പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ഒരു വിമാന യാത്രയുടെ "പാവന" സ്മരണക്ക്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സലിം ടി എം

കോഴിക്കോട് വിമാനത്താവളം മഹാരാജാവ് കയ്യടക്കി വാണരുളുന്ന ശനി കാലം. അന്ന്
മഹാരാജാവിന്‍റെ പൊന്നു മഹന്‍ "കാറ്റത്തെ കിളിക്കൂട്" ജനിച്ചിട്ടോ അതോ
ജനിക്കണമെന്ന് തീരുമാനിക്കപ്പെടുകയോ ചെയ്തിട്ടില്ല. വൈകീട്ട് നാലു
മണിക്ക് പുറപ്പെടുമെന്ന് വിളംബരം ഉണ്ടായിരുന്നു എങ്കിലും അഞ്ചു
മണിയായെങ്കിലും എഴുന്നുള്ളതിന്റെ യാതൊരു ലക്ഷണവും കാണുന്നില്ല.
അഞ്ചരയായപ്പോള്‍ കുറെ നീലക്കുറുക്കന്‍മാര്‍ ട്രേയില്‍ പഴംപൊരിയും
ചായയുമായി യാത്രക്കാരുടെ ഇടയില്‍ ചുറ്റി നടന്നു. ആ "തക്കാരം" കണ്ടപ്പോള്‍
മനസ്സിലായി മഹാരാജന്റെ ആകാശ യാനം ഉടനെയൊന്നും പുറപ്പെടുന്ന മട്ടില്ല
എന്നു. ട്രേയില്‍, എണ്ണയില്‍ ചത്തു മലച്ചു കിടക്കുന്ന പഴം പൊരി പക്ഷേ
ഒറ്റയടിക്ക് കയ്യില്‍ കിട്ടുന്ന പരുവമായിരുന്നില്ല. ചായയാണെങ്കില്‍
മഴക്കാലത്തെ ഓട വെള്ളത്തിന്റെ ചേലിലും.

ഏകദേശം ഏഴു മണിയായപ്പോള്‍ മഹാരാജന്‍ റെഡിയായതായി വിളംബരം ഉണ്ടായി.
ഭാഗ്യം. ഉടന്‍ എമിഗ്രേഷന്‍ കൌണ്ടറിന് മുമ്പില്‍ യാത്രക്കാരുടെ നീണ്ട നിര
പ്രത്യക്ഷപ്പെട്ടു. തങ്ങളെ കൂടാതെ എങ്ങാന്‍ യജമാനന്‍ പൊയ്പോയെങ്കിലോ?
പേടി നമ്മുടെ കൂടപ്പിറപ്പല്ലേ! ആചാരങ്ങളും വെച്ചാരാധനകളും കഴിഞ്ഞു
ഞങ്ങള്‍ "കൊട്ടാരത്തില്‍" കയറി. എനിക്കു കിട്ടിയതു വാല്‍ ഭാഗം.

ഞാന്‍ ചാരുപടി ശരിയാക്കി ഒന്നു ചാരിക്കിടക്കാമെന്ന് വിചാരിച്ചു അതിനുള്ള
തയ്യാറെടുപ്പ് നടത്തിയപ്പോള്‍ ദാ വരുന്നു ആകാശ സുന്ദരി. "സീറ്റ് അപ്പ്
റൈറ്റ് പ്ലീസ്" അങ്ങനെ ആ ശ്രമവും ഉപേക്ഷിച്ച് വിഷണ്ണനായി ഇരിക്കുമ്പോള്‍
മറ്റൊരു "തോഴി" ഒരു താലത്തില്‍ മുട്ടായിയും പഞ്ഞിയുമായി വരുന്നു. രണ്ടു
മിഠായിയും ഒരു പഞ്ഞിയും എടുത്തപ്പോള്‍ "തനിക്ക് ഒരു ചെവിയെ ഒള്ളൂ" എന്ന
മട്ടില്‍ എന്നെ നോക്കി തോഴി താലവുമായി അടുത്ത ആളിന്റെ അടുത്തേക്ക്.
തൊഴിമാരുടെ അംഗവിക്ഷേപത്തിനനുസൃ‍തമായി കച്ചമുറുക്കി ഞങ്ങള്‍
അങ്കത്തിന്നായി തയ്യാറായി. ആകാശയാനം ഞങ്ങളെ മേഘത്തിന്നു മുകളില്‍
എത്തിച്ച് കിതപ്പ് മാറ്റി. ആകാശ സുന്ദരന്മാരും സുന്ദരിമാരും ചേകോന്‍മാരെ
സുരപാനത്തിന്നായി പ്രലോഭിപ്പിച്ച് ചഷകങ്ങളുമായി തങ്ങളുടെ ഉന്തു വണ്ടി
തള്ളി മുന്നോട്ടും പിന്നോട്ടും നടന്നു. തലക്ക് പിടിക്കേണ്ടവര്‍ക്ക്
വിസ്കി, അല്ലാത്തവര്‍ക്ക് പെപ്സി. പിന്നെ എല്ലാവര്ക്കും കടല വറുത്തതും.
എന്റെ ഇടത്തു വശത്ത് ഒരു “ഇക്ക” വലതു വശത്ത് ഒരു അമ്മയും
കുഞ്ഞുമായിരുന്നു സഹായാത്രികര്‍. ഇക്ക പെപ്സി ചോദിച്ചപ്പോള്‍ കിട്ടിയതു
വിസ്കി. വിസ്കിയും വെള്ളവും കൈയ്യില്‍ വെച്ചു ഇക്ക എന്നെ ദയനീയമായി
നോക്കി. ഞാന്‍ അത് വാങ്ങി ഉന്തു വണ്ടി ക്കാര്‍ക്ക് തന്നെ തിരികെ
കൊടുത്തു.

“ഹീ വാന്‍ഡ് പെപ്സി നോട്ട് വിസ്കി”

“നെറ്റിയില്‍ നിസ്ക്കാരതഴമ്പുള്ള ഇക്കക്ക് വിസ്കി തരാന്‍ ആ
ഒരുംപെട്ടോള്‍ക്കു എങ്ങിനെ തോന്നി മോനേ” കാക്ക പകുതി എന്നോടും പകുതി
ആത്മഗതവുമായി പറഞ്ഞു. അത് അവര്‍ക്ക് കേട്ടതിന്‍റെയാവും ഞാന്‍ കാക്കാനെ
സമാധാനിപ്പിച്ചു.

എന്റെ അടുത്തിരുന്ന അമ്മയുടെ മടിയിലിരുന്ന് കുഞ്ഞ് കരയാന്‍ തുടങ്ങി. ദയ
തോന്നിയിട്ടാവും എയര്‍ ഹോസ്റ്റസ് അമ്മയുടെ കൈയ്യില്‍ ഒരു ആപ്പിള്‍ വെച്ചു
കൊടുത്തു ഒരു കത്തിയും. അമ്മ ആപ്പിള്‍ മുറിച്ച് പക്ഷേ അത്
കടിച്ചുതിന്നാന്‍ മാത്രം കുഞ്ഞ് ആയിട്ടില്ല. അമ്മ ഉന്തു വണ്ടി ക്കാരിയെ
നോക്കി അവള്‍ അപ്പോഴേക്കും കടന്നു കളഞ്ഞിരിന്നു.

“ടീസ്പൂണ്‍ പ്ലീസ്” അതിലെ കടന്നു വന്ന മറ്റൊരുവളോട് അമ്മ കെഞ്ചി. “ദിസ്
ഈസ് നോട്ട് ടീ ടൈം” എന്ന രൂക്ഷമായ മറുപടി നല്കി അവളും മറഞ്ഞു. “എന്താ
ഇവരൊക്കെ ഇങ്ങനെ” അമ്മയുടെ ആത്മഗതം.

“ചേച്ചി പറഞ്ഞത് അവര്‍ക്ക് മനസ്സിലാകാഞ്ഞിട്ടാണ്” ഞാന്‍.

“വണ്‍ സ്പൂണ്‍ പ്ലീസ്” ഞാന്‍ മറ്റൊരുവനെ മണിയടിച്ച് വരുത്തി കാര്യം
പറഞ്ഞു. അയാള്‍ ഉടനെ ഒരു സ്പൂണുമായി വന്നു. റ്റീവിയിലെ കുക്കറി ഷോയില്‍
പാചക സുന്ദരി പറയുന്ന ടീ സ്പൂണും ടേബിള്‍ സ്പൂണും എന്ന സ്പൂണുകളുടെ
ജാതിയാണ് ആ പാവം അമ്മയെ വെട്ടിലാക്കിയത്. ഏതായാലും അവര്‍ ടേബിള്‍ സ്പൂണ്‍
ആവശ്യപ്പെടാഞ്ഞത് ഭാഗ്യം.

പെട്ടന്ന് തൊട്ട് മുന്‍ സീറ്റില്‍ നിന്നും ഒരു ബഹളം. ഇയടക്കിടക്ക്
കുടിച്ച വിസ്ക്കിയുടെ മായിക വലയത്തില്‍ ഒരുവന് അടുത്തിരിക്കുന്നവന്റെ
മൂക്കിന്റെ ഷെയിപ്പ് അത്ര ബോധിച്ചില്ല. ഉടന്‍ കൊടുത്തു ഒറ്റ ഇടി.
“പ്ലാക്കോം” അടി തിരിച്ച് കൊടുത്ത സന്തോഷത്തില്‍ ഇരുന്ന അപരന് പക്ഷേ
സാവകാശം കിട്ടിയില്ല. എന്തിനേറെ വിസ്ക്കിയും വിസ്ക്കിയും ഏറ്റു മുട്ടി.
മൂക്കില്‍ നിന്നും “പഞ്ചായത്ത് പൈപ്പ് പൊട്ടിയ പോലെ” ചോര വരുന്നു.

ഈ മലയാളത്താന്‍മാരുടെ ഒരു കാര്യം! ഭൂമിയിലായാലും ആകാശത്തായാലും അവന്‍
മൂട് മറക്കില്ല.

സലിം ടി എം


E-Mail: salimtm@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.