പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ഡിപ്ലൊമാറ്റ്‌സ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സാംസി കൊടുമൺ

കാർട്ടൂൺ കഥ

ഔപചാരികതയുടെ ആദ്യപാദം കഴിഞ്ഞപ്പോൾ, അവർ വൈൻ ഗ്ലാസ്സുകൾ കൂട്ടിമുട്ടിച്ച്‌ ‘ചിയേഴ്‌സ്‌’ പറഞ്ഞു. “സാമ്രാജ്യം നീണാൾ വാഴട്ടെ”, വിലയേറിയ വൈൻ മൊത്തിക്കുടിക്കുന്നതിനിടയിൽ അവർ ജല്‌പിച്ചുകൊണ്ടിരുന്നു. സാമ്രാജ്യം ഇടയ്‌ക്കിടെ ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു, “മൂന്നാം ലോകത്തിലെ സകല തെണ്ടിപ്പരിഷകളേ, എൻ ‘ജോയ്‌ യുവേഴ്‌സെൽഫ്‌.” യുദ്ധത്തിനുശേഷമുളള സമാധാനം ലോകത്തെ അറിയിക്കുവാൻ എല്ലാ മൂന്നാം രാഷ്‌ട്രങ്ങളിലെയും പ്രതിനിധികൾ പങ്കെടുക്കുന്ന വിരുന്നായിരുന്നു അത്‌.

ഡിപ്ലൊമാറ്റുകളുടെ സേവനത്തിനായി ’എസ്‌ക്കോർട്ട്‌ സർവീസ്‌‘കളിൽനിന്ന്‌ ഇറക്കുമതി ചെയ്‌ത വൈവിധമാർന്ന സൗന്ദര്യധാമങ്ങൾ തടിച്ചുകൊഴുത്ത ശരീരം ആഭാസകരമായി ഇളക്കി പാട്ടിനു കൊഴുപ്പേകി. ജീവിതത്തിൽ വല്ലപ്പോഴും മാത്രം വീണുകിട്ടുന്ന ഇത്തരം അവസരങ്ങളെ മുതലാക്കാൻ ’ഡിപ്ലൊമാറ്റുകൾ‘ ആവതും ശ്രമിച്ചു. അവർ തേവിടിശ്ശികളെ തൊട്ടും മാന്തിയും സ്വന്തം അപകർഷതാബോധം അകറ്റാൻ ശ്രമിച്ചുകൊണ്ടിരുന്നു.

“ഡിയർ ഫ്രണ്ട്‌സ്‌, നാം ഒരു യുദ്ധം ജയിച്ചിരിക്കുകയാണ്‌. ലോകത്തിലെ എല്ലാ ഏകാധിപത്യങ്ങളും അവസാനിപ്പിച്ച്‌ ശാശ്വതമായ സമാധാനം ഞാൻ നിങ്ങൾക്കു വാഗ്‌ദാനം നൽകുന്നു. ഈ യുദ്ധത്തിന്റെ വിജയിത്തിനായി നിങ്ങൾ ഓരൊരുത്തരും ചെയ്‌തുതന്ന രഹസ്യവും പരസ്യവുമായ എല്ലാ സഹായത്തിനും നന്ദി.” നീണ്ട കരഘോഷത്തിനിടയിൽ സാമ്രാജ്യം ചിരിച്ചു. സ്ഥാനം തെറ്റിയ വസ്‌ത്രങ്ങളും പൊരിയുന്ന വയറുമായി, എല്ലാവരും കോറസ്സ്‌ പാടി, “സാമ്രാജ്യം നീണാൾ വാഴട്ടെ.” സാമ്രാജ്യം ആഹ്വാനം ചെയ്‌തു, “സോ, ലെറ്റസ്‌ ഗോ ടു ദ ഡൈനിംഗ്‌ ടേബിൾ.”

ജനം ഒരു ഹുങ്കാരത്തോടെ, സാമ്രാജ്യത്തെ വിഴുങ്ങി, ഡൈനിംഗ്‌ ടേബിളിനെ ലാക്കാക്കി ഓടി. അവിടെ, അലങ്കരിച്ച മേശപ്പുറത്ത്‌ ചുട്ട പന്നി അവരെ തുറിച്ചുനോക്കി. അവർ അതിനെ ആർത്തിയോടെ ആക്രമിച്ചു. കത്തിയും മുളളും കൂട്ടിമുട്ടുന്ന ശബ്‌ദം മാത്രം.

സാമ്രാജ്യത്തിന്റെ വൃഷണങ്ങൾ ചൊറിയാൻ തുടങ്ങി. ഇടതു കൈ പാന്റിന്റെ പോക്കറ്റിൽക്കൂടി കടത്തി, സാമ്രാജ്യം വൃഷണങ്ങൾക്ക്‌ ചൊറിച്ചിലിന്റെ സുഖം കൊടുത്തു. സുഖം കൂടുംതോറും വലതു കൈയിലെ വൈൻ മൊത്തിക്കൊണ്ട്‌, സാമ്രാജ്യം ഒരു കഴുതയെപ്പോലെ ചിരിച്ചു. ചിരിയുടെ ഉച്ചാവസ്ഥയിൽ ഹിസ്‌റ്റീറിയ ബാധിച്ചവനെപ്പോലെ സാമ്രാജ്യം അലറിഃ “ഹിയർ ഈസ്‌ എ റിയൽ സർപ്രൈസ്‌ ഫോർ യു...” ജനം അടങ്ങി. “ഓരോ വിജയവും ഓരോ തെളിവുകൾ ആവശ്യപ്പെടുന്നു. അത്‌ യുദ്ധത്തിന്റെ നിയമമാണ്‌. ഇതാ... ഇത്‌ നിഷേധിക്കാൻ പറ്റാത്ത നമ്മുടെ വിജയത്തിന്റെ തെളിവാണ്‌.”

ചീഫ്‌ ഷെഫ്‌ അലങ്കരിച്ച ട്രോളി സാമ്രാജ്യത്തിന്റെ മുന്നിലേക്ക്‌ നീക്കിവെച്ചു. വിശുദ്ധ കുർബാന എടുക്കുന്ന ഒരു വൈദികന്റെ ഭക്ത്യാദരവോടെ, സാമ്രാജ്യം ട്രോളിയുടെ മൂടി തുറന്നു. ഡിപ്ലൊമാറ്റുകളായ ജനം അത്ഭുതംകൊണ്ട്‌ വായ തുറന്നു. രണ്ടു കാലും ഒരു കൈയ്യും നഷ്‌ടപ്പെട്ട ഒരു ഇറാക്കി പെൺകുട്ടി... അവളുടെ കണ്ണുകൾ പറയുന്നുണ്ടായിരുന്നു, “ഈ യുദ്ധത്തിനുവേണ്ടിയും മറ്റനേകം യുദ്ധങ്ങൾക്കു വേണ്ടിയും അർപ്പിക്കപ്പെടുന്ന എന്റെ ശരീരവും രക്തവുമാകുന്നു ഇത്‌.”

“ഗ്രിൽഡ്‌ വിത്ത്‌ റെഡ്‌ വൈൻ,” സാമ്രാജ്യം ചിരിച്ചു.

കല്യാണത്തിന്‌ പുതുവീഞ്ഞുണ്ടാക്കിയ ക്രിസ്‌തുവിനെ നോക്കിയ അനുഭവത്തിൽ സാമ്രാജ്യത്തെ നോക്കിക്കൊണ്ട്‌ ഡിപ്ലൊമാറ്റുകൾ ആർത്തു, “ഞങ്ങൾ അങ്ങയിൽ വിശ്വസിക്കുന്നു. അവിടത്തെ നാമം വാഴ്‌ത്തപ്പെടട്ടെ....”

ചിരിച്ചുചിരിച്ച്‌ സാമ്രാജ്യത്തിന്റെ മുഖം ചുവന്നു, കണ്ണിൽനിന്ന്‌ തീ പാറുവാൻ തുടങ്ങി. ചൊറിച്ചിൽ ബാധിച്ച വൃഷണങ്ങളിൽനിന്ന്‌ ഊർജം ഉൾക്കൊണ്ട്‌ പൗരുഷം ഉദ്ധരിക്കാൻ തുടങ്ങിയിരുന്നു. അത്‌ ഒരു തേവിടിശ്ശിനാഭി പിളർന്ന്‌, വെളളക്കൂടാരത്തിന്റെ ഭിത്തി തുളച്ച്‌ വെളിയിലേക്കു വളർന്ന്‌ ഏതോ നിഗൂഢമായ ലക്ഷ്യം വെച്ച്‌, ഒരു പീരങ്കിപോലെ നിന്നു. സർവ്വ ഡിപ്ലൊമാറ്റുകളും ഭയന്ന്‌ ഒന്നായി നിലവിളിച്ചുഃ “അങ്ങയുടെ പീരങ്കിയിൽ ഞങ്ങൾ വിശ്വസിക്കുന്നു. സാമ്രാജ്യം നീണാൾ വാഴട്ടെ.”

“ഇൻ ഗോഡ്‌ ഡു വീ ട്രസ്‌റ്റ്‌,” സാമ്രാജ്യം മെല്ലെ ജപിക്കുന്നുണ്ടായിരുന്നു.

സാംസി കൊടുമൺ


E-Mail: rajuthomas01@yahoo.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.