പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ഇൻക്വസ്‌റ്റ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഉല്ലാസ്‌ എരുവ

എത്ര നേരമായി ഈ കിടപ്പ്‌ തുടങ്ങിയിട്ട്‌ ഇതൊന്തൊരന്വേഷണമാണ്‌ ? ഇവരെത്രയൊക്കെ ശ്രമിച്ചാലും ഒന്നും കണ്ടെത്താൻ പോകുന്നില്ല. അതിന്‌ ഞാനെന്തെങ്കിലും പറഞ്ഞിട്ട്‌ വേണ്ടേ? ഞാൻ ആ കുട്ടിക്ക്‌ വാക്ക്‌ കൊടുത്തതാണ്‌. തികച്ചും സ്വകാര്യമായി, മനസ്സ്‌കൊണ്ട്‌. ഇനി ഇവരെല്ലാംകൂടി എന്ത്‌ പൊല്ലാപ്പാണോ ഉണ്ടാക്കാൻ പോകുന്നത്‌. വെളിയിൽ കരിങ്കല്ലിന്റെ മനസ്സുമായിനിന്ന്‌ ചിലർ സംശയത്തെ ഉരസിനോക്കുന്നുണ്ട്‌. എന്തുകൊണ്ടോ പ്രതീക്ഷിച്ചത്ര തീ വരുന്നില്ല. പിന്നീട്‌ പുതിയ കല്ലുകൾതേടി ചിലർ പോകുന്നുണ്ട്‌. ചിലർ കല്ലുകളെ പ്രതീക്ഷിച്ച്‌ മൗനത്തോടെ നിൽക്കുന്നുമുണ്ട്‌.

അന്വേഷണ ഉദ്യോഗസ്‌ഥനെയും കാത്ത്‌ ഈ മുറിയിൽ ഒറ്റക്ക്‌ രാവിലെ മുതൽ കിടക്കുകയാണ്‌. സമയം വൈകുന്നേരമാകുന്നു. ഒരു വൃദ്ധനോട്‌ ഇത്രയും ക്രൂരത..... ശ്ശേ..... അതുവേണ്ട. എനിക്ക്‌ ഒട്ടും ധൃതിയില്ല. നിങ്ങൾക്കിഷ്‌ടമുള്ളപ്പോൾ വരിക. നിങ്ങൾക്ക്‌ ഒരുപക്ഷെ ഇതിനേക്കാൾ പ്രധാനപ്പെട്ട ഒരുപാട്‌ ജോലികൾ ചെയ്‌തു തീർക്കുവാനുണ്ടാകും. അതിനിടയിൽ ഞാനൊരു ശല്യമാകുന്നില്ല. തന്നെയുമല്ലാ ഞാൻ എന്തെങ്കിലും പറയുമെന്ന്‌, അല്ലെങ്കിൽ കേസിനാസ്‌പദമായ ഒരു ചെറിയ ലാഞ്ചനപോലും കിട്ടുമെന്ന്‌ ആശയില്ലാത്ത സ്‌ഥിതിക്ക്‌, നിങ്ങൾക്ക്‌ സൗകര്യമൊക്കുന്ന സമയത്ത്‌ വന്ന്‌ ഒരു ചടങ്ങ്‌ എന്ന നിലയിൽ അന്വേഷിച്ചിട്ട്‌ പോകുക.

ആരോ മുട്ടുന്നുണ്ട്‌. എനിക്ക്‌ എഴുന്നേറ്റുപോയി തുറക്കുവാൻ കഴിയില്ലല്ലോ. അന്വേഷണ ഉദ്യോഗസ്‌ഥന്റെ സഹായിയാണെന്ന്‌ തോന്നുന്നു. അയാളുടെ കയ്യിലിരുന്ന മഴുവിന്റെ നിലാവുതേച്ച വായ്‌ത്തലയാണ്‌ ആദ്യം എന്റെ ശ്രദ്ധയിൽപ്പെട്ടത്‌. അയാൾ നല്ലവണ്ണം മദ്യപിച്ചിട്ടുണ്ട്‌. ഇതെന്ന്‌ മുതലാണ്‌ മഴുവായി വന്നരൊന്വേഷണം? ഓ..... ഭീഷണി! എന്റെ തല അറുത്തു മാറ്റിയാലും ഞാനൊരക്ഷരം മിണ്ടുകയില്ല. എനിക്ക്‌ ആ കുട്ടിയെ ഒത്തിരി ഇഷ്‌ടമാണ്‌. അതിന്‌ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യവും ഞാൻ വെളിപ്പെടുത്തുകയില്ല. ആ കുട്ടിയുടെ സ്വാതന്ത്ര്യത്തെ ഞാൻ ബഹുമാനിക്കുന്നു, വികാരത്തെ ആദരിക്കുന്നു. എനിക്ക്‌ എന്റെ മകളെക്കാൾ കൂടുതൽ ഇഷ്‌ടം തോന്നിയിരുന്നു.

എന്റെ മകൾ രാവിലെതന്നെ വിവരമറിഞ്ഞ്‌ ബാംഗ്ലൂരിൽ നിന്നും എത്തി എന്നെ അന്വേഷണത്തിനായി കൊണ്ടുവരുമ്പോഴും ഒപ്പം കൂടെയുണ്ടായിരുന്നു. എന്നോട്‌ അവൾ ഒന്നും ചോദിച്ചില്ല. തിരക്കിനിടയിൽ ഒന്നിനും സമയം കിട്ടിയതുമില്ല. സ്‌ഥിതിഗതികളുടെ നിയന്ത്രണം അവളുടെ പരിധിയിലല്ലാതാനും.

വിവാഹത്തിന്‌ മുൻപ്‌ എന്തെല്ലാം കുസൃതിചോദ്യങ്ങളായിരുന്നു അവൾ എന്നോട്‌ ചോദിച്ചിരുന്നത്‌. ആ കണ്ണുകൾ ഒരിക്കലും അടങ്ങിയിരുന്ന്‌ കണ്ടിട്ടില്ല. കൃഷ്‌ണമണികൾ പെൻഡുലംപോലെ ചലിച്ചുകൊണ്ടിരുന്നു. പക്ഷെ ഇപ്പോൾ മറന്നുപോയ സ്‌ഥലത്തെത്തി എന്തോ ഓർത്തെടുക്കുന്ന നിശ്‌ചലതയാണ്‌ അവളുടെ കണ്ണുകളിൽ.

അന്വേഷണ ഉദ്യോഗസ്‌ഥൻ കടന്നുവന്നു. എന്റെ മുഖത്തേക്കു സൂക്ഷിച്ച്‌ ഒന്നു നോക്കി. കണ്ട ഓർമ്മയില്ല. എന്റെ നെഞ്ചിലും വയറ്റിലുമാണ്‌ കൂടുതലയാൾ ശ്രദ്ധിച്ചുനോക്കിയത്‌. അയാൾ കതകടച്ചു തിരിച്ചുപോയപ്പോൾ എനിക്ക്‌ അത്‌ഭുതം തോന്നി. അയാൾ എന്നോടൊരക്ഷരംപോലും ചോദിച്ചില്ല. അയാൾ അറിഞ്ഞിരിക്കുന്നു ഞാൻ പ്രതികരിക്കില്ലെന്നുള്ള വിവരം. പക്ഷേ അയാൾ വെളിയിലേക്കിറങ്ങിയെന്തൊക്കെയാണാവോ വിളിച്ചു കൂവാൻ പോകുന്നത്‌. നാർക്കോ അനാലിസിസ്‌ ടെസ്‌റ്റിനെക്കാൾ വിജയകരമായിരുന്നു ഈ തെളിവെടുപ്പെന്നോ മറ്റോ എന്നാണെങ്കിൽ എനിക്ക്‌ അതിനെ ഖണ്ഡിക്കാനും കഴിയില്ല. ഞാൻ പ്രതികരിച്ചാൽ ആ പെൺകുട്ടിയുടെ കാര്യം കഷ്‌ടമാകും.

അറ്റ്‌ലാന്റയിൽ നിന്നും മകൻ നാളെയെ എത്തുകയുള്ളു അതുവരേക്ക്‌ കൂടുതൽ അപകടത്തിലേക്ക്‌ കടക്കാതിരിക്കാൻ കരുതലെന്നോണം ആശുപത്രിയിലേക്കാണെന്നെ നേരെ കൊണ്ടുപോയത്‌.

ഞാൻ വിവാദങ്ങളിൽപ്പെടുന്നത്‌ മകന്‌ തീരെയിഷ്‌ടമല്ല. അവൻ എത്തിക്കഴിഞ്ഞാൽ പിന്നെ എല്ലാം നേരെയാകും. എന്റെ ചുറ്റും കൂടിയിരിക്കുന്നവരുടെ വായടപ്പിക്കും. എനിക്കിഷ്‌ടമില്ലാത്തതൊന്നും അവൻ ചെയ്യില്ല. അതുതന്നെയുമല്ല നാട്ടിലെ ഇത്തരം രീതികളോടൊന്നും അവന്‌ ഒട്ടും യോജിക്കാൻ കഴിയില്ല.

വൃദ്ധസദനത്തിലേക്ക്‌ എന്നെ അയക്കുന്നതിൽ അവന്‌ ഒട്ടും താൽപര്യമില്ലായിരുന്നു. ഞാൻ നിർബന്ധിക്കുന്നതിൽ കാരണമുണ്ട്‌. എന്ന്‌ അവനും മനസ്സിലായി. അറ്റ്‌ലാന്റയിൽ ചെന്നാൽ മകളും മരുമകനും രാവിലെ ജോലിക്ക്‌ പോയാൽ തിരികെവരുന്നത്‌ അർദ്ധരാത്രിയിലോ മറ്റോ ആണ്‌. അതുവരെ ഒറ്റക്ക്‌ ഫ്‌ളാറ്റിൽ എങ്ങനെ കഴിച്ചുകൂട്ടും. ഞങ്ങളുടെ ദിവസങ്ങൾ നിറയെ ഉത്‌കണ്‌ഠയും ആശങ്കയും നിറഞ്ഞ്‌ നിൽക്കും. കൊച്ചുമക്കളെല്ലാം ഹോസ്‌റ്റലിൽ നിന്നു പഠിക്കുന്നു. ഒന്നിലും മൊത്തം മനസ്സോടെ പ്രവർത്തിക്കാൻ കഴിയില്ല. ബാംഗ്ലുരിൽ മകളോടൊപ്പം നിൽക്കാമെന്ന്‌ വിചാരിച്ചാൽ അവളുടെ മറന്നുപോയ സ്‌ഥലത്തെത്തി എന്തോ ഓർത്തെടുക്കുന്ന നിശ്‌ചലമായ കണ്ണുകളെ അഭിമുഖികരിക്കാനും വയ്യാ. അതിനേക്കാൾ എത്രയോ ഭേദം ദൈവത്തിന്റെ സ്വന്തം ഈ നാട്‌ തന്നെയാ.

കന്യാസ്‌ത്രീകളുടെ സ്‌നേഹനിർഭരമായ പരിചരണം. വൃത്തിയുള്ള അന്തരീക്ഷം. ഇഷ്‌ടംപോലെ എഴുതാനും വായിക്കാനും സമയം. നല്ല സൗഹൃദങ്ങൾ എല്ലാമുണ്ടായിട്ടും എന്തുകൊണ്ടാണ്‌ വൃദ്ധസദനങ്ങൾ എന്ന്‌ കേൾക്കുമ്പോൾ എല്ലാവരുടെയും ഉള്ളിൽ കാരുണ്യത്തിന്റെ ശൂന്യത പടരുന്നത്‌. എനിക്ക്‌ ഒരു കുറവുമില്ലായിരുന്നു. ആനന്ദും, ജിത്തു കൃഷ്‌ണമൂർത്തിയും തത്വമസിയുമായി മസ്‌തിഷ്‌ക ഗുസ്‌തിയിൽ ഏർപ്പെട്ടുകൊണ്ടിരുന്നാൽ സമയം പോകുന്നതേ അറിയില്ലായിരുന്നു. അതെല്ലാം തെല്ല്‌മാറ്റിവെച്ച്‌ സ്വന്തം സർഗ്ഗ സൃഷ്‌ടികാളായ കഥയും കവിതയുമൊക്കെ എഴുതി വാരികകൾക്ക്‌ അയച്ചു വെറുതെ കാത്തിരിക്കുമ്പോഴുള്ള സുഖം ഒന്നുവേറെതന്നെ. ഒന്നും പ്രസിദ്ധീകരിച്ച്‌ കണ്ടില്ല. ചില മാഗസിൻകാർ തിരികെ അയച്ചുതന്ന്‌ വീണ്ടും എഴുതാൻ പ്രോത്സാഹിപ്പിക്കും. ചിലർ അതുമില്ല. കളി കേമമാക്കിയില്ലെങ്കിലും കാണികളെ കയ്യിലെടുക്കാനുള്ള ചില പൊളപ്പൻ നമ്പറുകളെങ്കിലും കുറഞ്ഞ പക്ഷം നമ്മുടെ ശ്രീശാന്തിനെപ്പോലെ. പഠിച്ചിരിക്കണം സാഹിത്യത്തിലും. വയസ്സ്‌ എഴുപത്തിനാല്‌ കഴിഞ്ഞു. ഇനി പറ്റില്ലെന്ന്‌ തന്നെ ആരുടെയും പ്രേരണയില്ലാതെ സ്വയം തീരുമാനിച്ചു. എങ്കിലും എഴുത്തും വായനയും ഇപ്പോഴും തുടരുന്നു.

ടി.വി. കാണുമ്പോൾ ഒരു തരം സങ്കടമാണ്‌ ഉള്ളിൽ. അതുകൊണ്ട്‌ ആഴ്‌ചയിലൊരിക്കൽ, മിക്കവാറും ഞായറാഴ്‌ചയാവും, പാതിരാത്രിവരെയിരുന്നു കാണും. റിക്രിയേഷൻ റൂമിന്റെ തോട്‌ പൊട്ടിച്ച്‌ ടെറസിന്റെ മുകളിലേക്ക്‌ വിരിഞ്ഞിറങ്ങാൻ തോന്നി. ആ രാത്രിയിൽ ഒറ്റക്ക്‌ ടെറസിന്റെ മുകളിലേക്കുള്ള സ്‌റ്റെയർക്കേസ്‌ കയറി. വെളിച്ചം വിഴുങ്ങിയ കണ്ണുകളുമായി പതിവില്ലാതെ ഹാളിന്റെ ജനാലച്ചില്ലുകൾ തിളങ്ങി. നീണ്ട നിഴലനക്കം കണ്ടതുകൊണ്ടാണ്‌ കൗതുകത്തോടെ അകത്തേക്ക്‌ നോക്കിയത്‌. ഹാള്‌ കഴിഞ്ഞുള്ള മുറിക്കുള്ളിൽ സന്ധ്യമയക്കത്തിന്റെ വെളിച്ചമേയുണ്ടായിരുന്നുള്ളു. തിരുവസ്‌ത്രമില്ലാതെ കാമില ശരീരത്തിന്റെ പരിമിതമായ സ്‌ഥലത്തേക്ക്‌ യതിയെപ്പോലെ തോന്നിക്കുന്ന ഒരാളെ തേവി അടുപ്പിച്ചുകൊണ്ടിരുന്നു.

പെട്ടെന്ന്‌ ഹാളിലെ ലൈറ്റ്‌ അണഞ്ഞപ്പോൾ ഞാൻ ടെറസിലേക്ക്‌ പോകാതെ തിരികെ മുറിയിലേക്ക്‌ നടന്നു. തൊട്ടാൽ വൃണപ്പെടുന്നത്ര മൂർഛ്‌ചിച്ച ഷുഗറത്രേ മതങ്ങൾക്ക്‌! എല്ലാവരും സ്വയം കണ്ടെത്തേണ്ടുന്ന പ്രതിവിധിയെന്ന നിലയ്‌ക്ക്‌, ലൈംഗികവികാരങ്ങൾക്ക്‌ എന്ത്‌ മരുന്നാണ്‌ മതഡോക്‌ടറന്മാർക്ക്‌ നൽകുവാനുള്ളത്‌? ഒന്നുമില്ല സത്യത്തിൽ ഇതാണ്‌ യഥാർത്ഥ ഹ്യൂമനിസം. എനിക്കിഷ്‌ടമായി.

ഫിലോസഫിയുടെ പ്രവർത്തികതയിൽ നിർവൃതിപൂണ്ട്‌ കിടക്കവെ, അങ്കിൾ എവിടെയായിരുന്നിതുവരെ? എന്ന അന്വേഷണവുമായി കാമില പതിവുള്ള ഒരു ഗ്ലാസ്‌ പാലുമായി കടന്നുവന്നു. പാല്‌ കുടിച്ച്‌ തീരുന്നതുവരെയും അവൾ കാത്തുനിന്നു. അപ്പോഴൊക്കെ ആ മുഖം ഇടയ്‌ക്കിടക്ക്‌ ഞാൻ ശ്രദ്ധിച്ചു. ആശങ്കയുടെ ഒരു ലാഞ്ചനയും ഉണ്ടായിരുന്നില്ല. ആവേശമടങ്ങിയതിന്റെ ക്ഷീണവുമില്ല. എല്ലാ പ്രഭാതങ്ങളെയും പോലെ ദിശാബോധമുള്ള ഭ്രമണമണ്‌ഡലം. എനിക്കുള്ളിൽ ചിരിയാണുണ്ടായത്‌. മനസ്സുകൊണ്ട്‌ അനുഗ്രഹിച്ചുകൊണ്ട്‌ ഉള്ളാലെ പറഞ്ഞു - ഞാൻ ആരോടും പറയില്ല നിന്റെയീ സ്വാതന്ത്ര്യം.

ആശുപത്രിക്കുള്ളിലെക്കോണിലേക്ക്‌ തൂത്ത്‌ കൂട്ടിയ തണുപ്പിനുള്ളിൽ നിന്നും വെളിയിലിറങ്ങാൻ കഴിഞ്ഞത്‌ മകൻ വന്നതിന്‌ ശേഷമാണ്‌.

വീട്ടിലേക്കുള്ള യാത്രയിലുടനീളം അവനെന്നോടൊന്നും മിണ്ടിയില്ല. എന്റെ മുഖത്തേക്ക്‌ തന്നെ നോക്കാൻ താൽപര്യമില്ലാതെ, വെളിയിലേക്ക്‌ നോക്കിയിരുന്നു.

വീടിന്റെ മുന്നിലെ മാവിൽ കെട്ടിയിരുന്ന ഊഞ്ഞാൽ ആരും ഇതുവരെ അഴിച്ചുമാറ്റിയില്ല. ആശ്വാസം തോന്നി. വെക്കേഷന്‌ പേരക്കുട്ടികൾ ഉപേക്ഷിച്ചുപോയ ചലനം.

വീടിന്റെ വരാന്തയിലേക്ക്‌ എന്നെ എടുത്തു കിടത്തി. കർമ്മങ്ങൾ തുടങ്ങി. കീറിയടുക്കിയ മാവിൻ വിറകിന്റെ മുകളിലേക്കല്ല എന്നെ പിന്നീട്‌ എടുത്ത്‌ കിടത്തിയത്‌. കച്ചിയും വറളിയുംക്കൊണ്ട്‌ പൊതിഞ്ഞ എന്റെ ശരീരത്തിന്റെ പുറത്തേക്ക്‌ മണ്ണും ചാണകവും ചേർത്ത്‌ കലർത്തിയ വെള്ളത്തിൽ ചാക്ക്‌ മുക്കി പുതപ്പിച്ചു. ഒച്ചിനെപ്പോലെ മെഴുകിയെടുത്ത എന്റെ രൂപം. ഞങ്ങൾ ഹിന്ദുക്കളുടെ പുതിയ ചടങ്ങ്‌. പുകയടിച്ച്‌ മൂക്ക്‌പൊത്തണ്ട. പൊട്ടിച്ചിതറുന്ന ശരീരഭാഗങ്ങളെ മടല്‌ കൊണ്ട്‌ തിരികെ കുഴിയിലേക്ക്‌ നീക്കിയിടണ്ട. അങ്ങിനെ പല ഗുണങ്ങളുണ്ട്‌.

തലയ്‌ക്കലും കാൽക്കലും കത്തിച്ച തിരികൾ കാവൽ നിൽക്കാതെ നടുവിന്റെ ചുവട്ടിൽ ചിരട്ടത്തീയുടെ നുഴഞ്ഞു കയറ്റം. ആമാശയത്തിൽ അവശേഷിച്ച പാല്‌ കരിഞ്ഞപ്പോൾ അതിൽ നിറയെ ഉറക്കഗുളികയുടെ ഗന്ധമായിരുന്നു. മണ്ടിപ്പെണ്ണ്‌ പേടിച്ചുപോയി. ഞാൻ ആരോടും പറയില്ലെന്ന്‌ മനസ്‌സുകൊണ്ട്‌ വാക്ക്‌ കൊടുത്തിട്ടും എന്തോ വിശ്വസിക്കാൻ അവൾക്ക്‌ ധൈര്യമുണ്ടായില്ല. അടുത്തുണ്ടായിരുന്നുവെങ്കിൽ മൂർധാവിൽ വാത്സല്യത്തോടെ ചുംബിച്ചേനെ.... എന്റെകുട്ടിയെ.

ഇനിയെന്തിനാ നിങ്ങളെല്ലാവരും വെറുതെയിരുന്ന്‌ ഉറക്കമിളയ്‌ക്കുന്നത്‌? പോയിക്കിടന്നോളൂന്നേ! ഇരുണ്ട ആകാശം പോലെ മരണം പരന്ന്‌ കിടക്കുന്നു. എങ്കിലും ഒരു ചേർച്ചക്കുറവുപോലെ അതിന്റെ നടുവിൽ ഒറ്റ നക്ഷത്രമായി ജീവനും. ഇങ്ങനെയുള്ള മരണത്തിന്റെ പ്രത്യേകതയാണിത്‌. ചിതയുടെ അവസാന തീപ്പൊരിക്കൊപ്പം അതും ചാരമാകും.

അപ്പോൾ ശരി നാളെക്കാണാം. നെറ്റിയിലെ നീണ്ട ഭസ്‌മക്കുറിപോലെ തെക്ക്‌വശത്ത്‌ ഒരു വര.

ഉല്ലാസ്‌ എരുവ

B-69, Old Type,

Pitampura Police Lane,

Delhi-110 034.


Phone: 09868942463
E-Mail: ullaseruva@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.