പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ജന്‌മവിശേഷം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജിബു ജമാൽ

മോചിതയാകാൻ എനിക്കിനി ദിവസങ്ങളെയുള്ളു. മാസങ്ങൾ നീണ്ട കാത്തിരിപ്പ്‌ അവസാനിക്കുകയാണ്‌. സ്വാന്ത്ര്യത്തിലേക്കിനി എണ്ണപ്പെട്ട നാളുകൾ മാത്രം.

ഓർമ്മവെച്ച കാലം മുതൽ ഞാനിതിനികത്താണ്‌. പുറംലോകം കാണാനെനിക്കാഗ്രഹമില്ലാഞ്ഞിട്ടല്ല. പരസഹായം കൂടാതെ പുറത്തിറങ്ങാൻ സാധിക്കാത്തതു കൊണ്ടാണ്‌. അതിന്‌ സമയവുമായിട്ടില്ല.

ഞാൻ പാപത്തിന്റെ വിത്താണെന്ന്‌ പറഞ്ഞ്‌ പലരും അമ്മയെ ആക്ഷേപിക്കുന്നത്‌. ഞാൻ കേട്ടിട്ടുണ്ട്‌. അന്നൊക്കെ മറ്റാരെക്കാളും നന്നായി അമ്മയുടെ ഹൃദയമിടിപ്പ്‌ ഞാൻ തൊട്ടറിഞ്ഞിട്ടുമുണ്ട്‌. പക്ഷെ, സാന്ത്വനത്തിന്റെതായ ഒരു നോക്കോ വാക്കോ സമ്മാനിക്കാൻ എനിക്കായിട്ടില്ല. മകളുടെ കഴിവുകേടായി ലോകം മുഴുവൻ വ്യാഖ്യാനിച്ചാലും അമ്മയൊരിക്കലും അങ്ങനെ കരുതില്ലെന്നനിക്കറിയാം.

വലിയൊരു തറവാട്ടിലെ കുടുംബജനങ്ങളുടെ വമ്പൻ നാമവിവരപ്പട്ടികയിൽ ഒടുവിലായിട്ടാണ്‌ അമ്മയുടെ പേർ ചേർക്കപ്പെട്ടതെങ്കിലും ഞാൻ അകത്തായതോടെഅവരെല്ലാം ചേർന്ന്‌ അമ്മയെ പടിയടച്ച്‌ പിണ്‌​‍്‌ഡം വെച്ചു. സ്‌നേഹിച്ച പുരുഷന്റെയടുക്കൽ നിന്നും സുഖം പാനം ചെയ്‌തതിന്റെ പ്രായിശ്‌ചിത്തം കണക്കെ അമ്മയെന്നെ ചുമന്നു...... അയാളെ പുരുഷനെന്നു വിളിക്കാൻ സാധിക്കുമൊ? പാപക്കറയുടെ ഉത്തരവാദിത്വമേറ്റെടുക്കാൻ ചങ്കൂറ്റമില്ലാത്തവൻ മനുഷ്യനാണോ?..... എന്നാലും അയാളെന്റെ അച്‌ഛനായിപ്പോയി....

ഇവിടെ നിന്നുമിറങ്ങിയിട്ട്‌ വേണം അമ്മയെ സ്‌നേഹംകൊണ്ട്‌ വീർപ്പുമുട്ടിക്കാൻ. നഷ്‌ടപ്പെട്ടതെല്ലാം നേടി കൊടുക്കണം. മാലോകരുടെ പരിഹാസശരങ്ങൾക്കു മുന്നിൽ തളരാതെ നിന്നുകൊണ്ട്‌ അമ്മയിന്നുമെന്നെ സംരക്ഷിക്കുന്നു. അമ്മ ചെയ്‌ത കുറ്റത്തിനാണ്‌ ഞാനിന്ന്‌ ശിക്ഷ അനുഭവക്കുന്നതെന്നതു കൊണ്ടല്ല അത്‌....... അതാണ്‌ അമ്മ. അമ്മയ്‌ക്ക്‌ പകരം അമ്മ മാത്രം.

അകത്തായതുകൊണ്ട്‌ കാര്യങ്ങൾ നേരിട്ട്‌ കാണാൻ പറ്റില്ലെന്നെയുള്ളു. അമ്മ മുഖേനയെല്ലാം ഞാനറിയുന്നു..... കേൾക്കുന്നു. അമ്മ ശ്വസിക്കുന്നത്‌ പോലുമെനിക്ക്‌ വേണ്ടിയാണെന്നെനിക്കറിയാം.

പുറത്തിറങ്ങിയ ശേഷം ഓരോരുത്തരോടും പകരം ചോദിക്കണമെന്നുണ്ടായിരുന്നു. മോചന തിയതിയടുത്തു വരുന്തോറും ഒരു മരവിപ്പാണ്‌. എന്തൊ ഒരു ഭയം! അമ്മയെ കാണാനുള്ള വെമ്പലിൽ എല്ലാ വികാരങ്ങളും കെട്ടണഞ്ഞു പോകുന്നു.

പുറംലോകം കാണണമെന്നെനിക്കിതു വരെ തോന്നിയിട്ടില്ല. മനോഹരമായ വയലേലകളും അരുവികളും പൂക്കളും മരങ്ങളും പക്ഷികളുമെല്ലാമടങ്ങിയ പ്രകൃതിദൃശ്യങ്ങളെക്കാൾ എത്രയൊ സുന്ദരമായിരിക്കും അമ്മയുടെ സാമിപ്യം. മറ്റൊന്നും കാണാത്തതു കൊണ്ടാണങ്ങനെ തോന്നുന്നതെന്ന്‌ മാത്രം നിങ്ങൾ പറയരുത്‌. ഇനിയതൊക്കെ കണ്ടാലുമെന്റെ അഭിപ്രായം മാറില്ല...............സത്യം.

മക്കളുടെ കുസൃതിത്തരങ്ങൾ കൊണ്ട്‌ പൊറുതി മുട്ടിയ എത്രയെത്ര കഥകൾ അമ്മയുടെ കാതിലൂടെ താൻ കേട്ടിരിക്കുന്നു. ഞാൻ അമ്മയെ വിഷമിപ്പിക്കില്ലെന്ന്‌ അന്ന്‌ തീരുമാനമെടുത്തതാണ്‌. അതൊക്കെയല്ലെ രസംമെന്ന്‌ അമ്മ അവരെ സമാധാനിപ്പിക്കാൻ പറയാറുണ്ടെങ്കിലും തമാശക്ക്‌ പോലും അമ്മയെ വിഷമിപ്പിക്കാൻ ഞാൻ തയ്യാറല്ല.

ഒരു ആയുസ്സു മുഴുവൻ അനുഭവിക്കേണ്ട യാതനകൾ ഞാൻ അകത്തായ ശേഷമുള്ള ചുരുങ്ങിയ കാലം കൊണ്ട്‌ അവർ അനുഭവിച്ചു കഴിഞ്ഞിരുന്നു. തന്നെ പോറ്റാൻ വേണ്ടി മാത്രമെത്ര തിണ്ണകൾ അവർ നിരങ്ങിയിരിക്കുന്നു? ആരുടെയൊക്കെ വിഴുപ്പലക്കിയിരിക്കുന്നു? കാലുകൾ പിടിച്ചിരിക്കുന്നു........ എല്ലാമെനിക്കു വേണ്ടി മാത്രം ശാപവാക്കുകൾക്കിടയിലൂടെ എന്നെ നശിപ്പിച്ചു കളയാൻ പറഞ്ഞവരോടുള്ള അമ്മയുടെ കടുത്ത പ്രതികരണം കേട്ട്‌ ഞാൻ പോലും നടുങ്ങിയിട്ടുണ്ട്‌.

ഇനി നാലു ദിവസം കൂടി ....... ചിലപ്പോൾ നേരത്തെയു മാകാം“ എന്റെ മോചനത്തിന്റെ ചുമതല വഹിക്കുന്ന വെളുത്ത കോട്ട്‌ ധാരിണി അമ്മയോട്‌ പറഞ്ഞു.

അതോടെ ദിവസങ്ങൾക്കെല്ലാം പതിവിലും നീളം തോന്നി തുടങ്ങി മൂന്ന്‌........ രണ്ട്‌..........ഒന്ന്‌ അങ്ങനെയാ ദിവസം സമാഗതമായി. മോചനപ്രക്രിയകൾ പൂർത്തിയാക്കി പുറത്തുവന്ന ഞാനാദ്യം നോക്കിയതും കണ്ടെതും അമ്മയെ തന്നെയാണ്‌. മതിയാവോളം അമ്മയെ കാണുമ്പോഴേയ്‌ക്കും ആരോ വന്നെന്നെ കൂട്ടികൊണ്ടുപോയി. പിന്നീട്‌ കുളികഴിഞ്ഞാണ്‌ ഞാനമ്മയുടെ അടുത്തെത്തിയത്‌. അമ്മയുടെയുള്ളിലെ താപം അനുഭവച്ചിരുന്ന ഞാനിതായിപ്പോൾ പുറത്തെ താപവും അറിയുന്നു...... ഞാനേതോ നിർവൃതിയിലാണ്ടു. അമ്മയുടെ കണ്ണുനീരിന്റെ സ്വാദ്‌ നുകർന്നാണ്‌ ഞാൻ കുറച്ചു കഴിഞ്ഞെഴുന്നേറ്റത്‌. ചുറ്റും ബൾബുകൾ മിന്നിതെളിയുന്നു. അമ്മയുടെ കരതലോടൽ ഞാനപ്പോഴും ആസ്വദിക്കുന്നുണ്ടായിരുന്നു. പതുക്കെയാ കരങ്ങൾ എന്നെയുമെടുത്തുകൊണ്ട്‌ എങ്ങോട്ടോ യാത്ര തുടങ്ങി. കൃത്രിമ വെളിച്ചത്തിന്റെ ശോഭ മാറി അന്ധകാരത്തിന്റെ ഭീകരത പശ്‌ചാത്തലത്തിൽ മാറുന്നത്‌ ഞാൻ കണ്ടു.

ഏതോ കുറ്റിക്കാടിനിടയിൽ ഉണക്കയിലകൾ തീർത്ത മെത്തയ്‌ക്ക്‌ മേൽ അമ്മയെന്നെ സാവധാനം കിടത്തി. വിശപ്പ്‌ സഹിക്കാനാവതെ ഞാൻ കരയുകയായിരുന്നു.

തലോടലിന്റെ നിർവൃതി മാറി അതിന്‌ കഠോരതയുടെയും ക്രൂരതയുടെയും നിറം പിടിക്കുന്നത്‌ വെറുമൊരു തോന്നലായി ഞാനാദ്യം തള്ളികളഞ്ഞു. എങ്കിലും അതു തന്നെയായിരുന്നു സത്യം. താരാട്ടിയുറക്കേണ്ട ആ കരങ്ങൾ ഒരു കൊലയാളിയുടെതായി രൂപാന്തരപ്പെട്ടു. പതുക്കെ എന്റെ കണ്‌ഠങ്ങളിൽ അത്‌ അമർത്തിപിടിക്കാൻ തുടങ്ങിയതോട എന്റെ പൊട്ടിക്കരച്ചിൽ ഉറക്കെയായി. ഒച്ചയുണ്ടാക്കാതിരിക്കാൻ വായ പൊത്തിപിടിച്ചപ്പോൾ ആ കൈകളിലെ നൊമ്പരത്തിന്റെ വിറയലുകൾ ഞാൻ തൊട്ടറിഞ്ഞു. ഒന്ന്‌ കുതറാൻ പോലും ശ്രമിക്കാതെ നിസ്സഹായതയോടെ ഞാൻ കീഴടങ്ങി.

എനിക്കീ ലോകത്ത്‌ ആകെ പരിചയമുണ്ടായിരുന്നത്‌ എന്റെ അമ്മയെയാണ്‌. അമ്മയ്‌ക്ക്‌ എന്നെ വേണ്ടെങ്കിൽപ്പിന്നെ.......

‘അമ്മെ ഞാനൊന്ന്‌ ചോദിച്ചോട്ടെ? എന്തിനാണമ്മെ എന്നോടീ ക്രൂരത കാണിച്ചത്‌.........?

”ഞാനെന്തു തെറ്റു ചെയ്‌തിട്ടാണമ്മയെന്നെ ശിക്ഷിച്ചത്‌?.......“

”എന്തിനാണെന്റെ ഭാരവും പേറിയിത്ര കാലം നടന്നത്‌?.....

“എന്തിനാണമ്മെ.............?

”അമ്മയ്‌ക്കെന്നോട്‌ വെറുപ്പാണോ, അമ്മെ?........“

എന്തൊക്കെയായാലും എന്റെയമ്മയെ വെറുക്കാൻ എനിക്ക്‌ സാധിക്കില്ല...... ആര്‌ ചോദിച്ചാലും ഇന്നും ഞാൻ നിസ്സംശയം പറയും.......

എന്റെ അമ്മ സ്‌നേഹനിധിയായിരുന്നു...... വാത്സല്യപേടകമായിരുന്നു...........സത്യം..............സത്യം.

ജിബു ജമാൽ

9D, സ്‌കൈലെയിൻ ഗെറ്റ്‌വെ,

പത്തടിപ്പാലം,

ചങ്ങമ്പുഴ നഗർ. പി. ഒ,

കൊച്ചി - 682033.

Email; jibus2007@yahoo.com


Phone: 9961891777




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.