പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ഞങ്ങളുടെ അച്ഛൻ പാവമാ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സി. ഗണേഷ്‌

അന്ന്‌ ഞങ്ങളെ അച്ഛൻ പാലായിലെ പഠിപ്പു സ്‌ഥലത്തു നിന്ന്‌ വിളിച്ചോണ്ടു വന്നപ്പൊ, വഴിയിൽ കണ്ട കാഴ്‌ചകള്‌ മറക്കാനേ പറ്റണില്ല. എന്തൊര്‌ മഴയായിരുന്നു. റബ്ബറ്‌ നിറഞ്ഞ വഴി കടന്ന്‌ പൊഴകളും മലകളും മരങ്ങളും നിറഞ്ഞ വഴി കടന്ന്‌ നെൽപ്പാടനാട്ടിൽ, നമ്മുടെ വീട്ടിലെത്തിയപ്പൊ വെശന്ന്‌ പൊരിയ്വായിരുന്നു. കൂടെണ്ടായിരുന്ന കുഞ്ഞനും വെശക്ക്‌ണ്‌ണ്ടായിരുന്നു. അച്ഛനോട്‌ പറയാതിരുന്നതാ.

ബസ്സിൽ വച്ച്‌ ഇഞ്ചിമിഠായിക്കാരൻ വന്നപ്പൊ ഞങ്ങള്‌ വാങ്ങിത്തരാൻ പറഞ്ഞാലോന്ന്‌ വിചാരിച്ചതാ. അച്ഛൻ ഒടക്ക്വായിരുന്നതിനാലേ പറഞ്ഞില്ല. ഞങ്ങള്‌ മഴ കണ്ട്‌ വിശപ്പടക്കി. കുപ്പിവെള്ളം കുടിച്ചു.

ബസ്സിലെ മഴക്കാറ്റ്‌ ഭയങ്കരായിരുന്നു. ഷട്ടർ അടക്കാൻ മറന്നപ്പൊ സൂചികുത്തണപോലെ മഴത്തുള്ളികള്‌ ഞങ്ങളുടെ മൊഖത്ത്‌ ചിതറി. അച്ഛൻ വല്ലതും അറിഞ്ഞോ? അപ്പുറത്തിരുന്ന അങ്കിളാ ഷട്ടറിട്ടു തന്നേ.

വീട്ടിലേക്ക്‌ അച്ഛൻ വാങ്ങികൊണ്ടു വന്ന ഹോട്ടൽച്ചോറ്‌ സത്യം പറയാലോ ഞങ്ങള്‌ രണ്ടാൾക്കും പിടിച്ചില്ല. പൊതി തൊറന്നപ്പോ വെശപ്പുണ്ടായിട്ടും അതിന്റെ കെട്ടമണം കാരണം പകുതിയേ കഴിച്ചുള്ളൂ.

രാത്രി കുഞ്ഞനെ ഞാനാ ഒറക്കിയത്‌. അവൻ ഏതോ കുട്ടിച്ചാത്തൻ വരുമെന്നു പറഞ്ഞ്‌ പേടിക്ക്വായിരുന്നു. ഒന്നൂണ്ടായിരുന്നില്ല. മുറിയിലെ ചിലന്തിവല ഇളക്‌ന്നതായിരുന്നു. “ഓമനതിങ്കൾക്കിടാവോ” എനിക്ക്‌ ടീച്ചറ്‌ പഠിപ്പിച്ചിട്ടുണ്ട്‌. അത്‌ പാടീട്ടാ ഞാനവനെ ഒറക്കിയത്‌. അമ്മ നാട്ടില്‌ കല്യാണത്തിന്‌ പോയതാണെന്ന്‌ അച്ഛൻ പറഞ്ഞത്‌ നൊണയാണെന്ന്‌, അലമാരയിൽ അമ്മയുടെ പുതിയ സാരി കണ്ടപ്പോ മനസ്സിലായി. പുതിയ സാരി എടുക്കാതെ അമ്മ കല്യാണത്തിന്‌ പോവില്ല.

കുഞ്ഞൻ ശരിക്കും ഒറങ്ങിയോ എന്നുനോക്കി ഞാൻ ശബ്‌ദമുണ്ടാക്കാതെ മുറിയിൽ വന്ന്‌ കിടന്നു. അച്ഛൻ റേഡിയോ നന്നാക്കുന്നതും കറപിറ പറയുന്നതും കേട്ടതാ.

അച്ഛാ, അച്ഛൻ എന്റെ മുറിയിൽ വന്നത്‌ ഞാനറിഞ്ഞനേ ഇല്ല. അയ്യേ...... ന്നാലും വന്നിട്ട്‌ അച്ഛനെന്തൊക്കെയാ കാണിച്ചത്‌. അച്‌ഛന്‌ ഒരു നാണമില്ല, മാനമില്ല. ഹയ്യേ......ഒന്നാലോചിച്ചേ...... എന്റെ കുഞ്ഞുപാവടയും ഉടുപ്പുമഴിച്ചുമാറ്റിയതും ഞാനറിഞ്ഞില്ല. ഞെട്ട്യൊണർന്നപ്പൊ കുളിപ്പിക്കാൻ കൊണ്ടുപോവ്വാണെന്നാ കരുതിയേ..

ഇവിടെ വന്ന്‌ കൊറേ കഴിഞ്ഞപ്പൊ കുഞ്ഞൻ കുട്ടിച്ചാത്തനെ പേടിച്ച്‌ ഓടി വന്നു. ഞാനവനെ കെട്ടിപ്പിടിച്ച്‌ സമാധാനിപ്പിച്ചു. ഓമനതിങ്കൾക്കിടാവോ ഒരിക്കൽ കൂടി ചൊല്ലിക്കൊടുത്തു.

നമ്മുടെ അമ്മയും കുഞ്ഞിപ്പെണ്ണും മോനുവും ഇവിടെ എത്തീട്ടുണ്ട്‌. പക്ഷെ അവർക്ക്‌ എന്നെ കണ്ടിട്ട്‌ മനസ്സിലാവണില്ല. കണ്ടഭാവം കാണിക്കാതെ നടക്ക്വാ. നാളെ കണ്ട്‌ പരിചയപ്പെടണം.

അച്‌ഛനെന്നാ ജയിൽ ചാടി, നാടുചാടി, ദൈവത്തേം ചാടി എന്റെടുത്ത്‌ വരുക. ഞാൻ കാത്തിരിക്കുന്നു. വേഗം വരണേ.

സി. ഗണേഷ്‌

1976-ൽ പാലക്കാട്‌ ജില്ലയിൽ മാത്തൂരിൽ ജനനം. ക്രിയാത്‌മക കഥാപാത്രങ്ങൾ, നനഞ്ഞ പതിവുകൾ, ചെമ്പകം (കഥകൾ) ഇണ&ജീവതം (നോവൽ) പ്രസിദ്ധപ്പെടുത്തി. അങ്കണത്തിന്റെ കൊച്ചുബാവ പുരസ്‌കാരം, നെഹ്‌റുയുവകേന്ദ്ര യുവഎഴുത്തുകാർക്കു നൽകുന്ന അവാർഡ്‌, ആലോചന സാഹിത്യവേദിയുടെ മുണ്ടൂർകൃഷ്‌ണൻകുട്ടി സ്‌മാരകപുരസ്‌കാരം എന്നിവ ലഭിച്ചു. സ്‌കൂൾ അദ്ധ്യാപകൻ. കാലടി ശ്രീശങ്കര സർവ്വകലാശാലയിൽ ഓണത്തെക്കുറിച്ച്‌ ഗവേഷണം നടത്തി.

ഭാര്യഃ സ്‌മിത ഗണേഷ്‌. മകൾഃ സ്‌നിഗ്‌ദ്ധ (തംബുരു).

വിലാസംഃ ഭാമിനി നിലയം, മാത്തൂർ പി.ഒ, പാലക്കാട്‌ - 678 571.


Phone: 9847789337
E-Mail: Ganeshcherukat@yahoo.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.