പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

അമ്മ പറഞ്ഞ കഥകള്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജയപ്രകാശ് കോരോത്ത്

വെള്ളം തലയില്‍ കൂടി ഒലിച്ചിറങ്ങി, നെഞ്ചില്‍ കൂടി ഒഴുകി കുഞ്ഞു മണിയില്‍ ടച്ച്‌ ചെയ്തപ്പോള്‍ എനിക്ക് മൂത്രം ഒഴിക്കാന്‍ മുട്ടി . ഒരു ഉളുപ്പും ഇല്ലാതെ , അരക്കെട്ട് കറക്കി ഞാന്‍ വട്ടത്തില്‍ മൂത്രം ഒഴിച്ചു . ഊറി ചിരിച്ച് അമ്മ കളിയാക്കി . അമ്മയുടെ ചിരിയിലെ അഗീകാരവും , പ്രോത്സാഹനവും മനസില്ലാക്കിയ ഞാന്‍ മൂത്ര പരിപാടി തുടര്‍ന്നു . അമ്മ എന്റ്ടെ കഴുത്തിലും , ചന്ദിയിലും ലിറില്‍! സോപ്പ് തേച്ച് പതപ്പിച്ച് തലയില്‍ കൂടെ വീണ്ടും ഇളം ചൂടുവെള്ളം ഒഴിച്ചു .

ദേഹം മുഴുവന്‍ നനഞ്ഞപ്പോള്‍ എനിക്ക് ത്രില്‍ അടിച്ചു ,ഞാന്‍ കൈ രണ്ടും കൊട്ടി തുള്ളി ചാടി , അമ്മ എന്നെ വേദനിപ്പിക്കാതെ , എന്റെ കുഞ്ഞു കൈകള്‍ രണ്ടും കൂട്ടി പിടിച്ച് പറഞ്ഞു

‘നനഞ്ഞ കൈ കൊട്ടാന്‍ പാടില്ലാന്ന് അമ്മ മോനോട് പറഞ്ഞിട്ടില്ലേ ?’ അമ്മ എന്റെ രണ്ട് കാലുകളിലും സോപ്പ് തേച്ച് വീണ്ടും തലയില്‍ കൂടെ വെള്ളമൊഴിച്ചു . ത്രില്ലില്‍ ആയിരുന്ന ഞാന്‍ വീണ്ടും കൈ കൊട്ടി തുള്ളി ചാടി , അമ്മ വീണ്ടും എന്റെ കൈകള്‍ കൂട്ടി പിടിച്ച് , ദേഷ്യം അഭിനയിച്ച് പറഞ്ഞു ‘ അമ്മ എത്ര പ്രാവശ്യം പറഞ്ഞു നനഞ്ഞ കൈ കൊട്ടാന്‍ പാടില്ലാന്ന് , നല്ല കുട്ടികള്‍ അമ്മ പറഞ്ഞാല്‍ അനുസരിക്കും ‘ അതും പറഞ്ഞു അമ്മ കവിളത്ത് ഒരു ഉമ്മ തന്നു . ഉമ്മയില്‍ ഞാന്‍ വീണു . ഇനി ഒരിക്കലും അങ്ങിനെ ചെയ്യില്ലെന്ന് തല കുലുക്കി കള്ള സത്യം ചെയ്തു . അമ്മ തൂവാല കൊണ്ട് ദേഹം തുടച്ച് , നല്ല കുപ്പായം ഇടീച്ച്‌ എനിക്ക് നെയ്യില്‍ ചുട്ട നേരിയ ദോശയും ഇളം ചൂടുള്ള മധുരമുള്ള പാലും തന്നു .ആ രാത്രി അമ്മ എനിക്ക് ഒരു കഥ പറഞ്ഞുതന്നു.

നല്ലവനും ബുദ്ധിശാലിയും ആയ ഒരു മുയലിന്റെയും ക്രൂരനും കുതന്ത്രകാരനുമായ ആയ ഒരു കുറുക്കന്ടെയും കഥ. മുയലിനെ അപകടപ്പെടുത്താന്‍ കുറുക്കന്‍ തറ വേലകള്‍ ഇറക്കുകയും ഒടുവില്‍ നല്ലവനായ മുയല്‍ ക്രൂരനായ കുറുക്കനെ ബുദ്ധിപൂര്‍വ്വം ഒരു പാഠം പഠിപ്പിക്കുകയും ചെയ്യുന്ന ഒരു കഥ . തിന്മ നന്മയുടെ മുന്നില്‍ തോല്‍ക്കുന്ന ഒരു നല്ല കഥ . ‘കഥയില്‍ മാത്രമല്ല ജീവിതത്തിലും നന്മയേ ജയിക്കൂ’ അമ്മ പറഞ്ഞു .ആ കഥയിലെ മുയലിനെ സ്വപ്നം കണ്ട് അമ്മയെ കെട്ടിപിടിച്ച് ആ രാത്രി ഞാന്‍ ഉറങ്ങി.

ഉറക്കം ഉണര്‍ന്നപ്പോള്‍ എന്റെ കൈകളും , കാലുകളും കുറച്ചുകൂടെ വളര്‍ന്നു , ഞാന്‍ സ്കൂളില്‍ പോകാന്‍ തുടങ്ങി. ഇപ്പോള്‍ അമ്മ എന്നെ കുളിപ്പികാറില്ല , അമ്മ എന്നെ സ്വയം കുളിക്കാന്‍ പഠിപ്പിച്ചിരുന്നു. എന്നാലും ആഴ്ചയില്‍ ഒരു ദിവസം അമ്മയുടെ ഒരു പരിശോധന ഉണ്ട് . കഴുത്തില്‍ ചെളി കണ്ടാന്‍ അമ്മ കുളിപ്പിക്കാന്‍ കൊണ്ടുപോകും . ഇളം ചൂടുവെള്ളവും , ലിറില്‍ സോപ്പും . അമ്മ നല്ല അടി വെച്ചുതരും എന്ന് ഉറപ്പുള്ളതു കൊണ്ട് പഴയ മൂത്ര പരിപാടി ഞാന്‍ നിര്‍ത്തി. എന്നാലും വെള്ളം ദേഹത്ത് വീണപ്പോള്‍ എനിക്ക് ത്രില്‍ അടിച്ചു , ത്രില്ലില്‍ ഞാന്‍ കൈ കൊട്ടി തുള്ളി ചാടി . അത് കണ്ട് അമ്മ കുറച്ചു ഗൌരവത്തില്‍ പറഞ്ഞു ‘ പറഞ്ഞതല്ലേ നിന്നോട് നനഞ്ഞ കൈ കൊട്ടാന്‍ പാടില്ലാന്ന് ‘ . അമ്മ പറഞ്ഞത് കേള്‍ക്കാതെ ഞാന്‍ വീണ്ടും കൈ കൊട്ടിയപ്പോള്‍ അമ്മയ്ക്കു ശരിക്കും ദേഷ്യം വന്നു ‘ പറഞ്ഞാല്‍ കേള്‍ക്കില്ല അസത്ത് ‘ എന്നു പറഞ്ഞു അമ്മ ചന്തിയില്‍ ഒരു അടി വച്ചുതന്നു . ആ അടിക്ക് നല്ല വേദനയുണ്ടായിരുന്നു . ഞാന്‍ ശരിക്കും കരഞ്ഞു . എന്റെ കരച്ചില്‍ വകവെക്കാതെ അമ്മ കഴുത്തിലെ ചെളി സോപ്പ് തേച്ച് വൃത്തിയാക്കി . കുളി കഴിഞ്ഞ് അമ്മ എനിക്ക് പാല്‍കഞ്ഞിയും പപ്പടവും തന്നു . തല്ലിയതിലും വഴക്കു പറഞ്ഞതിലും എനിക്ക് അമ്മയോട് നല്ല ദേഷ്യം ഉണ്ടായിരുന്നു . പക്ഷെ ദേഷ്യം മാറ്റാനും കൂട്ടു കൂടാനും ഉള്ള വിദ്യ അമ്മമാര്‍ക്കറിയാം. കഥ. ആ രാത്രി അമ്മ എനിക്ക് ഒരു കഥ പറഞ്ഞുതന്നു . ഒരു പക്ഷിയുടെ കഥ . സ്വന്തം അമ്മയെ ചെറിയമ്മയുടെ തടവില്ലില്‍ നിന്നു രക്ഷിക്കാന്‍ ദേവ ലോകത്തേക്ക് അമൃത് മോഷ്ടിക്കാന്‍ പുറപ്പെട്ട ഗരുഡന്‍ എന്ന ഒരു പക്ഷിയുടെ കഥ. ഒരു പക്ഷിയുടെ മഹാ യജ്ഞത്തിന്റെ കഥ. പോകുന്ന വഴിയില്‍ ലോക നന്മയ്ക്ക് പ്രാര്‍ഥിക്കുന്ന സന്യാസിമാരെ കാട്ടാളന്‍ മാരില്‍നിന്നും രക്ഷിച്ച ഗരുഡന്‍. ദേവലോകത്തിലെ കാവല്‍ക്കാരെ സിനിമ സ്റ്റൈലില്‍ ഫൈറ്റ് ചെയ്ത് തോല്പ്പിച്ച ഗരുഡന്‍ , ഇന്ദ്രനെ യുദ്ധം ചെയ്ത് മുട്ടുകുത്തിച്ച ഗരുഡന്‍. കഥയുടെ അവസാനം അമൃത് സ്വന്തം ആക്കി , തിരിച്ചു പോയി അമ്മയെ രക്ഷിച്ച ഗരുഡന്‍. ശരിക്കും രസിപ്പിക്കുന്ന ഒരു ത്രില്ലര്‍. വലുതായാല്‍ ഗരുഡനെ പോലെ ആകും എന്ന് തീരുമാനിച്ച് ഗരുഡനെ സ്വപ്നം കണ്ട് അമ്മയെ കെട്ടിപിടിച്ച് ആ രാത്രി ഞാന്‍ ഉറങ്ങി.

ഞാന്‍ ഉറക്കമുണര്‍ന്ന് കണ്ണാടി നോക്കിയപ്പോള്‍ എന്റെ മൂക്കിനു താഴെ പൊടി മീശ . ക്ലീന്‍ ഷേവ് ചെയ്യണോ വേണ്ടയോ എന്ന് സീരിയസ് ആയി ആലോചിച്ച് കൊണ്ട് ഞാന്‍ മുറ്റത്തേക്കിറങ്ങി . മുറ്റത് ഒരു പുതിയ വാട്ടര്‍ ടാപ്പ് പിടിപ്പിച്ചിരിക്കുന്നു . അമ്മക്ക് പൂക്കള്‍ നനക്കാന്‍ അച്ഛനാ ടാപ്പ് പിടിപ്പിച്ചത്. അല്ലേലും അച്ഛന്‍ ചെയ്യുന്നതെല്ലാം അമ്മയ്ക്ക് വീണ്ടിയാ . അമ്മയുടെ സുഖം , ഇഷ്ടം അതു മാത്രമേ അച്ഛന്‍ നോക്കൂ . അച്ഛന് സ്വന്തമായി ഇഷ്ടങ്ങള്‍ ഒന്നും ഇല്ല എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

പുതിയ വാട്ടര്‍ ടാപ്പില്‍ കൌതുകം തോന്നി ഞാന്‍ ടാപ്പ് ഓണ്‍ ചെയ്തു .വെള്ളത്തിന്‌ നല്ല ശക്തി . വിരലുവെച്ച് വെള്ളം നാലുപാടും തെറിപ്പിച്ചു , ഞാന്‍ ശരിക്കും നനഞ്ഞു . പൊടിമീശ വന്ന പതിനാലു കാരനാണെങ്കിലും ദേഹം നനഞ്ഞപ്പോള്‍ എനിക്ക് ത്രില്‍ അടിച്ചു . ത്രില്ലില്‍ ഞാന്‍ ഒരു ഉളുപ്പും ഇല്ലാതെ കൈ കൊട്ടി ഡാന്‍സ് ചെയ്ടുതുടങ്ങി .’ഡാ‘ അലറി കൊണ്ട് അമ്മ മുറ്റത്തേക്ക് വന്നു . ‘ പോത്ത് പോലെ വളര്‍ന്നല്ലോ , എത്ര പ്രാവശ്യം പറഞ്ഞതാ നനഞ്ഞ കൈ കൊട്ടരുതെന്ന് ‘ . അമ്മ പറഞ്ഞത് കാര്യമാക്കാതെ ഞാന്‍ ഡാന്‍സ് തുടര്‍ന്നു . ‘പറഞ്ഞാന്‍ കേള്‍ക്കില്ല കഴുത‘ അമ്മ കൈ പൊക്കി എന്റെ നേര്‍ക്കു വന്നു . പതിനാലു വയസില്‍ കുട്ടികുറുമ്പ്‌ കാട്ടാന്‍ കിട്ടിയ അവസരം പാഴാക്കാതെ അമ്മക്ക് പിടികൊടുക്കാതെ ഞാന്‍ ഓടി , പിറകെ അമ്മയും . ഓട്ടത്തിനിടയില്‍ ഒരു പൂച്ചട്ടിയില്‍ കാല്‍ തട്ടി ഞാന്‍ വീണു . ‘ അയ്യോ മോനേ ‘ അമ്മയുടെ അലര്‍ച്ച ഞാന്‍ മാത്രമേ എനിക്കോര്‍മ്മയുളൂ എന്റെ കണ്ണില്‍ ഇരുട്ടു കയറി ,എന്റെ ബോധം പോയി. ബോധം വന്നപോഴേക്കും ഒടിഞ്ഞ എന്റെ വലതു കൈ അച്ഛന്‍ ഡോക്ടറെ കൊണ്ട് വരിഞ്ഞ് കെട്ടിച്ചിരുന്നു . ആ പൂച്ചട്ടി അവിടെനിന്നും മാറ്റാന്‍ അമ്മ അച്ഛനോട് കഴിഞ്ഞ ദിവസം പറഞ്ഞതാണെന്നും , അച്ഛന്‍ അത് ചെയ്യാത്തത് കൊണ്ടാണ് ഞാന്‍ വീണതെന്നും പറഞ്ഞ് അമ്മ അച്ഛനെ കുറ്റപ്പെടുത്തി . ഡോക്ടര്‍ തന്ന ഗുളികകള്‍ എപ്പോളൊക്കെ കഴിക്കണം എന്ന് ഗൌരവത്തോടെ പറഞ്ഞുതരികയല്ലാതെ അച്ഛന്‍ ആരേയും കുറ്റപ്പെടുത്തിയില്ല . അമ്മ എനിക്ക്, മീന്‍ കറിയും ,കാബേജ് തോരനും,പപ്പടവും കൂട്ടി ചോറ് തന്നു . എനിക്ക് നല്ല വേദന തോന്നി . വേദന മാറ്റാനുള്ള വിദ്യയും അമ്മക്കറിയാം. കഥ.

ആ രാത്രി അമ്മ എനിക്ക് ഒരു കഥ പറഞ്ഞുതന്നു .

ഒരു രാജകുമാരന്ടെ കഥ. യയാതി രാജവിന്ടെ മകന്‍ പുരുവിന്റെ കഥ . അച്ഛനുവേണ്ടി ആയിരം കൊല്ലം ഓള്‍ഡ്‌ മാന്‍ ആയി ജീവിച്ച പുരു . കഥ അവസാനിക്കുമ്പോള്‍ അച്ഛന്‍ യൗവനവും രാജ്യവും പുരുവിനു കൊടുക്കുന്നു . ത്യാഗത്തിന്റെ, ചിന്തിപ്പിക്കുന്ന നല്ല കഥ പുരു കുമാരനെ സ്വപ്നം കണ്ട് അമ്മയെ കെട്ടിപിടിച്ച് ആ രാത്രി ഞാന്‍ ഉറങ്ങി.

ഞാന്‍ ഉറക്കമുണര്‍ന്നു ഈ കഴിഞ്ഞ ഡിസംബര്‍ പന്ത്രണ്ടിന് . അന്ന് ഞാന്‍ വീണ്ടു നനഞ്ഞ കൈ കൊട്ടി.

നനഞ്ഞ ,ഒറ്റ മുണ്ടുടുത്ത് ,ഉണക്ക ഓല കത്തിച്ച് ഉരുളിയില്‍ പച്ചരിചോറുണ്ടാക്കി, വിരലില്‍ കറുകപ്പുല്‍ മോതിരം ഇട്ട്, തൈരും , എള്ളും , മഞ്ഞളും , പൂവും കൂട്ടി ചോറ് കുഴച്ച് , കിണ്ടിയിലെ വെള്ളം കൊണ്ട് വലതു കൈ നനച്ച് ഞാന്‍ കൊട്ടി . മൂന്ന്‍ പ്രാവശ്യം . ഇത്തവണ അമ്മ വഴക്ക് പറഞ്ഞില്ല.

ആ രാതി അമ്മ എനിക്ക് മധുരമുള്ള പാലോ, നെയ്യ് പുരട്ടിയ ദോശയോ , മീന്‍ കറിയോ, കാബേജ് തോരനോ ,പപ്പടമോ ഉണ്ടാക്കി തന്നില്ല .

കരഞ്ഞു തളര്‍ന്നു കിടക്കുന്ന അമ്മയുടെ മടിയില്‍ തലവെച്ച് ഞാന്‍ കിടന്നു . കുറേശെ നരച്ചു തുടങ്ങിയ എന്റ്ടെ തലയില്‍ പ്രായവും പ്രമേഹവും തളര്‍ത്തിത്തുടങ്ങിയ കൈകൊണ്ട് അമ്മ തലോടി . നല്ല ആശ്വാസം തോന്നി .

ആ രാത്രി അമ്മ എനിക്ക് ഒരു കഥ പറഞ്ഞുതന്നു.

ഒരു കാവല്‍കാരന്ടെ കഥ. ജീവിതം മുഴുവന്‍ ഭാര്യക്കും മകനും ഉറക്കം ഒഴിച്ചിരുന്നു കാവല്‍ ഇരുന്ന ഒരു കാവല്‍കാരന്ടെ കഥ . പെട്ടെന്ന് ദേഷ്യം പിടിക്കുകയും , പെട്ടന്ന് സങ്കടം വരുകയും , പിശുക്കി ചിരിക്കുകയും , തരക്കേടില്ലാത്ത തമാശകള്‍ പറയുകയും , സ്നേഹം ഉള്ളില്‍ ഒളിപ്പിച്ച് പുറത്ത് ഭയങ്കര ഗൌരവം കാണിക്കുകയും ചെയ്യുന്ന ഒരു കാവല്‍കാരന്ടെ കഥ . കാവലിന് പ്രതിഫലം ഒന്നും വാങ്ങാതെ , ഒരു സൂചന പോലും തരാതെ , ആരോടും ഒന്നും പറയാതെ എങ്ങോട്ടോ പോയ ഒരു കാവല്‍കാരന്ടെ കഥ . സ്നേഹത്തിന്ടെയും , ത്യാഗത്തിന്ടെയും , ക്ഷമയുടെയും വിജയത്തിന്ടെയും ഒരു നല്ല കഥ . എന്റെ അച്ഛന്ടെ കഥ . ആ കാവല്‍കാരനെ സ്വപ്നം കണ്ട് അമ്മയെ കെട്ടിപിടിച്ച് ആ രാത്രി ഞാന്‍ ഉറങ്ങാന്‍ ശ്രമിച്ചു.

അമ്മ പറഞ്ഞ കഥയിലെ മുയലിനെ പോലെ , പക്ഷിയെ പോലെ , രാജകുമാരനെ പോലെ എന്റെ അച്ഛനും പണ്ട് എങ്ങോ നടന്ന ഒരു കഥയിലെ നന്മകൊണ്ടും സ്നേഹംകൊണ്ടും ,ബുദ്ധികൊണ്ടും , ത്യാഗംകൊണ്ടും , ക്ഷമകൊണ്ടും , പരിശ്രമംകൊണ്ടും വിജയം നേടിയ ഒരു കഥാ നായകനായി.

ജയപ്രകാശ് കോരോത്ത്




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.