി ഒഴിഞ്ഞുമാറി. വിഷ്‌ണുറാമിന്റെ മുഖത്ത്‌ ചന്ദ്രതേജസ്‌. വെളുത്ത മുഖത്തെ കറുത്ത പുളളിക്ക്‌ എന്തോ ആകർഷണശക്തിയുണ്ടെന്ന്‌ ശരിപുത്രിക്ക്‌ തിരിച്ചറിവ്‌. ആ പുളളിയിൽ വൈശികതന്ത്രം ഉറഞ്ഞിരിക്കുന്നത്‌ പോലെ...

വിഷ്‌ണുറാം ചിത്രം വര നിർത്തി. കിളിയുടെ ഫുൾസൈസ്‌ ചിത്രം അയാൾ ചുമരിന്റെ നടുവിൽ പതിച്ചുവച്ചു. ആ ചിത്രത്തെ അയാൾ കുറെനേരം നിർന്നിമേഷനായി നോക്കിനിന്നു.

വിഷ്‌ണുറാം ഇപ്പോൾ നാലുവശവും പൂക്കളുടെ ഡിസൈനുകൾ ഉളള ഇളംനീല പേപ്പറിൽ എഴുതുകയാണ്‌ഃ

കിളി അഞ്ചു ദിവസം കഴിയുമ്പോൾ എന്റെ സഖി. ഞാൻ കണ്ടതിൽ ഏറ്റവും ലക്ഷണമൊത്ത പെൺകുട്ടി. വാത്സ്യായനക്രമപ്രകാരം പത്മിനി വർഗ്ഗത്തിൽ ഉൾപ്പെടും. നിന്റെ കണ്ണുകളിൽ കണ്ട തിളക്കത്തിൽ പകുതി ഇനിമുതൽ എനിക്കുളളതാണ്‌. നിന്നെ ഞാനിപ്പോൾ കൺനിറഞ്ഞ്‌ കാണുന്നു. നിന്റെ രൂപം, നിന്റെ മുഖം, വടിവൊത്ത കവിളുകൾ, നിറഞ്ഞ മാറിടങ്ങൾ. നിനക്കറിയുമോ രതിശില്‌പങ്ങളുടെ ആരാധകനാണ്‌ ഞാൻ. രതിരൂപങ്ങളിൽ നീയാണ്‌ എനിക്ക്‌ ഇനി മുതൽ മാതൃക. നിന്റെ വടിവൊത്ത രൂപഭംഗി എന്നെ ഉന്മത്തനാക്കുന്നു. വാക്കകളുടെ ഉറവ വറ്റിയതുപോലെ. പേന നിശ്ചലമായി. നീലപേപ്പറിൽ കറുത്ത അക്ഷരങ്ങൾ തുടിച്ചിരിക്കുന്നു. അയാളുടെ മനസ്സിൽ ചില കണക്കുകൂട്ടലുകൾ. ആദ്യരാത്രിയുടെ കണക്കുകൂട്ടലുകൾ. കിളിയുടെ മുഖം. രാത്രി. രണ്ടാം യാമം, പുറത്ത്‌ നിലാവ്‌. വൃശ്ചികത്തിന്റെ തണുപ്പ്‌. പാരിജാതത്തിന്റെ മണം. തന്റെയരുകിൽ കിളി. ചെമപ്പിൽ സ്വർണ്ണപൂക്കൾ നിറഞ്ഞ സാരിയിൽ നിറഞ്ഞ്‌ കിളി. ശരിപുത്രി അയാളുടെ തലച്ചോർ വായിച്ചെടുത്തു.

മടങ്ങി വരാത്ത ശരിപുത്രിയെ നോക്കി കിളി ജനാലയ്‌ക്കൽ തന്നെ രാത്രി മുഴുവൻ നിന്നു. ചെമ്പകമരത്തിനപ്പുറത്തെ വഴിയിൽ. ഇല്ല ആരും വരുന്നില്ല. ഇരുട്ടു മാത്രം.

പിന്നീട്‌ അഞ്ചു ദിവസത്തേക്ക്‌ കിളി ശരിപുത്രിയെ കണ്ടില്ല.

ബഹളത്തിന്റെ ഒരു പകൽ. അതും ശബ്‌ദങ്ങൾ മാത്രം. ഒരു മെക്കാനിക്കൽ വർക്കുപോലെ ആ പകൽ കഴിഞ്ഞു. നാലുകെട്ടിന്റെ മുകളിലത്തെ മുറിയിലെ അരണ്ട മഞ്ഞവെളിച്ചത്തിൽ കിളി. ചന്ദനത്തടിയിൽ തീർത്തുവച്ചിരിക്കുന്ന തന്റെ ശില്‌പത്തെ കണ്ടു. അതിനടുത്ത്‌ ചിത്രവും. അതിനരികിലായി വിഷ്‌ണുറാമിനേയും. അയാൾ കിളിയെ തന്നെ തുറിച്ച്‌ നോക്കുകയായിരുന്നു. മുമ്പ്‌ കരുതിവെച്ച കാൽക്കുലേഷനുകൾ എല്ലാം ശരിയാകുമെന്ന്‌ ആ തുറിച്ച്‌ നോട്ടത്തിന്‌ അർത്ഥമുണ്ടായിരുന്നു. കിളി തല കുനിച്ച്‌ നിന്നതേയുളളു. അവളുടെ ഹൃദയത്തിൽ നൂലുകൾ പാലം കെട്ടുകയായിരുന്നു. കറുത്തതും വെളുത്തതും ചെമന്നതും മഞ്ഞയും നൂലുകളായി ഹൃദയത്തിൽ നിന്ന്‌ ഊറി വരുന്നു. നൂലുകൾ ചുറ്റുപിണയുന്നു. കുടുക്കുകൾ രൂപം കൊളളുന്നു. കുടുക്കുകളിൽ നിന്ന്‌ കടുംകെട്ടുകളും. നിലാവ്‌ ഈറൻ തുളളികളായി പറമ്പ്‌ മുഴുവൻ വീഴാൻ തുടങ്ങി. അതോടെ പറമ്പിലെ മുഴുവൻ ചേരകളും കൂട്ടത്തോടെ ഇണചേരാൻ തുടങ്ങി. തകരകൂട്ടങ്ങൾ ഞെരിഞ്ഞമർന്നു.

കിളി നിൽക്കുകതന്നെയായിരുന്നു. സ്വർണ്ണപ്പൂക്കൾ നിറഞ്ഞ ചെമപ്പ്‌ സാരി കട്ടിലിന്റെ തലയ്‌ക്കൽ വീണപ്പോഴാണ്‌ തനിക്കുമുന്നിൽ പോയിന്റ്‌ ബ്രഷുമായി നിൽക്കുന്ന വിഷ്‌ണുറാമിനെ കിളി കണ്ടത്‌. അയാളുടെ നെഞ്ചുനിറയെ ഇടതൂർന്ന കാടുപോലെ നിറച്ചും കറുത്ത മുടിയായിരുന്നു. വിവസ്‌ത്രയാക്കപ്പെടാൻ പോകുന്നുവെന്ന തിരിച്ചറിവ്‌ നൂലുകൾക്കിടയിലുളള പ്രജ്ഞയിലൂടെ കിളി തിരിച്ചറിഞ്ഞു. അവൾ പിന്നോക്കം മാറി മരച്ചുമരിനോട്‌ ചേർന്നു നിന്നു.

ചെമപ്പ്‌ കണ്ട കാളയെപ്പോലെ വിഷ്‌ണുറാം കിളിയുടെ നിറഞ്ഞ മാറിൽ പോയിന്റ്‌ ബ്രഷ്‌ കൊണ്ട്‌ തൊട്ടു. കറുത്ത ഒരു തുളളി മഷി അവളുടെ മാറിൽ പടർന്നു. ഒരു മഞ്ചാടിക്കുരുവിന്റെ വലുപ്പത്തിൽ.

കിളിയുടെ ചിത്രത്തിന്റെ പിറകിൽ അതുവരെ ഒളിച്ചിരുന്ന ശരിപുത്രി പുറത്തു വന്നപ്പോഴേക്കും മുറി മുഴുവൻ ശീൽക്കാര സ്വരങ്ങൾ മാത്രമായിരുന്നു. മുറിയിൽ മാത്രമല്ല പറമ്പിലും. ഇരുട്ടിനെയും തണുപ്പിനെയും വേർതിരിക്കുന്ന അരഞ്ഞാണച്ചരടിനടുത്ത്‌ കിടക്കുന്ന കിളിയെ ശരിപുത്രി കണ്ടു. അവളുടെ ഞെരിഞ്ഞമരുന്ന മാറിടത്തിന്റെ അടിയിൽ ഹൃദയത്തിൽ നിന്നും പൊട്ടിയ ഊറലുകളെ ശരിപുത്രി മാത്രം തിരിച്ചറിഞ്ഞു.

ശരിപുത്രിയുടെ കണ്ണുകളിൽ പുക കയറി. നീര ചെമ്പോത്തിന്റെ കണ്ണുകളിൽ ഉറുമ്പുകൾ അപ്പോഴേക്കും വരിവയ്‌ക്കാൻ തുടങ്ങിയിരുന്നു. തൂക്കണാം കുരുവികളുടെ മക്കൾ ആ രാത്രിയിൽ തന്നെ പറന്നുപോകാൻ പഠിച്ചു. കിളിയുടെ ചന്ദന പ്രതിമയിൽ നിന്നുളള കണ്ണുനീർ മാത്രം നിലച്ചില്ല.

ദീപ ഡി.എ

ശ്രീദലം, ടി.സി. 7&1079

ചിട്ടാറ്റിൻകര, വട്ടിയൂർകാവ്‌ പി.ഒ., തിരുവനന്തപുരം - 13.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.