പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളിലെ തൊഴിലാളി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബാബുരാജ്‌

സമയം അതിക്രമിച്ചിരിക്കുന്നു.

തിടുക്കത്തിൽ അയാൾ പുസ്‌തകങ്ങളെല്ലാം ബാഗിൽ തിരുകി കയറ്റി. ഭാരിച്ച ബാഗ്‌ പുറത്തു വെച്ച്‌ അതിന്റെ വള്ളികൾ ഇരുകൈകളിലും കോർത്ത്‌ അയാൾ ധൃതിയിൽ ബസ്‌റ്റോപ്പിലേയ്‌ക്ക്‌ നടന്നു. ഒരു ഗർഭിണിയുടെ വയറുപോലെ ബാഗ്‌ അയാളുടെ പുറത്ത്‌ തൂങ്ങി നിന്നു. ബാഗ്‌ അയാളിൽ വല്ലാത്ത അസ്വാസ്ഥ്യം ഉണർത്തി. ബസ്‌റ്റോപ്പിലെത്തിയപ്പോൾ അയാളെപ്പോലെ ചുമടെടുത്തുനിൽക്കുന്ന സഹപ്രവർത്തകർ അയാളെ അഭിവാദ്യം ചെയ്‌തു. തന്നേപ്പോലെ ചുമെടെടുക്കാൻ വിധിക്കപ്പെട്ടവരെ കണ്ടപ്പോൾ അയാളിൽ നിസ്സഹായത നീറി.

എന്തിനാണിതിങ്ങനെ നിത്യോം കെട്ടിച്ചുമക്കുന്നത്‌? ഇതിനകത്തുള്ളതിനെക്കുറിച്ച്‌ വല്ലപിടിയുമുണ്ടോ“? എത്രയെത്ര അധിക്ഷേപങ്ങൾ! വീട്ടിൽ നിന്നു സ്‌കൂളിലേയ്‌ക്കും സ്‌കൂളിൽ നിന്നു വീട്ടിലെയ്‌ക്കും കഴുതയെപ്പോൽ ചുമടെടുക്കാൻ തുടങ്ങിയിട്ട്‌ ആറുവർഷത്തോളമായി, അയാൾ ചിന്തയെ പിന്നോട്ടു മുന്നോട്ടും തെളിച്ചു. ഇനിയും എത്രകാലം ചുമടെടുക്കണം? മടുത്തു! വൈരസ്യത്തിന്റെ കയ്‌പുനീർ അയാളുടെ ഉള്ളിൽ തികട്ടി. ചുമട്‌ ഉപേക്ഷിക്കാനുള്ള അദമ്യവികാരം അയാളിൽ നീറിപ്പുകഞ്ഞു. കട്ടച്ചോരപോലെ കറുത്ത പുകതുപ്പി സ്‌കൂൾ ബസ്സു വന്നു നിന്നു കിതച്ചു. ചുമട്ടുകാർ തിക്കിതിരക്കി അകത്തു കടന്ന്‌ ഇരിപ്പിടങ്ങളുടെ അടുത്തു ചുമടിറക്കിവെച്ച്‌ വിശ്രമിച്ചു. ഇരിപ്പിടത്തിനരികിൽ ഇറക്കിവെച്ചിരിക്കുന്ന ചുമടു കണ്ടപ്പോൾ വീടിനു കാവൽ കിടക്കുന്ന നായയുടെ ചിത്രം അയാൾക്ക്‌ ഓർമ്മ വന്നു.

സ്‌കൂളിന്റെ പടിവാതിക്കലെത്തിയപ്പോൾ ഒരു തേങ്ങലോടെ ബസ്സു നിന്നു. ചുമട്ടുകാർ വീണ്ടും ചുമടുകൾ തോളിലേറ്റി ബസ്സിൽ നിന്നിറങ്ങി സ്‌കൂളിലേയ്‌ക്കു നടന്നു തുടങ്ങി. ഇരിപ്പിടത്തിൽ നിന്നു എഴുന്നേറ്റ്‌, വളരെ ആയാസപ്പെട്ട്‌ അയാൾ ചുമടു തോളിലേറ്റി ചുമടിനു ഭാരം ഏറിയോ എന്നയാൾക്ക്‌ സംശയമുദിച്ചു. ബസ്സിറങ്ങി അയാൾ നേരെ ക്ലാസ്‌ മുറിയിലേയ്‌ക്കു നടന്നു. ക്ലാസ്സിലെത്തി തന്റെ കുട്ടിമേശക്കരികിൽ ചുമടിറക്കി വെച്ച്‌ അയാൾ കുട്ടിക്കസേരയിൽ ഇരുപ്പുറപ്പിച്ചു. ക്ലാസു മുറിയിലെ കലപിലകൾക്കിടയിൽ മുളപൊട്ടിയ ഒരു താൽക്കാലിക ആശ്വാസത്തെ തുരങ്കം വെച്ചുകൊണ്ട്‌ ബെല്ലിന്റെ ശബ്‌ദം മുഴങ്ങി. അധികം താമസിയാതെ പ്രത്യക്ഷയായ അദ്ധ്യാപികാവതാരത്തെ ഒരു തത്തയായി അയാൾ സങ്കൽപ്പിച്ചു. തത്ത ചിലച്ചു തുടങ്ങി. ചുമടഴിച്ച്‌ അറിവിന്റെ ഭണ്ഡാരങ്ങൾ കുട്ടിമേശയിൽ നിരത്താൻ തത്ത ഉത്തരവു പുറപ്പെടുവിച്ചു.

ചുമടിൽ നിന്നു പുറത്തെടുത്ത പുസ്‌തകങ്ങൾ ചീട്ടുകൾ പോലെ കുട്ടിമേശകളിൽ നിരന്നു. അടുത്തുള്ളൊരു കുട്ടിമേശയിൽ നിന്ന്‌ തത്ത ഒരു ചീട്ടെടുത്തു.

പാഠം അഞ്ച്‌ പൂച്ചക്കാരു മണികെട്ടും, തത്ത ചില തുടർന്നു. ചുമട്ടുകാർ ചെവികൂർപ്പിച്ചു. അയാൾ ഒന്നും ശ്രദ്ധിച്ചില്ല. തത്തയുടെ മേൽ ചാടി വീഴുന്ന പൂച്ചയുടെ ചിത്രം വരച്ചു അയാൾ. ചിത്രത്തിന്റെ മിനുക്കുപണിയിൽ മുഴുകിയ അയാൾ, തത്ത വന്നു പുറകിൽ നിന്നത്‌ അറിഞ്ഞില്ല.

തത്ത ഒരു ചീറ്റപ്പുലിയായി. ചിത്രം പിടിച്ചെടുത്ത്‌ ചീറ്റപ്പുലി നിന്നു ചീറി....

”എവിടെ നിന്റെ ഇംഗ്ലീഷ്‌ പുസ്‌തകം?“

”വീട്ടിൽ വെച്ചു മറന്നു പോയി...“

”പിന്നെ എന്തോന്നിനാണീ കെട്ടും ചുമന്നോണ്ടു വന്നിരിക്കുന്നത്‌? കെട്ടെടുത്ത്‌ മേശക്കു മുകളിൽ കയറി നിൽക്കൂ.... ക്ലാസു കഴിയുന്നതുവരെ അവിടെ നിന്നോണം.....“ കെട്ടും ചുമലിലേറ്റി അയാൾ കുട്ടിമേശയ്‌ക്കു മുകളിൽ കയറി നിന്നു. കുട്ടിമേശക്കുമുകളിൽ നിന്നു നോക്കിയപ്പോൾ താഴെ കുട്ടിക്കസേരകളിലിരിക്കുന്നത്‌ ചുമട്ടുകാരല്ല തവളകളാണ്‌ എന്നയാൾക്കു തോന്നി. ”പോക്രോം പോക്രോം“ തവളകൾ മുറവിളി കൂട്ടി. അയാളിൽ ഒരു മന്ദഹാസം വിരിഞ്ഞെങ്കിലും ചുമടിന്റെ ഭാരം അയാളെ പതിൻമടങ്ങ്‌ അലോസരപ്പെടുത്തി.

ഈ ചുമട്‌ ഉപേക്ഷിച്ചേ മതിയാകൂ........ അയാൾ മനസ്സിൽ തീരുമാനം ഉറപ്പിച്ചു. മുറയനുസരിച്ച്‌ വേറെയും മൂന്നാലു തത്തകൾ കൂടി ക്ലാസു സന്ദർശിച്ചു. അവരിൽ നിന്നും അധിക്ഷേപ വചനങ്ങളല്ലാതെ ചുമടുകൊണ്ട്‌ ഫലമൊന്നുമുണ്ടായില്ല.

ഒടുവിൽ സ്‌കൂൾ വിടാനുള്ള ബെല്ലടിച്ചു. ക്ലാസു മുറികൾ കാലിയായി; ചുമടുകളേന്തിയ ചുമട്ടുകാരല്ലൊം ബസ്സിൽ വലിഞ്ഞു കേറാൻ തിരക്കിയിട്ട്‌ ഓടിച്ചാടി നടന്നു. ഏറ്റവും ഒടുവിലാണ്‌ അയാൾ ക്ലാസ്‌ മുറി വിട്ടത്‌. സ്‌കൂൾ അങ്കണത്തിലെ ഒരു മഹാവൃക്ഷത്തിനു കീഴെ വെച്ചിരുന്ന വലിയൊരു ചവറ്റുവീപ്പക്കരികിൽ എത്തിയപ്പോൾ അയാൾ നിന്നൊന്നു പരുങ്ങി. അയാൾ ചുറ്റുവട്ടം നോക്കി. ആരുമില്ല! അയാൾ തോളിൽ നിന്നു ചുമടിറക്കി താഴെ വെച്ചു. വീണ്ടും വളരെ ജാഗ്രതയോടെ ഒരിക്കൽക്കൂടി ചുറ്റുവട്ടം കണ്ണോടിച്ചു ഇല്ല, പരിസരത്തെങ്ങും ആരുമില്ല! മുഴുവൻ ധൈര്യവും സംഭരിച്ച്‌, വളരെ പ്രയാസപ്പെട്ട്‌ താഴെ നിന്നു ചുമടെടുത്ത്‌, തുറന്നുപിടിച്ച്‌, ഏന്തി വലിഞ്ഞു നിന്നുകൊണ്ട്‌ ചവറ്റുവീപ്പക്കുള്ളിലേയ്‌ക്ക്‌ അതിൽ നിന്നുള്ളതെക്കെ അയാൾ കുടഞ്ഞിട്ടു. മഹാവൃക്ഷത്തിനെ ഒരിളം കാറ്റു തഴുകി. മഹാവൃക്ഷം പുഞ്ചിരി പൊഴിച്ചെന്നു അയാൾക്കു തോന്നി. ”വേണ്ട കള്ളച്ചിരി വേണ്ട....“ അയാൾ മഹാവൃക്ഷത്തിനു താക്കീതു നൽകികൊണ്ട്‌ ഒഴിഞ്ഞ ബാഗു പൂട്ടി പൂറത്തുതൂക്കി, ഭാരം ഒഴിഞ്ഞ മനസ്സുമായി, വളരെ ലാഘവത്തോടെ സ്‌കൂൾ ബസ്സിനരികിലേയ്‌ക്കു നടന്നു നീങ്ങി.

ബാബുരാജ്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.