പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ഉല്‍ക്ക

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ.എം. ജോഷി

(പുഴയുടെ ബന്ധുവും നല്ലൊരു കഥാകൃത്തുമായ ശ്രീ. കെ. എം. ജോഷി ഇപ്പോള്‍ നമ്മോടൊപ്പമില്ല . അകാലത്തില്‍ വിട്ടുപിരിഞ്ഞ ശ്രീ. ജോഷി എഴുതിയ മൂന്ന് കഥകള്‍ അദ്ദേഹത്തിന്റെ സഹധര്‍മ്മിണി മിനി ജോഷി മാഗസിന്റെ പത്രാധിപരെ ഏല്‍പ്പിച്ചത്. ജോഷിയോടുള്ള ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ടു ഞങ്ങള്‍ പ്രകാശനം ചെയ്യുന്നു. മൂന്നാമത്തെ കഥ "ഉല്‍ക്ക" ഈ ലക്കത്തില്‍ വായിക്കാം.)

പവര്‍ കട്ടുള്ള രാവില്‍ വീണ് പകലവസാനിച്ചു . മുറ്റത്തെ മഞ്ഞ മന്ദാരത്തിന്റെ നിഴലിലിരുന്ന് ഉഷ്ണമകറ്റുന്ന അച്ഛനോട് മകള്‍ ചോദിച്ചു ‘’ അച്ഛാ , നക്ഷത്രങ്ങള്‍ രാത്രിയില്‍ ഉണര്‍ന്നിരിക്കുന്നതെന്തെ? ‘’ ഒന്നും ആലോചിക്കാതെ അച്ഛന്‍ അലസം മറുപടി പറഞ്ഞു ‘’ അവ പകലുറക്കം ശീലിച്ചതുകൊണ്ട്’‘

ഫസ്റ്റ് സ്റ്റാന്‍ഡേര്‍ഡിലെ റാങ്കുകാരിക്ക് പിന്നേയും സംശയത്തിന്റെ ചിറകു മുളച്ചു. ഇന്നലെ സൗരയുഥത്തിലെ അത്ഭുതക്കാഴ്ചകളുമായി ക്ലാസ്സിലെത്തിയ സൗമ്യ ടീച്ചര്‍ കത്തി ജ്വലിക്കുന്ന സൂര്യന്‍ ഒരു സൂപ്പര്‍ സ്റ്റാറാണെന്നു വീമ്പിളക്കി. അത് അത്ര വലിയ സംഗതിയാണെന്ന് അവള്‍ക്കു തോന്നിയില്ല. സൂപ്പര്‍സ്റ്റാറായ മോഹന്‍ ലാലിനേക്കാള്‍ കേമന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി തന്നെയാണെന്ന് ഏതോ റിയാലിറ്റി ഷോയില്‍ ആരോ തര്‍ക്കിച്ചത് കുട്ടി ഓര്‍ത്തെടുത്തു.

കുട്ടിയുടെ കുഞ്ഞുമനസില്‍ ചിന്തകളിമ്മട്ടില്‍ വസന്തകാല ശലഭങ്ങളാകവേ , അത്യുന്നതങ്ങളില്‍ വെള്ളി വെളിച്ചവുമായി റാന്തലുകളനവധി ഞാന്നു. നീല വിഹായസില്‍ ഇമ ചിമ്മി ഇവര്‍ മാലാഖമാര്‍ക്ക് മാര്‍ഗ്ഗം കാട്ടുകയാണോയെന്ന് കുട്ടി സന്ദേഹിച്ചു.

പെട്ടന്നാണ് ആകാശത്തിന്റെ അതിരുകള്‍ ലംഘിച്ച് ഒരു സുവര്‍ണ്ണ താരകം താഴേക്കടര്‍ന്നത്. ഭൂമിയെ തൊടാനാവും മുന്‍പേ അത് അന്തരീക്ഷത്തിലെ പാതിവഴിയില്‍ വച്ച് എരിഞ്ഞടങ്ങിയ ദൃശ്യം കുട്ടിയെ വല്ലാതെ സങ്കടപ്പെടുത്തി.

നിലാവില്‍ നിറമിഴികളുടെ തിളക്കം കണ്ട് അച്ഛന്‍ മയത്തില്‍ മകളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.

‘’ നീ കരുതുന്നപോലെ അതൊരു നക്ഷത്രമല്ല’‘

‘’ പിന്നെന്താ?’‘

‘’ ഉല്‍ക്ക വെറും ഉല്‍ക്ക’‘

'' അങ്ങിനെയാണെങ്കില്‍ കല്‍പ്പനാ ചൗളയും വെറും ഉല്‍ക്കയായിരുന്നോ അച്ഛാ?

കെ.എം. ജോഷി

കളരിക്കൽ, ഒ.എം റോഡ്‌, പെരുമ്പാവൂർ-683542.


Phone: 0484 2591564, 9847189511
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.