പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

വീണ്ടും ജനിച്ചവൻ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സാംസി കൊടുമൺ

വെള്ള ഒറ്റമുണ്ട്‌ നെരിയാണിയോളം താഴ്‌ത്തിയുടുത്ത്‌, കൈയുള്ള ബനിയനിട്ട്‌, കറുത്ത ചരടിലെ വെന്തിങ്ങ പുറത്തുകാട്ടി, കാടുകയറിയ റോഡിന്റെ കാനയോടു ചേർന്ന്‌ തോമസ്‌ മൂപ്പൻ നടന്നു. അയാളുടെ നീരുവന്ന കാലുകള്‌ വേച്ചുവേച്ചു നീങ്ങുമ്പോൾ, തല തെറിച്ചവന്മാര്‌ പുറകില്‌ നിന്ന്‌ അയാളെ “ചങ്കരാ” എന്നു വിളിക്കും.

ഓരോ വിളിയേയും അയാള്‌ ആകാവുന്നത്ര ഉച്ചത്തില്‌ തിരുത്തും. “ഞാന്‌ ചങ്കരനല്ല, തോമസ്സാ”. ആളുകള്‌ ചിരിക്കും. ആ ചിരി അയാളെ ഉന്മത്തനാക്കുന്നു. മറക്കാനിഷ്ടപ്പെടുന്ന ഓർമ്മകൾ അയാളിലേക്കു കോരിച്ചൊരിയുന്നു. ഒരുപിടി അരിയോ ഇത്തിരി ഉപ്പുമാവുപൊടിയും നാഴി ഡാൽഡയുമോ കിട്ടാൻവേണ്ടി ആയിരുന്നില്ല ചങ്കരന്‌ തോമസിലേക്കു പരകായപ്രവേശം നടത്തിയത്‌.

അത്‌ ദൈവത്തോടുള്ള ഒരു വെല്ലുവിളിയായിരുന്നു. മുപ്പത്തിമുക്കോടി ദൈവങ്ങൾക്കു കാക്കാൻ വയ്യാത്ത അവന്റെ സ്വത്വത്തെ തേടിയുള്ള യാത്രയുടെ ഭാഗമായിരുന്നു. അവൻ ദൈവങ്ങളോടു കലഹിച്ചു. പഴയവയെ പറിച്ചെറിഞ്ഞു. പക്ഷെ, പുതിയ ദൈവം അവന്‌ ഒരു പുത്തൻ സമസ്യപോലെ ആയിമാറി. വേച്ചുവേച്ചുപോകുന്ന അവന്റെ കാലുകൾ അവന്റെ ആത്മാവിന്റെ വേപഥു വിളിച്ചറിയിക്കുന്നു.

മറ്റെല്ലാവരെയും പോലെ ചങ്കരന്‌ എന്ന കീഴാളൻ തമ്പ്രാന്റെ ഉടമയിലായിരുന്നു. തമ്പ്രാൻ അവന്റെ ദിവസങ്ങളെ അടയാളപ്പെടുത്തി. “എടാ ചങ്കരാ, പത്തുപേരെയും കൂട്ടി ഇന്ന്‌ കൈതേത്ത്‌ മുരുപ്പ്‌ വൃത്തിയാക്കണം.” അല്ലെങ്കിൽ, “ചങ്കരാ, നീ ഇന്ന്‌ കുറെ പെണ്ണങ്ങളെയും കൂട്ടി ഇടനിലക്കോട്ടെ പതിനഞ്ചുപറ നടീയ്‌ക്കണം”.

അവൻ ഭൂമിയുടെ ഉപ്പായിരുന്നു. ആ കൈകൾ ബലിഷ്‌ഠവും ഭുജങ്ങൾ ഉറച്ചതും ആയിരുന്നു. ആ ഇച്ഛാശക്തിക്കു മുന്നിൽ ഭൂമി പിളർന്നു. അവൻ ‘കൂന്താലി’ എടുത്താൽ ഭൂമി ദയക്കായി കേഴും. മുറുമുറുപ്പുകളില്ലാതെ അവൻ തമ്പ്രാനുവേണ്ടി അദ്ധ്വാനിച്ചു.

അവൻ കരുതലുള്ളവനായിരുന്നു. അവന്റെ കുടിയിൽ എപ്പോഴും നാഴി നെല്ലുണ്ടാകും. അവൻ അത്‌ പാളികളിൽ കെട്ടി ഭദ്രമാക്കി വെക്കും. ചിലപ്പോൾ അവന്റെ അപ്പൻ കേളന്‌ അതെടുത്തുവിറ്റ്‌ കള്ളു കുടിക്കും. ചിലപ്പോൾ അവൻ അപ്പനോടു പറയും, “അപ്പനിങ്ങനെ നെല്ലു വിറ്റു കള്ളു മോന്തിയാ പിന്നെ പഞ്ഞം വരുമ്പം ഏതരിയിട്ട്‌ നായി വെള്ളം കുടിക്കും?” കള്ളിന്റെ നിലാവിൽ കേളൻ ചിരിക്കും. എന്നിട്ട്‌ ഏതെങ്കിലും കൊയ്‌ത്തുപാട്ടിന്റെ ഈരടികൾ മൂളും. അമ്മ കോത അവനെ ശകാരിക്കും, “നീ അപ്പനോടു മയക്കുകൂടുകാ?” മൂന്നാളും ചിരിക്കും. അവർ സന്തോഷത്തിലായിരുന്നു.

നിലാവുള്ള ചില രാത്രികളിൽ ചങ്കരൻ കുടിലിനു വെളിയിൽ മാനത്തേക്കു നോക്കിയിരിക്കും. അപ്പോൾ കേളൻ കോതയോടു പറയും. “എടിയേ, ഓന്‌ തലേല്‌ നിലാവുദിച്ചെന്നാ തോന്നുന്നേ”. രണ്ടാളും ചിരിക്കും.

കേളൻ തമ്പ്രാനോടു പറഞ്ഞുഃ “ ചെങ്കന്‌ ഒരു കുടി വെച്ചാക്കൊള്ളാന്നുണ്ട്‌”.

“അതിനെന്താ കേളാ... നീ ആരെയെങ്കിലും കണ്ടുവച്ചിട്ടുണ്ടോ?”

“അടിയനാരേം കണ്ടിട്ടില്ല”.

“ശരി, നീ തെരക്കിക്കോ”.

ഒരിരുപതു പിടി ഞാറുചെടി നട്ടാൽ കരകയറാവുന്ന ഒരു പണിദിവസം, എരിഞ്ഞടങ്ങുന്ന സന്ധ്യയുടെ ചരിഞ്ഞ വെളിച്ചത്തിൽ തമ്പ്രാൻ അതു കണ്ടു. പിടികളായി കെട്ടിയ ഞാർ ചങ്കരൻ ദൂരെനിന്ന്‌ ഓരോ പെണ്ണാൾക്കും എറിഞ്ഞുകൊടുക്കുന്നു. ഒരു പിടി മാത്രം അലക്ഷ്യലക്ഷ്യം ഒരു ചെറുമിയുടെ ഇടത്തോ വലത്തോ വീഴുന്നു. അവൾ തലയുയർത്തി നോക്കും. ഒന്നും അറിയാത്തപോലെ ചങ്കരൻ അവളെ നോക്കും; അവൾ അടക്കിപ്പിടിച്ച്‌ ഒന്നു ചിരിക്കും. തമ്പ്രാൻ ഒന്നൂറിച്ചിരിച്ചു.

പിറ്റേന്ന്‌, ഞാറു പിഴുത നിലം ഒരുക്കുന്ന ചങ്കരനോട്‌ തമ്പ്രാൻ ചോദിച്ചു,

“നിനക്കവളെ ബോധിച്ചോ?” ചങ്കരൻ ഒന്നും പറഞ്ഞില്ല. അവന്റെ മനസ്സില്‌ അവളുടെ രൂപമായിരുന്നു. നല്ല മുറ്റിയ പെണ്ണ്‌. “ഉം...!” തമ്പ്രാൻ ഒന്നിരുത്തിമൂളി. എന്നിട്ടു നടന്നു.

ചങ്കരൻ കുടിലിനോടു ചേർന്ന്‌ ഒരു ഇറക്കുണ്ടാക്കി, പച്ചമണ്ണു കുഴച്ച്‌ അതിരുകൾ വച്ചു, അവ നന്നായി ഇടിച്ചുറപ്പിച്ച്‌ ചാണകം മെഴുകി. രണ്ടു തൂണുകൾക്കിടയിൽ നെടുകെയും കുറുകെയും വാരികൾ പാകി വാടിയ ‘വഴുക’വച്ച്‌ വാരികൾ കെട്ടി, ഓല മെടഞ്ഞ്‌ മേൽക്കൂര മേഞ്ഞു. അവൻ കാളിയോടു പറഞ്ഞു, “ഏന്‌ നിന്നോട്‌ തെനഹമാ”. “ഏനും”. അവൾ പറഞ്ഞു. ഇതിനുമുൻപ്‌ ഏതെങ്കിലും ചെറുമകന്‌ അവന്റെ കുടിയോട്‌ ഇങ്ങനെ പറഞ്ഞിട്ടുണ്ടോ, ആവോ? അവർ ആ സ്നേഹം തെറ്റിച്ചില്ല. പാടത്തെ പണി കഴിഞ്ഞുവന്ന്‌ അവർ നെല്ലു വറുത്ത്‌ കുത്തും. ഉരലിന്റെയും ഉലക്കയുടെയും താളത്തിനൊപ്പിച്ച്‌ അവർ പാടും - അവരുടെ ജീവിതം താളം നിറഞ്ഞതായിരുന്നു. ഉണക്കുകാലത്തെ നീണ്ട സന്ധ്യകളിൽ ഉടുതുണിയിലെ കൂറപ്പേനുകളെ മുളംകുറ്റികൊണ്ട്‌ അവർ ഉരുട്ടിക്കൊല്ലും. അവർ ദൈവങ്ങൾക്കു കുരുതി കൊടുത്തു, കള്ളു കൊടുത്തു.

കാളി ഒരു പെണ്ണിനേയും ഒരാണിനേയും പെറ്റു. മൂന്നാമത്തെ പേറിൽ അവൾ വല്ലാതെ പൊരുതി, തോറ്റു. ജീവിതത്തിനും മരണത്തിനും ഇടയ്‌ക്കുള്ള ഏതോ ഇടവേളയിൽ, മൂന്നാമതൊരു കുട്ടിയെ ചങ്കരനു നൽകി, അവൾ യാത്രയായി. ചത്ത കാളിക്കും തൊണ്ടക്കീറിക്കരയുന്ന പുതുജീവനും ഇടയിൽ ചങ്കരൻ നിന്നു ചൂളി. പിന്നവൻ അധികമാരോടും സംസാരിച്ചില്ല. എട്ടുവയസ്സുള്ള മൂത്തമോള്‌ എളേതുങ്ങളെ നോക്കി.

തമ്പ്രാൻ സ്‌കൂൾ തുടങ്ങി. മൂത്തവളെ പള്ളിക്കൂടത്തിൽ വിടാൻ ചങ്കരന്‌ വലിയ മോഹമായിരുന്നു. പക്ഷെ, അതു നടന്നില്ല.

തമ്പ്രാൻ പറഞ്ഞുഃ “എടാ ചങ്കരാ, നീ പിള്ളാരെ നോക്കാൻ ആരെയെങ്കിലും വിളിച്ചോണ്ടുവാ”.

ചങ്കരൻ കേട്ടില്ല. അവൻ പൊട്ടനെപ്പോലെ തമ്പ്രാന്റെ മുന്നിൽ നിന്നു. കാളിക്കു പകരം ആരും അവന്റെ മനസ്സിൽ കേറില്ല. അവൻ കിടാങ്ങളെ നല്ലപോലെ നോക്കി. തമ്പ്രാന്റെ പണി കഴിഞ്ഞുവന്ന്‌ വെച്ചുവിളമ്പി അവരെ പട്ടിണിക്കിടാതെ നോക്കി. ചാവുദോഷം മാറാൻ, രാത്രികാലങ്ങളിൽ അവൻ ദൈവങ്ങൾക്കു കള്ളു കൊടുത്തു, ഊരാളിയെക്കൊണ്ട്‌ ഉടുക്ക കൊട്ടിച്ചു. തമ്പ്രാൻ കൊടുത്ത സ്ഥലത്ത്‌ അവൻ കിണർ കുത്തി. സമയംപോലെ കൊത്തിയും കിളച്ചും ചിലതെല്ലാം നട്ടു. എപ്പോഴും അവന്റെ ചിന്ത അമ്മയില്ലാത്ത തന്റെ കുട്ടികളെക്കുറിച്ചായിരുന്നു. തമ്പ്രാന്റെ മുറ്റത്തുകുത്തിയ കുഴിയിലെ ഇലക്കീറിൽനിന്ന്‌ ഉച്ചക്കഞ്ഞിയുടെയും പുഴുക്കിന്റെയും ഒരു പകുതി അവൻ കുട്ടികൾക്കായി കരുതി. ഇളയവരെ പള്ളിക്കൂടത്തിൽ ചേർത്തു. കൊച്ചുപെണ്ണ്‌ വളർന്നു. ഒരുനാൾ അവൾ വയസ്സറിയിച്ചു. ഒരു കുറവും വരാതെ ചങ്കരൻ അത്‌ ആഘോഷിച്ചു.

അവൾ സുന്ദരിയായിരുന്നു. കാളിയുടെ അതേ ലക്ഷണം. ഒളികണ്ണിട്ട്‌ അവളെ നോക്കി ചങ്കരൻ ഉള്ളിൽ തേങ്ങും. “പാവം, അമ്മയില്ലാത്ത പെണ്ണ്‌. അവളെ നല്ല നിലയ്‌ക്കയക്കണം”. നിലാവുള്ള രാത്രികളിൽ മുറ്റത്ത്‌ ഒരു തഴപ്പാവു വിരിച്ച്‌ അതിൽ മലർന്നുകിടന്ന്‌ അവൻ ആകാശത്തേയ്‌ക്ക്‌ നോക്കും. കാളി സ്വന്തം കൈകൊണ്ടു നെയ്ത ആ പായില്‌ കിടക്കുമ്പോൾ കാളി അവനോടൊപ്പമുണ്ടാവും. അവൻ കാളിയോടു ചോദിച്ചുഃ “നമ്മുടെ കൊച്ചുപെണ്ണ്‌ ബലുതായി. നീ കണ്ടോ? അവക്കൊരു ചെക്കനെ കണ്ടുപിടിക്കണം”. ചങ്കരൻ ചുമ്മാ ഊറിചിരിച്ചു. കാളി അവനൊപ്പം മൂളുന്നതായി അവനറിഞ്ഞു. അവൻ കാളിക്കൊപ്പം നെല്പാടങ്ങളിലും വാഴത്തോട്ടങ്ങളിലും ചുറ്റിനടന്നു.

കൊച്ചുപെണ്ണിനുവേണ്ടി അവൻ ചില കരുതലുകളൊക്കെ തുടങ്ങിയിരുന്നു. ഒരിക്കൽ അവൾ ചോദിച്ചു. “അപ്പാ, ഞാനും പണിക്കു വരട്ടെ?” ചങ്കരന്റെ നിലയാകെ മാറി. “പോടി അപ്പുറത്ത്‌. പെണ്ണിന്റെ ഒരു നെഗളിപ്പ്‌!” അവന്റെ മേലാകെ പൊള്ളിയതുപോലെ. അവന്റെ എല്ലാം കൊച്ചുപെണ്ണാണ്‌. അവള്‌ കഷ്ടപ്പെടാൻ പാടില്ല. അവളെ ആരും നോവിക്കാൻ പാടില്ല. അവൾക്കു നൊന്താൽ അവനു നോവും. അത്രയ്‌ക്കും ചങ്കരനു പ്രാണനായിരുന്നു കൊച്ചുപെണ്ണ്‌. അവൻ അവളെ മറ്റുമക്കളെക്കാൾ സ്നേഹിച്ചു. എപ്പോഴും അവൾ അവന്റെ നെഞ്ചിലായിരുന്നു.

ചങ്കരൻ അന്വേഷണത്തിലായിരുന്നു. അവൾക്കു പറ്റിയ ഒരു കൂട്ടു കണ്ടുപിടിക്കണം. കണ്ടെത്തി. മൈക്ക്‌സെറ്റും, പൂമാലയും, അടപ്രഥമനും, ഒക്കെയായി കേമമായ കല്യാണം. ഒരു കീഴാളനും നടത്തിയിട്ടില്ലാത്തത്ര മോടിയായ കല്യാണം. ചങ്കരൻ തല നിവർത്തിപ്പിടിച്ചു നടന്നു.

എന്നാൽ, പെണ്ണ്‌ വീടെറങ്ങാറായപ്പോഴേക്കും അവൻ തളർന്നുപോയി. ഒരുകുടം കള്ള്‌ അങ്ങു വലിച്ചുമോന്തി. പിന്നെ കുടിലിനു ചുറ്റും കാലുവെന്ത നായെപ്പോലെ നടന്നു. “എടീ കാളിയേ, നീ കണ്ടോ... എടീ കാളിയേ, നീ കണ്ടോ....” ചങ്കരനെ എന്തോ ബാധിച്ചതുപോലെ. പെണ്ണിറങ്ങാൻനേരം ചെറുക്കന്റെ കൈപിടിച്ച്‌ ചങ്കരൻ ഒന്നേ പറഞ്ഞുള്ളൂഃ എന്റെ മോളെനെ ബെഗമിപ്പിക്കരുത്‌“. ചങ്കരൻ വീണ്ടും കുടിലിനു ചുറ്റും നടന്നു.

കൊച്ചുപെണ്ണിനു സന്തോഷമായിരുന്നു. അവൾക്കു വയറ്റിലുണ്ടായപ്പോൾ ചങ്കരൻ പോയി മുറപോലെ കൂട്ടിക്കൊണ്ടുവന്നു. അവന്റെ മനസ്സിൽ ആധി ആയിരുന്നു. ”എന്റെ ദൈവങ്ങളേ, ഒരു കേടും കൂടാതെ രണ്ടും രണ്ടു പാത്രമാക്കിത്തരണേ.“ അവൻ പ്രാർത്ഥിച്ചു. അറിയാവുന്ന ദൈവങ്ങൾക്കെല്ലാം നേർച്ചനേർന്നു, കാടിദൈവങ്ങൾക്കു കള്ളും കാഴ്‌ച്ചകളുമ നൽകി.

വയറ്റാട്ടി ചാരിവച്ച ഓലമറ നീക്കുന്നതും നോക്കി ചങ്കരൻ കുടിലിന്റെ വാതിൽക്കൽത്തന്നെ ഉണ്ടായിരുന്നു. നീണ്ടനേരത്തെ സഹനത്തിനുശേഷം കൊച്ചുപെണ്ണ്‌ പ്രാണനെ വിട്ടിരുന്നു. ഒപ്പം കുഞ്ഞും. ചങ്കരൻ തളർന്നു. വല്ലാതെ തളർന്നു. അലറി, പിന്നെപ്പിന്നെ മരവിപ്പിലേക്കൊളിച്ചു.

ശവത്തിനു മീതെ പച്ചമണ്ണു വെട്ടിവീഴ്‌ത്തുമ്പോൾ അവൻ കരഞ്ഞില്ല. അവൻ കരച്ചിലിനും അപ്പുറത്തായിരുന്നു. അവന്റെയുള്ളിൽ പക വളരുകയായിരുന്നു. പച്ചമണ്ണിന്റെ കൂനയിൽ കരിക്കിന്റെ കണ്ണുചെത്തി കടുകും നിറച്ച്‌ അവൻ എഴുന്നേറ്റു. മനസ്സ്‌ ശൂന്യമായിരുന്നു. ”എടീ കാളിയേ, നീ എവിടെയാ? നിനക്കും കാക്കാൻ വയ്യാരുന്നോ? അവൻ മുകളിലേക്കു നോക്കി ചോദിച്ചു. രാത്രിയിൽ അവൻ ഉറങ്ങിയില്ല. തെളിഞ്ഞ രാത്രിയിൽ ഓലക്കീറിൽക്കൂടി അരിച്ചുകയറുന്ന വെളിച്ചത്തിലൂടെ അവൻ ആകാശത്തിൽ നക്ഷത്രങ്ങളെ പരതി. അപ്പോൾ അവൻ കേട്ടുഃ

“അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായുള്ളോരെ, എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. ഭാരപ്പെട്ടും നുറുങ്ങിയും ഇരിക്കുന്ന ഹൃദയമുള്ളവരേ, വരുൻ...” എവിടെയോ പുതിയ സുവിശേഷകൻ ഉച്ചഭാഷിണിയിൽക്കൂടി വിളിച്ചു പറയുകയാണ്‌. കുറേ നാളുകളായി അവൻ അതു കേൾക്കുന്നുണ്ടായിരുന്നു. പക്ഷേ, ആ രാത്രിയിൽ അവന്റെ സിരകളിൽ അതു കത്തി. അവൻ പകലിനായി കാത്തു. അതിരാവിലെ നനഞ്ഞ പുല്ലുകളെ ചവിട്ടുമ്പോൾ, ഇന്നലെവരെ ഇല്ലാത്ത ഒരു കുളിർമ്മ തോന്നി. താൻ ഒരു പുതിയ മനുഷ്യനാണെന്ന്‌ അവനു തോന്നി. നടന്നുനടന്ന്‌ അവൻ തോട്ടത്തിലെ ബംഗ്ലാവിൽ എത്തി. അതാ, ചാരുകസേരയിൽ കാലും കയറ്റിവച്ച്‌ കോശി മുതലാളി. ചങ്കരൻ മുരടനക്കി.

“എന്താ ചങ്കരാ വിശേഷം?”

“യെച്ചൊരു കാര്യം പറയാനുണ്ട്‌”.

മുതലാളി പുരികമുയർത്തി അവനെ നോക്കി.

“യെച്ച്‌ കിത്യാനി ആകണം”.

മുതലാളി ഒന്നു പകച്ചു. കാലുകൾ കസേരപ്പടിയിൽനിന്ന്‌ താഴേക്ക്‌ ഉർന്നിറങ്ങി.

വിശ്വാസം വരാതെ മുതലാളി ചോദിച്ചുഃ “നീ എന്താ ചങ്കരാ പറയുന്നത്‌?”

“എന്റെ കൊച്ചിനെ കാക്കാൻ കഴിയാത്ത തൈവങ്ങളെ ഏനു വേണ്ട. യെച്ച്‌ കിത്യാനി ആകണം”.

“നീ ആലോചിച്ചാണോ പറയുന്നത്‌?”

“അതെ”.

“നീ ഞായറാഴ്‌ച പള്ളിയിൽ വാ”.

“ഓ”.

കുളിച്ചൊരുങ്ങി, മുതലാളി കൊടുത്ത വെള്ളമുണ്ടും കൈയുള്ള ബനിയനും ഇട്ട്‌, ചങ്കരൻ ഞായറാഴ്‌ച പള്ളിയിൽ ചെന്നു. അച്ചൻ കൂദാശകളിലൂടെ ചങ്കരനെ തോമസ്സാക്കി, അവന്റെ കഴുത്തിൽ കറുത്ത ചരടില്‌ വെന്തിങ്ങയും തൂക്കി. ഒരു പുതിയ ക്രിസ്ത​‍്യാനി പിറന്നു. അടുത്ത ഞായറാഴ്‌ച വർദ്ധിച്ച ഉത്സാഹത്തോടെ തോമസ്‌ പള്ളിയിൽ ചെന്നു. അച്ചൻ മുതലാളിയെനോക്കി. സഭാപ്രമാണിമാരുടെ മുഖത്തെ നീർവീഴ്‌ച കണ്ട മുതലാളി പറഞ്ഞു; “തോമസ്സേ, നീ മുരുപ്പേല്‌ പള്ളിയിൽ പോയാൽ മതി. അവിടെയാകുമ്പോൾ നിന്നെ കാര്യങ്ങളൊക്കെ പഠിപ്പിക്കാൻ ആളു കാണും”. എവിടെയോ ഒരു കല്ലുകടി. അവൻ ഒന്നും പറഞ്ഞില്ല. മുരുപ്പേൽ പള്ളിയിൽ അവൻ അവന്റെ വർഗ്ഗത്തെ തിരിച്ചറിഞ്ഞു. കറുത്ത തൊലിയുള്ള, എന്നും പുതിയതായ, പുതുക്രിസ്ത​‍്യാനി. അവർ ചേർന്നുനിന്ന്‌ ആമേൻ പറഞ്ഞു.

വേച്ചുവേച്ചു പോകുന്ന കാലടികൾക്കിടയിൽ നഷ്ടപ്പെട്ടതെന്തോ തിരയുന്നതുപോലെ, സ്വയം ഓർമ്മപ്പെടുത്താനെന്നപോലെ, അവൻ പറഞ്ഞുകൊണ്ടിരുന്നു. “ഞാൻ ചങ്കരനല്ല, തോമസ്സാ... തോമസ്സ്‌ മൂപ്പൻ...”

സാംസി കൊടുമൺ


E-Mail: rajuthomas01@yahoo.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.