പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ഉത്തമൻ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ടി.വി.എം. അലി

പുറത്തേക്കിറങ്ങുമ്പോൾ ഭാര്യയെ വിളിച്ച്‌ ഉത്തമൻ പറഞ്ഞു. ഞാൻ ടൗൺ വരെ പൂവ്വാണ്‌. വരാനിത്തിരി വൈകും...

മുറ്റമടിച്ചുകൊണ്ടിരുന്ന മാതു തലയുയർത്തി അവിശ്വസനീയ ഭാവത്തോടെ ഭർത്താവിനെ നോക്കി. ഇത്രനേരത്തെ പോണോ? നല്ല മഞ്ഞ്‌ വീഴ്‌ണ്‌ണ്ട്‌... അവൾ ഓർമ്മിപ്പിച്ചു.

ഓ... അതു സാരംല്ല്യാ... ഇപ്പോപ്പോയാ ആദ്യത്തെ ബസ്‌ കിട്ടും. ങാ.. ഇന്നലെ വന്ന കത്തെടുക്കാൻ മറന്നു. അതിലാ വിലാസം.... ഉത്തമൻ തിരിച്ചുകറാൻ തുടങ്ങും മുമ്പ്‌ മാതു തടഞ്ഞു.

ഒരു വഴിക്കെറങ്ങ്യാ തിരിച്ചുകേറണ്ടാ... കത്ത്‌ ഞാനെടുക്കാം...

അലമാരയിൽ കാണും ഒരു നീല കവറ്‌... ഉത്തമൻ വിളിച്ചറിയിച്ചു.

ഞാറ്‌ നടാൻ പണിക്കാര്‌ വരുംന്നല്ലെ പറഞ്ഞത്‌... കൂലി കൊടുക്കാൻ കാശ്‌ വെച്ചിട്ടുണ്ടോ? കത്തുമായി പുറത്തുവന്ന മാതു ചോദിച്ചു.

ഓ.. അപ്പോഴേക്കും ഞാനിങ്ങെത്തും. എന്റെ കുടയും മഫ്ലറും കൂടി എടുത്തോളൂ... അയാൾ ഉണർത്തിച്ചു.

ഇന്നെന്താ ഉത്തമേട്ടന്‌ പറ്റ്യേത്‌? ഭയങ്കര മറവിയാണല്ലോ.. കുറ്റപ്പെടുത്തുന്ന സ്വരത്തിൽ മാതു അഭിപ്രായപ്പെട്ടു.

പ്രായം കൂടി വർവല്ലെ? ചിലതു ഓർക്കുമ്പോൾ വേറെ ചിലത്‌ മറന്നുപോകും... ഉത്തമന്റെ വർത്തമാനം മാതുവിനെ നന്നായി രസിപ്പിച്ചു.

അതു നല്ല കഥ... പ്രായം കൂടുംന്തോറും മേക്കപ്പും കൂടുന്നുണ്ടല്ലോ... പെണ്ണ്‌ കാണാൻ പോണ ചെക്കന്റെ മട്ടിലല്ലേ ഒരുങ്ങി പുറപ്പെട്ടിട്ടുള്ളത്‌.. ഇങ്ങനെ പോയാൽ എന്നേം മക്കളേം കൂടി മറന്നുപോവില്ലേ?

മാതുവിനെ ചൊടിപ്പിക്കാൻ നിൽക്കാതെ ഉത്തമൻ മഞ്ഞിലേക്കിറങ്ങി നടന്നു. ഇടവഴി വെളിച്ചം വീണിട്ടില്ല. മുളയിലകളിൽ നിന്നിറ്റിറ്റു വീഴുന്ന മഞ്ഞുകണങ്ങൾ ഏറ്റുവാങ്ങുമ്പോഴും ഉത്തമന്റെ മനസിൽ എന്തെന്നില്ലാത്ത ചൂട്‌ അനുഭവപ്പെട്ടു.

റോഡിലെത്തിയതും ബസ്‌ വന്നു. സീറ്റിൽ ഇടംപിടിച്ചപ്പോഴും ശരീരം വിയർക്കുകയായിരുന്നു. മഞ്ഞുപാളികൾ വകഞ്ഞ്‌ ബസ്‌ പാഞ്ഞുകൊണ്ടിരുന്നപ്പോൾ വെള്ളിനൂലുകൾ ഞാത്തിയ ശീതക്കാറ്റ്‌ ഉത്തമനെ പൊതിഞ്ഞു. നല്ല തണുപ്പ്‌ തോന്നി ഉത്തമന്‌. മഫ്ലർ എടുത്ത്‌ ചെവിയടക്കം തലമറച്ചപ്പോഴാണ്‌ കുളിര്‌ വിട്ടകന്നത്‌.

ഹൃദയത്തിന്റെ ചൂടേറ്റുറങ്ങുന്ന കത്ത്‌ പോക്കറ്റിൽ നിന്നെടുത്ത്‌ ഉത്തമൻ ഒരാവർത്തികൂടി വായിച്ചു.

പ്രിയപ്പെട്ട ഉത്തമേട്ടന്‌...., എന്നെ ഓർമ്മയുണ്ടോ? ഞാൻ ഷബാനു. നിങ്ങളുടെ നാട്ടിലെ ആ പഴയ കൃഷി ഡമോൻസ്‌ട്രേറ്റർ തന്നെ. എനിക്ക്‌ അത്യാവശ്യമായി ഉത്തമേട്ടനെ കണ്ടാൽ കൊള്ളാമെന്നുണ്ട്‌. താഴെ കാണുന്ന വിലാസത്തിൽ ഒഴിവുകിട്ടുമ്പോൾ ഒന്നുവരണം. വിശ്വാസത്തോടെ ഷബാനു.

ഷബാനു എന്ന ഷഹർബാൻ മൂടൽമഞ്ഞുപോലെ ഉത്തമന്റെ കണ്ണിൽ നിറഞ്ഞു. കൃഷിഭവനിലെ മിടുക്കിയായ ഉദ്യോഗസ്ഥ, പ്രകൃതി കൃഷിയുടെ ആരാധിക, മനസ്സിൽ കൃഷിയും കവിതയും വിതച്ച്‌, തേൻമൊഴി തൂകി, പൂത്തുമ്പിയെപോലെ പാറിപ്പറക്കുന്ന വെളുത്തു മെലിഞ്ഞ പെൺകുട്ടി ഃ ഷബാനു.

രണ്ടോ മൂന്നോ വർഷം മുമ്പ്‌, തെളിഞ്ഞൊരു പ്രഭാതത്തിലാണ്‌ ഷബാനു ഉത്തമനെ തേടിയെത്തിത്‌. കഴനിപ്പാടത്ത്‌ ഉത്തമന്‌ പത്തുപറ പഴമണ്ണുണ്ടായിരുന്നു. കുറച്ചുകാലമായി അതു തരിശുനിലമാണ്‌. സൗദി അറേബ്യയിലെ അൽകത്തിഫിൽ, വിശാലമായ ഈന്തപ്പന തോട്ടത്തിൽ രാപ്പകൽ പണിയെടുത്ത്‌ മടുത്ത ഉത്തമൻ വിസ റദ്ദാക്കി നാട്ടിൽവന്ന സമയമായിരുന്നു. ഇനിയെന്തു ചെയ്യണമെന്ന്‌ ഒരെത്തും പിടിയുമില്ലാതെ നാളുന്തുകയായിരുന്നു. നാട്ടിൽ അന്തസുള്ളൊരു ബിസിനസ്‌ തുടങ്ങണമെന്നായിരുന്നു മാതുവിന്റെ നിർദ്ദേശം. പക്ഷെ അതിനുള്ള ധൈര്യമൊന്നും ഉത്തമനുണ്ടായിരുന്നില്ല.

ഷബാനു സ്വയം പരിചയപ്പെടുത്തിയാണ്‌ കയറിവന്നത്‌. കഴനിപ്പാടം തരിശിടുന്നതിനെ പറ്റിയാണ്‌ അവൾ അന്വേഷിച്ചത്‌. എല്ലാ കൃഷിക്കാരും പറയുന്നതുപോലെ കൃഷി ലാഭകരമല്ലെന്ന്‌ ഉത്തമൻ തട്ടിവിട്ടു.

അതുകേട്ട്‌ ഷഹർബാൻ ചിരിച്ചു. സാരിത്തലപ്പ്‌ ശിരസിലിട്ട്‌ അവൾ കസേരയിൽ ഇരുന്നു. വിദ്യാർത്ഥിക്ക്‌ ട്യൂഷനെടുക്കുന്ന ലാഘവത്തിൽ ഷബാനു പറയാൻ തുടങ്ങി.

ഉത്തമേട്ടാ.. കൃഷിയെന്നു പറഞ്ഞാൽ കാളയും കലപ്പയും വിത്തും കൈക്കോട്ടും മാത്രമല്ല. കൃഷി ഒരു ജീവിതരീതിയാണ്‌. അതൊരു ദർശനമാണ്‌. പ്രകൃതിയെ കാമിക്കുന്നവനാണ്‌ യഥാർത്ഥ കർഷകൻ. രാസവളവും കീടനാശിനിയും ഒന്നുമില്ലാതെതന്നെ പാരമ്പര്യകൃഷിരീതി സ്വീകരിക്കാം. അത്‌ തികച്ചും ലാഭകരമാണ്‌.

ഷഹർബാൻ ചിങ്ങമഴപോലെ പെയ്തിറങ്ങുകയായിരുന്നു. പ്രവാഹം നിലയ്‌ക്കാത്ത കാട്ടുചോലകണക്കിന്‌ അവളൊഴുകി.

പുരയിടത്തിൽ ഒരേക്ര തരിശായിക്കിടന്നിരുന്നു. അതും ഷെഹർബാന്റെ കണ്ണിൽപെട്ടു.

ഇവിടെ ആരണ്യകം ഉണ്ടാക്കണം... അതിലൊരു പർണ്ണാശ്രമം തീർക്കണം... മനുഷ്യൻ പ്രകൃതിയുടെ മടിയിൽ കിടന്നുറങ്ങണം.

ഷബാനുവിന്റെ നിർദ്ദേശം കേട്ടപ്പോൾ തന്നെ മാതു പുച്ഛിച്ചുതള്ളി. ഷബാനുവിന്‌ അരകിറുക്കാണെന്നായിരുന്നു മാതുവിന്റെ കണ്ടെത്തൽ.

പക്ഷെ ഉത്തമന്റെ മനസ്സ്‌ ചതുപ്പ്‌ നിലമായി മാറുകയായിരുന്നു. ഈ മണ്ണിൽ ഒരു പരീക്ഷണമാവാം എന്നുത്തമൻ ഉറപ്പിക്കുകയും ചെയ്തു. പിറ്റേന്നു തന്നെ ടൗണിൽചെന്ന്‌ കൈക്കോട്ടും പിക്കാസും അരിവാളും മഴുവും കൊട്ടയും വട്ടിയുമെല്ലാം വാങ്ങിവന്നപ്പോൾ അമ്പരന്നത്‌ മാതുവായിരുന്നു. അമ്മയുടെ അമ്പരപ്പ്‌ ഏറ്റുവാങ്ങികൊണ്ട്‌ രണ്ടുമക്കളും മാതുവിന്റെ കോന്തലയിൽ തൂങ്ങിനിന്നു.

എടവപ്പാതിയിലെ തിരുവാതിര ഞാറ്റുവേലയിൽ തിരിമുറിയാതെ മഴപെയ്തുകൊണ്ടിരുന്ന പുലരിയിൽ ഉത്തമൻ കൈലിമുണ്ട്‌ അരയിൽ ഉറപ്പിച്ച്‌, തലയിൽ തൊപ്പിക്കുട ചൂടി, കൈക്കോട്ട്‌ തോളിലേറ്റി പറമ്പിറങ്ങി.

ഞാറ്റുവേലയുടെ മഹാത്മ്യത്തെപ്പറ്റി ഷബാനു പറഞ്ഞിരുന്നതെല്ലാം ഉത്തമൻ മനഃപാഠമാക്കിയിരുന്നു.

ഞായർ എന്നാൽ സൂര്യനാണെന്നും, വേലയെന്നാൽ കാലമാണെന്നും, ഒരിക്കൽകൂടി ഉത്തമൻ മനസിലുരുവിട്ടു.

തിരുവാതിര ഞാറ്റുവേലയിൽ ഉലക്ക നട്ടാൽ അതിനും വേര്‌ വരും എന്ന്‌ കേട്ടപ്പോൾ ഉത്തമൻ ശരിക്കും ഉന്മത്തനായി മാറി.

ഒരേക്ര പറമ്പിനെ അയാൾ നാല്‌ കണ്ടമാക്കി തിരിച്ചു. ഒരു കണ്ടത്തിൽ മരുതും, മാവും, പ്ലാവും, ആഞ്ഞിലിയും, വേപ്പും, കാഞ്ഞിരവും വളർത്താനായിരുന്നു നിശ്ചയിച്ചത്‌. ഇവയെല്ലാം ജൈവസമ്പത്ത്‌ പുഷ്ടിപ്പെടുത്തുമെന്ന്‌ ഉത്തമൻ ഓർത്തു. മറ്റൊരു കണ്ടത്തിൽ നാണ്യവിളകൾ നട്ടു. ഔഷധസസ്യങ്ങൾക്കും പച്ചക്കറികൾക്കും ബാക്കിഭാഗങ്ങൾ നീക്കിവെച്ചു.

മഴവെള്ളം ചാലുകീറി പാഞ്ഞു. മണ്ണിൽ ഉർവ്വരതയുടെ നീരണിഞ്ഞ്‌ ഞാഞ്ഞൂളുകളും കീടങ്ങളും പുളഞ്ഞു.

പ്രകൃതിയെ ഹിംസിക്കാത്ത തരത്തിലായിരുന്നു ഉത്തമന്റെ കൃഷി. പരിമിതമായ സ്വന്തം മണ്ണിൽ നിന്ന്‌ ആഹാരം കണ്ടെത്തണമെന്ന്‌ അയാൾക്ക്‌ വാശിയുണ്ടായിരുന്നു.

മണ്ണിളക്കാതെയും, കീടനാശിനിയും രാസവളങ്ങളും ഇടാതെയും, കളപറിക്കാതെയും ഉത്തമൻ കൃഷിചെയ്യുന്നതു കണ്ടപ്പോൾ, പരമ്പരാഗത കർഷകപ്രമാണിമാരും കൃഷി വകുപ്പുദ്യോഗസ്ഥരും നെറ്റിചുളിച്ചു.

പാടശേഖരകമ്മറ്റിക്കാരും കൂട്ടുകൃഷിക്കാരുമെല്ലാം ഉത്തമനെ ബഹുദൂരം അകറ്റിനിർത്തി. അതുകൊണ്ടുതന്നെ പമ്പുസെറ്റ്‌, കിണർ, ട്രാക്ടർ സബ്‌സിഡികളൊന്നും ഉത്തമനെ തേടിയെത്തിയില്ല. കൃഷിയുമായി പുലബന്ധമില്ലാത്തവർക്കുപോലും കർഷകോത്തമൻ ബഹുമതി നൽകി ആദരിച്ചപ്പോഴും അവർ ഉത്തമനെ കണ്ടില്ലെന്ന്‌ നടിച്ചു.

അതിനിടയിൽ ചില കരുനീക്കങ്ങളും നടന്നു. ഉത്തമനെ പരീക്ഷണമൃഗമാക്കി മാറ്റിയത്‌ ഷഹർബാനാണെന്ന്‌ ആക്ഷേപം ഉയർന്നു. കൃഷി വികസന ഓഫീസർക്കു ഇതു സംബന്ധിച്ച്‌ ചിലർ രഹസ്യ റിപ്പോർട്ട്‌ നൽകി. പ്രകൃതി കൃഷിയും ജൈവകൃഷിയും പരിപോഷിപ്പിക്കേണ്ടത്‌ ഷഹർബാന്റെ ജോലിയിൽപ്പെട്ട കാര്യമല്ലെന്ന്‌ ഓഫീസർ താക്കീത്‌ നൽകി. രാസവസ്തു-കീടനാശിനിക്കമ്പനിക്കാരും മോട്ടോർ കമ്പനിക്കാരും മാസാമാസം നൽകുന്ന പാരിതോഷികം നഷ്ടപ്പെടുന്ന കാര്യം സങ്കല്പിക്കാൻ തന്നെ ചില കൃഷിവകുപ്പുദ്യോഗസ്ഥർ ഭയപ്പെട്ടു.

കുറ്റകരമായ അനാസ്ഥ ആരോപിച്ച്‌, അധികൃതർ ഷഹർബാനെ അട്ടപ്പാടിയിലേക്ക്‌ സ്ഥലം മാറ്റിക്കൊണ്ടാണ്‌ പ്രതികാരം തീർത്തത്‌.

ട്രാൻസ്‌ഫർ ഓർഡറുമായി ഷബാനു ഉത്തമന്റെ വീട്ടിൽ വന്നത്‌ ഇപ്പോഴും ഓർമ്മയിലുണ്ട്‌.

ഉത്തമേട്ടാ നാളെ... ഞാൻ സ്ഥലം വിടും. അട്ടപ്പാടി ലോകത്തിന്റെ അങ്ങേയറ്റത്തോന്നുമല്ലല്ലോ... അവിടെ എനിക്ക്‌ പറ്റിയ മണ്ണ്‌ ഞാനൊരുക്കും. എന്റെ സ്വപ്നം ഞാനവിടെ മുളപ്പിച്ചെടുക്കും. അതിൽ കനകം വിളയുന്നത്‌ കാണാൻ ഉത്തമേട്ടൻ തീർച്ചയായും വരണം. കളങ്കമറിയാത്ത കാടിന്റെ മക്കളുണ്ടവിടെ... അവർ എന്നെ സഹായിക്കും. സമയം കിട്ടുമ്പൊ നിങ്ങളെല്ലാവരും കൂടി എന്റെ ആരണ്യകത്തിൽ വരണം...

അവളുടെ കണ്ണുകളിൽ മഞ്ഞുണ്ടായിരുന്നു. നെഞ്ച്‌ ക്രമാതീതമായി കിതക്കുന്നുണ്ടായിരുന്നു.

സാരിത്തലപ്പുകൊണ്ട്‌ മുഖം തുടച്ച്‌, ഷബാനു യാത്ര പറയുമ്പോൾ ഉത്തമന്റെ മനസിൽ കാടിളകിയതുപോലെ തോന്നി. കാറ്റിൽ കാടിന്‌ കലിയിളകി. വളരെ പണിപ്പെട്ടാണ്‌ ഉത്തമൻ കാറ്റിനെ തളച്ചത്‌.

പടി ഇറങ്ങും മുമ്പ്‌ പെട്ടെന്നെന്തോ ഓർത്തിട്ടെന്നപോലെ അവൾ തിരിഞ്ഞുനിന്നു. യാചനാഭാവത്തിൽ ഉത്തമനെ നോക്കി ഃ ആരണ്യകത്തോട്‌ യാത്രപറയാൻ മറന്നു... നോക്കീട്ടുവരാം...

ഒരു കൊച്ചുകുട്ടിയെപ്പോലെ അവൾ ഉത്തമന്റെ ആരണ്യകത്തിലേക്ക്‌ ഓടിപ്പോയി.

തഴച്ചുവളർന്ന ഹരിത നിബിഡതയിലേക്ക്‌ ഉത്തമനും പിൻതുടർന്നു. വേലി ഇറമ്പിൽ തഴവർഗത്തിൽപ്പെട്ട ചെടികളും വള്ളികളും പൂക്കളും നിറഞ്ഞ കാനനഭംഗിയിൽ അവൾ സ്വയം മറന്നു നിന്നു.

പൂത്തുമ്പികൾ അവളെ തിരിച്ചറിഞ്ഞു. കരിവണ്ടുകൾ അവളെ വലംവെച്ചു. അണ്ണാറക്കണ്ണന്മാരും ഓലഞ്ഞാലികളും അവളോട്‌ സംസാരിക്കാൻ വെമ്പൽകൂട്ടി. ഏറെ നേരം മൗനം പൂണ്ടു നിന്ന അവൾ തിരിച്ചു നടന്നു. അപ്പോൾ അവളുടെ കണ്ണുകളിൽ കാട്ടാറൊഴുകുന്നുണ്ടായിരുന്നു.

ഷബാനു എന്തായിത്‌?

കൊച്ചുകുട്ടിയെപ്പോലെ കരയാണ്വോ?

ദൈന്യതയോടെ അവൾ ഉത്തമനെ നോക്കി. അയാളുടെ ഹൃദയത്തിൽ കടന്നലുകൾ ഇളകി.

ഈ കാടിനെ ഞാൻ വല്ലാതെ സ്നേഹിച്ചെന്ന്‌ തോന്നുന്നു....

സ്നേഹിക്കുന്നവർക്കല്ലേ ദുഃഖമുണ്ടാകൂ...

ഒരുതരത്തിൽ ഞാൻ ഭാഗ്യവതിയാണ്‌ ഉത്തമേട്ടാ.... കുറച്ചുകാലം ഇവിടെ ജോലി ചെയ്യാനും കുറെ നല്ല മനുഷ്യരെ പരിചയപ്പെടാനും സാധിച്ചല്ലോ. അതുമാത്രം മതി എന്നെന്നും ഓർക്കാൻ.

അത്രയും പറഞ്ഞ്‌ ആരണ്യകത്തിൽ നിന്ന്‌ കാലുകൾ പറിച്ചെടുത്ത്‌ അവൾ നടന്നു.

കാലിനടിയിൽ നിന്ന്‌ വേരുകൾ പിഴുതുമാറ്റുമ്പോൾ, വേദന അവൾ കടിച്ചമർത്തി.

അവൾ യാത്ര പറഞ്ഞതും പെയ്തുതോരാത്ത കണ്ണുകൾ തമ്മിൽ കോർത്ത്‌ വലിച്ചതും ഉത്തമന്റെ മനസ്സിൽ ഇപ്പോഴും ഉണ്ട്‌.

കഴിഞ്ഞ വർഷം ഷബാനുവിന്റെ വിവാഹമായിരുന്നു. ക്ഷണക്കത്തുകിട്ടിയെങ്കിലും ഉത്തമനു പോകാനായില്ല.

പിന്നീട്‌ ഞാറ്റുവേലകൾ പലതും കടന്നുപോയി. ഓണവും വിഷുവും തിരുവാതിരയും ബക്രീദും ക്രിസ്തുമസും കടന്നുപോയി.

കത്ത്‌ മടക്കി പോക്കറ്റിലിട്ട്‌ ഉത്തമൻ ഓർമ്മവിട്ടിറങ്ങി.

മണ്ണാത്തിപ്പുഴയോരത്താണ്‌ ഷബാനുവിന്റെ കൃഷിഭവൻ. ബസ്സിറങ്ങി ജീപ്പിൽ കയറി പിന്നെ രണ്ടു നാഴിക നടക്കാനുണ്ടെന്ന്‌ അവൾ എഴുതിയത്‌ ഓർമയുണ്ട്‌.

ഉത്തമൻ നടന്നു. അക്കേഷ്യപൂത്തു നിൽക്കുന്ന കാടിനുള്ളിലൂടെ നടക്കുമ്പോൾ ശ്വാസം മുട്ടുന്നതുപോലെ ഉത്തമനുതോന്നി.

ദൂരെ അട്ടപ്പാടി ഗിരിനിരകൾ തലയുയർത്തി നിൽക്കുന്നു.

ദൂരെയുള്ള മലഞ്ചെരുവിൽ എത്താൻ തിടുക്കപ്പെട്ട്‌ ഉത്തമൻ ഓട്ടം പിടിച്ചു.

മലയടിവാരത്തിൽ തൊട്ടാവാടിപൂക്കളുടെ കാട്‌. ആ പൂങ്കാടിനു നടുവിൽ ഒരൊറ്റയാൻ നിൽക്കുന്നതുപോലെ കനത്ത പച്ചപ്പ്‌. അതിനു മുന്നിൽ കൃഷിഭവന്റെ ബോർഡ്‌ കണ്ടപ്പോൾ ഉത്തമന്റെ ഹൃദയമിടിപ്പ്‌ വർദ്ധിച്ചു.

കാട്ടരുവിയുടെ തെളിനീരിൽ മുഖവും കാലും കഴുകി നിവർന്നപ്പോൾ ക്ഷീണം വിട്ടകന്നു. അപ്പോൾ കാടിന്റെ ആരവം കാതിൽ മുഴങ്ങി. കാറ്റിൽ മുല്ലപ്പൂക്കളുടെ മാദകഗന്ധം. ബോർഡിനുമുമ്പിൽ നോക്കുകുത്തിപോലെ ഒരാദിവാസി പയ്യൻ. ഉത്തമനെ കണ്ടതും അവൻ പച്ചപ്പിനുള്ളിലേക്കു ഓടി. അവ്യക്തമായ ഒരു ഈണത്തിൽ അവൻ ആരേയോ വിളിക്കുന്നു. അകത്ത്‌ ഹാഫ്‌ ഡോറിന്റെ തുരുമ്പിച്ച വിജാഗിരി കരയുന്നതു കേട്ടു. പിറകെ കോട്ടൺ സാരിയുടെ ഞൊറിവുകൾ ഉതിർക്കുന്ന മർമ്മരം.

മുന്നിൽ നിലാവ്‌ പോലെ ഷബാനു... കണ്ണിൽ വിസ്മയവും ചുണ്ടിൽ അണപൊട്ടിയ പുഞ്ചിരിയും.

വരൂ... ക്വാർട്ടേഴ്‌സിലിരിക്കാം...

അവൾ മുമ്പേ നടന്നു. അനുസരണയോടെ പിറകെ ഉത്തമനും.

മുല്ലവള്ളി പടർപ്പുകൾ വകഞ്ഞ്‌ തൊട്ടാവാടികളെ തൊട്ടുരുമ്മി അവർ കെട്ടിടത്തിന്റെ പിൻവശത്തെത്തി. ശരിക്കും ഒരു പർണ്ണാശ്രമം തന്നെ. ചുമരിൽ ആരണ്യകം എന്ന നെയിംബോർഡ്‌ തൂങ്ങുന്നു. ഇരിക്കൂ... അവൾ ചൂരൽ കസേര ചൂണ്ടി. അയാൾ കസേരയിൽ അമർന്നു. മുറ്റത്ത്‌ മുല്ലപ്പൂങ്കാട്‌. വെയിലത്ത്‌ അവയെല്ലാം നക്ഷത്രങ്ങളായി മാറുന്നതായി തോന്നി. മുല്ലപ്പൂക്കളിൽ നിന്ന്‌ തേൻ നുകരുന്ന ശലഭങ്ങൾ. പൂക്കളുടെ ജീവിതം ഇവിടെ സുരഭിലമാണെന്ന്‌ ഉത്തമൻ ഓർത്തു.

ഉത്തമേട്ടാ.. ചായ.

ഇത്ര പെട്ടെന്നോ?

ഫ്ലാസ്‌കിൽ വെച്ചിരുന്നു.

ഫ്ലാസ്‌ക്കെല്ലാം പ്രകൃതി വിരുദ്ധമല്ലേ? മൺകുടത്തിൽ വെച്ച മല്ലി കാപ്പി തരുമെന്നാ കരുതിയത്‌.

ഉത്തമന്റെ വിമർശനത്തിന്‌ ചുട്ട മറുപടിയാണ്‌ അയാൾ പ്രതീക്ഷിച്ചത്‌. പക്ഷെ അവളുടെ ചുണ്ടിൽ ചതഞ്ഞ ഈന്തപ്പഴത്തിന്റെ ശോണിമയും മൗനവും മാത്രം. അല്പനേരം കഴിഞ്ഞപ്പോൾ അവൾ വീട്ടുവിശേഷങ്ങളിലേക്ക്‌ കടന്നു. ചേച്ച്യേം കുട്ട്യേളേം കൂടി കൊണ്ടുവരാർന്നു ഉത്തമേട്ടന്‌.

കഴനി പാടത്ത്‌ പണിക്കാരുണ്ട്‌. എല്ലാവരും കൂടി പോന്നാൽ ശരിയാവൂല്ലാ... ഞാൻ ചെന്നിട്ട്‌ വേണം കൂലികൊടുക്കാൻ ഉത്തമൻ തന്റെ തിരക്കറിയിച്ചു.

അപ്പോ ഉത്തമേട്ടന്‌ ഇപ്പോ തന്നെ പോണെന്നാണോ പറേണത്‌.

അതെ... ആട്ടെ എവിടെ കെട്ടിയോൻ?

പുള്ളിക്കാരൻ നാട്ടിലാ.. മൂപ്പർക്ക്‌ ഈ കാടെന്നും അത്ര പിടിക്കണില്ല്യാ... ഇവിടെ നിക്കാനും പുള്ളിക്ക്‌ താല്പര്യംല്ല്യാ...

ഉത്തമൻ അവളെ വായിച്ചു. അവൾ പഴയ ഷബാനുവല്ലാ... മേഘപാളിയിൽ മറഞ്ഞുപോയ പൂർണ്ണനിലാവിന്റെ നിഴൽ മാത്രമാണിത്‌.

ഷബാനു.. ഒന്നും പറഞ്ഞില്ലല്ലോ... എന്തിനാ എന്നോട്‌ വരാൻ എഴുത്യേത്‌? ഉത്തമൻ ചോദിച്ചു.

ഒരുപാട്‌ പറയാനുണ്ടായിരുന്നു. ഇപ്പൊ ഒന്നും ഓർമ്മ വര്‌ണില്ല... ഒന്ന്‌ കാണണംന്ന്‌ തോന്നിയതോണ്ടാ എഴുത്യേത്‌. ഇത്രേം ദൂരം പ്രയാസപ്പെട്ട്‌ യാത്ര ചെയ്ത്‌ ഉത്തമേട്ടൻ വന്നല്ലോ.. എനിക്ക്‌ സന്തോഷംണ്ട്‌. ഇനി കാണാൻ സാധിച്ചില്ലെങ്കിലോ എന്നായിരുന്നു എന്റെ പേടി... മനുഷ്യാവസ്ഥയല്ലെ? ഒന്നും പറയാൻ പറ്റില്ലല്ലൊ....

അവളുടെ കണ്ണുകൾ കാട്ടാറായി. കവിളിലൂടെ കുതിച്ചു ചാടി. അവൾ വല്ലാതെ തേങ്ങുന്നുണ്ടായിരുന്നു.

എന്താകുട്ടീ.... ഇങ്ങനെയൊക്കെ... കരഞ്ഞു തീർക്കാനുള്ളതല്ലല്ലൊ ജീവിതം. ഒരുപാട്‌ കാര്യങ്ങൾ ചെയ്തുതീർക്കാൻ വേണ്ടിയാണ്‌ ദൈവം നമ്മെയൊക്കെ ഈ ഭൂമിയിലേക്ക്‌ പടച്ചുവിട്ടത്‌. നമ്മളതിൽ നിന്ന്‌ ഒഴിഞ്ഞുമാറുന്നത്‌ ശരിയാണോ? ഷബാനു എനിക്കൊരുവഴി കാട്ടിതന്നു. ഞാനാവഴിയിലൂടെ ഏറെദൂരം നടന്നു. ഇപ്പഴും അതുതന്നെയാണ്‌ എന്റെ വഴി. കുട്ടിക്കും അതുപോലെ ഒരുവഴിയുണ്ട്‌. ഭർത്താവ്‌, കുട്ടികൾ, കുടുംബം, ഉദ്യോഗം ഇതെല്ലാം ചേർന്നതാണ്‌ മോളെ നിന്റെ വഴി.

ഒറ്റശ്വാസത്തിലാണ്‌ ഉത്തമൻ പറഞ്ഞുതീർത്തത്‌. ശരീരം വല്ലാതെ തണുക്കുന്നതായി ഉത്തമനറിഞ്ഞു.

എന്റെ ഭർത്താവ്‌ ഒരു പാവമാണ്‌ ഉത്തമേട്ടാ... ഞാനദ്ദേഹത്തിന്റെ ഭാവി തുലച്ചൂന്നാ പറയ്‌ണത്‌. എനിക്ക്‌ എന്റെ സമ്പ്രദായത്തിൽ നിന്ന്‌ ഒരിഞ്ച്‌ വിട്ടുമാറാൻ കഴിണില്ല്യാ... പിന്നെ ഞാനെന്താ ചെയ്യ്യാ...

ഷഹർബാന്റെ ചോദ്യത്തിന്‌ ഉത്തരം നൽകാനാവാതെ ഉത്തമൻ വിഷണ്ണനായി. ഏറെ നേരം അയാൾ മൗനിയായി. ഒടുവിൽ ഇങ്ങനെ പറഞ്ഞു.

മണ്ണെറിഞ്ഞ്‌ വിത്തിടാൻ എളുപ്പം സാധിച്ചെന്ന്‌ വരാം. പക്ഷെ മനസ്സറിഞ്ഞ്‌ ജീവിക്കാനാണ്‌ പ്രയാസം. എങ്കിലും അന്യോന്യം ആശയങ്ങൾ കൈമാറിയും പൊരുത്തപ്പെട്ടും ജീവിക്കാൻ ശീലിക്കണം.

ദാമ്പത്യമെന്നത്‌ കൃഷിയെപ്പോലെ തന്നെ ഒരു ദർശനമാണ്‌. അതൊരു ജീവിതരീതിയാണ്‌. വിട്ടുവീഴ്‌ച വേണ്ടിവരും. ഇതൊക്കെ ഞാൻ പറയാതെ തന്നെ കുട്ടിക്കറിവുള്ളതല്ലേ....

ഉത്തമന്റെ വാക്കുകൾ കേട്ട്‌ ഷബാനു ചിരിച്ചു. പരിഹാസത്തിന്റെ മുള്ളുകൾ ചിരിയിൽ തൂങ്ങിനിന്നിരുന്നു.

രാസവളവും കീടനാശിനിയും ഉപയോഗിക്കുന്നതുപോലെയുള്ള വിട്ടുവീഴ്‌ച ദാമ്പത്യജീവിതത്തിന്‌ പറ്റുമോ ഉത്തമേട്ടാ...?

മുഖമടച്ച്‌ അടിയേറ്റതുപോലെ ഉത്തമൻ പുളഞ്ഞു. മനസ്സിൽ ഒരായിരം വിഷക്കൂണുകൾ പൊട്ടിവിടർന്നതുപോലെ അയാൾ പിടഞ്ഞു. എന്ത്‌ പറയണമെന്നറിയാതെ ഉത്തമൻ ഉഴറി.

ഷബാനു... എനിക്ക്‌ തർക്കിക്കാൻ നേരമില്ലാ... ഇപ്പോ പുറപ്പെട്ടില്ലെങ്കിൽ വീട്ടിലെത്താൻ വൈകും... അവിടെ മാതുവും കുട്ട്യോളും ഒറ്റക്കല്ലേയുള്ളൂ....

അയാൾ പർണാശ്രമത്തിന്റെ പടിയിറങ്ങി. പെട്ടെന്ന്‌ വീട്ടിൽ എത്താൻ അയാൾ ആഗ്രഹിച്ചു. അയാൾ നടവഴിയിലെത്തി.

ഉത്തമേട്ടാ.... ഒന്ന്‌ നിക്കണെ... പിറകിൽ നിന്നു ഷബാനു വിളിക്കുന്നതു കേട്ടു.

അയാൾ കാത്തു നിന്നു. ചിറകൊടിഞ്ഞ പൂത്തുമ്പിയായി അവൾ മുന്നിലെത്തി.

എന്തേ? അയാൾ തിരക്കി.

തീക്ഷ്ണമായ ഒരു നോട്ടം അവളുടെ കണ്ണുകളിൽ നിന്ന്‌ പ്രവഹിച്ചു. പിന്നെ നിർനിമേഷയായി അവൾ തലതാഴ്‌ത്തി.

ഇല്ല്യാ... ഒന്നൂല്ല്യാ... ഉത്തമേട്ടൻ പൊയ്‌ക്കോളൂ...

സഹതാപത്തിന്റെ ഒരു സമുദ്രം അയാളിൽ അപ്പോൾ തിരയടിച്ചു. ഷബാനുവിനെ ഒന്നാശ്വസിപ്പിക്കാൻ പോലും തനിക്കായില്ലല്ലോ എന്ന കുറ്റബോധത്തിന്റെ തിരത്തള്ളലിൽ അയാളുടെ കാലിടറി. അശാന്തമായ മനസ്സോടെ ഒന്നു തിരിഞ്ഞുനോക്കാൻ പോലുമാവാതെ ഉത്തമൻ മണ്ണാത്തിപ്പുഴയിലെത്തി.

മണ്ണാത്തിപ്പുഴയുടെ ഓളങ്ങളിൽ അയാൾ മുഖം പൂഴ്‌ത്തി. കണ്ണുകളിലെ കാട്ടാറ്‌ തെളിനീരിൽ കലരുന്നതും ഉപ്പുരസം സ്രവിക്കുന്നതും ഉത്തമൻ അറിഞ്ഞു.

മനസ്സിൽ പെരുങ്കാടിന്റെ പെരുമ്പറയായിരുന്നു. കാട്ടിൽ തീക്കാറ്റിന്റെ സീൽക്കാരം.

ബസ്സിലിരിക്കുമ്പോൾ ഉത്തമന്റെ മനസ്സ്‌ ചോദിച്ചു.

ഈശ്വരാ ഷഹർബാൻ എനിക്കാരാണ്‌? അവൾക്ക്‌ ഞാനാരാണ്‌....?

ടി.വി.എം. അലി

ടി.വി.എം. അലി, ‘മാധ്യമം’ ലേഖകൻ, മേലെപട്ടാമ്പി പി.ഒ., പിൻഃ 679 306.


Phone: 9447531641




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.