പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

മധുര നൊമ്പരങ്ങള്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സോണിയ റഫീക്ക്‌

"മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി, അല്ലിയാമ്പല്‍ പൂവിനെ തൊട്ടുണര്‍ത്തി"

എഫ്‌ എം റേഡിയോയില്‍ നിന്ന്‌ ഒഴുകിയിറങ്ങിയ ചെറു കുളിരേകും ചാറ്റല്‍ മഴ. ജന്നല്‍ കമ്പികളില്‍ ഉരസിചിതറിയ പുതുമഴത്തുള്ളികളില്‍ ചിലത്‌ നെറുകയില്‍ തൊട്ടുണര്‍ത്തിയപോല്‍ ഏതോ പോയകാലത്തിന്‍റെ മധുര നൊമ്പരങ്ങള്‍ മനസ്സില്‍ തോരണം വിരിച്ചു. കാലത്തിന്‍റെ കുഴിച്ചുമൂടലുകളില്‍ പെടുത്താതെ ആ ചെറു നൊമ്പരങ്ങള്‍ ഇളം പനിനീര്‍ പൂവിതളുകളാല്‍ മൂടിവച്ചു. ....... ഭദ്രമായി....മനസ്സിന്‍റെ പാതിയടഞ്ഞ വാതിലുകള്‍ക്കുള്ളില്‍ എവിടെയോ ഇന്നുമവ പരിമളം പരത്തുന്നു..... എനിക്കുമാത്രം നിര്‍വചിക്കാന്‍ ആകുന്ന ഒരു അത്ഭുതാനുഭൂതി പകര്‍ന്നുകൊണ്ട്‌......

വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഞാനുമൊരു കൌമാരക്കാരി ആയിരുന്നു. എനിക്കും ഉണ്ടായിരുന്നു സുന്ദര സ്വപ്നങ്ങള്‍ , മൃദുല വികാരങ്ങള്‍, ചെറു കൌതുകങ്ങള്‍. അങ്ങിനൊരു നാളില്‍ എന്‍റെ മനസ്സിന്‍ അനുവാദം ചോദിക്കാതെ സ്വയം നീര്‍ചാലുകള്‍ വെട്ടിക്കീറി എന്നിലേക്ക്‌ സാവദാനം ഒലിച്ചിറങ്ങിയ ഒരു തേനരുവിയായി അവന്‍ വന്നു. ക്ളാസ്സ്‌ മുറിയില്‍ പുതുതായി വന്ന വിദ്യാര്‍ഥിയെ ഏവരും കൌതുകം കൂറും മിഴികളോടെ വരവേല്‍ക്കെ ഞാന്‍ മാത്രം നോട്ട്‌ പുസ്തകത്തില്‍ നിന്ന്‌ കണ്ണെടുക്കാതെ മിഴി കൂമ്പിയിരുന്നു. പുതു വിദ്യാര്‍ഥിക്ക്‌ ഇരിപ്പിടം കാട്ടിക്കൊടുത്ത്‌ പരിചയപ്പെടുത്തിയ ശേഷം റ്റീചര്‍ പതിവ്‌ പോലെ അധ്യയനത്തിലേക്ക്‌ കടന്നു. ക്ളാസ്സിനിടക്കും പുതുമുഖത്തെ ആകാംഷയോടെ തുരുതുരെ തിരിഞ്ഞു നോക്കുന്നവര്‍, ഇടക്കിടക്ക്‌ സൌഹൃദച്ചിരി സമ്മാനിക്കുന്നവര്‍...അങ്ങിനെ പലരും. എന്നാല്‍ കൂട്ടത്തില്‍ ഞാന്‍ മാത്രം എന്തുകൊണ്ടോ അവനെ കണ്ട ഭാവം പ്രകടിപ്പിച്ചില്ല. പുതിയ കുട്ടിക്ക്‌ നോട്ട്‌ പങ്കിടുവാന്‍ ക്ളാസ്സ്‌ റ്റീച്ചര്‍ നിര്‍ദ്ദേശിചത് എന്നോടായിരുന്നു. 11 മണിക്ക്‌ ഇന്‍റര്‍വല്‍ സമയത്ത്‌ നോട്ട്‌ ബുക്കുകളുമായി ഞാന്‍ അവന്‍റെ അടുക്കലേക്ക്‌ പോകുമെന്നവന്‍ പ്രതീക്ഷിച്ചുണ്ടാകണം. അതു മനസ്സിലാക്കികൊണ്ടു തന്നെ ഞാന്‍ പോകാന്‍ തെല്ലും കൂട്ടാക്കിയില്ല. എന്നാല്‍ തെന്നിയും മാറിയും ഇടക്കണ്ണിട്ട്‌ മനസ്സില്ലാ മനസ്സോടെ ഞാന്‍ അവനെ ഒളിക്കണ്ണ്‌ എറിയുന്നുണ്ടായിരുന്നു. വൈകുന്നെരത്തെ ഇന്‍റര്‍വല്‍ സമയത്ത്‌ അവന്‍ മെല്ലെ തന്‍റെ നോട്ട്‌ ബുക്കുകളുമായി എന്‍റെ ബെഞ്ചിന്‍ അരികിലെത്തി. വിടര്‍ന്ന ചിരിയുമായി എന്നോട്‌ ബുക്കുകള്‍ ആവശ്യപ്പെട്ട മാത്രയില്‍ തന്നെ വര്‍ഷങ്ങളായി കയ്യില്‍ കരുതി കാത്തുവെച്ച അപൂര്‍വ്വ നിധികള്‍ സമ്മാനിക്കുന്ന ഉത്സാഹത്തോടെ ഞാന്‍ അവയെല്ലാം അവന്‍റെ കയ്യിലേക്ക്‌ കൊടുത്തു. നാളെ തിരികെ നല്‍കാമെന്ന ഉപചാരവാക്കോടെ അന്നത്തെ ദിവസം കടന്നുപോയി.

അന്ന്‌ വൈകിട്ട്‌ വീട്ടിലെത്തിയ ശേഷവും ആ മുഖം വീണ്ടും വീണ്ടും ഓര്‍ക്കുവാന്‍ ഉള്ളിലിരുന്നാരോ ആവശ്യപ്പെടുന്നപോലെ . പിറ്റേന്ന്‌ രാവിലെ കുളിച്ചൊരുങ്ങി ബാഗുമെടുത്ത്‌ പോകാന്‍ തുടങ്ങുമ്പോള്‍ കാരണമില്ലാത്തൊരു ഉന്‍മേഷം ശരീരത്തിനും മനസ്സിനും അനുഭവപ്പെട്ടു. ഒന്‍പത്‌ വര്‍ഷമായി ഞാന്‍ ചവിട്ടിക്കയറിയ അതേ കോണി പടികള്‍ , അതേ മുറ്റം, അതേ മണല്‍ത്തരികള്‍ .....എന്നാല്‍ അവയ്ക്കെല്ലാം എന്തോ അന്നുവരെ കാണാത്തൊരു പുതുമ. ആ മണല്‍ത്തരികളില്‍ കാല്‍ അമര്‍ന്നപ്പോള്‍ ഒരു ചെറു കുളിര്‍ അനുഭവപ്പെടുന്നപോലെ. കാറ്റാടിമരങ്ങളില്‍ നിന്നും വീശുന്ന കാറ്റിനും ഉണ്ടൊരു പുതുമ. ക്ളാസ്സില്‍ കയറിയ ഉടന്‍ ഞാന്‍ പോലും അറിയാതെ എന്‍റെ മിഴിക്കോണുകള്‍ പിടിവിട്ട്‌ ഓടി അവന്‍റെ അടുക്കലേക്ക്‌. കൈവിട്ടോടിയ കണ്ണും മനസ്സും ഞൊടിയിടയില്‍ വരുതിയില്‍ പിടിച്ചുകെട്ടി ഞാന്‍ എന്‍റെ സീറ്റില്‍ എത്തി. കാത്തിരുന്ന വസന്തം അരികിലെത്തിയ സന്തോഷത്തോടെ അവന്‍ എനടടുക്കലെത്തി. നോട്ടുകള്‍ ഒരു രാത്രികൊണ്ട്‌ പകര്‍ത്തുവാന്‍ കഴിഞ്ഞില്ല, ഇന്ന്‌ 2 മണിക്കൂറ്‍ ഫ്രീ കിട്ടുന്ന അവസരത്തില്‍ കമ്പ്ളീറ്റ്‌ ചെയ്ത്‌ തിരികെ ഏല്‍പ്പിക്കാമെന്ന്‌ ഏറ്റ്‌ അവന്‍ പിന്‍ വാങ്ങി. അങ്ങിനെ അന്ന്‌ ഫ്രീ കിട്ടിയ 2 മണിക്കൂറ്‍ അവന്‍ എന്‍റെ ബെഞ്ചില്‍ എന്‍ടടുക്കല്‍ വന്നിരുന്ന്‌ നോട്ടുകള്‍ പകര്‍ത്തി. ....എന്‍റെ സഹായത്തോടെ....ഒഴിഞ്ഞ ക്ളാസ്സ്‌ മുറിയില്‍ ഒന്നിച്ചൊരു ബെഞ്ചിലിരുന്ന്‌ പങ്കിട്ട ആ സൌഹൃദം നിമിഷങ്ങളും മണിക്കൂറുകളും വകവെയ്ക്കാതെ വളര്‍ന്നു പടര്‍ന്ന്‌ പച്ചപിടിച്ചു. പിന്നീട്‌ എന്നും ഒഴിവു വേളകളില്‍ ഒരുമിച്ചുള്ള പടനമോ പടനത്തിന്‍റെ പേരിലുള്ള ഒത്ത്‌ ചേരലോ എന്നറിയില്ല ....പങ്കുവെക്കുവാന്‍ കൊതിച്ച തരളിത ഭാവങ്ങള്‍ ഒരു നോട്ടം കൊണ്ടോ അവന്‍ എന്നില്‍ ഉണര്‍ത്തുന്നത്‌ ഞാന്‍ അറിഞ്ഞിരുന്നു. എന്നില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു അറിവായി ഒരു രഹസ്യമായി ഞാന്‍ അത്‌ കാത്ത്‌ സൂക്ഷിച്ചു. വിരല്‍ തുമ്പുകള്‍ മുട്ടിയുരസി പിരിയുമ്പോള്‍ ആത്മാവിന്‍ കോണില്‍ എങ്ങോ പൂട്ടിക്കിടന്ന കിളിവാതിലുകള്‍ മുട്ടിവിളിച്ച്‌ തുറക്കപ്പെട്ടതുപോലെ. പറയുവാനും കേള്‍ക്കുവാനും കൊതിച്ച ആത്മാവിന്‍ ഈണങ്ങള്‍ ചിറിപ്പൂട്ടുകളില്‍ കുടുങ്ങി വീര്‍പ്പുമുട്ടി. എന്‍റെ നേര്‍ക്കുള്ള ഒരു മിന്നല്‍ നോട്ടം പോലും ഉള്ളിന്‍റെ ഉള്ളില്‍ അള്ളിപ്പിടിച്ച്‌ കിടക്കുന്ന മൃദുല ഭാവങ്ങള്‍ വിളിച്ചുണര്‍ത്തുന്നവ ആയിരുന്നു. മനോവീണകള്‍ മീട്ടും ഈണവും ശ്രുതിയും ഒന്നു തന്നെന്ന്‌ ഇരു ഹൃദയങ്ങളും മനസ്സിലാക്കിയിട്ടും എവിടെയോ ഒരു ഉള്‍വലിയല്‍ അനുഭവപ്പെട്ടിരുന്നു ഇരുവര്‍ക്കും. ഒരു ഡസ്ക്കിന്‌ ഇരു വശവും ഇരുന്ന്‌ ഹൃദയത്തുടിപ്പുകള്‍ കൈമാറുമ്പോള്‍ പലവട്ടം എന്‍റെ കൈവെള്ളയില്‍ അവന്‍ എന്തെല്ലാമോ കോറി വരച്ചിട്ടുണ്ട്‌. മഷിപ്പേനയുടെ മുനത്തുമ്പില്‍ വിരിയും ചിത്രങ്ങള്‍ എന്‍റെയുള്ളില്‍ വിതറിയിട്ട പുളകമണി മുത്തുകള്‍ പെറുക്കി കൂട്ടി മാല കോര്‍ത്തണിഞ്ഞ്‌ ഞാന്‍ എന്‍റെ കിനാവുകള്‍ സമ്പന്നമാക്കി. അവനുമായി ചിലവിട്ട നിമിഷങ്ങളുടെ ചാരുതയില്‍ ഉറക്കം പിണങ്ങി നിന്ന രാത്രികള്‍ എന്‍റെ മനസ്സില്‍ മധുരം നിറക്കും മോഹ സങ്കല്‍പ്പങ്ങളുടെ ഏടുകള്‍ തീര്‍ത്തു.

" ആരാരും അറിയാത്തൊരു ആത്മാവിന്‍ തുടിപ്പുപോല്‍,

ആലോലം ആനന്ദ നൃത്തമാര്‍ന്നു"

....അതേ....ഈ തുടിപ്പുകള്‍ ആരാരും അറിഞ്ഞിരുന്നില്ല, പരസ്പരം അറിഞ്ഞിരുന്നെങ്കിലും അറിഞ്ഞതായി ഭാവിച്ചില്ല. പറയാതെ പറഞ്ഞ വാക്കുകള്‍ ഇരുവരുടേയും നിശ്വാസത്തില്‍ പോലും നിഴലിച്ചുവെങ്കിലും അവയെല്ലാം അറിയാതെ പറയാതെ ബാക്കിവെച്ചു. അന്ന്‌ അവസാന ദിവസ പരീക്ഷ കഴിഞ്ഞു ഒരു നോക്ക്‌ കണ്ട വേളയില്‍ വാക്കുകള്‍ക്ക്‌ വഴങ്ങാത്ത വിചിത്ര വികാരങ്ങള്‍ അവന്‍റെ ഉള്ളില്‍ പുകയുന്നത്‌ നനുത്ത ആര്‍ദ്രതയായി മിഴികളില്‍ പടര്‍ന്നത്‌ ഞാന്‍ കണ്ടിരുന്നു.

എന്നില്‍ നിന്ന്‌ എന്താവും അവന്‍ ആഗ്രഹിച്ചിട്ടുണ്ടാകുക? എന്‍റെയുള്ളില്‍ നുരയും സ്നേഹപ്പാലാഴിയില്‍ നിന്ന്‌ ഒരു തുടം പോലും അവന്‍ ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ അതിലെ ഓരോ തുള്ളിയും അവകാശത്തോടേ കവര്‍ന്നെടുക്കുന്നത്‌ ഞാന്‍ അറിയാതെ അറിഞ്ഞു.....(അറിഞ്ഞതായി ഭാവിച്ചില്ലെങ്കിലും). പകരമായി അവനില്‍നിന്ന്‌ ഞാന്‍ ഒന്നും ആവശ്യപെട്ടിരുന്നില്ല. ആവശ്യപ്പെട്ടിരുന്നെങ്കില്‍ അവന്‍ എന്താവും എനിക്കായി കരുതി വെച്ചിരുന്നിരിക്കുക? അറിയില്ല.......

മോഹങ്ങളിന്നും മോഹങ്ങളായി തന്നെ നിലനില്‍ക്കുന്നു. പറയുവാന്‍ മറന്ന വാക്കുകള്‍, ഒരു വേള കേള്‍ക്കുവാന്‍ കൊതിച്ച വാക്കുകള്‍....മനസ്സിനെ നീറ്റും വിങ്ങലായി ഇന്നും ഉള്ളില്‍ പടരുന്നൊരു അത്ഭുത അനുഭൂതിയായി നിലനില്‍ക്കുന്നു. മനുഷ്യചേതനകള്‍ കുമിഞ്ഞു കൂടുമീ ഭൂലോകത്തിന്‍റെ ഏതോ ഒരു കോണില്‍, എങ്ങോ ഒരു ദിക്കില്‍ ഇന്നും മഴവില്ലിന്‍ വര്‍ണ്ണങ്ങളില്‍ എന്നെ ഓര്‍ക്കുന്നൊരു മനസ്സ്‌ ഉണ്ടാകില്ലേ? പീലി വിടര്‍ത്തിയാടും മയിലിനെ കാണുമ്പോള്‍, വിടരുവാന്‍ കൊതിക്കും കൂമ്പിയ പനിനീര്‍‍മൊട്ട്‌ കാണുമ്പോള്‍, ചെറുചാറ്റല്‍ നനയുമ്പോള്‍ ഇന്നുമവന്‍ എന്‍റെ കൌമാരത്തെ പ്രണയിക്കുന്നുണ്ടാകില്ലേ???

സോണിയ റഫീക്ക്‌


E-Mail: soniarafeek@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.