പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ഭീകരർ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജിതേന്ദ്രകുമാർ, ഡൽഹി

തിളപ്പിച്ചാറ്റിയ പാലിൽ പഞ്ചസാരയിട്ടു ഇളക്കി. മുഴുവനും അലിഞ്ഞപ്പോൾ ഒരു സ്പൂൺ കൂടെ കോരിയിട്ടു. വീണ്ടും ഇളക്കി. മധുരം ഒട്ടും കുറഞ്ഞു കൂടാ.

അടുക്കള വാതിൽ അടച്ച്‌ മുറിയിലേക്കു ചെന്നു. ബാഗു തുറന്ന്‌ കറുത്ത കൂറയുടെ ചിത്രമുള്ള ബേഗോൺ കുപ്പിയെടുത്തു.

കണ്ണുകൾ അറിയാതെ കട്ടിലിലേക്കു പാളി വീണു. പ്രിയമോളുടെ നീണ്ട കോലൻ മുടി ഇളക്കിക്കളിച്ചു കൊണ്ടിരിക്കുകയാണ്‌ ടേബിൾ ഫാൻ. ഒരു വികൃതിക്കുട്ടിയെപ്പോലെ നിർത്താതെ ചൂളമടിച്ചു കൊണ്ട്‌. അവളാവട്ടെ ഒന്നുമറിയാതെ ഉറങ്ങുന്നു.

ഏറെ നാളുകൾക്കു ശേഷം വയറു നിറയെ ആഹാരം കഴിച്ചതിന്റെ സുഖനിദ്ര. അതും അവൾക്ക്‌ ഏറെ ഇഷ്ടപ്പെട്ട കുർക്കുറേ പാക്കറ്റും ഐസ്‌ ക്രീമും മതിയാവോളം കഴിച്ചതിന്റെ. ആ നിറഞ്ഞ ചിരി ഇപ്പോഴും അവളുടെ മുഖത്തുണ്ട്‌. അല്ലെങ്കിൽ ഏതോ സ്വപ്നാനന്ദത്തിന്റെ ചിറകിൽ പാറി നടക്കുന്നതിന്റെ സന്തോഷമാവാം.

ടേബിൽ ഫാൻ ഒന്നു ഓഫ്‌ ചെയ്താൽ മതി. അവൾ എഴുന്നേൽക്കും. വേണ്ടാ, ഉറങ്ങുന്ന കുഞ്ഞിനെ വിളിച്ചുണർത്തി വിഷം കുടിപ്പിക്കേണ്ട ധൃതിയൊന്നുമില്ല. ഉറങ്ങിക്കോട്ടെ. സ്വപ്നങ്ങളുടെ പൊൻചിറകുകളിൽ അവസാനമായൊന്നു കൂടെ പാറിക്കളിച്ചോട്ടെ അവൾ. സ്വപ്നം മുറിയുമ്പോൾ താനെ കണ്ണു തുറന്നോളും. വെള്ളത്തിനു പകരം പാലു കാണുമ്പോഴേ തുള്ളിച്ചാടും. ആർത്തിയോടെ കുടിക്കും. വീണ്ടും ഉറങ്ങും. ബാക്കിയുള്ള പാറ്റ മരുന്ന്‌ താനും കുടിക്കും. പാലും പഞ്ചാരയും ചേർക്കാതെ. പിന്നെ പ്രിയമോളെ കെട്ടിപ്പിടിച്ചു കിടക്കും. നെഞ്ചു പൊട്ടിപ്പിളർന്നാലും, തലയിൽ ചോരക്കടലുകൾ പ്രക്ഷുബ്ധമായാലും, ഛർദ്ദിച്ച്‌ കുടലൊക്കെ പുറത്തു വന്നാലും കൈകൾ അകറ്റില്ല. അവസാനത്തെ യാത്ര മോളെ നെഞ്ചിൽ ചേർത്താവണം. പിന്നെ വർഷങ്ങളായി തന്നെ വിട്ടൊഴിഞ്ഞിരിക്കുന്ന ഉറക്കത്തിന്റെ മടിയിൽ ഉറങ്ങണം. മതിയാവോളം.

എത്ര നീളമുണ്ടാവും ആ ഉറക്കത്തിന്‌? അറിഞ്ഞു കൂടാ. പക്ഷേ ഒരു കാര്യം അറിയാം, തങ്ങളുടെ തണുത്തുറഞ്ഞ ശരീരങ്ങൾ ഈ കൊച്ചുമുറിയിൽ കിടന്നളിയും. കുറച്ചു ദിവസങ്ങളെങ്കിലും. അളിയുന്ന ജീവിതത്തിന്റെ ദുർഗന്ധം മൂക്കിലെത്തുമ്പോൾ അയലത്തുകാർ എത്തിനോക്കും. പിന്നെ നാട്ടുകാർ കൂടും. പിന്നാലെ പോലീസും പത്രക്കാരും. ചിലപ്പോൾ ‘അമ്മയും മകളും വിഷം ഉള്ളിൽ ചെന്നു മരിച്ച നിലയിൽ’ എന്ന്‌ അടുത്ത ദിവസത്തെ പത്രത്തിലൊരു വാർത്തയും വന്നേക്കും. കാണാൻ കൊള്ളാവുന്ന മുഖമായതുകൊണ്ട്‌ ഫോട്ടോ സഹിതം തന്നെ. “ഇരുപതുകാരിയായ പത്മിനി പാട്ടീലും..” ഇല്ല, പത്മിനി എന്നേ കാണൂ വാർത്തയിൽ. പാട്ടീൽ തന്റെ പേരിൽ പോലും കണ്ടുകൂടല്ലോ ആർക്കും. അവരൊക്കെ സന്തോഷിക്കും. തനിക്കും സന്തോഷം തന്നെ.

അതുകൊണ്ടല്ലേ പാലിലേക്കു പാറ്റമരുന്ന്‌ ഒഴിക്കുമ്പോൾ കൈ വിറക്കാതിരുന്നത്‌. കണ്ണു നനയാതിരുന്നത്‌. എന്തിന്‌ ഹൃദയമിടിപ്പു പോലും കൂടിയില്ലല്ലോ.

വിശ്വാസം വരുന്നില്ല. ആത്മഹത്യ ഇത്ര എളുപ്പമാണെന്ന്‌ കരുതിയിട്ടേ ഇല്ലായിരുന്നു. ആദ്യമായി അതു മനസിലേക്കു അരിച്ചു വന്നപ്പോൾ... ഹോ, ചങ്കിടിച്ചു പോയിരുന്നു. വിയർത്തു കുളിച്ചിരുന്നു. തല കറങ്ങി വീഴാതിരിക്കാൻ നിലത്തു പടിഞ്ഞിരിക്കേണ്ടി വന്നു. ആരോ നീട്ടിയ വെള്ളം കുടിച്ചപ്പോഴാണ്‌ എഴുന്നേറ്റു നിൽക്കാൻ പോലും കഴിഞ്ഞത്‌.

എന്നാൽ അതു കൂടെക്കൂടെ മനസിലേക്കു തലനീട്ടാൻ തുടങ്ങിയതോടെ അകാരണമായ ഭീതി വിട്ടകന്നു. അപരിചിതനെ ആദ്യമായി കാണുമ്പോൾ ഭയക്കുന്ന കുട്ടി കൂടെക്കൂടെ കാണുമ്പോൾ ഇഷ്ടപ്പെട്ടു തുടങ്ങുന്നതു പോലെ.

ആദ്യത്തെ ആ ഭീതിക്കു പ്രധാന കാരണം പ്രിയമോളായിരുന്നു. അവളെ ഈ ലോകത്ത്‌ തനിച്ചു വിടുന്നതിന്റെ ആശങ്കകൾ. ഇപ്പോഴത്തെ ഈ ഭയമില്ലായ്മക്കും കാരണം അവൾ തന്നെ. അവൾ തന്നോടൊപ്പമുണ്ടെന്ന ധൈര്യം.

ആ ധൈര്യമാണ്‌ ഇങ്ങിനെ ഒരു തീരുമാമാനത്തിലേക്കു നയിച്ചത്‌. എരിപൊരി മുള്ളുകളുടെ ദിവസങ്ങൾ കൊണ്ട്‌ ഉറപ്പിച്ച തീരുമാനം. വളരെ സൂക്ഷ്മമായി നിശ്ചയിച്ച ആ പദ്ധതിയിൽ ഒരൽപ്പം വ്യത്യാസമുണ്ടായത്‌ വിഷത്തിന്റെ കാര്യത്തിൽ മാത്രമാണ്‌. പൊട്ടാസിയം സൈനേഡ്‌ കിട്ടാത്തതു കൊണ്ട്‌ പാറ്റ മരുന്നിൽ ഒപ്പിക്കേണ്ടി വന്നു. വണ്ടിയേതായാലെന്ത്‌? ലക്ഷ്യത്തിൽ എത്തിയാൽ പോരേ? അൽപം വൈകുമായിരിക്കും.

അല്ലെങ്കിലും ധൃതിയെന്തിന്‌? പുലരുവോളം സമയമുണ്ടല്ലോ, ഒരു കറുത്ത കൂറയെപ്പോലെ മരണത്തിനു കയറി വരാൻ.

ബേഗോൺ കുപ്പിയിലെ കൂറയ്‌ക്കു ജീവൻ വെക്കുന്നുണ്ടോ? അത്‌ ഇപ്പോൾ തുറിച്ചു നോക്കുന്നത്‌ പാൽ ഗ്ലാസിലേക്കാണ്‌. ഉണ്ടക്കണ്ണുകളും നീണ്ട രണ്ടു കൊമ്പുകളും. എ.കെ നാൽപ്പത്തിയേഴ്‌ തോക്കിന്റെ കുഴലുകൾ പോലെ.

പാലും തോക്കിൻ കുഴലും... ഭീകരമാണാ ഓർമ്മ പോലും.

പ്രിയമോളുടെ പിറന്നാളായിരുന്നു അന്ന്‌. നവംബർ ഇരുപത്തിയാറ്‌. ഷിർദ്ദിയിൽ ദർശനം കഴിഞ്ഞു താനും ഭർത്താവ്‌ ഗംഗാ റാം പാട്ടീലും സന്ധ്യക്കാണ്‌ ചത്രപതി ശിവജി റെയിൽവേ സ്റ്റേഷനിൽ എത്തിയത്‌.

അത്രയും വൈകുമെന്ന്‌ കരുതിയിരുന്നില്ല. വേഗം വീട്ടിൽ എത്തിയേ പറ്റൂ. പിറന്നാളാഘോഷിക്കാൻ അയലത്തെ കുട്ടികളെയൊക്കെ ക്ഷണിച്ചിട്ടുണ്ട്‌. ചെന്നിട്ടു വേണം കേക്കും ബലൂണും മിഠായിയും പലഹാരങ്ങളുമൊക്കെ വാങ്ങാൻ.

പ്രിയമോളാവട്ടെ വിശപ്പും ദാഹവും കൊണ്ട്‌ നിർത്താതെ കരയുകയാണ്‌. ലോക്കൽ ട്രെയിനിൽ കയറിയാൽ പതിനഞ്ചു മിനിട്ടു കൊണ്ട്‌ വീട്ടിലെത്താം. പാട്ടീൽ ടിക്കറ്റെടുക്കാനായി ഓടി. പ്ലാറ്റ്‌ ഫോമിലെ ഒരു മിൽക്ക്‌ ബൂത്തിലേക്കു താനും.

പാൽക്കുപ്പിയുമായി തിരിഞ്ഞപ്പോൾ ഒരു ബഹളം. ആരുടേയോ പോക്കറ്റ്‌ അടിച്ചതാണോ? അല്ല, എന്തോ ആഘോഷമാണെന്നു തോന്നുന്നു. തുടരെ തുടരെ പടക്കം പൊട്ടുന്നുണ്ട്‌. ചുറ്റും ആരൊക്കെയോ തള്ളിത്തിരക്കി ഓടുന്നു. ആരോ ശക്തമായൊന്നു തള്ളിയപ്പോൾ വീണു പോയി. പാൽക്കുപ്പി ഉടഞ്ഞു ചിതറി. പ്രിയമോൾ തല ഇടിച്ചു വീണ വേദനയിൽ ഒന്നു കൂടെ ഉറക്കെ കരഞ്ഞു. തന്റെ മേലെ വീണ ഒരു ചെറുപ്പക്കാരൻ പ്രിയമോളുടെ വായപൊത്തിപ്പിടിച്ചപ്പോൾ ദേഷ്യം തലയിലേക്കു ഇരച്ചു കയറി. സകല ശക്തിയുമെടുത്ത്‌ ഒരൊറ്റ ചവിട്ട്‌. അയാൾ കമിഴ്‌ന്നു വീണു. ശരിക്കും പകച്ചു പോയി. പാതയിലെ പൈപ്പു ലെൻ പൊട്ടിയതു പോലെ അയാളുടെ മുതുകിൽ നിന്നും കുതിച്ചു ചാടുകയാണു ചോര. ഒരു നിമിഷം കൈയും കാലും തലയുമെല്ലാം തരിച്ചങ്ങിനെ കിടന്നു.

അപ്പോഴാണതു കണ്ടത്‌. തീ തുപ്പിക്കൊണ്ട്‌ നീണ്ടു നീണ്ടു വരുന്ന രണ്ടു തോക്കിൻ കുഴലുകൾ. കറുത്ത കൊമ്പുകളുള്ള ഏതോ ഭീകര ജീവിയെപ്പോലെ. രക്തം പോലും മരവിച്ചു പോയി.

ഒരു നിമിഷത്തെ ആ മരവിപ്പ്‌ മാറിയത്‌ പ്രിയമോളെക്കുറിച്ച്‌ ഓർത്തപ്പോഴാണ്‌. അവൾ ആ പൊട്ടിയ പാൽക്കുപ്പി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്‌. അവളെ ചേർത്ത്‌ പിടിച്ചു കിടക്കുമ്പോഴാണു ഓർമ്മ വന്നത്‌. പാട്ടീൽ ടിക്കറ്റു വാങ്ങാൻ പോയ കാര്യം. ചാടി എഴുന്നേറ്റു. തന്നെ മരണത്തിന്റെ വഴിയിൽ നിന്നും തള്ളി മാറ്റിയ ചെറുപ്പക്കാരൻ നിശ്ചലനായി കിടക്കുന്നു. അയാളേയും കടന്ന്‌ ഓടി. എവിടെ പാട്ടീൽ? നിലത്തു കിടന്നു പിടയുന്നവരിൽ പാട്ടീലിനെ കണ്ടില്ല. പക്ഷേ ഏറെ തിരഞ്ഞു നടക്കാൻ കഴിഞ്ഞില്ല. കുഴഞ്ഞു വീണുപോയി. അത്രയേറെ ചോരയും അതിലേറെ നിലവിളികളും ദീനരോദനങ്ങളുമായിരുന്നു പ്ലാറ്റ്‌ ഫോമിലെങ്ങും.

ബോധം തെളിയുമ്പോൾ ഒരു ആംബുലൻസിലാണ്‌. പ്രിയമോളെ കാണാഞ്ഞ്‌ ഉറക്കെക്കരഞ്ഞു. ഒന്നും പറ്റിയിട്ടില്ലെന്നു പറഞ്ഞിട്ടും ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്നും പ്രിയമോളെ കിട്ടി, ജീവനോടെ. ജീവനില്ലാത്ത പാട്ടീലിനേയും.

തന്റെ ജീവിതത്തെ തകർത്തെറിഞ്ഞ സംഭവം. തന്റെ മാത്രമല്ല, ഒട്ടനവധി ജീവിതങ്ങളെ കശക്കി കുടഞ്ഞിട്ട ദിവസം. ഇന്നു വല്ലാതെ ആഗ്രഹിക്കുന്നു; അന്ന്‌ പാലിനു പോകാതിരുന്നെങ്കിൽ!

എങ്കിൽ ഇന്നു പ്രിയമോളെ വിഷം കുടിപ്പിക്കേണ്ടി വരില്ലായിരുന്നു. ഒരമ്മയെക്കൊണ്ട്‌ വിധിക്കു ചെയ്യിപ്പിക്കാവുന്ന ഏറ്റവും വലിയ ഈ ക്രൂരതയിൽ നിന്നെങ്കിലും രക്ഷപ്പെടാമായിരുന്നു.

ഒരു പക്ഷേ ഈ കയ്‌പ്പുകൾ അനുഭവിക്കാൻ വേണ്ടി മാത്രമാവും താൻ ജന്മമെടുത്തതു തന്നെ. തന്റെ കാര്യത്തിൽ അങ്ങിനെ സമാധാനിക്കാം. പക്ഷേ പ്രിയമോളുടെ കാര്യത്തിൽ? ഒരു ഉത്തരവും കാണുന്നില്ല.

പാട്ടീലിന്റെ വലിയ ആഗ്രഹമായിരുന്നു ഒരു പെൺകുഞ്ഞ്‌. എന്നാൽ അയാളുടെ അച്ഛനും അമ്മക്കും വേണ്ടിയിരുന്നത്‌ ഒരു ആൺകുട്ടിയായിരുന്നു. പാട്ടീലിന്റെ ആഗ്രഹം നടന്നു.

പക്ഷേ അതോടെ തന്റെ കുഞ്ഞിനെ മാത്രമല്ല, തന്നെപ്പോലും അവർ കൂടുതലായി വെറുത്തു തുടങ്ങി. പെൺകുഞ്ഞ്‌ ഇത്രയേറെ വെറുക്കപ്പെടുന്നതെന്തുകൊണ്ട്‌ എന്നു എത്ര ചിന്തിച്ചിട്ടും മനസിലാകുന്നില്ല.

വീട്ടിലെ എല്ലാ കഷ്ടനഷ്ടങ്ങൾക്കും കാരണം പ്രിയമോളായി. അടുത്ത ഓറഞ്ചു കൃഷിയുടെ നഷ്ടവും അവളുടെ കറുത്ത കാൽ വീട്ടിൽ എത്തിയതുകൊണ്ടാണെന്നു പറഞ്ഞപ്പോൾ കരയാതിരിക്കാൻ കഴിഞ്ഞില്ല. പക്ഷേ ആശ്വസിപ്പിക്കാൻ പാട്ടീൽ ഉണ്ടായിരുന്നു. എല്ലാ വൈകുന്നേരങ്ങളിലും പാട്ടീലിന്റെ പ്രധാനപണി തന്നെ ആശ്വസിപ്പിക്കുന്നതു മാത്രമായി.

എന്നാൽ പാട്ടീലിനെ ഭീകരരുടെ വെടിയുണ്ടകൾ കൊണ്ടുപോയതോടെ കാര്യങ്ങൾ ആകെ മാറി. നീണ്ട കാരമുള്ളിന്റെ പകലുകൾ. ഇഴഞ്ഞു പോലും നീങ്ങാത്ത രാത്രികൾ. പ്രിയമോളുടെ കളികളും കുസൃതികളും മാത്രമായിരുന്നു തെല്ലൊരാശ്വാസം. പക്ഷേ അതിനിടയിലേക്കു അമ്മായിയമ്മ കയറി വരും. പരാതിയും പ്രാക്കും പെട്ടെന്നു തന്നെ ശാപവാക്കുകളും കുത്തു വാക്കുകളുമായി മാറും.

പാട്ടീലിനെ താൻ ബോധപൂർവ്വം കൊണ്ടു ചെന്നു കൊല്ലിച്ചെന്നാണ്‌ അമ്മായിയമ്മയുടെ പഴി പറച്ചിൽ കേട്ടാൽ തോന്നുക. “മോനെ കുരുതിക്കു കൊടുത്ത കുലട”, “ഒരു ആൺതരി പോലും തരാൻ കഴിയാത്ത അശ്രീകരം”, “ചോരയൂറ്റി കുടിക്കാൻ മോനെ വശീകരിച്ചു പിടിച്ച യക്ഷി”, ഒക്കെ സഹിച്ചു. കാരണം ആദ്യമായിട്ടല്ലല്ലോ ചെയ്യാത്ത തെറ്റിനു പഴി കേൾക്കുന്നത്‌. കുഞ്ഞു നാളു തൊട്ടേ കേട്ടു ശീലിച്ചതല്ലേ.

വേണ്ടതിനും വേണ്ടാത്തതിനുമൊക്കെ ശകാരം. തല്ല്‌. നല്ലതു ചെയ്താൽ പോലും ഒരു നല്ല വാക്കില്ല. കളിയില്ല. ചിരിയില്ല. എന്തിനു അസുഖം വന്നാൽ ചികിത്സ പോലുമില്ല. മഞ്ഞപ്പിത്തം വന്ന ചേച്ചിയെ ആശുപത്രിയിലേക്കു കൊണ്ടു പോകുമ്പോൾ അച്ഛൻ കേൾക്കാനായി അമ്മ പറഞ്ഞതു ഇപ്പോഴും കാതിലുണ്ട്‌. “ഒന്നെങ്കിലും തീർന്നു കിട്ടിയെങ്കിൽ എന്നാവും ചിലരുടെ പ്രാർത്ഥന”.

ഒരു പ്രഷർ കുക്കർ പോലെ എല്ലാം ഉള്ളിലൊതുക്കുന്ന അമ്മ, ചിലപ്പോൾ അത്തരം പിറുപിറുക്കലുകളിലൂടെ ഉള്ളിലെ വേവ്‌ കുറയ്‌ക്കാൻ ശ്രമിക്കാറുണ്ട്‌. അങ്ങിനെയാണറിഞ്ഞത്‌ അച്ഛന്റെ ആൺകുട്ടിയെന്ന സ്വപ്നത്തെ മൂന്നാമതും തല്ലികെടുത്തിയാണ്‌ ഞാൻ ജനിച്ചതെന്ന്‌.

കുട്ടിയായിരുന്നപ്പോൾ അതിലൊന്നും അത്ര വേദന തോന്നിയില്ല. കാരണം എല്ലാ അച്ഛന്മാരും ഇത്തരക്കാരാണെന്നാണു കരുതിയിരുന്നത്‌. സ്‌ക്കൂളിൽ ചേർന്നപ്പോഴാണ്‌ മനസു വേദനിച്ചു തുടങ്ങിയത്‌. മറ്റു കുട്ടികൾ അച്ഛന്റെ വിരലിൽ തൂങ്ങി സ്‌കൂളിലേക്കു വരുന്നതു കണ്ടപ്പോൾ. ഒരു സഹപാഠിയുടെ പിറന്നാളിനു മിഠായി വിതരണം നടന്നപ്പോഴാണ്‌ പിറന്നാൾ ആഘോഷം എന്നു ആദ്യമായി കേട്ടതു തന്നെ. എന്തേ നമ്മുടെ വീട്ടിൽ പിറന്നാളില്ലാത്തതെന്നു ചോദിച്ചപ്പോൾ അമ്മ കരയുകയാണു ചെയ്തത്‌. അതുകൊണ്ട്‌ പിന്നീടൊന്നും ചോദിച്ചില്ല. കാലം ഏറെ കഴിഞ്ഞപ്പോൾ ആരും പറയാതറിഞ്ഞു, പെൺകുട്ടികളുടെ പിറന്നാൾ ആഘോഷിക്കാനുള്ളതല്ലെന്ന്‌.

എന്നാൽ അമ്മ എന്നും ആശ്വാസമായി തന്നോടൊപ്പമുണ്ടായിരുന്നു. അതുകൊണ്ടാവും പെണ്ണിനു കൂട്ടായി പെണ്ണു മാത്രം എന്നൊരു ധാരണ മനസിലുറച്ചത്‌. ആ ധാരണ തെറ്റിയത്‌ കല്ല്യാണം കഴിഞ്ഞു ഇവിടെ എത്തിയപ്പോഴാണ്‌. കൃത്യമായി പറഞ്ഞാൽ അമ്മായിയമ്മയെ ശരിക്കും അറിയാൻ തുടങ്ങിയപ്പോഴാണ്‌.

അമ്മായി അച്ഛന്റെ വലിവു കൂടിയപ്പോൾ തൊള്ള തുറന്നു കാറുകയായിരുന്നു അവർ - “എല്ലാരേയും കൊന്നിട്ടേ അടങ്ങൂ ഈ യക്ഷി”. പ്രിയമോൾ അതു കേട്ടു കരഞ്ഞപ്പോൾ ദേഷ്യം അവളോടായി - “തന്തയുടെ കാലനായെത്തിയ കുട്ടി രക്ഷസ്‌”. അന്നിറങ്ങി ആ വീട്ടിൽ നിന്നും, എന്നേക്കുമായി.

ചെറിയൊരു ബാഗുമായി പെരുവഴിയിലൂടെ നടക്കുമ്പോൾ ചിന്ത മുഴുവനും ഒക്കത്തിരിക്കുന്ന പ്രിയമോളെക്കുറിച്ചായിരുന്നു. അങ്ങിനെ സ്വന്തം വീട്ടിന്റെ പടിക്കൽ തന്നെ വീണ്ടുമെത്തി, ലജ്ജയില്ലാതെ. എന്നാൽ പേടിച്ചതു തന്നെ സംഭവിച്ചു. അച്ഛൻ പടി കയറാൻ സമ്മതിച്ചില്ല. പ്രിയമോളുടെ മുഖത്തേക്കൊന്നു നോക്കുക പോലും ചെയ്തില്ല.

തിരിച്ചു നടക്കുമ്പോൾ അമ്മ ഇടവഴിയിലേക്കോടിയെത്തി. പ്രിയ മോളെ വാരിയെടുത്ത്‌ തുരുതുരെ ഉമ്മ വെച്ചു. ‘മറ്റൊരു ജാതിക്കാരനെ തന്നിഷ്ടത്തിനു വിവാഹം ചെയ്തതൊക്കെ അച്ഛൻ മറന്നേനെ നിനക്കൊരു ആൺകുട്ടിയാണു ജനിച്ചിരുന്നതെങ്കിൽ’ എന്നൊക്കെ കരച്ചിലിനിടയിലും അമ്മ പിറുപിറുക്കുന്നുണ്ടായിരുന്നു. തന്റെ തറവാടു ഭാഗം വെപ്പിൽ കിട്ടിയ ഒറ്റ മുറി വീടിന്റെ താക്കോൽ പ്രിയമോളുടെ കൈയിൽ വെച്ചു കൊണ്ട്‌ അമ്മ പറഞ്ഞു ‘നിങ്ങൾക്കു തരാൻ എന്റെ കൈയിൽ ഇതു മാത്രമേ ഉള്ളു’. അതു കിട്ടിയതു കൊണ്ട്‌ നിരത്തു വക്കത്തു കിടക്കാതെ കഴിഞ്ഞു.

അയൽവീടുകളിലെ അടുക്കളപ്പണിക്കു ഇറങ്ങിയപ്പോൾ അച്ഛന്‌ അത്‌ അഭിമാന ക്ഷതമായി. പറ്റാവുന്നതൊക്കെ ചെന്നു മുടക്കുകയും ചെയ്തു. അതുകൊണ്ട്‌ ഏറെ ദൂരെയുള്ള വീടുകളിൽ മാത്രമായി പണി.

അതിലൊരു വീട്ടുകാരി പറഞ്ഞറിഞ്ഞപ്പോഴാണ്‌ ഗവൺമെന്റു കൊടുക്കുന്ന നഷ്ടപരിഹാരത്തുകക്കു വേണ്ടി ശ്രമിച്ചാലെന്തെന്ന്‌ തോന്നിയത്‌.

റേഷൻ കാർഡ്‌, തിരിച്ചറിയൽ കാർഡ്‌ തുടങ്ങി ഒട്ടനവധി രേഖകൾ ഹാജരാക്കിയപ്പോൾ പുതിയൊരു ആവശ്യമായി. മാരീജ്‌ സർട്ടിഫിക്കറ്റ്‌. അങ്ങിനെയൊന്നിനെ പറ്റി കേട്ടിട്ടേയില്ലായിരുന്നു. ഒരു പക്ഷേ പാട്ടീൽ അതു ഉണ്ടാക്കിയെടുത്തിരിക്കുമോ?

ചെന്നു ചോദിച്ചപ്പോൾ അമ്മായിയമ്മ പറഞ്ഞു. “കൊന്നിട്ടും ഊറ്റിക്കുടിക്കാൻ ഒരുമ്പെട്ടിരിക്കുന്ന യക്ഷി. അവനെ ഇരുപത്തിനാലു വർഷം ഊട്ടി വളർത്തിയ ഞാനാ പറയുന്നത്‌. ഇന്നലെ കേറി വന്ന നിനക്കതു കിട്ടാൻ ഞാൻ സമ്മതിക്കില്ല.”

പറഞ്ഞതു പോലെ അവർ ചെയ്തു. ഉദ്ദ്യോഗസ്ഥർക്കു നല്ലാരു ശതമാനം കൈമടക്കും കൊടുത്തത്രെ. അതോടെ ഉദ്ദ്യോഗസ്ഥരുടെ കുരുട്ടു ബുദ്ധിയും തനിക്കെതിരായി. പാട്ടീലും താനുമായുള്ള വിവാഹമേ നടന്നിട്ടില്ലെന്നു വരുത്താനായി പിന്നീടുള്ള ശ്രമങ്ങൾ. ഒരു രാത്രി അമ്മായിയച്ഛനും രണ്ടു ഗുണ്ടകളും വീട്ടിലെത്തി. പ്രിയമോളെ കാലിൽ പിടിച്ചു തൂക്കി വിവാഹ ഫോട്ടോകൾക്കു വേണ്ടി ആക്രോശിച്ചു. അതൊക്കെ കൊടുത്തപ്പോഴാണു അവളെ നിലത്തു നിർത്തിയതു തന്നെ. പിന്നെ ചുമരിലെ വിവാഹ ഫോട്ടോ നിലത്തെറിഞ്ഞുടച്ചു. പിന്നീട്‌ എല്ലാം കൂടെ തീയിട്ടു ചുട്ടു കരിച്ചു. ഇപ്പോഴും പ്രിയമോൾ ഇടയ്‌ക്കിടെ തലകീഴായി കെട്ടി തൂക്കിയ പേടിസ്വപ്നം കണ്ട്‌ ഞെട്ടി ഉണരാറുണ്ട്‌.

പാട്ടീലിന്റെ ഫോട്ടോകൾ തകർത്തെങ്കിലും മനസിലെ ചിത്രങ്ങൾക്കു കൂടുതൽ മിഴിവുണ്ടാകുകയാണു ചെയ്തത്‌. വാശിയും കൂടുതലായി. എങ്ങിനേയും പ്രിയമോളെ പഠിപ്പിച്ചു വലിയവളാക്കണം.

കൂടുതൽ കൂടുതൽ അടുക്കളകളിൽ തേച്ചു കഴുകി. കിട്ടിയ നുള്ളിപ്പെറുക്കുകൾ ആവതും കരുതി വെച്ചു. പ്രിയമോളെ നല്ലൊരു സ്‌ക്കൂളിൽ ചേർക്കാൻ വേണ്ടി.

ഒടുവിൽ അതിനായി സ്‌കൂളിൽ ചെന്നപ്പോൾ ആദ്യം ചോദിച്ചത്‌ പ്രിയ മോളുടെ ജനന സർട്ടിഫിക്കറ്റ്‌ ആയിരുന്നു.

അഥവാ പാട്ടീൽ അതു ഉണ്ടാക്കിയിട്ടുണ്ടെങ്കിൽപ്പോലും അമ്മായിയമ്മ തരില്ലെന്നുറപ്പ്‌. എന്നാൽ അതിന്റെ ഡൂപ്ലിക്കറ്റ്‌ ഉണ്ടാക്കിക്കൊണ്ടു വരണമെന്നായി.

അതിനുവേണ്ടി പെട്ട കഷ്ടപ്പാട്‌! ഒടുവിൽ അതു കിട്ടിയപ്പോൾ എന്തു സന്തോഷമായിരുന്നു. പക്ഷേ അതിൽ ഗംഗാ റാം പാട്ടീലിന്റെ പേരില്ലെന്നു ഹെഡ്‌മാസ്റ്റർ പറഞ്ഞപ്പോൾ തല തരിച്ചു പോയി.

കുഞ്ഞായിരുന്നപ്പോൾ എഴുതാനും ചൂണ്ടിക്കാണിക്കാനുമെങ്കിലും തനിക്കൊരു അച്ഛനുണ്ടായിരുന്നു. പ്രിയമോൾക്കിപ്പോൾ അതുപോലുമില്ല. പെണ്ണായി ജനിച്ചപ്പോഴേ നിങ്ങളെയൊക്കെ കൊല്ലാൻ കഴിയാഞ്ഞതിനു ഈ അമ്മയോടു പൊറുക്കണമെന്നു അമ്മ ഒരിക്കൽ പറഞ്ഞതിന്റെ അർത്ഥം അപ്പോഴാണു പിടികിട്ടിയത്‌.

അതുകൊണ്ടാണു അങ്ങിനെതന്നെ ചെയ്യാൻ തീരുമാനിച്ചതും. പാട്ടീലിന്റെ അവസാനമില്ലാത്ത മരണങ്ങളും അവസാനിച്ചു കിട്ടുമല്ലോ. വെടിയുണ്ടകൊണ്ടുള്ള ആദ്യ മരണം. പിന്നെ ഭർത്താവിന്റെ സ്ഥാനത്തു നിന്നുള്ള മരണം. ഇപ്പോഴിതാ പ്രിയമോളുടെ അച്ഛന്റെ സ്ഥാനത്തു നിന്നുള്ള മരണം. ഓരോ മരണങ്ങളിലും വേദന പതിന്മടങ്ങു കൂടുകയാണ്‌. വയ്യ. ഇനിയും വയ്യ. എല്ലാം അവസാനിപ്പിച്ചേ പറ്റൂ.

കറണ്ട്‌ പോയി. ഫാൻ നിലച്ചു. മെഴുകു തിരി തെളിക്കുമ്പോഴേക്കും പ്രിയമോൾ ഞെട്ടി ഉണർന്നു കരയാൻ തുടങ്ങി. കരയാൻ വേണ്ടി മാത്രമാവരുത്‌ അവളുടെ ജീവിതം. ചുറ്റും വാ പിളർന്ന്‌ കാത്തിരിക്കുന്ന ഒടുങ്ങാത്ത ദുരിതങ്ങൾക്കു അവളെ വിട്ടുകൊടുത്തു കൂടാ. അത്രയെങ്കിലും സ്നേഹം ഒരു അമ്മ മകളോടു കാണിക്കണം.

മോളെ നോക്കി ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു. പക്ഷേ തന്റെ മുഖം തണുത്തുറഞ്ഞിരിക്കുന്നു. മരിച്ചതു പോലെ നിർവികാരമായിരിക്കുന്നു മനസും. ഒരു വിധം പാൽ ഗ്ലാസ്‌ എടുത്തു പ്രിയമോൾക്കു നീട്ടി.

എന്നാൽ അതു പോലും വാങ്ങാതെ അവൾ പൊട്ടിക്കരയുകയാണ്‌. ഏതോ പേടി സ്വപ്നം കണ്ടുള്ള കരച്ചിൽ. ഈയിടെയായി അവളുടെ സ്വപ്നങ്ങളൊക്കെ ഭീകരമാണത്രെ. ഏങ്ങലടിക്കുന്ന മോളെ നെഞ്ചോടു ചേർത്തു പിടിച്ചു.

“മോളു പേടിക്കേണ്ടാ കേട്ടോ. അമ്മയില്ലേ കൂടെ. ഈ പാലങ്ങു കുടിച്ചാൽ ആ പേടിസ്വപ്നങ്ങൾ ഒക്കെ ചത്തു പോകും കേട്ടോ.”

പാൽ ഗ്ലാസു വാങ്ങിക്കൊണ്ട്‌ പ്രിയമോൾ പറഞ്ഞു. “അമ്മേ ഒരു ഭീകരൻ എന്റെ നേരെ തോക്കു ചൂണ്ടി. ഠോ.. ഠോ.. ന്നു വെടിവെച്ചു. നോക്കുമ്പം തോക്കിൽ നിന്നു വന്നത്‌ ഐസ്‌ ക്രീമിന്റെ ഉണ്ടകളായിരുന്നു. അതു നെഞ്ചിൽ കൊണ്ടപ്പോൾ ചോരയല്ല പാലാണു വന്നത്‌. അപ്പോൾ ഞാൻ ആ മുഖത്തേക്കു നോക്കി. മുടി അഴിച്ചിട്ട, പൊട്ടു തൊടാത്ത, പുഞ്ചിരി വറ്റിയ മുഖം. അതു അമ്മയായിരുന്നു. അമ്മ എന്തിനാ എന്നെ വെടിവെച്ചത്‌?”

പുതിയൊരു ഭീകര മുഖം കണ്ണാടിയിലെന്ന പോലെ മനസിൽ തെളിഞ്ഞു. പിന്നെ ഒന്നും ചിന്തിച്ചില്ല. ഒറ്റക്കുതിപ്പിനു അവളുടെ ചുണ്ടോടടുത്ത പാൽ ഗ്ലാസ്‌ തട്ടിക്കളഞ്ഞു.

പാലു പോയതിന്റെ ദുഃഖത്തിൽ പ്രിയമോൾ ഉറക്കെ കരഞ്ഞു. അപ്പോൾ തന്റെ മനസിൽ ആഹ്ലാദം നിറയുകയായിരുന്നു. മാറിപ്പോകുമായിരുന്ന തന്റെ മുഖം തിരിച്ചു കിട്ടിയതിന്റെ അത്യാഹ്ലാദം.

ജിതേന്ദ്രകുമാർ, ഡൽഹി


E-Mail: bmjk@dcmsr.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.