പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

കവിത വരുന്ന വഴി അഥവാ വിശപ്പിന്റെ വിളി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നൈന മണ്ണഞ്ചേരി

തപാലില്‍ വന്ന കവിത പത്രാധിപര്‍ തിരിച്ചും മറിച്ചും നോക്കി. വായിച്ചു കഴിഞ്ഞപ്പോള്‍ സംശയം, ഈ സാധനം കവിത തന്നെയാണോ? പലതവണ വായിച്ചിടും അത്രയ്ക്കങ്ങോട്ട് പിടികിട്ടുന്നില്ല. ഈശ്വരാ,കവിത ഏതൊക്കെ വഴി ഏതൊക്കെ രൂപത്തിലാണ് വരുന്നതെന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക? ഇത്തരം സന്നിഗ്ധ ഘട്ടത്തില്‍ സഹപത്രാധിപരെ വിളിച്ച് ഏല്‍പ്പിക്കുകയാണ് പതിവ്.’’ഒന്ന് നോക്കിയിട് തരൂ’’—മുഖ്യപത്രന്‍ സഹപത്രനെ സാധനം ഏല്‍പിച്ചു.

നേരം വളരെ കഴിഞ്ഞിട്ടും സഹപത്രനെയും കവിതയെയും കാണാതായപ്പോള്‍ മുഖ്യപത്രന് സംശയം,എന്താണ് സംഭവിച്ചത്?ഒന്നുനോക്കിക്കളയാമെന്ന് വെച്ച് അടുത്ത കാബിനിലേക്ക് ചെന്നു. മേശമേല്‍ തലവെച്ച് ചിന്താമഗ്നനായിരിക്കുന്ന സഹപത്രനെക്കണ്ട് മുഖ്യന് സംശയമായി,കവിത വായിച്ച് ബോധം പോയതാണോ?ബോധം പോയ സമയത്ത് എഴുതിയ സാധനമാണെന്ന് ന്യായമായും സംശയിക്കാവുന്ന പ്രസ്തുത കവിത വായിച്ച് വായിക്കുന്നവന്റെ ബോധം പോയാലും കുറ്റം പറയാനാവില്ല. എന്തൊക്കെയാണ് വെച്ചുകാച്ചിയിരിക്കുന്നത്.. ഇതിനെക്കാള്‍ അല്‍പം ഭേദം കൊടുങ്ങല്ലൂര്‍ ഭരണീപ്പാട്ട് തന്നെയാണെന്ന് തോന്നുന്നു. ’കാടിയായാലും മൂടിക്കുടിക്കണം’’എന്ന് പഴയ ചൊല്ലനുസരിച്ച് നമ്മുടെ പടിണിയും പരിവട്ടവും വിശപ്പും ദാഹവുമൊന്നും അന്യരെ അറിയിക്കാതിരിക്കുകയാണല്ലോ മാന്യത.

ഇതും വിശപ്പിനെപ്പറ്റിയുള്ള കവിത തന്നെ. വയറിന്റെ വിശപ്പിനെപ്പറ്റിയാണെങ്കില്‍ സഹിക്കാമായിരുന്നു. ഇതു കവിയുടെ വേറെ ഒരവയവത്തിനുണ്ടായ വിശപ്പിനെപ്പറ്റിയാണ്, ഇനി വീട്ടില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന കടലാസ് വേറെ ആരെങ്കിലുമെടുത്ത് പത്രമോഫീസിലേക്ക് അയച്ചതാണോ?

‘കവിത വായിച്ചിട്ട് എന്താണഭിപ്രായം?’നേരെ മുന്നില്‍ വന്ന് കുറെ നേരം നിന്നിട്ടും പ്രതികരണമൊന്നും കാണാതായപ്പോള്‍ പത്രാധിപര്‍ ചോദിച്ചു. ’’അതു ശരി,അപ്പോള്‍ അത് കവിതയായിരുന്നോ? ഞാന്‍ കരുതിയത് സാറിന് എന്നെ നേരിട്ട് ചീത്ത പറയാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ട് കടലാസില്‍ എഴുതി തന്നതായിരിക്കുമെന്നാ’

‘‘ഞാനും ആദ്യം വിചാരിച്ചത് നമ്മുടെ ആഴ്ച്ചപ്പതിപ്പ് സ്ഥിരമായി വായിക്കുന്ന ആരോ തെറി എഴുതി അയച്ചതാണെന്നാ, മുകളില്‍ കവിത എന്നെഴുതിയിരിക്കുന്നതു കണ്ടപ്പോഴാണ്സംശയമായത്.’’ മുഖ്യപത്രന്‍ വിശദീകരിച്ചു.

''സാറേ,ഇത് നമ്മുടെ വാരികയില്‍ പ്രസിദ്ധീകരിച്ചു വന്നാല്‍ വായനക്കാര്‍ നമ്മെയല്ലേ ചീത്തവിളിക്കൂ’ സഹപത്രാധിപന്‍ സംശയം പ്രകടിപ്പിച്ചു.’അതൊക്കെ വാസ്തവം,പക്ഷേ കവി പ്രശസ്തനായതു കൊണ്ടും മാനേജിംഗ് പത്രന്റെ അടുത്തയാളായതുകൊണ്ടും പ്രസിദ്ധീകരിക്കാതിരിക്കാനും കഴിയില്ല.’ —മുഖ്യപത്രന് ധര്‍മ്മസങ്കടം. ‘അതു ശരിയാ,അല്‍പം പ്രശസ്തനും ഏതെങ്കിലും അവാര്‍ഡ് കിട്ടിയിട്ടുള്ള ആളുമാണെങ്കില് എന്ത് ചവറാണെങ്കിലും പ്രസിദ്ധീകരിക്കുകയാണല്ലോ പതിവ്, പക്ഷേ,ഇതല്‍പ്പം കട്ടിയായിപ്പോയി.’’ സഹപത്രന്‍ പറഞ്ഞു.

ചുരുക്കിപ്പറഞ്ഞാല്‍ അങ്ങനെയാണ് പ്രസ്തുത കുറിപ്പടി ക്ഷമിക്കണം, കവിതയെങ്കില്‍ അങ്ങനെ വാരികയില്‍ അച്ചടിച്ചു വരാനിടയായത്. യഥാര്‍ത്ഥത്തില്‍ അത് കഴിഞ്ഞാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. കവിതയെപ്പറി പത്രത്തില്‍ വന്ന കത്തുകള്‍ പലതും വായിക്കാന്‍ പോലും പറ്റാത്ത രീതിയിലുള്ള പൂരപ്രബന്ധങ്ങളായിരുന്നു. അവക്ക് മുകളില്‍ കവിത എന്നെഴുതിയിരുന്നെങ്കില്‍ അച്ചടിച്ചു വന്നതിനെക്കാള്‍ നല്ല കവിതയാകുമായിരുന്നുവെന്ന് മാത്രമല്ല, എല്ലാംകൂടെ ചേര്‍ത്ത് ഒരു സ്പെഷ്യല്‍ കവിതാ പതിപ്പു തന്നെ ഇറക്കാമായിരുന്നു. അതിനെക്കാള്‍ വലിയ പ്രശ്നം വേറെയുമുണ്ടായി. കവികളും കവികളല്ലാത്തവരും പലതരം വിശപ്പുകളെപ്പറ്റി വിശദമായി കവിതയെന്ന തലക്കെട്ടില്‍ സൃഷ്ടികളയക്കാന്‍ തുടങ്ങി. എന്താണ് ചെയ്യേണ്ടതെന്നറിയാതെ മുഖ്യപത്രാധിപന്‍ കുഴങ്ങി. നമ്മുടെ സര്‍ഗ്ഗമണ്ഡലത്തില്‍ വിശപ്പ് ഇത്രയും വ്യാപകപ്രശ്നമായി മാറിയിരിക്കുന്നതോര്‍ത്ത് അത് അത്ഭുതപ്പെടുകയും ചെയ്തു. ഒരുവേള ഈ ജോലി വേണ്ടെന്ന് വെച്ചാലോ എന്നും പത്രാധിപന്‍ ആലോചിക്കാതിരുന്നില്ല. സ്വന്തം വിശപ്പിന്റെ കാര്യമാലോചിച്ചപ്പോള്‍ ആ ആലോചനയില്‍ നിന്നും ഉടന്‍തന്നെ പിന്‍വാങ്ങുകയും ചെയ്തു.

എന്തിനധികം പറയണം,ഒരു കവിയുടെ വിശപ്പ് സൃഷ്ടിച്ച കോലാഹലം ഏതൊക്കെ തലങ്ങളിലേക്ക് വളര്‍ന്ന് കീറാമുട്ടിയായിത്തീര്‍ന്നുവെന്നതോര്‍ക്കുമ്പോള്‍ പലതരം വിശപ്പുകളെപ്പറ്റി ഒരു ഖണ്ഡകാവ്യം തന്നെ എഴുതിയാലോ എന്ന് മുഖ്യപത്രാധിപര്‍ക്ക് തോന്നാതിരുന്നില്ല.

നൈന മണ്ണഞ്ചേരി

ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം. പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ വ്യവസായ കോടതി യിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു.

വിലാസം:

നൈനമണ്ണഞ്ചേരി,

നൈനാസ്,

എരമല്ലൂര്‍. പി.ഒ,

ആലപ്പുഴ(ജില്ല)

പിന്‍ -688537.


Phone: 9446054809
E-Mail: mirazjnaina@yahoo.co.in
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.