പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

അനുരാധയുടെ മണം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വാണി പ്രശാന്ത്‌

“ഡോക്ടർ ഞാൻ വല്ലാത്തൊരു പ്രതിസന്ധിയിലാണ്‌. രക്ഷിക്കാൻ ഡോക്ടർക്കു മാത്രേ കഴിയൂ. രക്ഷപ്പെടാനായില്ലെങ്കിൽ മുന്നിൽ ഒരേ ഒരു മാർഗ്ഗം മാത്രം - മരണം!”

മുഷിഞ്ഞ ടവ്വൽ നിവർത്തി മുഖം തുടച്ചുകൊണ്ട്‌ അനുരാധ പറഞ്ഞു. അവളുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു. സാരിക്കിടയിൽ ടവ്വൽ തിരുകി അനുരാധ ഡോക്ടർ തോമസിനെ നോക്കി.

ഡോക്ടർ തോമസ്‌ മാത്യു - സരളയാണ്‌ ആ നിർദ്ദേശം മുന്നോട്ടുവച്ചത്‌. അല്ലെങ്കിലും അനുരാധയുടെ പ്രശ്നങ്ങൾക്കെന്നും പരിഹാരം നിർദ്ദേശിക്കുക എന്ന ജോലി സരളയുടേതാണല്ലോ.

ഈയിടെയായി കറികൾക്ക്‌ സ്വാദു കുറഞ്ഞെന്ന അരവിന്ദിന്റെ പരാതി അല്പമെങ്കിലും കുറഞ്ഞത്‌ സരള പറഞ്ഞുതന്ന പൊടികൈ പ്രയോഗത്തിലൂടെയാണ്‌.

“നീ ഡോക്ടർ തോമസ്‌ മാത്യുവിനെ ചെന്നു കാണൂ. അദ്ദേഹം പരിഹരിക്കും നിന്റെ പ്രശ്നം”- അനുരാധയുടെ എണ്ണിപ്പറക്കലുകൾ കേട്ട്‌ സരള പറഞ്ഞു. വിസിറ്റിങ്ങ്‌ കാർഡ്‌ അവൾ അനുരാധയ്‌ക്ക്‌ നേരെ നീട്ടി.

Dr. Thomas Mathew M.D

Lissy Clinic

College junction

Aluva.

നാളത്തന്നെ പോകണം- അനുരാധ തീരുമാനിച്ചു. ഓഫീസിൽ നിന്ന്‌ നേരത്തേ ഇറങ്ങി. മാർക്കറ്റിൽ പോകേണ്ട ദിവസമാണ്‌. വെജിറ്റബിൾസ്‌ എല്ലാം തീർന്നിരിക്കുന്നു. വൈകുന്നേരത്തെ വെയിലിനും പൊള്ളുന്ന ചൂടുതന്നെ. കുടയാണെങ്കിൽ എടുക്കാനും മറന്നു. അതെങ്ങിനെ, അച്ഛനേയും, മക്കളേയും പറഞ്ഞയച്ച്‌ വീട്ടിൽ നിന്നിറങ്ങുമ്പോളേക്കും മണി ഒൻപത്‌ മുപ്പത്തഞ്ച്‌. ഓടിയണച്ച്‌ ബസ്‌റ്റോപ്പിൽ എത്തുമ്പോഴേക്കും ‘സ്വാമി അയ്യപ്പൻ’ അതിന്റെ പാട്ടിന്‌ പോയിരിക്കും. കാലിനിടയിലൂടെ വിയർപ്പുതുള്ളികൾ ഒഴുകുന്നുണ്ടാവും. തുടക്കിടയിലിട്ട്‌ അതിനെ ഞെരുക്കിക്കളയും. അടുത്ത ബസ്സിൽ വലിഞ്ഞുകയറി ഓഫീസില്‌ എത്തുന്നതും, മണി പത്തടിക്കുന്നതും ഒരുമിച്ചായിരിക്കും. ഓഫീസിൽ ഒരു തമാശ പോലുമുണ്ട്‌ -ക്ലോക്കിനു പത്തടിക്കാൻ തെറ്റിയാലും അനുരാധയ്‌ക്ക്‌ തെറ്റില്ല- എന്ന്‌. അവർക്ക്‌ തമാശ. അവിടെയെത്താൻ പെടുന്ന പെടാപാട്‌ എനിക്കല്ലേ അറിയൂ.

ഓരോന്നാലോചിച്ച്‌ നടന്ന്‌ മാർക്കറ്റ്‌ എത്തിയതേ അറിഞ്ഞില്ല. സാധനങ്ങൾക്കൊക്കെ എന്താ വില! ദിവസം തോറും കുതിച്ചു കേറുകയല്ലേ. കിലോ പത്ത്‌ ആയിരുന്ന ഉള്ളിക്ക്‌ പതിനഞ്ച്‌!

മാസാവസാനം വരെ എങ്ങിനെ ഒപ്പിക്കുമോ എന്തോ! ഈ മാസമാണെങ്കിൽ ദേവിക്ക്‌ സ്‌റ്റഡിടൂറും!

ഈശ്വരാ... മണി ആറ്‌!- ദേവിയും രോഹനും സ്‌കൂളുവിട്ട്‌ വന്നിരിക്കും. ഇനി ഓട്ടോ പിടിക്കുക തന്നെ, പച്ചക്കറിസഞ്ചിയുമെടുത്ത്‌ അനുരാധ ഓട്ടോയിലേക്ക്‌ കയറി.

രണ്ടുപേരുടേയും ബാഗ്‌ സിറ്റൗട്ടിൽ തന്നെ കിടക്കുന്നു. കതകും തുറന്നിട്ട്‌ ഈ കുട്ടികള്‌ ഇതെവിടെപോയിരിക്കുന്നു! ഷൂവും, സോക്സും മുറിയിൽ വലിച്ചെറിഞ്ഞിട്ടുണ്ട്‌. അനുരാധ അതെടുത്ത്‌ റാക്കില്‌ വെച്ചു. ഉടൂപ്പൂരി കട്ടിലിലേക്കെറിഞ്ഞ്‌ രണ്ടും കമ്പ്യൂട്ടറിനു മുന്നിൽ സ്ഥാനം പിടിച്ചിട്ടുണ്ട്‌.

“ദേവീ, നിനക്ക്‌ വയസ്‌ പത്തു പതിനഞ്ചായില്ലേ... ഇതൊക്കെ നിനക്കൊന്ന്‌ അടുക്കിവച്ചാലെന്താ?” സ്ഥിരം ചോദ്യമാണെങ്കിലും അനുരാധ ആവർത്തിച്ചു.

ദേവിക കാറിന്‌ സ്പീഡു കൂട്ടി. അച്ഛൻ ഇന്നലെ ഇൻസ്‌റ്റാൾ ചെയ്തു തന്ന പുതിയ ഗെയിം ആണ്‌.

അനുരാധ കുട്ടികളുടെ ഡ്രസ്സ്‌ എടുത്ത്‌ ഹാംഗറിൽ തൂക്കി.

“എന്തൊരു നാറ്റം” ദേവിക മുഖം ചുളിച്ചു.

“ഈ അമ്മയ്‌ക്ക്‌ ഭയങ്കര നാറ്റാ...” രോഹനും ഏറ്റുപിടിച്ചു.

അനുരാധ ഒന്നും മിണ്ടിയില്ല. എത്രയോ നാളുകളായി കേൾക്കുന്നതാണ്‌...

ചായ തിളച്ചുകാണും- അവൾ അടുക്കളയിലേക്കോടി. സിങ്കിൽ കൂട്ടിയിട്ടിരിക്കുന്ന പാത്രങ്ങളെല്ലാം കഴുകി അടുക്കിവെച്ചു. കുട്ടികളുടെ ബാഗ്‌ തുറന്ന്‌ ടിഫിൻ ബോക്സ്‌ എടുത്ത്‌ കഴുകി.

ഹോ... അരവിന്ദ്‌ എത്താറായിരിക്കുന്നു. വേഗം കുളിക്കണം, ഇല്ലെങ്കിൽ അരവിന്ദും തുടങ്ങും... വിയർപ്പുനാറ്റം... - അനുരാധ ബാത്ത്‌റൂമിലേക്കോടി.

ഷവറിനു കീഴെ അവൾ നിന്നു.

അവളുടെ വിയർപ്പുതുള്ളികൾ വെള്ളത്തിൽ ചേർന്നൊഴുകി.

നാളെ ഒരു പരിഹാരമാകുമല്ലോ- അവൾ ആശ്വസിച്ചു.

എപ്പോളാണ്‌ ഈ നാറ്റം തുടങ്ങിയത്‌?- അവൾ ആലോചിച്ചു.

മറൈൻ ഡ്രൈവിൽ തൊട്ടുരുമ്മിയിരുന്ന്‌ പ്രണയിച്ചപ്പോൾ...

ഇല്ല... അന്ന്‌ അരവിന്ദ്‌ പറഞ്ഞത്‌ -നിന്റെ മണം എന്നെ മത്തുപിടിപ്പിക്കുന്നു- എന്നാണ്‌.

പ്രണയത്തിന്റെ മൂർദ്ധന്യത്തിൽ കക്ഷത്തിൽ മുഖമമർത്തി അരവിന്ദ്‌ പറയുമായിരുന്നു- ഇതാണ്‌ എനിക്കേറ്റവും ഇഷ്ടപ്പെട്ട മണം - എന്ന്‌.

പിന്നെ... എപ്പോൾ?

ചുണ്ടിനു മീതെ പറ്റി നിൽക്കുന്ന വിയർപ്പു തുള്ളികൾ സാരിത്തലപ്പുകൊണ്ട്‌ ഒപ്പിയെടുത്ത്‌ അടുക്കളയിൽ നിന്ന്‌ ഓടിയെത്തി ദേവിയുടെ കുഞ്ഞുവായിലേക്ക്‌ മുലപ്പാലിറ്റിക്കുമ്പോൾ ഉപ്പുരസം കലരുന്നത്‌ എനിക്ക്‌ കാണാമായിരുന്നു. കുഞ്ഞിനു മതിയാവോളം മുലപ്പാൽ നൽകണമെന്ന്‌ അനുരാധയ്‌ക്ക്‌ നിർബന്ധമായിരുന്നു. അതുകൊണ്ടാണല്ലോ ഒന്നാം ക്ലാസിലെ പരീക്ഷയ്‌ക്ക്‌ പോകും മുൻപും ദേവിക മുലകുടിച്ചത്‌. ഓടിയെത്തി നൈറ്റിയുടെ കൊളുത്ത്‌ വിടുവിച്ച്‌, പറ്റിയിരിക്കുന്ന വിയർപ്പു തുടയ്‌ക്കാൻപോലും സമ്മതിക്കാതെ ഒരു ആക്രമണമായിരുന്നു അവൾ. ബ്ലഡ്‌ഡിലെ കൗണ്ട്‌ കുറവാണെന്ന കണ്ടുപിടിത്തത്തിനൊടുവിലാണ്‌ അവളുടെ അമ്മിഞ്ഞയിൽ ചെന്ന്യായം പുരട്ടിയത്‌. രോഹനും മുലകുടിച്ചു മൂന്നുവയസ്സോളം. പറ്റിച്ചേർന്ന്‌ കിടന്ന കുട്ടികൾ ഇന്ന്‌ അമ്മയുടെ നാറ്റത്തെ വെറുക്കുന്നു.

“അമ്മയ്‌ക്ക്‌ സ്ര്പേയും അടിച്ചുകൂടെ... സുനിയുടെ മമ്മി അടുത്തുവരുമ്പോഴേ എന്തൊരു മണാ” ഒരു ദിവസം ദേവിക പറഞ്ഞു.

നെഞ്ചിൽ പറ്റിച്ചേർന്ന്‌ കിടന്ന്‌ ഓഫീസ്‌ വിശേഷങ്ങളുടെ കെട്ടഴിക്കാൻ തുടങ്ങുമ്പോൾ അരവിന്ദ്‌ പറയും. “നീ സ്ര്പേ ഉപയോഗിക്കൂ... വല്ലാത്ത നാറ്റം...”

അനുരാധ തന്നെത്തന്നെ മണത്തുനോക്കി.... ചെറുപ്പത്തിൽ അമ്മയെ കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ അനുഭവപ്പെട്ടിരുന്ന അതേ മണം. അവൾ ഒന്നുകൂടി മണത്തു. ആ മണത്തിനു വേണ്ടിയായിരുന്നു അമ്മയോടൊട്ടിക്കിടക്കാൻ എന്നും വാശിപിടിച്ചിരുന്നത്‌. അവൾക്ക്‌ സന്തോഷം തോന്നി. അമ്മയ്‌ക്കും, തനിക്കും ഒരേ മണം... പക്ഷേ... മക്കൾക്കും അരവിന്ദിനും ഇത്‌ നാറ്റമാകുന്നതെന്തുകൊണ്ടാണ്‌....!

അനുരാധ ഷവർ ഓഫാക്കി. അരവിന്ദിന്റെ ശബ്ദം കേൾക്കുന്നുണ്ടോ?- അവൾ കാതോർത്തു.

അരവിന്ദ്‌ എത്തിയിരിക്കുന്നു. അവൾ കുളി മതിയാക്കി. തോർത്തി. മേലാസകലം പൗഡറിട്ടു. ധൃതിയിൽ കോണിപ്പടികൾ ഇറങ്ങി.

അരവിന്ദ്‌ പത്രം വായിക്കുകയാണ്‌. പിന്നിലൂടെ ചെന്ന്‌ അവൾ അരവിന്ദിന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചു.

“ഹ... നീങ്ങിനിൽക്കൂ... ഈ നാറ്റം... ഇത്‌ കുളിച്ചാലും പോവില്ലേ...” അരവിന്ദ്‌ പത്രത്തിൽ മുഖം പൂഴ്‌ത്തി.

“നാളെ എനിക്കല്പം നേരത്തേ പോകണം” അനുരാധ കട്ടിലിൽ ചെന്നിരുന്നുകൊണ്ട്‌ പറഞ്ഞു.

“ഉം?” മുഖമുയർത്താതെ തന്നെ അരവിന്ദ്‌ ചോദിച്ചു.

“കുറച്ചു പെൻഡിംങ്ങ്‌ വർക്ക്‌സ്‌ ഉണ്ട്‌”

“ഉം”. ഈയിടെയായി സംസാരം കഴിവതും മൂളലിൽ ഒതുക്കുകയാണ്‌ അരവിന്ദ്‌.

* * * * * * * * * * * *

അനുരാധ വിയർക്കുകയാണ്‌.

“പറയൂ, എന്താണ്‌ നിങ്ങളുടെ രോഗം?” ഡോക്ടർ തോമസ്‌ മാത്യു ആവർത്തിച്ചു.

അനുരാധ ടവ്വൽ എടുത്ത്‌ വീണ്ടും മുഖം തുടച്ചു.

“ഡോക്ടർ, എനിക്ക്‌ നാറ്റമാണ്‌. വിയർപ്പുനാറ്റം”. അനുരാധ ഒരു കരച്ചിലിന്റെ വക്കത്തെത്തിയിരുന്നു.

“നിസ്സാരമായി തള്ളരുത്‌ ഡോക്ടർ. എന്റെ ജീവിതം മുഴുവൻ ഈ നാറ്റം പടർന്നിരിക്കുന്നു.” മേശപ്പുറത്ത്‌ താളം പിടിക്കുന്ന ഡോക്ടർ തോമസിന്റെ കൈകളിലേക്കു നോക്കി അനുരാധ പറഞ്ഞു.

ഡോക്ടർ തോമസ്‌ മാത്യു കണ്ണുകളടച്ച്‌ ദീർഘമായി ശ്വാസമെടുത്തു.

“നാറ്റം??! എനിക്കിപ്പോള്‌ അനുഭവപ്പെടുന്നത്‌ മണമാണല്ലോ...”

“ഇല്ല, ഡോക്ടർ... എനിക്ക്‌ നാറ്റമാണ്‌... നാറ്റം”. അനുരാധ ടവ്വൽ എടുത്ത്‌ കണ്ണുകൾ തുടച്ചു.

“വരൂ ഇവിടെ കിടക്കൂ”. ടേബിള്‌ ചൂണ്ടിക്കാണിച്ച്‌ ഡോക്ടർ തോമസ്‌ പറഞ്ഞു. അനുരാധ കിടന്നു.

തലക്കു മുകളിൽ ഡോക്ടർ തോമസ്‌ മാത്യുവിനെ കണ്ട്‌ അവൾ പേടിച്ചു. ചെറുപ്പം മുതൽ അവൾക്ക്‌ പേടിയാണ്‌ ഡോക്ടർമാരെ.

അവൾ കണ്ണുകള്‌ ഇറുക്കിയടച്ചു.

അവളുടെ വിയർപ്പുതുള്ളികൾ ഓരോന്നായി ഒപ്പിയെടുത്തുകൊണ്ട്‌ ഡോക്ടർ തോമസ്‌ മാത്യു പറഞ്ഞു....

“അനുരാധ... ഇത്‌ നാറ്റമല്ല, മണമാണ്‌... മണം... മുത്തങ്ങയിട്ടു കാച്ചുന്ന പാലിന്റെ മണം... ആ പാല്‌ തരുന്ന അമ്മയുടെ മണം...”

അനുരാധ കണ്ണു തുറന്നു. അന്നാദ്യമായി പേടിയില്ലാതെ അവൾ ഒരു ഡോക്ടറെ നോക്കി ചിരിച്ചു...

മണി ആറു കഴിഞ്ഞിരിക്കുന്നു. ഓഫീസിലാണെങ്കിൽ ഒരു ലീവുപോലും കൊടുത്തിട്ടില്ല. അരവിന്ദും മക്കളും എത്തിയിരിക്കും.

അനുരാധ ധൃതിയിൽ നടന്നു.

കുട്ടികളുടെ ബാഗും ഷൂവും എടുത്ത്‌ യഥാസ്ഥാനത്ത്‌ വെച്ചു. നേരെ അരവിന്ദിനടുത്തേക്ക്‌ നടന്നു.

“നിന്റെ പെൻഡിങ്ങ്‌ വർക്സ്‌ കഴിഞ്ഞോ? പത്രത്തിൽനിന്ന്‌ മുഖമുയർത്തി അരവിന്ദ്‌ ചോദിച്ചു.

”ഉം...“

”ഇന്നെന്താ... ഒരു മണം! നീ സ്ര്പേ അടിച്ചോ?“

”ഉം...“ അനുരാധ ചിരിച്ചു.

”നന്നായി... ഇനിയാ നാറ്റം സഹിക്കേണ്ടല്ലോ...“ പത്രം മേശപ്പുറത്തേക്കിട്ട്‌ അരവിന്ദ്‌ അനുരാധയുടെ അടുത്തേക്ക്‌ നടന്നു.

വാണി പ്രശാന്ത്‌


E-Mail: vaniprasanth@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.