പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

അവലോസുണ്ട

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ.ജി.സൂരജ്‌

കഥ

നില്‌ക്കുന്നവർ.

ഇരിക്കുന്നവർ.

എരിയും ചൂടിൽ പുകവലിക്കുന്നവർ.

പൊളളും രാഷ്‌ട്രീയം സംവദിക്കുന്നവർ.

കൈലേസുകളാൽ വിയർപ്പൊപ്പുന്നവർ.

സ്വന്തം മേൽ കൊണ്ടു, നിലം തുടക്കുന്നവർ.

വഴിക്കാഴ്‌ചകൾ കണ്ടിരിക്കും ചിലർ.

എല്ലാം മറന്ന്‌, സുഖമായുറങ്ങുവോർ.

ചുറ്റിനും മുഴങ്ങും, റിങ്ങ്‌ട്ടോൺ ഒച്ചകൾ.

ഉറക്കെപ്പാടുന്ന അന്ധയായ പെൺകുട്ടി.

കക്കൂസിൽ നിന്നും തുളച്ചെത്തുന്ന,

മൂത്രച്ചൂരുളള കാറ്റ്‌.

തീവണ്ടികളിലെ പൊതു കംപാർട്ട്‌മെന്റുകൾ ഇങ്ങനെയാകുന്നു. ഏതായാലും, ഒന്നരമണിക്കൂർ നീണ്ട കാത്തു നില്‌പിനൊടുവിൽ ‘ഹാപ്പാ എക്‌സ്‌പ്രസ്സ്‌’ നീങ്ങിത്തുടങ്ങി. തിക്കിനും തിരക്കിനുമിടയിൽ, ഇരുണ്ട ചായം തേച്ച തടി സീറ്റിന്റെ ഒരറ്റം ഒഴിഞ്ഞു കിട്ടി. ഇപ്പോൾ ഞങ്ങൾ അഞ്ച്‌ പേർ ബുദ്ധിമുട്ടി എങ്കിലും, ‘സമൃദ്ധമായിഃ’ ഇരിക്കുന്നു. എതിർ സീറ്റിലെ നാലുപേരും സ്‌ത്രീകളാണ്‌. സ്‌ത്രീകളുടെ മനുഷ്യാവകാശങ്ങൾ, വർദ്ധിച്ചുവരുന്ന പുരുഷ പീഡനം, ജെന്റർ ഇക്വാളിറ്റി (സ്‌ത്രീ പുരുഷസമത്വം) തുടങ്ങി ഗൗരവതരവും ഉൾക്കനവുമുളള ചർച്ചകളാൽ അവർ തങ്ങളുടെ തീവണ്ടിസമയം, സജീവമാക്കി. കട്ടിക്കണ്ണട വച്ച മദ്ധ്യ വയസ്‌കയാണ്‌, അവരിലെ പ്രധാനിയെന്നു തോന്നുന്നു. ആദരം പിടിച്ചുപറ്റുന്ന അവരുടെ വാക്കുകൾ, ചില ആൺ ‘സിങ്കങ്ങളുടെയെങ്കിലും’ സമനില പാടേ തെറ്റിച്ചിരിക്കണം. സ്‌ത്രീകളുടെ കോട്ടൺ സഞ്ചികൾ കുടവയർ പോലെ വീർത്തിരുന്നു. വയർ തുളച്ച്‌, ഫയലുകൾ പുറത്തേക്ക്‌ നോക്കി.

ജനലിനോട്‌ ചേർന്നിരിക്കുന്നത്‌, ഒരുറച്ച ഒരാഹാരപ്രിയനാണ്‌. പാൻട്രികാറിലെ വറചട്ടിയിൽ, മൊരിഞ്ഞു ചുവന്ന എണ്ണ കുടിച്ചു വീർത്ത ഉഴുന്നുവടകൾ ചട്ട്‌ണിയിൽ മുക്കി ഇടതടവില്ലാതെ ശാപ്പിടുന്ന അയാൾക്കു മുന്നിലൂടെ, വറ്റിയ പുഴകളും, കത്തുന്ന പാടങ്ങളും, കടയറ്റ മരങ്ങളും ഓടിപ്പോകും. ഞങ്ങളുടെ വേനലവധി ഒരാഘോഷമാണ്‌. അത്‌ തുടങ്ങുന്നതും അവസാനിക്കുന്നതും തീവണ്ടിയാത്രകളിലും. പുക തുപ്പി ഗമയോടെ, വേഗത്തിൽ പായുന്ന ഞങ്ങളെ നോക്കി കുട്ടികൾ ചിരിക്കുകയും, പട്ടികൾ കുരയ്‌ക്കുകയും ചെയ്‌തു. യാത്രക്കാർ വഴിയോരങ്ങളിൽ അഭിവാദ്യം ചെയ്‌തു കടന്നുപോയി.

തീവണ്ടിപ്പകലുകളെ ഇരുട്ടു ചുംബിക്കുന്നത്‌, യാത്ര തുരങ്കങ്ങളിലേക്കെത്തുമ്പോഴാണ്‌. തുരങ്കങ്ങൾ സുഖമുളള തണുപ്പറകളാകുന്നു. അവയുടെ ചുവന്ന മൺഭിത്തികളിലൂടെ നീരുറവകൾ പൊട്ടിയൊലിക്കും. കൂരിരുട്ടിൽ, ജലരേഖകളുടെ മൺകൊഴുപ്പിൽ വേരുകൾ മണ്ണിരകളോട്‌ ആവോളം ഇണ ചേരും. പച്ചവളളിപ്പടർപ്പുകളിൽ മൺപാറ്റകൾ കൂടുകൂട്ടും. ഇലകൾ ഇലകളോടു മെയ്യുരസും. ഇലഞ്ഞരമ്പുകളിൽ പച്ചിലപ്പാമ്പുകൾ ഇളംപച്ചപ്പടം പൊഴിച്ചിടും...

പാളങ്ങൾക്കരികിലെ മുനിഞ്ഞു കത്തുന്ന വെളിച്ചപ്പൊട്ടുകളാണ്‌, ഇവിടങ്ങളിലെ മനുഷ്യന്റെ സാന്നിധ്യം രേഖപ്പെടുത്തിയിരുന്നത്‌. ചക്രസീൽക്കാരങ്ങൾ, ഉണർത്തുകയും ഉറക്കുകയും ചെയ്‌ത ഒരു ജനസംസ്‌കൃതി, മുകൾ തട്ടിലെ കരിംപച്ചയ്‌ക്കു സമാന്തരമായി മൺമണം പറ്റി വളരുകയും, കരിംപുക തട്ടി തളരുകയും ചെയ്‌തിരിക്കണം. ഈ ഗുഹാമുഖങ്ങളിലെ ചതുപ്പു നിലങ്ങളിൽ കാട്ടുചീരയും കമ്മ്യൂണിസ്‌റ്റുപച്ചയും ഇടകലർന്ന്‌ വളരുന്നു. ഇവിടങ്ങളിലെ ചെറുബാല്യങ്ങൾ റെയിൽപാളങ്ങളെ നടപ്പാതകളാക്കിയിരിക്കണം. പിഞ്ചുകാലടികളിലെ, ചരൽ തിന്ന തൊലിപ്പുറം ഇലച്ചാറിൽ മുക്കി, അവർ സ്‌കൂളിലേക്ക്‌ ഓടിയിരിക്കണം. അവർ ശ്രദ്ധയോടെ ശേഖരിച്ച പച്ചിലകൾ പുസ്‌തകതാളുകളിൽ പഴുത്തുറങ്ങിയിരിക്കണം. തുരങ്ക രാത്രികളിലെ ശബ്‌ദാനുക്രമങ്ങൾ, പനി വിതച്ച പൊന്തനെലിയും, പേറുകഴിഞ്ഞ കൊടിച്ചിപട്ടിയും നിയന്ത്രിക്കുന്നു. ഇരുട്ടു മുറിച്ചെത്തുന്ന കാക്കിധാരിയുടെ തിളങ്ങുന്ന ടോർച്ചുവെട്ടവും, ഉടുതുണി മാറോടടുക്കിപ്പിടിച്ചോടുന്ന രാത്രിപ്പെണ്ണിന്റെ പദസഞ്ചലനവും ഇവിടുത്തെ സ്ഥിരം കാഴ്‌ചകളത്രെ. അവളുടെ നെഞ്ചൊച്ച കൂരിരുട്ടിനെ കീറിമുറിക്കും. അപൂർവ്വമായെത്തുന്ന തുരങ്കങ്ങൾ ഞങ്ങളെ തെല്ലൊന്നുമല്ല ഭയപ്പെടുത്തിയിരുന്നത്‌. ഇരുളിൽ ആരൊക്കെയോ ഉറക്കെ കൂവുകയും ബഹളം കൂട്ടുകയും ചെയ്‌തു. വെളിച്ചം സർവ്വവും, സാധാരണമാക്കി.

മൂന്നുവയസ്സിളപ്പമുളള പെങ്ങളും ഞാനും ജനാലക്കരികിലെ ഇരിപ്പിടത്തിനായി നിരന്തരം മത്സരിച്ചു. അച്ഛനമ്മമാരുടെ ഒത്തുതീർപ്പു വ്യവസ്ഥകൾ ഒരിക്കലും ഞങ്ങളെ തൃപ്‌തരാക്കിയില്ല. ഏതോ ഒരു ലെവൽക്രോസിനു സമീപം തീവണ്ടി ഞരങ്ങിനിന്നു. ഞങ്ങളുടേതിനേക്കാൾ, വേഗതയുളള മറ്റൊരു “സുഹൃത്തിന്‌‘ വഴിയൊരുക്കാൻ ’പിടിച്ചിട്ടതാണത്രെ‘. അതേതായാലും ’ശ്ശി‘ നീണ്ടു. ഇരുവശവും അക്ഷമമായ കണ്ണുകളോടെ വാഹനങ്ങളുടെ നീണ്ട നിര. ഇതിനിടയിൽ ഒരു മുതുക്കിപ്പശു! അതു തന്റെ വഴി മുടങ്ങിയതിൽ പ്രതിഷേധിച്ച്‌ ശക്തമായി കോട്ടുവായിട്ടു. കാലിനും വാലിനുമിടയിലൂടെ ഒലിച്ചിറങ്ങിയ ചാണകം, വേനൽ തിളപ്പിച്ച താർ നിരത്തിനെ തെല്ലൊന്നു തണുപ്പിച്ചിരിക്കണം. അല്ലാ, ചാണകത്തിനും ചൂടുണ്ടായിരിക്കുമോ? ഉഷ്‌ണം ഉഷ്‌ണേന ശാന്തി! സിനിമപോലെ വഴികാഴ്‌ചകൾ മിന്നി മറഞ്ഞു. പൊടിപിടിച്ചതും, വിലപിടിച്ചതുമായ മനുഷ്യർ അനുസ്യൂതം കടന്നുപോയി. നാട്ടുയാത്രകൾ സന്തോഷകരമാണ്‌, തിരിച്ചുവരവ്‌ ദുഃഖകരവും. തീവണ്ടി, സുഖവും ദുഃഖവുമാകുന്നു.

യാത്രയുടെ കുലുക്കത്തിനിടയിലും, പത്രം ആർത്തിയോടെയാണ്‌ തിന്നുതീർത്തത്‌. പാളങ്ങളിൽ പിടഞ്ഞമർന്നവരുടെ ദുരന്തകഥകൾ മുതൽ വിവിധതരം മരണങ്ങളാൽ ചരമക്കോളങ്ങൾ തിങ്ങിനിറഞ്ഞിരിക്കുന്നു. പീഡനം അയാൾക്കൊരു ഫാഷനായിരിന്നുവത്രേ. പരേതന്റെ ഛിന്നഭിന്നമായ ബഹുവർണ്ണ ചിത്രത്തിനൊപ്പം വിശദമായ റിപ്പോർട്ടും കൊടുത്തിരിക്കുന്നു. ലേഖകന്റെ ഗ്രാഫ്‌ ഉറപ്പായും ഉയർന്നിരിക്കണം. ഒരിറച്ചിവെട്ടുകാരന്റെ ലാഘവത്തോടെ ഉരുക്കുചക്രങ്ങൾ അയാളെ അരിഞ്ഞുവീഴ്‌ത്തിയിരിക്കണം. നിലവിളിസമയം പോലും അവശേഷിപ്പിക്കാതെ പാളങ്ങൾ അയാളോടു മന്ത്രിച്ചിരിക്കണം... ’സുഹൃത്തേ, നിങ്ങൾ പരിധിക്കുപുറത്താണ്‌.‘ ഇങ്ങനെ പരിധിക്കുപുറത്തായവർക്ക്‌ തീവണ്ടിയുടെ അനന്തസാധ്യതകൾ പരീക്ഷണ വിധേയമാക്കാവുന്നതാണ്‌. തീവണ്ടി ഒരതിവേഗ മോക്ഷമാർഗ്ഗമാകുന്നു.

അവിടെ ആ തുറന്നിട്ട വാതിലിനരികിൽ കക്കൂസുകളാണ്‌. വൃത്തിയും വെടിപ്പുമില്ലാത്തവ, രണ്ടെണ്ണം. പാളങ്ങളിലേക്ക്‌ അലറിത്തെറിക്കുന്ന വിസർജ്ജ്യങ്ങൾ കരിങ്കൽ കഷ്‌ണങ്ങളിൽ ചിതറിത്തെറിക്കും വിധം എല്ലാം ശാസ്‌ത്രീയമായി സജ്ജീകരിച്ചിരിക്കുന്നു.

എല്ലോറയിലെ ഗുഹാചിത്രങ്ങൾക്ക്‌ വെല്ലുവിളി ഉയർത്തി ആരോ മനുഷ്യനഗ്നത ഫ്രീയായി കോറി ഇട്ടിരിക്കുന്നു. നിങ്ങൾ ഒരു ജന്തുശാസ്‌ത്ര വിദ്യാർത്ഥിയെങ്കിൽ നിർബന്ധമായും ഈ വിഷ്വൽ റൗണ്ട്‌ കണ്ടിരിക്കണം. മലയാളനിഘണ്ടുവിനന്യമായ അസാമാന്യം പദശേഖരങ്ങളാൽ ആ കുടുസ്സുമുറി ധാരാളിത്തം കാട്ടി. രക്തം കുടിച്ചു വീർപ്പുമുട്ടിയ തടിയൻ പഞ്ഞിക്കഷ്‌ണങ്ങൾ മൂലകളിൽ അന്ത്യവിശ്രമം കൊളളുന്നു. ഒരു പരസ്യവാചകമാണ്‌ പെട്ടെന്നോർമ്മ വന്നത്‌, ’നമുക്കും മോഡേണാകണ്ടേ!‘ ആധുനിക നാഗരികതയുടെ സാംസ്‌കാരിക വികാസമാണ്‌ നിങ്ങളുടെ ഗവേഷണവിഷയമെങ്കിൽ ഇത്തരം പൊതു ഇടങ്ങൾ സന്ദർശിക്കുന്നത്‌ ഏറെ ഉചിതമായിരിക്കും.

ചായേ... വടേ... ശബ്‌ദഘോഷങ്ങൾ മുറിച്ച്‌ ചക്രങ്ങൾ നീങ്ങിത്തുടങ്ങി. ’ന്റെ... മാതാവേ‘! ലേശം പരിഭ്രമം കലർന്ന, ആ നാടൻ ആത്മഗതം എല്ലാവരും ശ്രദ്ധിച്ചിരിക്കണം. കഞ്ഞിപ്പശമുക്കി തേച്ചു മിനുക്കിയ ചട്ടയും മുണ്ടും, വലിയ തുളയുളള കാതുകൾ, ’ഠ‘ വട്ടത്തിൽ കമ്മലുകൾ, വിരലോടിത്തേഞ്ഞ കൊന്തമാല, വില്ലുപോലെ വളഞ്ഞ മുതുക്‌, ബ്രൗൺ നിറത്തിൽ ഊന്നുവടി; ഇതാണാരൂപം. മധ്യതിരുവിതാംകൂറിന്റെ നസ്രാണിപ്പഴമ തനിമയോടെ അനുസ്‌മരിപ്പിച്ച്‌ ഒരു പാവം വല്ല്യമ്മ! തീവണ്ടിയിലെ പെരുന്നാൽ തിരക്കു കണ്ട്‌ അന്തംവിട്ടു നില്‌ക്കുന്ന, അവർക്കു ചുറ്റിനും യാത്രക്കാർ മെഴുകുതിരിപോലെ ഒഴുകിപ്പരന്നു. ഒപ്പമുണ്ടായിരുന്നവർ, വല്ല്യമ്മക്കു സ്ഥലം കണ്ടെത്താനാകാതെ നിസ്സഹായരായി. ഇരിപ്പിടത്തിനായി ഇഴഞ്ഞു നടന്ന കണ്ണുകളിൽ, വാർദ്ധക്യത്തിന്റെ യാചന നിഴലിച്ചിരുന്നു.

വർത്തമാനം പറഞ്ഞിരുന്ന സ്‌ത്രീകൾ പൊടുന്നനെ ഗൗരവപ്രകൃതരായി ചിലർക്ക്‌ കലശലായ ഉറക്കം വന്നു. അവരാരും, ആ പടുവൃദ്ധയെ കണ്ടില്ലെന്നു തോന്നുന്നു! ഞങ്ങളുടെ സ്ഥൂലശരീരങ്ങൾ, വല്യമ്മയ്‌ക്കായി അതിവേഗം മെരുക്കപ്പെട്ടു. ഇപ്പോൾ വല്ല്യമ്മ, ഞങ്ങൾക്കൊപ്പം ഇരുന്നു യാത്ര ചെയ്യുന്നു. കാതിൽ പതിഞ്ഞ വാർദ്ധക്യത്തിന്റെ പിറുപിറുക്കലുകൾ നേർത്തു നേർത്തു വന്നു. അവൾ സമ്മാനിച്ച കൂൾകോട്ടൺ ഷർട്ടിലൂടെ ഒരു കൊച്ചു നീർച്ചാൽ അതിജീവനം തുടങ്ങി. കൊഴുകൊഴുത്ത ദ്രാവകം, കോടിയ വായിലൂടെ ഇറ്റുവീണുകൊണ്ടേയിരുന്നു. ചായങ്ങൾ നനച്ച്‌, നൂലിഴകൾ പിന്നിട്ട്‌, ബനിയന്റെ സ്‌നിഗ്‌ദ്ധതയും കടന്ന്‌, ഇടതുനെഞ്ചിലെ രോമങ്ങളിലേയ്‌ക്ക്‌ അതവസാനിച്ചു. തുരുമ്പു തിന്ന, വിജാഗരിക്കിടയിൽ ഞെരിഞ്ഞമർന്ന ഒച്ചിന്റെ മണമായിരുന്നു അവിടമാകെ. പക്ഷേ, ഉമിനീരിന്റെ പഴകിയ ഗന്ധം എന്നിലശേഷം വെറുപ്പുളവാക്കിയില്ല. മെയിൽ ബോക്‌സിലേക്ക്‌, ആരോ ഫോർവേഡു ചെയ്‌ത, ’മദറിന്റെ‘ മുഖമാണ്‌ ഓർമ്മയിൽ തെളിഞ്ഞത്‌... ചുമലനക്കേണ്ട... വല്ല്യമ്മ ഉറങ്ങട്ടെ.

ഉറക്കച്ചടവോടെ യാത്ര പറയുമ്പോൾ കൈനിറയെ അവലോസുണ്ടകൾ സമ്മാനിക്കാൻ വല്ല്യമ്മ മറന്നില്ല. തേങ്ങയും ഏലവും സമാസമം ചേർത്ത, മുറുക്കവും മധുരവുമുളള അവലോസുണ്ടകൾ! അവ കടുമുടെ പൊട്ടിച്ച്‌ ’ജാഗ്രതയോടെ‘, ഉറങ്ങുന്നവരെ ഉണർത്താൻ ചില വിഫലശ്രമങ്ങൾ നടക്കാതിരുന്നില്ല. അല്ലെങ്കിൽ വേണ്ട... ഉറങ്ങുന്ന സ്‌ത്രീപക്ഷങ്ങൾ താനേ ഉണരട്ടെ... സംവാദങ്ങൾ ആയാസകരമായ ഒരു തൊഴിൽ തന്നെ, ഇടയ്‌ക്കിടെ വിശ്രമം ആവശ്യപ്പെടുന്നവ. അവലോസുണ്ടയുടെ മധുരവും, പഴകിയ ഉമിനീർ ഗന്ധവും പരസ്‌പരപൂരകങ്ങളായ ഓർമ്മപ്പെടുത്തലുകളാണ്‌. അവയാകെ ഉറക്കം നടിക്കുന്നവർക്കായി സ്‌നേഹപൂർവ്വം ഡെഡിക്കേറ്റ്‌ ചെയ്യുന്നു. ഒപ്പം ദക്ഷിൺ റെയിൽവേ വക സുഖകരവും സുരക്ഷിതവും പക്ഷരഹിതവുമായ യാത്രാശംസകൾ.

കെ.ജി.സൂരജ്‌


E-Mail: aksharamonline@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.