പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

മണികെട്ടിയ പ്രേതം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ സി അനില്‍കുമാര്‍

കവലയില്‍ അറുപതോളം ആളുകളെ സാക്ഷി നിര്‍ത്തിയാണ് മനോഹരന്‍ ആ കഥ പറഞ്ഞത്. ബുദ്ധി ജീവികള്‍‍ എന്നഹങ്കരിക്കുന്ന നമുക്ക് കഥ എന്നു തോന്നാമെങ്കിലും മനോഹരന്‍ പറയുമ്പോള്‍‍ അതു യഥാര്ത്ഥ്യമായേ തോന്നുകയുള്ളു.

കുര്യന്‍ മലയില്‍ നിന്നും തുടങ്ങുന്ന മണിയടിയൊച്ച താഴെ കവലയ്ക്കു സമീപമുള്ള കുരിശുപള്ളിയ്ക്കു സമീപം അവസാനിക്കുന്നു. അതും രാത്രി 12 മണിക്കു ശേഷം.... പ്രേതം, അല്ലെങ്കില്‍ യക്ഷി, അല്ലെങ്കില്‍ മറുത ഉറപ്പ്.

അര മുക്കാല്‍ മണിക്കൂറിനു ശേഷം തിരികെ കുര്യന്‍ മലയ്ക്കു പോകുന്നുമുണ്ട്. പക്ഷെ ആര്‍ക്കും കാണാന്‍ കഴിയുന്നുമില്ല.

വെള്ളിയാഴ്ച ദിവസങ്ങളില്‍ ഇതു സംഭവിച്ചിരിക്കും. എല്ലാവരും ഒന്നു ശ്രദ്ധിക്കുന്നതു നന്ന്. അതുമാത്രമല്ല അതു വരുന്ന സമയം ആകപ്പാടെ നമ്മളെ ഒരു തരം മരവിപ്പു ബാധിക്കുമെന്നും നമുക്ക് അനങ്ങാന്‍ പോലും കഴിയില്ലെന്നും മനോഹരന്‍ കൂട്ടി ചേര്‍ത്തു.

അടുത്ത കാലത്തായി തൂങ്ങി ചത്തവരുടേയും വിഷം കഴിച്ച് ആത്മഹത്യ ചെയ്തവരുടേയും ലിസ്റ്റ് ഉണ്ടാക്കുന്ന തിരക്കിലായി മാളികയില്‍ അവറാന്റെ മകന്‍ തങ്കച്ചന്‍.

ഒരു മാസം കൊണ്ട് പ്രേതത്തിനു രൂപം കൊടുക്കാന്‍ തങ്കച്ചനു കഴിഞ്ഞു. പ്രേതം സ്ത്രീ രൂപത്തിലാണ് പ്രത്യക്ഷപ്പെടുന്നത്, അതുകൊണ്ട് അതിനെ യക്ഷി എന്നു വേണം പറയാന്‍. തങ്കച്ചന്‍‍ പറഞ്ഞു നിര്‍ത്തി. സാധാരണ യക്ഷികളെ പോലെ തന്നെ ‘’ വെള്ളവസ്ത്രം’‘ തന്നെ ഈ പ്രേതത്തിനും.

‘’ നീ കണ്ടോ‘’? ജോണിക്കുട്ടി തങ്കച്ചനോടു ചോദിച്ചു.

കണ്ടു എന്നോ കണ്ടില്ല എന്നോ അവന്‍ പറഞ്ഞില്ല പകരം ഒരു ചോദ്യം അവന്‍ ചോദിച്ചു. കാര്‍ത്യായിനിച്ചേച്ചിയുടെ മകള്‍ തൂങ്ങി മരിച്ചപ്പോള്‍ വെള്ള വസ്ത്രമല്ലെ ഉടുത്തിരുന്നത്? ഇനി ഇങ്ങിനെ പലതും കേള്‍ക്കേണ്ടി വരുമെന്ന് ബാര്‍ബര്‍ ഭരതന്‍ തെല്ലു പരിഹാസത്തോടെ പറഞ്ഞു നിര്‍ത്തി.

ചായക്കടയിലും മുറുക്കാന്‍ കടയിലും ആറുമാസമായി ഇതിനെ പറ്റി തന്നെയായി ചര്‍ച്ച. മനോഹരന്റെ അനുഭവം പലര്‍ക്കും ഉണ്ടായി. മണിയടിയൊച്ച, ദേഹം മുഴുവന്‍ മരവിപ്പ് കുരിശുപള്ളിയ്ക്കു സമീപം എത്തി അത് നില്‍ക്കുകയും ചെയ്യും. അതായത് കുരിശു കാണുമ്പോള്‍ ‘പ്രേതം ‘ പേടിക്കുന്നു. അതു പോകുന്ന വഴിയില്‍ പ്രകൃതിക്കു പോലും മാറ്റങ്ങള്‍ സംഭവിക്കുന്നു. അതാണ് മണിയടിയൊച്ച കേള്‍ക്കുന്നവരില്‍ മരവിപ്പ് ബാധിക്കുന്നത്.

സംശയമില്ല ഉഗ്ര പ്രേതം തന്നെ....

രാവിലെ 4 ന് ഉണര്‍ന്ന് 4.30 നു കടയിലെത്തിയിരുന്ന ഭാസ്ക്കരന്‍ കടയിലെത്തുന്നത് 5. 30 ആക്കി മാറ്റി. പേടിച്ചിട്ടൊന്നുമല്ല, ഭയം കൊണ്ടാണെന്ന് ഭരതന്‍ എല്ലാവരോടും പറഞ്ഞു നടന്നു. അതു മാത്രമല്ല ചായയടിക്കുമ്പോള്‍ ഒരു വിറയലും ബാധിച്ചിട്ടുണ്ട് എന്ന് ഭരതന്‍.

ആയിടയ്ക്കാണ് അടുത്ത പട്ടണത്തിലെ സിനിമാ കൊട്ടകയില്‍ ‘’ ഭാര്‍ഗ്ഗവീനിലയം’‘ സിനിമ കളി തുടങ്ങിയത്. ബുദ്ധിയുള്ളവരെല്ലാം മാറ്റിനി ഷോയ്ക്കു പോയി പടം കണ്ടു പേടിച്ചു തൃപ്തി വരുത്തി. പേടി, ഒട്ടും തന്നെയില്ലെന്ന് അഹങ്കരിച്ചിരുന്ന ‘ രാജപ്പന്‍’ സെക്കന്റ് ഷോ സിനിമ കഴിഞ്ഞ് രാതി 12 മണിയ്ക്കു ശേഷം കുരിശുപള്ളിക്കു സമീപം എത്തിയെന്നും അവിടെ മണിയടിയൊച്ച കേട്ടെന്നും ഓടി രക്ഷപ്പെടുന്നതിനിടയില്‍ തട്ടി വീണ് കാലൊടിഞ്ഞ് 16 ദിവസം പനിച്ചു കിടന്നെന്നും രാജപ്പന്റെ അമ്മ വിലാസിനിച്ചേച്ചി പറഞ്ഞു. മണിയന്‍ ജോത്സ്യനെ വരുത്തി കവടി നിരത്തിയെന്നും ‘ അഷ്ടദ്രവ്യഹോമം’ മണിയന്‍ ജോത്സ്യന്റെ നേതൃത്വത്തില്‍ കിഴക്കു നിന്നും വരുത്തിയ ഒരു മന്ത്രവാദിയെക്കൊണ്ട് ചെയ്യിച്ചെന്നും ചൂരല്‍ പ്രയോഗം നടത്തി, ആണിയില്‍ ആവാഹിച്ച് മന്ത്രവാദി അസുഖം മാറ്റിയെന്നുമാണ് ജനസംസാരം. ഏതായാലും പേടിയില്ലാത്ത രാജപ്പനെ കവലയില്‍ അധികം കാണപ്പെടാതെയായി. നാട്ടിലെ ചെറുപ്പക്കാരുടെ സംഘടനയായ ‘ പീസ് കോര്‍ണര്‍’ ഈ സംഭവങ്ങളെല്ലാം ചര്‍ച്ചക്കെടുത്തു. ഇതിങ്ങനെ വിട്ടാല്‍ പറ്റില്ലെന്നും 20 ആം നൂറ്റാണ്ടില്‍ ഇത്തരം സംഭവങ്ങള്‍‍ യുക്തിക്കു നിരക്കാത്തതാണെന്നും ഇതിനെതിരെ ചെറുപ്പക്കാരായ നമ്മള്‍ പ്രതികരിക്കണമെന്നും സുകു, ജോര്‍ജു കുട്ടി ,സുരേഷ്, സുഗുണന്‍, അമ്പലത്തിലെ തിരുമേനിയുടെ മകന്‍ വിഷ്ണു എന്നിവര്‍ ഒറ്റ ശ്വാസത്തില്‍ ഒറ്റക്കെട്ടായി നിന്ന് ആവശ്യപ്പെട്ടു. അങ്ങിനെ പ്രേതത്തെ ഉന്മൂലനം ചെയ്യുന്നതിനുള്ള കമ്മറ്റിക്കാരായി അവരെ തെരെഞ്ഞെടുക്കുകയും അവര്‍ ആ ചുമതല ഏറ്റെടുക്കുകയും ചെയ്തു.

ആദ്യ പടിയായി മനോഹരനെ നേരില്‍ കണ്ടു സംസാരിക്കാന്‍ തീരുമാനമായി. അങ്ങിനെയാണ് ഒരു ചൊവ്വാഴ്ച ദിവസം വൈകീട്ട് മനോഹരനെ കാണുവാന്‍ സംഘം യാത്രയായത്. കാര്യങ്ങള്‍‍ മനോഹരനില്‍ നിന്നും നേരിട്ടറിയുന്നതിനും പ്രേതത്തെ പിടിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനെന്തൊക്കെ സാമഗ്രഹികള്‍ ഏര്‍പ്പാടാക്കണം എന്നു ചിന്തിക്കുക ഇതൊക്കെ ലക്ഷ്യം വച്ചാണീ യാത്ര. കുടുമ്മ കെട്ടിയ അച്ഛന്‍ തിരുമേനി സുഖമില്ലാതെ കിടക്കുന്ന അവസരങ്ങളില്‍ പൂജ ചെയ്തുള്ള പരിചയം വിഷ്ണുവിനുണ്ട്. ഹിന്ദു പ്രേതമെങ്കില്‍ അവന്റെ മന്ത്രങ്ങളില്‍ ഒതുക്കാം. കൃസ്ത്യന്‍ പ്രേതത്തെ കപ്യാരുടെ മകന്‍ ജോര്‍ജുകുട്ടി നേരിട്ടുകൊള്ളും.

പള്ളിലച്ചന്‍ വിദേശയാത്ര കഴിഞ്ഞെത്തിയ നേരം കപ്യാര്‍ക്കു സമ്മാനിച്ച പൊന്നിന്‍ നിറമുള്ള കുരിശ്, ഈ ഇടവകയില്‍ ഇതു പോലൊന്ന് അച്ചനും കപ്യാര്‍ക്കും മാത്രമേ ഉള്ളു എന്ന് കപ്യാര്‍ സ്വയം പറഞ്ഞ് സ്വല്‍പ്പം അഹങ്കരിച്ചിരുന്ന കുരിശ് പോപ്പു തിരുമേനി നേരിട്ടാശിര്‍വദിച്ചതെന്ന് കപ്യാര്‍ വിശ്വസിക്കുന്ന കുരിശ് ജോര്‍ജുകുട്ടി മുഖാന്തിരം പ്രേതത്തിനെതിരെ പ്രായോഗിക്കാമെന്നും ധാരണയായി. എല്ലാവരുടേയും കയ്യിലും ഓരോ കത്തി വീതം, കഴിയുമെങ്കില്‍ ഇരുമ്പു പിടിയുള്ളത്. അതു മണിയന്‍ ജോത്സ്യന്റെ നിര്‍ദ്ദേശമാണ്. പ്രേതത്തെ കാണുമ്പോള്‍ തന്നെ കത്തികൊണ്ട് തറയിലൊരു വൃത്തം വരയ്ക്കണം. എന്നിട്ടതിനകത്ത് കത്തികൊണ്ടു തന്നെ ഒരു കുരിശു വരച്ച് മധ്യഭാഗത്തായി ആഞ്ഞു കുത്തണം. പിന്നെ കത്തി അവിടെ ഉപേക്ഷിച്ച് തിരികെ നോക്കാതെ പോന്നോളുക. പിറ്റേന്നു നോക്കുമ്പോള്‍ വൃത്തത്തിനുള്ളില്‍ 'രക്തം' കട്ട പിടിച്ചു കിടക്കുന്നതു കാണാം . ഇത്രയും മണിയന്‍ ജോത്സ്യന്‍ വക.

അടുത്ത് വെള്ളിയാഴ്ച പ്രേതത്തെ പിടി കൂടാന്‍ ഉത്തമം എന്നും മണിയന്‍ ജോത്സ്യന്‍ പറഞ്ഞു നിര്‍ത്തിയതിനനുസരിച്ച് സംഘം അടുത്ത വെള്ളിയാഴ്ചക്കായി കാത്തിരുന്നു.

വെള്ളിയാഴ്ച രാത്രി 10.30 നു സംഘം ‘ കുര്യന്‍ മല’ ലക്ഷ്യമാക്കി സര്‍വ്വ സന്നാഹങ്ങളുമായി പുറപ്പെട്ടു. ഒളിച്ചിരിക്കാനൊരിടം വേണമെന്നു സംഘം തീരുമാനിച്ചു. അത് പകലെപ്പോഴെങ്കിലും വന്നൊന്നു നോക്കി വയ്ക്കാതിരുന്നത് മണ്ടത്തരമായി എന്ന് സുരേഷ് പറഞ്ഞതിന്, ശരിയെന്ന് സംഘം ഇരുട്ടില്‍ തലകുലുക്കി. ഇനി നമുക്കു സംഘത്തിന്റെ വാക്കുകളില്‍ നിന്നും തന്നെ സംഭവങ്ങള്‍ കേള്‍ക്കാം.

ഒടുവില്‍ ഏതാണ്ട് പറ്റിയൊരിടം ഞങ്ങള്‍ കണ്ടെത്തി. പൈലി മാപ്പിളയുടെ വീടു കഴിഞ്ഞ് ഒഴിഞ്ഞു കിടക്കുന്ന ഇടിഞ്ഞു പൊളിഞ്ഞ വീടുള്ള പറമ്പാണ്. കാടു പിടിച്ചു കിടക്കുന്ന ഒരു പറമ്പ്. അവിടെ മതിലിനു മുകളില്‍ കയറിയിരുന്നാല്‍ കുരിശു പള്ളിയിലെ കുരിശിന്റെ മുകള്‍ വശം കാണാം. കുര്യന്‍ മലയില്‍ നിന്നുള്ള വഴി കുറെ ദൂരെത്തേക്കു കാണാം. അടുത്ത് വളവു വരെ മതി. ഇതു തന്നെ പറ്റിയ ഇടം.

11. 30 ഞങ്ങള്‍ മതിലിനു മുകളില്‍ സ്ഥാനം പിടിച്ചു. മിണ്ടാട്ടം വേണ്ട ആംഗ്യ ഭാഷയാകാം. ടോര്‍ച്ച് അടിയ്ക്കരുത്. ആവശ്യമുള്ള സാമഗ്രഹികള്‍ അവനവന്റെ അടുത്ത് കൈയെത്തുന്ന ദൂരത്തില്‍ എടുത്തു വയ്ക്കുക.

12. 30 ആയപ്പോള്‍‍ സുകുവിനൊരു സംശയം ബീഡി വലിക്കാമോ?

ഓരോ ബീഡി ആകാമെന്ന് തീരുമാനമായി . മതിലിനു മുകളില്‍ നിന്നും ഇറങ്ങി നിന്ന് ഓരോ ബീ‍ഡി വലിച്ചു. വീണ്ടും മതിലിനു മുകളില്‍ കയറി ഇരിപ്പായി 1.30, 2.30, 3.30 ചീവീടുകളുടെ ഒച്ച മാത്രം. എല്ലാവരും ഉറക്കം തൂങ്ങിത്തുടങ്ങി.

ഓരോ ബീഡി കൂടി ആകാമെന്നു തീരുമാനം. വീണ്ടും മതിലിനു മുകളില്‍ 4.30 നു സംഘം അന്നത്തെ പരിപാടികള്‍ക്കു വിരാമമിട്ടു.

നിരാശയോടു കൂടി എല്ലാവരും തിരികെ മലയിറങ്ങി.

രാവിലെ മനോഹരനെ കണ്ടു കാര്യം പറഞ്ഞു. അന്നും പതിവു പോലെ മണിയടി ഒച്ച കേട്ടെന്നും മരവിപ്പു ബാധിച്ചെന്നും പുതച്ചു മൂടി കിടന്നെന്നും മനോഹരന്‍ പറഞ്ഞു.

ഇവന്‍ കള്ളം പറയുക ആയിരിക്കുമൊ സുകുവിനു സംശയമായി. അടുത്ത വെള്ളിയാഴ്ചയും ഇതൊക്കെതന്നെ ആവര്‍ത്തിച്ചു.

ഇരിപ്പിടമൊന്നു മാറ്റാം സംഘം തീരുമാനിച്ചു. നമ്മള്‍ ഇരിക്കുന്നത് പ്രേതങ്ങള്‍ പോലും അറിയരുത്. അങ്ങിനെയാണ് ശരീരത്തില്‍ കരി പ്രയോഗം നടത്താമെന്നും ഇരുണ്ട നിറത്തിലുള്ള ഷര്‍ട്ടും മുണ്ടും പറ്റുമെങ്കില്‍ കറുപ്പ് തന്നെ ആകാമെന്നും തീരുമാനമായത്.

അങ്ങിനെയാണ് ശബരിമലയ്ക്കു പോകുമ്പോള്‍ ഉടുക്കുന്ന മുണ്ടുകളും ഷര്‍ട്ടുകളും സംഘം തരപ്പെടുത്തിയതും പകല്‍ വെളിച്ചത്തില്‍ തന്നെ പുതിയ ഇരിപ്പിടം കണ്ടെത്തിയതും, ഉയര്‍ന്ന ഒരു മണ്‍ തിട്ടയുടെ പുറകിലായി റോഡു കാണത്തക്ക രീതിയില്‍ ആണ് ഇരിപ്പിടം. ഒറ്റനോട്ടത്തില്‍ ആരും കാണുകയില്ല.

പ്രേതങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ഈ മാര്‍ഗങ്ങളൊന്നും മതിയാകുകയില്ലയെന്നും മന്ത്രം തന്നെയാണുത്തമമെന്നും അത്യാവശ്യത്തിന് ഒരു ധൈര്യത്തിന് അച്ഛന്‍ തിരുമേനിയില്‍ നിന്നും ചില സ്പെഷല്‍ മന്ത്രങ്ങള്‍ ജപിച്ചു കെട്ടിയ ചരട് ഓരോരുത്തരും കയ്യില്‍ കെട്ടുന്നത് നന്നെന്നും വിഷ്ണു അറിയിച്ചു.

അങ്ങിനെയാണ് ചുവന്ന നിറത്തിലുള്ള അനേകം കെട്ടുകളോടു കൂടിയ ഓരോ ചരടു വീതം ഞങ്ങളെല്ലാം അണിയുന്നത്. മൂന്നു വട്ടം ചുറ്റിക്കെട്ടിയ ചരടില്‍ നോക്കി ജോര്‍ജുകുട്ടി നെടുവീര്‍പ്പിട്ടു. ഹിന്ദു പ്രേതങ്ങളില്‍ നിന്നുള്ള രക്ഷയായ പോപ്പ് ആശീര്‍വദിച്ചു നല്‍കിയ കുരിശ് കൃസ്ത്യന്‍‍ പ്രേതങ്ങളെ അകറ്റി നിര്‍ത്തും. മുസ്ലിം പ്രേതങ്ങള്‍ ഇപ്പോഴും വരുതിക്കുള്ളിലായിട്ടില്ല. അതിനെന്തു ചെയ്യണമെന്ന് മീന്‍കാരന്‍ അലിയാരോടോ ആക്രി കച്ചവടക്കാരന്‍ അഷറഫിനോടോ ചോദിക്കാം. അഷറഫ് പറഞ്ഞതിനനുസരിച്ച് പള്ളിയിലെ മുസ്ലിയാരെ കണ്ടു കാര്യം പറഞ്ഞു.

ഒരു നാടിന്റെ കാര്യമല്ലേ..... വൈകുന്നേരത്തിനുള്ളില്‍ ഓരോ രക്ഷ തരപ്പെടുത്താമെന്നും ഉച്ചയ്ക്ക് നിസ്ക്കാരത്തിനിനു ശേഷം കിട്ടുന്ന സമയം അതിനായി ഉപയോഗിച്ചു കൊള്ളാമെന്നും നിങ്ങളുടെ കുരിശു വരയ്ക്കുന്നതു പോലുള്ള ഏര്‍പ്പാടല്ല ഇതെന്നും കുറച്ചു പണച്ചിലവുള്ള കാര്യമാണെന്നും പിന്നെ ഒരു നാടിന്റെ കാര്യമായതുകൊണ്ട് ഒരു കോഴിക്കുള്ള കാശേ അദ്ദേഹം വാങ്ങുന്നുള്ളു എന്നും പറഞ്ഞു. നിങ്ങളുടെ പ്രേതങ്ങളെ ജിന്ന് എന്നാണ് ഞങ്ങള്‍ വിളിക്കുന്നതെന്നും വൈകീട്ട് 5. 30 നു എത്തിക്കൊള്ളാനും അദ്ദേഹം പറഞ്ഞു.

അങ്ങിനെയാണ് മുസലിയാര്‍ വക ഓരോ കറുത്ത ചരട് ഞങ്ങളുടെ ഇടത്തേ കയ്യുടെ ഉത്ഭവസ്ഥാനത്തു നിന്നും 4 ഇഞ്ച് താഴ്ത്തി അണിയപ്പെട്ടത്.

അങ്ങിനെ നാട്ടിലെ ബഹുഭൂരിപക്ഷം വരുന്ന മൂന്നു ജാതി പ്രേതങ്ങളില്‍ നിന്നുള്ള രക്ഷ ഞങ്ങള്‍‍ സ്വായത്തമാക്കി കഴിഞ്ഞിരിക്കുന്നു.

ഇത്രയുമായപ്പോള്‍ സുകുവിനൊരു സംശയം. വല്ല പഞ്ചാബിയുടെ പ്രേതമാണെങ്കിലോ? അല്ലെങ്കില്‍ മാര്‍വാഡി അല്ലെങ്കില്‍ ശ്രീലങ്കക്കാരന്‍ അല്ലെങ്കില്‍ ...അല്ലെങ്കില്‍....

നീ ഇനി ഒരക്ഷരം മിണ്ടരുത് എന്ന് ജോര്‍ജുകുട്ടി ദയനീയമായി അവനെ നോക്കി അപേക്ഷിച്ചു. കത്തി കുരിശുവരച്ചു കുത്താന്‍ മാത്രമല്ല എന്ന് സുരേഷ് ഉറക്കെ ചിന്തിച്ചു. അന്നു വൈകീട്ട് 8.30 നു അമ്പലത്തിന്റെ ആലിന്‍ ചുവട്ടില്‍ എല്ലാ സന്നാഹങ്ങളുമായി എത്തിച്ചേരാന്‍ സംഘം തീരുമാനിച്ചു.

മാടന്‍, മറുത, കുട്ടിച്ചാത്തന്‍, ഇല്ലിയുലക്ക തുടങ്ങിയ മാരണങ്ങളെയെല്ലാം കുപ്പിയിലാക്കുന്ന വിദ്യ വലിയ തിരുമേനിയില്‍ നിന്നും സ്വായത്തമാക്കാന്‍ വിഷ്ണു ഒരു ശ്രമം നടത്തിയെങ്കിലും തിരുമേനിക്കതിനു കഴിയില്ലെന്നും ആഭിചാര ക്രിയകള്‍‍ ചെയ്യുന്നവര്‍ക്കേ അതിനു കഴിയുള്ളു എന്നും തിരുമേനി മകനെ അറിയിച്ചു. 9.30 നു വിഷ്ണു ആലിന്‍ ചുവട്ടിലെത്തി. ആദ്യമായി പ്രേതത്തെ കൈകാര്യം ചെയ്യുന്നതിനുള്ള പണിയായുധങ്ങളുടെ പരിശോധന മുറയ്ക്കു നടന്നു. അങ്ങിനെ 10.30 നു സംഘം പറഞ്ഞു തിരുമാനിച്ചിരുന്ന മണ്‍തിട്ടയുടെ പുറകു വശത്ത് എത്തി ചേര്‍ന്നു. സംഭാഷണം കഴിയുന്നതും ഒഴിവാക്കുക, ആവശ്യമെങ്കില്‍ ആംഗ്യഭാഷയില്‍ മാത്രം.

12.30 ആയി. ആകാംക്ഷയുടെ നിമിഷങ്ങള്‍. ഏകദേശം ഒരു മണിയായി കാണും. ദൂരെ നിന്നും ഒരു മണിയടിയൊച്ച കേള്‍ക്കുന്നില്ലേ? സുകുവാണ് സംശയം പറഞ്ഞത്. എല്ലാവരും ശ്രദ്ധിച്ചു. ശരിയാണ് ഒരു മണിയടിയൊച്ച കേള്‍ക്കുന്നുണ്ട്. പെട്ടന്ന് അതു നിന്നു. കുറെ നേരത്തേക്ക് ഒരു ശബ്ദവുമില്ല. എല്ലാവരും ശ്വാസം എടുക്കുന്ന ശബ്ദം പരസ്പരം കേള്‍ക്കാം. അത്രയ്ക്കു നിശബ്ദത. വീണ്ടും മണിയടിയൊച്ച കേട്ടു തുടങ്ങി. എല്ലാവരും കത്തിയെടുത്തു തയ്യാറായി നിന്നു. വട്ടം വരച്ച് കുരിശു വരച്ച് നടുവില്‍ കത്തി കൊണ്ടു കുത്തണം.

ജോര്‍ജുകുട്ടി കുരിശെടുത്ത് തയ്യാറായി നിന്നു. വിഷ്ണു ചുണ്ടനക്കി മന്ത്രം ചൊല്ലുന്ന തിരക്കിലാണ്. മണിയടിയൊച്ച അടുത്തടുത്തായി കൊണ്ടിരിക്കുകയാണ്. സുരേഷ് പൊടിക്കുപ്പിയെടുത്ത് പൊടി ആഞ്ഞു വലിച്ചു. സുഗുണന്‍ ആഞ്ഞു തുമ്മി. ആ തുമ്മല്‍ ശബ്ദം കേട്ട് എല്ലാവരും അയ്യോ.... എന്നു നിലവിളിക്കുകയും മണിയടി ശബ്ദം നിലയ്ക്കുകയും ചെയ്തത് ഒരുമിച്ചായിരുന്നു. പിന്നെ കുറെ നേരത്തേക്ക് നിശ്ശബ്ദത മാത്രം.

പിന്നെ കേള്‍ക്കുന്നത് മണിയടിയൊച്ച അകന്നകന്നു പോകുന്നതാണ്. പ്രേതം ആളുകളുടെ സാമീപ്യം അറിഞ്ഞിരിക്കുന്നു. ഏകദേശം സമയം 2.30 ആയിക്കാണും. വിഷ്ണുവാണ് മൗനം ഭജ്ജിച്ചത് ‘ ഓ ഇനിയിന്നു വരുമെന്നു തോന്നുന്നില്ല‘’

‘’ എടാ സുരേഷേ നിന്നോടാരാ മൂക്കിപ്പൊടി വലിക്കാന്‍ പറഞ്ഞത്?’‘

‘’ സിഗരറ്റു വലിക്കരുത് എന്നു മാത്രമേ പറഞ്ഞിട്ടുള്ളു. ഞാന്‍ മൂക്കിപ്പൊടി വലിച്ചതിന് സുഗുണന്‍ എന്തിനു തുമ്മി’‘

ഒരു കാര്യം എല്ലാവര്‍ക്കും ബോദ്ധ്യമായി മനോഹരന്‍ പറഞ്ഞു നടക്കുന്നതില്‍ കാര്യമുണ്ട്. നാട്ടില്‍ ഒരു പ്രേതം അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ട്. അനിഷ്ടങ്ങള്‍‍ ഉണ്ടാകാതെ അതിനെ നശിപ്പിക്കുകയോ തളക്കുകയോ ചെയ്യണം. അല്ലെങ്കില്‍ നാടിനാപത്താണ്.

പിറ്റേന്ന് ചായക്കടയിലും കവലയിലും മനോഹരന്‍ നെഞ്ചു വിരിച്ചു ഞെളിഞ്ഞു നടന്നു. മനോഹരന്‍ നുണയനാണ് എന്നു പറഞ്ഞു നടന്ന ബാര്‍ബര്‍ ഭരതന്‍ അന്നു കട തുറന്നില്ല .

പ്രേതത്തിന്റെ സാന്നിദ്ധ്യം ഉറപ്പു വരുത്തിയ സംഘത്തോട് നാട്ടില്‍ ഒരാദരവ് ഉണ്ടാകാന്‍ ഇതു കാരണമായി.

പ്രേതത്തെ പിടി കൂടുന്ന സംഘത്തില്‍ ചേരുന്നതിനായി 'പെലെ' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ചന്ദ്രന്‍, മീങ്കാരന്‍ അലിയാരുടെ മകന്‍ നാസര്‍, മാക്കോതയുടെ മകന്‍ മാധവന്‍ എന്നിവര്‍ സന്നദ്ധത പ്രകടിപ്പിച്ചു .

മാക്കോതയ്ക്ക് ‘ ഒടിവിദ്യ’ അറിയാമെന്ന് നാട്ടില്‍ മുഴുവന്‍ പാട്ടാണ്. മാടന്‍, മറുത, കുട്ടിച്ചാത്തന്‍ ഇത്യാദി പ്രേതങ്ങള്‍ക്ക് ഒടിവിദ്യ അറിയാവുന്ന ഒരാള്‍‍ സംഘത്തില്‍ ഉള്ളത് നല്ലതാണു താനും. അച്ഛനില്‍ നിന്നും ഒടിവിദ്യ പഠിച്ചു വന്നതിനാല്‍ മാധവനേയും സംഘത്തില്‍ ഉള്‍പ്പെടുത്താമെന്നും അലിയാര്‍ക്ക് പള്ളിയിലെ മുസലിയാരുമായുള്ള അടുപ്പം നാസര്‍ മുഖേന പരിപോഷിപ്പിക്കാമെന്നും അതുമൂലം, മുസ്ലീം പ്രേതത്തെ നശിപ്പിക്കുന്നതിനുള്ള എന്തെങ്കിലും വിദ്യ കിട്ടാതിരിക്കില്ലെന്നും സംഘം വിലയിരുത്തി.

അവസാന നിമിഷത്തിലാണ് 'ഏറു കുഞ്ഞപ്പന്‍’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന കുഞ്ഞപ്പന്‍ സംഘത്തില്‍ ചേര്‍ന്നത്. എന്തിനേയും എറിഞ്ഞു വീഴ്ത്താനുള്ള അപാര കഴിവാ‍യിരുന്നു കുഞ്ഞപ്പന്. കുഞ്ഞപ്പന്റെ മര്‍മ്മം നോക്കിയുള്ള ഏറുകൊണ്ടാല്‍ മരണം നിശ്ചയം. അതു പ്രേതമാണെങ്കില്‍ പോലും.

ഇനി സംഘത്തില്‍ പുതുതായി വന്ന മൂന്നു പേര്‍ക്കും ചില മുന് കരുതലുകല്‍‍ വേണം. വിഷ്ണുവിന്റെ അപ്പന്‍ തിരുമേനി വക ചുവന്ന ചരട്, മുസലിയാര്‍ വക കറുത്ത ചരട് ഇത്രയും അണിഞ്ഞ് മൂന്നു പേരും “ ഓപ്പറേഷന്‍ പ്രേത’‘ ത്തിന് തയ്യാറായി.

അങ്ങനെയിരിക്കെ നാട്ടില്‍ അനിഷ്ട സംഭവമുണ്ടായി. ജോസഫിന്റെ മകന്‍ വെള്ളത്തില്‍ മുങ്ങി മരിച്ചു. ജേഷ്ഠന്‍ നോക്കി നില്‍ക്കെ അനുജന്‍ പുഴയുടെ ആഴങ്ങളില്‍ മുങ്ങി മറഞ്ഞു. അനേകം മൈലുകള്‍ താഴെ നിന്നും ജീര്‍ണ്ണിച്ച ശരീരം മൂന്നു ദിവസങ്ങള്‍ക്കു ശേഷം മത്സ്യങ്ങള്‍ കൊത്തി പറിച്ച രീതിയില്‍ കണ്ടു കിട്ടി.

‘ പ്രേതം’ അതിന്റെ ശക്തി കാണിച്ചു തുടങ്ങിയിരിക്കുന്നു എന്ന് വിഷ്ണു . പ്രേതത്തിനു ദേഷ്യം വന്നിരിക്കയാണെന്ന് ഭരതന്‍. ചായക്കടയില്‍ തിരക്കേറി ‘ ഇവിടെ രാഷ്ട്രീയം പറയരുത്’ എന്ന ബോര്‍ഡു മാറ്റി ‘ ഇവിടെ പ്രേത സംഭാഷണങ്ങള്‍ പാടില്ല’ എന്ന ബോര്‍ഡ് പകരം വന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാവ് കുരിശു പള്ളിക്കു നേരെ നിന്നു കുരിശു വരച്ചു .

ഒരു മാസം ‘’ ഓപ്പറേഷന്‍ പ്രേതം’‘ നിര്‍ത്തി വച്ചു. മരിച്ചയാളോടുള്ള ആദരവു മാത്രമല്ല പേടിപ്പിക്കുന്ന കഥകള്‍ കവലയില്‍ തളം കെട്ടി നില്‍ക്കുന്നു. അതിനെ മാനിക്കാതെ വയ്യല്ലോ... അങ്ങിനെയാണ് ഒരു വെള്ളിയാഴ്ച ദിവസം നീണ്ട ഇടവേളയ്ക്കു ശേഷം സംഘം കൂടുതല്‍ കരുതലോടെ പ്രേതത്തെ പിടിക്കാന്‍ ആനമറുതയെ പിടിക്കാന്‍ പുറപ്പെട്ടത് . സിഗരറ്റ്, ബീഡി, മൂക്കിപ്പൊടി, മദ്യം ഇത്യാദി സാധനങ്ങള്‍‍ സംഘത്തില്‍ നിരോധിച്ചു. പറഞ്ഞുറപ്പിച്ചതു പ്രകാരം കാര്യങ്ങള്‍‍ നടന്നു. രാത്രി 12. 30 ആയിക്കാണും മലമുകളില്‍ നിന്നും മണിയടിയൊച്ച കേട്ടു തുടങ്ങി.

സംഘം കത്തിയെടുത്തു കരുതലോടെ ഇരുന്നു. കുഞ്ഞപ്പന്‍ മൂര്‍ച്ചയുള്ള ഒരു കല്ലും പിടിച്ച് പരശുരാമന്‍ മഴു എറിയാന്‍ നില്‍ക്കുന്നതു പോലെ നിശ്ചലനായി നിലയുറപ്പിച്ചു. മണിയടിയൊച്ച അടുത്തടുത്തു വന്നു തുടങ്ങി. മഴക്കോളുകാരണമാകാം ഒന്നും തന്നെ കാണാനും കഴിയുന്നില്ല.ശ്വാസം പിടിച്ചു നില്‍ക്കുന്ന സംഘത്തിനടുത്ത് മണിയടിയൊച്ച എത്തി ചേര്‍ന്നു. സംഘം മെല്ലെ തലയുയര്‍ത്തി റോഡിലേക്കു നോക്കി. ഒന്നും കാണാം കഴിയുന്നില്ല. ആകപ്പാടെ തിങ്ങുന്ന രണ്ടു കണ്ണൂകള്‍ കാണാം. ആതും ഇട്യ്ക്കിടെ മാത്രം. മണികിലുക്കം കേള്‍ക്കുന്നുണ്ട്. മണിയടിയൊച്ച കുരിശു പള്ളിയെ ലക്ഷ്യം വച്ച് നീങ്ങുകയാണ്. സംഘം വൃത്തത്തിനുള്ളില്‍ കുരിശു വരച്ച് ആഞ്ഞു കുത്തിയതും ഏറു കുഞ്ഞപ്പന്‍ സര്‍വ്വശക്തിയുമെടുത്ത് കല്ലുകള്‍ കൊണ്ട് കണ്ണുകള്‍‍ ലഷ്യമാക്കി എറിഞ്ഞതും ഒപ്പം കഴിഞ്ഞു. നീണ്ട ഒരു തേങ്ങല്‍ പോലെ ഒരു ശബ്ദം കേള്‍പ്പിച്ചു കൊണ്ട് കണ്ണുകള്‍‍ അപ്രത്യക്ഷമായി. കുറെ നേരം കൂടി സംഘം കാത്തിരിപ്പ് തുടര്‍ന്നു. ഏകദേശം 3. 30 നു ചെറിയ ചാറ്റല്‍ മഴ ആരംഭിച്ചു ‘ പ്രേതം’ അജ്ഞാതമായൊരു രൂപത്തില്‍ വന്നതാണെന്നും അതിന്റെ ലക്ഷണമാണീ ചാറ്റല്‍ മഴയെന്നും വിഷ്ണു ആധികാരികമായി പറഞ്ഞു ഫലിപ്പിക്കുന്നുണ്ടായിരുന്നു. കുരിശു വരച്ചു കുത്തിയിടത്തു രകതം കണ്ടില്ലന്നു ജോര്‍ജു കുട്ടി ഓര്‍മ്മിപ്പിക്കുന്നുണ്ടായിരുന്നു. അതിനും വിഷ്ണുവിന്റെ വക ചില ന്യായീകരണങ്ങള്‍ ഉണ്ടായി. ഒന്നാമത് ചുവന്ന മണ്ണില്‍ ആണ് വൃത്തം വരച്ച് കുരിശു കുത്തിയത്. രണ്ടാമത് മഴ പെയ്തിരിക്കുന്നു. ആ മഴയില്‍ രകതം ഒലിച്ചു പോയതാകാം. പിന്നെ ലക്ഷണശാസ്ത്രപ്രാകാരം പ്രേതം അടങ്ങിയ മട്ടാണ്.

പിന്നീടൊരിക്കലും മണിയടിയൊച്ച കേട്ടിട്ടില്ല എന്ന് മനോഹരന്‍ പറഞ്ഞതില്‍ നിന്ന് പ്രേത ശല്യം മാറിയതായി നാട്ടുകാര്‍ അടിവരയിട്ടു വിശ്വസിക്കുകയും ചെയ്തു. ഏതാനും മാസങ്ങള്‍ കടന്നു പോയി . പ്രേത ശല്യമില്ലാതെ ജനങ്ങള്‍‍ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ സഞ്ചരം തുടങ്ങി . ചായക്കടയിലെ ബോര്‍ഡ് മാറ്റി സ്ഥാപിക്കപ്പെട്ടു ‘ രാഷ്ട്രീയം പറയരുത്’

ഭരതന്‍ പുതിയ സംഭവങ്ങള്‍ കിട്ടാതെ അസ്വസ്ഥനായി.

അങ്ങിനെയിരിക്കെയാണ് മറിയത്തിന്റെ മകന്‍ ഏലിയാസ്സ് പറഞ്ഞാണ് മണിയടിയൊച്ച വീണ്ടും കേള്‍ക്കുന്നുണ്ട് എന്ന വിവരം നാട്ടുകാര്‍ അറിയുന്നത്.

നാട്ടിലെ രാത്രീഞ്ചരന്മാര്‍, ഒളിഞ്ഞു നോട്ടക്കാര്‍, കോഴിക്കള്ളന്മാര്‍, മാട്ടം പൊക്കികള്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് തിരുമേനിയുടെ മകന്‍ വിഷ്ണു തിരുമേനി അമ്പലപ്പറമ്പില്‍ നിന്നാഹ്വാനം ചെയ്തു. പ്രേതത്തിന്റെ തിരിച്ചു വരവ് പഴയ മട്ടിലായിരിക്കില്ലെന്നും പൂര്‍വ്വാധികം ശക്തിയോടുകൂടിയായിരിക്കും എന്നും വിഷ്ണു ജനത്തിനോടായി വിളംബരം ചെയ്തു. പള്ളിയില്‍ അച്ചന്‍ വക ആഹ്വാനവും മുസ്ലീം പള്ളിയില്‍ ‘ മുക്രി ‘ വക ആഹ്വാനവും മുറയ്ക്കു നടന്നു.

വീണ്ടും നാടൊരു പിശാചു ബാധിച്ച് നാടായി മാറി. ചായക്കട ഭാസ്ക്കരന്‍ വീണ്ടും ബോര്‍ഡു മാറ്റി സ്ഥാപിച്ചു .

പഴയ സംഘം വീണ്ടും പുനര്‍ ജനിച്ചു. ആദ്യത്തെ ഒത്തു ചേരലില്‍ തന്നെ പൊതുവായ അഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനമായി. അങ്ങിനെയാണ് പഴയ അടവുകള്‍‍ ഒന്നും പ്രേതത്തിന്റെ അടുത്ത് വിലപ്പോകില്ല എന്ന് വിഷ്ണു പറഞ്ഞത് സംഘം കയ്യടിച്ചു പാസാക്കിയത്. സംഘത്തിനംഗബലം പോരെന്ന് കുര്യാക്കോസ് പറഞ്ഞതിന് ആളുകൂടുതലായാല്‍ പ്രേതത്തെ തളയ്ക്കല്‍ ബുദ്ധിമുട്ടാണ് എന്നു പറഞ്ഞ് സംഘം തള്ളിക്കളഞ്ഞു.

യക്ഷിയോ മറുതയോ ഏതു വേണമെങ്കിലും ആകാമല്ലോ പ്രേതം എന്ന അനിരുദ്ധന്റെ സംശയത്തിന് ആകാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല എന്നും അതിനുള്ള മുന്‍കരുതലുകള്‍ സംഘം സ്വീകരിക്കും എന്നും ജോര്‍ജു കുട്ടി സംശയലേശമെന്യേ കൂട്ടിച്ചേര്‍ത്തു.

കുര്യന്മല ലക്ഷ്യമാക്കി സംഘം പകല്‍ സമയം നീങ്ങാനും അഭിപ്രായ രൂപീകരണം നടത്താനും അങ്ങിങ്ങായി കാണുന്ന വീട്ടുകാര്‍ക്കുള്ള അനുഭവങ്ങള്‍ പ്രേതത്തെ ആരെങ്കിലും കണ്ടിട്ടുണ്ടോ കേട്ടിട്ടുണ്ടോ ഉണ്ടെങ്കില്‍ അതെങ്ങിനെ......? അങ്ങിനെ സംഘം മുകളിലെത്തി.

മലയുടെ അങ്ങേ വശത്ത് ആകപ്പാടെ ഒരു വീടു മാത്രമേ ഉള്ളു. അതും മലയുടെ ഏറ്റവും താഴെയായി. അതിനുമപ്പുറം വിശാലമായ പാടമാണ്. പാടം കഴിഞ്ഞ് ഞങ്ങളുടെ കവലയോളം വരില്ലെങ്കിലും ചെറിയൊരു കവല, ഒരു മുറുക്കാന്‍ കട, ഒരു ചായക്കട അത്രമാത്രം .

പല കാര്യങ്ങളും ചര്‍ച്ച ചെയ്ത് സംഘം ആ ഒറ്റപ്പെട്ട വീടിന്നരികിലെത്തി ഒരു മര്‍ക്കോസ് ആണു ഗൃഹനാഥന്‍. ഭാര്യയില്ല, മക്കളില്ല, അധികം വീടിനു വെളിയില്‍ ഇറങ്ങാത്ത മനുഷ്യന്‍. എന്തെങ്കിലും ആവശ്യമെങ്കില്‍ നമ്മുടെ കവലയെ ആശ്രയിക്കാറില്ല. അതുകൊണ്ട് തന്നെ ഞങ്ങള്‍‍ക്കെല്ലാം അപരിചിതന്‍.

അയാളുടെ അനുഭവമെന്താണന്നെറിയണമല്ലോ. അയാളുമായി സംസാരിക്കാനായി ഞങ്ങള്‍‍ അയാളുടെ വീടിനെ സമീപിച്ചതും ഒരു പട്ടി കുരച്ചു കൊണ്ടു ചാടി വീണു. കഴുത്തില്‍ മണി കെട്ടിയ പട്ടി. കുരയ്ക്കിടയിലും അവന്‍ വാലാട്ടിക്കൊണ്ടിരുന്നു. മാര്‍ക്കോസ് മണിയന്‍ പട്ടിയോട് അടങ്ങി നില്‍ക്കാന്‍ പറയുന്നുണ്ടയിരുന്നു.

സംഘം പരസ്പരം ഒന്നു നോക്കി, തിരികെ നടന്നു.

പിറ്റേന്നു പ്രഭാതത്തില്‍ മര്‍ക്കോസു കാണുന്നത് ചത്തു വിറങ്ങലിച്ചു കിടക്കുന്ന തന്റെ മഞ്ഞ നിറത്തിലുള്ള മണിയന്‍ പട്ടിയെ ആണ്. മാ‍ര്‍ക്കോസിന്റെ പരിശോധനയില്‍ ഒന്നു ബോദ്ധ്യപ്പെട്ടു. കഴുത്തിലെ മണി മോഷണം പോയിരിക്കുന്നു.

പിന്നീടൊരിക്കലും ഞങ്ങളുടെ നാട്ടില്‍ യക്ഷി, മാടന്‍, മറുത, കുട്ടിച്ചാത്തന്‍, ജിന്ന് ഇത്യാദി പ്രേത ബാധകളുടെ ഉപദ്രവം ഉണ്ടായിട്ടില്ല.

ഭാസ്ക്കരന്‍ ഗോവിന്ദന്‍ പണിക്കനെക്കൊണ്ട് ഒരു പുതിയ ബോര്‍ഡ് ഉണ്ടാക്കിക്കുകയും അതില്‍ പെയിന്റെര്‍ നാണുക്കുട്ടനെകൊണ്ട് 'രാഷ്ട്രീയം പറയരുത്' എന്നെഴുതിക്കുകയും കടയില്‍ എല്ലാവരും കാണ്‍കെ പുതിയ ബോര്‍ഡു സ്ഥാപിക്കുകയും ചെയ്തു.

കെ സി അനില്‍കുമാര്‍




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.