പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

പൂര്‍ത്തിയാവാത്ത ചിത്രങ്ങള്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നിതു പി വി

ഒരു മുഴം കയറില്‍ അവനൊടുക്കിയത് പോലെ ഒന്നോ രണ്ടോ വരികളില്‍ എനിക്കവന്റെ ജീവിതം ഒതുക്കാന്‍ കഴിയുമോ ? ഇല്ല... കഴിയുന്നില്ല... ഒട്ടും ആലോചിക്കാതെ അവന്‍ കാണിച്ച മണ്ടത്തരം... രോഗിയായ അച്ഛന് തണലാവാന്‍ നില്ക്കാതെ, അദ്ദേഹത്തെ ഈ ലോകത്തില്‍ തനിച്ചാക്കി, ഹൃദയമില്ലാത്ത ഈ ലോകത്തോട് അവന്‍ വിട പറഞ്ഞു...

കോളേജിന്റെ തിരക്ക് കുറഞ്ഞ ഇരുണ്ട ഇടനാഴികളില്‍ എവിടെയോ വച്ചാണ് ഞാന്‍ അവനെ കണ്ടുമുട്ടിയത്. ചിരിക്കാന്‍ പോലും മറന്നു പോയ ആ കുട്ടിയുടെ ഒരേയൊരു സുഹൃത്ത് ഞാനായിരുന്നില്ലേ... അവന്റെ ദുഃഖം ഒരിക്കലും കണ്ണുനീരായി പുറത്തുവന്നിട്ടില്ല. ലോകത്തോട് അവനു വെറുപ്പായിരുന്നു... അവന്റെ ശപിക്കപ്പെട്ട ബാല്യം.. ഒടിഞ്ഞുകുത്തി വീഴാറായ കൂരയിലെ അഞ്ചുപേരില്‍ മൂന്നുപേരെ മരണം ദാരിദ്ര്യം എന്ന പിശാചിന്റെ രൂപത്തില്‍ കീഴ്പെടുത്തി കഴിഞ്ഞിരുന്നു...

അഭിമാനിയായ അവനു ദൈവത്തോട് പുച്ഛമായിരുന്നു. "ഈ ലോകത്ത് എന്തിനാണ് മനുഷ്യനെ പണക്കാരനായും പാവപ്പെട്ടവനായും വേര്‍തിരിച്ചത്? പണം, അത് ആളെ കൊല്ലുമെന്ന്, പറയിപ്പെണ്ണിന്റെ മകനായി പിറന്നുവീണ പാക്കനാര് പറഞ്ഞിരുന്നില്ലേ... പന്ത്രണ്ടു ജാതിക്കാരായ മക്കളെ പ്രസവിച്ച ആ പറയിപ്പെണ്ണും വരരുചി എന്ന മഹാബ്രാഹ്മണനും കടന്നുപോയ ഈ വഴിത്താരകളിലൂടെ ഇന്ന് മനുഷ്യരക്തം ഒഴുകിപ്പരക്കുകയാണ! ഒരുപാട് പേരെ തീരാവേദനയുടെയും കണ്ണുനീരിന്റെയും ലോകത്തേക്ക് തള്ളിവിട്ടുകൊണ്ട് കടന്നുപോകുന്നവരും ദൈവത്തിന്റെ ലീലാവിലാസത്തില്‍ പെട്ടവര്‍ തന്നെയല്ലേ...?" ഇങ്ങനെ പോകുന്നു അവന്റെ വാദങ്ങള്‍ ....

ദൈവവും പിശാചും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നു അവന്‍ പറയാറുണ്ടായിരുന്നു... വളരെ കഷ്ട്ടപ്പെട്ടു അവന്റെ പഠനത്തിനുള്ള പണം അവന്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഒരുനാള്‍ അവന്‍ എന്നോട് പറഞ്ഞു; " ഈ ലോകം എനിക്ക് വേദനകള്‍ മാത്രമേ തന്നിട്ടുള്ളൂ. അച്ഛന്റെ വേദനയും കണ്ണുനീരും ഇനിയും കണ്ടു നില്‍ക്കാന്‍ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല."

" എല്ലാ വിഷമങ്ങളും ഉള്ളിലടക്കുന്നത് കൊണ്ടാണ്.... ഏതെങ്കിലും ഒരു സുഹൃത്തിനോട്..." " സുഹൃത്ത്... വേണ്ട... എനിക്ക് വേണ്ട... എന്തിനാ സുഹൃത്ത്? വേദനകള്‍ കൂട്ടാന്‍ മാത്രമേ സുഹൃത്തിനും കഴിയുള്ളൂ... അല്ലേലും അതൊന്നും എനിക്ക് പറഞ്ഞിട്ടുള്ളതല്ല. സൗഹൃദവും പ്രേമവും എല്ലാം ഒരുപോലെ തന്നെയാണ്. ആരോ ആരെയോ വഞ്ചിക്കുന്നു. മറ്റുള്ളവര്‍ കണ്ടു രസിക്കുന്നു. അങ്ങിനെ മറ്റുള്ളവരുടെ മുന്നില്‍ കോമാളി വേഷം കെട്ടാന് എന്നെ കിട്ടില്ല. കുറച്ചുസമയത്തേക്കെങ്കിലും എന്റെ വിഷമങ്ങള്‍ തുറന്നു പറയാന്! എനിക്ക് നീ മതി..."

കുറേ സമയം നിശബ്ദനായിരുന്ന ശേഷം യാത്ര പോലും ചോദിക്കാതെ അവന്‍ എഴുന്നേറ്റുപോയി... ഞാന്‍ അവന്‍ പോകുന്നതും നോക്കിയിരുന്നു.

പിറ്റേന്ന് കോളേജിന്റെ വരാന്തയിലൂടെ തനിച്ചു നടന്നു നീങ്ങുന്ന അവനെ ഞാന്‍ കണ്ടു. ലോകത്തെ വെറുക്കുന്ന ദൈവത്തെ പുച്ചിക്കുന്ന ഒരു മനസ്. ഞാന്‍ അവന്‍ നടന്ന വഴിയെ നടന്നു. മാവിന്‍ ചുവട്ടിലെ സിമെന്റുബെഞ്ചില്‍ തന്റെ പുസ്തക സഞ്ചിയുമായി അവന്‍ ഇരിപ്പുണ്ടായിരുന്നു. വിദൂരതയിലേക്ക് കണ്ണുംനട്ട്...

"നിന്നെ ശല്യം ചെയ്യുകയാണോ എന്നറിയില്ല..." എന്ന മുഖവുരയോടെ ഞാന്‍ അവന്റെ അടുത്ത് പോയിരുന്നു. നിമിഷങ്ങളോളം മിണ്ടാതെ അവന്‍ എന്നെ നോക്കിയിരുന്നു.

" എന്റെ ഫിലോസഫി കേള്‍ക്കാന്‍ നീ ഒരാള്‍ മാത്രേ ഉണ്ടായിട്ടുള്ളൂ.. മറ്റാരും ഇതുവരെ ഞാന്‍ പറയുന്നത് കേട്ടിരുന്നിട്ടില്ല. ഒരു പാട് വേദനകള്‍ക്കിടയിലുള്ള ഒരേയൊരു സാന്ത്വനം... മറ്റൊരു വേദനയായി നീ എന്റെ മനസ്സില്‍ നിറയുമെന്നു ഞാന്‍ പേടിച്ചിരുന്നു. അതുകൊണ്ടാണ് ഞാന്‍ നിന്നെ ആദ്യമെല്ലാം ഒഴിവാക്കാന്‍ ശ്രമിച്ചത്. ആ മണ്ടത്തരം തുടരാഞ്ഞത് ഭാഗ്യമായി. ഇല്ലെങ്കില്‍ നല്ലൊരു സുഹൃത്തിനെ എനിക്ക് നഷ്ടമാകുമായിരുന്നു. നിന്നോട് പറയാന്‍ എനിക്ക് രസകരമായ കഥകളോ തമാശ നിറഞ്ഞ സംഭവങ്ങളോ ഇല്ല. അഭിനയിക്കാന്‍ എനിക്കറിയില്ല. ഒന്ന് ഞാനറിയുന്നു... എന്റെ മുന്നിലൂടെ ചിരിച്ചു കളിച്ചു നടന്നു പോകുന്ന ഒരുപാടുപേര്‍ ഉള്ളാലെ കരയുകയാണ്... പക്ഷെ അവരൊക്കെ എന്ത് നന്നായിട്ടാണ് അഭിനയിക്കുന്നത്... ഐസ്ക്രീം കഴിക്കാനോ ഫിലിം കാണാനോ നിന്നെ ക്ഷണിക്കാന്‍ എനിക്ക് കഴിയില്ല. എനിക്ക് പറയാന്‍ മനം മടുപ്പിക്കുന്ന എറെ സങ്കടങ്ങള്‍ മാത്രമേയുള്ളൂ..." ഞങ്ങളുടെ ഇടയില്‍ ഒരു നീണ്ട നിശബ്ദത സ്ഥാനം പിടിച്ചു. അവന്റെ കണ്ണുകളില്‍ കണ്ണുനീരിന്റെ തിളക്കം എനിക്ക് കാണാമായിരുന്നു. നീണ്ട ഒരു നിശ്വാസത്തിനു ശേഷം അവന്‍ പറഞ്ഞു.

" പഠിച്ച് ഒരു ജോലി നേടി അച്ഛനെ ഈ തീരാക്കടത്തില്‍ നിന്നും രക്ഷിക്കണം. ഞങ്ങടെ വീടും പറമ്പും ബാങ്കില്‍ പണയം വച്ചിരിക്കുകയാ അത് തിരിച്ചെടുക്കണം. ഇവിടേയ്ക്ക് ബസ്സിനു വരാന്‍ രണ്ടു രൂപ വേണം. ഒരു മാസം ഞാന്‍ ബസ്സിനു വന്നാല്‍ ആ മാസത്തെ അച്ഛന്റെ മരുന്ന് മുടങ്ങും. വേണ്ട.. ഞാന്‍ നടന്നു വന്നോളും. ഒരു കൊല്ലം കൂടിയല്ലേ ഉള്ളു, അത് കഴിഞ്ഞാല്‍ ഒരു ജോലി. ഞങ്ങടെ പറമ്പ് തിരിച്ചെടുക്കണം. എന്റെ അമ്മേം ചേച്ചിമാരും ഉറങ്ങണ മണ്ണാ അത്. എനിക്കത് വേണം. " കണ്ണുകളിലെ തിളക്കം കവിളുകളിലേക്ക് വ്യാപിച്ചു വരുന്നത് കാണാമായിരുന്നു.

രണ്ടു ദിവസം കഴിഞ്ഞാണ് പിന്നെ അവന്‍ കോളേജില്‍ വന്നത്. കുറച്ചുകൂടി ക്ഷീണിച്ച കണ്ണുകളുമായി അവന്‍ മാവിന്‍ ചുവട്ടില്‍ തന്നെ ഇരിപ്പുണ്ടായിരുന്നു. എന്നെ കണ്ടപ്പോള്‍ അവന്റെ ചുണ്ടുകളില്‍ ഒരു ചെറു പുഞ്ചിരി പ്രത്യക്ഷപ്പെട്ടു. എനിക്കത്ഭുതം തോന്നി. ആദ്യമായാണ് അവന്റെ കണ്ണുകളില്‍ ഞാന്‍ സന്തോഷത്തിന്റെ തിളക്കം കാണുന്നത്.

" എനിക്ക് മൂന്നു പുസ്തകങ്ങള്‍ വേണമായിരുന്നു... പിന്നെ അച്ഛന്റെ മരുന്നും... രണ്ടു ദിവസം വീടിനടുത്തുള്ള ഒരാള്ടെ കൂടെ റോഡുപണിക്ക് പോയി." ഞാന്‍ അവന്റെ പൊള്ളലേറ്റ കൈത്തണ്ടയിലേക്ക് നോക്കിയിരിക്കുകയായിരുന്നു. " നീ വല്ലാതെ ക്ഷീണിച്ചു പോയി ബാലു.. "വെറുതെ ചിരിച്ചതല്ലാതെ അവന്‍ അതിനെ കുറിച്ചൊന്നും പറഞ്ഞില്ല. ഒരു കൊച്ചു കുട്ടിയെ പോലെ ഇത്തിരി കുസൃതിയോടെ അവനെന്നെ കുറച്ചു സമയം നോക്കിയിരുന്നു. ഒരു ഞെട്ടലിന്റെ ബാക്കിപത്രം പോലെ ഇരിക്കുകയായിരുന്നു ഞാന്‍.

" നിനക്കൊരുകൂട്ടം കാണണോ?" അവന്‍ ഒരു പുസ്തകമെടുത്ത് എനിക്ക് നേരെ നീട്ടി. ഒരുപാട് നോട്ടിസുകള്‍ ചേര്‍ത്തുവച്ചു തുന്നിക്കെട്ടിയിരിക്കുന്ന ഒരു ചെറിയ പുസ്തകം. അതിന്റെ ആദ്യ പേജില്‍ 'ബാലഗോപാല്‍ ' എന്ന് ഭംഗിയായി എഴുതിയിരിക്കുന്നു. അടുത്ത പേജുകളിലെല്ലാം അവന്‍ വരച്ച ചിത്രങ്ങളായിരുന്നു. എല്ലാം അപൂര്‍ണ്ണങ്ങള്‍ ..."ഇതെന്താ ഒന്നും പൂര്‍ത്തിയാക്കാതെ വച്ചിരിക്കുന്നത്...? "

" അതൊക്കെ എന്റെ സ്വപ്നങ്ങളാ... സ്വപ്നങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ ചിത്രങ്ങളും പൂര്‍ത്തിയാകും. " അവന്‍ വിദൂരതയിലേക്ക് കണ്ണ് പായിച്ചു. അവന്റെതായ ലോകത്തേക്ക് അവന് ഊളിയിട്ടു പോകുന്നത് ഞാനറിഞ്ഞു.

അവന്റെ വീട്ടിലേക്കു വന്ന ജപ്തിനോട്ടീസിനെ കുറിച്ചാവാം അവന്‍ ചിന്തിച്ചത്. മൂന്നു ദിവസങ്ങള്‍ അവനെ തുറിച്ചുനോക്കുന്നുണ്ടെന്നു ഞാനും അറിഞ്ഞിരുന്നു. അന്ന് വൈകിട്ട് എനിക്ക് വന്ന ഫോണ്‍കോള്‍ എന്നെ എത്രമാത്രം തകര്‍ക്കുന്നതയിരുന്നുവെന്നു എനിക്കിപ്പോള്‍ മനസിലാകുന്നു.

I C U എന്ന് ചുവന്ന അക്ഷരത്തില്‍ എഴുതിയ ചില്ലുവാതിലിനു വെളിയില്‍ ഹൃദയം തകര്‍ന്നു നില്‍ക്കുന്ന അവന്റെ അച്ഛനോട് ഞാനൊന്നും പറഞ്ഞില്ല. കരയാന്‍ ഒരു തുള്ളി കണ്ണുനീര്‍ പോലും ഇല്ലാത്ത ആ കുഴിഞ്ഞ കണ്ണുകളിലെ വേദന എന്റെ മനസിനെ അല്പം നോവിച്ചോ?

I C Uവിന്റെ വാതില്‍ തുറക്കുന്നത് കാത്തുനില്ക്കാതെ ഞാന്‍ തിരിഞ്ഞു നടന്നു. കണ്ണുനീരിന്റെ ഭാരത്താല്‍ മുന്നോട്ടുള്ള വഴികള്‍ അവ്യക്തമായിക്കൊണ്ടിരുന്നു. ഹൃദയത്തില്‍ നിന്റെ പൂര്‍ത്തിയാവാത്ത ചിത്രങ്ങളുമായി... എന്റെ പിറകില്‍ വാതില്‍ തുറക്കപ്പെട്ടു. തിരിഞ്ഞുനില്ക്കാനുള്ള കറുത്ത് എന്റെ മനസിനില്ലാതെ പോയി. നിന്റെ അച്ഛന്റെ നിലവിളി എന്റെ ഹൃദയത്തിലേക്ക് ഒരു മിന്നല്‍ പായിച്ചു. ഞാന് നിന്നില്ല. ' ബാലു... എന്റെ പ്രിയ സുഹൃത്തെ... നീ അറിയുന്നുവോ... നിന്റെ പൂര്‍ത്തിയാവാത്ത ചിത്രങ്ങള്‍ പോലെ ജീവിതം പൂര്‍ത്തിയാക്കാനും നിനക്ക് കഴിഞ്ഞില്ലയെന്നു... ' ആഗ്രഹങ്ങളും സ്വപ്നങ്ങളും ബാക്കി നിര്‍ത്തി കടന്നുപോയ ആ കൂട്ടുകാരനുവേണ്ടി ഞാനിനി എന്താണ് എന്റെ ദൈവത്തോട് പ്രാര്‍ത്ഥിക്കുക?

നിതു പി വി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.