പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

വിദ്യാരംഭം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മുയ്യം രാജൻ

സുനന്ദയുടെ കനവിലാണാദ്യമവന് കടന്നു വന്നത്. പുലര്‍കാല സ്വപനത്തില്‍ എക്കാലത്തേയും അവളുടെ രാജകുമാരന്‍.

അവളുടെ പുലര്‍കാല നിലവിളിയുടെ പൊരുള്‍ തേടിയുള്ള യാത്രയിലാണു അക്കാര്യം പിന്നീടെനിക്ക് പിടികിട്ടുന്നത്. ആ മുഖമപ്പോള്‍ താമരപ്പൂ പോലെ വിടര്‍ന്നിരുന്നു.

ദാ വന്നൂ നമ്മുടെ മാന്ത്രികന്‍..കണ്ണൂരിനു ഇനി മുതല് പുതിയൊരു മുഖഛായ... മാറ്റത്തിന്റെ.. മാനസാന്തരത്തിന്റെ... ഫുഡ്ബോള്‍ മാന്ത്രികനു നമ്മുടെ നാട്ടിലേക്ക് സ്വാഗതം.. സുസ്സ്വാഗതം..

'ഈശ്വരാ നമ്മുടെ പ്രാര്‍ത്ഥന ദൈവം കേട്ടെങ്കില്‍..ഈ നാടിന്റെ അപഖ്യാതി പമ്പ കടക്കുമായിരുന്നു.''.

''എന്തിനാ മഡോണ ഇവിടേക്ക് വന്നതിനെന്നാ നിങ്ങടെ വിചാരം..'' ?

''മഡോണ അല്ലെടീ മറഡോണയെന്ന് പറഞ്ഞാലും...''

''ആണുങ്ങള്‍ക്ക് മഡോണയെപ്പോലെ സെക്സിയാ ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക് ഡീഗോ മറഡോണ.'' . ദൈവങ്ങളുടെ ചിത്രങ്ങള്‍ക്ക് നടുവില്‍..അമിതാഭ് ബച്ചന്റെയും സച്ചിന് തെണ്ടുല്‍ക്കറുടെയും ഇടയില്‍ അവള്‍ എന്നും കാത്തു സൂക്ഷിച്ച സ്വപ്നത്തിനൊരു സാക്ഷാത്ക്കാരം കൈവന്നിരിക്കുന്നു.

സുനന്ദ പുലര്‍ച്ച അഞ്ചു മണി മുതല്‍ ഒരുക്കം ആരംഭിച്ചിരുന്നു. കുളിച്ച് കുറി തൊട്ടു. കഴുത്തില് തിരിച്ചറിയല്‍ കാര്‍ഡിട്ടു. കയ്യില് ക്യാമറയും ഓട്ടോഗ്രാഫും.

'' മറഡോണ മലയാളിയായിട്ട് വരൂന്നാ കേട്ടിരുന്നത്..അതും തനി കേരള വേഷത്തില്..മലയാളത്തില്‍ എന്തെങ്കിലും സംസാരിച്ചിരുന്നെങ്കിലെന്നു കൊതിച്ചു...എന്തായാലും മലയാളികള്‍ക്ക് മുഴുവന് മാതൃകയാവാന്‍ ആ അര്‍ജന്റീനയുടെ ഫുഡ്ബോള്‍ താരം കടലുകള്‍ താണ്ടി പറന്നെത്തിയല്ലോ ഇവിടേക്ക്...കണ്ണൂരിന്റെ പുണ്യം...''

''ഇപ്പം എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു..''

''എന്തു പറ്റീ..''

''മറഡോണയുടെ വരവ് ഒരു മായിക പ്രപഞ്ചം തീര്‍ത്തതും... മെല്ലെ മെല്ലെ മാഞ്ഞു പോയതുമെല്ലാം..''

''അതെ നമ്മുടെ മഹാഭാഗ്യം. ഇവിടേക്കായി മാത്രം പറന്നു വന്നുവല്ലൊ ആ പാവം...''

''ഒരു മാരണക്കാരന്‍ വന്നിട്ട് തിരിച്ചു പോയോടോ..? സ്വര്‍ണ്ണോം സ്വപ്നോം ഫുഡ്ബോളും കാണിച്ചേ നമ്മള്‍ കണ്ണൂര്‍ക്കാരെ കയ്യിലെടുക്കാനാവൂന്നു സംഘാടകര്‍ക്കും നന്നായറിയാം...പണ്ട് ലോക കപ്പ് കണ്ടപ്പം മുതല്‍ കൂടെ കൂടിയ പൂതിയാ ഓനെ ഒന്നു കണ്ണു നെറയെ കണ്ട് കണ്ണടക്കണമെന്ന്...ആ പഴയ പത്താം നമ്പറുകാരനെ ഇനി ടീവീലെങ്കിലും കണ്ട് കൊതി തീര്‍ക്കട്ടെ...''

അയല്‍വാസി കുഞ്ഞാനമ്മയുടെ വരവാണ്. മേമ്പൊടിക്ക് ഒന്നു മുറുക്കാം. പത്തു മുട്ടന്‍ നുണ പൊട്ടിക്കാം.

''ഓന് ഈട്ത്തേക്ക് ഓടി വന്നത് ഉദ്ഘാടനത്തിനും ജന്‍മദിനമാഘോഷിക്കാനൊന്നുമല്ല..''

''പിന്നെന്തിനാ കുഞ്ഞമ്മേ.. ?''

ഞങ്ങളുടെ ആകാംക്ഷയെ ഊതി വീര്‍പ്പിച്ച് കൊണ്ട് കുഞ്ഞാനമ്മ മറ്റൊരു അമിട്ട് കൂടി പൊട്ടിച്ചു.

'' ഓറു നമ്മള് കണ്ണൂര്‍ക്കാരെ ഒരു പാഠം പഠിപ്പിക്കാനും പരിശീലിപ്പിക്കാനും വന്നതല്ലെ..മനുഷ്യത്തല പന്തു പോലെ റോട്ടിലുരുട്ടി കളിക്കാനുള്ളതല്ലാന്നു വിജയദശമി നാളില്‍ നമ്മളെ വിദ്യാരംഭം കുറിപ്പിക്കാന്‍...''

ചോര ചീറ്റുന്ന ലാഘവത്തോടെ കുഞ്ഞാനമ്മ മുറുക്കാന്‍ മുറ്റത്തേക്ക് നീട്ടിത്തുപ്പി. ഏതോ അതിനിഗൂഢമായ വിചാരങ്ങളിലേക്ക് കൂപ്പു കുത്തി.

മുയ്യം രാജൻ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.