പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

മഷിച്ചെടി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബൈജു വർഗീസ്‌

മരണം മണക്കുന്ന ഇടനാഴിയിലൂടെ സഞ്ചരിച്ച്‌ ഒടുവിൽ പരിചിതമായ മോർച്ചറിയിലെത്തി. തണുപ്പിൽ മരവിച്ച ശവങ്ങളുടെ നിരകൾ മോർഗിന്റെ നിതാന്തനിദ്രയിൽ ലയിച്ച ശവങ്ങൾ. പോസ്‌റ്റുമോർട്ടം ടേബിളിൽ എട്ടുവയസ്സുള്ള പെൺകുട്ടിയുടെ ശവം. അവളുടെ ചുരുട്ടിപ്പിടിച്ച വലതുകൈയിൽ മഷിച്ചെടിയുടെ രണ്ടിലയും ഒരുതണ്ടും. മയിൽപ്പീലിപോലെ അവൾ കൈയിൽ സൂക്ഷിച്ചുപിടിച്ചിരുന്നു. മരണവെപ്രാളത്തിനിടയിൽ പറിച്ചെടുത്തത്‌. അവളുടെ ശരീരം കീറിമുറിക്കുമ്പോൾ, വെട്ടിപ്പൊളിക്കുമ്പോൾ ആദ്യമായി ഡോക്‌ടറുടെ കൈ വിറച്ചു. മരിച്ചുപോയ മകളുടെ മുഖമായിരുന്നു അവൾക്ക്‌. മാധവിക്കുട്ടിയുടെ സുന്ദരമുഖം ഡോക്‌ടറുടെ ഓർമ്മകളിൽ തെളിഞ്ഞു. അവർ വല്ലാതെ അസ്വസ്ഥയായി. മാധവിക്കുട്ടിക്കും മഷിച്ചെടിയെ ഒത്തിരി ഇഷ്‌ടമായിരുന്നു. ശവമുറിയിൽ വ്യക്തിവികാരങ്ങൾക്ക്‌ സ്‌ഥാനമില്ല.

ജോൺ എബ്രഹാമിന്റെയും പത്മരാജന്റെയും ശവശരീരങ്ങൾ കീറിമുറിക്കുമ്പോൾ പോലും കൈവിറച്ചിട്ടില്ല. ആ പ്രതിഭാശാലികൾ ശവമുറിയുടെ കുമ്പസാരക്കൂട്ടിനുള്ളിൽ കണ്ണുകൾ തുറന്നുവെച്ച്‌ എന്നോട്‌ എന്തൊക്കെയോ സംസാരിച്ചു. ഞാനെല്ലാം കുറിച്ചെടുത്ത്‌ പകർത്തിയെഴുതി കീറിമുറിച്ച ശവരശരീരങ്ങൾ തുന്നിക്കെട്ടി പുതിയ വസ്‌ത്രങ്ങളും പൗഢറും സുഗന്ധദ്രവ്യങ്ങളും പൂശി നവവരന്മാരെപോലെ പുറത്തേയ്‌ക്ക്‌ കൊടുത്തുവിട്ടു. ഒരു ശവശരീരത്തിന്‌ കൊടുക്കാവുന്ന ഏറ്റവും വലിയ അംഗീകാരമാണ്‌ പോസ്‌റ്റ്‌മോർട്ടം. മരണത്തിന്റെ കാരണം കണ്ടുപിടിക്കാനുള്ള പ്രവർത്തി തീർച്ചയായും ശവശരീരത്തോടുള്ള ആദരവാണ്‌. മരണാനന്തര ബഹുമതി.

പോസ്‌മോർട്ടം കഴിഞ്ഞ്‌ ശവശരീരം തുന്നിക്കെട്ടിയപ്പോൾ അവൾ ചോദിച്ചു.

“എന്നെ കീറിമുറിച്ചപ്പോൾ അമ്മയ്‌ക്ക്‌ ഒത്തിരി വേദനിച്ചോ......?

കരയല്ലേ........ മോൾക്ക്‌ ഒട്ടും വേദനിച്ചില്ല.

ന്റെ അമ്മയല്ലേ ചെയ്‌തത്‌......”

ഡോക്‌ടർ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു. മുറിയിൽ ലൈറ്റിട്ടു. പിന്നെ ഉറങ്ങാൻ കഴിഞ്ഞില്ല. രാവിലെ ദിനപ്പത്രം തുറന്നുനോക്കുമ്പോൾ ബലാൽസംഗം ചെയ്യപ്പെട്ട്‌, ക്രൂരമായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മനോഹരമായ ചിത്രമുണ്ടായിരുന്നു. വീട്ടുമുറ്റത്ത്‌ പടർന്നുകിടക്കുന്ന മഷിച്ചെടികൾക്ക്‌ മുകളിൽ ഓണത്തുമ്പികളും ചിത്രശലഭങ്ങളും പറന്നുകളിച്ചു. ഡോക്‌ടർ പത്രം വായിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ എട്ടു വയസുകാരി മനോഹരമായ വസ്‌ത്രങ്ങൾ ധരിച്ച്‌ ഗേറ്റ്‌ തുറന്ന്‌ കടന്നുവന്നത്‌. അവൾ ഡോക്‌ടറെ നോക്കി ചിരിച്ചു. ഡോക്‌ടർ വിസ്‌മയം പൂണ്ടു നിൽക്കുമ്പോൾ പെൺകുട്ടി മഷിച്ചെടിയെ സ്‌പർശിച്ചു. പെട്ടെന്ന്‌ വിശ്വാസത്തിന്റെ ഇടനാഴിയിൽ വെച്ച്‌ അവിശ്വാസം ഏറ്റുമുട്ടി. കണ്ണിന്റെ കാഴ്‌ചയെ അംഗീകരിക്കാൻ മടിച്ചുനിൽക്കുമ്പോൾ മഷിച്ചെടിയുടെ ഇലകളിലും തണ്ടുകളിലും രക്തം നിറഞ്ഞു തുളുമ്പിനിന്നു.......

ബൈജു വർഗീസ്‌

ആലിയംകളം,

കഞ്ഞിപ്പാടം. പി.ഒ,

ആലപ്പുഴ-688005.


Phone: 9447467336




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.