പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ഗണപതിക്കുറി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നാരായണസ്വാമി

കഥ

“ശ്രീഗണപതിയുടെ തിരുനാമക്കുറി

തുയിലുണര്‌... തുയിലുണര്‌..”

കൊച്ചുമോളെ തോളിലിട്ടുപാടി. വേറൊരു താരാട്ടുപാട്ടുമറിയില്ല. ഇതുമറിഞ്ഞിട്ടല്ല; വായിൽ തോന്നിയത്‌ കോതയ്‌ക്കു പാട്ട്‌. ചെവിയിൽ കേട്ടത്‌ വായിൽ തോന്നി.

ഓഫീസിൽനിന്ന്‌ അമ്മ വരാൻ വൈകിയപ്പോൾ കുതറിക്കരഞ്ഞ കുഞ്ഞ്‌ വല്ലവിധേനയും ഉറങ്ങി.

ഹോ, പാട്ടെന്റെ അയൽവക്കത്തു വരില്ല. പാടാത്തവൻ പാടിയാൽ? ഇതുപോലിരിക്കും. എങ്കിലും കുഞ്ഞിനെ ഉറക്കാനായല്ലോ. അച്‌ഛന്റെ സംഗീതവ്യസനം അവൾക്കറിയില്ലല്ലോ.

പറപ്പട്ടണത്തിലെ ജീവിതം. വൈകിക്കല്ല്യാണം. സ്വയംവരം. ഉടനടി കുട്ടി. ഇടുങ്ങിയ പാർപ്പിടം. പണിത്തിരക്ക്‌. പണക്കുറവ്‌. പകൽ മുഴുവൻ കുഞ്ഞ്‌ ആരാന്റെ കൈയിൽ. ജീവിക്കുന്നതിലെ സന്തോഷം ഭാര്യയും കുട്ടിയും മാത്രം. മറ്റു പ്രാരാബ്ധങ്ങളില്ലാത്തതു പരമഭാഗ്യം.

ഇതുതന്നെ പോരേ?

രാത്രിയായി. കുഞ്ഞിനു പാൽകൊടുത്ത്‌ വീണ്ടും ഉറക്കാൻ ശ്രമിച്ചു അമ്മ. കരച്ചിലോടു കരച്ചിൽ. ഇല്ല; നിർത്തുന്നില്ല. പതിവിനു വിപരീതമായി കുട്ടി എനിക്കു കൈനീട്ടി. എടുത്തപ്പോൾ തോന്നി, ‘ഗണപതിക്കുറി’ ഒന്നുകൂടി ചാർത്തിയാലോ? പാടി. ഭാര്യ നിന്നു ചിരിച്ചു. കുഞ്ഞുറങ്ങി. ഞങ്ങളും.

ഇതു പതിവായി. ദിവസങ്ങൾ. മാസങ്ങൾ. വർഷങ്ങൾ. കുഞ്ഞുറങ്ങാൻ എന്നും ഞാൻ പാടണം-“ശ്രീഗണപതിയുടെ....”

അപ്പുറത്തുനിന്ന്‌ ഭാര്യ പാത്രങ്ങൾ ഉരച്ചുകഴുകിക്കൊണ്ടിരിക്കും. ശ്രുതിക്കുവേണ്ടിയത്രെ.

മലയാളം പഠിപ്പിച്ചു തുടങ്ങിയപ്പോൾ മോൾക്ക്‌ ഈ പാട്ടുതന്നെ പഠിക്കണം ആദ്യം.

“ശിവനേ,

ശിവനു തിരുമകനേ,

പിളളഗണപതിയേ, ഗണപതിയേ, നിന്നെ

കൈലാസത്തിൽ, ഭഗവാൻതിരുമുമ്പിൽ

അച്ഛനുകാവലായ്‌ അമ്മയിരുത്തി

കുളിക്കാൻ പോയ്‌...”

പാട്ടുതീരുന്നതിനുമുമ്പ്‌ കുട്ടിയുറങ്ങി.

“തിരുമകനായ്‌ നീ കാവലിനായ്‌

ഇരുന്നരുളും സമയത്ത്‌...”

ഞാൻ പാടിത്തകർത്തു.

“നിന്നെ പറഞ്ഞുവിട്ടു

ചെഞ്ചിടയിടയിലിണങ്ങിമയങ്ങിയ

മങ്കയെ ഗംഗയെ

മടിയിലിറക്കിയിരുത്തി....”

ഭാര്യക്കു മതിയായി. ഞാൻ വിട്ടില്ല.

“ഗണപതിയേ നിന്നച്ഛൻ

മുപ്പാരിന്നച്ഛൻ

ശൃംഗാരനടമാടി

ഗംഗയുമായ്‌...”

ഭാര്യ നുളളി. ഗംഗ പോയിത്തുലയട്ടെ; കേറിക്കിടക്കൂ വേഗം. കുഞ്ഞുണരുന്നതിനുമുമ്പാകട്ടെ.

“അച്ഛാ” ഒരുനാൾ മോളൊരു ചോദ്യം. “ശൃംഗാരനടമാടി, ശൃംഗാരനടമാടി എന്നാലെന്തച്ഛാ?”

ഞാൻ പറഞ്ഞു ഃ അമ്മയോടു ചോദിക്ക്‌. അമ്മ പറഞ്ഞുഃ അച്‌ഛനോടു ചോദിക്ക്‌.“

മുഖം കൂർപ്പിച്ച്‌ അവൾ പോയി.

കാലം ചെന്നപ്പോൾ മകൾ പ്രതിശ്രുതവരനെ പരിചയപ്പെടുത്താൻ കൊണ്ടുവന്നപ്പോൾ ഞങ്ങൾ പതിയെ മൂളി.

”അമ്മയോ നിന്നെ നമ്പി

അച്ഛനതിലേറെ നമ്പി

രണ്ടുപേർക്കും നല്ല പിളള

ഗണപതിയേ.....“

അവർ കൈകോർത്തകത്തേയ്‌ക്കോടി. ഞങ്ങളും കാലത്തിനു പിറകോട്ടോടി.

(ആ പഴയ സുന്ദരഗാനത്തോടു കടപ്പാട്‌. വാക്കുകളിലും വരികളിലും തെറ്റുണ്ടെങ്കിൽ എന്റേത്‌.)

നാരായണസ്വാമി


E-Mail: gnswamy@email.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.