പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ജിന്നുബീ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം.പി.എ.കാസിം

അവൾ ഇപ്പോൾ പ്രശസ്തയായ ജിന്നുബീ. നാടുനീളെ കേൾവികേട്ട ഒരു മന്ത്രവാദിനിയാകാൻ അവൾക്കെങ്ങനെ കഴിഞ്ഞു എന്ന്‌ ഒരു വൈദികനായി പരിണമിച്ച ഫാദർ സാമുവൽ ജേക്കബിനു മനസ്സിലാക്കാം. എങ്കിലും ആ സിദ്ധിയുടെ പിന്നിൽ എന്താണ്‌ വർത്തിക്കുന്നതെന്നറിയാൻ ജേക്കബിനു കൗതുകമുണ്ട്‌. പക്ഷേ, ഫാദർ സാമുവൽ ജേക്കബ്‌ ആയാലും വെറും സാമുവൽ ജേക്കബ്‌ ആയാലും ശരി ഒരു ഗ്രാമം തന്നെ വികസിപ്പിച്ച അവരെ കാണാൻ പ്രത്യേകം അനുമതി വാങ്ങണം. മുപ്പതു വർഷം മുമ്പ്‌ അവർ ഒരു സാധാരണ യുവതിയായിരുന്നു. കാച്ചിയും ഇറുകിയ കുപ്പായവും കൊണ്ട്‌ മുറികിപ്പൊട്ടുന്ന മെയ്‌ നന്നായി ഒളിപ്പിച്ച്‌ തലയിൽ കസവിന്റെ തത്തക്കൊക്കുള്ള തട്ടമിട്ട്‌ നടന്ന ഒരു നാടൻ തറവാട്ടുപെണ്ണ്‌. അന്നവർക്ക്‌ ഇരുപത്തിനാല്‌ വയസ്സ്‌. ചുറുചുറുക്കനും സുന്ദരനുമായ സാമുവൽ ജേക്കബിന്‌ അവരെ കണ്ടുമുട്ടുമ്പോൾ മുപ്പതുവയസ്സ്‌.

ആരാ സംസാരിക്കുന്നേ? ഒരുകാലത്ത്‌ ഹൃദയസംഗീതമായിത്തീർന്ന സ്വരത്തിനു മാറ്റം വന്നിരുന്നില്ല.

ഞാൻ...കുറെ മുമ്പ്‌ നഗരത്തിലെ റ്റിഫണി ലോഡ്‌ജിൽ നൂറ്റിഒന്നാം നമ്പർ മുറിയിൽ താമസിച്ച സെയിത്സ്‌ റെപ്രസെന്ററ്റീവ്‌, ഓർക്കുന്നുണ്ടോ?

കുറച്ചു നേരത്തേക്ക്‌ മൊബൈൽ നിശബ്ദമായി.

വീണ്ടും ഒരുണർത്തലിനു സാമുവൽ ജേക്കബ്‌ തുനിഞ്ഞു. ഏഴ്‌ സുന്ദര രാത്രികൾ! ഏഴാം രാത്രി സുന്ദരം മാത്രമല്ല കഠിനതരവുമായിരുന്നു. ആദമിനെ സ്വർഗ്ഗത്തിൽ നിന്ന്‌ ആട്ടിപ്പായിച്ചപ്പോൾ അവന്റെ കൂടെ അവന്റെ പാതിയും ഉണ്ടായിരുന്നു. പക്ഷേ, സാമുവൽ ജേക്കബിനു ഒരു ഉടമ്പടി മാത്രമേ ഉണ്ടായിരുന്നുള്ളൂ...

മനസ്സിലായി, ഇപ്പോൾ എന്തു വേണം?

ഈ സേവ സത്യമോ മിഥ്യയോ?

അറിയില്ല.

ആ ശരീരത്തെ അറിഞ്ഞ്‌ അതിന്റെ ഭാഗമായി ഏഴു രാത്രികൾ സുന്ദരമാക്കിയ സാമുവൽ ജേക്കബിനു അതറിയാൻ അതിയായ ആകാംക്ഷയുണ്ട്‌.

പാപത്തിന്റെ ഫലമായി അഹല്യ കല്ലായി തീരുകയാണുണ്ടായത്‌. പക്ഷേ, ഇങ്ങനെ ഒരു ജന്മം ബീബി സാറയിൽ...ജേക്കബ്‌ ആത്മഗതം ചെയ്തു.

ഞാൻ ജിന്നിന്റെ മണവാട്ടിയാണ്‌! എന്റെ വാക്കുകൾ, പ്രഖ്യാപനങ്ങൾ, ചികിത്സകൾ ഒന്നും തന്നെ എന്റെതല്ല. വിശ്വസിച്ച്‌ വരുന്നവർക്ക്‌ ഞാൻ തണലാണ്‌.

എന്തു തന്നെ ആയാലും എനിക്ക്‌ അവിടം വരെ വരണം. അതെന്റെ അദമ്യമായ തുടിപ്പാണ്‌.

സാമുവൽ ജേക്കബിന്റെ ഡയറിയിൽ ആദ്യമായി മരുന്നല്ലാതെ ഒരു സ്ര്തീനാമം നിറഞ്ഞത്‌ സാറയെ കണ്ടുമുട്ടിയതു മുതലാണ്‌. ഓരോ ദർശനത്തിലും സാറ പമ്മി പമ്മി നടന്നുവന്ന്‌ സാമുവൽ ജേക്കബിന്റെ ഉള്ളറകളിലേക്ക്‌ കടന്നു. അനുരാഗത്തിന്റെ കിനാക്കളിൽ സാറ ജൂലിയായി. ശകുന്തളയും വാസവദത്തയും ക്ലിയോപാട്രയുമായി.

സാമുവൽ ജേക്കബ്‌ മിടിക്കുന്ന ഹൃദയത്താൽ തന്റെ ഡയറിയിൽ ഇങ്ങനെയെഴുതി ഃ പ്രേമത്തെക്കുറിച്ചും കാമത്തെ പറ്റിയും എന്തോ ചില വികാരങ്ങൾ മൊട്ടിടാൻ തുടങ്ങുന്ന കാലം ഇരുമ്പുകച്ചവടക്കാരൻ സൂപ്പി സാറയെ നിക്കാഹ്‌ കഴിച്ചു. സാറ ഋതുമതിയായിട്ടും ഗർഭിണിയായില്ല. നീണ്ട പത്തുവർഷങ്ങൾ മരുന്നും മന്ത്രവും നിറഞ്ഞതായി. എന്നിട്ടും ഒരു ശിശു ജനിച്ചില്ല. പുരുഷന്റെ ബലക്കുറവാണെന്നും അതല്ല സ്ര്തീയുടെ തകരാറാണെന്നും ചികിത്സകർ മാറിമാറി പറഞ്ഞു. സാറയെ ജിന്ന്‌ മംഗലം കഴിച്ചുവെന്നും ഗന്ധർവ്വൻ പരിരംഭണം ചെയ്തുവെന്നും മന്ത്രവാദക്കാർ പറഞ്ഞു. സാറ അനുദിനം മൊഞ്ചുള്ളവളായി തീരുമ്പോൾ ജനങ്ങളും അതിനു ഓശാന പാടി. ധാതുബലത്തിനായി സൂപ്പി നിത്യവും രാത്രിയിൽ അരക്കുപ്പി പാൽ കാച്ചിയെടുത്ത്‌ അതിൽ നായ്‌ക്കുരണപ്പരിപ്പ്‌ അരച്ചു ചേർത്ത്‌ ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ്‌ സേവിച്ചു. ഉണർന്നാൽ നാലു കോഴിമുട്ടയും നേന്ത്രപ്പഴം നല്ലനെയ്യിൽ വാട്ടിയെടുത്തതും തിന്നു.

സാറ സാമുവൽ ജേക്കബിന്റെ ഉള്ളിന്റെയുള്ളിൽ കടന്ന്‌ ഇക്കിളികൂട്ടുകയും നിദ്രാരാഹിത്യം ഉണ്ടാക്കുകയും ചെയ്തെങ്കിലും സാറയുടെ കിടപ്പറയിലേക്ക്‌ ഹേതുവായത്‌ നായിക്കുരണപ്പരിപ്പു ചേർത്ത പാലായിരുന്നു. നായ്‌ക്കുരണയുടെ കൂടെ ഉറക്ക ഗുളിക അലിയിച്ചു ചേർക്കുമ്പോൾ പകലന്തിയോളം നഗരത്തിൽ നയിച്ച്‌ തളർന്നു വരുന്ന മാപ്പിള മനക്ലേശങ്ങളില്ലാതെ നന്നായി ഉറങ്ങട്ടെ എന്നു മാത്രമാണ്‌ സാറ കരുതിയിരുന്നത്‌. രാത്രിയെന്തെന്നറിയാതെ ആറു രാത്രികൾ കടന്നുപോയപ്പോൾ സൂപ്പിക്ക്‌ സ്വാഭാവികമായും ഒരു സംശയം. ദിവസത്തിനു പകൽ മാത്രമല്ലാതെ രാത്രി എന്നൊന്നില്ലേ? സൂപ്പിയുടെ രാത്രികൾ ജേക്കബ്‌ കടമെടുത്തത്‌ സൂപ്പി അറിഞ്ഞതേയില്ല.

ഏഴാമത്തെ രാത്രിയിൽ സൂപ്പി പാൽ കുടിച്ചില്ല. സാറ കാണാതെ അത്‌ പുറത്തൊഴുക്കി. നിദ്ര നഷ്ടപ്പെട്ടിരിക്കുന്നു. എങ്കിലും കണ്ണ്‌ പൂട്ടി കിടന്നു. സാറ അടുത്തുവന്ന്‌ പരിശോധിച്ചു. നിദ്രയിലാണെന്ന്‌ ഉറപ്പുവരുത്തി, മേശ വലിപ്പിൽ നിന്ന്‌ ടോർച്ചെടുത്ത്‌ ലോഡ്‌ജിനു നേർക്ക്‌ പ്രകാശം എത്തിച്ചു. പ്രകാശം പോയ വഴിയെ പൂച്ചയുടെ കാൽവെപ്പോടെ ഒരു പുരുഷൻ നടന്നുവന്നു. പുരുഷന്റെ അടക്കിപ്പിടിച്ച സംസാരം ജനലഴികളിൽ കൂടി അകത്തുകയറി. പിന്നീട്‌, സാറ തുറന്നുവെച്ച പ്രധാന വാതിലിൽ കൂടി പുരുഷൻ അകത്തുകയറിയതും സൂപ്പി കണ്ടു.

സല്ലാപം, ശൃംഗാരം, നഗ്നത, ഭോഗം എല്ലാം സ്വന്തം കണ്ണുകളാൽ സൂപ്പി കാണുകയാണ്‌. നായിക സാറ. നായകൻ അജ്ഞാതനായ ഒരു പുരുഷൻ. രക്തം തപിച്ചെങ്കിലും ഒരു ഇച്ഛയുടെ പേരിൽ അടക്കി നിറുത്തി. ഏഴു ദിവസമായി താൻ വഞ്ചിക്കപ്പെടുകയാണെന്ന്‌ സൂപ്പി അറിഞ്ഞു. ലോകത്തിലെ ഏതെങ്കിലും കുടല ഇങ്ങനെ സ്വന്തം പുരുഷനെ വഞ്ചിച്ചിട്ടുണ്ടാകുമോ? സാരമില്ല, ക്ഷമിച്ചിരിക്കുന്നു. കഴിഞ്ഞ ആറുദിവസങ്ങളിലെ വേഴ്‌ച്ചകളിൽ സുന്ദരനായ ആ പുരുഷന്റെ ബീജം അത്‌ ലക്ഷ്യം വെച്ചുകൊണ്ടിരുന്ന ഗർഭാശയത്തിൽ പ്രവേശിച്ചില്ലെങ്കിൽ ഏഴാം ദിവസമായ ഇന്ന്‌ ബീജസങ്കലനം നടക്കട്ടെ. അതൊക്കെ കഴിഞ്ഞിട്ട്‌ കണ്ണ്‌ തുറന്നാൽ മതി. അപ്പോൾ മാത്രമാണ്‌ ഇച്ഛ പൂർണ്ണതയിലെത്തുക.

രതിമൂർച്ഛയുടെ ദ്രുതതാളത്തിൽ ഞരക്കത്തിന്റെ ആക്രോശസീൽക്കാരങ്ങളിൽ ഉന്മാദത്തിന്റെ പൊയ്‌കയിലേക്ക്‌ രണ്ടു തടികൾ തളർന്നു വീണതും സൂപ്പികണ്ടു.

വെളുപ്പാൻ കാലത്തിന്റെ അടയാളമായി പൂവൻ കോഴി കൂകി. ഒരു ഞെക്കലിൽ രണ്ടു നഗ്നശരീരങ്ങൾ ഉരുണ്ടു പിടഞ്ഞെഴുന്നേറ്റ്‌, അവസാന ചുംബനം നൽകികൊണ്ട്‌ പിരിയാൻ ഒരുങ്ങുകയായിരുന്നു അവർ. അപ്പോൾ, അവരുടെ മുന്നിൽ ഒരു പ്രേതരൂപം പോലെ സൂപ്പി പ്രത്യക്ഷപ്പെട്ടു. രക്ഷപ്പെടാൻ വേണ്ടിയുള്ള ജാരചലനത്തെ തടഞ്ഞുകൊണ്ട്‌ സൂപ്പി ചോദിച്ചു. പേരോ ഊരോ ജാതിയോ ചോദിക്കുന്നില്ല, ദമ്പതിമാരല്ലാത്ത സ്ര്തീ-പുരുഷന്മാർ ശാരീരികമായി തമ്മിൽ ബന്ധപ്പെടുന്നത്‌ പാപമാണെന്നറിയുമോ? വിവാഹം കഴിക്കാത്ത സ്ര്തീ-പുരുഷന്മാരാണെങ്കിൽ നൂറു ചാട്ടവാറടി കൊടുക്കണമെന്നാണ്‌ നിയമം. വിവാഹിതരാണെങ്കിൽ മരണം വരെ അടിക്കണമെന്നും നിയമമുണ്ട്‌. കല്ലെറിഞ്ഞു കൊല്ലണമെന്ന്‌ ബൈബിളിൽ കാണാം. നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നാണല്ലോ തിരുവചനം അതുകൊണ്ട്‌ കല്ലെറിയുന്നില്ല. മാത്രമല്ല, ഈ ക്രീഡകൾ എനിക്കു നിങ്ങൾ ചെയ്ത ഒരു ഉപകാരമായും കരുതുന്നു. നിങ്ങളുടെ മുന്നിൽ നിൽക്കുന്ന ഈ പുരുഷൻ ഷണ്ഡനാണെന്നും നിങ്ങളെ ക്രീഡയ്‌ക്ക്‌ മെരുക്കിയെടുത്ത ഈ സ്ര്തീ ഒരു മച്ചിയാണെന്നും പറഞ്ഞ്‌ ജനം കല്ലെടുത്തെറിയുകയായിരുന്നു... ഈ സാഹചര്യത്തിൽ നിന്ന്‌ ഒഴിഞ്ഞുമാറാൻ നിങ്ങളുടെ ബീജം ഒരു നിമിത്തമാകുമെങ്കിൽ അതെത്ര നന്ന്‌. നിലവിലുള്ള മന്ത്രവും വൈദ്യശാസ്ര്തവും ഒന്നും തന്നെ തുണച്ചില്ല...പുതിയ വഴികൾ അന്വേഷിച്ചുകൊണ്ടിരുന്ന വൈദ്യശാസ്ര്തവും വന്ധ്യത അകറ്റാൻ ചെയ്യുക നിങ്ങളിപ്പോൾ ചെയ്ത മാർഗ്ഗം തന്നെയായിരിക്കും. പക്ഷേ, ജീവന്റെ തുടിപ്പും ആവേശവും കൊണ്ട്‌ നിങ്ങൾ ചെയ്ത പ്രക്രിയ ഖരാവസ്ഥയിലായിരിക്കും ശാസ്ര്തം ചെയ്യുക എന്നുമാത്രം. ഇന്നു നിങ്ങൾ പ്രകടിപ്പിച്ച തുടിപ്പും ആവേശവും അല്ലെങ്കിൽ, ഒരാഴ്‌ച നിങ്ങളെ ഒരുമെയ്യാക്കിയ പ്രകമ്പനം ഇനി തുടരരുതെന്ന ഒരു അഭ്യർത്ഥന മാത്രമാണ്‌ എനിക്കുള്ളത്‌. അതിനു വേണ്ടി എത്ര പണം വേണമെങ്കിലും ചോദിച്ചുകൊള്ളുക.

ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നില്ല, പാപത്തിലും. ഒന്നു ചോദിക്കട്ടെ, പണത്തിനു വേണ്ടി വിൽക്കാവുന്നതും പണംകൊണ്ട്‌ വാങ്ങാവുന്നതുമാണോ പ്രേമം അഥവാ സ്ര്തീപുരുഷബന്ധം?

പ്രേമമെന്നല്ല, എല്ലാം തന്നെ അങ്ങനെയാണെന്നേ ഒരു കച്ചവടക്കാരനായ എനിക്ക്‌ കാണാൻ കഴിയുന്നുള്ളൂ.

ഒരു മരുന്നു കമ്പനിയുടെ പ്രതിനിധിയാണെങ്കിലും എന്റെ മനസ്സിൽ സ്‌ഫുരിക്കുന്നത്‌ പ്രേമത്തിന്റെ കണികകളാണ്‌. അതു പറിച്ചു കളയാൻ എനിക്ക്‌ കഴിയുമോ? നിങ്ങൾ ആ പ്രേമഭാജനത്തെ എനിക്ക്‌ തരുക. നിങ്ങൾ പറയുന്നത്‌ ഭ്രാന്താണ്‌, മുഴുഭ്രാന്ത്‌! എത്രയെത്ര പെൺകുട്ടികളുണ്ട്‌ ഈ ലോകത്ത്‌. എന്നിട്ട്‌, ഒരുത്തന്റെ ഭാര്യയെത്തന്നെ വേണോ നിങ്ങൾക്ക്‌ പ്രേമിക്കാൻ? ഈ നിമിഷത്തിൽ നിങ്ങളൊരു ജാരനാണ്‌! ജാരനെ തളച്ചിടാൻ വേറെ മാർഗ്ഗങ്ങളുണ്ട്‌. ആ വഴി അന്വെഷിക്കുന്നതിനു മുമ്പ്‌ ഒരു കാര്യവും കൂടിയുണർത്താം. കഴിഞ്ഞ ഏഴുരാത്രികൾ കൊണ്ട്‌ ബീജസങ്കലനം നടന്നില്ലെങ്കിൽ ഏഴു രാത്രികളുടെ മറ്റൊരു കോഴ്‌സിനു നിങ്ങൾക്ക്‌ അനുവാദം തരുന്നു. പക്ഷേ, പ്രേമത്തെ നിങ്ങൾ മറക്കണം...

നിവൃത്തിയില്ലാതെ അനുസരിച്ചു. അങ്ങനെയെങ്കിലും ഹൃദയത്തെ വശീകരിച്ച ആ സൗന്ദര്യത്തിലേക്ക്‌ ഇനിയും...

ഇന്ന്‌ ജിന്നുബീയുടെ ജന്മദിന ആഘോഷമാണെന്ന്‌ തോന്നുന്നു. വഴിനീളെ തോരണം തൂക്കിയിരിക്കുന്നു. ബാന്റുവാദ്യങ്ങൾ മുഴങ്ങുന്നു. വമ്പിച്ച ജനക്കൂട്ടം പരന്നൊഴുകുന്നു. നിരന്നു നീങ്ങുന്ന വാഹനങ്ങൾക്കിടയിൽക്കൂടി സാമുവൽ ജേക്കബിനെ വഹിച്ചുകൊണ്ടുപോവുന്ന കാർ ഇഴഞ്ഞു നീങ്ങി. ഹൈവെയുടെ ഇടതുഭാഗത്തായി മീറ്ററുകൾ അകലെ കടൽ ഓളം വെട്ടുന്നു കാഴ്‌ച്ച. ബോട്ടുകൾ അലകളെ മുറിച്ചു പായുന്നു...

ജിന്നുബീയുടെ ആസ്ഥാനത്തേയ്‌ക്കുള്ള ഡിറെക്ഷൻ ബോർഡ്‌ പ്രകാരം ജേക്കബ്‌ വണ്ടി കിഴക്കോട്ടു തിരിച്ചു.

പറഞ്ഞുകേട്ട അറിവുണ്ട്‌. പെറാതിരിക്കുന്നവളിലാണ്‌ ജിന്ന്‌ പ്രവേശിക്കുക. ജിന്ന്‌ പ്രവേശിച്ച യുവതി പെറുകയുമില്ല. ജിന്നിന്റെ മണവാട്ടിക്ക്‌ വാർദ്ധക്യമില്ല. സ്വന്തം ഭർത്താവുപോലും അന്യൻ. ജിന്നുബീയുടെ ശരീരത്തിൽ ആർക്കും അവകാശമില്ല. ഉറക്കവും തീറ്റയും എല്ലാം സുഗന്ധം പരത്തുന്ന മുറിയിൽ. രണ്ടുപേർക്കുള്ള ഭക്ഷണം വിളമ്പണം. ജിന്നുബീ ആരുമായോ സംസാരിച്ചുകൊണ്ടിരിക്കും. സ്ര്തീയുടെയും പുരുഷന്റെയും ഇടകലർന്ന ശബ്ദം കേൾക്കാം. പറയുന്നത്‌ ആർക്കും മനസ്സിലാവുകില്ല. ജിന്നിന്റെ ഭാഷ!

ജേക്കബിന്റെ ഊഴം ഒരു പുനഃസ്സംഗമത്തിന്റെ വൈകാരിക നിമിഷങ്ങളിൽ കുരുങ്ങി. പിന്നെ കടൽ ഗർജ്ജിച്ചുവോ? തിരമാലകൾക്കു കലി ഇളകിയോ?

ചീറിപ്പാഞ്ഞുവന്ന തിരമാലകൾ തെങ്ങിന്റെ ഉയരത്തിൽ ഇരച്ചുകയറി. രക്ഷപ്പെടാൻ വിധിച്ചവർ രക്ഷപ്പെട്ടു. രക്ഷപ്പെടാൻ വിധിക്കാത്തവരെ കടൽ വിഴുങ്ങി.

മലപോലെ തിരച്ചു കയറിയ വെള്ളം കടലിലേയ്‌ക്കു തന്നെ ഉൾവലിഞ്ഞപ്പോൾ ഒരു ഗ്രാമത്തെ തന്നെ കടൽ നക്കിയെടുത്തിരുന്നു. എങ്കിലും പാലമരത്തിന്റെ മുകളിൽ ജീവൻ പോകാതെ കെട്ടിപ്പിടിച്ച രണ്ടു നഗ്നശരീരങ്ങൾ. അവശേഷിച്ചവർ അത്ഭുതത്തോടെ നോക്കി. ഒന്ന്‌ ജിന്നുബീയുടെതാണെന്ന്‌ അവർ തിരിച്ചറിഞ്ഞു.

എം.പി.എ.കാസിം

വിലാസം

എം.പി.എ.കാസിം,

ചാലിൽ ഹൗസ്‌,

ചൊമ്പള പി.ഒ.

673 308
Phone: 0091 496 3890
E-Mail: mpakasim@yahoo.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.