പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

മരണം - ഒരു റിയൽ ഷോ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
യാസർ അറഫാത്ത്‌

“ആഗോളവൽക്കരണം ഇരകളാക്കിയ ചെറുകിട വ്യാപാരികളുടെ പേരിൽ ഞാനീ ജീവിതം ഉപേക്ഷിക്കുകയാണ്‌..... ഈ മരണംകൊണ്ട്‌ അധികാരികളുടെ ഒരു കണ്ണെങ്കിലും തുറക്കുമെങ്കിൽ ഞാൻ ധന്യനായി. കുത്തക വിരുദ്ധസമരത്തിൽ രക്തസാക്ഷിത്വത്തിന്റെ പകിട്ടുകൊണ്ട്‌ കാലം എന്നെ അലങ്കരിക്കുക തന്നെ ചെയ്യും. നിങ്ങൾ സാക്ഷികളാണ്‌......”

മൂന്നുയുവാക്കളുടെ ജോലി സ്വപ്‌നങ്ങളാണ്‌ ആ ‘കൊലക്കുരുക്കിൽ’ മിന്നിത്തിളങ്ങുന്നതെന്ന്‌ ആൾക്കൂട്ടത്തിലാരും ഓർത്തുകാണില്ല. ഒരു മരണത്തിന്റെ യഥാർതഥമായ ദൃശ്യങ്ങൾ നേരിട്ടു വീക്ഷിക്കുവാനുള്ള ആവേശമാണ്‌ അവരുടെ കണ്ണുകളിൽ ജ്വലിച്ചു നിന്നത്‌. ബലിഷ്‌ഠമായ വേരുകൾ മണ്ണിലേക്കാഴ്‌ത്തിയ ആ മരത്തിന്റെ ചുവട്ടിൽ അർദ്ധവൃത്തം പോലെ അവർ ക്രമമൊപ്പിച്ചു നിന്നു. അതിന്റെ ഒത്ത നടുവിൽ H D V കാര്യക്ഷമതയിൽ വിശ്വാസമർപ്പിച്ച്‌ സുമേഷ്‌ ജാഗ്രനായി.....

“തോബിച്ചേട്ടാ..... ഒരു നിമിഷം......”

ആകാംക്ഷയുടെ ശിരസ്സിനു മുകളിലൂടെ പരുക്കൻ കാലുകളമർത്തി റഫീഖിന്റെ സ്വരം പാഞ്ഞുവന്നത്‌ അപ്രതീക്ഷിതമായിട്ടായിരുന്നു. വലതു വശത്തേക്കോ ഇടതുവശത്തേക്കോ തല ചെരിച്ച ആളുകൾ റഫീഖിലേക്ക്‌ കണ്ണുകൾ പായിച്ചു.

“ആത്മഹത്യാ കുറിപ്പിൽ ഒപ്പു വക്കാൻ തോബിച്ചേട്ടൻ മറന്നു.... മരണത്തിന്‌ ഒരാധികാരികതയൊക്കെ വേണ്ടേ.....”

‘ക്ലാഷ്‌’ ടെലിവിഷന്റെ പരസ്യം അവരെ അത്രയേറെ പ്രലോഭനത്തിന്റെ ഉത്തുംഗതയിലേക്ക്‌ നയിച്ചിരുന്നു. മാസ്‌ കമ്മ്യൂണിക്കേഷനിൽ പി.ജി. ഡിപ്ലോമ നേടി എട്ടു മാസം പിന്നിട്ടിട്ടും ഒരു സിഗരറ്റിന്റെ രുചി തന്നെ മൂന്നു ചുണ്ടുകൾക്കിടയിൽ മാറിമാറി ആസ്വദിക്കേണ്ട ഗതികേടിലായിരുന്നു അവരപ്പോൾ.

ചവിട്ടിക്കയറുവാൻ കാര്യമായ സാധ്യതകളൊന്നും പ്രകടമാകാതിരുന്നതിനാൽ മരത്തിലേക്കു കയറുവാൻ ഒരു ഗോവണിയെത്തന്നെ ആശ്രയിക്കേണ്ടി വന്നു. റഫീഖിന്‌ മരണത്തിന്റെ ഏറെക്കുറെ ഉയരത്തിലുള്ള കൊമ്പിൽ കുരുക്കിട്ട കഴുത്തുമായി തോബിച്ചേട്ടൻ അവനുവേണ്ടി അൽപ്പനേരം കാത്തിരുന്നു.. കുളിർമയുള്ള കാറ്റിൽ ഇലകൾ വിറച്ചു.

1) ഒറിജിനൽ വീഡിയോ ചിത്രങ്ങൾ മാത്രമേ മൽസരയോഗ്യമായി പരിഗണിക്കുകയുള്ളൂ.

2) മൂന്നു പേരടങ്ങുന്ന ഒരു ടീമിനാണ്‌ മൽസരത്തിൽ പങ്കെടുക്കുവാനർഹത.

3) ഏറ്റവും മികച്ച ചിത്രത്തിന്‌ രണ്ടു ലക്ഷം രൂപയക്ക്‌ പുറമെ അതിന്റെ അണിയറ പ്രവർത്തകർക്ക്‌ ചാനലിൽ സ്‌ഥിരമായ ജോലിയും ലഭിക്കും.

എന്നീ ലളിതമായ അറിയിപ്പുകളാണ്‌ ജോണും റഫീഖും സുമേഷും ഒരു വേദ പുസ്‌തകത്തിലെ ശുഭ വൃത്താന്തങ്ങളായി നെഞ്ചിലിട്ടുകൊണ്ടു നടന്നത്‌. ഒരു മാസത്തോളമായുള്ള അതിന്റെ ‘ഗർഭഭാരം’ തികച്ചും സമകാലികമായ ഒരു വിഷയത്തിലേക്കാണു കൂടുമാറിയത്‌. വിഷയത്തിലെ ‘സമകാലീനത’ മൽസരത്തിൽ വേറിട്ടു നിൽക്കുവാനുള്ള ഒരു യോഗ്യതയാവുമെന്ന്‌ മൂന്നു പേരും വളരെ ആവേശത്തോടെയും യോജിപ്പോടെയുമാണ്‌ പറഞ്ഞത്‌. ഒപ്പു വാങ്ങിച്ച്‌ റഫീഖ്‌ സൂക്ഷ്‌മതയോടെ താഴോട്ടിറങ്ങവെ, മുകളിൽ നിന്നും തോബിച്ചേട്ടന്റെ ശബ്‌ദം വീണ്ടും കേട്ടു.

“പ്രിയപ്പെട്ടവരെ....ഈ ആത്മഹത്യാ കുറിപ്പ്‌ ഒരു രക്തസാക്ഷിയുടെ അന്തിമ സന്ദേശമായി ഗണിച്ച്‌ നാടിന്റെ മുക്കിലും മൂലയിലും പതിച്ചു വക്കണം......”

“ചാടെടാ വേഗം...... ഫയർ ഫോഴ്‌സുകാരു വല്ലതും വഴിതെറ്റി എത്തുന്നതിനു മുമ്പ്‌......”

വർദ്ധിതമായ മർദ്ദത്താൽ പൊട്ടിയ അക്ഷമയുടെ ഞരമ്പിലൂടെ വാക്കുകൾ രക്തമായൊഴുകിത്തുടങ്ങി. ഒരു വേട്ട നായയുടെ ക്രൗര്യമോടെ കാറ്റ്‌ ഇലത്തുമ്പുകളിൽ നക്കി. ജനക്കൂട്ടത്തിന്റെ തുറന്നു പിടിച്ച വായിലേക്ക്‌ ജോൺ ഒരു സ്‌ക്രിപ്‌റ്റ്‌ റൈറ്റരുടെ കണ്ണുകളെറിഞ്ഞു.

ദൃശ്യത്തിന്‌ ഹൃദയസ്‌പൃക്കായ ഒരു ‘നരേഷൻ’ നൽകേണ്ട ചുമതല ജോണിനാണ്‌. അതുകൊണ്ടുതന്നെ തീവ്രമായ വികാരങ്ങളുടെ തലങ്ങളിലേക്ക്‌ ദൃശ്യങ്ങളെ വലിച്ചെടുപ്പിക്കേണ്ട ബാധ്യത അവനുണ്ടായിരുന്നു. ഓരോരുത്തരുടേയും സംഭാവനകളെ ആശ്രയിച്ചാണ്‌ മൂന്നു പേരുടെയും ജോലി സാധ്യത നില നിൽക്കുന്നതെന്ന്‌ അവനോർത്തു.

ആത്മഹത്യ ചെയ്യുന്ന ദിവസം മുൻകൂട്ടി അറിയിക്കണമെന്നും പറഞ്ഞ്‌ ചെറിയൊരു തുക ‘അഡ്വാൻസും’ കൊടുത്ത്‌ മടങ്ങിപ്പോരുമ്പോൾ തോബിച്ചേട്ടൻ പറ്റിക്കുമോ എന്നൊരാശങ്ക അവർക്കുണ്ടായിരുന്നു. ബ്ലേഡു കമ്പനിക്കാരുടെ താൽക്കാലികമായ ഉദാരതയാണ്‌.....

‘സ്‌പെൻസർ’ ഗ്രൂപ്പിന്റെ സൂപ്പർ മാർക്കറ്റ്‌ വിപണിയെ മൊത്തം അതിന്റെ ഉള്ളം കൈയ്യിലേക്കു വലിച്ചെടുത്ത സമയമായിരുന്നു അത്‌. നിർജ്ജീവതയിലേക്കു ചുരുങ്ങിയ ചെറുകിട വ്യാപാരത്തിന്റെ പ്രതീകമെന്നപോലെ, ചരക്കുകൾ മുഴുവനും തോബിച്ചേട്ടന്റെ കടയിൽ കെട്ടിക്കിടന്നു നാറി. എലികളുടെയും മറ്റു ക്ഷുദ്രജീവികളുടെയും ശബ്‌ദങ്ങളിൽ മാത്രം കടയുടെ ചുമരുകൾ ഒതുങ്ങി നിന്നു.

“ചീയുമെന്ന്‌ ഉറപ്പുണ്ടെങ്കിൽ അതിനെ മറ്റുള്ളവയ്‌ക്കായി എങ്ങനെ വളമാക്കി മാറ്റാം എന്നാണാലോചിക്കേണ്ടത്‌.....”

പച്ച മാംസത്തിന്റെ രുചിയുള്ള ആ വാചകങ്ങളുടെ വ്യാപ്‌തി കഴിഞ്ഞ രാത്രിയിലാണ്‌ മനസ്സിലായത്‌. അറിഞ്ഞപാടെ ഒരു വീഡിയോ ക്യാമറ ഒപ്പിച്ചെടുക്കുവാനുള്ള നെട്ടോട്ടമായിരുന്നു. ‘കരിയറിനെ’ക്കുറിച്ചുള്ള സ്വപ്‌നങ്ങൾ മാത്രമാണ്‌ ചക്രങ്ങളായി അവർക്കു മുന്നിൽ ഉരുണ്ടത്‌.

“അവസാനമായി..... അവസാനമായി ഒരു വാക്ക്‌.....”

ജീവിതാഭിലാഷത്തിന്റെ സ്‌തൂപികാഗ്രതയിൽ നിന്നെന്നപോലെ തോബിച്ചേട്ടനിൽ എന്തോ മുള പൊട്ടുന്നുണ്ടെന്ന്‌ റഫീഖിന്‌ തോന്നി. ആത്മഹത്യ ചെയ്യുന്നയാളിൽ പോലും ജീവിതത്തിന്റെ സമൃദ്ധിയെക്കുറിച്ചുള്ള സങ്കല്‌പങ്ങൾ ഉണരാറുണ്ടെന്ന്‌ ഏതോ മനഃശാസ്‌ത്രപുസ്‌തകത്തിൽ വായിച്ചതായി അവനോർത്തു. അവൻ ജോണിനെയും സുമേഷിനേയും നോക്കി. ക്യാമറയുടെ ചെതുമ്പലിൽ ചുകന്ന ഒരു പൊട്ട്‌ ജ്വലിച്ചു കൊണ്ടിരുന്നു....

“ചാടെടാ വേഗം..... മനുഷ്യനു വേറെ പണിയുണ്ട്‌.....”

തിരിയായി എരിയുന്ന ഔൽസുക്യത്തിൽ നിന്നും വിഷമയമായ പുക അന്തരീക്ഷത്തിലേക്കു പടർന്നു.

ആൾകൂട്ടത്തിൽ നിന്നും ആരോ ഒരു ഉരുണ്ട, മൂർച്ചയുള്ള കല്ലെടുത്ത്‌.

തോബിച്ചേട്ടനെ എറിഞ്ഞു. അയാളുടെ നെറ്റിയിൽ തന്നെയാണതു കൊണ്ടത്‌. കൊമ്പിൽ പിടിച്ചിരുന്നതിനാൽ അയാൾ ഉടനെ താഴെ വീണില്ല. ചോരയുടെ നിർഗ്ഗളനം ഒരു ചുവന്ന മഴയായി മണ്ണിലേക്കിറ്റി....

ക്യാമറയുടെ - ലെൻസ്‌ അതിന്റെ സൂക്ഷ്‌മതയെ ധ്യാനിച്ചു നിന്നു. വിദഗ്‌ദനായ ഒരു ‘സംവിധായകന്റെ’ റോളിലേക്കു മാറിയ റഫീഖ്‌ ദൃശ്യത്തിന്റെ വിവിധ ‘ആംഗിളുകളെ’ പരിശോധിച്ചു കൊണ്ടിരുന്നു. ജോണിന്റെ നെറ്റിയിൽ വിയർപ്പ്‌ ‘മിതത്വം’ കൈവിട്ടു.

“ഇല്ല..... എനിക്ക്‌..... ഈ ലോകത്തോട്‌ പ്രത്യേകിച്ചൊന്നും പറയാനില്ല.......” ഇടതു കൈ നെറ്റിയിലമർത്തി തോബിച്ചേട്ടൻ പറഞ്ഞു.

“ഞാൻ ചാടുകയാണ്‌......”

ലോകത്തിന്റെ വെളിച്ചങ്ങളെല്ലാം ഇരുട്ടുപോലെ ചുരുങ്ങി അയാളുടെ മുന്നിൽ മുഖം പൊത്തി. ബലിഷ്‌ഠമായ വേരുകളിൽ തന്റെ സത്വത്തെ ഉറപ്പിച്ചു നിർത്തിയ മരത്തിനു കീഴെ ആൾകൂട്ടം കരഘോഷം മുഴക്കി. ജീവിതത്തിലാദ്യമായി ഒരു മരണം നേരിട്ടു കാണുവാൻ പോകുകയാണെന്ന ചിന്ത ജോണിനേയോ റഫീഖിനെയോ സുമേഷിനെയോ ബാധിച്ചില്ല.

ശാഖയിൽ ‘പ്രകമ്പനം’ സൃഷ്‌ടിച്ച്‌ തോബിച്ചേട്ടൻ താഴേക്കു ചാടി. കാലുകൾക്ക്‌ ‘പ്രതല ബലം’ നൽകുവാൻ ഒന്നുമില്ലാതിരുന്നതിനാൽ ആ പ്ലാസ്‌റ്റിക്‌ കയറിന്റെ തുഞ്ചത്ത്‌ അയാൾ കിടന്നാടി. തന്റെ രണ്ടു കൈകളുംകൊണ്ട്‌ അരയ്‌ക്കു കീഴെ മാന്തിക്കീറവെ, അയാളുടെ വായിൽ നിന്നും ഒരു തരം കൊഴുത്ത ദ്രാവകം പുറത്തേക്കു തെറിച്ചു. അറപ്പിക്കുന്ന ഗന്ധത്തോടെ മലം ധാരധാരയായി.

കണ്ണുകൾ മുകളിലോട്ടു തുറിച്ചുന്തി. നാവു പുറത്തേക്കു തള്ളി. പിടഞ്ഞു കളിച്ച ശരീരത്തിൽ നിന്നും പ്രാണന്റെ ഒടുക്കത്തെ പക്ഷിയും ചിറകടിച്ച്‌ അജ്ഞാതമായ ഏതോ ഇലക്കൂടുകളെ ലക്ഷ്യം വച്ചു. ലോകത്തിലെ ഏറ്റവും മനോഹരമായ ദൃശ്യം പോലെ, സർവ്വാഢംബര വിഭൂഷിതമായി മരണം, അവർക്കു മുന്നിൽ കളം വരച്ചുനിന്നു.

യാസർ അറഫാത്ത്‌

അമ്പേങ്ങാട്‌ വീട്‌,

പുതുക്കോട്‌ തപാൽ,

രാമനാട്ടുകര വഴി,

പിൻ - 673 633.


Phone: 9947840906




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.